പാസഞ്ചര്‍ (Passenger)

Published on: 5/09/2009 03:14:00 AM
Passenger: A film directed by Ranjith Sankar, starring Sreenivasan, Dileep, Mamta Mohandas.
ഒരേ അച്ചില്‍ വാര്‍ത്ത പോലീസ് കഥകളല്ലാതെ, ത്രില്ലര്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന വ്യത്യസ്തമായ സിനിമകള്‍ മലയാളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഉണ്ടാവാറുള്ളൂ. അത്തരമൊരു അപൂര്‍വ്വതയാണ് ‘പാസഞ്ചര്‍’. നവാഗതനായ രഞ്ജിത് ശങ്കര്‍ കഥയും തിരക്കഥയും സംഭാഷണങ്ങളുമെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍; ശ്രീനിവാസന്‍, ദിലീപ്, മം‌മ്ത മോഹന്‍‌ദാസ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എസ്സ്.സി. പിള്ള. വ്യത്യസ്തമായ പ്രമേയവും, പുതുമയുള്ള ആഖ്യാനരീതിയും കൈമുതലായുള്ള ഈ ചിത്രം പ്രേക്ഷകരെ മടുപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറയാം.

 കഥയും, കഥാപാത്രങ്ങളും [ 6/10 ]

ഒരു സാധാരണ കഥയെന്നപോ‍ലെ പറഞ്ഞു തുടങ്ങി സ്തോഭാത്മക സന്ദര്‍ഭങ്ങളിലേക്ക് ക്രമമായി വളര്‍ന്നു കയറുന്ന കഥയുടെ അവതരണം ചിത്രത്തെ ആസ്വാദ്യകരമാക്കുന്നു. ഓരോ സംഭവങ്ങളേയും യുക്തിസഹമായി കോര്‍ത്തിണക്കുന്നതില്‍ തിരക്കഥാകൃത്ത് വിജയിച്ചിട്ടുണ്ട്. തനതായ സ്വഭാവസവിശേഷതകളോടെ അവതരിപ്പിക്കപ്പെട്ട ചിത്രത്തിലെ കഥാപാത്രങ്ങളും മികച്ചു നിന്നു. ഇടവേള വരെ രണ്ടിഴകളായി മുന്നേറുന്ന കഥ പിന്നീട് ഒന്നായി തുടരുന്നു. എന്നാല്‍ തിരക്കഥയില്‍ പഴുതുകളില്ലെന്നല്ല. ഇന്റര്‍നെറ്റുമായി വളരെ പരിചയമുള്ള മീഡിയ ജേര്‍ണലിസ്റ്റായ അനുരാധ, എന്തുകൊണ്ട് സ്വന്തം നിലയ്ക്ക് വീഡിയോ പ്രസിദ്ധീകരിക്കാവുന്ന YouTube മുതലായ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയില്ല എന്ന്‍ ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ സംശയിച്ചുപോവും. തങ്ങളുടെ പദ്ധതികള്‍ പുറത്തായി എന്നുറപ്പുള്ളപ്പോഴും, അതു നടപ്പിലാക്കുന്നതില്‍ നിന്നും വില്ലന്മാര്‍ പിന്തിരിഞ്ഞില്ല എന്നതിലും അസ്വാഭാവികത കാണാം. മറ്റു ചില നിസാര പിഴവുകളും സൂക്ഷ്മപരിശോധനയില്‍ കണ്ടേക്കാമെങ്കിലും, ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നതല്ല അവയൊന്നും എന്നതിനാല്‍ തന്നെ ഈ കുറവുകള്‍ മറക്കാവുന്നതേയുള്ളൂ.

