പുതിയ മുഖം (Puthiya Mugham)

Published on: 7/26/2009 10:20:00 PM
Puthiya Mugham - Malayalam Film Review by Chithravishesham. A Film Directed by Dhipan; Starring Prithviraj, Priyamani, Bala, Meera Nandan etc.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘ലീഡര്‍’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ ദീപന്റെ തുടക്കം മോശമായിരുന്നു. ‘പുതിയ മുഖ’മെന്ന ചിത്രത്തിലൂടെ വീണ്ടുമൊരു ശ്രമം നടത്തുന്ന ദീപനിതൊരു പുതിയ തുടക്കം കൂടിയാണ്. പൃഥ്വിരാജ്, പ്രിയാമണി, ബാല, മീര നന്ദന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം അനില്‍ മാത്യു, എസ്. മുരുകന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. എം. സിന്ധുരാജിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും. ആക്ഷന്‍ ചിത്രങ്ങള്‍ നന്നായി സംവിധാനം ചെയ്യുന്നവര്‍ വിരളമായ മലയാള സിനിമയില്‍ ദീപന്റെ ‘പുതിയ മുഖം’ പ്രതീക്ഷകള്‍ക്കു വക നല്‍കുന്നതാണ്.

 കഥയും, കഥാപാത്രങ്ങളും [ 2/10 ]

അന്തിയോളം വെള്ളം കോരിയിട്ട് ഒടുവില്‍ കലമുടയ്ക്കുന്ന പരിപാടിയാണ് ഇതില്‍ തിരക്കഥാകൃത്ത് എം. സിന്ധുരാജ് ചെയ്തിരിക്കുന്നത്. കഥാകൃത്തിന്റെ കഴിഞ്ഞ ചിത്രമായ ‘മുല്ല’യിലെന്ന പോലെ നല്ലൊരു തുടക്കം പിന്നീടു കൈവിട്ടു പോവുന്നു ഇവിടെയും. ‘അയ്യോ പാവം!’ മട്ടിലുള്ള നായകന്‍ തിരിച്ചടികളില്‍ നിന്നും ഉയര്‍ത്തെഴുനേറ്റ് ജഗജില്ലിയാവുന്നു, കഥാതന്തുവില്‍ പുതുമയൊന്നുമില്ല. എന്നാല്‍ ഇടവേളവരെ ആസ്വാദ്യകരമായ ഒരു അനുഭവമാകുവാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. അതിനു ശേഷമുള്ള നായകന്റെ അതിമാനുഷിക പ്രകടനങ്ങള്‍ കൂവലുകള്‍ ഏറ്റുവാങ്ങുവാന്‍ മാത്രമുള്ളതുമാണ്. ഒരല്പം കൂടി ശ്രദ്ധ കൊടുത്ത് അവസാനഭാഗങ്ങളില്‍ എന്തെങ്കിലുമൊരു വ്യത്യസ്തത കൊണ്ടുവരുവാന്‍ കഥകൃത്തിന് ശ്രമിക്കാമായിരുന്നു.

 സംവിധാനം [ 6/10 ]

തിരക്കഥയിലെ പോരായ്മകള്‍ ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം മറയ്ക്കുവാന്‍ ദീപന് തന്റെ സംവിധാന മികവിലൂടെ സാധിച്ചു. യുവാക്കളെ ഹരം കൊള്ളിക്കുന്ന നിറപ്പകിട്ടാര്‍ന്ന അവതരണ ശൈലി അഭിനന്ദനമര്‍ഹിക്കുന്നു. മനോഹരമായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്ന ഗാനങ്ങളില്‍ മിക്കതും ചിത്രത്തോടു നന്നായി ഇണങ്ങുന്നു. പൃഥ്വിയേയും മറ്റ് അഭിനേതാക്കളേയും ചിത്രത്തിനുതകുന്ന രീതിയില്‍ അഭിനയിപ്പിച്ചിരിക്കുന്നതിലും ദീപന്‍ മികവു പുലര്‍ത്തി. നായകന്റെ അമാനുഷിക പ്രകടനങ്ങള്‍ ഒഴിവാക്കി, യുക്തിപൂര്‍വ്വമായ ഒരു സമീപനം സ്വീകരിക്കുവാന്‍ സംവിധായകനും കഴിഞ്ഞില്ല എന്നതാണ് ഒരു പോരായ്മ. സംഘട്ടനരംഗങ്ങളുടെ ദൈര്‍ഘ്യവും മടുപ്പിക്കുന്നതാണ്.

 അഭിനയം [ 7/10 ]

ഒരു കഥാപാത്രത്തിന്റെ രണ്ട് മുഖങ്ങള്‍ വിശ്വസിനീയമായി അഭിനയിപ്പിച്ചു ഫലിപ്പിക്കുവാന്‍ പൃഥ്വിരാജിനു കഴിഞ്ഞു. കൂട്ടുവേഷങ്ങളിലെത്തുന്ന ബാല, പ്രിയാമണി, മീര നന്ദന്‍ എന്നിവര്‍ നായകനെ നല്ല രീതിയില്‍ പിന്തുണയ്ക്കുകയും ചെയ്തു. മറ്റു പ്രധാനവേഷങ്ങളിലെത്തുന്ന നെടുമുടി വേണു, കലാശാല ബാബു, ജഗതി ശ്രീകുമാര്‍, സായികുമാര്‍, വിജയരാഘവന്‍, ഷമ്മി തിലകന്‍, ജഗദീഷ്, സോന നായര്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങളില്‍ ജഗതി ശ്രീകുമാറിന്റെ അച്ചന്‍ പ്രിന്‍സിപ്പല്‍ വേഷത്തിനു മാത്രം അല്പം പുതുമ അവകാശപ്പെടാം, മറ്റുള്ളവരൊക്കെ സ്ഥിരം ശൈലിയില്‍ തന്നെ. ഗിന്നസ് പക്രു, സുധീഷ്, മങ്ക മഹേഷ്, ഇടുക്കി ജാഫര്‍, ശ്രീജിത്ത് രവി തുടങ്ങി മറ്റു ചിലരും കൂട്ടുവേഷങ്ങളായി ചിത്രത്തിലുണ്ട്.

