വൈരം (Vairam)

Published on: 9/22/2009 06:20:00 PM
Vairam - A film by Nishad M.A. starring Suresh Gopi, Mukesh, Samvritha Sunil; Film Review by Haree for Chithravishesham.
രണ്ടായിരത്തിയെട്ടില്‍ പുറത്തിറങ്ങിയ ‘ആയുധം’ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ നിഷാദ് എം.എ. വീണ്ടുമൊരു ക്രൈം ത്രില്ലറുമായെത്തുകയാണ് ‘വൈര’ത്തിലൂടെ. തമിഴ് നടന്‍ പശുപതി പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ സുരേഷ് ഗോപി, മുകേഷ്, ധന്യ മേരി വര്‍ഗീസ്, മീര വാസുദേവ് തുടങ്ങിയ പ്രമുഖര്‍ ഉപകഥാപാത്രങ്ങളായെത്തുന്നു. സംവിധായകന്റെ കഥയ്ക്ക് ചെറിയാന്‍ കല്പകവാടി തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഈ ചിത്രം എന്‍. ശിവ റാവു നിര്‍മ്മിച്ചിരിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും
[ 1/10 ]

വളരെ ചെറിയ ഒരു കഥാതന്തു, അതു തന്നെ കാര്യമായ പുതുമയൊന്നും അവകാശപ്പെടുവാനില്ലാത്തത്, എത്രത്തോളം വലിച്ചു നീട്ടാമോ, അത്രയും ചെയ്തു മുഷിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. ജീവിനില്ലാത്ത കുറേ സംഭാഷണങ്ങള്‍ എഴുതി നിറച്ചിരിക്കുന്ന തീര്‍ത്തും അപക്വമായ ഒരു തിരക്കഥയാണ് ചെറിയാന്‍ കല്പകവാടി ഇതിനായി ഒരുക്കിയിരിക്കുന്നത്. ശിവരാജനെന്ന കഥാപാത്രത്തിന്റെ സൃഷ്ടിമാത്രമാണ് ആകെ പറയാവുന്ന ഒരു മികവ്. മലയാള സിനിമയില്‍ ഇതിനുമുന്‍പ് കണ്ടിട്ടില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ പേരിനെങ്കിലുമുണ്ടായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. ഇതിപ്പോള്‍ പലതില്‍ നിന്നെടുത്ത പലതു കൂട്ടിച്ചേര്‍ത്തൊരു വികൃതരൂപം! ഇതിനൊക്കെ പുറമേയാണ് സംവൃതയുടെ ജേര്‍ണലിസ്റ്റും സുരേഷ് ഗോപിയുടെ വക്കീലും തമ്മിലുള്ള പ്രണയവും സഹിക്കേണ്ടത്!

 സംവിധാനം
[ 2/10 ]

രണ്ടു ചുവടു മുന്നോട്ടെങ്കില്‍ മൂന്നു ചുവട് പിന്നോട്ട് എന്ന രീതിയിലാണ് നിഷാദിന്റെ ചിത്രങ്ങളുടെ ഗ്രാഫ് പോവുന്നത്. എങ്ങിനെ ഭംഗിയായൊരു കഥ പറയാം, കഥാപാത്രങ്ങളെ എങ്ങിനെ അവതരിപ്പിക്കണം, ഗാനങ്ങളെവിടെ എങ്ങിനെ ഉപയോഗിക്കണം എന്നിങ്ങനെ പലതും നിഷാദ് എം.എ. ഇനിയുമേറെ പഠിക്കേണ്ടിയിരിക്കുന്നു. ചില കഥാപാത്രങ്ങള്‍ കൈവരിച്ച മികവിന് സംവിധായകനേക്കാള്‍ പ്രസ്തുത കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളെ അഭിനന്ദിക്കുന്നതാവും ഉചിതം. ഇടവേളവരെ പ്രേക്ഷകരെ അക്ഷമരാക്കി കടന്നു പോവുന്ന സിനിമ പിന്നെയങ്ങോട്ടും ഗതിപിടിക്കുന്നില്ല. മറ്റൊന്നുമില്ലെങ്കിലും രസമുള്ളൊരു ക്ലൈമാക്സെങ്കിലും ക്രൈം ത്രില്ലറായ ഒരു ചിത്രത്തിനു വേണ്ടേ!