 സംവിധാനം [ 8/10 ]

ചിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ സംവിധായകന്റെ കൈയ്യടക്കം വളരെ പ്രകടമാണ്. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സത്യനാഥിന്റെയും ദിലീപ് അവതരിപ്പിച്ച നന്ദന്‍ മേനോന്റെയും ജീവിതസാഹചര്യങ്ങളും പ്രതിസന്ധികളും ഇരുവരുടേയും സ്വഭാവസവിശേഷതകളും ചുരുക്കം ഷോട്ടുകളിലൂടെ വരച്ചിടുവാന്‍ സംവിധായകനു കഴിഞ്ഞു. സൂക്ഷ്മാംശങ്ങളില്‍ പോലും ശ്രദ്ധചെലുത്തി, കഥാസന്ദര്‍ഭത്തോടു ചേര്‍ന്നുപോവുന്ന രീതിയില്‍ അഭിനേതാക്കളെ ഉപയോഗപ്പെടുത്തുന്നതിലും രഞ്ജിത് ശങ്കര്‍ വിജയിച്ചിട്ടുണ്ട്. തുടക്കത്തിലുള്ള ട്രയിന്‍ രംഗങ്ങളിലും, കുടുംബരംഗങ്ങളിലും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള, സമകാലിക രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളിലൂടെ, പരോക്ഷമായൊരു സാമൂഹികവിമര്‍ശനവും സംവിധായകന്‍ സാധിച്ചെടുത്തിരിക്കുന്നു. ചിത്രത്തിലുടനീളം ആവശ്യമായ മിതത്വം പാലിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തിയ രഞ്ജിത് അവസാന ഭാഗങ്ങളില്‍ അല്പം വലിച്ചുനീട്ടിയത് ചിത്രത്തിന്റെ നിറമല്പം കുറയ്ക്കുന്നുണ്ട്, ആ ഭാഗങ്ങളില്‍ അല്പം യുക്തിരാഹിത്യവും ചൂണ്ടിക്കാട്ടുവാനാവും.

 അഭിനയം [ 8/10 ]

ഒരു കഥാപാത്രത്തില്‍ കിടന്നു ചുറ്റിക്കറങ്ങുന്ന രീതിയല്ല ഈ ചിത്രത്തിന്. അതിനാല്‍ തന്നെ ചിത്രത്തിന്റെ വിജയത്തില്‍ ഇതിലെ ഓരോ അഭിനേതാവിനും പങ്കുണ്ട്. വിഷചിന്തകളെ മനസിലൊളിപ്പിച്ച് മുഖത്തു തെളിഞ്ഞ ചിരി സൂക്ഷിക്കുന്ന, കാര്യഗൌരവത്തോടെ സംസാരിക്കുന്ന, ആളുകളെ കൈയിലെടുക്കുവാന്‍ പ്രത്യേക വൈഭവമുള്ള തോമസ് ചാക്കോയെന്ന അഭ്യന്തര മന്ത്രിയെ അവതരിപ്പിച്ച ജഗതി ശ്രീകുമാറാണ് ഏറെ മികച്ചു നിന്നത്. ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവിന്റെ മിമിക്രിയാവാതെ, വളരെ പക്വമായി അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ ഒരു നായകനായ അഡ്വ. നന്ദന്‍ മേനോനേക്കാള്‍ പ്രാധാന്യമുണ്ട്, നായികയുടെ സ്ഥാനത്തുള്ള അനുരാധയെന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്ക്. അവസരത്തിനൊത്തുയര്‍ന്ന ഒരു പ്രകടനമായിരുന്നു മം‌മ്ത മോഹന്‍‌ദാസില്‍ നിന്നുമുണ്ടായത്. ആരാധകര്‍ക്കുവേണ്ടിയെന്ന പേരില്‍ കോപ്രായങ്ങള്‍ കാട്ടാത്ത, ഹീറോ പരിവേഷമില്ലാത്ത നായകനെ അവതരിപ്പിക്കുവാന്‍ ദിലീപ് തയ്യാറായതില്‍ അദ്ദേഹത്തെ അഭിനന്ദിക്കേണ്ടതുണ്ട്. കഥാപാത്രമായി താന്‍ മാറുകയാണ്, അല്ലാതെ തനിക്കു വേണ്ടി കഥാപാത്രത്തെ മാറ്റുകയല്ല ചെയ്യേണ്ടതെന്ന ബോധം ദിലീപിനുണ്ടായെങ്കില്‍ അതൊരു ശുഭസൂചനയാണ്. ചിത്രത്തിലെ മറ്റൊരു നായകനായ സത്യനാഥനെ അവതരിപ്പിച്ച ശ്രീനിവാസന്‍, കാര്‍ ഡ്രൈവറായെത്തിയ നെടുമുടി വേണു, മാനുഷികവികാരങ്ങള്‍ക്ക് മനസില്‍ ഇടം നല്‍കാത്ത പ്രഫഷണല്‍ ഗുണ്ടയായി ആനന്ദ് സാമി എന്നിവരുടെ കഥാപാത്രങ്ങളും എടുത്തു പറയേണ്ടവ തന്നെ. തങ്കമ്മയെന്ന വേഷത്തില്‍ സോന നായര്‍, സത്യനാഥിന്റെ ഭാര്യയായി ലക്ഷ്മി ശര്‍മ്മ, ട്രയിന്‍ യാത്രക്കാരായി ഹരിശ്രീ അശോകന്‍, അനൂപ് ചന്ദ്രന്‍, കൊച്ചു പ്രേമന്‍, ടി.പി. മാധവന്‍; മറ്റു വേഷങ്ങളില്‍ മധു, മണിക്കുട്ടന്‍, ശ്രീജിത് രവി, ശിവാജി ഗുരുവായൂര്‍ തുടങ്ങിയവരും മോശമായില്ല.

