ബെസ്റ്റ് ആക്ടര്‍ (Best Actor)

Published on: 12/10/2010 08:58:00 AM
Best Actor starring Mammootty directed by Martin Prakkat. Film Review by Haree for Chithravishesham.
മലയാളത്തിന്‌ പുതിയൊരു സംവിധായകനെക്കൂടി ലഭിക്കുന്നു മമ്മൂട്ടി നായകനാവുന്ന 'ബെസ്റ്റ് ആക്ടറി'ലൂടെ. നിശ്ചല ഛായാഗ്രാഹകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ്‌ ഇതിലൂടെ അരങ്ങേറ്റം കുറിക്കുന്നത്. രഞ്ജിത്ത് നായരുടെ ആശയം തിരക്കഥയായി വികസിപ്പിച്ച്, ബിപിന്‍ ചന്ദ്രനോടൊപ്പം സംഭാഷണ രചനയും മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. ബിഗ് സ്ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ശ്രുതി കൃഷ്ണന്‍ നായികയാവുന്നു. ലാല്‍, നെടുമുടി വേണു, ശ്രീനിവാസന്‍ തുടങ്ങിയവരൊക്കെയാണ്‌ മറ്റ് പ്രധാന വേഷങ്ങളില്‍. സംവിധായകരായ രഞ്ജിത്ത്, ലാല്‍ ജോസ്, ബ്ലെസ്സി തുടങ്ങിയവരൊക്കെ തന്താങ്ങളായിത്തന്നെ ചിത്രത്തിലെത്തുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളത്തിലെക്കാലവും ഇറങ്ങിയ ചിത്രങ്ങളെടുത്താല്‍ ഏറെ മികച്ചത് എന്നൊന്നും പറയുവാനാവില്ലെങ്കിലും, സമകാലീന സിനിമകളെടുത്താല്‍ നല്ലൊരു ചിത്രമെന്ന വിശേഷണം ഈ ചിത്രത്തിനു കണ്ണുമടച്ചു നല്‍കാം.

ആകെത്തുക     : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 6.00 / 10
: 7.00 / 10
: 3.50 / 05
: 2.50 / 05
പഴയ ചിത്രങ്ങളുടെ പോസ്റ്ററുകളും നടീനടന്മാരും മാറിമറിയുന്ന ദൃശ്യങ്ങള്‍ക്കൊപ്പം ഹിറ്റ് ഗാനങ്ങളും പഞ്ച് ഡയലോഗുകളും പശ്ചാത്തലമാവുന്ന ചിത്രത്തിന്റെ തുടക്കത്തിലെ ടൈറ്റിലുകള്‍ മുതല്‍ ചിത്രത്തിനൊരു പുതുമ നല്‍കുവാന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനും സംഘത്തിനുമായി. സിനിമയുടെ ലോകത്തിലെ ചില വശങ്ങള്‍ തന്നെയാണ്‌ ഇവിടെ നമുക്ക് കാണുവാനാവുന്നത്. ചിത്രത്തിന്റെ തുടക്കവും ഇടവേളവരെയുള്ള ഭാഗങ്ങളും ഒട്ടും മുഷിപ്പിക്കാതെപോവുമ്പോള്‍ അതിനു ശേഷം അനാവശ്യ ഗാനങ്ങളുമൊക്കെയായി അല്‍പം ഇഴച്ചില്‍ കഥയ്ക്ക് അനുഭവപ്പെടുന്നുണ്ട്. ചില രംഗങ്ങളെങ്കിലും കഥയ്ക്ക് അനിവാര്യമെന്നും തോന്നിയില്ല. കഥാപാത്രങ്ങള്‍ക്ക് സ്വാഭാവികത നല്‍കുന്നതില്‍ സംഭാഷണങ്ങള്‍ക്കുള്ള പങ്കും എടുത്തു പറയേണ്ടതാണ്‌. ചിത്രത്തിന്റെ ഒടുവില്‍ കേള്‍ക്കുന്ന 'നമുക്ക് ഉറപ്പിച്ചു പറയാം, ഇവനാണ്‌ ഒരു നടന്‍!' എന്നൊക്കെയുള്ള ഭാഷണങ്ങള്‍ മാത്രമേ ഭൂഷണമല്ലാതെയുള്ളൂ. സിനിമ സംവിധായകന്റെയല്ല നടന്റെയാണ്‌ എന്നാണോ പറയുവാന്‍ ശ്രമിക്കുന്നതെന്നും തോന്നിപ്പോവും അവസാന ഭാഗങ്ങളിലെ വാചകങ്ങള്‍ കേള്‍ക്കുമ്പോള്‍. (ഇതുരണ്ടുമല്ല, ഒരു പലരുടെ മികവൊരുമിക്കുന്ന ഒരു കൂട്ടുകെട്ടിന്റെയാണെന്ന് പറഞ്ഞുവെയ്ക്കുകയായിരുന്നു നല്ലത്.)

