2010-ലെ റമദാന്‍ ചിത്രങ്ങള്‍ - പോള്‍ ഫലം

Published on: 10/01/2010 08:37:00 AM
Chithravishesham Ramadan Poll 2010 - Results.
എം. പത്മകുമാറിന്റെ മോഹന്‍ലാല്‍ ചിത്രം 'ശിക്കാര്‍', രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കിയെടുത്ത 'പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്', ലാല്‍ജോസിന്റെ 'എല്‍സമ്മ എന്ന ആണ്‍കുട്ടി', 'യവനിക'യുടെ നിര്‍മ്മാതാവ് ഹെന്‍ട്രി പിടിച്ച 'വന്ദേ മാതരം' എന്നീ ചിത്രങ്ങളാണ്‌ മലയാളികളുടെ റമദാന്‍ കാലത്ത് തിയേറ്ററുകളിലെത്തിയത്. 735 പേര്‍ പങ്കെടുത്ത ചിത്രവിശേഷം പോളില്‍ പകുതിക്കടുത്ത് വോട്ടുകള്‍ നേടി(351 വോട്ടുകള്‍, 47%) 'ശിക്കാറാ'ണ്‌ മുന്‍പിലെത്തിയിരിക്കുന്നത്. 292 വോട്ടുകള്‍(39%) നേടി രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടിന്റ 'പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്' തൊട്ടുപിന്നിലുണ്ട്. ഓണച്ചിത്രങ്ങളെ അപേക്ഷിച്ച് ഏറെ ആശ്വാസത്തിനു വക നല്‍കുന്നതാണ്‌ തുടര്‍ന്നിറങ്ങിയ റമദാന്‍ ചിത്രങ്ങളിലൊന്നൊഴികെ എല്ലാം തന്നെ. തിയേറ്ററുകളില്‍ ഇപ്പോഴും തിരക്കുകുറഞ്ഞിട്ടില്ലാത്ത ഈ ചിത്രങ്ങള്‍ക്കെല്ലാം മുടക്കുമുതല്‍ തിരിച്ചുപിടിക്കുവാന്‍ കഴിഞ്ഞു എന്നാണ്‌ മനസിലാവുന്നത്. പരാജയങ്ങള്‍ മലയാളസിനിമയ്ക്ക് തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍, ചലച്ചിത്രമേഖലയിലുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്‌ ഈ ചിത്രങ്ങളുടെ വ്യാവസായിക വിജയം.

Chithravishesham Ramadan Poll 2010 - Results.
Shikkar: A film by M. Padmakumar starring Mohanlal, Lalu Alex, Kalabhavan Mani, Sneha etc. Film Review by Haree for Chithravishesham.
തങ്ങളുടെ നേതാവിനെ കൊലപ്പെടുത്തിനു പകരം വീട്ടുവാന്‍ നടക്കുന്ന നക്സലുകളെ ഭയന്ന്, അധികമാരുമെത്താത്ത ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ഒളിച്ചു താമസിക്കുന്ന പോലീസുകാരന്റെ കഥയാണ്‌ 'ശിക്കാര്‍'. ഒറ്റവാചകത്തില്‍ കേള്‍ക്കുമ്പോള്‍ കൊള്ളാമെന്നു തോന്നാമെങ്കിലും, വിഷയം കൈകാര്യം ചെയ്തതിലെ പരിമിതികള്‍ ചിത്രത്തെ ദോഷകരമായി ബാധിച്ചു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രമായ ബലരാമനെ പോലും മികവുറ്റതാക്കുവാന്‍ സൃഷ്ടാക്കള്‍ക്കു കഴിഞ്ഞില്ല. പല ചിത്രങ്ങളിലും നാം കണ്ട വീരപരിവേഷത്തിലുള്ള മോഹന്‍ലാലിന്റെ നിഴല്‍ മാത്രമേ ചിത്രത്തില്‍ കാണുവാനുമുള്ളൂ. മോഹന്‍ലാലിന്റെ അടുത്തിറങ്ങിയ പല ചിത്രങ്ങളും ഇതിലുമേറെ ദയനീയമായിരുന്നു എന്നതാവാം, 'ശിക്കാര്‍' വിജയിച്ചു പോകുവാന്‍ കാരണമായത്. എന്തു തന്നെയായാലും തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവിലുള്ള ഈ ജയം മോഹന്‍ലാലിനും ആരാധകര്‍ക്കും ഒരല്‍പം ആശ്വാസത്തിനു വക നല്‍കുന്നുണ്ട്.

