രാമാനം (Raamaanam)

Published on: 10/27/2009 07:53:00 AM
Raamaanam - A film by M.P. Sukumaran Nair starring Jagathy Sreekumar, Revathy; Film review by Haree for Chithravishehsam.രണ്ടായിരത്തിയാറില്‍ പുറത്തിറങ്ങിയ ‘ദൃഷ്ടാന്ത’ത്തിനു ശേഷം എം.പി. സുകുമാരന്‍ നായരുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ‘രാമാനം’. ജഗതി ശ്രീകുമാര്‍, രേവതി (കൂടിയാട്ടം കലാകാരി), ഇന്ദ്രന്‍സ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ ‘സ്മാരകശിലകള്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കി ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെ. ഒരു ഗ്രാമാന്തരീക്ഷത്തെ മുന്‍‌നിര്‍ത്തി, വര്‍ഗീയതയുടെ അടിയൊഴുക്കുകള്‍ ശക്തിപ്രാപിക്കുന്നതിനെക്കുറിച്ചാണ് ‘രാമാ‍ന’ത്തിലൂടെ സംവിധായകന്‍ പറയുന്നത്. രാമാനമെന്ന വാക്കിന് രാത്രി എന്നാണ് പ്രാഥമികമായ അര്‍ത്ഥം.

4.0
5.0
7.0
2.0
-
5.14
അടിയന്തിരാവസ്ഥയ്ക്കും മുന്‍പു തുടങ്ങി, ബാബറി മസ്ജിദ് തകര്‍ക്കുന്നതിനു ശേഷം വരെയാണ് സിനിമയില്‍ പ്രതിപാദിക്കുന്ന കാലഘട്ടം. ഒരു പ്രാചീന മുസ്ലീം കുടുംബത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു പോവുന്നത്. ഒരു കഥാപാത്രത്തിന്റെ തന്നെ രണ്ട് പ്രായത്തിലുള്ള ജീവിതാവസ്ഥകള്‍ അവതരിപ്പിക്കുക എന്ന വെല്ലുവിളിയാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ക്കു മുന്‍പിലുള്ളത്. കുടുംബത്തിലെ പ്രധാനിയായ തങ്ങളായെത്തിയ ജഗതി ശ്രീകുമാര്‍ തികഞ്ഞ ഗൌരവത്തോടെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തുടക്കത്തില്‍ തങ്ങളുടെ ഭാര്യയേയും പിന്നീട് മകളേയും അവതരിപ്പിക്കുന്ന രേവതിയുടെ അഭിനയവും പ്രശംസാര്‍ഹമാണ്. രണ്ടു പ്രായത്തില്‍, രണ്ടു വ്യക്തിത്വങ്ങളുള്ള ഈ കഥാപാത്രങ്ങളെ പക്വതയോടെ അവതരിപ്പിക്കുവാന്‍ തുടക്കക്കാരിയായ രേവതിക്കു കഴിഞ്ഞത് നിസാരമല്ല.

ഇന്ദ്രന്‍സ്, മഞ്ജു പിള്ള, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. പ്രായത്തിനു യോജിച്ച ശരീരഭാഷയോടെ ഇവരുടെ വേഷങ്ങളും മികച്ചു നിന്നു. മാര്‍ഗി സതി, ജയകൃഷ്ണന്‍, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, മാമുക്കോയ, മാസ്റ്റര്‍ ദേവനാരായണന്‍, കൊച്ചു പ്രേമന്‍ തുടങ്ങി മറ്റ് ചില അഭിനേതാക്കളും ചിത്രത്തിലെ താരതമ്യേന ദൈര്‍ഘ്യം കുറഞ്ഞ കഥാപാത്രങ്ങളായെത്തുന്നു. ഇവരില്‍ ജയകൃഷ്ണനൊഴികെ മറ്റുള്ളവരെല്ലാം തരക്കേടില്ലാതെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മുസ്ലീം ശൈലിയിലുള്ള സംഭാഷണങ്ങളുടെ ഉച്ചാ‍രണത്തില്‍ പലയിടത്തും അഭിനേതാക്കള്‍ക്ക് സ്വാഭാവികത നഷ്ടമായി. സംഭാഷണങ്ങളില്‍ കൃത്രിമത്വം ഏറ്റവും കുറവ് അനുഭവപ്പെട്ട ഒരേയൊരു കഥാപാത്രമെന്നത് ഒരുപക്ഷെ ജഗതി ശ്രീകുമാറിന്റെ മാത്രമാവണം.