 സാങ്കേതികം [ 4/5 ]

ഭരണി കെ. ധരന്‍ പകര്‍ത്തിയിരിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ക്ക് പുതുമയുണ്ട്. കൃഷ്ണകുമാറെന്ന നായകന്റെ ഇരുമുഖങ്ങള്‍ക്കും വ്യത്യസ്തമായ ദൃശ്യഭാഷ ചമയ്ക്കുവാനും ഛായാഗ്രാഹകനായി. ഗാനരംഗങ്ങളിലും സംഘട്ടനരംഗങ്ങളിലുമൊക്കെ ക്യാമറയുടെ മികവ് തെളിഞ്ഞു കാണാം. സാംജിത്ത് എം.എച്ച്.ഡി.യുടെ ചിത്രസംയോജനവും, സാലു കെ. ജോര്‍ജ്ജിന്റെ കലാസംവിധാനവും ചിത്രത്തിനു മുതല്‍ക്കൂട്ടാണ്. മന്ദതയും വേഗതയും മാറിമാറി കൈവരിക്കുന്ന സംഘട്ടനരംഗങ്ങളിലെ ദൃശ്യഭാഷയും രസകരമായിരുന്നു. മുരുകേഷിന്റെ ഇഫക്ടുകള്‍ക്കും ദൃശ്യങ്ങളുടെ പൊലിമയില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ചിലയിടത്തെങ്കിലും ഇഫക്ടുകളുടെ ഉപയോഗം ആവശ്യത്തിലുമേറിയതു മാത്രമൊരു കല്ലുകടിയായി.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 4/5 ]

കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍, അടുത്തകാലത്തിറങ്ങിയ ചലച്ചിത്രഗാനങ്ങളില്‍ എടുത്തു പറയത്തക്കതാണ്. ചിത്രത്തിന്റെ അപ്പോഴത്തെ മൂഡിനു ചേരുന്ന രീതിയില്‍, വ്യത്യസ്തതയോടെ, യുക്തമായ വാദ്യോപകരണങ്ങള്‍ സന്നിവേശിപ്പിച്ചൊരുക്കിയിരിക്കുന്ന ദീപക് ദേവിന്റെ സംഗീതം ആസ്വാദ്യകരമായി. പൃഥ്വിരാജിന്റെ ശബ്ദത്തിലുള്ള “സൂര്യമുഖം! ഇനിയൊരു പുതിയ മുഖം!” എന്ന ടൈറ്റില്‍ ഗാനം തന്നെ ചിത്രത്തെ പ്രേക്ഷകരോടടുപ്പിക്കുന്നു. ശങ്കര്‍ മഹാദേവന്റെ ശബ്ദത്തിലുള്ള “പിച്ചവെച്ച നാള്‍മുതല്‍ക്കു നീ...”; കെ. കൃഷ്ണകുമാര്‍ ആലപിച്ചിരിക്കുന്ന “യദുകുലമുരളി...”; ജാസി ഗിഫ്റ്റ്, ദീപക് ദേവ്, സിന്ധുജ രാജാറാം എന്നിവര്‍ ചേര്‍ന്നു പാടിയിരിക്കുന്ന ക്യാമ്പസ് ഗാനം; ഇവയൊക്കെ ചിത്രത്തോടിണങ്ങുന്നു. കെ.കെ., ശില്പ റായ് എന്നിവരാലപിച്ചിരിക്കുന്ന “രഹസ്യമായ്...” എന്നു തുടങ്ങുന്ന ഗാനം മാത്രം ഇതിനൊരു അപവാദമായി പറയാം. സമീപകാല ചലച്ചിത്രഗാനങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കൈതപ്രത്തിന്റെ വരികളുടെ മികവും എടുത്തു പറയേണ്ടതു തന്നെ. കലാമാസ്റ്ററും സംഘവും ഒരുക്കിയിരിക്കുന്ന നൃത്തച്ചുവടുകള്‍ക്ക് ശരാശരി നിലവാരം മാത്രം. ഇതിലും മികച്ച നൃത്തച്ചുവടുകള്‍ സിനിമയും ഗാനരംഗങ്ങളും അര്‍ഹിക്കുന്നു. അനല്‍ അരശുവിന്റെ സംഘട്ടന രംഗങ്ങള്‍ക്ക് പുതുമയുണ്ട്, എന്നാല്‍ പലപ്പോഴും അനാവശ്യമായി വലിച്ചു നീട്ടുന്നത് അവയുടെ രസം കുറയ്ക്കുന്നു. ബൈക്ക്/കാര്‍ ചേസുകളുടെ കാര്യത്തിലും ഇതു ബാധകമാണ്.

 ആകെത്തുക [ 5.75/10 ]

ചിത്രത്തിന്റെ ടൈറ്റിലുകള്‍ മുതല്‍ ഓരോ ദൃശ്യവും പരമാവധി നന്നാക്കുവാനുള്ള അണിയറ പ്രവര്‍ത്തകരുടെ കഠിനശ്രമം ചിത്രമൊരു നല്ല ദൃശ്യവിരുന്നാക്കുന്നുണ്ട്. സിനിമയെന്നാല്‍ നല്ല ദൃശ്യാനുഭവം മാത്രമല്ലാത്തതിനാല്‍, ദുര്‍ബലമായ ഒരു കഥയ്ക്കുവേണ്ടി ഇത്രയും മനുഷ്യപ്രയത്നം വൃഥാ കളഞ്ഞുവെന്നു പറയുന്നതാവും കുറച്ചു കൂടി ശരി. പോയ ബുദ്ധി പിടിച്ചാല്‍ കിട്ടില്ലല്ലോ, ഇത്രയുമൊക്കെ മിനക്കെട്ടിട്ട് ഈ ചിത്രം ഇങ്ങിനെയായല്ലോ എന്നോര്‍ത്ത് ദീപനും പൃഥ്വിരാജിനും കൂട്ടര്‍ക്കും ഇനി പരിതപിക്കാം. മലയാളസിനിമയുടെ പുതിയ മുഖമെന്ന ഗീര്‍വാണങ്ങളൊക്കെ ഒഴിവാക്കിയാല്‍, ഒരിക്കല്‍ കാണുന്നതുകൊണ്ടു തെറ്റില്ലാത്ത ചിത്രമായി പുതുമകളില്ലാത്ത ഈ ‘പുതിയ മുഖ’ത്തെ ചേര്‍ക്കാവുന്നതാണ്.

Description: Puthiya Mugham (aka Puthiya Mukham, Puthiyamukham, Puthiyamugham, Puthiya Mugam, Puthiyamugam) - A Malayalam (Malluwood) film directed by Diphan; Starring Prithviraj, Priyamani, Meera Nandan, Bala, Nedumudi Venu, Kalasala Babu, Jagathy Sreekumar, Saikumar, Vijayaraghavan, Shammy Thilakan, Sudheesh, Jagadeesh, Sona Nair, Manka Mahesh, Guiness Pakru, Idukki Jaffer, Sreejith Ravi; Produced by Anil Matthew, S. Murugan; Story, Screenplay and Dialogues by M. Sindhuraj; Camera (Cinematography) by Bharani K. Dharan; Editing by Samjith Mhd.; Art Direction by Saloo K. George; Stunts (Action) by Anal Arasu; Background Score by ; Effects by Murukesh; DTS Mixing by ; Titles by ; Make-up by Pradeep Rangan; Costumes by S.B. Satheesh; Lyrics by Kaithapram Damodaran Namboothiri; Music by Deepak Dev; Choreography by Kala Master; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. July 24 2009 Release.
--

34 comments :

 1. ദീപന്റെ സംവിധാനത്തില്‍ പ്രിഥ്വിരാജ്, പ്രിയാമണി, ബാല, മീര നന്ദന്‍ തുടങ്ങിയവരൊരുമിക്കുന്ന ‘പുതിയ മുഖ’മെന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. എഡിറ്റര്‍ സാം ജിത്ത് എം .എച്ച്.ഡി ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 3. പോരായ്മകളില്ലാതെ പാട്ടു മാത്രമേ ഉള്ളൂ )മൊത്തം ഏരിയ) എന്നു പറയുമ്പോഴും ഒരു തവണ കാണാം എന്നു ശുപാര്‍ശ ചെയ്തതു ശരിയാണോ ഹരി?