Cast & Crew
Best Actor

Directed by
Martin Prakatt

Produced by
Naushad

Story, Screenplay / Dialogues byMartin Prakatt / Martin Prakatt, Bipin Chandran

Starring
Mammootty, Lal, Sreenivasan, Nedumudi Venu, Sruthi Krishnan, Salim Kumar, Vinayakan, Sukumari, KPAC Lalitha, Bijukkuttan, Mastar Vivas, Baiju, Sreejith Ravi etc.

Cinematography (Camera) by
Ajayan Vincent

Editing by
Don Max

Production Design (Art) by
Joseph Nellickal

Music by
Bijibal

Lyrics by
Santhosh Varma, B. Sreelekha

Sound Effects by
Arun Seenu

Make-Up by
Pattanam Rasheed

Costumes by
Sameera Saneesh

Banner
Big Screen Productions

വ്യത്യസ്തമായ കഥാപാത്രങ്ങളെ തയ്യാറാക്കുവാന്‍ രചയിതാവു കൂടിയായ സംവിധായകന്‌ കഴിഞ്ഞെങ്കിലും മനസില്‍ തങ്ങി നില്‍ക്കുന്ന തരത്തില്‍ ഒരു കഥാപാത്രവും പൂര്‍ണത നേടിയില്ല. മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രമായ മോഹനുള്‍പ്പടെ ഇതു ബാധകം. ലാലിന്റെ ഷാജിയും നെടുമുടി വേണുവിന്റെ ദെല്‍ബറാശാനുമൊക്കെ ഇതിലുമാഴത്തില്‍ കാണികളുടെ മനസില്‍ പതിയേണ്ടതായിരുന്നു. രചനയിലെ പരാധീനതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അഭിനേതാക്കളില്‍ ആരുടേയും പ്രകടനം മോശമായതായി പറയുവാന്‍ കഴിയില്ല. ചിത്രത്തിന്റെ തുടക്കത്തില്‍ ഒരു പാവം സ്കൂള്‍മാഷായെത്തുന്ന മോഹന്‍ പിന്നീട് അഭിനയക്കളരിയില്‍ ഒരു ബോംബെക്കാരനാവുന്നു. ഈയൊരു മാറ്റം കൊണ്ടുവരുമ്പോള്‍ പോലും, ബോംബെക്കാരനുള്ളിലെ ശരിയായ മോഹനെ നഷ്ടമാവാതെ അവതരിപ്പിക്കുവാന്‍ മമ്മൂട്ടിക്കായി എന്നതാണ്‌ എടുത്തു പറയേണ്ടത്. ലാല്‍, നെടുമുടി വേണു, സലിം കുമാര്‍, സുകുമാരി, കെ.പി.എ.സി. ലളിത, ശ്രീജിത്ത് രവി, നായികയായി ശ്രുതി കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ തങ്ങളുടെ വേഷങ്ങളോട് നീതിപുലര്‍ത്തി. ശ്രീകുമാര്‍ എന്ന സംവിധായകനെ ശ്രീനിവാസന്‌ ഇതിലും മികച്ചതാക്കാമായിരുന്നു. ബിജുക്കുട്ടന്‍ തുടക്കത്തില്‍ അല്‍പം വെറുപ്പിക്കുന്നുണ്ടെങ്കിലും പിന്നീട് അധികം പ്രശ്നമുണ്ടാക്കാതെ പോവുന്നു.