ഷഹ്ബാസ് അമന്റെ പേരാണ് പിന്നണിസംഗീതത്തിന്റേതായി നല്‍കിയിരിക്കുന്നതെങ്കിലും, രണ്ടായിരത്തിയൊന്നില്‍ പുറത്തിറങ്ങിയ ‘അശോക’ എന്ന ഹിന്ദിചിത്രത്തിനു വേണ്ടി സന്ദീപ് ചൌട്ട ഒരുക്കിയ പിന്നണിസംഗീതശകലങ്ങളുമായി ഇവയ്ക്കുള്ള സാദൃശ്യം അമ്പരപ്പിക്കുന്നതാണ്! ഒരുപക്ഷെ, മലയാളസിനിമയെ പ്രതിനിധീകരിച്ച് സ്വദേശത്തും വിദേശത്തുമുള്ള വിവിധ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ സാധ്യതയുള്ള ഒരു ചിത്രം സംഗീതചോരണത്തിനൊരു മകുടോദാഹരണമായി മാറുന്നത് മലയാളസിനിമയ്ക്കു തന്നെ മാനക്കേടാണ്. ശബ്ദമിശ്രണം നിര്‍വ്വഹിച്ച എന്‍. ഹരികുമാറിനും ഈ വിഷയത്തില്‍ കൈകഴുകുവാനാവില്ല. ഇങ്ങിനെ സംഭവിച്ചത് ആരു കാരണമായായാലും, നിര്‍മ്മാതാവും സംവിധായകനുമായ എം.പി. സുകുമാരന്‍ നായര്‍ക്കു തന്നെയാണ് ഈ ചോരണത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം. മറ്റിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അയയ്ക്കുന്നതിനു മുന്‍പെങ്കിലും ‘അശോക’യിലെ സംഗീത ശകലങ്ങള്‍ ഒഴിവാക്കി റീ-റിക്കാര്‍ഡിംഗ് ചെയ്യുന്നത് നന്നായിരിക്കും.

അധികസമയവും പഴയൊരു തറവാടിനുള്ളില്‍ തന്നെയാണ് ക്യാമറ കറങ്ങിത്തിരിയുന്നതെങ്കിലും, വിരസത തോന്നിപ്പിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ഛായാഗ്രാഹകനായ കെ.ജി. ജയനു കഴിഞ്ഞു. ചിത്രത്തിന്റെ തുടക്കവും ഒടുക്കവുമായി ഇരുപതു വര്‍ഷത്തിനു മേല്‍ അന്തരമുണ്ടെങ്കിലും, സിനിമയിലെ ദൃശ്യഭാഷയ്ക്ക് മാറ്റമൊന്നും വരുന്നില്ല. സജിത്ത് മുണ്ടയാടിന്റെ കലാസംവിധാനവും ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നില്ല. ഹസന്‍ വണ്ടൂരിന്റെ മേക്ക്-അപ്പും ഇന്ദ്രന്‍സ് ജയന്റെ വസ്ത്രാലങ്കാരവും കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്നവയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ മന്ദഗതിയിലാണ് സംവിധായകന്‍ കഥപറയുന്നതെന്നതിനാല്‍ ചിത്രസംയോജകനായ ബി. അജിത്കുമാറിന് കാര്യമായി അധ്വാനിക്കേണ്ടി വന്നിരിക്കില്ല.