 അഭിനയം
[ 6/10 ]

വൈരമണിയുടെ പിതാവായെത്തുന്ന പശുപതിയുടെ അഭിനയത്തിന് വൈരത്തിന്റെ തിളക്കമാണുള്ളത്. മറ്റു കഥാപാത്രങ്ങളില്‍ തിലകന്‍, ജയസൂര്യ, ഹരിശ്രീ അശോകന്‍, കെ.പി.എ.സി. ലളിത തുടങ്ങിയവര്‍ മികവു പുലര്‍ത്തിയപ്പോള്‍ സംവൃത സുനില്‍, മുകേഷ്, ധന്യ മേരി വര്‍ഗീസ്, മീര വാസുദേവ്, ശ്രീജിത്ത് രവി, മച്ചാന്‍ വര്‍ഗീസ്, അശോകന്‍ തുടങ്ങിയവരൊക്കെ സാമാന്യം തരക്കേടില്ലാതെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സുരേഷ് ഗോപിയാവട്ടെ വന്നു ഡയലോഗു പറഞ്ഞു പോയി എന്നതിനപ്പുറം എന്തെങ്കിലും ചെയ്തതായി തോന്നിയില്ല. മറ്റ് അഭിനേതാക്കള്‍ക്ക് പേരിനു മുഖം കാണിക്കുകയല്ലാതെ കാര്യമായൊന്നും ചെയ്യുവാനില്ല.

 സാങ്കേതികം
[ 1/5 ]

എക്‍സ്‌പോഷര്‍, ഫോക്കസിംഗ് ഇവ പോലും ശ്രദ്ധിക്കാതെയാണ് ഛായാഗ്രാഹകന്‍ സഞ്ജീവ് ശങ്കര്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. കാണുന്നവരുടെ കണ്ണു വേദനിക്കുന്നത്രയും പ്രകാശത്തിലാണ് സിനിമയിലെ മുക്കാല്‍ പങ്കോളം ദൃശ്യങ്ങളും. അഭിനേതാക്കളുടെ മുഖത്തെ ഭാവങ്ങള്‍ പോലും അറിയുവാന്‍ കഴിയാത്തവണ്ണം ചിത്രങ്ങള്‍ വെളുത്തു പോയിരിക്കുന്നു, പുറംദൃശ്യങ്ങളാണെങ്കില്‍ പറയുകയും വേണ്ട. ഈ തരത്തില്‍ ഗുണം നഷ്ടപ്പെട്ട ഷോട്ടുകള്‍ മുറിച്ചു കളയുവാന്‍ ചിത്രസംയോജകന്‍ സംജത്ത് എം.എച്ച്.ഡി. തുനിഞ്ഞിരുന്നെങ്കില്‍‍, മിച്ചമായി അധികമൊന്നും ഉണ്ടാവില്ലായിരുന്നു. ഗിരീഷ് മേനോന്റെ കലാസംവിധാനവും മുരുകേഷിന്റെ ഇഫക്ടുകളും തരക്കേടില്ല. രാജാമണിയുടെ പശ്ചാത്തലസംഗീതം അസഹ്യമായിത്തുടങ്ങിയിരിക്കുന്നു. ഇതേ ശബ്ദശകലങ്ങള്‍ ഇനിയും എത്ര ചിത്രങ്ങളില്‍ കേള്‍ക്കേണ്ടി വരുമോ ആവോ!

