കാണാ കണ്മണി (Kaana Kanmani)

Published on: 9/08/2009 06:01:00 AM
Kaana Kanmani - A film by Akku Akbar starring Jayaram, Padmapriya, Baby Niveditha. A film review by Haree for Chithravishesham.
രണ്ടായിരത്തിയെട്ടില്‍ പുറത്തിറങ്ങിയ ‘വെറുതേ ഒരു ഭാര്യ’യ്ക്കു ശേഷം തിരക്കഥാകൃത്ത് കെ. ഗിരീഷ് കുമാറും സംവിധായകന്‍ അക്കു അക്ബറും വീണ്ടും ഒരുമിക്കുകയാണ് ‘കാണാ കണ്മണി’യില്‍. രണ്ടായിരത്തിയേഴില്‍ അക്കു അക്ബറിന്റെ സംവിധാനത്തില്‍ തന്നെ പുറത്തിറങ്ങിയ ‘ഗൗരി - ദി അണ്‍‌ബോണ്‍’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഈ ചലച്ചിത്രം. ജയറാം, പത്മപ്രിയ, ബേബി നിവേദിത തുടങ്ങിയവര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നീത ആന്റോ. ഒരു ഹൊറര്‍ ചിത്രമെന്നതിനേക്കാള്‍ പേടിയുടെ മേമ്പൊടിയുള്ളൊരു കുടുംബചിത്രം എന്ന വിശേഷണമാവും ‘കാണാ കണ്മണി’ക്ക് കൂടുതല്‍ യോജിക്കുക.

 കഥയും, കഥാപാത്രങ്ങളും [ 5/10 ]

പുതുമയുള്ളൊരു ആശയം ചലച്ചിത്രരൂപത്തില്‍ ഒരുക്കിയതിന് കഥാകൃത്ത് അക്കു അക്ബറും തിരക്കഥാകൃത്ത് കെ. ഗിരീഷ് കുമാറും അഭിനന്ദനമര്‍ഹിക്കുന്നു. ആവശ്യത്തിനു മാത്രം കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി, വിഷയത്തിന്റെ ഗൌരവം ചോര്‍ന്നു പോവാതെയാണ് ഗിരീഷ് കുമാര്‍ തിരക്കഥ രചിച്ചിരിക്കുന്നത്. എന്നാല്‍ നല്ലൊരു ആശയം സംവേദിക്കുവാന്‍ (അന്ധ)വിശ്വാസത്തെ കൂട്ടുപിടിച്ചതും; യുക്തിഭദ്രമായി ഒരുക്കുവാന്‍ അവസരം ഉണ്ടായിരിക്കെയും അങ്ങിനെ ചെയ്യാതെയൊരു പ്രേതസിനിമയാക്കുവാന്‍ മനഃപൂര്‍വ്വം ശ്രമിച്ചതും ചിത്രത്തോട് അല്പം അകല്‍ച തോന്നിപ്പിക്കുന്നുണ്ട്. ഭൂരിഭാഗം സംഭാഷണങ്ങളും മികവുപുലര്‍ത്തിയെങ്കിലും, ശിവാനിയുടെ ചില സംഭാഷണങ്ങളും ഉപദേശ സ്വഭാവത്തിലുള്ള മറ്റു ചിലതും കല്ലുകടിയായി അനുഭവപ്പെട്ടു.

 സംവിധാനം [ 6/10 ]

അഭിനേതാക്കളെ കഥയ്ക്കുതകും വിധം ഉപയോഗിച്ചിരിക്കുന്നതില്‍ സംവിധായകന്‍ അക്കു അക്ബര്‍ പ്രശംസയര്‍ഹിക്കുന്നു. ബേബി നിവേദിതയുടെ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നതിലും സംവിധായകന്റെ കൈയടക്കം പ്രകടമാണ്. അസ്ഥാനത്തുള്ള ചില ഗാനങ്ങളും പേടിപ്പിക്കുവാനായി മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്ന ചില രംഗങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ രസവത്തായി കഥ പറഞ്ഞു പോകുവാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. അടിയുറച്ച അന്ധവിശ്വാസികള്‍ക്കു മാത്രം ദഹിക്കുന്ന രീതിയിലൊരു പൊള്ളയായ ക്ലൈമാക്സ് രംഗം വിഭാവനം ചെയ്തതില്‍ മാത്രമാണ് സംവിധയകനോട് ഇഷ്ടക്കേടു തോന്നുന്നത്.

 അഭിനയം [ 8/10 ]

ബേബി നിവേദിത എന്ന ബാലതാരമാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. അനഘയുടേയും ശിവാനിയുടേയും വ്യത്യസ്ത ഭാവങ്ങളുടെ മാറിമറിയലുകള്‍ വളരെ വിശ്വാസയോഗ്യമായി അവതരിപ്പിക്കുവാന്‍ നിവേദിതയ്ക്ക് കഴിഞ്ഞു. ബേബി നിവേദിതയെ പിന്തുണച്ചു കൊണ്ട് തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ജയറാമും പത്മപ്രിയയും മിടുക്കു കാട്ടി. ചിത്രത്തിന്റെ തുടക്കത്തിനല്പം അയവു നല്‍കുവാനായി ഉള്‍പ്പെടുത്തിയിരിക്കുന്ന വിജയരാഘവനും സുകുമാരിയും തങ്ങളുടെ ഭാഗം ഭംഗിയാക്കി. നെടുമുടി വേണു, ബിജു മേനോന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍, സുരാജ് വെഞ്ഞാറമ്മൂടിന്റെ കാര്യസ്ഥന്‍ വേഷം എന്നിവ മാത്രം അല്പം നിറം മങ്ങിയതായി തോന്നിച്ചു.

