കടാക്ഷം (Kadaksham)

Published on: 4/11/2010 05:01:00 PM
Kadaksham: A film directed by Sasi Paravoor starring Suresh Gopi, Swetha Menon, Swetha Vijay etc. Film Review by Haree for Chithravishesham.
‘നോട്ട’ത്തിനു ശേഷം ശശി പരവൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കടാക്ഷം’. നായികാപ്രധാനമായ ഈ സിനിമയില്‍ ശ്വേത വിജയ്, സുരേഷ് ഗോപി, ശ്വേത മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. എ.വി.എ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി. അനൂപാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയുടേയും തിരക്കഥയുടേയും രചന സംവിധായകന്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. മികച്ച കഥയ്ക്കുള്ള 2009-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച സിനിമയാണിത്. മുരളി കൃഷ്ണയുടേതാണ് സംഭാഷണങ്ങള്‍. നല്ലൊരു പ്രമേയം എപ്രകാരം വികലമായ ഒരു സിനിമയാക്കി മാറ്റാം എന്നതിന് നല്ലൊരു ഉദാഹരണമാണ് ഈ ചിത്രം.

ആകെത്തുക     : 3.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 1.00 / 10
: 5.00 / 10
: 2.50 / 05
: 2.50 / 05
മകളെ ബലാത്കാരം ചെയ്ത് കൊന്നവരോടുള്ള അച്ഛന്റെ പ്രതികാരം പല ചിത്രങ്ങള്‍ക്കും ഇതിനോടകം വിഷയമായതാണ്. അത്തരത്തില്‍ മകള്‍ നഷ്ടപ്പെടുന്ന ഒരമ്മയുടെ ദുഃഖം മലയാള സിനിമയ്ക്ക് അടുത്തെങ്ങും പ്രമേയമായിട്ടില്ല. അമ്മയുടെ അമര്‍ഷം കേവലം മകളുടെ മരണത്തിനു ഹേതുവായ ഒരാളോടല്ല, മൊത്തത്തില്‍ ഈ സമൂഹത്തോടും പുരുഷന്മാരോടുമാണ് എന്നതും ശ്രദ്ധേയമാണ്. ഒന്നിലധികം തന്തുക്കള്‍ ഇഴചേരുന്ന ഘടനയുള്ള കഥയ്ക്ക് ഉതകുന്നൊരു ദൃശ്യഭാഷ്യം ചമയ്ക്കുന്നതില്‍ ശശി പരവൂര്‍ അമ്പേ പരാജയമായത് ചിത്രത്തെ അപഹാസ്യമാക്കുന്നു. സങ്കല്പവും യാഥാര്‍ത്ഥ്യവും ഇടചേര്‍ന്ന നായികയുടെ തോന്നലുകളാണ് കാണിച്ചതൊക്കെയും എന്നൊടുവില്‍ പറയുമ്പോള്‍, മുന്‍പ് കാണിച്ചതില്‍ പലതും ഈയൊരു വിശദീകരണത്തില്‍ ഒതുങ്ങുന്നുമില്ല.

Cast & Crew
Kadaksham

Directed by
Sasi Paravoor

Produced by
A.V. Anoop

Story, Screenplay / Dialogues
Sasi Paravoor / Murali Krishna

Starring
Suresh Gopi, Shwetha Menon, Shwetha Vijay, Jagathy Sreekumar, Vijayaraghavan, Sivaji Guruvayoor, Rekha, Indrans, A.V. Anoop, Anoop Chandran, Machan Varghese, Idukki Jaffer, Kottayam Nazeer, Narayanan Kutty, Madhupal etc.