 സാങ്കേതികം [ 3/5 ]

പി. സുകുമാറിന്റെ ഛായാഗ്രഹണം, രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനം, സാബു റാമിന്റെ കലാസംവിധാനം എന്നിവയൊക്കെ ചിത്രത്തോടു ചേര്‍ന്നു പോവുന്നുണ്ട്. മിതമായ ഇഫക്ടുകളും, നിശബ്ദതയ്ക്കു കൂടി പങ്കുള്ള ശങ്കരന്‍‌കുട്ടിയുടെ പിന്നണിസംഗീതവും ചിത്രത്തിനുതകുന്നവ തന്നെ. സാധാരണതകളില്‍ നിന്ന് അസാധാരണതകളിലേക്ക് ചിത്രം വികസിക്കുമ്പോഴും, ഒരു കഥാപാത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്ത സാഹചര്യങ്ങളിലുള്ള മറ്റൊന്നിലേക്കെത്തുമ്പോഴും സാങ്കേതികഭാഷയില്‍ വ്യതിയാനമൊന്നും ഉണ്ടാവുന്നില്ല എന്നതൊരു കുറവായി പറയാം.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 4/5 ]

കഥയുടെ വേഗത കളയുമെന്ന ദോഷം മാത്രം ചെയ്തേക്കുമായിരുന്ന ഗാനങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത് നല്ലൊരു കാര്യമായി. അനില്‍ പനച്ചൂരാനെഴുതി ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഒരു ഗാനം ഒടുവില്‍ ക്രെഡിറ്റ്സിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നൃത്തത്തിനും ചിത്രത്തില്‍ സ്ഥാനമില്ല. ആക്ഷന്‍ രംഗങ്ങള്‍ക്കായി പ്രത്യേകമൊരു സംവിധായകന്‍ ചിത്രത്തിനില്ല, അങ്ങിനെയൊരു സംവിധായകന്റെ ആവശ്യം വരുന്ന രീ‍തിയില്‍ സംഘട്ടന/സംഘര്‍ഷ രംഗങ്ങളും ചിത്രത്തിലില്ല. (മാഫിയ ശശിക്ക് തുടക്കത്തില്‍ നന്ദി പറഞ്ഞിട്ടുണ്ട്, ചെറിയ സഹായങ്ങള്‍ അദ്ദേഹം ചെയ്തുകൊടുത്തിട്ടുണ്ടാവാം.) ആമാനുഷിക സംഘട്ടനങ്ങളും, സംഭവങ്ങളും ഇത്തരമൊരു ചിത്രത്തില്‍ ഒഴിവാക്കുവാന്‍ സംവിധായകന്‍ ധൈര്യം കാണിച്ചു എന്നതും വേറിട്ട ഒരു അനുഭവമാണ്.