 സാങ്കേതികം [ 3/5 ]

ചിത്രമാവശ്യപ്പെടുന്ന പിരിമുറുക്കം നല്‍കുവാന്‍ ചിത്രത്തിലെ സാങ്കേതികവിദഗ്ദ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല. ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന ആംഗിളുകള്‍ രസകരമായി തോന്നിയെങ്കിലും മൊത്തത്തില്‍ നോക്കുമ്പോള്‍ വിപിന്‍ മോഹന്റെ ഛായാഗ്രഹണത്തിന് കാര്യമായ മികവ് പറയുവാനില്ല. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗും സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനവും തരക്കേടില്ലാതെ പോവുന്നു. അല്പമാത്രമായ വിഷ്വല്‍ ഇഫക്ടുകള്‍ പലതും തട്ടിക്കൂട്ടി ചെയ്തു എന്നതിനപ്പുറമൊരു കലാവൈദഗ്ദ്ധ്യം അവയില്‍ കാണുവാനില്ല. ശബ്ദലേഖനം കേവലം ബഹളങ്ങളാവാതിരിക്കുവാന്‍ ഈ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ചാള്‍സ്, രാജേഷ്, ജിതിന്‍ എന്നിവര്‍ ശ്രദ്ധ നല്‍കിയത് അഭിനന്ദനീയമാണ്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 2/5 ]

വയലാര്‍ ശരത് എഴുതി ശ്യാം ധര്‍മ്മന്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശുഷ്കമാണ്. “മുത്തേ മുത്തേ...” എന്ന താരാട്ടുപാട്ട് ചിത്രത്തോടു ചേര്‍ന്നു പോവുന്നുണ്ട്. പ്രാധാന്യത്തിനനുസരിച്ചൊരു മികവ് ആ ഗാനത്തിനു നല്‍കുവാന്‍ രചയിതാവിനോ സംഗീതസംവിധായകനോ കഴിഞ്ഞില്ല എന്നത് ഖേദകരമായി. “ആദമല്ലേ ഈ മണ്ണിലാദ്യം...”, “പെണ്‍‌പൂവോ പൊന്നേ...” എന്നീ ഗാനങ്ങളാവട്ടെ ശാന്തിയൊരുക്കിയ നൃത്തച്ചുവടുകളുടെ രസത്തില്‍ മാത്രം കണ്ടിരിക്കാവുന്നവയാണ്.

 ആകെത്തുക [ 6.0/10 ]

കണ്ടിറങ്ങുന്നവരുടെ മനസിലൊരു നൊമ്പരമായി അവശേഷിക്കുന്ന ബേബി നിവേദിതയുടെ അഭിനയമികവാണ് ചിത്രത്തിനു ജീവന്‍ നല്‍കുന്നത്. അന്ധവിശ്വാസത്തിന്റെ മേലാണ് പൊലിപ്പിച്ചെടുത്തിരിക്കുന്നതെങ്കിലും, ചിത്രം മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങള്‍ പ്രസക്തമാണ്. സിനിമയുടെ പ്രതിപാദ്യത്തെക്കുറിച്ച് ഒന്നു ചിന്തിക്കാതെ വെറുതേ ഈ ചിത്രം കണ്ടു മറക്കുവാന്‍ ആരാലും കഴിയില്ല; ഒരിക്കലെങ്കിലും ഭ്രൂണഹത്യ ചെയ്തവര്‍ക്കാവട്ടെ, ഉള്ളൊന്നു പിടയാതിരിക്കുകയുമില്ല. സൂപ്പര്‍ സ്റ്റാറുകളുടെ പതിവു കെട്ടുകാഴ്ചകളില്‍ നിന്നും മുക്തമായ ഈ ഓണക്കാലത്ത്, ‘കാണാ കണ്മണി’ പോലെ പുതുമയുള്ളൊരു ചിത്രം വിജയിക്കുമെന്നു തന്നെ കരുതാം.

Description: Kana Kanmani (Kanakkanmani) - A Malayalam (Malluwood) film directed by Akku Akbar (Aku Akbar); Starring Jayaram, Padmapriya, Baby Niveditha, Biju Menon, Suraj Venjaramoodu, Nedumudi Venu, Vijayaraghavan, Sukumari; Produced by Neeta Anto; Story by Akku Akbar; Screenplay and Dialogues by K. Gireesh Kumar; Camera (Cinematography) by Vipin Mohan; Editing by Ranjan Abraham; Art Direction by Suresh Kollam; Stunts (Action) by ; Background Score by ; Sound Effects by Charles, Rajesh, Jithin; DTS Mixing by Vinod; Titles by ; Make-up by ; Costumes by ; Lyrics by Vayalar Sharath; Music by Shvyam Dharman; Choreography by Santhi; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Sep 04 2009 Release.
--

29 comments :

 1. അക്കു അക്ബര്‍ - കെ. ഗിരീഷ് കുമാര്‍ എന്നിവര്‍ വീണ്ടുമൊന്നിക്കുന്ന ജയറാം ചിത്രം. ‘കാണാ കണ്മണി’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഇത് അക്കുവിന്റെതന്നെ ഗൌരി ദ അണ്‍ബോണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ മലയാളം വേര്‍ഷന്‍ ആണ്....  ഇവിടെ നോക്കൂ

  കാണണം എന്ന് ഉണ്ടായിരുന്നു നാട്ടില്‍ പോയപ്പോ പക്ഷേ സമയം കിട്ടിയില്ലാ... നല്ല മഴ ആയിരുന്നു.... അപ്പോ കാണാം എന്നാണോ????

  ReplyDelete
 3. ഓണത്തിന് സൂപ്പര്‍ താരങ്ങളുടെ കോപ്രായ സിനിമകള്‍ ഇറങ്ങാതിരുന്നത് നന്നായി എന്ന് തോന്നുന്നു !!!!!! വിപിന്‍ മോഹന്റെ ചായാഗ്രഹണത്തെ പറ്റി എല്ലാ റിവ്യൂ-ഇലും നല്ല അഭിപ്രായം ആണല്ലോ എഴുതിയിരിക്കുന്നത് !!! ഹരിക്ക് പിടിച്ചില്ലേ?

  ReplyDelete
 4. ഹരീ എനിക്ക് ഈ ചിത്രം വല്ലാതെ ഇഷ്ടപ്പെട്ടു ...............

  എത്ര നാളായി നല്ല ഒരു മലയാളം സിനിമ കണ്ടിട്ട് .................!!!

  ഇങ്ങനെ മെസ്സേജ് ഉള്ള സിനിമകള്‍ ആണ് നമ്മള്‍ക്ക് വേണ്ടത്


  ഇനി ഒരു 6 മാസത്തേക്ക്‌ മലയാള സിനിമ കാണാതിരുന്നാല്‍ ..........

  മലയാള സിനിമയെ കുറിച്ചുള്ള നമ്മുടെ അഭിപ്രായത്തിനു ഒരു കോട്ടവും സംഭവിക്കില്ല.