അജയന്‍ വിന്‍സെന്റ് പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പതിവുപോലെ മികവുപുലര്‍ത്തുന്നു. കഥാപരിസരങ്ങള്‍ക്കൊപ്പിച്ച് ദൃശ്യപരിചരണത്തില്‍ കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധേയമാണ്‌. അധികം കസര്‍ത്തുകള്‍ കാട്ടാതെ സം‍യമനം പാലിച്ച് ഷോട്ടുകള്‍ ഒഴുക്കോടെ ചേര്‍ക്കുവാന്‍ ഡോണ്‍ മാക്സ് ഈ ചിത്രത്തില്‍ മനസുവെച്ചിട്ടുണ്ട്. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം, പട്ടണം റഷീദിന്റെ ചമയങ്ങള്‍, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം തുടങ്ങിയവയ്ക്കും സിനിമയുടെ മികവുയര്‍ത്തുന്നതില്‍ പങ്കുണ്ട്. പശ്ചാത്തല സംഗീതവും അരുണ്‍ സീനുവിന്റെ ശബ്ദമിശ്രണവും മാത്രം അല്‍പം മുഴച്ചു നില്‍ക്കുന്നതായി തോന്നി. ഒരല്‍പം കൂടി ശ്രദ്ധ ഇവിടങ്ങളില്‍ സാങ്കേതിക വിദഗ്ദ്ധര്‍ക്കും സംവിധായകനും നല്‍കാമായിരുന്നു.

"സ്വപ്നമൊരു ചാക്ക്, തലയിലതു താങ്ങിയൊരുപോക്ക്...", ചിത്രത്തിന്റെ മുഖമുദ്രയാകുവാന്‍ അരുണ്‍ എലാട്ട് ആലപിച്ച ഈ ഗാനത്തിന്‌ ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. സന്തോഷ് വര്‍മ്മ / ബി. ശ്രീലേഖയുടെ വരികളും ബിജിബാലിന്റെ ഈണവും സന്ദര്‍ഭത്തോട് ഏറെ യോജിച്ചുപോവുന്നു. പല സംവിധായകരുടെ അടുത്ത് അവസരമന്വേഷിച്ചുള്ള മോഹന്റെ യാത്രകളാണ്‌ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈയൊരു ഗാനം മനോഹരമായി ഉപയോഗിച്ച സംവിധായകനെന്തിനാണ്‌ ഈ ഗുണങ്ങളൊന്നും പറയുവാനില്ലാത്ത മറ്റു രണ്ട് ഗാനങ്ങള്‍ കൂടി ചിത്രത്തില്‍ ചേര്‍ത്തതെന്നാണ്‌ മനസിലാവാത്തത്. ആനന്ദ് നാരായണനും ബിജിബാലും ചേര്‍ന്നു പാടുന്ന "കനലുമലയുടെ..."എന്ന ഗാനവും, ശങ്കര്‍ മഹാദേവന്റെ ശബ്ദത്തിലുള്ള മറ്റൊരു പാട്ടുമാണ്‌ അധികപ്പറ്റായി ചിത്രത്തിലുള്ളത്.

താനൊരു മികച്ച അഭിനേതാവ് തന്നെയെന്ന് മമ്മൂട്ടി വീണ്ടും തെളിയിക്കുന്നു ഈ ചിത്രത്തിലൂടെ. ഇരുപതുകളില്‍ പ്രേമിച്ചു നടക്കുന്ന നായകനെവിട്ട്, ഭാര്യയും മകനും നാല്‍പതുവയസുമൊക്കെയുള്ള ഒരു വേഷം ചെയ്യുവാന്‍ മമ്മൂട്ടിക്ക് മനസുണ്ടായി എന്നതുമൊരു ശുഭസൂചനയാണ്‌. "ഈ പ്രായത്തില്‍ കോളേജു കുമാരനാക്കാന്‍ പറ്റില്ലല്ലോ!" എന്നൊക്കെ സംവിധായകന്‍ ലാല്‍ ജോസ് മമ്മൂട്ടിയോട് പറയുന്നുമുണ്ട്. നവാഗതനെങ്കിലും, പരിചയസമ്പന്നനായ ഒരു സംവിധായകന്റെ കൈയ്യടക്കത്തോടെ ചിത്രത്തെ വിഭാവനം ചെയ്യുവാനും അവതരിപ്പിക്കുവാനും മാര്‍ട്ടിന്‍ പ്രക്കാട്ടിനു കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. 'ബെസ്റ്റ് ആക്ടറി'ന്റെ വിജയം നല്‍കുന്ന ആത്മവിശ്വാസത്തിന്റെ ബലത്തില്‍ കൂടുതല്‍ മികച്ച ചിത്രങ്ങള്‍ നല്‍കുവാനും ഒരു 'ബെസ്റ്റ് ഡയറക്ട'റാകുവാനും മാര്‍ട്ടിന്‍ പ്രക്കാട്ടിന്‌ വരും നാളുകളില്‍ കഴിയട്ടെ. അതിനായൊരു 'ആള്‍ ദി ബെസ്റ്റ്'.