മറ്റു മതങ്ങളെ സഹിഷ്ണുതയോടെ കണ്ടിരുന്നവര്‍, അതു തന്നെ മുസ്ലീം മത വിശ്വാസികള്‍ ഇവിടെ ജീവിച്ചിരുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ ചിത്രത്തിലൂടെ സംവിധായകന്‍ സാധിച്ചെടുക്കുന്നുണ്ട്. യഥാര്‍ത്ഥ്യത്തില്‍ നിന്നും വിട്ട് പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിലെ അവസാന രംഗങ്ങളില്‍ സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. അഭിനേതാക്കളില്‍ നിന്നും കഥാപാത്രങ്ങള്‍ക്കു വേണ്ടത് ലഭ്യമാക്കുവാന്‍ സംവിധായകനു കഴിഞ്ഞു. എന്നിരുന്നാലും കഥാപാത്രങ്ങളെ പൂര്‍ണതയോടെ വരച്ചിടുവാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അത്തരത്തില്‍ ശുഷ്കമായിപ്പോയ കഥാപാത്രങ്ങളിലൊന്നാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന മുക്രി. ചിത്രത്തിന്റെ ആദ്യഭാഗങ്ങളിലെ മന്ദത ആ കാലഘട്ടത്തിന്റെ സ്വഭാവമെന്ന രീതിയില്‍ മനസിലാക്കാമെങ്കില്‍, പിന്നീട് പുതിയ നൂറ്റാണ്ടോടടുക്കുമ്പോഴും അതേ സ്വഭാവത്തില്‍ സിനിമ മുന്നോട്ടു പോവുന്നതിലെ ന്യായം മനസിലാവുന്നില്ല. അമ്പലത്തിലെ ഉത്സവാന്തരീക്ഷത്തിനോ, നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുന്ന വേദിക്കോ പോലും കാലാനുസൃതമായ മാറ്റങ്ങള്‍ കാണുവാനില്ല. മലയാളത്തിലെ സമാന്തരസിനിമയെന്ന സങ്കല്പത്തിനല്പവും ഉലച്ചിലേല്‍പ്പിക്കാതെ, അതിനു ചേരുന്ന അതിര്‍വരമ്പുകള്‍ക്കുള്ളില്‍ സ്വസ്ഥമായൊതുങ്ങുന്ന മറ്റൊന്നു കൂടി, ‘രാമാന’ത്തെക്കുറിച്ച് ഇങ്ങിനെ ചുരുക്കിപ്പറയാം.

Description: - A Malayalam (Malluwood) film directed by M.P. Sukumaran Nair; Starring Jagathy Sreekumar, Revathy, Indrans, Anoop Chandran, Manju Pillai, Margi Sathi, Jayakrishnan, Mamukkoya, Nelliyodu Vasudevan Namboothiri, Master Devanarayanan, Kochu Preman; Produced by M.P. Sukumaran Nair; Story by Punathil Kunjabdulla; Screenplay and Dialogues by M.P. Sukumaran Nair; Camera (Cinematography) by K.G. Jayan; Editing by B. Ajithkumar; Art Direction by Sajath Mundayad; Stunts (Action) by ; Background Score by Shahabas Aman; Sound Effects by ; DTS Mixing by ; Titles by ; Make-up by Hasan Vandoor; Costumes by Indrans Jayan; Lyrics by ; Music by ; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Oct 23 2009 Release.
--

15 comments :

 1. എം.പി. സുകുമാരന്‍ നായരുടെ സംവിധാനത്തില്‍ ജഗതി ശ്രീകുമാര്‍ നായകവേഷത്തെ അവതരിപ്പിക്കുന്ന ‘രാമാന’ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. രാമാനം എന്ന വാക്കിന്റെ അര്‍ത്ഥം പ്രണയത്തോണി (രാമം - പ്രണയബന്ധം, ആനം - തോണി അഥവാ കട്ടമരം) എന്നാണു ഹരീ. മുസ്ലീം പശ്ചാത്തലത്തിലുള്ള സിനിമയായതുകൊണ്ട് സംസ്കൃതത്തില്‍ പേരിട്ടുവെന്നേയുള്ളൂവെന്ന് തോന്നുന്നു.