 ആകെത്തുക [ 7.25/10 ]

പാസഞ്ചര്‍ ട്രയിനുകള്‍ക്കനുസരിച്ച് തങ്ങളുടെ സമയസഞ്ചാരങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന പലരിലൊരാളായ സത്യനാഥന്റെ അസ്വാഭാവികമായ ഒരു ദിവസത്തിനു ശേഷം, സാധാരണനിലയിലേക്ക് മടങ്ങിയുള്ള മറ്റൊരു ദിവസത്തില്‍ ചിത്രം അവസാനിക്കുമ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കൈയ്യടി. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്ന സാധാരണക്കാരനെ ഒന്നു ചിന്തിപ്പിക്കുവാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. ചിത്രത്തിനൊടുവില്‍ ദിലീപ് ചിത്രത്തിന്റെ സന്ദേശം വ്യക്തമായി പറയുന്നുണ്ടെങ്കിലും, അതില്ലാതെ തന്നെ പ്രേക്ഷകര്‍ക്ക് കാര്യം മനസിലാവും. അണലി ഷാജിയുടെ മനുഷ്യത്വമില്ലായ്മ തുടക്കത്തില്‍ സൂചിപ്പിച്ച ശേഷം, ഒടുവില്‍ അഭ്യന്തരമന്ത്രി കൂടിയായ തോമസ് ചാക്കോയുടെ മനസിലിരുപ്പ് അറിയുന്ന ഷാജി പോലും മാറി ചിന്തിക്കുന്നു എന്നു കാണിക്കുമ്പോള്‍; റോഡിലിട്ടു മനുഷ്യനെ പച്ചയ്ക്കു വെട്ടിനുറുക്കുന്ന ഗുണ്ടയേക്കാള്‍ അധഃപതിച്ചവരാണ് അധികാരലഹരി മൂത്ത ഇന്നത്തെ രാഷ്ട്രീയക്കാര്‍ എന്നു കൂട്ടിവായിക്കുവാന്‍ ചിത്രം കാണികളെ പ്രേരിപ്പിക്കുന്നു. ഇത്തരം മറ്റു ചില കൂട്ടിവായനകളും ചിത്രത്തില്‍ സാധ്യമാണ്. ഏതെങ്കിലുമൊരു കൊടിയുടെ പക്ഷം പിടിച്ചൊരു രാഷ്ട്രീയ വിമര്‍ശനത്തിനല്ല സംവിധായകന്‍ മുതിര്‍ന്നതെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ജനകീയ കലയ്ക്ക് ഉണ്ടാവേണ്ട സാമൂഹിക പ്രതിബദ്ധത ചിത്രം നിറവേറ്റുമ്പോള്‍ തന്നെ, ഒരു നിമിഷം പോലും സിനിമയില്‍ നിന്നും വിട്ടുപോവാതെ പ്രേക്ഷകനെ പിടിച്ചിരുത്തുകയും ചെയ്യുന്നുണ്ട് ഈ സിനിമ. ഇത്തരമൊരു ചിത്രമൊരുക്കിയ രഞ്ജിത് ശങ്കറും കൂട്ടരും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ദിലീപിന്റെ ചുവടുകള്‍ പിന്‍‌തുടര്‍ന്ന് മറ്റ് സൂപ്പര്‍സ്റ്റാറുകളും, ആരാധകര്‍ക്കായുള്ള കസര്‍ത്തുകള്‍ കാട്ടാതെ, വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ തയ്യാറായാല്‍ മലയാളസിനിമയ്ക്ക് മറ്റൊരു വസന്തകാലമാവും ഇനി വരുന്ന നാളുകള്‍. ആ യാത്രയ്ക്കൊരു തുടക്കം ഈ ‘പാസഞ്ചറി‍’ലൂടെയാവട്ടെ.