ശ്രദ്ധിക്കുക: ചിത്രത്തിനൊടുവില്‍ ആദ്യ തവണ ടൈറ്റിലുകള്‍ വരുമ്പോള്‍ എഴുന്നേറ്റോടാതിരിക്കുക. സിനിമ അവിടെ തീരുന്നില്ല, പിന്നെയുമുണ്ട് ഒരഞ്ചുമിനിറ്റോളം...

21 comments :

 1. നവാഗതസംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന 'ബെസ്റ്റ് ആക്ടര്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #BestActor: It is not the best #Malayalam film ever, but is a good film in recent times.
  11 hours ago via web
  --

  ReplyDelete
 2. ഫെസ്റ്റിവലിലേക്ക് കടക്കും മുമ്പേ ഈ കടം അങ്ങ് തീര്‍ത്തു അല്ലേ :‌)

  ഞാനും ഇന്നലെ ഇതിന് പോകണമെന്ന് കരുതിയതാണ് പക്ഷെ നടന്നില്ല..ഇന്നത്തെ ഉദ്ഘാടന ചിത്രവും കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല :(

  ReplyDelete
 3. ചുരുക്കത്തില്‍ രണ്ടായിരത്തിപത്തിലെ രാജമാണിക്യം ആണു ഈ പടം എന്നു തോന്നുന്നു, കാണ്ഢഹാറ്‍ എന്താകുമോ എന്തോ മന്‍മഥന്‍ അമ്പും വരുന്നുണ്ട്‌ അപ്പോഴേക്കും ഈ പടം മുടക്കുമുതല്‍ തിരിച്ചു പിടിക്കും അങ്ങിനെ പ്റാഞ്ചി ഏട്ടന്‍ കഴിഞ്ഞു ഒരു നല്ല പടം അല്ലേ , എല്ലാവരും നല്ല അഭിപ്റയം പറയുന്നു ലാല്‍ ഫാന്‍സ്‌ നിശ്ശബ്ദരാണു അതിനറ്‍ഥം ഈ പടം ഹിറ്റായി എന്നു തന്നെ

  ReplyDelete
 4. റിവ്യു നന്നായിട്ടുണ്ട്.
  ദാ..ഇപ്പോള്‍ പടം കാണാന്‍ പോവുകയാണ്. വന്നിട്ട് പറയാം എനിക്കെങ്ങനെ തോന്നിയെന്ന്.

  ReplyDelete
 5. Silver Salt/ Sal De Prata (Brazil/2005/35mm/Col/96min/Portugese)
  Dir: Carlos Gerbase
  ഹരീ,പത്താമത് ചലച്ചിത്രോത്സവത്തില്‍ കാണിച്ച ഈ സിനിമയുടെ ക്ലമാക്സ് ഓര്‍മ്മയുണ്ടോ?

  ReplyDelete
 6. സൂപ്പര്‍ ക്ലൈമാക്സ്!! പ്രതീക്ഷിക്കാവുന്ന ഒരു ക്ലൈമാക്സ് അപ്രതീക്ഷിതമായ രീതിയില്‍ എക്സിക്യൂട്ട് ചെയ്തിരിക്കുന്നു.
  എനിക്ക് പടം നന്നായി ഇഷ്ടപ്പെട്ടു.

  ReplyDelete
 7. അപ്പോള്‍ പിന്നെ കണ്ടു നോക്കാമല്ലേ..