  ReplyDelete
 3. കാമം, അഥവാ പുരുഷന്റെ കാലബാധയാണ് സ്മാരകശിലകളുടെ ആധാരശില. വ്യഭിചാരം ഞമ്മക്കിഷ്ടമല്ല എന്നു പറയുന്ന നല്ലവനായ തങ്ങള്‍ ഒരു വ്യഭിചാരശ്രമത്തിനിടയിലാണ് കൊല്ലപ്പെടുന്നത്. അതായിരുന്നു ആ കഥയുടെ കാതല്‍. തങ്ങളുടെ പിതാവിന് ഇതുപോലെ പറ്റിയ അബദ്ധമാണ് കഥയിലെ വില്ലനായ പട്ടാളം ഇബ്രായി.
  പൂക്കുഞ്ഞിബീയുടെ ഇഷ്ടം (കാമം) നിറവേറപ്പെടുന്നില്ല. കാമം എന്ന സംഗതിയ്ക്കാണ് സ്മാരകശിലകളില്‍ പ്രാധാന്യം. അതിനെ പറഞ്ഞു പഴകിയ മതലഹളയുമായി ബന്ധപ്പെടുത്തിയതെന്താണോ?

  ReplyDelete
 4. ശബ്ദതാരാവലിയില്‍ രാമാനം എന്നതിന് രാത്രി എന്നൊരു അര്‍ത്ഥമാണ് പ്രാഥമികമായി നല്‍കിയിരിക്കുന്നത്. (കൈയിലില്ലാത്തതിനാല്‍, സുഹൃത്തുവഴി പരിശോധിച്ചതാണ്.) വിഗ്രഹിച്ചു പറയുമ്പോള്‍ കിട്ടുന്ന, പ്രണയത്തോണി എന്ന അര്‍ത്ഥം ഇവിടെ എത്രമാത്രം യോജിക്കുമെന്നറിയില്ല. മതലഹളയെക്കുറിച്ചു പറയണമായിരുന്നു, അതിന് ‘സ്മാരകശില’യുടെ പശ്ചാത്തലം, മാറ്റങ്ങളോടെ ഉപയോഗിച്ചു. അങ്ങിനെയാവുമെന്നു തോന്നുന്നു.
  --

  ReplyDelete
 5. വായിച്ചപ്പോള്‍ കാണണമെന്നൊരു ആഗ്രഹം

  ReplyDelete
 6. ഹരി ഈ പടം എവിടെ വച്ചാണ് കണ്ടത്.എറണാകുളത്തെ തിയേറ്ററുകളിലൊന്നും ഈ പടമില്ല. ഏതായാലും പടം ഞാന്‍ കാണുന്നുണ്ട്

  ReplyDelete
 7. എന്റെ അഭിപ്രായം ഞാന്‍ നേരത്തേ തന്നെ ഇവിടെ രേഖപ്പെടുത്തിയിരുന്നു. അനൂപിന്റെയും മറ്റും മേക്കപ്പില്‍ വന്ന ഉദാസീനത ഉള്‍പ്പെടെ ചില പിഴവുകള്‍ ഹരി കണ്ടില്ലേ? പിന്നെ, വര്‍ഗീയലഹളകളുമായി കഥയെ കൂട്ടിച്ചേര്‍ക്കാനുള്ള സംവിധായകന്റെ ശ്രമം വേണ്ടത്ര വിജയിച്ചോ എന്നും എനിക്കു സംശയമുണ്ട്‌.

  http://www.keralawatch.com/election2009/?p=19308

  ReplyDelete
 8. സ്മാരക ശിലകള്‍ എന്ന കൃതിയെ അതെ രൂപത്തില്‍ സിനിമ ആക്കിയിരുന്നുവെങ്കില്‍ ഇതിലും നന്നായിരുന്നേനെ എന്ന് തോന്നുന്നു. സമാന്തര സിനിമകള്‍ ഇങ്ങനെ ആയിരിക്കണം എന്ന് മുന്‍ഗാമികള്‍ എഴുതി വെച്ചിരിക്കുന്നത്‌ പോലെ അല്ലാതെ എന്നാണു മലയാളത്തില്‍ ഒരു നല്ല സിനിമ ഉണ്ടാവുക?