Description: Passenger - A Malayalam (Malluwood) film directed by Ranjith Sankar; starring Sreenivasan, Dileep, Mamta Mohandas, Jagathy Sreekumar, Nedumudi Venu, Sona Nair, Manikuttan, Lakshmi Sharma, Harisree Asokan, Madhu, Anand Sami, Srijith Ravi, Sivaji Guruvayur, Anoop Chandran, Kochu Preman, T.P. Madhavan; Produced by S.C. Pillai; Story, Screenplay and Dialogues by Ranjith Shankar; Camera (Cinematography) by P. Sukumar; Editing by Ranjan Abraham; Art Direction by Sabu Ram; Stunts (Action) by ; Background Score by Sankarankutty; Make-up by Sreejith Guruvayoor; Lyrics by Anil Panachooran; Music by Bijibal; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. May 05 2009 Release.
--

44 comments :

 1. സമകാലീന മലയാളസിനിമയില്‍ വേറിട്ടൊരു അനുഭവമായി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘പാസഞ്ചര്‍’. ശ്രീനിവാസന്‍, ദിലീപ്, മം‌മ്ത് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഇന്ന് വൈകീട്ട് കാണാന്‍ പോകും... ഇന്നലെ കാണാന്‍ പറ്റിയില്ല.... കണ്ടിട്ട് വന്നിട്ട് വിശദമായി കമന്റാം.....

  ReplyDelete
 3. പാസ്സഞ്ചര്‍ കാണാന്‍ പറ്റിയില്ല. പക്ഷെ, സുഹൃത്തുക്കളുടേയും മാദ്ധ്യമങ്ങളില്‍ നിന്നും വായിച്ച റിപ്പോര്‍ട്ട് പ്രകാരം ചിത്രം വളരെ വ്യത്യസ്ഥമായ ഒരു ത്രില്ലര്‍ ആണെന്നാണ് അറിഞ്ഞത്.

  എന്തായാലും മലയാളത്തിലെ സ്ഥിരം വാര്‍പ്പു മാതൃകകളെ/ഇമേജുകളെ പൊളിച്ചടൂക്കാനും, സ്റ്റണ്ട്-പാട്ട്-ഡാന്‍സ് ഇല്ലാതെ ഒരു ത്രില്ലര്‍ ഒരുക്കുവാനും ധൈര്യംകാണിച്ച ഈ പുതു സംവിധായകന്‍ അഭിനന്ദിക്കപ്പെടേണ്ടതാണ്.

  ഇപ്പോഴും എഴുപതുകളില്‍ ഉറച്ചുപോയ സംവിധാന ശൈലിയും, മരവിച്ച തലച്ചോറും, പ്രതിഭാശൂന്യരുമായ കിളവന്‍ സംവിധായകര്‍ ഇനി വീട്ടിലിരുന്നു വിശ്രമിക്കട്ടെ., പകരം ഇന്നൊവേറ്റീവായി ചിന്തിക്കുന്ന യുവ തലമുറ മലയാള്‍ സിനിമയില്‍ ഇനിയുമുണ്ടാവട്ടെ.

  ReplyDelete
 4. (കുറേനാള്‍ മുന്‍പ് ‘ഡിറ്റ്ക്ടിവ്” എന്ന ഒരു സുരേഷ് ഗോപി ചിത്രം വ്യത്യസ്ഥമായ ഒരു ത്രില്ലര്‍ ആയിരുന്നു. ഒരുപാട് പരിമിതകളും കുഴപ്പങ്ങളും ആ ചിത്രത്തിനുണ്ടായിരുന്നുവെങ്കിലും ‘ജിത്തു ജോസഫ്’ എന്ന അതിന്റെ യുവ സംവിധായകന്റെ ആ ആദ്യ സിനിമ, വേറിട്ട ചിന്തയും പാതയുമായിരുന്നു. അതുപോലെ രഞ്ജിത്ത് ശങ്കറും ഇമേജുകളെ തകര്‍ത്തും വ്യത്യസ്ഥമായി ചിന്തിച്ചും വേറിട്ട പാതയിലൂടെ മലയാള സിനിമക്കു പുതിയൊരു കാഴ്ചപ്പാട് സമ്മാനിക്കട്ടെ.)