  (കഷ്ട?) (നല്ല?) കാലത്തിനു അതൊന്നും ഇവിടെ വരാറില്ല.

  ReplyDelete
 4. കണ്ടിരിക്കാവുന്ന പടം ആണെന്ന് തോന്നുന്നു. പറ്റുമ്പോ കാണണം

  ReplyDelete
 5. ente haree ninakkippam kashtakalmanenn thonnunnu........... nee adya divasam thiyettarilethunna padam okke poliyukayanallo........ ninakk kash poyi he he he

  ReplyDelete
 6. കോറേ കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍...........
  ചില ആക്ഷന്‍ സമയത്ത് പിക്ച്ചര്‍ വലിച്ച് നീട്ടിയ പോലെയുള്ളത് ഒട്ടും നന്നായില്ല, പിന്നെ അവസാന സീനുകളിലെ കാമറക്ക് ക്ലാരിറ്റി ഇല്ല , നിറയെ നോയിസ്.. വലിയ വില കൊടുത്ത് കൊണ്ടു വന്നത് എന്നൊക്കെയാ കേട്ടിരുന്നത്... പിന്നെ മൃദംഗം പഠിപ്പിക്കുന്നത്, ഡെസ്ക്കില്‍ കൊട്ടുന്നത്, etc etc പക്ഷെ പൃഥ്വിരാജിന്റെ ഗ്രാഫ് മുകളിലോട്ടാ... ആക്ഷന്‍ സീനുകളില്‍ ഒരു പാട് മൈദ ചിലവാക്കിയിട്ടുണ്ട് :) അത്ര വേണ്ടായിരുന്നു :).. അവസാനം ശ്രീ വേറെ ആളെ കല്ല്യാണം കഴിച്ചോ എന്തോ.. അതൊന്നും പറയാതെ അവസാനിപ്പിച്ച് കളഞ്ഞു.. :(

  ReplyDelete
 7. എന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും ഈ പ്രിത്വീരാജ്‌ സിനിമ മലയാളത്തിനു ഒരു 'പുതിയ മുഖം' ആവട്ടെ. വയസ്സന്മാരൊക്കെ ഓടട്ടെ.

  ReplyDelete
 8. മാര്‍ക്ക് ഞാന്‍ പ്രതീക്ഷിച്ചത് തന്നെ.. :)

  /ഇടവേളവരെ ആസ്വാദ്യകരമായ ഒരു അനുഭവമാകുവാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. അതിനു ശേഷമുള്ള നായകന്റെ അതിമാനുഷിക പ്രകടനങ്ങള്‍ കൂവലുകള്‍ ഏറ്റുവാങ്ങുവാന്‍ മാത്രമുള്ളതുമാണ്. /
  നല്ല കൈയ്യടിയുണ്ടായിരുന്നു.. തമിഴ്ന്മാര്‍ക്ക് മാത്രമല്ല, നമ്മുടെ ചെക്കനും നല്ല സ്റ്റൈലായി തല്ലാനറിയാം എന്ന് കാണിച്ച് തന്നു! ഓവര്‍ ആയ ഇഫക്ട്സ് കുറച്ച് കല്ലുകടിയായി എന്നത് സത്യം.

  /സമീപകാല ചലച്ചിത്രഗാനങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കൈതപ്രത്തിന്റെ വരികളുടെ മികവും എടുത്തു പറയേണ്ടതു തന്നെ./ അയ്യോ.. “രഹസ്യമായി രഹസ്യമായി പ്രിയരഹസ്യം ഞാന്‍ പറയാം” എന്നൊക്കെ എഴുതി വെച്ചതിനെ Lyrics എന്ന് വിളിക്കാമോ? “പിച്ച വെച്ച നാള്‍” കൊള്ളാമായിരുന്നു, പിന്നെ പുതിയ മുഖം എന്ന പാട്ടും സ്റ്റൈല്‍ ഉണ്ട്.

  ബുദ്ധി വീട്ടില്‍ വെച്ചിട്ട് പോയി കോമഡി കാണുന്നതിലും സുഖം ഇടി കാണാന്‍ ആയത് കൊണ്ട് കൊടുത്ത കാശ് മുതലായി എന്ന ആശ്വാസം. പിന്നെ മലയാളത്തില്‍ ഇത് പോലെ ഒരു തല്ല് കണ്ടതിന്റെ സന്തോഷം. ഞാന്‍ ഹാപ്പി! :)

  ReplyDelete
 9. ഹരീ,
  സിനിമകളുടെ എണ്ണം കൂടിയതിനാല്‍ നല്ല തിരക്കിലായിരിക്കുമല്ലേ? ഞാന്‍ ഇന്ന്‌ രാജസേനന്റെ പടം കണ്ടു. എന്തായാലും ഒന്നു കണ്ടുനോക്കുക, അത്രമാത്രമേ പറയുന്നുള്ളു. പിന്നെ, ഞാനും ചെറിയതോതില്‍ വിലയിരുത്തല്‍ പരിപാടി തുടങ്ങി. 'നാടോടിക'ളെപ്പറ്റിയുള്ള എന്റെ അഭിപ്രായം ഇവിടെ വായിക്കുക... http://www.keralawatch.com/election2009/?p=9183

  ReplyDelete
 10. here s my review of puthiya mukham..

  prithviraaj araadhakar ee review vayikkaruthu..

  nikhimenon.blogspot.com

  ReplyDelete
 11. @ Rafeek Wadakanchery,
  അതെന്താണ് എഡിറ്റര്‍ക്ക് മാത്രമായി ഒരു അഭിനന്ദനം. (Samjith-ലെ j വിട്ടു പോയതിനാലാണ് സമിത്ത് എന്നായത്! തിരുത്തിയിട്ടുണ്ട്.) നന്ദി. :-)

  @ Jithendrakumar/ജിതേന്ദ്രകുമാര്‍,
  പോരായ്മകളില്ലാതെ പാട്ടു മാത്രം എന്നാണോ പറഞ്ഞിരിക്കുന്നത്?

  @ cALviN::കാല്‍‌വിന്‍,
  :-) കണ്ടു നോക്കൂ...

  @ Munna,
  ആദ്യദിനമല്ല ഇതു കണ്ടത്, കാണുന്നതും പൊളിയുന്നതുമായി എന്തു ബന്ധം!

