തിരുവനന്തപുരം: കേരളത്തിന്റെ പതിനഞ്ചാമത് ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് അരങ്ങൊരുങ്ങി. ഡിസംബര്‍ 10 മുതല്‍ 17 വരെയാണ് ചലച്ചിത്രോത്സവം നഗരം കൊണ്ടാടുന്നത്.
വ്യത്യസ്ത വിഭാഗങ്ങളിലായി ഇരുനൂറ്റിയേഴോളം ചിത്രങ്ങളാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മലയാളം ചലച്ചിത്രങ്ങളായ 'പാലേരി മാണിക്യ'വും 'ടി.ഡി. ദാസന്, Std: VI B'-യും ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനാല് ചിത്രങ്ങള്‍ മേളയില്‍ മികച്ച ചിത്രത്തിനുള്ള 'സുവര്‍ണചകോര'ത്തിനായി മത്സരിക്കുന്നു. ഒനിര്‍ സംവിധാനം ചെയ്ത 'ഐ ആം', അപര്‍ണ സെന്നിന്റെ 'ദി ജാപ്പനീസ് വൈഫ്' എന്നീ ഇന്ത്യന്‍ ചിത്രങ്ങളും മത്സരത്തിനുണ്ട്. മത്സരച്ചിത്രങ്ങളെക്കൂടാതെ മേളയിലേക്കായി പ്രത്യേകം ക്ഷണിക്കപ്പെട്ട ലോകസിനിമകള്‍; വെര്‍ണര്‍ ഹെര്‍സോഗ്, ഒലിവര്‍ അസ്സേയേസ്, മരിയ നൊവേരോ തുടങ്ങിയ സംവിധായകരുടെ മികച്ച ചിത്രങ്ങള്‍; ജര്‍മ്മന്‍ സംവിധായകന് ഫാസ്ബിന്‍ഡറിന്റെ ഓര്‍മ്മപുതുക്കുന്ന ചിത്രങ്ങള്‍; ജാപ്പനീസ് ക്ലാസിക് സിനിമകള്‍ തുടങ്ങിയവയൊക്കെയാണ് മേളയുടെ പ്രധാന ആകര്ഷണങ്ങള്.
ആഫ്രിക്കന്‍-അമേരിക്കന്‍ സംവിധായക ജൂലി ഡാഷ് അധ്യക്ഷയായ അഞ്ചംഗ ജൂറിയാണ് മത്സരവിഭാഗത്തിലുള്ള ചിത്രങ്ങളെ വിലയിരുത്തുന്നത്. കസാഖിസ്ഥാനില്‍ നിന്നുമുള്ള എര്‍മെക് ഷിനേര്ബേവ്, മെക്സിക്കന്‍ സംവിധായക മരിയ നൊവേരോ, തായ് സംവിധായകന് അപിച്ചാപോംഗ്, ഇന്ത്യയില്‍ നിന്നുമുള്ള രചയിതാവും സംവിധായകയുമായ സൂനി തരപോരേവാല തുടങ്ങിയവരാണ് ഇതര ജൂറി അംഗങ്ങള്‍. NETPAC, FIPRESCI, ഹസന് കുട്ടി തുടങ്ങിയ ജൂറികളും വിവിധ പുരസ്കരങ്ങള്‍ക്കായി മത്സരച്ചിത്രങ്ങളെ വിലയിരുത്തും. വിവിധ ജൂറികളിലെ, അംഗങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
ഇവിടെ ലഭ്യമാണ്.
മുന്‍വര്‍ഷങ്ങളിലെ മേളകളുമായി താരതമ്യം ചെയ്താല്‍, ഒരുപക്ഷെ ഏറ്റവും കൂടുതല്‍ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയായിരിക്കുമിത്. മലയാളം സിനിമ ടുഡേ, ഹോമേജ് വിഭാഗം, ഹൈനൂണ്‍ മലയാളം സിനിമ, ടി.വി. ചന്ദ്രന് റിട്രോസ്പെക്ടീവ്, മത്സരസിനിമകള്‍ എന്നീ വിഭാഗങ്ങളിലായി മുപ്പതോളം മലയാളം സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. മലയാളത്തില്‍ നിന്നുമുള്ള ഇത്രയും സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോഴും, മികച്ച ചിത്രത്തിനുള്ള രാജ്യാന്തര അംഗീകാരം നേടുകയും ഇതിനോടകം വിവിധ വിദേശമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തുകഴിഞ്ഞ ഷാജി എന്‍. കരുണിന്റെ '
കുട്ടി സ്രാങ്ക്' ഒരു വിഭാഗത്തിലും പ്രദര്‍ശിപ്പിക്കുന്നില്ല എന്നത് ഖേദകരമായി. കേരളത്തില്‍ ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ശ്യാമപ്രസാദിന്റെ '
ഇലെക്ട്ര', 'ഇന്നത്തെ മലയാളം സിനിമ' വിഭാഗത്തില്‍ ഇടം നേടിയിട്ടുമുണ്ട്.