  ReplyDelete
 9. കേരളത്തിലാകെ രണ്ടു തിയേറ്ററുകളില്‍ (തിരു.പുരത്തും കോഴിക്കോടും) ആണ് ചിത്രം റിലീ‍സ് ചെയ്തത് എന്നാണറിവ്. അനൂപ് ചന്ദ്രന്റെ മേക്ക്-അപ്പില്‍ ഉദാസീനത ഉള്ളതായി തോന്നിയില്ല, പ്രായം കാഴ്ചയില്‍ കൂടാത്ത (സ്വഭാവത്തിലും അങ്ങിനെയാണല്ലോ ആ കഥാപാത്രം) ഒന്നായാവാം ഉദ്ദേശിച്ചിരിക്കുന്നത്. ‘സ്മാരകശിലകളി’ലെ കഥാപാത്രങ്ങള്‍ മാത്രമേ ചിത്രത്തിലുള്ളൂ, മറ്റെല്ലാം മാറ്റമാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
  --

  ReplyDelete
 10. "മലയാളത്തിലെ സമാന്തരസിനിമയെന്ന സങ്കല്പത്തിനല്പവും ഉലച്ചിലേല്‍പ്പിക്കാതെ, അതിനു ചേരുന്ന അതിര്‍വരമ്പുകള്‍ക്കുള്ളില്‍ സ്വസ്ഥമായൊതുങ്ങുന്ന മറ്റൊന്നു കൂടി"
  - അതു കലക്കി!

  സംവിധായകന്‍ മനോരമയിലെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് “രായ്ക്കു രാമാനം” എന്നതിലെ അതേ അര്‍ത്ഥത്തിലാണ് “രാമാനം” ഉപയോഗിച്ചത് എന്നാണ്. പക്ഷേ ശരിക്കും എന്താണ് ആ വാക്കിന്റെ അര്‍ത്ഥമെന്ന് അദ്ദേഹം സൂചിപ്പിച്ചതായി ഓര്‍ക്കുന്നില്ല.

  ReplyDelete
 11. അവസാനം പടം കണ്ടു.

  സിനിമയേക്കുറിച്ചു പറയുന്നതിനു മുന്‍പ് ഒരുകാര്യം പറഞ്ഞോട്ടെ, പുതിയ ഫോര്‍മാറ്റില്‍ വേര്‍തിരിച്ചുള്ള റേറ്റിംഗില്‍ എനിക്ക് കുറച്ചു നമ്പറുകള്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളു. ഏത് ഏതിന്റെ മാര്‍ക്ക് ആണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. :(

  സ്മാരകശിലകള്‍ വായിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനെ മുന്‍നിര്‍ത്തി ഒരു വിശകലനത്തിന് എന്നെ സംബന്ധിച്ചിടത്തോളം പ്രസക്തിയില്ല. എനിക്കിതൊരു ഒരു സ്വതന്ത്രസിനിമ മാത്രമാണ്.