  @ രമേഷ്,
  ശരി തന്നെ. വൈഡ് ആംഗിളില്‍ ക്ലോസ് അപ്പ് എടുത്തത് പലയിടത്തും ബോറായിരുന്നു. നോയിസാണോ? പൊടി പടലവും വെള്ളവുമൊക്കെ ഇഫക്ടിനു ചേര്‍ത്തിരിക്കുന്നതല്ലേ? കുഴപ്പം തോന്നിയില്ല. മൈദ ചിലവാക്കുകാന്നു വെച്ചാല്‍? ശ്രീ വേറെ കെട്ടിയെന്ന് ഇനിയെന്തിനാണ് പ്രത്യേകിച്ചു പറയുന്നത്!

  @ ജോണ്‍ ചാക്കോ, പൂങ്കാവ്,
  :-) അങ്ങിനെയും ചിന്തിക്കാം.

  @ Balu..,..ബാലു,
  എവിടെയാണു കണ്ടത്? ഇവിടെ അവസാനം ആയുധങ്ങളുമായെത്തുന്ന പത്തു പതിനഞ്ചു പേരേ ഒറ്റയ്ക്ക് പൃഥ്വി തച്ചതു കണ്ട് ആവേശം പൂണ്ട് ആള്‍ക്കാര്‍ കൂവുകയായിരുന്നു, കൈയ്യടിക്കുകയല്ലായിരുന്നു! പിന്നെ തല്ലൊക്കെ സ്റ്റൈലായിരുന്നു എന്നതു നേര്. “രഹസ്യമായ്...” എന്ന ഗാനം ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് പറഞ്ഞതിന് അപവാദമാണ്. പിന്നെ, സമകാലീന മലയാളസിനിമകളിലെ സോങ്ങ് ലിറിക്സുമായാണ് താരതമ്യം. ക്യാമ്പസ് ഗാനമെടുത്താല്‍, “ചിരിപ്പ് താളം, നടപ്പു താളം...” അങ്ങിനെ പോയി “പെണ്ണോടിടയുമ്പോളതവതാളം!” - രസമില്ലേ? “പിച്ചവെച്ച നാള്‍ മുതല്‍...” എന്നതിന്റെ വരികളും സന്ദര്‍ഭത്തോടു നന്നായി യോജിക്കുന്നുണ്ട്.

  @ ടി.സി.രാജേഷ്‌,
  എന്റെ കഞ്ഞീല്‍ പാറ്റയിടുവോ? :-D നടക്കട്ടെ... അഭിപ്രായം അവിടെ പോസ്റ്റിയിട്ടുണ്ട് കേട്ടോ... (ഈ നാടോടികളും election2009-നുമായി എന്തു ബന്ധം? ലിങ്ക് കണ്ടോണ്ടു ചോദിച്ചതാ!)

  @ nikhimenon,
  :-) ആരാധകരും വായിക്കട്ടേന്നേ...
  --

  ReplyDelete
 12. ഡിസ്ക്ലൈമര്‍:
  എന്റെ കമന്റില്‍ പടത്തിന്റെ ഉള്ളടക്കത്തിന്റെ അംശം ഉണ്ട്. അത് മുന്‍‌കൂട്ടി അറിയാന്‍ താല്പര്യമില്ലാത്തവര്‍ തുടര്‍ന്ന് വായിക്കരുത്
  ---------------------------


  ഇന്നാണ് ഈ പടം കണ്ടത്.
  ഇത്രയും ബോറായിട്ടുള്ള പടം അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല.
  ആയിരം പ്രാവശ്യം പറഞ്ഞു കഴിഞ്ഞ കഥ.

  മലയാളം ചവച്ചുതുപ്പുന്നത് പോലെയുള്ള പാട്ടുകള്‍ മഹാ വൃത്തികേടാണ്.

  ബാലയുടെ ഡയലോഗുകള്‍ പഴയ രാജാപ്പാര്‍ട്ട് നാടകങ്ങളിലെ വില്ലനെ ഓര്‍മ്മിപ്പിച്ചു.

  ഡബ്ബിങ്ങിന്റെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. പലയിടത്തും ടൈമിങ്ങ് പിഴച്ചിരിക്കുന്നു. ചുണ്ട് ഒരു വഴിയും ഡയലോഗ്ഗ് വേറെ ഒരു വഴിയിലും. പല സ്ഥലത്തും ഡയലോഗ് മോഡുലേഷനും, പിച്ചും എല്ലാം പ്രശ്നമാണ്.

  വിക്രത്തേയും, സൂര്യയേയും അനുകരിക്കാന്‍ ശ്രമിക്കുന്ന പൃഥ്വിരാജിനോട് സഹതാപം തോന്നുന്നു. ആന മുക്കുന്നത് കണ്ട് ആടു മുക്കിയായുണ്ടാകുന്ന ദയനീയ പരാജയം എന്നെ പറയാവൂ.

  “കോളേജില്‍ “പഠിക്കാനായി മാത്രം” എത്തുന്ന പാവം പാലക്കാട്ടുകാരന്‍ പട്ടരു പയ്യനെ കോളേജിലെ ജഗജില്ലികള്‍ അടിച്ചു നിലം പരിശാക്കുന്നു. തലയ്ക്ക് കാര്യമായി ക്ഷതമേറ്റ നായകന് പ്രാന്താണ് എന്ന് ഡോക്ടര്‍ വിധിക്കുന്നു. വീണ്ടും കോളേജില്‍ എത്തുന്ന നായകന്‍ വില്ലരെ അടിച്ചു നിലം പരിശാക്കുന്നു. പ്രധാന വില്ലനെ കൊല്ലുന്നു. പ്രാന്താണെന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളതിനാല്‍ കേസുണ്ടാകില്ല എന്ന് വീമ്പിളക്കി സ്ലോ മോഷനില്‍ നടന്നു വരുന്നു.“

  ഇതാണ് ചിത്രത്തിന്റെ കാതല്‍.

  സംവിധാനം:
  ദീപനിതില്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല. ക്യാമറാമാന്‍ തന്റെ സ്വന്തം ഇഷ്ടത്തിനു ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്താലും ഇതുപോലെയുള്ള ഒരു പടമുണ്ടാക്കാം.

  പാട്ടുകള്‍:
  പടത്തിനിടയ്ക്ക് കുറേ ശബ്ദങ്ങള്‍ കേട്ടു. നായകനും, നായികയും സ്ലോ മോഷനില്‍ - ചിലപ്പോ ഫാസ്റ്റ് മോഷനിലും - ഓടുന്നതും ചാടുന്നതും കണ്ടു. പിന്നീടാണ് അതൊരു പാട്ടായിരുന്നു എന്ന് മനസ്സിലായത്.