  ReplyDelete
 5. റീമേക്കും,ഭ്രൂണഹത്യയും,ഹൊററും.......!!!?
  മിശ്രവിവാഹിതരായ ദമ്പതികളുടെ കുടുംബ പ്രശ്നങ്ങളാണ് ഇതിവൃത്തം എന്ന് സംവിധായകനും,തിരക്കഥാകൃത്തും മാധ്യമങ്ങളില്‍ പറഞ്ഞത് പ്രേക്ഷകരെ പേടിച്ചിട്ടാണോ?
  നോമ്പിനെ പേടിച്ച് സൂപ്പര്‍ താരങ്ങള്‍ ഇറങ്ങാതിരുന്ന,ഈ ഓണം സീസണില്‍ കാണാകണ്മണി വിജയിക്കും എന്ന് പ്രത്യാശിക്കാം.

  ReplyDelete
 6. ദേശീയതലത്തില്‍ മലയാള സിനിമയ്ക്ക് അംഗീകാരങ്ങള്‍ ലഭിച്ചതും 'കാണാകണ്മണി' പോലെയുള്ള ചിത്രങ്ങളുടെ വരവും മൃതപ്രായമായി കിടക്കുന്ന മലയാള സിനിമയ്ക്ക് പുതുജീവന്‍ നല്കട്ടെയെന്നു മനസിന്റെ നല്ലപാതി ആശംസിക്കുന്നു. (ഇപ്പോള്‍ അനൌണ്‍സ് ചെയ്തിട്ടുള്ള ഭൂരിഭാഗം ചിത്രങ്ങളുടെയും ‍കഥയുടെയും കഥാപാത്രങ്ങളുടെയും ഏകദേശ രൂപം വായിച്ചു മനസിലാക്കുമ്പോള്‍ അടുത്ത കാലത്തൊന്നും ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവില്ല മോനെ എന്നാണ് മനസിന്റെ ചീത്തപാതി പറയുന്നത്).
  നമുക്ക് നല്ലപാതിയുടെ വാക്ക് വിശ്വസിക്കാം, അല്ലെ?

  റിവ്യൂ വിനു നന്ദി, അഭിനന്ദനങ്ങള്‍...!

  ReplyDelete
 7. ജയറാമിന്റെ ചില സീനുകളിലെ അഭിനയം വളരെ മോശമായിത്തോന്നി. ഉദാഹരണത്തിനു ശിവാനി ആയി അനഘ സംസാരിച്ചു തുടങ്ങുമ്പോള്‍ എല്ലാം ഒരേ ഭാവമാണു ജയറാമിനു. ഒരു ആത്മാവ് ആണു എന്ന് ഒര്‍ക്കണം, അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തല സംഗീതം ആണു കൊടുത്തിരിക്കുന്നതു. എന്നാന്‍ ജയറാമിനു നിറകണ്ണുകളോടു കൂടിയുള്ള ഒരേ ഭാവം മത്രം. പത്മ പ്രിയ അതിലും മികച്ചു നിന്നു.

  ReplyDelete
 8. @ രായപ്പന്‍,
  ഇതു ഞാന്‍ തുടക്കത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ! അന്ന് ആ ചിത്രം കാണണമെന്നു കരുതിയതാണ്. പക്ഷെ കേരളത്തില്‍ അത് റിലീസ് ചെയ്തില്ലെന്നു തോന്നുന്നു.

  @ Justin Aloor,
  വിപിന്‍ മോഹന്റെ ഛായാഗ്രഹണം മോശമായെന്നു ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ, മറ്റൊരു ട്രീറ്റ്മെന്റ് ആവുമായിരുന്നു ഈ സിനിമയ്ക്ക് കൂടുതല്‍ ചേരുകയെന്നു തോന്നുന്നു. :-)

  @ Munna,
  :-) നന്ദി.

  @ ആദര്‍ശ്║Adarsh,
  ഹെന്റമ്മേ അങ്ങിനെ പറഞ്ഞുവോ? ഇതിലത് ഒരു വിഷയമേയല്ല! അതെന്തിനാണ് നോമ്പിനെ പേടിച്ച് ഇറങ്ങാതിരിക്കുന്നത്? നോമ്പുകാലത്ത് സിനിമകള്‍ കണ്ടൂട എന്നുമുണ്ടോ?

  @ കുരാക്കാരന്‍...!,
  2007-ലെ അവാര്‍ഡുകള്‍ ഇപ്പോഴെങ്കിലും കൊടുത്തതു നന്നായി. അവാര്‍ഡു കിട്ടിയവരുടെ പുതിയ പടങ്ങള്‍ അടുത്തതിനു തയ്യാറായിക്കഴിഞ്ഞു. നന്ദി. :-)

  @ അനൂപ് അമ്പലപ്പുഴ,
  ഉം... അങ്ങിനെ പറയാം. പക്ഷെ, ശിവാനിയായി വരുമ്പോള്‍ ഓവര്‍ ആക്ട് ചെയ്ത് കുളമാക്കുന്നതിലും നല്ലതിതു തന്നെ. (‘വിന്ററി’ലെ പേടി ഒന്നു കാണേണ്ടതു തന്നെയാണ്!)
  --

  ReplyDelete
 9. റിവ്യൂവും, കഥയുടെ ഉള്ളടക്കവും വായിച്ചാല്‍ തന്നെ അറിയാം ഇതൊരു സ്റ്റുപ്പിഡ് ഫിലിം ആണെന്നു. മെഗാ ഹിറ്റു തന്നെ മണക്കുന്നു. ജയറാം കൂടിയാല്‍ ഒരു രണ്ടു പടം കൂടി, അതു കഴിഞ്ഞു ആന പാപ്പാന്‍ ആയി കഴിയാം.

  ReplyDelete
 10. നല്ല സിനിമകള്‍ കണ്ണിനു പിടിക്കാത്തെ ഒരു കൂട്ടമേ കേരളത്തിലുള്ളൂ.... പൊണ്ണത്തടിയന്‍ കിളവന്റെ ഫാനുകള്‍!!! നല്ലത്‌ ആര്‍ക്കോ അറിയില്ല എന്ന പഴഞ്ചൊല്ല്‌ ഓര്‍മ്മ വരുന്നു...!!!

  @ ഹരീ.... സിനിമ കാണണം എന്നു കരുതുന്നു.... നല്ല അഭിപ്രായമാണ് സുഹ്രുത്തുക്കളില്‍ നിന്നും ലഭിക്കുന്നത്‌...