 പാട്ട്, നൃത്തം, ആക്ഷന്‍
[ 2/5 ]

ഗിരീഷ് പുത്തഞ്ചേരിയും എം. ജയചന്ദ്രനും ചേര്‍ന്നൊരുക്കിയിരിക്കുന്ന ഗാനങ്ങളില്‍, നായിക വൈരമണിയെ അവതരിപ്പിക്കുന്ന “നാട്ടുപാട്ടു കേട്ടോ നാഞ്ചിനാട്ട് കാറ്റേ...” എന്ന ശങ്കര്‍ മഹാദേവന്റെ ശബ്ദത്തിലുള്ള ഗാനമൊഴികെ മറ്റൊന്നും ചിത്രത്തിനല്പം പോലും ആവശ്യമെന്നു തോന്നിയില്ല. സുജാതയും ശാന്തിയും ചേര്‍ന്നൊരുക്കിയിരിക്കുന്ന പ്രസ്തുത ഗാനത്തിലെ നൃത്തച്ചുവടുകളും ആകര്‍ഷകമാണ്. മാഫിയ ശശിയുടെ സംഘട്ടനരംഗങ്ങള്‍ പ്രത്യേകിച്ചൊരു പുതുമയുമില്ലാതെ കടന്നു പോവുന്നു. അവ അധികം വലിച്ചു നീട്ടിയിട്ടില്ല എന്നതൊരു ആശ്വാസം.

 ആകെത്തുക
[ 3.0/10 ]

ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞ് ഇനി വായനക്കാരെക്കൂടി മുഷിപ്പിക്കുന്നില്ല. “എം.നിഷാദിനോടും സംഘത്തോടും കാണികള്‍ക്ക് ‘വൈരം’ തോന്നിപ്പിക്കുന്ന ഒരു ചിത്രം!” എന്നൊരൊറ്റ വരിയില്‍ ആകെത്തുക ചുരുക്കുന്നു.

Description: Vairam - A Malayalam (Malluwood) film directed by Nishad M.A.; Starring Pasupathi, Suresh Gopi, Dhanya Mary Varghese, Meera Vasudev, Mukesh, Samvritha Sunil, Asokan, Jayasurya, Thilakan, KPAC Lalitha, Sai Kumar, Harisree Asokan, Machan Varghese, Rekha, Sivaji Guruvayur, Sreejith Ravi, Ambika, Balachandran Chullikkad; Produced by N. Shiva Rao; Story by Nishad M.A.; Screenplay and Dialogues by Cheriyan Kalpakavadi; Camera (Cinematography) by Sanjeev Shankar; Editing by Samjith Mhd.; Art Direction by Girish Menon; Stunts (Action) by Mafia Sasi; Background Score by Rajamani; Effects by Murukesh; DTS Mixing by ; Titles by ; Make-up by ; Costumes by ; Lyrics by Gireesh Puthenchery; Music by ; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Sep 20 2009 Release.
--

15 comments :

 1. പശുപതി, സുരേഷ് ഗോപി, മുകേഷ് എന്നിവരൊക്കെ കഥാപാത്രങ്ങളായെത്തുന്ന, നിഷാദ് എം.എ.യുടെ സംവിധാനത്തിലുള്ള ‘വൈര’ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  ReplyDelete
 2. ഇതു ലൌഡ് സ്പീക്കര്‍ മാത്രം ആളുകള്‍ കാണാന്‍ വേണ്ടിയുള്ള ഹരിയുടെ ഒരു കളിയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു .... :) :) :)

  വൈരം കാണാതെ തന്നെ ഞാന്‍ പറയുന്നു...ഇത്രയും നല്ലൊരു പടം ഇതുവരെ ഒരു റമദാന്‍ സമയത്തും ഇറങ്ങിയിട്ടില്ല. നല്ല കലാമൂല്യമുള്ള ഫാമിലി എന്റര്‍ടൈന്മെന്റ് കാണണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇതു പോയി എന്തായാലും കാണുക. എനിക്കീ പടം വളരെ ഇഷ്ട്ടപെട്ടു :) :) :)

  ReplyDelete
 3. Vince Sir,

  വൈരം കാണാതെ തന്നെ ഞാന്‍ പറയുന്നു...ഇത്രയും നല്ലൊരു പടം ഇതുവരെ ഒരു റമദാന്‍ സമയത്തും ഇറങ്ങിയിട്ടില്ല. നല്ല കലാമൂല്യമുള്ള ഫാമിലി എന്റര്‍ടൈന്മെന്റ് കാണണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇതു പോയി എന്തായാലും കാണുക. എനിക്കീ പടം വളരെ ഇഷ്ട്ടപെട്ടു :) :) :)

  engananu Sir എനിക്കീ പടം വളരെ ഇഷ്ട്ടപെട്ടു :) :) :) ennu padam kanathe parayunnathu? MA Nishadinte AAYDUHAM kanda vaka ano?