  ReplyDelete
 8. 1 പുതുമയുള്ള ഒരു കഥയില്ല.
  2 പ്രധാന കഥാപാത്രമൊഴിച്ച് മറ്റുള്ള കഥാപാത്രങ്ങള്‍ ശക്തമല്ല..ആഴമില്ലാത്ത, ഓര്‍മ്മയില്‍ നില്‍ക്കാത്ത, മാനങ്ങളില്ലാത്ത കഥാപാത്രങ്ങള്‍ , അല്ലങ്കില്‍ അവരുടെ സ്വഭാവ സവിശേഷതകള്‍ പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുന്നില്ല.
  3 ആദ്യപകുതിയുടെ 80 ശതമാനവും അനാവശ്യമായിരുന്നു എന്ന് തോന്നി..കഥ തുടങ്ങുന്നത് ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ്..അതിനു മുന്പ് കാട്ടിക്കൂട്ടിയതെല്ലാം ഒന്നോ രണ്ടോ സീനില്‍ പ്രേക്ഷകനെ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.അങ്ങിനെ ചെയ്തിരുന്നെങ്കില്‍ രസകരമായ കുറെ സംഭവങ്ങള്‍ കൂടി പ്രേക്ഷകനെ കാണിക്കാന്‍ ഒരുപക്ഷെ കഥാക്രത്തിന് കഴിഞ്ഞേനെ..അനാവശ്യമായ , കാമ്പില്ലാത്ത ഒരുപാട് കഥാപാത്രങ്ങളെ അതിലൂടെ ഒഴിവാക്കാമായിരുന്നു. അനാവശ്യമായ ഒരുപാട് ഷോട്ടുകളും സീനുകളും ഇതില്‍ ഉള്ളതായി തോന്നി .
  4 ക്ലയ്മാക്സും ഉദ്ദേശിച്ച രീതിയില്‍ പ്രേക്ഷരിലേക്കെത്തിയോ എന്ന് സംശയമാണ്.. പടം കഴിഞ്ഞു എന്ന് തോന്നിയതുകൊണ്ട് പകുതിപേരും എഴുന്നേറ്റു പോകുന്നത് കണ്ടു...പക്ഷെ പടം കഴിഞ്ഞിരുന്നില്ല...പോയവര്‍ മനസ്സിലാക്കിയത് തീര്‍ത്തും വേറൊരു സംഭവമായിരിക്കും തീര്‍ച്ച..
  5 സലിം കുമാറുള്‍പ്പടെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു situation കൊമടികള്‍ അധികം കണ്ടില്ല..
  പിന്നെ ചിത്രത്തില്‍ സുരാജ് ഇല്ല എന്നുള്ളത് ഒരു ആശ്വാസം മാത്രമല്ല അനുഗ്രഹവും ആയിരുന്നു..ഇതിന്റെ സംവിധായകന്.. :) എല്ലാ സംവിധായകരും ഇത് മാത്രകയാക്കാന്‍ അപേക്ഷ .
  6 ഈ വര്ഷം ഇറങ്ങിയ സിനിമകളില്‍ എന്തുകൊണ്ടും അധികം മുഷിക്കാതെ കണ്ടിരിക്കാന്‍ കഴിയുന്ന ഒരു സിനിമ തന്നെയാണ് ഇത്... രചയിതാവ് കുറേക്കൂടി പ്രയത്നിച്ചിരുന്നെങ്കില്‍ എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഒരു നല്ല സിനിമയായി മാറിയേനെ ഇത്.വരും കാലങ്ങളില്‍ അവര്‍ അങ്ങിനെ ചെയ്യുമെന്ന് കരുതാം ..

