പതിനഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം - ഉത്ഘാടനം

Published on: 12/11/2010 09:38:00 AM
15th IFFK Inauguration. Report and photographs by Haree for Chithravishesham.
തിരുവനന്തപുരം: കേരളത്തിന്റെ പതിനഞ്ചാമത് ചലച്ചിത്രോത്സവത്തിന്‌ നിശാഗന്ധിയില്‍ തുടക്കമായി. വിഖ്യാത ചലച്ചിത്രകാരന്‍ വെര്‍ണര്‍ ഹെര്‍സോഗ്, മലയാളത്തിന്റെ പ്രിയകവി ഓ.എന്‍.വി. കുറുപ്പ്, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ബോളിവുഡ് ചലച്ചിത്രതാരം വഹീദ റഹ്മാന്‍, ക്യൂബന്‍ അംബാസിഡര്‍ മിഗുവേല്‍ റിമെറസിന്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ കല്‍വിളക്കു തെളിയിച്ച് മേള ഉത്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പ് മന്ത്രി എം.എ. ബേബി അധ്യക്ഷനായിരുന്നു. സമഗ്രസംഭാവനയ്ക്കുള്ള ഈ കൊല്ലത്തെ പുരസ്കാരം വെര്‍ണര്‍ ഹെര്‍സോഗിന്‌ മുഖ്യമന്ത്രി സമ്മാനിച്ചു. ജ്ഞാനപീഠ പുരസ്കാര ജേതാവ് ഓ.എന്‍.വി. കുറുപ്പിനെ വേദിയില്‍ അക്കാദമി ആദരിച്ചു. ഫെസ്റ്റിവല്‍ കാറ്റലോഗ്, ന്യൂസ്‍ലെറ്റര്‍ തുടങ്ങിയവയുടെ പ്രകാശനവും ഇതിനോടനുബന്ധിച്ചു നടന്നു.

GALLERY - 15th IFFK INAUGURATIONഇപ്പോള്‍ അധികാരത്തിലുള്ള ഇടതുപക്ഷ ഗവണ്മെന്റിന്റെ അവസാന ചലച്ചിത്രോത്സവമാണെന്ന് ഓര്‍മ്മപ്പെടുത്തിയാണ്‌ എം.എ. ബേബി തന്റെ അധ്യക്ഷ പ്രസംഗം ആരംഭിച്ചത്. ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട ഗവണ്മെന്റിന്റെ നേട്ടങ്ങള്‍ എടുത്തു പറയുവാനും അദ്ദേഹം മറന്നില്ല. 'അഗിര, ദി റാത്ത് ഓഫ് ഗോഡ്'നെ പരാമര്‍ശിച്ചു കൊണ്ട് ഹെര്‍സോഗിന്റെ ചിത്രങ്ങളോട് തനിക്കുള്ള താത്പര്യവും മന്ത്രി പ്രകടമാക്കി. ജൂറി അംഗങ്ങളെ പരാമര്‍ശിക്കവേ, അപിച്ചാപോംഗ് വീരാസുതകളിന്റെ പേര്‌ ഉച്ചരിച്ചതിനു ശേഷം, ഇതു ശരിയായി പറഞ്ഞതിന്‌ എനിക്കൊരു കൈയ്യടി തരണമെന്ന് മന്ത്രി പറഞ്ഞത് കാണികളില്‍ ചിരി പടര്‍ത്തി. ചലച്ചിത്രമേളയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുന്നതില്‍ മാത്രമായി മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം ഒതുങ്ങി. മുന്‍മേളകളില്‍ പ്രഖ്യാപിച്ച ചലച്ചിത്രമേളയ്ക്കായുള്ള തിയേറ്റര്‍ സമുച്ചയെത്തെക്കുറിച്ച് പരാമര്‍ശമൊന്നും മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ഉണ്ടായില്ല.