  എങ്കിലും “പിച്ചവെച്ച നാള്‍ മുതല്‍“ എന്ന പാട്ടിന് ഇമ്പമുള്ള ഈണമാണ്. അത് ശങ്കര്‍ മഹാദേവന്‍ (?) പാടി തരക്കേടില്ലാതെ വൃത്തികേടാക്കിയിരിക്കുന്നു. മലയാളം അറിയുന്ന ആരെക്കൊണ്ടെങ്കിലും പാടിച്ചിരുന്നെങ്കില്‍ അടുത്തിടെയിറങ്ങിയ നല്ലൊരു ഗാനമാകുമായിരുന്നു അത്.

  വരികള്‍:
  കൈതപ്രത്തിന്റെ വരികള്‍ മികച്ചത് എന്നു തോന്നുന്നുവോ? ആ പാട്ടിന്റെ വരികള്‍ ഒന്ന് കേട്ട് പകര്‍ത്തി എഴുതി നോക്കൂ.. എന്നിട്ട് അത് ഒന്നൂകൂടി വായിക്കൂ... അപ്പോളറിയാം വരികളുടെ മേന്മ...

  സ്റ്റണ്ടുകള്‍:
  ആളുകളെ തൂക്കി എറിയുന്ന നായകന്‍. പറന്നു പോകുന്ന വില്ലന്മ്മാര്‍. വിക്രം, സൂര്യ തുടങ്ങിയവരുടെ പടങ്ങള്‍ എടുത്ത് കണ്ട് എങ്ങിനെ വൃത്തിയായി (അമാനുഷികരായ നായകരുടെ) സ്റ്റണ്ട് സീന്‍ ചെയ്യാം എന്ന് സംവിധായകനും, പൃഥ്വി രാജും,
  മറ്റുള്ളവരും മനസ്സിലാക്കുന്നത് നന്നായിരിക്കും. ഫ്രെയിം കൂടുതല്‍ സ്ലോ ആക്കാന്‍ വേണ്ടി എഡിറ്റിങ്ങില്‍ ചെയ്ത ടെക്ക്നിക്കുകല്‍ പടത്തില്‍ ഗ്രെയിന്‍സ് കൂട്ടാനേ ഉപകരിച്ചുള്ളൂ.


  ഈ വൃത്തികേട് കാണാന്‍ ദയവായി ആരും പോകരുത്. മോശം പടങ്ങളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചാല്‍ വീണ്ടും വീണ്ടും
  ഇതുപോലെയുള്ള നോണ്‍‌സെന്‍സ് ആവര്‍ത്തിക്കും. അതുകൊണ്ട് പ്ലീസ്... നല്ല പടങ്ങളെ സ്നേഹിക്കുന്ന ഒരാളുടെ അപേക്ഷയാണ്.

  കൂവാനാണെങ്കില്‍ മാത്രം നിങ്ങള്‍ ഈ സിനിമ കണ്ടോളൂ... ഇഷ്ടം പോലെ കമ്പനി കിട്ടും. ഇതൊക്കെ കണ്ടാല്‍ ആരും കൂവിപ്പോകും അളിയാ.. ആരും കൂവിപ്പോകും..


  ഹരി, ഇതിനൊക്കെ 5.75 മാര്‍ക്ക് കൊടുക്കാന്‍ എങ്ങിനെ തോന്നുന്നു...? കഷ്ടം...

  നിങ്ങളുടെ റിവ്യൂവിന്റെ വിശ്വാസ്യത കുറയ്ക്കാനേ ഇത് ഉപകരിക്കൂ എന്നുകൂടി സ്നേഹത്തോടെ പറഞ്ഞുകൊള്ളട്ടെ.

  ReplyDelete
 13. പടം കണ്ടത് നമ്മുടെ സ്വന്തം റെയ്‌ബാന്‍ സിനിഹൌസില്‍.. തുടക്കത്തില്‍ പ്രിഥ്വിരാജ് ഫാന്‍സിന് നന്ദി എഴുതി കാണിച്ചപ്പോളൊക്കെ ഭയങ്കര കൂവലായിരുന്നു. പക്ഷെ ഇന്റര്‍വെല്ലിന് തൊട്ടു മുമ്പുള്ള അടിക്ക് കൈയ്യടി തുടങ്ങി.

  കുട്ടു,

  /വിക്രത്തേയും, സൂര്യയേയും അനുകരിക്കാന്‍ ശ്രമിക്കുന്ന പൃഥ്വിരാജിനോട് സഹതാപം തോന്നുന്നു. ആന മുക്കുന്നത് കണ്ട് ആടു മുക്കിയായുണ്ടാകുന്ന ദയനീയ പരാജയം എന്നെ പറയാവൂ./
  ആദ്യം കൂവല്‍ കേട്ട ഒരു നടന് പിന്നീട് ആളുകള്‍ കൈയ്യടിക്കണമെങ്കില്‍ അത്ര പരാജയമാകാന്‍ വഴിയില്ല. ഈ പടത്തിനെയൊക്കെ ഒരുപാട് സീരിയസ് ആയി സമീപിക്കുന്നതാണ് നിങ്ങളുടെയൊക്കെ കുഴപ്പം.

  ReplyDelete
 14. കുട്ടു വിനോട് പൂര്‍ണമായി യോജിക്കുന്നു . ഈ പടം കണ്ടു കാശു കളയാന്‍ നിങ്ങള്ക്ക് ഭ്രാന്തുണ്ടോ ? മനുഷ്യരും ഭൂതവും തമ്മിലുള്ള ആത്മ ബന്ധതിന്തേ കരള്‍ അലിയിക്കുന ഒരു ഉഗ്രന്‍ ചിത്രം (പട്ടണത്തില്‍ ഭൂതം) തൊട്ടു അടുത്ത് തന്നെ ഉള്ളപ്പോള്‍ . എന്നി അതും പോരെങ്ങില്‍ Butterfly on a wheel/shattered എന്ന പടതിന്തേ മലയാളം Remake മയി ബ്ലെസി റെഡി അല്ലെ .പൊയ് കണ്ടു വാഴ്ത്തു മക്കളെ ഏതെങ്ങിലും ഒന്ന് .ബാക്കി എല്ലാരും തുലയട്ടെ

  ReplyDelete
 15. ഹരീ,
  അവിടെ കമന്റൊന്നും കണ്ടില്ലല്ലോ...
  പിന്നെ, ഇലക്ഷന്‍ സമയത്ത്‌ തിരഞ്ഞെടുപ്പും രാഷ്ട്രീയവും മാത്രമായിട്ടാണ്‌ കേരളവാച്ച്‌ ലോഞ്ച്‌ ചെയ്‌തത്‌. ഒരു പൂര്‍ണ വാര്‍ത്താപോര്‍ട്ടലായി അതിനെ മാറ്റുന്ന പണി പുരോഗമിക്കുന്നതേയുള്ളു. അതാണ്‌ ലിങ്കില്‍ ഇപ്പോഴും ഇലക്ഷന്‍ എന്നു കാണുന്നത്‌. വൈകാതെ മാറ്റും...