  ReplyDelete
 9. ചിത്രം കണ്ടു.. നന്നയിരിക്കുന്നു... ഇടക്കിടക്കത്തെ അനാവശ്യമായ ഇഴച്ചില്‍ ഒഴിച്ചാല്‍ സംഭവം നന്നയിട്ടുണ്ട്. മമ്മൂട്ടിയിലെ നടന് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ഉണ്ട് എന്നതാണ് ഞാന്‍ കണ്ട പ്രത്യേകത... റിവ്യൂ നന്നയിട്ടുണ്ട്... നെടുമുടിയുടെ കഥാപാത്രത്തിന്റെ പേര് ഡെന്‍വര്‍ ആശാന്‍ എന്നാണ്, ഡെല്‍ബര്‍ അല്ല.. :)

  ReplyDelete
 10. അമാനുഷകതയില്ലാതെ നല്ല ഒരു എന്റെര്‍ടൈനര്‍. വളരെ സ്വാഭാവികമായ സംഭാഷണങ്ങളാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ച ഒരു ഘടകം. മമ്മൂട്ടിയുടേയും ലാലിന്റേയും അഭിനയം പ്രത്യേകം എടുത്തു പറയണം. ഒപ്പം ഒട്ടും ബഹളമില്ലാത്ത, മനോഹരമായ പശ്ചാത്തല സംഗീതം. ആദ്യത്തേതും അവസാനത്തേതുമായ ഗാനങ്ങളും വളരെ നന്നായി.

  @ Kaattoopadath Dhanesh

  കളൈമാക്സില്‍ ആളുകള്‍ എഴുന്നേല്‍ക്കുന്നത് സംവിധായകന്റെ വിജയമാണെന്ന് ഞാന്‍ പറയും. അപ്പോഴാണ് തുടര്‍ന്നുള്ള കാര്യങ്ങളുടെ ഒരു ഇഫക്ട് പ്രേക്ഷകരിലേക്കെത്തുക. അതു തന്നെയാണ് സംവിധായകന്‍ ഉദ്ദേശിച്ചിരിക്കുന്നതും. ശാന്തരായി എഴുന്നേറ്റ ആള്‍ക്കൂട്ടം പിന്നെ കയ്യടിച്ചുകൊണ്ട് തീയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് അതുകൊണ്ട് തന്നെയാണ്.

  'മാര്‍ട്ടിന്‍ പ്രക്കാട്ട് ' മലയാളത്തിന് ഒരു സമ്പത്താകുമെന്നതില്‍ സംശയമില്ല. നല്ല സ്ക്രിപ്റ്റുകള്‍ തിരഞ്ഞെടുത്ത് അദ്ദേഹം ഇനിയും നല്ല ചിത്രങ്ങളുമായി വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

  ReplyDelete
 11. Sir, rating kuranju poyi ennaanu enikku thonniyathu. My name is khan enna cinemakku polum thaangal 7 koduthu ennaanu ente ormma.
  Best Actor oru simple entertainer thanneyaanu,oru pazhaya Sathyan Anthikkad cinema pole kandirikkaavunna oru cinema.

  ReplyDelete
 12. നല്ല അഭിപ്രായം തന്നെ സുഹൃത്തുക്കളില്‍ നിന്നു കേട്ടിരുന്നു. ഇതുവരെ കാണാനൊത്തില്ല. എന്തായാലും കാണും. പുതുമയുണര്‍ത്തുന്ന പുതിയ സംവിധായകര്‍ വരുന്നതില്‍ സന്തോഷം. തയമ്പു തടവുന്നവര്‍ ഉമ്മറക്കോലായില്‍ തന്നെ ഇരിക്കട്ടെ :)

  ഇതുപോലുള്ള വ്യത്യ്സ്ഥ ട്രീറ്റ്മെന്റുകളും മലയാളത്തില്‍ വരട്ടെ.

  ReplyDelete
 13. ട്രീറ്റ്മെന്റിന്റെ കാര്യത്തിൽ സിനിമ ഒരു പടി മുന്നിൽ തന്നെ.ക്ലൈമാക്സും നന്നായിട്ടുണ്ട്.പ്രതീക്ഷിക്കപ്പുടുന്ന ക്ലൈമാക്സിനെ വലരെ മികച്ചതാക്കാൻ സംവിധായകന് കഴിഞ്ഞു.കഥാപാത്രങ്ങൾക്ക് കുറച്ചു കൂടി പ്രാധാന്യം നൽകാമായിരുന്നു എന്നു തോന്നി.എന്തായാലും നാലൊരു എന്റെർറ്റൈനെർ തന്നെയാണ് ചിത്രം.