  ReplyDelete
 11. സിനിമ കണ്ടു. താങ്കളുടെ റിവ്യൂവും വായിച്ചു. രണ്ടും ഒട്ടും ലോജിക്കല്‍ ആയി എനിക്ക് തോന്നി ഇല്ല. സിനിമ നല്‍കുന്ന സന്ദേശം മാത്രം കൊള്ളാം. "ബ്രൂണ ഹത്യ പാപമാണ്". പക്ഷെ അത് പോലുള്ള നല്ലൊരു സന്ദേശം നല്‍കാന്‍ ഇത്രയും യുക്തിക്കു നിരക്കാത്ത ഒരു തീം വേണമായിരുന്നോ? പ്രേതം ഭൂതം ഇതൊക്കെ മലയാള സിനിമയില്‍ ഇതിനു മുന്‍പും വന്നിട്ടുണ്ട്. പക്ഷെ അതൊക്കെ ഒന്നുകില്‍ ഇല്ല്യുഷന്‍ അല്ലെങ്കില്‍ ഒരാള്‍ മാത്രം കാണുന്നു എന്നൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിപ്പം കഥയിലെ എല്ലാവരും പ്രേതത്തെ കാണുന്നു. ആദ്യം പ്രേതത്തെ കണ്ട നായികയോട് നായകന്‍ പറയുന്നു ഇതു വെറും തോന്നല്‍ ആണ് എന്ന്. എന്നാല്‍ പിന്നീട് നായകനും കണ്ടു ഭോദ്യമാകുന്നു അത് ശരിക്കും പ്രേതം ആണെന്ന്. പിന്നീട് ഇതൊന്നും വിശ്വസിക്കാത്ത നായകന്റെ സുഹൃത്തിനോട് പറയുന്നു പ്രേതം ഉണ്ടെന്ന്. അങ്ങനെ എല്ലാരും പ്രേതത്തെ കാണുന്നു. സിനിമ കാണുന്ന പ്രേക്ഷകന്‍ മണ്ടനും ആകുന്നു.

  സിഫി.കോം എന്ന സൈറ്റില്‍ നല്ല റിവ്യൂ കണ്ടാണ്‌ ഞാന്‍ പടം കാണാന്‍ പോയത്. നിരാശപെടുത്തി എന്ന് മാത്രമല്ല ആ കണ്മണിയെ കാണെണ്ടി യിരുന്നില്ല എന്ന് വരെ തോന്നി പോയി.

  ഇനി താങ്കളുടെ റിവ്യൂ നെ കുറിച്ച്
  കഥയും കഥാപാത്രത്തിനും പത്തില്‍ അഞ്ചു -
  ഒന്നുകില്‍ ഒരു മുഴുനീള ഹൊറര്‍ ചിത്രം, അല്ലെങ്കില്‍ കഥയിലെ സന്ദേശം നന്നായി അവതരിപ്പിക്കാന്‍ ഉള്ള ഒരു ശ്രമം. അത് രണ്ടു ഇല്ലാത്ത ഒരു കഥയ്ക്ക് എങ്ങനെ പാസ്‌ മാര്‍ക്ക്‌ നല്‍കി?

  സംവിധാനം - ആറ് മാര്‍ക്ക്‌ കൊടുത്തത് ഒരു തരത്തിലും മനസ്സിലായില്ല
  സിനിമയിലേക്ക് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു ഘടകം പോലും ഇല്ല ഈ സിനിമയില്‍. ഇതൊരു സീരിയല്‍ ആയിരുന്നെങ്കില്‍ ഇതു മതി എന്ന് പറയാം. പക്ഷെ വെറുതെ ഒരു ഭാര്യ എന്ന സിനിമ എടുത്ത ശ്രീ അക്കു അക്ബര്‍ എന്ന കഴിവുള്ള സംവിധായകനില്‍ നിന്ന് പ്രേക്ഷകര്‍ ഇതല്ല പ്രതീക്ഷിക്കുന്നെ.

  അഭിനയം പത്തില്‍ എട്ടോ? ഹരിക്ക് തെറ്റിയതാണ് എന്ന് ഞാന്‍ വിശ്വസിക്കട്ടെ.
  ഭ്രമരം എന്ന സിനിമയ്ക്കു പോലും താങ്കള്‍ പത്തില്‍ ഏഴാണ് കൊടുത്തത്. അതിലെ മോഹന്‍ ലാലിന്റെ മകളായി അഭിനയിച്ച കുട്ടി മോശമായിരുന്നു കൊണ്ടാണ് പത്തില്‍ ഏഴു എന്ന് പറഞ്ഞാല്‍ സമ്മതിക്കുന്നു. ഇല്ലെങ്കില്‍ ഇതു ജനങളെ തെറ്റി ധരിപ്പിക്കുന്ന മാര്‍ക്ക്‌ ആണ്.

  സാങ്കേതികം : അഞ്ചില്‍ മൂന്ന് മാര്‍ക്ക്‌ കൊടുക്കാന്‍ ഈ സിനിമക്ക് ടെക്നിക്കല്‍ ആയി യാതൊന്നും ഇല്ല. എന്തെകിലും ഉണ്ടെകില്‍ അത് അതിന്റെ ഹിന്ദി പതിപ്പില്‍ നിന്ന് കടം എടുത്തു എന്ന് മാത്രമേ പറയാനാകൂ.

  പട്ട്- പത്തില്‍ അഞ്ചു -സമ്മതിച്ചു. താരാട്ടു പട്ട് ഒരു നാലഞ്ച്‌ തവണ കേള്‍ക്കാന്‍ കൊള്ളാം.

  ആദ്യ പകുതി ഒരു വിധം തട്ടിയും മുട്ടിയും പോയി. രണ്ടാം പകുതിയില്‍ പടം ഒരു സാധാരണ സീരിയലിന്റെ നിലവാരത്തിലേക്ക് വീണു. ഇതാണോ പത്തില്‍ ആറ് മാര്‍ക്ക്‌ നല്‍കിയ ഒരു സിനിമയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്? എങ്കില്‍ അവര്‍ നിരാശരാകും.

  കാന്ത സാമി എന്ന് പടത്തിന് സിഫി കിടിലന്‍ എന്ന റിവ്യൂ ആണ് കൊടുത്തത്. സിനിമ കണ്ടു കഴിഞ്ഞാണ് സിഫി പറയുന്നത് വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് ബോധ്യം ആയതു. ആ പാഠത്തില്‍ നിന്ന് ഞാന്‍ പഠിക്കാത്തത് കൊണ്ട് ഇന്ന് കാണാ കണ്മണി കണ്ടു. ഒരു കാര്യം മനസ്സിലായി. സിഫി.കോം നല്ലത് എന്ന് പറഞ്ഞാല്‍ ആ പടം കാണരുത്. ചിത്രവിശേഷം എന്ന സൈറ്റും അത് പോലെ ആകാതെ കുറച്ചു കൂടെ ക്രിയാത്മകമായി സിനിമകള്‍ വിലയിരുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 12. @ വിന്‍സ്,
  :-) അഭിപ്രായത്തിനു നന്ദി.