  ReplyDelete
 16. എനിക്ക് പടം ഇഷ്ടമായി. ഒരു നല്ല എന്റെര്‍ടൈനെര്‍. കഥയും സം‌വിധാന മികവുമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഒട്ടും ബോറടിക്കില്ല. പ്രിഥ്വി നന്നായിട്ടുണ്ട്- പ്രത്യേകിച്ചും ആക്ഷന്‍ രം‌ഗങ്ങളില്‍.

  "വിക്രത്തേയും, സൂര്യയേയും അനുകരിക്കാന്‍ ശ്രമിക്കുന്ന പൃഥ്വിരാജിനോട് സഹതാപം തോന്നുന്നു."

  :) മാഷേ, പ്രിഥ്വിരാജിനെ സൂര്യയോടും വിക്രത്തിനോടുമൊക്കെ ഇപ്പോഴേ താരതമ്യപ്പെടുത്തണോ? അവര്‍ രണ്ട് പേരും കുറേയധികം കാലം struggle ചെയ്തിട്ടാണ് ഇന്നത്തെ താരങ്ങള്‍ ആയത്. വിക്രം നായകനായി വന്ന ലോക്കല്‍ മലയാളം പടങ്ങള്‍ കണ്ട് കൂവിയ നമ്മള്‍ തന്നെ അദ്ദേഹത്തിന്റെ തമിഴ് ചിത്രങ്ങള്‍ കണ്ട് കയ്യടിച്ചു.- പ്രിഥ്വിക്കും നമുക്ക് അവസരം കൊടുക്കാം; പയ്യന്‍ തെളിയുമെന്ന് എനിക്കുറപ്പുണ്ട്.

  ReplyDelete
 17. കുട്ടൂ............. അത്രക്ക് സഹതാപം വേണ്ടാ‍ ട്ടോ.. :)

  ഹരീ.. ആക്ഷന്‍ സമയത്ത് ഓരോ അടി അടിക്കുമ്പോഴും പൊടിപാറാന്‍ അവര്‍ എന്തോ വെളുത്ത പൊടി വസ്ത്രത്തില്‍ ഒക്കെ ഇട്ടിട്ടുണ്ട്.. അതിനെ ഞാന്‍ കയറി മൈദ എന്ന് അങ്ങ് വിളിച്ചതാ.. :).. പിന്നെ നോയിസ്/ഗ്രൈന്‍സ് ഉണ്ട് പൊടിപടലം കൂടാതെ...

  ReplyDelete
 18. Hari....ur ratings are again without any logic...I too saw the film. I came across some comments(Who are eagery looking forward for new differences in Malayalam cinema)like the film is a good entertainer.
  Can any body tell me the logic of fights between Bala and Prithvi. One of the most irritating scene was Bala shouting to Prithvi towards the climax like he and his brothers will make him to pay.

  Shall i ask 1 question.Was SAJ agood entertainer?Atleast there was some logics behind each and every fighting sequences and of course the film was wonderfully directed by AN. The locales and also the costumes were also higjly rich. I can't even find a small entertaining scene in PM when comaped to SAJ aspecially the fighting scenes and the dialogue deliveries.

  HAri thankalude ee review kashtam thannae....Paranjittu karyamilla....

  ReplyDelete
 19. @ കുട്ടു | Kuttu,
  വിശദമായ കമന്റിനു നന്ദി. :-) കുട്ടുവിന്റെ വ്യക്തിപരമായ അഭിപ്രായം എന്ന നിലയ്ക്ക് കമന്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ മാനിക്കുന്നു. ചിലതിനോടൊക്കെ യോജിക്കുന്നു (കഥയില്ലായ്മ, സ്റ്റണ്ടുകളിലെ അമാനുഷികത), അവ വിശേഷത്തില്‍ പറഞ്ഞിട്ടുമുണ്ട്. ബാലയുടെ ഡബ്ബിംഗ്, അതും ചില സ്ഥലങ്ങളിലേതിന് പ്രശ്നം അനുഭവപ്പെട്ടുവെന്നത് നേര്, പക്ഷെ അതുവെച്ച് ഒരു ജനറലൈസേഷനു സാധിക്കുമെന്നു തോന്നുന്നില്ല. പൃഥ്വിരാജ് ദയനീയമായാണ് ഫൈറ്റ് സീനുകളില്‍ പെര്‍ഫോം ചെയ്തതെന്നിനോടും യോജിപ്പില്ല. ക്യാമറാമാന്‍ സ്വന്തം ഇഷ്ടപ്രകാരം ഷൂട്ടുചെയ്ത് എഡിറ്റു ചെയ്താലും ഇങ്ങിനെയൊരു പടമാകും, പക്ഷെ ക്യാമറമാന്‍ സംവിധായകനായിക്കൂടി ചിന്തിക്കണമെന്നുമാത്രം. വരികള്‍ പകര്‍ത്തിയെഴുതി നോക്കിയാണോ സിനിമാഗാനത്തിന്റെ മേന്മ നിര്‍ണയിക്കുന്നത്? “പാട്ടെല്ലാം പാട്ടാണോ, പൊട്ടാസു പൊട്ടും പോലൊരു പാട്ട്...”, ഈ പരുവത്തില്‍ ഒരു പ്രാവശ്യം കേള്‍ക്കുവാന്‍ തന്നെ അരോചകമായ പാട്ടുകള്‍ വെച്ചു നോക്കുമ്പോള്‍ ഇതിലേത് തരക്കേടില്ലാത്ത വരികള്‍ തന്നെ.

  @ Balu..,..ബാലു,
  ഇവിടെ ശ്രീപത്മനാഭയില്‍. റിയാക്ഷന്‍ നേരേ തിരിച്ചും. :-) പിന്നെ ഇത്രയും അമാനുഷികത ഫൈറ്റില്‍ വേണ്ടിയിരുന്നില്ല.

  @ Aadityan,
  കമന്റ് ആകെ കണ്‍ഫ്യൂഷനാക്കിയല്ലോ! :-)

  @ ടി.സി.രാജേഷ്‌,
  അവിടെയുണ്ടെന്നേ... :-)

  @ Satheesh Haripad,
  നന്ദി. :-)

  @ രമേഷ്,
  അങ്ങിനെ. :-) നോയിസ്/ഗ്രയിന്‍സ് എന്റെ ശ്രദ്ധയില്‍ വരാത്തതാവാം.

  @ Vivek,
  You can always rate a film according to your own logic. :-) I will say Amal's cinematography was great but as a director he failed miserably. I do not think SAJ is a good entertainer, and there is no real 'fight' in SAJ apart from some shooting sequences. (In both films, the stunts are done by Anal Arasu.) I agree with you in one thing, the dialogue of Bala in the climax scene is a poor one.
  --

  ReplyDelete
 20. നന്നായിട്ടുണ്ട് ഹരീ
  നിന്റെ ബ്ലോഗ്‌ വായിച്ചിട്ടേ ഞാനിപ്പോള്‍ സിനിമ കാണാന്‍ പോകൂ
  നീ രാജസേനന്റെ പടം കണ്ടില്ലേ?
  നീ കണ്ടതിനു ശേഷമേ ഞാന്‍ കാണൂ
  ഓക്കേ. വീണ്ടും കാണാം..