  ReplyDelete
 14. ഹരീ, റിവ്യു വായിച്ചതിന് ശേഷമാണ് 2 ദിവസം മുന്‍പ് ഈ സിനിമ കാണാന്‍ പോയത്. അത് അല്പം ഗുണം ചെയ്തു, എന്താന്ന് വച്ചാല്‍, അവസാന 5 മിനിട്ടിനെപറ്റിയുള്ള ‘അറിയിപ്പ്’ റിവ്യൂവില്‍ ഉള്‍പ്പെടുത്തിയത് നന്നായി. :) പലരും എഴുന്നേറ്റ് പോയിരുന്നു.... :)

  ബൈ ദ വേ, എനിക്ക് സമീപകാലത്ത് കണ്ട പടങ്ങളില്‍ വച്ച് “ങാ.. ഓകെ..” എന്ന് പറയാന്‍ തോന്നിയ ഒരു പടമാണെന്ന് പറയാം. തുടക്കത്തില്‍ പേര് കാണിക്കുന്ന രീതിയൊക്കെ ഇന്ററസ്റ്റിങ്ങ്...! ബട്ട്, കഥയില്‍ ചില സ്ഥലങ്ങളില്‍ അല്പം ഇഴച്ചില്‍ ഫീല്‍ ചെയ്തിരുന്നു. പാട്ടുകളൊന്നും പോരാന്നും അഭിപ്രായം ഉണ്ട്...

  പിന്നെ, ഇത് കുടുംബപ്രേക്ഷകരെ കൂടി കണക്കിലെടുത്ത് എടുത്ത ഒരു ചിത്രമായിരുന്നെങ്കില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങളും, ഒഴിവാക്കാമായിരുന്ന സംഭാഷണങ്ങളും സംവിധായകന്‍ ഉള്‍പ്പെടുത്തരുതായിരുന്നു. ഉദാഹരണമായി, ഡന്‍‌വര്‍ ആശാന്‍ (നെടുമുടി) ചുമക്കുമ്പോള്‍ അത് “ടി.വി” യുടെ അസുഖമാണെന്ന് സലിം കുമാര്‍ പറഞ്ഞപ്പോള്‍ “ടി.വിയല്ലടാ -ടീ.ബി-“ എന്ന് ലാല്‍ തിരുത്തിക്കൊടുത്ത ഉടനെ ഡല്‍ബറാശാന്‍ മുണ്ടുപോക്കിക്കാണിച്ചോണ്ട് സലിംകുമാറിനോട് “ടി.വി മാത്രമല്ലടാ അതിന്റെ ഏരിയല്‍ കൂടി ഉണ്ട് !!!” എന്ന് പറയുന്നതരം ഡയലോഗ്‌സിനെ പറ്റിയാണ് പറഞ്ഞത്. :) ഇത് കേട്ട് തീയറ്ററില്‍ പിറകില്‍ ഇരുന്ന ഒരു സ്ത്രീ, “അയ്യേ....!” “ഛേ...!” എന്നൊക്കെ പറയുന്നതും കേട്ടു.... :)

  ReplyDelete
 15. പടം കണ്ടു അതിലെ ആന്റി ക്ലൈമാക്സ് തന്നെ ആണ് ഹൈലൈറ്റ് . പിന്നെ അത്യാവശ്യം ചിരിക്കാന്‍ ഉള്ള വകയും ഉണ്ട് .

  ReplyDelete
 16. എനിക്ക് ഇത് കണ്ടിട്ട് അത്ര വലിയ സുഹം ഒന്നും തോന്നിയില്ലാ .. ബട്ട്‌ ഉള്ളതില്‍ ഭേദം ഇതാണ് എന്നാണ് പൊതുവെ എല്ലാരും പറയുന്നേ.. ഹും.

  ReplyDelete
 17. എനിക്കിഷ്ടായി.. പ്രത്യേകിച്ചും അവസാനം..

  (നടുകഷണം ഇത്തിരി ബോറടിച്ചു.. എന്നാലും സഹിക്കാം )

  ReplyDelete
 18. What is the difference between casino games and slots?
  Slot games are the most popular types of casino games, and novcasino the titanium ring majority are slots. deccasino poormansguidetocasinogambling and the most commonly played slot sol.edu.kg games.

  ReplyDelete