  @ പിള്ളാച്ചന്‍,
  കണ്ടു നോക്കൂ... :-)

  @ വിഷ്ണു,
  ഓരോന്നിനും എന്തുകൊണ്ട് അത്രയും മാര്‍ക്ക് നല്‍കി എന്നതല്ലേ വിശേഷത്തില്‍ പറഞ്ഞിരിക്കുന്നത്. അഭിനയം എന്നതില്‍ ‘ഭ്രമര’ത്തിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നതിനാല്‍; അതില്‍ മോഹന്‍‌ലാലും നിവേദിതയും ചെയ്ത വേഷങ്ങള്‍ മികച്ചു നിന്നു, മറ്റുള്ളതെല്ലാം പിന്നിലായി എനാണ് പറഞ്ഞത്. അതിനാലാണ് 7 നല്‍കിയത്. ഇവിടെ ഉള്ളവരെല്ലാം നന്നായി ചെയ്തിട്ടുണ്ട്, നിവേദിത കൂടുതല്‍ മികവു പുലര്‍ത്തുകയും ചെയ്തു. അതിനാല്‍ 8 ആയി. പാട്ടിന് 2/5 ആണ് നല്‍കിയിരിക്കുന്നത്. താരാട്ടു പാട്ട് അത്ര നന്നായെന്നു തോന്നിയതുമില്ല. എനിക്കു തോന്നുന്നത് ഇവിടെ പോയിന്റ് നല്‍കുന്നതിനെക്കുറിച്ച് കഴിഞ്ഞ ആനിവേഴ്സറി പോസ്റ്റില്‍ എഴുതിയത് വിഷ്ണു വായിച്ചിട്ടില്ല എന്നാണ്. അതു കൂടി ഒന്നു നോക്കൂ... കഥയിലെ അന്ധവിശ്വാസത്തിന്റെ പ്രശ്നം ഞാന്‍ വിശേഷത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. (പ്രേതത്തെ ഒരാള്‍ മാത്രമല്ല, പല / എല്ലാ കഥാപാത്രങ്ങളും കാണുന്ന രീതിയില്‍ മുന്‍പും ചിത്രങ്ങളുണ്ടായിട്ടുണ്ട്; ‘ആകാശഗംഗ’, ‘വെള്ളിനക്ഷത്രം’...)
  --

  ReplyDelete
 13. കമന്റ്‌ ചെയ്തു കഴിഞ്ഞാണ്‌ ഞാന്‍ പാട്ടിന്‍റെ മാര്‍ക്ക്‌ എഴുതിയത് തെറ്റ് എന്ന് ബോധ്യമായത്. ക്ഷമിക്കണം. പിന്നെ ബേബി നിവേദിത ഒഴിച്ച് ബാക്കി ആരും അത്ര നല്ല പെര്‍ഫോമന്‍സ് കാഴ്ച വച്ചത് കണ്ടില്ല. ജയറാമിന്റെ സ്ഥിരം പ്രോടോടൈപ്പ് റോള്‍. വിജയരാഘവന്റെ തൃശൂര്‍ ഭാഷ വളരെ അരോചകമായി തോന്നി. നെടുമുടിയും ബിജു മേനോനും പദ്മപ്രിയയും വെറും ആവറേജ് എന്ന് മാത്രം. അവരുടെ ഒക്കെ എത്രയോ ശക്തമായ കഥാപാത്രങ്ങള്‍ നാം കണ്ടിരിക്കുന്നു. അവരുടെ അഭിനയ ശേഷി അത്രകണ്ട് പ്രകടിപ്പികണ്ട ശക്തമായ റോളുകള്‍ അല്ല കാണാകണ്മണിയില്‍ എന്ന് പറയാം.

  പോയിന്റ് നല്‍കിയത് മനസ്സിലായി നാല്‍പ്പതില്‍ ഇരുപത്തി നാലു അഥവാ അറുപതു ശതമാനം. പക്ഷെ അതിനുള്ള വകുപ്പ്‌ ഈ സിനിമക്ക് എനിക്ക് തോന്നി ഇല്ല. പിന്നെ ‘ആകാശഗംഗ’, ‘വെള്ളിനക്ഷത്രം’ എന്നിവയ്ക്ക് ഒരു സാധാരണ സിനിമ ആസ്വാദകന്‍ പത്തില്‍ മൂന്നില്‍ കൂടുതല്‍ മാര്‍ക്ക്‌ കൊടുക്കില്ല എന്നാണ് എന്‍റെ വിശ്വാസം.

  ഇതു എന്‍റെ ഒപ്പം സിനിമ കണ്ട ഭൂരിഭാഗം പേരുടേയും അഭിപ്രായം ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം അത് പോലെ ആയിരുന്നു പ്രതികരണങ്ങള്‍. ഒരു പക്ഷെ കൂടുതല്‍ പ്രതീക്ഷ വച്ച് കണ്ടത് കൊണ്ടാകും എന്തിനും ഏതിനും ഞാന്‍ ഈ സിനിമക്ക് ഒരു കുറ്റം കണ്ടു പിടിക്കുന്നെ ;-)
  ഹരിയങ്ങ് ക്ഷമി....

  പിന്നെ ഇത്രെയും താരങ്ങളും, ഫാന്‍സ്‌ സംഘടനകളും ഉള്ള നമ്മുടെ കൊച്ചു കേരളത്തില്‍ അവരുടെ എല്ലാ പ്രതികരണങ്ങള്‍ക്കും മറുപടി പറയുന്ന ചിത്രവിശേഷത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു. ആശംസകള്‍. റംസാന്‍ റിലീസ് സിനിമകള്‍ എല്ലാ വിധ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടട്ടെ എന്ന് വിശ്വസിക്കുന്നു

  ReplyDelete
 14. ഹരീ ........
  ഹരി (മറ്റുള്ളവരും) എങ്ങിനെയാണ് ഇതിനെ ഒരു പ്രേത സിനിമ ആക്കിയത് ..........
  ആത്മാവ് എന്ന സങ്കല്‍പം പ്രേതമാണോ.........?
  പ്രേതമെന്നാല്‍ ശവം എന്നല്ലേ അര്‍ഥം ..............?
  ഒരിക്കലും ജനിക്കാത്ത ശിവാനി എങ്ങിനെയാ പ്രേതമാവുന്നത്........?
  ഈ കഥ പറയാന്‍ ഇതിലും നല്ല ഒരു മാര്‍ഗം ഹരിക്ക് പറയാവോ.....?