  ReplyDelete
 4. ശെടാ‍ാ.....

  ജീവിക്കാന്‍ സമ്മതിക്കൂലേടേ? :)

  ReplyDelete
 5. എല്ലാവരും UPO കണ്ട് ആ പാവം ലാല്‍ ദാസനെ ഒന്ന് സമാധാനിപ്പിക്കൂ.. ഇങ്ങനെയുമുണ്ടോ ഒരു അസൂയ .

  ReplyDelete
 6. ഈ തരത്തില്‍ ഗുണം നഷ്ടപ്പെട്ട ഷോട്ടുകള്‍ മുറിച്ചു കളയുവാന്‍ ചിത്രസംയോജകന്‍ സംജത്ത് എം.എച്ച്.ഡി. തുനിഞ്ഞിരുന്നെങ്കില്‍‍, മിച്ചമായി അധികമൊന്നും ഉണ്ടാവില്ലായിരുന്നു.

  ഹരീ ഇതിനൊരു സല്യൂട്ട് ഉണ്ട് കേട്ടോ..ഇത്രയും കൃത്യമായി ഓരോ പേരുകളും ഓർമ്മിച്ചു വയ്ക്കുന്നത്.ബുക്കും പേപ്പറും കൊണ്ട് കേറുമോ സിനിമക്ക് ?

  ബിപിൻ & വിൻസ് കോമ്പിനേഷൻ ഓഫ് കമന്റ്സാണീയിടെ ചിത്രവിശേഷത്തിൽ മികച്ച് ഓഫ്ടോപ്സ് :)

  ReplyDelete
 7. അറ്റ് ലീസ്റ്റ് കിരണ്‍സിനെങ്കിലും മനസ്സിലായി :) :)

  ReplyDelete
 8. കേരളത്തില്‍ ഇല്ലാത്തത് നന്നായി.. ഉണ്ടായിരുന്നേല്‍ ഫസ്റ്റ് ഷോ കണ്ടേനേ.... രക്ഷപെട്ടു....

  നിനത്താലേ ഇനിക്കും കണ്ടോ?? കണ്ടില്ലേ വേണ്ട.... ക്ലാസ്മേറ്റ്സിനോട് തോന്നിയ ഇഷ്ട്ടം പോലും നമുക്ക് നഷ്ട്ടമാകും.....

  ReplyDelete
 9. @ വിന്‍സ്, ഉസ്‌മാനിക്ക,
  :-)

  @ bipin,
  ഇത്തവണ വിന്‍സ് സ്മൈലിയൊക്കെ ധാരാളം ഇട്ടിട്ടുണ്ട്. കണ്ടില്ലേ? ;-) (ഇനി വിന്‍സിനെ എരികേറ്റാനുള്ള ബിപിന്റെ മനഃപൂര്‍വ്വമായ ശ്രമമല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. :-P)

  @ Kiranz..!!,
  ഹേയ്, അതത്ര ബുദ്ധിമുട്ടുള്ള പണിയല്ല. ട്രൈലര്‍, മൂവി വെബ്‌സൈറ്റ്, നെറ്റില്‍ കിട്ടുന്ന പോസ്റ്ററുകള്‍; ഇവയിലൂടെയൊന്ന് കണ്ണോടിച്ചാല്‍ മതിയാവും. (പക്ഷെ, ചിലപ്പോള്‍ പലയിടത്തും പലരീതിയിലാവും പേര്. അപ്പോള്‍ കുഴങ്ങും.)