'തന്റെ കാലം കഴിഞ്ഞിട്ടില്ല', സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ വെര്‍ണര്‍ ഹെര്‍സോഗ് തന്റെ മറുപടി പ്രസംഗത്തില്‍ ആദ്യം തന്നെ പറഞ്ഞതിതാണ്‌. തന്റെ ആദ്യ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ ചിത്രങ്ങള്‍ താനിപ്പോള്‍ ചെയ്യുന്നുണ്ട് എന്നുമദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സംവിധായകനായുള്ള 'ലൈഫ്-ടൈം' ഈയൊരു 'ലൈഫ്-ടൈം അച്ചീവ്‍മെന്റ്' പുരസ്കാരത്തോടെ തീരുന്നില്ല എന്നാണ്‌ ഹെര്‍സോഗ് ഉദ്ദേശിച്ചത്. എല്ലാ ഭൂഖണ്ഡങ്ങളിലും താന്‍ ചിത്രീകരിച്ചിട്ടുണ്ട്, പല രാജ്യങ്ങളിലും താന്‍ ചിത്രങ്ങളുമായി പോയിട്ടുമുണ്ട്; എന്നാല്‍ ഇത്രയധികം ആസ്വാദകരെ ഒരുമിച്ച് കാണുന്നത് താന്‍ ആദ്യമായാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഉദ്ഘാടന ചടങ്ങിനു ശേഷം ഓ.എന്‍.വി. കുറുപ്പിന്റെ 'അമ്മ' എന്ന കവിതയെ അടിസ്ഥാനപ്പെടുത്തി കലാമണ്ഡലം ചിട്ടപ്പെടുത്തിയ മോഹിനിയാട്ടവും വേദിയിലരങ്ങേറി.

INAUGURAL FILM
15th IFFK - Inaugural Film - Please Don't Disturb.മോസെന്‍ അബ്ദുള്‍വഹാബ് സംവിധാനം ചെയ്ത 'Please Don't Disturb' എന്ന ഇറാനിയന്‍ ചിത്രമാണ്‌ പതിനഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. ഒരു കഥയില്‍ നിന്നുമൊരു കഥാപാത്രത്തിലൂടെ മറ്റൊന്നിലേക്ക് എന്ന രീതിയില്‍ മൂന്നു വ്യത്യസ്ത ചെറുകഥകളാണ്‌ സംവിധായകന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറാനിയന്‍ ജീവിതത്തിന്റെ മൂന്ന് ഏടുകളാണ്‌ ഈ കഥകളിലൂടെ സംവിധായകന്‍ നമുക്കു കാണിച്ചു തരുന്നത്. ഞങ്ങളുടെ ജീവിതങ്ങള്‍ പ്രശ്നങ്ങള്‍ നിറഞ്ഞതാണ്‌, എന്നാല്‍ അതുമായി ജീവിക്കുവാനായി ഞങ്ങളെ വെറുതേവിടുവാനാണോ സംവിധായകന്‍ ലോകത്തോട് ആവശ്യപ്പെടുന്നതെന്നു തോന്നും ചിത്രം കാണുമ്പോള്‍.

ടെലിവിഷന്‍ അവതാരകനും ഭാര്യയും തമ്മിലുള്ള കുടുംബവഴക്കാണ്‌ ആദ്യ ചിത്രത്തില്‍. ജോലിയില്‍ ഉന്നമനം നേടുവാനായി ഭാര്യയുടെ താത്പര്യങ്ങള്‍ വകവെച്ചുകൊടുക്കുവാന്‍ ഭര്‍ത്താവ് തയ്യാറാവുന്നില്ല, അല്ലെങ്കില്‍ നിലവിലെ സാമൂഹിക സാഹചര്യത്തില്‍ അയാള്‍ക്കതിന്‌ കഴിയുന്നില്ല. തന്റെ പെരുമാറ്റത്തിന്‌ ഹേതുവായി അയാള്‍ നിരത്തുന്ന ന്യായങ്ങളും രസകരങ്ങളാണ്‌. വിവാഹം നടത്തിക്കൊടുക്കുവാനും മറ്റും അധികാരപ്പെട്ട ഒരു ഉദ്യോഗസ്ഥനായ ഹാജിയാരുടെ പ്രശ്നങ്ങളാണ്‌ രണ്ടാമത്തെ ചിത്രം. തന്റെ ബേഗിനുള്ളിലെ പ്രമാണങ്ങള്‍ മോഷ്ടിക്കപ്പെട്ടു എന്ന തലവേദനയുടെ കൂടെ, അയാളുടെ പക്കലെത്തുന്ന കക്ഷികളുടെ മനോവിചാരങ്ങള്‍ അയാളെ അലോസരപ്പെടുത്തുന്നു. മക്കള്‍ അടുത്തില്ല, മറ്റാരും സഹായത്തിനുമില്ല; സ്വന്തം വീട്ടിലെത്തുന്ന മെക്കാനിക്കിനെ വിശ്വസിച്ച് അകത്തു കയറ്റുവാന്‍ മടിക്കുന്ന വൃദ്ധദമ്പതികളുടെ കഥയാണ്‌ മൂന്നാമത്തേത്. ഭാര്യയുപേക്ഷിച്ച് പോയതിനാല്‍ കുട്ടിയെ നോക്കുക എന്ന ഉത്തരവാദിത്തം കൂടിയുള്ള മെക്കാനിക്കിന്റെ കഥകൂടിയാവുന്നു ഈ ചിത്രം.