Pranchiyettan and the Saint: A film by Renjith starring Mammootty, Priyamani, Siddique, Khushbu etc. Film Review by Haree for Chithravishesham.
കഴിഞ്ഞ കൊല്ലത്തെ റമദാനിന്‌ 'ലൗഡ് സ്പീക്കറു'മായെത്തി കൈയ്യടി നേടിയ മമ്മൂട്ടി ഈ കൊല്ലം രഞ്ജിത്തിന്റെ 'പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റി'ലൂടെയാണ്‌ വിജയമാവര്‍ത്തിക്കുന്നത്. മലയാളസിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത കഥാതന്തുവും വേറിട്ട പരിചരണവും ചിലരെയെങ്കിലും ചിത്രത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നുണ്ട്. ചിത്രമൊരു വന്‍വിജയം നേടാത്തതിനൊരു കാരണം ഇതു കൂടിയാണ്‌. സംവിധായകനെന്ന നിലയില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതിനൊപ്പം, തന്റെ ചിത്രങ്ങള്‍ക്ക് പൂര്‍ണത കൈവരിക്കണമെന്നുള്ള നിര്‍ബന്ധബുദ്ധി കൂടിയുണ്ടായാല്‍ ഇതിലുമേറെ മികച്ച ചിത്രങ്ങള്‍ മലയാളിക്കു നല്‍കുവാന്‍ രഞ്ജിത്തിനു കഴിയുമെന്നു കരുതാം. അതിനുള്ള പ്രചോദനമാവട്ടെ, തൃശൂര്‍ക്കാരന്‍ പ്രാഞ്ചിയുടെ തിയേറ്റര്‍ വിജയം.

Elsamma Enna Aankutty: A film by Lal Jose starring Kunchakko Boban, Ann Augustine, Indrajith etc.
സൂപ്പര്‍ താരങ്ങളില്ലാതെ പുതുമുഖമായ ആന്‍ അഗസ്റ്റിനെ മുഖ്യവേഷത്തില്‍ അവതരിപ്പിക്കുന്നു ലാല്‍ ജോസ് 'എല്‍‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെ. എം. സിന്ധുരാജിന്റെ തിരക്കഥ, അദ്ദേഹത്തിന്റെ ഇതുവരെയുള്ള തിരക്കഥകളെടുത്താല്‍, കൂട്ടത്തില്‍ മികച്ചതെങ്കിലും കുറവുകളുമേറെ. അവയെയൊക്കെ ഒരു പരിധിവരെ ലാല്‍ ജോസിന്‌ തന്റെ സംവിധാനമികവിലൂടെ മറികടക്കുവാനായി എന്നതാണ്‌ എല്‍സമ്മയേയും കൂട്ടരേയും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവരാക്കുന്നത്. ഗ്രാമാന്തരീക്ഷവും, സാന്ദര്‍ഭിക നര്‍മ്മവുമെല്ലാം സിനിമയുടെ ആസ്വാദ്യകത വര്‍ദ്ധിപ്പിക്കുന്നു. ചിത്രവിശേഷം പോളില്‍ 11% വോട്ടുകള്‍(83) നേടി ഈ ചിത്രമാണ്‌ റമദാന്‍ ചിത്രങ്ങളില്‍ മൂന്നാമതെത്തിയിരിക്കുന്നത്.

'അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയുടെ നേരേ...' എന്ന ചൊല്ലോര്‍മ്മപ്പെടുത്തുന്നു 'വന്ദേ മാതര'മെന്ന ചിത്രവും, റിലീസിനു ശേഷം നിര്‍മ്മാതാവ് ഹെന്‍ട്രിയുണ്ടാക്കിയ പുകിലുകളും. ഒരു വാദത്തിന്‌ മമ്മൂട്ടിയുടെ അഭിനയത്തില്‍ തകരാറുണ്ടെന്ന് സമ്മതിച്ചാല്‍ തന്നെ, മറ്റാര് അഭിനയിച്ചാലും ഇതിനപ്പുറമൊന്നും ഈ ചിത്രത്തില്‍ ചെയ്യുവാനാവില്ല എന്നും കണ്ണു തുറന്നു നോക്കിയാല്‍ മനസിലാക്കാം. 'യവനിക'യുടെ നിര്‍മ്മാതാവ് എന്നൊരു സല്‍പേരുണ്ടായിരുന്നത് കളയുവാനായി എന്നല്ലാതെ, ഈ ചിത്രം ഹെന്‍ട്രിക്ക് ഒരു ഗുണവും ചെയ്തില്ല. പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടി കൈയ്യടി നേടിയെങ്കില്‍, ഇതിലൂടെ ആവശ്യത്തിലധികം കൂക്കുവിളിയും സമ്പാദിക്കുവാനായി. കേവലം 1%(9) വോട്ടുകളാണ്‌ ഈ ചിത്രം നേടിയതെന്നതില്‍ അത്ഭുതപ്പെടുവാനില്ല, മറിച്ച് അത്രയും നേടി എന്നതാണ്‌ വാര്‍ത്ത.