Cinematography (Camera) by
Ramachandra Babu

Editing by
V. Venugopal

Art Direction by
K. Krishnankutty

Music by
M. Jayachandran

Lyrics by
Irayimman Thampi , K.C. Keshava Pillai , Sasi Paravoor, Ibne Insha

Background Score by
Johnson

Effects by
Raj Marthandam

Sound Mixing by
N. Harikumar

Make-up by
Pattanam Rasheed, Pattanam Shah

Costumes by
S.B. Satheesh

Banner
AVA Productions

തിരക്കഥാകൃത്ത് എന്നതുപോലെ തന്നെ സംവിധായകന്‍ എന്ന നിലയിലും പൂര്‍ണ്ണപരാജയമാണ് ശശി പരവൂര്‍. അഭിനേതാക്കളെ തിരഞ്ഞെടുത്തതില്‍ തുടങ്ങുന്നു സംവിധായകന്റെ പിടിപ്പുകേട്. സുരേഷ് ഗോപിയെ ഒരു കലാകാരനായി, അതും ഒരു ചിത്രകാരനായി ചിന്തിക്കുവാന്‍ കുറഞ്ഞ ഭാവനയൊന്നും പോര! എവിടെ എന്ത് എങ്ങിനെ കാണിക്കണം എന്നതിനെക്കുറിച്ചും കാര്യമായ ധാരണയൊന്നും സംവിധായകന് ഉള്ളതായി തോന്നിയില്ല. ചിത്രത്തിന്റെ ഒട്ടു മുക്കാലും ഭാഗം പുരോഗമിക്കുന്നതു തന്നെ ഒരു ‘പൈങ്കിളി’ ചിത്രത്തിന്റെ ഛായയിലാണ്. അതിലപ്പുറം ഗൌരവമൊന്നും ഒരിടത്തും സംവിധായകന്‍ ഈ ചിത്രത്തിനു നല്‍കിയിട്ടില്ല എന്നുറപ്പ്. ‘നോട്ടം’ കണ്ട ആരെങ്കിലും ശശി പരവൂര്‍ എന്ന സംവിധായകനില്‍ അല്പം പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെങ്കില്‍ അതു തിരുത്തുവാന്‍ ‘കടാക്ഷ’ത്തിനു കഴിയും. അതല്ലാതെ ഒരു ഗുണവും ഈ ചിത്രത്തിനു പറയുവാനില്ല.

ചിത്രകാരന്റെ ശരീരഭാഷയൊന്നുമില്ലെങ്കിലും അമിതാഭിനയമൊക്കെ മാറ്റിവെച്ച്, അല്പം ആത്മാര്‍ത്ഥതയോടെ അഭിനയിക്കുവാന്‍ സുരേഷ് ഗോപി ശ്രമിച്ചിട്ടുണ്ട്. ജാനകി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ശ്വേത വിജയുടെ അഭിനയം തരക്കേടില്ലെന്നു മാത്രം. ഇതിലുമേറെ മികവ് ആ കഥാപാത്രം അര്‍ഹിക്കുന്നു. മറ്റ് കഥാപാത്രങ്ങളായെത്തിയ ജഗതി ശ്രീകുമാര്‍, ശ്വേത മേനോന്‍, ശിവാജി ഗുരുവായൂര്‍, രേഖ, ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ തരക്കേടില്ലാതെ പോവുന്നു. ചെറിയൊരു റോളില്‍ നിര്‍മ്മാതാവ് എ.വി. അനൂപും ചിത്രത്തിലുണ്ട്. ഇടുക്കി ജാഫര്‍, കോട്ടയം നസീര്‍, മച്ചാന്‍ വര്‍ഗീസ്, മധുപാല്‍ തുടങ്ങിയവര്‍ വേഷമിടുന്ന നാടകക്കാരും ഇവരുള്‍പ്പെടുന്ന രംഗങ്ങളും ചിത്രത്തില്‍ തീര്‍ത്തും അനാവശ്യമാണ്.

ഗാനങ്ങള്‍ ചിത്രത്തിനൊരു അധികപ്പറ്റാണെങ്കിലും വെറുതേ കേട്ടിരിക്കുവാന്‍ ഉപകരിക്കും. ഇരയിമ്മന്‍ തമ്പിയുടെ “പ്രാണനാഥനെനിക്കു നല്‍കിയ...” എന്നു തുടങ്ങുന്ന വരികള്‍ എം. ജയചന്ദ്രന്റെ സംഗീതത്തില്‍ കെ.എസ്. ചിത്ര പാടിയിരിക്കുന്നത് ഏറെ ശ്രദ്ധേയം. ശരത് ആലപിച്ചിരിക്കുന്ന “ഓമനപ്പെണ്ണല്ലയോ...” എന്ന ഗാനവും ആസ്വാദ്യകരം. സംഗീതസംവിധായകന്‍ തന്നെ ആലപിച്ചിരിക്കുന്ന “പറയാതെ വയ്യ...”, ഫയസ് ഖാന്‍ പാടിയിരിക്കുന്ന “കല്‍ ചോധിനി കി...” എന്നിവയാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍. കെ.സി. കേശവ പിള്ള, ശശി പരവൂര്‍, ഇബ്നേ ഇന്‍ഷ എന്നിവരാണ് ഈ ഗാനങ്ങളുടെ രചയിതാക്കള്‍.