തിരുവനന്തപുരം ടൂണ്‍സ് ആനിമേഷന്‍ നിര്‍മ്മിച്ച പതിനഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുദ്രാചിത്രം പുറത്തിറങ്ങി. സിനിമയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും ദ്യോതിപ്പിക്കുന്ന ജലം, ഭൂമി, ആകാശം എന്നിവയുടെ ദൃശ്യാവിഷ്കാരമാണ് ഈ ചിത്രമെന്ന് സൃഷ്ടാക്കള്‍ പറയുന്നു. ഇതുവരെ വന്നതും വന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളും ചിന്തകളും സ്വപ്നങ്ങളും വേദിയാവുന്ന മേളയുടെ കയ്യൊപ്പാവുകാന് ഈ ചിത്രത്തിന് കഴിയും എന്ന പ്രതീക്ഷയിലാണ് മുദ്രാചിത്രത്തിന്റെ സംവിധായകന് സൂരജ് എം.കെ.യും കൂട്ടരും. സിബിന് ബാബു നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ടോണി വില്‍സണും വികസനം മഹേഷ് വെട്ടിയാറും നിര്‍വ്വഹിച്ചിരിക്കുന്നു. കാതടിപ്പിക്കുന്ന ശബ്ദങ്ങളും ബുദ്ധിജീവി നാട്യങ്ങള്‍ തിരുകിയ അപക്വദൃശ്യങ്ങളുമൊക്കെ നിറഞ്ഞു നിന്ന മുന്‍ വര്‍ഷങ്ങളിലെ മുദ്രാചിത്രങ്ങളെ അപേക്ഷിച്ച് മികവുപുലര്‍ത്തുന്ന ഒന്നാണ് പതിനഞ്ചാമത് ചലച്ചിത്രമേളയുടെ മുദ്രാചിത്രം.
ചലച്ചിത്ര അക്കാദമിയുടെ കീഴിലുള്ള കൈരളി-ശ്രീ, കലാഭവന്‍ എന്നീ തിയേറ്ററുകളുള്പ്പടെ പത്ത് തിയേറ്ററുകളിലായാണ് മേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് സൂചന. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രണ്ട് തിയേറ്ററുകള്‍ അധികമായുണ്ട് എന്നത് ഒരു നല്ല കാര്യമാണ്. എന്നാല്‍ ചലച്ചിത്രപ്രേമികളുടെ പ്രാതിനിധ്യം ഇപ്പോള്‍ തന്നെ പതിനയ്യായിരത്തോടടുത്തതും ചലച്ചിത്രങ്ങളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവും കണക്കിലെടുക്കുമ്പോള്‍ രണ്ട് തിയേറ്ററുകള്‍ അധികമായുണ്ട് എന്നത് തിരക്കില്‍ കാര്യമായ കുറവുണ്ടാക്കുമെന്നു കരുതുവാന്‍ വയ്യ. ഒരു ദിവസം അഞ്ച് പ്രദര്‍ശനങ്ങള്‍ എന്ന കണക്കില്‍ തന്നെയാണ് ചിത്രങ്ങള്‍ കാണിക്കുന്നതെങ്കില്‍, രണ്ട് പ്രദര്ശനങ്ങള്ക്കിടയില് ആവശ്യത്തിന് ഒഴിവുസമയവും കിട്ടുവാന്‍ തരമില്ല. എല്ലാ പ്രദര്‍ശനങ്ങളും കണ്ടാല്‍ പോലും ഒരു പ്രേക്ഷകന് മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയ്ക്ക് ചിത്രങ്ങളേ കാണുവാന്‍ കഴിയൂ എന്നിരിക്കെ ഇരുനൂറിലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ യുക്തി പരിശോധിക്കപ്പെടേണ്ടതാണ്. ഒരു ചിത്രത്തിന്റെ തന്നെ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി തിയേറ്ററുകളിലെ തിരക്ക് കുറയ്ക്കുകയെന്ന പ്രേക്ഷകരുടെ നിരന്തരമായ ആവശ്യം ഇത്തവണയും സംഘാടകര്‍ കണക്കിലെടുത്തിട്ടില്ല എന്നുവേണം കരുതുവാന്‍. തിയേറ്ററുകളിലെ തിരക്കും, ഒരു ചിത്രം തീരുന്നതിനു മുന്‍പ് തന്നെ ഇറങ്ങിയോടി അടുത്ത ചിത്രത്തിനു സീറ്റു പിടിക്കേണ്ട അവസ്ഥയുമൊക്കെ മാറ്റമില്ലാതെ ഈ മേളയിലും തുടരുമെന്നത് നിസ്സംശയം പറയാം. കാണാന്‍ പോണ പൂരമെന്തിന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ, മേളയെങ്ങിനെ പുരോഗമിക്കുമെന്ന് കാത്തിരുന്നു തന്നെ കാണാം.