  ReplyDelete
 15. @ വിഷ്ണു,
  ആദ്യ കമന്റിനുള്ള മറുപടി വിശേഷത്തിലെ ‘അഭിനയം’ എന്നതു തന്നെയാണ്. നിവേദിതയൊഴികെ മറ്റാര്‍ക്കും ചിത്രത്തില്‍ പറയത്തക്ക പ്രാധാന്യമില്ല. (പ്രാധാന്യം ഇതിലധികം നല്‍കേണ്ടതുണ്ടെന്നും തോന്നുന്നില്ല.) ഉള്ള റോള്‍ അവര്‍ ഭംഗിയാക്കിയിട്ടുമുണ്ട്.

  ‘ആകാശഗംഗ’, ‘വെള്ളിനക്ഷത്രം’ എന്നിവയെക്കുറിച്ച് പറഞ്ഞത് നിലവാരം താരതമ്യം ചെയ്യുവാനല്ലല്ലോ! “പ്രേതം ഭൂതം ഇതൊക്കെ മലയാള സിനിമയില്‍ ഇതിനു മുന്‍പും വന്നിട്ടുണ്ട്. പക്ഷെ അതൊക്കെ ഒന്നുകില്‍ ഇല്ല്യുഷന്‍ അല്ലെങ്കില്‍ ഒരാള്‍ മാത്രം കാണുന്നു എന്നൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിപ്പം കഥയിലെ എല്ലാവരും പ്രേതത്തെ കാണുന്നു..”

  പിന്നണിയില്‍ പ്രവര്‍ത്തകരൊന്നുമില്ല, ഒരാളേയുള്ളൂ. :-) മറുപടി പറയുന്നില്ലായെങ്കില്‍ ബ്ലോഗ് എന്ന മാധ്യമം ഉപയോഗിക്കുന്നതില്‍ എന്തു പ്രത്യേകത, അതുകൊണ്ട് പറയുന്നതാണ്. തുടര്‍ന്നും കമന്റുകളെഴുതൂ...

  @ Munna,
  ഇതൊരു പ്രേതസിനിമയാണ് എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത്? (മുകളിലെ മറുപടിയില്‍ പ്രേതം എന്നുപയോഗിച്ചിരിക്കുന്ന കോണ്ടക്സ്റ്റ് തന്നെ വ്യത്യസ്തമാണ്.) പേടിയുടെ മേമ്പൊടിയുള്ള ഒരു കുടുംബചിത്രം എന്നാണ് പറഞ്ഞത്. (ഇനി ശിവാനി വെറുമൊരു ആത്മാവാണെങ്കില്‍, നിലത്ത് ആളില്ലാതെ കാല്പാടുകള്‍ പതിയുന്നതൊക്കെ എന്താണ് അര്‍ത്ഥമാക്കുന്നത്?) തീര്‍ച്ചയായും; ഒരു കുട്ടിയെ വേണ്ട എന്നുവെച്ച ദമ്പതിമാരുടെ മാനസികപ്രശ്നമായോ മറ്റോ , അന്ധവിശ്വാസത്തെ കൂട്ടുപിടിക്കാതെ അവതരിപ്പിക്കാമായിരുന്നു. (‘മണിചിത്രത്താഴ്’ അങ്ങിനെയൊരു ഹൊറര്‍ ചിത്രത്തിനു മികച്ച ഉദാഹരണം.) പ്രേതം = ശവം, പരേതാത്മാവ്, ദുര്‍‌ദേവത എന്നൊക്കെ അര്‍ത്ഥം പറയാം. ഒരിക്കലും ജനിക്കാത്ത ശിവാനി പ്രേതമാവില്ല എന്ന വിശ്വാസത്തെയാണ് ചിത്രം ഖണ്ഡിക്കുന്നത്!
  --

  ReplyDelete
 16. ഞാനും കണ്ടു.. നല്ല വിഷയം.. പക്ഷെ പ്രേതം കേറി കുളമാക്കി..

  മുന്നയുടെ ഈ ചോദ്യം

  "ഈ കഥ പറയാന്‍ ഇതിലും നല്ല ഒരു മാര്‍ഗം ഹരിക്ക് പറയാവോ.....?"

  സിനിമയെന്നാല്‍ ആസ്വദിക്കാന്‍ മാത്രമുള്ളത് എന്ന് വിശ്വാസക്കാരായിരുന്നു എന്റെ കൂടെയുണ്ടായിരുന്നത്.. അതുകൊണ്ട് തന്നെ പ്രേതത്തെ എങ്ങിനെ മാറ്റാം ന്ന് ഒരു പത്ത് തിരക്കഥയെങ്കിലും എല്ലാരും കൂടി ഇറക്കി.. സിനിമ കണ്ടതിനേക്കാള്‍ രസകരമായത് ആ ചര്‍ച്ച തന്നെ..

  ReplyDelete
 17. ഹരീ.. താങ്കളുടെ റിവ്യൂ വായിച്ച ശേഷമാണ്‌ ഈ സിനിമ ഞാന്‍ കണ്ടത്‌.

  ഈ ചിത്രത്തിന്റെ ആദ്യഭാഗങ്ങളില്‍ അധികവും (കോമഡി ശ്രമങ്ങളടക്കം) ആവറേജില്‍ താഴെയുള്ള നിലവാരമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്‌ എന്റെ അഭിപ്രായം. വിജയരാഘവന്‍, സുകുമാരി, സുരാജ്‌ വെഞ്ഞാര്‍മൂട്‌ തുടങ്ങിയവരുടെയെല്ലാം സീനുകളില്‍ ഈ കുറവ്‌ അനുഭവപ്പെട്ടിരുന്നു.

  സബ്ജക്റ്റില്‍ ഒരു പുതുമയുണ്ടായിരുന്നു എന്നതാണ്‌ ഒരു പോസിറ്റീവ്‌ ആയ ഘടകം. 'ഭ്രൂണഹത്യയ്ക്കെതിരെയുള്ള പ്രചാരണത്തിനും ഭ്രൂണഹത്യ നടത്താന്‍ ആഗ്രഹിക്കുന്നവരെ ഭയപ്പെടുത്തി അത്തരം നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കാനും ഉപകരിക്കാവുന്ന ചിത്രം' എന്നതേ ഈ ചിത്രത്തെ പൊതുവേ വിലയിരുത്താനാകൂ എന്ന് എനിയ്ക്ക്‌ തോന്നി.

