കേരളത്തിന്റെ ചലച്ചിത്രോത്സവം - സമാപനം

Published on: 12/20/2009 09:30:00 AM
IFFK 2009 Valedictory Function : Report and Photos by Haree for Chithravishesham.
ഡിസംബര്‍ 18, 2009: കേരളത്തിന്റെ പതിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നിശാഗന്ധിയില്‍ സമാപനമായി. സാംസ്കാരിക വകുപ്പു മന്ത്രി എം.എ. ബേബി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം, മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍‍, നടനും സംവിധായകനുമായ ശ്രീനിവാസന്‍, ക്യൂബന്‍ അംബാസഡര്‍ മിഗ്വെല്‍ ആന്റെല്‍ റെമോസ്, ജൂറി ചെയര്‍മാന്‍ ബഹ്മാന്‍ ഖൊബാദി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, എം.എല്‍.എ. വി.ശിവന്‍കുട്ടി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഡോ. വി. വേണു, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ കെ.ജി. ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍, വൈസ് ചെയര്‍മാന്‍ വി.കെ. ജോസഫ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, സെക്രട്ടറി ഡോ. കെ.എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പുരസ്കാരങ്ങള്‍
ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ മികച്ച ചിത്രത്തിനു ലഭിക്കുന്ന സുവര്‍ണചകോരം പുരസ്കാരം ‘ഡര്‍ബറേയെ എല്ലി’ ('എബൌട്ട് എല്ലി' / ഇറാന്‍ / അസ്‌ഹര്‍ ഫര്‍ഹാദി), ‘ജെര്‍മ്മല്‍’ (‘ഫിഷിംഗ് പ്ലാറ്റ്ഫോം’ / ഇന്‍ഡോനേഷ്യ / രവി ഭര്‍‌വാനി). ‘ഗിയാമേ റൂസ്’ (‘ട്രൂ നൂണ്‍’ / താജിക്കിസ്ഥാന്‍ / നോസിര്‍ സൊയ്ദോവ്) എന്ന താജിക്കിസ്ഥാന്‍ ചിത്രത്തിനാണ് പ്രേക്ഷകര്‍ വിധിയെഴുതിയ മികച്ച ചിത്രത്തിനുള്ള രജതചകോരം. സംവിധായകന്‍ നോസിര്‍ സൊയ്ദോവിന്റെ പ്രഥമചിത്രമാണിത്. മികച്ച സംവിധായകനുള്ള രജതചകോരം പുരസ്കാരം ഈ ചിത്രത്തിലൂടെ നോസിറിനെ തേടിയെത്തി. ‘ഇസുലു ലാമി’ (‘മൈ സീക്രട്ട് സ്കൈ’ / സൌത്ത് ആഫ്രിക്ക / മദോദ സായിയാന) എന്ന ചിത്രം സംവിധാനം ചെയ്ത മദോദ സായിയാനയാണ് മേളയിലെ മികച്ച നവാഗതസംവിധായകനുള്ള രജതചകോരം നേടിയത്.

സുഹൃത്തുക്കളായ നാല് കുടുംബങ്ങള്‍ അവധിക്കാലം ചിലവഴിക്കുവാനായി കടല്‍ തീരത്തുള്ള ഒരു വസതിയിലെത്തുന്നു. അവര്‍ക്കൊപ്പം അവരിലൊരു കുടുംബത്തോട് അടുപ്പമുള്ള എല്ലി എന്ന യുവതിയും കൂടുന്നു. പിന്നീട് ദുരൂഹസാഹചര്യത്തില്‍ എല്ലിയെ കാണാതാവുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ‘എബൌട്ട് എല്ലി’യിലൂടെ സംവിധായകന്‍ പറയുന്നത്. എല്ലിയെക്കുറിച്ച് അന്വേഷിക്കുന്തോറും കൂടുതല്‍ കൂടുതല്‍ അജ്ഞരാവുകയാണ് സംഘത്തിലുള്ളവര്‍. ഒളിച്ചു വെച്ച കാര്യങ്ങളും തമാശകളുമൊക്കെ അപ്രതീക്ഷിതമായി അവരെ തിരിച്ചടിക്കുകയും ചെയ്യുന്നു. കടലിനു മധ്യത്തിലുള്ള മത്സ്യത്തുറയില്‍ ഒളിച്ചു താമസിക്കുന്ന അച്ഛനെത്തേടിയെത്തുന്ന കുട്ടിയുടെ കഥയാണ് രവി ഭര്‍വ്വാനിയുടെ ‘ജെര്‍മ്മല്‍’. കടലിനു നടുവില്‍ ഉയര്‍ത്തിക്കെട്ടിയ ഇടത്തിലാണ് സിനിമ പൂര്‍ണമായും സംഭവിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങളുടെ അഭാവം, പരിമിതമായ കഥാപാത്രങ്ങള്‍ തുടങ്ങിയ പ്രത്യേകതകളും ഈ ചിത്രത്തിനുണ്ട്. ഒട്ടും കൃത്രിമത്വം തോന്നാത്ത ചുറ്റുപാടുകളും നടന്മാരുടെ അഭിനയമികവുമാണ് ഈ ചിത്രത്തിന്റെ വിജയം. സിനിമയുടെ പ്രത്യേകതകളെയൊക്കെയും സാധ്യതകളായി കണ്ട് പ്രയോജനപ്പെടുത്തിയതില്‍ സംവിധായകന്റെ മിടുക്കും എടുത്തു പറയുവാനുണ്ട്.

റഷ്യയില്‍ നിന്നുള്ള കാലാവസ്ഥാ നിരീക്ഷകനിലൂടെ ഒരു കുന്നിന്റെ മുകളിലും താഴ്വാരത്തിലുമായുള്ള രണ്ട് ഗ്രാമങ്ങളേയും അവിടുത്തെ ആളുകളേയും പരിചയപ്പെടുത്തിയാണ് ‘ട്രൂ നൂണ്‍’ തുടങ്ങുന്നത്. എന്നാല്‍ പെട്ടൊന്നൊരു ദിവസം പട്ടാളക്കാര്‍ മുള്ളുവേലി കെട്ടി അതിര്‍ത്തി തിരിക്കുന്നതോടെ ഗ്രാമവാസികളുടെ ജീവിതത്തിന്റെ താളം തെറ്റുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ അതിര്‍ത്തി ഭേദിച്ച് കാര്യങ്ങള്‍ നടത്തുവാന്‍ ഗ്രാമവാസികള്‍ക്ക് സഹായമാവുന്നത് കാലാവസ്ഥാ നിരീക്ഷകനാണ്. എന്നാല്‍ ഇതിനായി അയാള്‍ക്ക് തന്റെ സ്വപ്നങ്ങളെ ബലികഴിക്കേണ്ടിവരുന്നു. പ്രമേയത്തേക്കാളുപരി അവതരിപ്പിച്ച രീതിയാലും ചിത്രത്തിനിടയില്‍ സംവിധായകന്‍ പറയാതെ പറയുന്ന കാര്യങ്ങളുടെ പ്രസക്തിയാലുമാണ് ‘ട്രൂ നൂണ്‍’ ശ്രദ്ധ നേടുന്നത്. മത്സരവിഭാഗം ചിത്രങ്ങളില്‍ മറ്റൊരു ചിത്രമാണ് ‘മൈ സീക്രട്ട് സ്കൈ’. അമ്മയുടെ മരണത്തോടെ അനാഥരായിത്തീര്‍ന്ന രണ്ടു കുട്ടികള്‍, തങ്ങളുടെ ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്ക് അമ്മയുണ്ടാക്കിയ നെയ്‌തുപായുമായി യാത്ര തിരിക്കുകയാണ്. പട്ടണത്തില്‍ നിന്ന് പണ്ട് ഗ്രാമം സന്ദര്‍ശിച്ച വെള്ളക്കാരനായ വികാരിയെ തേടിയാണ് ഇവരുടെ യാത്ര. അനാഥരായ ഒരു കൂട്ടം തെരുവുകുട്ടികളുമായി ചേരുന്ന ഇവര്‍ക്ക് നേരിടേണ്ടിവരുന്ന ദുരവസ്ഥകളാണ് ചിത്രത്തിനു വിഷയം. കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കുട്ടികളുടെ അഭിനയമികവാണ് ചിത്രത്തെ ഇത്രത്തോളം ഹൃദയസ്പര്‍ശിയാക്കുന്നത്.

മറ്റ് പുരസ്കാരങ്ങള്‍
മികച്ച ചിത്രം (ഫിപ്രസി): ‘ലാ മോസ്ക എന്‍ ലാ സെനീസ’ (‘എ ഫ്ലൈ ഇന്‍ ദി ആഷസ്’ / അര്‍ജന്റീന / ഗബ്രിയേല ഡേവിഡ്)
മികച്ച മലയാളം ചിത്രം (ഫിപ്രസി): ‘പത്താം നിലയിലെ തീവണ്ടി’ (ഇന്ത്യ / ജോഷി മാത്യു)
മികച്ച ഏഷന്‍ ചിത്രം (നെറ്റ്‌പാക്ക്): ‘ജെര്‍മ്മല്‍’ (‘ഫിഷിംഗ് പ്ലാറ്റ്ഫോം’ / ഇന്‍ഡോനേഷ്യ / രവി ഭര്‍വാനി)
മികച്ച മലയാളം ചിത്രം (നെറ്റ്പാക്ക്): ‘കേരള കഫെ’ (ഇന്ത്യ / രഞ്ജിത്ത്)
മികച്ച ആ‍ദ്യചിത്രം (ഹസന്‍‌കുട്ടി അവാര്‍ഡ്): ‘ഹരിഷ്ചന്ദ്രാസ് ഫാക്ടറി’ (ഇന്ത്യ / പരേഷ് മൊകച്ചി)

കൂടുതല്‍ അവാര്‍ഡ് വിവരങ്ങള്‍: IFFK 2009 Awards

ചിത്രങ്ങള്‍

Description: 14th International Film Festival of Keralam (IFFK) - Dec 11 - 18, 2009 at Thiruvananthapuram. Valedictory Ceremony at Nishagandhi Open Air Auditorium, Kanakakkunnu. V.S. Achuthanandan inaugurated the function. Education and Cultural Affairs minister M.A. Baby presided the function. Suvarna Chakoram shared between Darbareye Elly/About Elly and Jermal /Fishing Platform. Rajatha Chakoram for Best Director: Nosir Saidov for the film True Noon. Rajatha Chakoram for Best Debut Film: Izulu Lami /My Secret Sky by Madoda Ncayiyana. Rajatha Chakoram for Audience Award for Ghiyame Rooz/True Noon (Tadjikistan) directed by Nosir Saidov. FIPRESCI Award for Best Film given to La Mosca en la Ceniza/ A Fly in the Ashes by Gabriela David. Best Malayalam Film: Pathaam Nilayile Theevandi/ Train on the Tenth Floor dir: Joshy Mathew. NETPAC Award: Best Asian Film in Competition: Jermal /Fishing Platform. Best Malayalam Film : Kerala Café. Hassan Kutty Award for Best Debut Indian Film: Harishchandrachi Factory, directed by Paresh Mokashi.
--

2 comments :

  1. പതിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    --

    ReplyDelete
  2. മാഷേ..
    ഏതൊക്കെ ചിത്രങ്ങളാണ് കണ്ടത്? കണ്ടതില്‍ ഏതൊക്കെയാണ് ഇഷ്ടമായത്?

    ReplyDelete