  --shafeeque. m. m
  9946596975

  ReplyDelete
 21. ഹരീസാര്‍ ..ഈ ബ്ലോഗ് നോക്കിയിട്ടാണ്
  കുറച്ച് വൈകിയാണെങ്കിലും ഷാര്‍ജ കോണ്‍കോര്‍ഡില്‍ വരുന്ന സിനിമകള്‍ കാണാറുള്ളത്.
  നല്ല വിശകലനങ്ങള്‍ .. നിരീക്ഷണങ്ങള്‍
  അതിനു പ്രത്യേക അഭിവാദ്യങ്ങള്‍ ..
  പിന്നെ സാം ജിത്ത് എന്റെ സഹപ്രവര്‍ ത്തകനായിരുന്നു. കൂട്ടുകാരനുമാണ്. അദ്ദേഹത്തെ കുറിച്ചുള്ള നല്ലവാക്കുകള്‍ കേട്ടപ്പോള്‍ വളരെ സന്തോഷം .

  ReplyDelete
 22. ഈ ബ്ലോഗിന്റെ ലേ ഔട്ട്‌ അപാരം തന്നെ.. സൂപ്പര്‍.

  അതിമാനുഷരെ സൃഷ്ടിക്കാനുള്ള പുറപ്പാടിലേക്ക്‌ മലയാളം സിനിമ നീങ്ങുന്നു. അതുകൊണ്ടാവും ഇപ്പോള്‍ മിക്കവര്‍ക്കും ഇത് ഇഷ്ടമാവാത്തത്. അതിഭാവുകത്വം ഇല്ലാത്ത നല്ല സിനിമകളായിരുന്നു എന്നും നമ്മുടെ.. (അല്ലാത്തതും ഇല്ലായിരുന്നു എന്നല്ല) പക്ഷെ ഇന്ന് തമിഴിനെ അതുപോലെ പകര്‍ത്താന്‍ ശ്രമിക്കുംപോഴുണ്ടാകുന്ന വൈകൃതകങ്ങള്‍ മാത്രമാവുന്നു ഇത്തരം സിനിമകള്‍. വിദേശത്തു താമസിക്കുന്നതുകൊണ്ട് ഇത്തരം ക്രൂര കൃത്യങ്ങള്‍ കാണേണ്ടി വരുന്നില്ല. അടുത്തിടെ അലിഭായി എന്നൊരു പടം കണ്ടിരുന്നു. മോഹന്‍ലാലിന്റെ ഒരു ഹാര്‍ഡ്‌കോര്‍ ഫാനായിട്ടുകൂടി സംവിധായകനോട് അറപ്പ് തോന്നിയെങ്കില്‍ ഇത്തരം സൂപ്പര്‍മാന്‍ ആക്കല്‍ വെറും ഫ്ലോപ്‌ ആയെന്നു വേണം പറയാന്‍.
  കേട്ട് മടുത്ത പാട്ടുകള്‍, നിലവാരമില്ലാത്ത ആഖ്യാനം തമിഴ്‌ പടം ഡബ് ചെയ്തത് പോലെ തോന്നിപ്പിക്കുന്നുവെങ്കില്‍ എന്ത് സിനിമ. എങ്കില്‍ നേരെ തമിഴ് കണ്ടാല്‍ പോരായോ..

  ReplyDelete
 23. ഒരു കാര്യം പ്രത്യേകം പറയണം. ഈ ബ്ലോഗിന്റെ ലേ ഔട്ടും ഡിസൈനിങ്ങും അസൂയ തോന്നിപ്പിക്കും വിധം മനോഹരം തന്നെ.

  ReplyDelete
 24. ഹരീ... ഇന്നലെ പടം കണ്ടു. യാതൊരു പുതുമയുമില്ലാത്ത കഥയും ഒരുപാട്‌ പോരായ്മകളുള്ള തിരക്കഥയും...

  'പിച്ചവച്ച നാള്‍ മുതല്‍' സ്നേഹിച്ച്‌ കഴിഞ്ഞവര്‍ പുഷ്പം പോലെ വേര്‍പിരിയുന്നതും പിറ്റേന്ന് മുതല്‍ നായകന്‍ വേറൊരുത്തിയെ ബൈക്കില്‍ വച്ച്‌ ചുറ്റി പ്രണയിക്കുന്നതും ഒരല്‍പ്പം കഷ്ടമായിപ്പോയി.

  ചില രംഗങ്ങള്‍ വളരെ ഇന്ററസ്റ്റിംഗ്‌ ആയി ചിത്രീകരിച്ചിട്ടുണ്ട്‌.

  സ്റ്റണ്ട്‌ കുറേ കണ്ട്‌ കഴിഞ്ഞപ്പോള്‍ മടുത്ത്‌ ഒരു പരുവമായി. ഒരാളെ ഇടിച്ച്‌ സ്ലോമോഷനില്‍ വീഴിക്കുമ്പോഴേയ്ക്ക്‌ വേറൊരാള്‍ സ്ലോമോഷനില്‍ എഴുന്നേറ്റുവരുന്നുണ്ടാകും, എന്നിട്ട്‌ അയാളെയും സ്ലോമോഷനില്‍ ഇടിക്കും... ഈ പ്രക്രിയ 4-5 തവണ ആവര്‍ത്തിച്ചു കണ്ടപ്പോള്‍ മതിയായി. പക്ഷേ, ആദ്യമൊക്കെ സ്റ്റണ്ട്‌ ഇന്ററസ്റ്റിംഗ്‌ ആയി തോന്നി. (ഇതേ സബ്ജക്റ്റ്‌ ഉള്ള എല്ലാ സിനിമയിലും തോന്നാവുന്ന ഇന്ററസ്റ്റ്‌ തന്നെ).

  പാട്ടുകള്‍ ഇഷ്ടപ്പെട്ടു, പലതിന്റേയും വരികളും കൊള്ളാം. 'പിച്ചവച്ച നാള്‍' എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നതില്‍ ഭാഷാപ്രാവീണ്യക്കുറവ്‌ ശരിയ്ക്കും മുഴച്ചുനിന്നു.

  അങ്ങനെ എല്ലാം കൂടി നോക്കിയാല്‍ സബ്ജക്റ്റില്‍ പുതുമയൊന്നുമില്ലാത്ത അവിടവിടെ കുറച്ച്‌ എന്റര്‍ടൈനിംഗ്‌ അയ ഒരു ചിത്രം

  ReplyDelete
 25. @ shafeeque mundodath,
  :-) നന്ദി! (നീ, നിന്റെ എന്നൊക്കെ പ്രയോഗിച്ചിരിക്കുന്നതു കണ്ടാല്‍ തോന്നും, നമ്മളടുത്തറിയുമെന്ന്!)