മേളയ്ക്ക് കൊടികയറുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം. തലസ്ഥാനനഗരിയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മേളയുടെ വരവറിയിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ നഗരത്തില്‍ അങ്ങിങ്ങായി ഉയരുവാന് തുടങ്ങിയിട്ടുണ്ട്. മേളയ്ക്കായി തയ്യാറെടുത്തിരിക്കുന്ന എല്ലാ ചലച്ചിത്രാസ്വാദകര്‍ക്കും തിരുവനന്തപുരത്തേക്ക് സ്വാഗതം. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും ആശംസകള്‍. നല്ല ചിത്രങ്ങളും ചിന്തകളുമൊക്കെയായി കഴിഞ്ഞ പതിനാലു മേളകളേക്കാള്‍ മികവു പുലര്‍ത്തുന്ന ഒന്നായി ഈ മേള മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം. മേളയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് LINKS വിഭാഗത്തില്‍ നല്‍കിയിരിക്കുന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
കേരളത്തിന്റെ സ്വന്തം ചലച്ചിത്രമേളയുടെ പതിനഞ്ചാം പതിപ്പിന് തിരശീല ഉയരുവാന് ഇനി ദിവസങ്ങള്‍ മാത്രം. ചലച്ചിത്രമേളയുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
Indian Panoramayil (Indian festival at Goa) Malayaalathe pradhinidheekaricha oru cinema Mummy & Me!!!! No reason why they look down at South.
ReplyDeleteMummy & Me, ee melayil kaanikkilla ennu pratheekshikkunnu
വിശേഷങ്ങൾക്ക് കാത്തിരിക്കുന്നൂ...
ReplyDeleteവിശദമായി തന്നെ പങ്കു വെച്ചതിനു നന്ദി.
ReplyDeleteസത്യം പറഞ്ഞാല്‍ ഇതിപ്പോഴാ കണ്ടത്..
ReplyDeleteഞാനും തുടങ്ങി ഒരു ലോഗ് കൈയൊപ്പില്‍...ഇത്ര വിശദമായി ഒന്നും ഉദ്ദേശിക്കുന്നില്ല... :-)
അപ്പൊ വെള്ളിയാഴ്ച കാണാം :-)
നടക്കട്ടെ... ഒരു ഇരുപതെണ്ണം എങ്കിലും കാണണം എന്നുണ്ട് ...ഇന്ത്യന്‍ സിനിമകള്‍ ഒഴിവാക്കുകയാവും നല്ലത് എന്ന് തോന്നുന്നു...അത് പിന്നെയും കാണാന്‍ അവസരം ഉണ്ടല്ലോ. അഞ്ചോളം സിനിമകള്‍ കയ്യില്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ ബാക്കിയെല്ലാം കാണാത്തത് തന്നെ...
ReplyDeleteഞാനവിടെയുണ്ടാകും.
ReplyDeleteവിനയാ...
ReplyDeleteഇന്ത്യന്‍ സിനിമകളാവും പിന്നീട് കിട്ടാന്‍ പ്രയാസം.