മൂന്ന് ചിത്രങ്ങളിലും സ്ത്രീകഥാപാത്രങ്ങള്‍ പ്രാധാന്യം നേടുന്നു എന്നത് ശ്രദ്ധേയമാണ്‌. ഇറാനിലെ വിവിധ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെയൊരു നേര്‍പ്പകര്‍പ്പാക്കി ചിത്രത്തെ മാറ്റുവാന്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു. യുവജനതയുടെ, പ്രത്യേകിച്ച് യുവതികളുടെ ചിന്തകളിലുണ്ടാവുന്ന മാറ്റം; പ്രായമായവര്‍ അഭിമുഖീകരിക്കുന്ന ഒറ്റപ്പെടലും ഭീതിയും; മൊത്തത്തിലുള്ള സാമ്പത്തിക പിരിമുറുക്കം; മാധ്യമങ്ങളുടെ കാഴ്ചപ്പാടിലുണ്ടായിട്ടുള്ള മാറ്റം ഇവയൊക്കെയും ഈ 80 മിനിറ്റ് സിനിമയിലൂടെ കാട്ടിത്തരുവാന്‍ സംവിധായകനായി. അബ്ദുള്‍വഹാബിന്റെ ആദ്യ സ്വതന്ത്ര സംവിധാന സം‍രംഭമാണ്‌ ഈ ചിത്രമെന്നതു കൂടി കണക്കിലെടുക്കുമ്പോള്‍, തെറ്റില്ലാത്തൊരു ചിത്രമാണ്‌ 'ദയവായി ശല്യം ചെയ്യരുതേ!'.
--

5 comments :

 1. പതിനഞ്ചാമത് അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ദിന വിശേഷങ്ങളും ചിത്രങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഞാന്‍ കണ്ടു സിനിമ ... തരക്കേടില്ല.രസകരമായി കണ്ടിരിക്കാം അത്ര മാത്രം ... കണ്ടതില്‍ ഏറ്റവും മോശം ആയി തോന്നിയത് A day in Orange.
  ഓഫ് :- ഹരിയെ ഞാന്‍ കണ്ടു ആ സിനിമക്ക് :)

  ReplyDelete
 3. പരിചയപ്പെടുത്തല്‍ നന്നായി ഹരീ..
  അവിടെയെത്താന്‍ കഴിയാത്തതിന്റെ വിഷമം മാറി. :)

  ReplyDelete
 4. :) അഭിപ്രായങ്ങള്‍ക്ക് നന്ദി.

  ആദ്യ ദിനം കണ്ടവയില്‍ ഏറ്റവും മോശമായി തോന്നിയത്, 'ഹെലിയോപോളിസ്'. 'എ ഡേ ഇന്‍ ഓറഞ്ചി'ന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ചുരുക്കത്തില്‍, 'മെസേജസ് ഫ്രം ദി സീ' മാത്രമാണ് തരക്കേടില്ലെന്നു തോന്നിയത്. 'സോംഗ്സ് ഓഫ് ലവ് ആന്റ് ഹേറ്റാ'ണ്‌ കണ്ട മറ്റൊരു ചിത്രം.

  കാണാതെ വിടുന്നത് നഷ്ടമാവുന്ന തരത്തിലുള്ള ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഏവരും പങ്കുവെയ്ക്കുമല്ലോ. ഇന്നലെ കൊള്ളാവുന്നതായി പറഞ്ഞു കേട്ടത്; 'ബ്ലാക്ക് ഹെവന്‍', 'ദി ലാസ്റ്റ് സമ്മര്‍ ഓഫ് ലാ ബോയിറ്റ'.

  ഓഫ്: കണ്ടെങ്കില്‍ ഒന്ന് വിളിച്ചൂടാരുന്നോ...
  --

  ReplyDelete
 5. അതുശരി ഹരീ യും വിനയനും എല്ലാം അവിടെ അങ്ങ് കൂടിയിരിക്ക്യാ അല്ലേ. താങ്ക്സ് ഹരീ. ഇനി കണ്ട ഓരോ സിനിമയുടെയും വിശേഷങ്ങള്‍ പോരട്ടേ :))

  ReplyDelete