  @ രായപ്പന്‍,
  ഇതു നല്ല ചിത്രമാണെന്നും ചിലയിടങ്ങളില്‍ കണ്ടു. :-)
  --

  ReplyDelete
 10. Hari Chetta,

  Sathaythil aadyam comment itapo "vinceinte munkala prathikaranangal" najn kandirunnile...anger aloru puli alle...najn oru pavam..

  Vince, :)

  Kiranz..!!,

  ബിപിൻ & വിൻസ് കോമ്പിനേഷൻ ..Kollam nalla prayogam..enikishtapettu..

  Pinee,Chitra vishahthalil ozhichu baki ellayidathum Vairm nalla abiprayam anu kanikunathu..Pakhe AAYUDAM ipozhum oru pedi swapam aayi bak nilkunathu karanam naj enthayaum kanunilla...

  ReplyDelete
 11. haree...Filam njan TVM sreekumar-il ninnu kandu...super film annu..Thandy review kandu enday Bodham poye!. ella malayalam film site um padam kollam ennu annu review. Hari de review pakshapaadam anu :(

  ReplyDelete
 12. @ bipin,
  :-)

  @ Vibin,
  തീര്‍ച്ചയായും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ചിത്രത്തെക്കുറിച്ച് എനിക്കുള്ളത്. തരക്കേടില്ലാത്തത് എന്നു പറയുവാന്‍ പോലും എനിക്കു കഴിയില്ല. ആരോടാണോ എന്തോ പക്ഷപാതം!
  --

  ReplyDelete
 13. -- വൈരം കാണാന്‍ എന്തായാലും പോകുന്നില്ല. ഇനിയൊരു ദുരന്തവും കൂടി കാണാനുള്ള കരുത്തില്ല.

  ഈയിടെ തുടര്‍ച്ചയായി കുറേ സുരേഷ് ഗോപി പടങ്ങള്‍ കണ്ട് പ്രാന്തായ ഒരു ഹതഭാഗ്യവാനാണ് ഞാന്‍. ആയുധം, ടൈം, ഐ ജി,.... അങ്ങനെ കുറേ.

  സു.ഗോ. യുടെ പടങ്ങള്‍ വീട്ടിലിട്ട് കാണുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്:

  1. നാലുവരിയുടെ 100 പേജുള്ള ഒരു നോട്ട്‌ബുക്ക് കയ്യില്‍ കരുതുക- കുറേ പുതിയ കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ കിട്ടും, എഴുതിയെടുക്കുക.
  2. സ്പീക്കറുകള്‍ക്ക് അല്പം അകലെ മാറിയിരിക്കുക, അല്ലെങ്കില്‍ ചെവികള്‍ക്ക് തകരാറ് സംഭവിക്കാന്‍ സാധ്യത ഉണ്ട്.
  3. അക്ഷര സ്ഫുടത പരിശീലിക്കാന്‍ പാകത്തിന് നമ്മുടെ നായകന്‍ പറയുന്ന ഓരോ ഡയലോഗുകളും അപ്പപ്പോള്‍ കുറിച്ച് വയ്ക്കുകയോ റിവേഴ്സ് അടിച്ച് വീണ്ടും തറോ ആകുന്നതു വരെ കേള്‍ക്കുകയോ ചെയ്യുക.


  സുരേഷ് ഗോപിയോട് ഒരു വാക്ക്..താങ്കള്‍ ഈ പണി ഇങ്ങനെ തുടരുകയാണെങ്കില്‍ പരലോകത്തുപോലും ഗതിപിടിക്കില്ല.

  ReplyDelete
 14. വൈരത്തെപ്പറ്റിയുള്ള എന്റെ അഭിപ്രായം ദാ ഇവിടുണ്ട്‌.

  http://www.keralawatch.com/election2009/?p=16191

  ReplyDelete
 15. വൈരം കാണാന്‍ പറ്റിയില്ല.പൊതുവേ നല്ല പടമാണെന്നാണ് കേട്ടത് .മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ലാത്ത/മറക്കാന്‍ പാടില്ലാത്ത ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥ എന്ന് കേട്ടു.ഹരി അതിനെക്കുറിച്ചൊന്നും എഴുതിക്കണ്ടില്ല.

  ReplyDelete