ജോണ്‍സണ്‍ നല്‍കിയിരിക്കുന്ന പിന്നണി സംഗീതം ചിത്രത്തിന്റെ സ്വഭാവത്തിന് തീരെ യോജിക്കുന്നില്ല. പലപ്പോഴും അവ ചിത്രത്തെ കൂടുതല്‍ അപഹാസ്യമാക്കുന്നു. രാമചന്ദ്രബാബുവിന്റെ ഛായാഗ്രഹണം, വി. വേണുഗോപാലിന്റെ ചിത്രസംയോജനം, കെ. കൃഷ്ണന്‍‌കുട്ടിയുടെ കലാസംവിധാനം എന്നിവയ്ക്കും ചിത്രത്തിനു പ്രത്യേകിച്ചൊരു മികവു നല്‍കുവാന്‍ കഴിയുന്നില്ല. പട്ടണം റഷീദ്, ഷാ എന്നിവരുടെ ചമയവും എസ്.ബി. സതീഷിന്റെ വസ്ത്രാലങ്കാരവും കഥാപാത്രങ്ങള്‍ക്കിണങ്ങുന്നുണ്ട്. ഇഫക്ടുകളുമായി രാജ് മാര്‍ത്താണ്ഡം, ശബ്ദസന്നിവേശത്തില്‍ എന്‍. ഹരികുമാര്‍ എന്നിവരാണ് അണിയറയിലുള്ള മറ്റ് രണ്ടുപേര്‍.

മലയാളത്തില്‍ ഇന്നിറങ്ങുന്ന വാണിജ്യ ചിത്രങ്ങളും സമാന്തര ചിത്രങ്ങളും തമ്മില്‍ കാര്യമായ അന്തരമൊന്നും പറയുവാനില്ലാതായിരിക്കുന്നു. ഒരു വിഭാഗം ചിത്രങ്ങള്‍ പ്രേക്ഷകരെ ഞെക്കിക്കൊല്ലുന്നെങ്കില്‍ മറു വിഭാഗം മുക്കിക്കൊല്ലുന്നു, അത്രമാത്രം. പണം മുടക്കി പടം കാണുവാന്‍ കയറുന്നവരെ എങ്ങിനെ വെറുപ്പിക്കാം എന്നാവര്‍ത്തിച്ച് പരീക്ഷിക്കുന്നതില്‍ ഇരുകൂട്ടരും പിന്നിലല്ല. ‘ജനകനാ’യാലും ‘കടാക്ഷ’മായാലും കണ്ടിറങ്ങുന്നവന് തോന്നുന്നത് ഒരേ വികാരം തന്നെ. അത്തരമൊരു ഗതികേടിലേക്ക് വീണ്ടും തള്ളിവിടുന്ന ചിത്രങ്ങളുമായി ഇനിയുമെത്തരുത് എന്നൊരു അപേക്ഷയേ ശശി പരവൂരിനോടുള്ളൂ!

വിശേഷകവാക്യം: ചിത്രത്തിന്റെ ആദ്യപാതിയിലൊരിടത്ത് പിന്നില്‍ നിന്നു കേട്ടൊരു കമന്റ്: “ജയദേവനെടുത്താലത് Adult, ശശി പരവൂരെടുത്താലത് Art!”
--

10 comments :

 1. ശശി പരവൂര്‍ സംവിധാനത്തില്‍ സുരേഷ് ഗോപി, ശ്വേത മേനോന്‍, ശ്വേത വിജയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കടാ‍ക്ഷം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #Kadaksham; Something good told in a weird way.
  9:54 PM Apr 9th via web
  --

  ReplyDelete
 2. വിശേഷമായല്ലോ വിശേഷവാക്യം.

  ReplyDelete
 3. വിശേഷവാക്യം വായിച്ചു കുറെ ചിരിച്ചു. നോട്ടം അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടിരുന്നില്ല. എന്തായാലും അതിലും ഇതിലും ഗാനങ്ങള്‍ വളരെ നന്നായിട്ടുണ്ട്...ഈ ഗായകന്‍ ശരത് നമ്മുടെ സംഗീത സംവിധായകന്‍ ശരത് തന്നെയല്ലേ?...

  ReplyDelete
 4. പടം കണ്ടിട്ട് റിവ്യൂ എഴുതുന്നതല്ലേ സര്‍ ഒരു മര്യാദ ?

  ReplyDelete
 5. മലയാള സിനിമ എടുക്കുന്നവര്‍ക്ക് നാണം ഇല്ലെങ്കിലും അതിനെ വിമര്‍ശിക്കുന്ന നമുക്കെങ്കിലും വേണ്ടേ സ്വല്പം നാണം?

  ReplyDelete
 6. ഹി ഹി ഹി.. പോസ്റ്ററിനു തന്നെ ഒരു മറ്റേ ലുക്കാ..

  ജയദേവന്‍ ആണോ ഹരീ, ജയ് ദേവന്‍ അല്ലെ?

  ReplyDelete
 7. അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :-)

  ജയ് ദേവന്റെ / ജയദേവന്റെ പേര് വിക്കിയില്‍ ഇല്ലാത്തോണ്ട് റഫര്‍ ചെയ്യാനൊരു ഇടമില്ല! :-D

  ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലും വേണ്ടേ ഒരു മര്യാദ? :-P
  --

  ReplyDelete
 8. കണ്ടില്ല. ജനകന്‍ കണ്ടതിന്റെ ക്ഷീണം മാറിയില്ല. അതാ ;)

  ReplyDelete