  അധികം ബഹളങ്ങളില്ലാതെ, ബോറടിപ്പിക്കാതെ നല്ല രീതിയില്‍ ചെയ്ത ഒരു സിനിമയായിട്ടാണ് എനിക്കു തോന്നിയത്. അടുത്തിടെ സമാന്തരസിനിമ എന്ന ലേബലില്‍ ഇറങ്ങിയ മറ്റ് പല ചിത്രങ്ങളേക്കാള്‍(ഉദാ: വിലാപങ്ങല്‍ക്കപ്പുറം, ഒരുപെണും രണ്ടാണും) ഒരുപാട് മുകളില്‍ നില്‍ക്കുന്ന ഒന്നാണ് എന്നെ സംബന്ധിച്ചിടത്തോളം രാമാനം. ഉള്ള പരിമിതികള്‍ക്കകത്തു നിന്ന് ഒരു പരിധിവരെ സാങ്കേതികമായും നന്നായിട്ടുണ്ടെന്നു തോന്നി.

  ജഗതിയുടേയും മഞ്ജുപ്പിള്ളയുടെയും അഭിനയം മികച്ചുനിന്നു. പക്ഷേ ശരിക്കും അത്ഭുതപ്പെടുത്തിയത് ഇന്ദ്രന്‍സിന്റെ എറമുള്ളാന്‍ മുക്രിയാണ്‌.

  ReplyDelete
 12. ‘രായ്ക്ക് രാമാനം’ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമെന്താണ്? പകലാകുവാന്‍ കാത്തു നില്‍ക്കാതെ രാത്രിയില്‍ തന്നെ തിരക്കിട്ട് എന്നാണ് ഈ വാക്കു കേള്‍ക്കുമ്പോള്‍ മനസിലാവുന്നത്; അതിലെ രാമാനം മാത്രമെടുത്താല്‍ എന്തായിരിക്കും അര്‍ത്ഥം?

  റേറ്റിംഗിലെ വിഭാഗങ്ങള്‍ ഒരു ഇമേജ് ഫയലായാണ് ലോഡ് ചെയ്യുക. ഗൂഗിള്‍ സൈറ്റ്സില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ആ ചിത്രം ലോഡാവാത്തതാവണം പ്രശ്നം. ഗൂഗിള്‍ സൈറ്റ്സ് ബ്ലോക്ക് ചെയ്തിട്ടുള്ള ഇടങ്ങളിലും അങ്ങിനെ സംഭവിക്കാം.

  മുക്രിയെ ഇന്ദ്രന്‍സ് നന്നായി അഭിനയിച്ചു ഫലിപ്പിച്ചുവെങ്കിലും, സംവിധായകന് ആ കഥാപാത്രത്തെ ഇതിലും മനോഹരമായി കൈകാര്യം ചെയ്യാമായിരുന്നു.
  --

  ReplyDelete
 13. it is a pity that deserving films don't reach the audience...
  adoor made a film about alappuzha (ORU PENNUM RANDANUM)but was not released in alappuzha.

  again RAMANAM, only get released in the metroes...

  ReplyDelete
 14. 'രാമാനം' എന്നാല്‍ രാത്രിയിലെ ആകാശം എന്നാണെന്നു സംവിധായകന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

  ചിത്രത്തിന്റെ റിവ്യു വായിച്ചു. നന്നായിരിക്കുന്നു. അപ്പോള്‍ തോന്നി നോവല്‍ കൂടി വായിക്കണം എന്നു. അതു കഴിഞ്ഞു ചിത്രം കാണാം

  ReplyDelete
 15. ഇപ്പോഴാണു ഈ പടം കാണാൻ കഴിഞ്ഞത്. സുകുമാരൻ നായരുടെ ഏറ്റവും മോശം സിനിമ എന്ന് വേണം ഇതിനെ പറയാൻ. മനോഹരമാക്കാമായിരുന്ന കഥയെ കൊന്ന് കുഴിച്ച് മൂടി.കഥാപാത്രങ്ങളിൽ ഉണ്ടാവേണ്ട കാലഭേദ വ്യത്യാസങ്ങൾ എല്ലാ കഥാപാത്രങ്ങളിലും വരുത്താൻ സംവിധായകനു കഴിഞ്ഞില്ല.സുകുമാരൻ, താങ്കളോട് കഷ്ടം തോന്നുന്നു.

  ReplyDelete