'ശിക്കാറി'ന്റെ കാര്യത്തിലൊഴികെ മറ്റു ചിത്രങ്ങളുടെ കാര്യത്തില്‍ ചിത്രവിശേഷങ്ങളോട് പോള്‍ഫലം ചേര്‍ന്നു നില്‍ക്കുന്നു. ആരാധകരുടെ തള്ളിക്കയറ്റമാണ്‌ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ചിത്രങ്ങള്‍ക്ക് ഇത്രയധികം വോട്ടുകള്‍ നേടിക്കൊടുത്തതെന്ന് മനസിലാക്കാം. മികവിന്റെ കാര്യത്തില്‍ ഒപ്പമിറങ്ങിയ രഞ്ജിത്തിന്റെയോ ലാല്‍ ജോസിന്റെയോ ചിത്രങ്ങളോട് കിടപിടിക്കുവാന്‍ തക്കവണ്ണമൊന്നും 'ശിക്കാറി'നില്ല. എന്നിട്ടുമത് ഇവയെ പിന്‍തള്ളി മുന്‍പിലെത്തിയെങ്കില്‍ മലയാളിയുടെ തലതിരിഞ്ഞ ആസ്വാദനശീലത്തെ മാത്രമേ പഴിപറയുവാനുള്ളൂ. താരാരാധന മാറ്റിവെച്ച് ചിത്രങ്ങളെ വിലയിരുത്തുവാനും വിജയിപ്പിക്കുവാനും പ്രേക്ഷകര്‍ എന്ന് തയ്യാറാവുന്നുവോ അന്നുമാത്രമേ നല്ല ചിത്രങ്ങള്‍ മലയാളത്തിലുണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ. ഓരോ ജനതയ്ക്കും, അവരര്‍ഹിക്കുന്ന നേതാക്കളെ ലഭിക്കുന്നു എന്ന വാചകം മറ്റു പലതിലുമെന്നപോലെ സിനിമയുടെ കാര്യത്തിലും ബാധകമെന്ന് നാം എന്നാണിനി മനസിലാക്കുക!!!
--

5 comments :

 1. റമദാന്‍ ചിത്രങ്ങളുടെ പോള്‍ ഫല വിശേഷവുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. രാജയങ്ങള്‍ മലയാളസിനിമയ്ക്ക് തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍, ചലച്ചിത്രമേഖലയിലുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്‌ ഈ ചിത്രങ്ങളുടെ വ്യാവസായിക വിജയം.

  അതെയതെ, അതാണ് കാര്യം.

  ReplyDelete
 3. എന്നിട്ടും വന്ദേ മാതരത്തിന് 9 വോട്ട്. :-)
  അതിലും എന്തുകൊണ്ടും ഭേദപ്പെട്ട 3 ചിത്രങ്ങളുള്ളപ്പോള്‍ ഇതിനൊക്കെ വോട്ട് ചെയ്തവനേ വോട്ടേര്‍സ് ലിസ്റ്റില്‍ നിന്നും എടുത്തു കളയണം... :-)‌

  ReplyDelete
 4. ഹരി ചിന്തിക്കുന്നതു പൊലെ എല്ലാവരും ചിന്തിക്കനമെന്നു വച്ചാൽ ?

  ReplyDelete
 5. ...താരാരാധന മാറ്റിവെച്ച് ചിത്രങ്ങളെ വിലയിരുത്തുവാനും വിജയിപ്പിക്കുവാനും പ്രേക്ഷകര്‍ എന്ന് തയ്യാറാവുന്നുവോ അന്നുമാത്രമേ നല്ല ചിത്രങ്ങള്‍ മലയാളത്തിലുണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ...

  100% യോജിക്കുന്നു. രണ്ടു ചിത്രവും കണ്ടവര്‍ക്ക് അതിന്റെ വ്യത്യാസവും മനസ്സിലാകും.

  ..മോഹന്‍ലാലിന്റെ അടുത്തിറങ്ങിയ പല ചിത്രങ്ങളും ഇതിലുമേറെ ദയനീയമായിരുന്നു എന്നതാവാം, 'ശിക്കാര്‍' വിജയിച്ചു പോകുവാന്‍ കാരണമായത്...

  ഫാന്‍ ഒളിഞ്ഞും തെളിഞ്ഞും സമ്മതിക്കുന്ന ഒരു കാര്യമാണ്.

  @സുഹാസ്
  ഹരി ചിന്തിക്കുന്നതു പോലെ എല്ലാവരും ചിന്തിക്കണം എന്നു ഹരി വാശി പിടിക്കുന്നില്ലല്ലോ? അദ്ദേഹം ഒരു ബ്ലോഗ് തുടങ്ങി അദ്ദേഹത്തിന്റെ ആശയങ്ങള്‍ അതില്‍ പ്രസിദ്ധീകരിക്കുന്നു. ബഹുഭൂരിപക്ഷം വരുന്ന ഫാന്‍സ് ചിന്തിക്കുന്നതു പോലെ ഹരിയും ചിന്തിക്കണമെന്ന് ഫാന്‍സിനും വാശിപിടിക്കാന്‍ അവകാശമില്ല.. ശരിയല്ലേ?

  ReplyDelete