  പത്മപ്രിയ, ബേബി നിവേദിത എന്നിവരുടെ പ്രകടനം നിലവാരം പുലര്‍ത്തി.

  സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ചെറിയൊരു ഇമ്പാക്റ്റ്‌ ഉണ്ടാക്കാന്‍ കഴിഞ്ഞുവെങ്കിലും മൊത്തത്തില്‍ വലിയ സംതൃപ്തി കിട്ടിയില്ല എന്നതാണ്‌ സത്യം.

  ReplyDelete
 18. ചിത്രം തീരെ തൃപ്തിപ്പെടുത്തിയില്ല :( ബേബി നിവേദിതയുടെ അഭിനയം അസഹ്യമാണ്. (തിലകനും കവിയൂര്‍ പൊന്നമ്മയുമൊക്കെ പറയേണ്ടുന്ന ഡയലോഗുകള്‍ കൊച്ചുകുട്ടികളുടെ വായില്‍ തിരുകിവെക്കുന്നത് മലയാളത്തിലെ പണ്ടുമുതലേയുള്ള ഒരു രീതിയാണ്. ഫാസിലാണ് ഇതിന്റെ തലതൊട്ടപ്പന്‍)
  വലിയ അഭിപ്രായങ്ങള്‍ കേട്ടതിന്റെ ഉറപ്പിലാണ് വെറുതെ ഒരു ഭാര്യയും കണ്ടത് അതും നിരാശപ്പെടൂത്തിയപോലെ ഈ ചിത്രവും നിരാശപ്പെടുത്തി.

  ReplyDelete
 19. @ ഇട്ടിമാളു,
  :-) നന്ദി.

  @ സൂര്യോദയം,
  :-) അഭിപ്രായത്തിനു നന്ദി. ഹിന്ദിയിലിറങ്ങിയപ്പോഴും അങ്ങിനെ തന്നെയാണ് വിലയിരുത്തപ്പെട്ടത്.

  @ |santhosh|സന്തോഷ്|,
  അത്ഭുതമില്ല. നമ്മുടെ ഇരുവരുടേയും ആസ്വാദന രീതി തികച്ചും വിഭിന്നമാണ്. :-)
  --

  ReplyDelete
 20. പിന്നേ ഈ പടം കാണിച്ചാല്‍ മതി ഭ്രൂണ ഹത്യ ചെയ്യാന്‍ പോവുന്നവരൊക്കെ പ്രേതം വരും എന്നു കണ്ടു പിന്മാറാന്‍. സത്യത്തില്‍ ഈ റിവ്യൂ ആണു ഇതു അട്ടര്‍ നോണ്‍സെന്‍സ് ആയിരിക്കും ഈ ഫിലിം എന്നു എനിക്കു തോന്നാന്‍ കാരണം. അല്ലേലും ഹരിയുടെ റിവ്യൂസില്‍ ദിലീപ്, ജയറാം, ജയസൂര്യ, പ്രഥ്വി തുടങ്ങിയ തേര്‍ഡ് റേറ്റ് ആക്ടേര്‍സിന്റെ പടത്തിനു അഞ്ചില്‍ കൂടുതല്‍ മാര്‍ക്ക് ഉണ്ടെങ്കില്‍ അതു കാണാന്‍ പോവതിരിക്കുകയാ മെച്ചം. ഇവരുടെ ഒക്കെ നല്ല പടം എന്നു ഹരി പറയുന്ന മിക്ക പടവും ചവര്‍ ആയിരിക്കും.

  പിന്നെ സിഫി റിവ്യൂ ഒക്കെ വായിച്ചേച്ചു പടം കാണാന്‍ പോവുന്നവരോട് എന്നാ പറയാനാ?? ഞാന്‍ പറഞ്ഞതു പോലെ ഈ പടം മെഗാ ജിഗാ ആയല്ലോ. ജയറാം കൂടിയാല്‍ രണ്ടോ മൂന്നോ പടം കൂടി. അതും അത്രയും ഇനി ചാന്‍സ് കിട്ടിയാല്‍!!!

  ReplyDelete
 21. പ്ലീസ് ഈ പടം ചെറിയ കുട്ടികളുമായി പോയി കാണരുത്. അനുഭവം ഗുരു..

  ReplyDelete
 22. ഹരിയുടെ ഫിലിം റിവ്യ്യു ...മല്ലു വേള്‍ഡിലേക്കു കോപ്പി ചെയ്യുന്നുണ്ട്......http://www.malluforum.com/viewtopic.php?t=14443

  ReplyDelete
 23. @ വിന്‍സ്, കുട്ടന്‍‌മേനോന്‍,
  നന്ദി. :-)

  @ Jithu,
  മറ്റു പല ഫോറങ്ങളിലും കോപ്പി-പേസ്റ്റ് ചെയ്യുന്നുണ്ട്. എന്തു ചെയ്യാനാണ്‌... അതു ശ്രദ്ധിക്കാറില്ല ഇപ്പോള്‍... ചൂണ്ടിക്കാണിച്ചതിനു നന്ദി. :-)
  --

  ReplyDelete
 24. Vince Sir,

  പിന്നേ ഈ പടം കാണിച്ചാല്‍ മതി ഭ്രൂണ ഹത്യ ചെയ്യാന്‍ പോവുന്നവരൊക്കെ പ്രേതം വരും എന്നു കണ്ടു പിന്മാറാന്‍ ->akku akbartinte intesion ithanu ennu thonunilla.Cinima ennuthathu oru entertaniner enna reethiyl kanunathanu nalatthu ennu thonunnu.Allathe kadnu padichu jeevithathil impliment cheyyanallao nammal padam kanan pokunnathu alle? Padathil valla useful tips alla elements undeingil,athu namuku nallathu ennu thoniyal sweekarikkam ,athalle sari.Allathe ee padangal ellam jeevithathilkulla oru ner kazhcha ano? Robin hood kandittu nale ravile arenglum ATM thakarkan irangumo?

  Pinee...ദിലീപ്, ജയറാം, ജയസൂര്യ, പ്രഥ്വി തുടങ്ങിയ തേര്‍ഡ് റേറ്റ് ആക്ടേര്‍സ..athu enthu rating anu ennu manasilayila..Jayaramninte Karunayam ,thoovalkotaram ennvia kurachu koode jeevithathodu aduthu nilkunnava aayrunnu ennanu ente abiprayam.Athu pole Jathakam enna cinema..kurachu kude nalla messege samoothathinu nalkiyrunnu.Athu kondu valla karyavum undayo aal daivangalum vyaja swamimarum azhinjadunna nammude nattil? kure kavadiyum oru boradum undeilgil arude jeevthavum jyothityamnakkittu panthadam ennaathu oru fact aayi epozhum avasehikunlee?