  @ Rafeek Wadakanchery,
  ഹരീന്നു മതിയേ! :-) കമന്റിനു നന്ദി. അതുശരി, അപ്പോള്‍ പടം കണ്ടിട്ട് കൂട്ടുകാരനെ നേരിട്ടു തന്നെ അഭിനന്ദിക്കൂ...

  @ ദീപക് രാജ്|Deepak Raj,
  അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ, തമിഴ് സിനിമകളെ അനുകരിക്കേണ്ട എന്നു പറയുന്നില്ല. കൊള്ളാവുന്ന സിനിമകളെ ഒന്നനുകരിച്ച് പഠിച്ചിരുന്നെങ്കില്‍ എന്നു വെറുതേ ആശിക്കുന്നു. ലേ-ഔട്ട് ഇഷ്ടമായതില്‍ സന്തോഷം. നന്ദി. :-)

  @ സൂര്യോദയം,
  അതെ, കഥയാണ് സിനിമയിലെ വില്ലന്‍. എന്തുചെയ്യാം, അവാര്‍ഡ് ഗായകനാണ് കക്ഷി, ഇനിയും പുള്ളി പിച്ചവെച്ച് പാടാന്‍ വരുമായിരിക്കും. പക്ഷെ, എന്തുകൊണ്ടോ “കല്യാണക്കച്ചേരി പാടാമെടീ”യേക്കാള്‍ ഇഷ്ടമായി ഇത്. :-) നന്ദി. (എന്തേ, ‘സിനിമാനിരൂപണ’ത്തില്‍ എഴുതണ്ടാന്നു കരുതിയോ?)
  --

  ReplyDelete
 26. ഇപ്പോള്‍ അഭിപ്രായ വോട്ടെടുപ്പുകള്‍(Polls)ചിത്രവിശേഷത്തില്‍ കാണ്മാനില്ലല്ലോ.നിര്‍ത്തിയോ?നിര്‍ത്തരുതായിരുന്നു.

  ReplyDelete
 27. @ ibrahim,
  പോളിടുവാന്‍ പറ്റിയ വിഷയങ്ങളൊന്നും മനസില്‍ തോന്നിയില്ലാന്നേയുള്ളൂ. സമകാലീന മലയാളസിനിമകളില്‍ മികച്ചതേത് എന്നു കണ്ടെത്തുവാനൊരു പോള്‍ അനാവശ്യമാണെന്നു തോന്നുന്നു.
  --

  ReplyDelete
 28. ഹരീ..
  'പിച്ചവച്ച നാള്‍ മുതല്‍' എന്ന ഗാനം ഭാഷാപ്രശ്നമുണ്ടെങ്കിലും ഇഷ്ടപ്പെട്ടു എന്നതാണ്‌ സത്യം.

  താങ്കളുടെ നിരൂപണമുള്ളപ്പോള്‍ ഞാന്‍ ഒരെണ്ണം ഇടേണ്ടത്‌ അത്ര ആവശ്യമായി തോന്നിയില്ല. മാത്രമല്ല, താങ്കളുടെ നിരൂപണത്തില്‍ നിന്ന് വ്യത്യസ്തമായോ കൂടുതലായോ എന്തെങ്കിലും പറയാനുണ്ടെങ്കിലേ അതിലൊരു പ്രസക്തിയുള്ളൂ. മാത്രമല്ല, ഓഫീസില്‍ blogspot ഇപ്പൊ കിട്ടുന്നില്ല ;-) വീട്ടില്‍ ഇരുന്ന് നിരൂപണം എഴുതി പോസ്റ്റ്‌ ചെയ്യാന്‍ താമസം വരികയും ചെയ്തു. :-)

  ReplyDelete
 29. ഈ ചിത്രത്തിനുന്‍ 5.75 മാര്‍ക്കോ ??
  ചുമ്മാ ചിരിപ്പിക്കരുത്...

  ശരിക്കും പറഞ്ഞാല്‍ അടുത്തിടെ കണ്ട ഏറ്റവും നല്ല കോമഡി ചിത്രമാണ് പുതിയ മുഖം.സംവിധാനവും തിരക്കഥയും എക്സിക്യൂഷനും കണ്ട് ചിരിച്ചു മറിഞ്ഞു. :)

  ReplyDelete
 30. പുതിയ മുഖത്തെക്കുറിച്ച് ഞാനൊരു റിവ്യൂ എഴുതിയിട്ടുണ്ട്, സമയം കിട്ടിയാല്‍ വായിച്ചുനോക്കുമല്ലോ

  http://santhoshangal.blogspot.com/2009/08/blog-post.html

  ReplyDelete
 31. @ സൂര്യോദയം,
  :-) എങ്കിലും മറ്റൊന്നു കൂടി വായിക്കുന്നതിന് ഏവര്‍ക്കും താത്പര്യമുണ്ടാവുമല്ലോ?

  @ നന്ദകുമാര്‍,
  ചിരി നല്ലതാണ്. :-)

  @ |santhosh|സന്തോഷ്|,
  വായിച്ചു. :-)
  --

  ReplyDelete
 32. Aadityan said...
  അതും പോരെങ്ങില്‍ Butterfly on a wheel/shattered എന്ന പടതിന്തേ മലയാളം Remake മയി ബ്ലെസി റെഡി അല്ലെ .

  ആദി butterfly on a wheel പടം കണ്ടോ ?
  എങ്കില്‍ butterfly on a wheel ന്റെ ഒരു റിവ്യൂ എഴുതു ,
  ഭ്രമരം -ഒരു inspired story ആണോ എന്ന്
  ariyan ഒരു aakamksha

  ReplyDelete
 33. ആദി butterfly on a wheel പടം കണ്ടോ ?
  എങ്കില്‍ butterfly on a wheel ന്റെ ഒരു റിവ്യൂ എഴുതു ,
  ഭ്രമരം -ഒരു inspired story ആണോ എന്ന്
  ariyan ഒരു aakamksha

  ReplyDelete
 34. ടിന്റുമോന്‍,
  butterfly on a wheel ഞാന്‍ കണ്ടതാണ്... ‘രാത്രിയില്‍ വരുന്ന അപരിചിതന്‍‘ എന്ന ഒരു വിദൂരസാമ്യത മാത്രമേ ഈ രണ്ട് ചിത്രങ്ങളും തമ്മിലുള്ളൂ...

  ഹരീ,
  പുതിയ മുഖം എന്നെ ശരിക്കും ബോറടിപ്പിച്ചു. സിന്ധുരാജിന്റെ തിരക്കഥയിലെ വലിയ ഓട്ടകള്‍ മറ്റു ടെക്‍നീഷ്യന്‍‌സിന്റെ സഹായത്തോടെ അടയ്ക്കാന്‍ കഴിഞ്ഞു എന്നതിനാല്‍ ദീപനില്‍ ഒരു പ്രതീക്ഷയുണ്ട്.

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete