3 ഇഡിയറ്റ്സ് (3 Idiots)

Published on: 12/29/2009 12:42:00 PM
3 Idiots - A film by Rajkumar Hirani starring Aamir Khan, R. Madhavan, Boman Irani, Kareena Kapoor etc. Film Review by Haree for Chithravishesham.
മുന്നാഭായി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജ്കുമാര്‍ ഹിരാനിയുടെ പുതിയ ചിത്രമാണ് ‘3 ഇഡിയറ്റ്സ്’. യുവ കഥാകാരന്മാരില്‍ ശ്രദ്ധേയനായ ചേതന്‍ ഭഗത്തിന്റെ ‘ഫൈവ് പോയിന്റ് സംവണ്‍ - വാട്ട് നോട്ട് ടു ഡൂ അറ്റ് ഐ.ഐ.ടി.’ എന്ന നോവലിനെ അടിസ്ഥാനമാക്കി സംവിധായകനും അഭിജിത് ജോഷിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആമിര്‍ ഖാന്‍, ആര്‍. മാധവന്‍, ശര്‍മ്മാന്‍ ജോഷി എന്നിവരവതരിപ്പിക്കുന്ന മൂന്ന് കേന്ദ്ര കഥാപാത്രങ്ങള്‍ക്കൊപ്പം ബോമന്‍ ഇറാനി, കരീന കപൂര്‍, ഒമി വൈദ്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വി.സി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിധു വിനോദ് ചോപ്രയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. യുവത്വത്തിന്റെ പ്രസരിപ്പ് ഒട്ടും കുറയാതെ നിറഞ്ഞൊരു ചലച്ചിത്രാഖ്യാനം, ഇങ്ങിനെയൊരു വിശേഷണമാണ് ‘3 ഇഡിയറ്റ്സി’ന് യോജിക്കുക.

8.5
8.5
8.5
4.0
4.5
8.50
നീണ്ട പത്തുവര്‍ഷത്തിനു ശേഷം തങ്ങളോടൊപ്പം എഞ്ചിനിയറിംഗിനു പഠിച്ച മൂന്നാമനെ തേടി രണ്ട് സുഹൃത്തുക്കള്‍ നടത്തുന്ന യാത്രയും ഓര്‍മ്മകളിലൂടെ മിന്നിമറയുന്ന അവരുടെ ക്യാമ്പസ് ജീവിതവുമാണ് ചിത്രത്തില്‍ വിരിയുന്നത്. അതിനു നിമിത്തമാവുന്നതാവട്ടെ ഇവര്‍ മൂവരോടും വാശിയോടു പെരുമാറിയിരുന്ന മൂന്നാമതൊരാളും. കോമഡിക്കായി ചില കോമഡി നടന്മാര്‍, കരയാനും മൂക്കുപിഴിയുവാനുമായി മറ്റു ചിലര്‍, വില്ലന്മാരുടെ റോളില്‍ മസിലുപിടിക്കുവാന്‍ ഇനിയും കുറേപ്പേര്‍; ഇങ്ങിനെയുള്ള വേര്‍തിരിവുകളൊഴിവാക്കി എല്ലാവരിലും നര്‍മ്മത്തിന്റെയും വൈകാരികതയുടേയും വില്ലത്തരത്തിന്റെയും അംശങ്ങള്‍ കൂട്ടിയിണക്കിയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് രചയിതാക്കള്‍ ജീവന്‍ നല്‍കിയിരിക്കുന്നത്. ഇവരിലൂടെ പറയുന്ന കഥയാവട്ടെ ഒരു പുഴയൊഴുകുമ്പൊലെ രസിച്ചുല്ലസിച്ച് ശാന്തമായി കടന്നുപോവുന്നു. അടിയൊഴുക്കായുള്ള പ്രധാന പ്രമേയത്തിന്റെ ശക്തമായ സാന്നിധ്യവും പ്രേക്ഷകര്‍ക്ക് അനുഭവിച്ചറിയുവാനാവും എന്നതാണ് ചിത്രത്തെ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്. വിശ്വസനീയത ചിലയിടങ്ങളില്‍ കഥയ്ക്ക് കൈമോശം വരുന്നു എന്നതുമാത്രമൊരു പോരായ്മയായി പറയാം.

ചേതന്‍ ഭഗത്തിന്റെ കഥയിലൂന്നി മനോഹരമായൊരു തിരക്കഥ ഒരുക്കുക മാത്രമല്ല, സൌന്ദര്യമൊട്ടും ചോരാതെ അവയൊക്കെയും അഭ്രപാളിയിലെത്തിക്കുവാനും രാജ്‌കുമാര്‍ ഹിരാനിക്കു കഴിഞ്ഞു. കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കുവാനായി അഭിനേതാക്കളെ നിശ്ചയിച്ചതിലും ഹിരാനിക്കു പിഴച്ചില്ല. രണ്ടേമുക്കാല്‍ മണിക്കൂറോളം ചിത്രത്തിനു ദൈര്‍ഘ്യമുണ്ടെങ്കിലും, സമയം കടന്നു പോവുന്നത് പ്രേക്ഷകര്‍ അറിയുന്നതെയില്ല. കഥാപാത്രങ്ങളോടൊരുമിച്ചൊരു യാത്രയില്‍ തന്നെയാണ് കാണുന്ന ഓരോ പ്രേക്ഷകനും. എത്ര കഠിനഹൃദയരും ചിരിച്ചു പോവുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സിനിമയിലുടനീളമുണ്ട്. അവയൊക്കെയും ഒരു അധികപ്പറ്റായി തോന്നാതെ, ചിത്രത്തോട് ചേര്‍ന്നു പോവുകയും ചെയ്യുന്നു. അനവസരത്തിലെത്തുന്ന ചില ഗാനങ്ങളുടെ ഉപയോഗത്തില്‍ മാത്രമാണ് സംവിധായകനോട് ഇഷ്ടക്കേട് തോന്നുന്നത്. പേരിനൊരു നായികയുണ്ടെന്നതൊഴിച്ചാല്‍, ഒരു മിശ്രവിദ്യാലയത്തില്‍ കഥനടന്നിട്ടുകൂടി വിദ്യര്‍ത്ഥിനികളിലേക്ക് ക്യാമറ ഒരിക്കലും തിരിയുന്നില്ല. തികച്ചും പുരുഷകേന്ദ്രീകൃതമായി ഇങ്ങിനെയൊരു കഥ വികസിപ്പിച്ചതിന്റെ സാംഗത്യവും മനസിലാവുന്നില്ല.

നാല്പത്തിനാലാം വയസ്സില്‍ ഒരു ഇരുപതുകാരനെ അഭിനയിപ്പിച്ചു ഫലിപ്പിക്കുകയെന്ന ശ്രമകരമായ ദൌത്യമാണ് ആമിര്‍ ഖാന്‍ ഈ ചിത്രത്തില്‍ വിജയകരമായി സാധിച്ചിരിക്കുന്നത്. ഒരു നടന്റെ പ്രധാന അഭിനയോപാധിയായ ശരീരത്തെ കഥാപാത്രത്തിനായി ഒരുക്കിയെടുക്കുവാന്‍ ആമിര്‍ കാട്ടുന്ന നിഷ്‌കര്‍ഷ മലയാളസിനിമയിലെ നടന്മാര്‍ കണ്ടു പഠിക്കേണ്ടതുണ്ട്. മികവുയര്‍ത്തുന്ന പ്രകടനവുമായി ആര്‍. മാധവനും ശര്‍മ്മാന്‍ ജോഷിയും ഒപ്പത്തിനൊപ്പമുണ്ട്. തന്റെ സ്ഥിരം ശൈലിയില്‍ ബോമന്‍ ഇറാനി ‘വൈറസെ’ന്നു വിളിപ്പേരുള്ള പ്രധാനാധ്യാപകനെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. ഇവരുടെയൊപ്പം മനസില്‍ തങ്ങുന്ന മറ്റൊരു കഥാപാത്രമാണ് ഒമി വൈദ്യ അവതരിപ്പിക്കുന്ന ചതുര്‍ രാമലിംഗം അഥവാ ‘സൈലന്‍സര്‍’. ഇവരുടെയൊക്കെ ഇടയില്‍ നിറം മങ്ങിപ്പോയത് പിയ എന്ന നായിക വേഷത്തിലെത്തുന്ന കരീന കപൂര്‍ മാത്രമാണ്.

സാങ്കേതിക വിഭാഗത്തില്‍ പ്രവര്‍ത്തിച്ച സി.കെ. മുരളീധരന്‍ (ഛായാഗ്രഹണം), രഞ്ജിത്ത് ബഹദൂര്‍ (ചിത്രസന്നിവേശം) തുടങ്ങിയവരുടെ മികവും ചിത്രത്തിനു മുതല്‍ക്കൂട്ടാണ്. സന്ദര്‍ഭത്തിനും കഥ നടക്കുന്ന സ്ഥലങ്ങള്‍ക്കും യോജിച്ച രീതിയില്‍ നിറവും വെളിച്ചവും ക്രമീകരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. സ്വാനന്ദ് കിര്‍കിറേ എഴുതി ശാന്തനു മോയിത്ര സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ കേള്‍വിക്കും, ഗാനരംഗങ്ങള്‍ കാഴ്ചയ്ക്കും നന്ന്. ബോസ്കോ മാര്‍ട്ടിസ്, സീസര്‍ ഗോണ്‍സാല്‍‌വസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ നൃത്തച്ചുവടുകളും രസകരമാണ്. ശാന്തനു മോയിത്ര ഈണമിട്ടിരിക്കുന്ന പിന്നണിശകലങ്ങളും ചിത്രത്തിനു യോജിച്ചവ തന്നെ. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ‘ഇഡിയറ്റ്സ് അക്കാഡമി’ എന്ന പേരിലൊരുക്കിയിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റിനും പുതുമയുണ്ട്.

നെഞ്ചോടു കൈചേര്‍ത്ത് ‘ALL IZZ WELL’ എന്നു പറയുമ്പോള്‍ ലഭിക്കുന്ന ആത്മവിശ്വാസവുമായാവും ഓരോ കാണിയും ചിത്രം കഴിഞ്ഞിറങ്ങുക. സ്വന്തം ഇഷ്ടത്തിനൊത്ത് നീങ്ങുവാന്‍ ജീവിതത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന സാരാംശമാണ് സംവിധായകന്‍ ചിത്രത്തിലൂടെ നല്‍കുന്നത്. IDIOT എന്നതിന്റെ നിര്‍വ്വചനം I'll Do It On my Terms എന്നു തിരുത്തപ്പെടുകയാണ് മിടുക്കരായ ചിത്രത്തിലെ മൂന്നു കഥാപാത്രങ്ങളിലൂടെ. നിങ്ങള്‍ വൈശിഷ്ട്യത്തിനായി പരിശ്രമിക്കൂ, വിജയം നിങ്ങളെ തേടിയെത്തും എന്നൊരു സന്ദേശവും ചിത്രം നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍, അതോ അവയൊക്കെയും കൊലപാതകങ്ങളായിരുന്നോ? ഈയൊരു ചോദ്യവും ചിത്രം നമുക്കുമുന്നിലുയര്‍ത്തുന്നുണ്ട്. എന്നലിവയൊക്കെയും ഏച്ചുകെട്ടലുകളായി മാറാതെ ചിത്രത്തില്‍ ലയിച്ചുപോവുന്നു. ഒന്നല്ല രണ്ടു കണ്ടാലും മതിവരാത്ത, പൂര്‍ണമായും മുഴുകിയിരുന്നു കാണുവാന്‍ സാധിക്കുന്ന, മനസിനെ വല്ലാതെ സന്തോഷിപ്പിക്കുന്ന ഒരു ചിത്രമായി ഈ ‘മൂന്ന് ഇഡിയറ്റു’കളെ കണക്കാക്കാം.
--
Description: 3 Idiots (Three Idiots) - A Hindi (Bollywood) film directed by Rajkumar Hirani; Starring Aamir Khan, R. Madhavan, Sharman Joshi, Kareena Kapoor, Boman Irani, Omi Vaidya, Parikshit Sahni; Produced by Vidhu Vinod Chopra; Story by Chetan Bhagat, Rajkumar Hirani; Screenplay and Dialogues by Rajkumar Hirani, Abhijat Joshi; Camera (Cinematography) by C.K. Muraleedharan; Editing by Ranjeet Bahadur; Art Direction by ; Stunts (Action) by ; Background Score by Shantanu Moitra; Sound Effects by ; DTS Mixing by ; Titles by ; Make-up by ; Costumes by Manish Malhotra, Raghuveer Shetty; Lyrics by Swanand Kirkire; Music by Shantanu Moitra; Choreography by Bosco Martis, Caesar Gonsalves; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Dec 25 2009 Release.
--

35 comments :

 1. മുന്നാഭായി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍, ആര്‍. മാധവന്‍, ബോമന്‍ ഇറാനി തുടങ്ങിയവര്‍ അണിനിരക്കുന്ന ‘3 ഇഡിയറ്റ്സ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ക്രിസ്തുമസിനും മറ്റ് ആഘോഷങ്ങൾക്കും ചിത്രവിശേഷം ഒരു കമിറ്റ്മെന്റായി കൂടെക്കൂടിയതിനാൽ പടം കണ്ട് പരിപ്പിളകുമല്ലോ ഹരീ :).എന്തായാലും 6നു മുകളിൽ ഉള്ള റേറ്റിംഗ് കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷം.അമീർ,മാധവൻ,ബൊമ്മൻ ഇറാനി എന്നു കാണുമ്പോ അതിലും സന്തോഷം :)‌.

  ReplyDelete
 3. ഹരീ..
  :)
  സൈലന്സര്‍ എന്ന ക്യാരക്ടര്‍ അവതരിപ്പിച്ച ഒമി എന്ന നടന്‍ പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നൂ..'ബലാത്‌കാര്‍' പ്രസംഗം അതി ഗംഭീരം
  പിന്നെ, 'ഇന്‍ സൈഡ് ദി വോംബ്' എന്ന നാഷനല്‍ ജ്യോഗ്രഫിക് വീഡിയോക്കുള്ള കടപ്പാട് സംവിധായകന്‍ ടൈറ്റില്‍ കാര്ഡില്‍ വ്യക്തമാക്കാത്തത് മോശമായി ;).
  .തീര്‍ച്ചയായും ഫൈവ് പോയന്റ് സംവണ്ണിന്റെ ലൈന്‍ ബൈ ലൈന്‍ കോപ്പി അല്ല..അതാവ്ണം എന്നതില്‍ വാശിപിടിക്കുന്നതില്‍ അര്ഥവുമില്ല..
  കുറേക്കാലത്തിനു ശേഷം കുടുംബ സമേതം കാണാന്‍ തോന്നിയ ഒരു 'ബോളിവുഡ്' ചിത്രം..

  പുതു വത്സരാശംസകള്-

  -കുട്ടന്‍സ്‌

  ReplyDelete
 4. ചേതന്‍ ഭഗത്തിന്റെ കഥയുടെ അഞ്ച് ശതമാനമേ ഈ കഥയിലുള്ളൂ എന്ന് ഹീരാനിയും ഈ സ്ക്രിപുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് ചേതന്‍ ഭഗത്തും പറഞ്ഞത് വായിച്ചിരുന്നു.
  ഏതായാലും കാണണം.

  ReplyDelete
 5. അമീറിന്റെ ഗജിനി-ഇഡിയറ്റ് ട്രാൻസ്ഫോർമേഷൻ ക്ലിപ്

  ReplyDelete
 6. :) മനോഹരം.... എന്നല്ലാതെ ചിത്രത്തെ വിശേഷിപ്പിക്കാനാകില്ല....

  ReplyDelete
 7. ചമത്കാര്‍-ബലാത്കാര്‍ പ്രസംഗം ചിരിപ്പിച്ചു കൊന്നു എന്നു പറയുന്നതാവും ശരി. ഫൈവ് പോയിന്റ് സം‌വണ്ണില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തിരക്കഥ എഴുതി എന്നേ കരുതുവാനുള്ളൂ. സിനിമയ്ക്ക് ഗുണപ്പെടുന്ന രീതിയില്‍ ധാരാളം വ്യതിയാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അഞ്ച് ശതമാനം എന്നത് വിശ്വസിനീയമല്ല. സ്ക്രിപ്റ്റിലെ മാറ്റങ്ങളുമായി ചേതന്‍ ഭഗത്തിനും ബന്ധമുണ്ടാവില്ല. ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന ലേഖനം ഇവിടെ കാണാം. അതില്‍ ചേതന്‍ പറയുന്നത്:
  Most of the film is based on my book, even the dialogues, and anyone who has read the book will be able to see the contribution in the film.
  --

  ReplyDelete
 8. നല്ല റിവ്യൂ .... പടം കണ്ടു .. വളരെ നാന്നായിരിക്കുന്നു .....
  boys college ആണെന്നാണ്‌ ഞാന്‍ കരുതിയത്‌ ... അത് ഒരു പോരായ്മയാനെന്നും തോന്നി

  ReplyDelete
 9. എന്റെ കുഞ്ഞേ. മിശ്രവിദ്യാലയമായിട്ടും ഐ.ഐ.ടി. യിലെ ബി.ടെക് ക്ലാസ്സില്‍ ഒന്ന്, മാക്സിമം രണ്ട് പെണ്‍ക്കുട്ടികള്‍ ഒക്കെയാണ് കാണുക. ഇപ്പോ ഇത്തിരികൂടി മൂന്നായിട്ടുണ്ടെന്ന് തോന്നുന്നു :) ആ ലൈനില്‍ തന്നെയുള്ള ഐ.സി.ഇ യില്‍ അങ്ങനെ ഒരു കഥ ഡെവലപ് ചെയ്യാന്‍ നിന്നാ ബോറാവും. ചേതന്‍ ഭഗത് പോലും പ്രോഫിന്റെ മോളെ പറ്റി മാത്രെ പറഞ്ഞുള്ളൂന്ന് ഓര്‍മ്മ [മറന്നോയി] അതോണ്ട് മിശ്രമാക്കാത്തത് ഒരു ഡ്രോബാക്കേ അല്ല!

  ReplyDelete
 10. :-)
  ചേതന്‍ ഭഗത്തും അത്രയേ പറഞ്ഞിട്ടുള്ളൂ. പക്ഷെ, സിനിമയ്ക്കായി എന്തൊക്കെയോ മാറ്റിയിരുന്നല്ലോ, അപ്പോള്‍ പുസ്തകത്തില്‍ ഇല്ലാഞ്ഞാണ് എന്നത് ഒരു കാരണമാക്കേണ്ട.

  പിന്നെ, പെണ്‍‌കുട്ടികള്‍ കുറയുന്നു എന്നൊരു പോയിന്റ് ഉയര്‍ത്തിക്കാട്ടുവാനാണ് ശ്രമിച്ചതെങ്കില്‍, അതിനെ സൂചിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടാവണമായിരുന്നു. ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ മാത്രമേ ഉണ്ടാവാറുള്ളൂ എന്നതെങ്കിലും വ്യക്തമാക്കണമായിരുന്നു. ഇത് നിഴല്‍ പോലെ പെണ്‍കുട്ടികളെ അവിടെയും ഇവിടെയുമൊക്കെ കാണാം. പക്ഷെ, അവരൊന്നു പോലും എവിടെയും വരുന്നുമില്ല!
  --

  ReplyDelete
 11. ഒരു നടന്റെ പ്രധാന അഭിനയോപാധിയായ ശരീരത്തെ കഥാപാത്രത്തിനായി ഒരുക്കിയെടുക്കുവാന്‍ ആമിര്‍ കാട്ടുന്ന നിഷ്‌കര്‍ഷ മലയാളസിനിമയിലെ നടന്മാര്‍ കണ്ടു പഠിക്കേണ്ടതുണ്ട്.

  വര്‍ഷത്തില്‍ ഒരു സിനിമയോ, രണ്ടു വര്‍ഷത്തിലൊന്നോ ചെയ്യുന്നവര്‍ക്ക് അ ത് സാധിക്കും, 4-5 സിനിമ ഒരേ സമയം ചെയ്യുന്നവര്‍ എല്ലാ സിനിമയ്ക്കും 20 വയസ്സുകാരനാവാന്‍ പറ്റില്ലല്ലോ.

  അവരോട് ഇത്രയും സിനിമ ചെയ്യാന്‍ ആരു പറയുന്നു എന്ന് ചോദിക്കരുത്, അതവരുടെ കാര്യം....

  (സത്യം പറഞ്ഞാല്‍ ഇന്നുച്ച മുതല്‍ ഇത പോസ്റ്റ് ചെയ്യാന്‍ നോക്കുവായിരുന്നു, ഓഫീസില്‍ എന്തൊക്കയോ പ്രോബ്ലംസ്, കണക്ഷന് )

  ReplyDelete
 12. നല്ല റിവ്യു. പടം കണ്ടില്ല. പക്ഷേ ഹിരാനിയില്‍ പ്രതീക്ഷയുണ്ടായിരുന്നു. കാണണം. ബാക്കി കണ്ടിട്ട് വന്നിട്ട്.

  ReplyDelete
 13. പ്രശ്നം വലുതാണെങ്കിലും ഒരു വലിയ കമ്മ്യൂണിറ്റിയിലൂടെയല്ല, മറിച്ച് മൂന്ന് സുഹൃത്തുക്കളിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പിന്നെ പെണ്‍ക്കുട്ടികള്‍ കുറയുന്നത് ഈ സിനിമയുടെ വിഷയമല്ല. സോ അത് പൊക്കിപിടിക്കാന്‍ എന്തെങ്കിലും പ്രത്യേകിച്ച് കാണിക്കേണ്ടതുമില്ല. അതിനിടയ്ക്ക് സ്ഥിരം സിനിമ ചേരുവയായ് കാവ്യമാധവനും പരിവാരങ്ങളും നായകനുമായി അടിയുണ്ടാക്കാന്‍ കേറിവന്ന് ഒന്നു കൊഴിപ്പിക്കണമെന്നാണോ ;)[കോഴിക്കൂട്ടില്‍ നോക്കിയിരുന്ന് നിഴലു മാത്രം കണ്ടേന്റെ നിരാശയാണല്ലെ :P]

  ReplyDelete
 14. ചേതന്‍ ഭഗത്തിനെ പറ്റി പറഞ്ഞത് ഒരു പുസ്തകം ഐ.ഐ.ടി ജീവിതത്തെ പറ്റി വിസ്തരിച്ചിരുന്ന് എഴുതിയിട്ടും ക്യാമ്പസിലെ പെണ്‍ക്കുട്ടികള്‍ ഉണ്ടായിരുന്നില്ലെന്നാണ്. ഉള്ള പെണ്‍ക്കുട്ടികളുടെ ഇടപെടലുകളില്ലാത്തവരാണ് കഥാപാത്രങ്ങള്‍. അത് തന്നെയാണ് ഭൂരിപക്ഷം. അപ്പോള്‍ ഒരു മൂന്ന് മണിക്കൂര്‍ കാണിക്കാന്‍ അത്യാവശ്യം സ്റ്റഫ് ഉള്ള സിനിമ പെണ്‍ക്കുട്ടികളെ കാണിക്കാത്തതില്‍ ഒരു അത്ഭുതവുമില്ല.

  ReplyDelete
 15. :-)
  മിക്കവാറും എല്ലാവരുമായും ഇടപെടുന്നവരാണ് കഥാപാത്രങ്ങള്‍, കുറഞ്ഞ പക്ഷം ആമിറിന്റെ കഥാപാത്രമെങ്കിലും, എന്നാണ് ചിത്രത്തില്‍ നിന്നും മനസിലാവുന്നത്. പെണ്‍കുട്ടികളോട് ഇടപെടാത്തവരായിരുന്നു അവരെന്നത് പുതിയ അറിവാണ്.

  ഹ ഹ ഹ... കുറുക്കന്മാരെ ഒറ്റയ്ക്ക് കാണാന്‍ കിട്ടിയതിന്റെ ആര്‍മാദം! :-P
  --

  ReplyDelete
 16. സത്യത്തില്‍ പടം കണ്ടപ്പോള്‍ ഇതില്‍ മൊത്തം ആണ്‍ കഥാപാത്രങ്ങള്‍ ആണല്ലോ എന്ന ചിന്ത വന്നതു കൂടി ഇല്ല. കിരണ്‍സ് ആ ക്ലിപ്പിനു താങ്ക്സ്....ഗജനിയില്‍ നിന്നും എങ്ങനെ ഇതു പോലെ റ്റ്രാന്‍സ്ഫോം ചെയ്തു എന്നതായിരുന്നു ഞങ്ങള്‍ സുഹ്രുത്തുക്കളുടെ ഇടയിലെ സംസാര വിഷയം.

  പിന്നെ മലയാള സിനിമയില്‍ ഇങ്ങനെ ഒരു സിനിമ ഇറങ്ങിയാല്‍ ചെയ്യാന്‍ യംഗ്സ്റ്റേര്‍സ് ഉണ്ടല്ലോ. അമീര്‍ ഖാനെ പോലൊരു നടനെ ആവശ്യം ആണു ഇതു പോലെ ഒരു ഹിന്ദി സിനിമയില്‍ കാരണം ദേ നീഡ് എ മാസ്സ് സ്റ്റാര്‍. മാത്രം അല്ല ഫെമിലിയര്‍ ഫേസസ് അല്ല എങ്കില്‍ ഒരു പക്ഷെ പടം പക്കാ ഫ്ലോപ്പ് ആവുകയും ചെയ്യും.

  ഒരു പോലത്തെ ശരീരം വച്ചു നൂറു ഡിഫറന്റ് റോളുകളില്‍ ആടി തിമിര്‍ക്കുന്ന നടന്മാരെ കാണണം എങ്കില്‍ മലയാളത്തില്‍ മാത്രമേ സാധിക്കൂ!!! സത്യന്‍, ഭരത് ഗോപി, മോഹന്‍ ലാല്‍, തിലകന്‍, നെടുമുടി വേണു, ജഗതി തുടങ്ങിയ എത്രയോ മഹാരധന്മാര്‍ ഉദാഹരണം.

  ReplyDelete
 17. ആമീറിന്റെ കഥാപാത്രം കോളേജില്‍ ഇടപെട്ടിരിക്കുന്നത് റോള്‍ നമ്പറിന്റെ മുന്‍പും പിന്‍പും വന്ന് റൂംമേറ്റ്സ് ആയി ഫ്രണ്ട്സ് ആയവരോടും ഒരു സീനിയറിനോടും പിന്നെയൊരു ചതുറിനോടും! ഒരു ഗ്ലോബല്‍ ഇടപാട് ഉണ്ടെന്ന് തോന്നിയില്ല :P അതുതന്നെ മതിയായിരുന്നു ആ മൂവിയ്ക്ക്. (നിര്‍ത്തിയേ. കൂടുതല്‍ കമന്റിട്ട് കമന്റ്കുപ്പി ആവുന്നില്ല :) ഹരീനെ അടുത്ത മൂവിയ്ക്ക് എടുത്തോളാം ;)
  ഡിബറ്റ് റോളില്‍ മൂവി ഹിറ്റാവില്ല എന്നൊന്നും ഇല്ല. ഇമ്രാന്‍ ഖാന്റെഫസ്റ്റ് മൂവി സൂപ്പര്‍ഹിറ്റായിരുന്നു. പിന്നെ ഫര്‍ഹാന്‍. മൂവി പ്രമോയ്ക്ക് ഫമിലിയര്‍ ഫേസസ് ഇറങ്ങിയാ മതി.

  ReplyDelete
 18. ഹര്യേ, തമാശപ്പടങ്ങൾക്ക് പഴശ്ശിരാജയെക്കാളും ഋതുവിനെക്കാളും മാർക്ക് കൊടുക്കാമ്പാടില്ലാ‍ന്നറിയില്ലേ?
  ;)

  ഒന്നു കാണാൻ എന്താണാവോ വഴി :-/

  ReplyDelete
 19. Its one film that gave me a real laugh in long time.

  ReplyDelete
 20. 3ഇഡിയറ്റ്സ് കണ്ടു.. നന്നായിരിക്കുന്നു.. ആദ്യാവസാനം വരെ ചിരിക്കാൻ പറ്റിയ
  ഒരു സിനിമ.. പക്ഷെ, ഒരു മുന്നാഭായി മണം എല്ലായിടത്തും ഉണ്ട്.. മുന്നാഭായി
  സീരീസിൽ കണ്ട ബോമൻ ഇറാനി ഇതിൽ അതേ സ്വഭാവത്തോടു കൂടി മേക്കപ്പിൽ മാത്രം
  വ്യത്യസ്തതയൊടെ വന്നിരിക്കുന്നു.. മുന്നാഭായിയിലെ കെട്ടിപ്പിടുത്തം ഇതിൽ
  ‘ആൾ ഈസ് വെൽ’ ആയി മാറി..

  ReplyDelete
 21. ചിത്രം അടിപൊളി... കാശ് മുതലായി. മുന്നാഭായ് വല്ലാതെ കടന്നുവരുന്നുണ്ട്. എങ്കിലും അതൊരു പ്രശ്നമായി തോന്നിയില്ല. ഇതിനു ചേതൻ ഭഗത്തിന്റെ പുസ്തകവുമായി വളരെ ലൂസായ സാമ്യമേയുള്ളൂ. അത് വളരെ നന്നായി താനും.

  മുന്നാഭായി പോലെ തന്നെ, കാരിക്കേചേഡും റിയലിസ്റ്റികും ആയ കഥാപാത്രങ്ങളുടെ മിക്സ്ചർ ആണ് സിനിമയെ രസകരമാക്കുന്നത്.

  ReplyDelete
 22. Screenplay based on FPS എന്നു പറയുവാനാവില്ല, പക്ഷെ Story based on FPS എന്നു തന്നെ പറയണം. ലൂസായ സാമ്യമാണെന്നു കരുതുന്നില്ല.
  --

  ReplyDelete
 23. 2000-നു ശേഷം ഇറങ്ങിയ ഏറ്റവും മികച്ച ബോളിവുഡ്‌ പടം എന്ന്‌ എവിടെയോ വായിച്ചതിന്‍പ്രകാരമാണ്‌ കാണാന്‍ പോയത്‌. ബ്ലോഗര്‍മാരുടെ പ്രശംസ കൂടിയായപ്പോള്‍ ഇരിക്കപ്പൊറുതി ഇല്ലാതായി. പടം ഇഷ്ടപ്പെട്ടു. സിറ്റ്വേഷന്‍ കോമഡി എന്താണെന്ന്‌ മലയാളം ഇതില്‍ നിന്നു പഠിക്കണം.
  പക്ഷേ, യൂത്ത്‌ഫുള്‍നെസ്സില്‍ റംഗ്‌ദേ ബസന്തി തന്നെയാണ്‌ നമ്പര്‍ വണ്‍. ത്രീ ഇഡിയട്ട്‌സിന്റെ കഥ പറച്ചിലില്‍ ആ 'ലോജിക്കിന്റെ പ്രശ്‌നം' ഫീല്‍ ചെയ്‌തു. എങ്കിലും സമ്മതിക്കാതെ വയ്യ. അഭിജിത്‌ ജോഷി മൂന്നുകൊല്ലം പണിയെടുത്തിട്ടാണ്‌ തിരക്കഥ തയ്യാറാക്കിയതെന്ന്‌ അമീര്‍ ഖാന്‍ വ്യക്തമാക്കിക്കഴിഞ്ഞല്ലോ. അപ്പോ ഈ ഫിനിഷിംഗില്‍ അത്ഭുതമൊന്നുമില്ല.

  ReplyDelete
 24. കുറേ കാലം കൂടി ഒരു നല്ല സിനിമ കണ്ടു. നല്ല കോമഡി. ബാലാത്കാര്‍ സ്പീച്ച് വളരെ നന്നായി

  ReplyDelete
 25. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വളരെ മനോഹരമായ ഒരു ചിത്രം. വീണ്ടും ഒരു അമീര്‍ഖാന്‍ മാജിക് കൂടി.
  വളരെ ഒതുക്കമുള്ള ഒരു തിരക്കഥയാണ് ഈ ചിത്രത്തെ ഇത്രയും മനോഹരമാക്കിയിരിക്കുന്നത്, അതുപോലെ അമീര്‍, മാധവന്‍, ഷര്‍‌മന്‍ എന്നിവരുടെ അഭിനയവും. എല്ലാം കൂടി ചിരിക്കാനും ചിന്തിക്കാനും ഉള്ള എല്ലാ വകയുമുണ്ട്.
  ക്ലൈമാക്സ് വെടിക്കെട്ട് എന്നാല്ലതെ ഒന്നും പറയുവാന്‍ കഴിയുന്നില്ല.


  പിന്നെ, പോരായ്മകള്‍ ഇല്ലെന്ന് പറയുവാനാവില്ല. അതൊക്കൊണ്ട് തന്നെ 8.5 അല്പം കടന്ന റേറ്റിങ്ങ് ആയിപ്പോയി.
  പശ്‌ ചാത്തല സംഗീതം അല്പം കൂടി നന്നാക്കാമായിരുന്നു. അത്രയധികം സീനുകളില്ലെങ്കിലും ഉള്ള സീനിലൊക്കെ കരീന കപൂറിന്റെ അഭിനയം അത്ര നന്നായില്ല (അതൊരു പുതിയ കാര്യമല്ല; എങ്കിലും.)
  ബലാല്‍ക്കാര്‍ പ്രസംഗം അത്ര പുതുമയൊന്നും തോന്നിയില്ലെങ്കിലും നന്നായിരുന്നു, പക്ഷെ കോളേജിനേയും തന്നെയും ഒരു മന്ത്രിയുടെ മുന്നില്‍ വച്ച് അത്രയും നാണം കെടുത്തിയ വിദ്യാര്‍ത്ഥിയെ കണിശക്കാരനായ പ്രധാനാധ്യാപകന്‍ പുറത്താക്കാന്‍ ശ്രമിക്കുന്നില്ല എന്നത് അവിശ്വസനീയമായി തോന്നി.
  രാജുവിന്റെ പാവപ്പെട്ട കുടുംബത്തെ ഒരു കാരിക്കേച്ചര്‍ ആയി അവതരിപ്പിച്ച്തിന്റെ സാംഗത്യം എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല.
  പിന്നെ ഒരു കല്ലുകടിയായിതോന്നിയ സീന്‍, അമീര്‍ഖാന്‍ രാത്രി മദ്യപിച്ച് ചെല്ലുമ്പോള്‍ നായികയുടെ സഹോദരിയുടെ പ്രകടനം.
  -ഇതൊക്കെ വെറുതെ കോമഡിക്ക് ചേര്‍‌ത്തതാണെങ്കില്‍, അത്രയ്ക്കങ്ങ് ഏറ്റിട്ടില്ല.

  ഞാന്‍ 7.5/10 കൊടുക്കുന്നു.

  ----------------------------------
  ഷാഫി: "സിറ്റ്വേഷന്‍ കോമഡി എന്താണെന്ന്‌ മലയാളം ഇതില്‍ നിന്നു പഠിക്കണം. "

  അയ്യോ ഞാന്‍ നമിച്ചു. സിദ്ദിക്ക് ലാലന്മാരൊന്നും കേള്ക്കണ്ട. ഹിന്ദിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കോമഡി ചിത്രം നമ്മുടെ റാംജി റാവു സ്പീക്കിങ്ങിന്റെ സീന്‍-ബൈ-സീന്‍ റീമേക്കായ 'ഹേരാഭേരി' യാണെന്ന് ഇന്നും ഉത്തരേന്ത്യക്കാര്‍ സമ്മതിക്കുന്ന കാര്യമാണ്.

  ReplyDelete
 26. പടം രണ്ടു ആഴ്ച മുന്‍പെ കണ്ടതാണ്... തകര്‍പ്പന്‍ എന്നല്ലാതെ ഒന്നും പറയാനില്ല... എഞ്ചിനീയറിംഗ് കോളേജ് ജീവിതം പ്രേക്ഷക മനസിലേക്ക് എത്തിക്കുവാന്‍ സംവിധായകനു കഴിഞ്ഞു... അര്‍ഥം മനസിലാക്കാതെ കാണാതെ പഠിച്ചു മാര്‍ക്ക് നേടുന്നവരും എന്ജിനീരിങ്ങില്‍ ഒരു താല്‍പര്യവും ഇല്ല എങ്കിലും വീട്ടുകാരുടെ നിര്‍ബന്ധത്തിനു എഞ്ചിനീയറിംഗ് കോളേജില്‍ എത്തുന്നവരും , വീട്ടിലെ ബുദ്ധിമുട്ടുകള്‍ എല്ലാം അറിയാമെങ്കിലും പഠിക്കാതെ ഉഴപ്പുന്നവരും, എല്ലാം മനസിലാക്കി മാത്രം പഠിക്കുകയും എഞ്ചിനീയറിംഗ് 'പാഷന്‍' ആയി കരുതുന്നവരുമൊക്കെ അടങ്ങുന്നതാണ് എല്ലാ എഞ്ചിനീയറിംഗ് കോളേജും..

  നാല്പത്തിനാലു വയസുകാരനായ ആമീര്‍ ഖാന് ഒരു ഇരുപതു വയസുകാരനാകാന്‍ കഴിയുന്നു എന്നത് ഒരു അത്ഭുതം തന്നെയാണ്. മാധവനും, ശര്‍മാന്‍ ജോഷിയും നല്ല പ്രകടനം നടത്തി. ബോമാന്‍ ഇറാനി തകര്‍ത്തു. കരീന കപൂറിന് പകരമായി വല്ല പുതുമുഖ നടിമാരും മതിയായിരുന്നു.

  ReplyDelete
 27. കാലഘട്ടവുമായി ബന്ധപ്പെട്ട് ചില ലോജിക്കല്‍ പ്രോബ്ളമ്സ് ഒഴിച്ചാല്‍ ചിത്രം മനോഹരമാണ്‌. രസച്ചരട് മുറിയാതെ അവസാനം വരെ പിടിച്ചിരുത്താനും സന്തോഷത്തോടെ തീയെറ്റര്‍ വിട്ടിറങ്ങുവാനും കഴിയും എന്നതിന്‌ ഞാന്‍ ഗ്യാരണ്ടി.

  പിന്നെ ചില ലോജിക്കല്‍ പ്രശ്നങ്ങളെപ്പറ്റിപ്പറഞ്ഞാല്‍ 1995 -2000 കാലഘട്ടത്തിലാണ്‌ കഥയിലെ കാമ്പസ് സംഭവങ്ങള്‍ നടക്കുന്നത് ( 1978 ഇലാണ്‌ ഫര്‍ഹാന്‍ (മാധവന്‍) ജനിക്കുന്നതായി സിനിമയുടെ ആദ്യഭാഗത്ത് പറയുന്നതിനെ അറ്റിസ്ഥാനപ്പെടുത്തി) . ഈ കാലഘട്ടത്തില്‍ ഇന്ത്യയില്‍ സുലഭമല്ലാത്ത് ടെക്‌നോളജികള്‍ ഈ ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി എയര്‍ട്ടെല്ലിന്റെ യു.എസ്.ബി ഇന്റര്‍നെറ്റ് കണക്ഷന്‍ പിന്നെ യൂ ട്യൂബ് വീഡിയോസ് എന്നിവ. പെര്‍ഫെക്ഷനേക്കാല്‍ വൈകാരികതക്കും കഥ പറച്ചിലിനും പ്രാധാന്യം കൊടുക്കുന്ന ഇന്ത്യന്‍ സിനിമയില്‍ ഇതൊരു പ്രശ്നമേ അല്ല.

  ReplyDelete
 28. Flattering comments for an over-the-top, average movie.

  The movie is immersed in caricature. So much so that it could have been more aptly named ‘30 funny caricatures’. Everybody, with the possible exception of Farhan’s family, is a cartoon; but unlike even cartoons, they barely have character sketches as deep as tissue paper, in spite of the lengthy screen time they enjoy. To go with this is the farce in most of the scenarios. The movie was supposed to stand on its comical scenes, but all of these scenes use farcical scenarios or caricaturing for comic effect. Lots of clichéd college urban legends stringed together and distorted (pencil in space, the repetitive welcome speech, setting up the class topper for the tumble so ridiculously easily so on) to elicit laughter. Not a single realistic scene that displays genuine humor. Looks like a medley of comedy stageshows. Is this humor? Aren’t there normal teachers at professional colleges anymore? Looks like the only mission the director had for the first half of the movie was to make the audience laugh their asses off their seats at any cost. Some writers lacking imagination throw the circumstances of war, poverty, death, crippling disease, betrayal etc. all on a single family when they want to create tragedy. Similarly, when they want to make comedy they use farce and caricature and slapstick and screwball for all of their scenes. When JJ’s character let go of the gun and threw up his hands, I too had to throw up my hands and leave the theatre.

  ReplyDelete
 29. If the movie contained only caricature and farce, it would have been tolerable. But then it also throws in the mainstream Bollywood producer’s idea of an endpiece (which I was lucky enough not to see, but was obvious anyway), the usual number of songs, a girl, the romantic angle, the romantic song, mystery, flashbacks etc. etc. into the blender and produces this cocktail. For a test, if you disguise the film replacing the actors with gorillas, the language with gorilla language, and the settings with that of advanced gorilla country, and show it among other such disguised films to an international audience who have seen at least a few of the prototype films of each culture, all of them would easily pick this up as a typical Bollywood film. It is so formulaic.

  On top of that, it pretends to preach some moralistic message against the “system” (everybody’s favorite punching bag – what is this mythical thing after all?), which itself is like taking a high moral ground even if one assumes the message is properly conveyed. But, alas, the message doesn’t get conveyed, either. The protagonist preaches out-of-the-box, scientific and non conformist thinking, and studying for beyond the grades, but none of this is manifest in action during his college life. All that is seen is somebody trying to look like a smartass. He sees a depressed student, surreptitiously(why so?) works the latter’s project to completion, all the while preaching to the rest of the college (“all is well”), but forgets to utter a single word of comfort or reassurance to the disconsolate student, and finally lays the blame for the suicide squarely on the teacher. If the all-is-well messiah had really cared about his colleague, he would have bothered more about comforting him rather than keeping the surrogate project work a concealed suspense (all for some smartassness, what else?). Again, on the achievement level, the protagonist himself is a poor messenger for the dictum he preaches. You can’t prove a rule by citing an exceptional case as the example. It is obvious that the nonconformist theme is selected only as a marketing strategy to pull in the college kids.

  There is a movie, ‘The Player’, in which Tim Robbins plays a studio executive who listens to writers seeking approval for their stories. The story themes are presented like….. ‘The Swashank Redemption’ meeting ‘Indiana Jones’ meeting ‘Forrest Gump’, (meaning formulaic merger of known hits to create template for a new movie, without any bother for the actual story) starring Bruce Willis in lead role or so. That is the story presented in a minute. If the studio exec. likes it, the writer gets to present a detailed story later. The point is, not many producers anywhere in the world want to stray from the stereotype. Formula seems to be god even for the three idiots. In spite of all the preaching in the movie for independent scientific thought and for the spirit of knowledge above grades, the movie’s surrender to formulaic structure is in itself a great contradiction of its purported message.

  ReplyDelete
 30. അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. ബലാല്‍ക്കാര്‍ പ്രസംഗത്തിന്റെയും മറ്റും യുക്തി പരിശോധിക്കുവാന്‍ നിന്നാല്‍ ആകെ കല്ലുകടിയാവും. നര്‍മ്മം മാത്രമേ ഈ സീനുകള്‍ കൊണ്ട് ഉദ്ദേശിച്ചിട്ടുണ്ടാവൂ. പെര്‍ഫെക്ഷന്റെ കാര്യം പറഞ്ഞാല്‍, ചരിത്രം വിഷയമാക്കുന്ന സിനിമകളില്‍ ഒരുപക്ഷെ ഇതൊക്കെ ശ്രദ്ധിച്ചേക്കാമെങ്കിലും ഇതു പോലെയുള്ള ചിത്രങ്ങളില്‍ അവയ്ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട് എന്നുപോലും സിനിമാപ്രവര്‍ത്തകര്‍ കരുതുന്നതായി തോന്നുന്നില്ല.

  അഖിലേഷിന്റെ സുചിന്തിതമായ അഭിപ്രായത്തിനു നന്ദി. എന്നാല്‍ ഈ ശൈലിയിലൊരു വിലയിരുത്തലല്ല ചിത്രവിശേഷവും പിന്നെ ഇവിടെ മുന്‍‌കമന്റുകള്‍ രേഖപ്പെടുത്തിയവരും നടത്തിയിരിക്കുന്നത് എന്നതു സ്പഷ്ടമാണല്ലോ.

  ഏവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. :-)
  --

  ReplyDelete
 31. Haree, I have nothing against humour in movies. But I believe there is a great difference between a)stuffing up a movie with stand-alone comical scenes just for the sake of good boxoffice, and b)making a good movie with some genuine humour in it, humour that belongs to the movie, not just stuffed into it merely to get some laughs because the director can’t do any better. Just like there is a difference between a)stuffing up a movie with a dozen songs that are great by themselves but fail to belong to the movie, and b)making a movie with good background score that is used to serve the general purpose of the movie without taking attention away from it. Most of the comical numbers in the Idiots are like the songs in the run-of-the-mill Bollywood movies – they may be good on their own, but you feel the movie was made as an excuse for displaying these numbers rather than these events were made to serve the movie. (It looks like the director was adamant he would show every iota of comical scene that happened in that college during those years and nothing else for the first half of the movie). That is why the Idiots looks like a medley of comedy stage shows and not like a movie (at least till the point I left the theatre). Good films with humor show humor happening in the movie, not the movie happening around the humor. I don’t think you can review the movie for its ‘narmam’ alone and choose to overlook all the fallacies, just as you can’t review a movie for its songs alone. Does having some narmam absolve a movie of all other possible stupidities? Why should its fallacies get any different treatment from those of other movies? If you were shown just a collage of the ten best striptease shows in Paris under the guise of a feature movie (not a documentary) with nothing else in it, would you go about reviewing it this way – “Let’s forget all its fallacies and lack of story and focus just on the quality of the skin show, which is terrific, which makes this a great movie!”?

  And, to top it all, there isn’t much creativity in the so called ‘humour’ either. Making everybody look like a cartoon is roundabout the easiest way to make cheap humour. Chamatkar – Balaatkar evidently belongs on a stage show and not a movie.

  ReplyDelete
 32. I do agree to akhilesh's (general)views on comedy scenes included in a movie. But there is one more point to add, opinions differ. I saw the complete film, enjoyed every minute of it and never felt like the way akhilesh explained here. Of course, there are some comedy sequences which do not have any logic when we think deep but they do have a flow and they go well with the theme of the movie.

  Opinions differ... :-)
  --

  ReplyDelete
 33. ഈ പടത്തിന് 8.5 കൊടുത്ത ഹരി, നമ്മുടെ ക്ലാസ്സ്മേറ്റിന് 9.5 എങ്കിലും കൊടുക്കേണ്ടി വരും. മലയാള ചിത്രങ്ങളുടെ 'കുറ്റങ്ങളും കുറവുകളും കണ്ടില്ലെന്ന് നടിക്കാനാവില്ല' എന്നു പറയുന്ന ഹരി , അതേ രീതിയില്‍ ഹിന്ദിചിത്രങ്ങളെ എന്താണ് വിലയിരുത്താത്തത്?

  (ഈ രണ്ട് ചിത്രങ്ങളും താരത്മ്യപ്പെടുത്തി ചിന്തിക്കാന്‍ കാരണം, 3idiots മനോഹരമായ ഒരു നൊസ്റ്റാള്‍ജിക് ചിത്രമാണെന്ന് ചില റിവ്യൂകളില്‍ വായിച്ചതിനാലാണ്.)

  ReplyDelete
 34. ഏതെങ്കിലുമൊരു മലയാളം ചിത്രത്തിന് കൂടിയ റേറ്റിംഗ് നല്‍കേണ്ടി വരുന്നത് ഒരു ഗതികേടായൊന്നും ലേഖകനു വിചാരമില്ല! :-)

  ഹിന്ദി ചിത്രങ്ങളുടെ കുറ്റങ്ങളും കുറവുകളും കണ്ടില്ലെന്ന് നടിക്കാറില്ല. നല്ല ചിത്രങ്ങള്‍ മാത്രമല്ല; 'ചാന്ദിനി ചൗക്ക് ടു ചൈന', 'ലവ് ആജ് കല്‍' തുടങ്ങിയ ചിത്രങ്ങളും ബോളിവുഡില്‍ ഉണ്ടാവാറുണ്ട്.
  --

  ReplyDelete
 35. good review -- I too enjoyed both the movie and chetan bhagath's book - Five point someone. - Though i should say - Hirani has taken the spirit and the engg college funny environment, and the lecturer daughter love from the book. rest the screen play is different.

  ReplyDelete