  Hari..Oru chodyam..engana malayathil comment idunne?

  ReplyDelete
 25. @ bipin,
  മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഗൂഗിളിന്റെ സംവിധാനം പ്രയോജനപ്പെടുത്താം. ഇവിടം സന്ദര്‍ശിക്കുക.
  --

  ReplyDelete
 26. this movie is a stupid one though the msg t tries to convey is good....saw it in dvd....a thread ruined by stupid handling by the makers..un wanted horror angle made it un intentionally funny

  ReplyDelete
 27. ഈയൊരു റിവ്യൂ വായിച്ചതു കൊണ്ട് മാത്രമാണ് 60 രൂപ മുടക്കി ഞാന്‍ ഇത് കണ്ടത്. ആ കാശു വല്ല തോട്ടിലും പോയാലും എനിക്ക് ഇത്രേം സങ്കടം തോന്നില്ലായിരുന്നു. ഏതായാലും ഒന്ന് തീരുമാനിച്ചു. ഈ ബ്ലോഗു വായിച്ചു ഞാനിനി ഫിലിം കാണാന്‍ തീരുമാനിക്കുന്ന പ്രശ്നമില്ല.
  അക്കു അക്ബറിന്റെ അഭിനന്ദനീയമായ ശ്രമം പോലും! ഈ മെസ്സേജ് ഒരു പോസ്ടരില്‍ എഴുതി തിയേടരുകളില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു ഭേദം.
  ആദ്യം മുതല്‍ അവസാനം വരെ മടുപ്പിക്കുന്ന അമിതാഭിനയം കാഴ്ച വയ്ക്കുന്ന എല്ലാ കഥാപാത്രങ്ങളും, മടുപ്പിക്കുക മാത്രമല്ല വെറുപ്പിക്കുക കു‌ടി ചെയ്യുന്നു. എത്ര വലിയ ആശയമാണെന്നു പറഞ്ഞാലും ഒട്ടും reasonable അല്ലാതെ പ്രസന്റ് ചെയ്ത, ഒട്ടും രസകരമല്ലാതെ കൈകാര്യം ചെയ്ത, ഒരു തീം എങ്ങനെയാണ് നല്ലതെന്ന് പറഞ്ഞു suggest ചെയാന്‍ തോന്നിയതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.
  നിവേദിതയുടെ അഭിനയ മികവാണ് പോലും ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്..കഷ്ടം..!
  "അന്ധവിശ്വാസത്തിന്റെ മേലാണ് പൊലിപ്പിച്ചെടുത്തിരിക്കുന്നതെങ്കിലും, ചിത്രം മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങള്‍ പ്രസക്തമാണ്. സിനിമയുടെ പ്രതിപാദ്യത്തെക്കുറിച്ച് ഒന്നു ചിന്തിക്കാതെ വെറുതേ ഈ ചിത്രം കണ്ടു മറക്കുവാന്‍ ആരാലും കഴിയില്ല; ഒരിക്കലെങ്കിലും ഭ്രൂണഹത്യ ചെയ്തവര്‍ക്കാവട്ടെ, ഉള്ളൊന്നു പിടയാതിരിക്കുകയുമില്ല." ഇത് സത്യം. പക്ഷെ അത് സിനിമയില്‍ കണ്ട പ്രേതത്തെ പേടിച്ചിട്ടല്ലെന്നും ജയറാമിന്റെയും പത്മപ്രിയയുടേയും ഫലിക്കാത്ത സങ്കടാഭിനയം കണ്ടിട്ടല്ലെന്നും ആര്‍ക്കാണ്‌ മനസിലാവാത്തത്?

  ReplyDelete
 28. @ nikhimenon,
  Thank you... :-)

  @ Raseena,
  :-) അഭിപ്രായത്തിനു നന്ദി.
  > “ഒട്ടും reasonable അല്ലാതെ പ്രസന്റ് ചെയ്ത, ഒട്ടും രസകരമല്ലാതെ കൈകാര്യം ചെയ്ത,” - :-) ഇങ്ങിനെയാണ് എല്ലാവര്‍ക്കും തോന്നുക എന്നില്ലല്ലോ!
  > നിവേദിത ചിത്രത്തില്‍ നന്നായി എന്നു തന്നെയാണ് എനിക്കു തോന്നിയത്.
  (പൊതുവേ മലയാളസിനിമകള്‍ കാണുന്നത് കുറവാണെന്നു തോന്നുന്നല്ലോ! അല്ലെങ്കില്‍ കാശു കളയുവാന്‍ പുഴ തന്നെ കണ്ടെത്തേണ്ടി വന്നേനേ! :-D)
  --

  ReplyDelete
 29. പടം കണ്ടു ഹരീ... couldn't agree with you more... ഹരീ പറഞ്ഞത് തന്നെയാണ് ഈ പടത്തെക്കുറിച്ച് എനിക്കും പറയാൻ ഉള്ളത്...

  കൂടുതൽ ആയി എന്തെങ്കിലും പറയാൻ ഉള്ളത്, ആത്മാവ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ശേഷം ജയറാം, പദ്മപ്രിയ എന്നിവരുടെ കഥാപാത്രങ്ങളുടെ പ്രതികരണം അസ്വാഭാവികമായിപ്പോയി എന്നതാണ്. മോളെ ആത്മാവ് കഴുത്ത് ഞെരിച്ച് കൊല്ലാൻ നോക്കിയത് കണ്ട ശേഷവും മോളുടെ അഭ്യർത്ഥന പ്രകാരം ഒറ്റക്ക് ഒറങ്ങാൻ വിട്ട് സുഖായി അടുത്ത റൂമിൽ പോയി ഉറങ്ങുന്നത് കണ്ട് സഹിച്ചില്ല....

  എന്നാലും പടം കൊള്ളാം...

  സാഹചര്യങ്ങൾ കാരണം ഭ്രൂണഹത്യ ചെയ്ത മാതാപിതാക്കളെ ഒരു പക്ഷേ പടം വല്ലാതെ വേദനിപ്പിച്ചേക്കും. അല്പം കൂടെ മയത്തിൽ ആവാരുന്നൂ. ഹൊററിനേക്കാളും നല്ല പ്ലാറ്റ്ഫോം മണിച്ചിത്രത്താഴ് പോലെ സൈക്കോളജിക്കൽ ത്രില്ലർ ആയിരുന്നേനെ എന്നും തോന്നി..

  ReplyDelete