  ഒരു കാര്യം കൂടി
  ഈ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയ ഒരു ‘ബ്ലൊഗര്‍‘ കൂടി ആണെന്നു ഈയടുത്ത് ഒരു ബ്ലോഗില്‍ വായിച്ചിരുന്നു. പാസ്സഞ്ചര്‍ സിനിമയുടെ തയ്യാറെടുപ്പുകളേയും അതിനു വേണ്ടി ബുദ്ധിമുട്ടിയതുമൊക്കെ ഒരു ബ്ലോഗ് പോസ്റ്റില്‍ ഈയിടെ വായിച്ചിരുന്നു. ( ലിങ്ക് തപ്പി നോക്കിയിട്ട് കിട്ടിയില്ല)

  ReplyDelete
 5. പടം ഒന്നു കാണണം ...എന്നാണാവോ ബാംഗ്ലൂരെത്തുക..
  :കുറേക്കാലമായി നല്ലൊരു ത്രില്ലര്‍ കണ്ടിട്ട്...
  രന്‍‌ജിത് ശങ്കറുടെ ബ്ലോഗ് ഇതാണെന്നു തോന്നുന്നൂ..
  http://ranjithsankar.wordpress.com
  -കുട്ടന്‍സ്

  ReplyDelete
 6. പാസഞ്ചര്‍ കണ്ടു വന്നു കയറിയേ ഉള്ളു..ഹരീ റിവ്യൂ എഴുതിയിട്ടില്ലെങ്കില്‍,ഞാനായിട്ട് ഒരെണ്ണം എഴുതാന്‍ ഇരിക്കുവായിരുന്നു.

  വളരെ നല്ല ചിത്രം,വളരെ നല്ല റിവ്യൂ...മറ്റേ യൂട്യൂബ് സംഭവം ഞാനും തിയേറ്ററില്‍ ഇരുന്നു ഓര്‍ത്തായിരുന്നു കേട്ടോ..

  വിഷമിപ്പിച്ച ഒരു കാര്യം,ഇന്നലെ റിലീസായ ഒരു പടത്തിനു,ഇന്നു തിയേറ്ററില്‍ ഉണ്ടായിരുന്നത് ഒരു അറുപതു ശതമാനം ആളുകള്‍ മാത്രം...ഡിറ്റക്ടീവ്,തിരക്കഥ തുടങ്ങിയ നല്ല ചിത്രങ്ങളോട് മലയാളികള്‍ കാണിച്ചത്,ഈ ചിത്രത്തോടു കാണിക്കാതെയിരിക്കട്ടെ..നല്ല സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ..

  ReplyDelete
 7. നല്ല റിപ്പോര്‍ട്ട്. മലയാള സിനിമകള്‍ വിജയിയ്ക്കുന്നത് നല്ല സൂചന തന്നെ. മാത്രമല്ല, നമുക്കിടയിലെ “സൂര്യോദയം” എന്ന ബ്ലോഗറുടെ സുഹൃത്താണ് ഈ രഞ്ജിത് ശങ്കര്‍ എന്നതും സന്തോഷകരം തന്നെ.
  :)

  ReplyDelete
 8. ഒടുക്കം ലിങ്ക് കിട്ടി :)
  പാസഞ്ചറിനെ കുറിച്ചും രഞ്ജിത്തിനെകുറിച്ചും കുറേക്കൂടി ഇവിടെ :

  http://sooryodayamdiary.blogspot.com/2009/04/blog-post.html

  ReplyDelete
 9. നല്ല റിവ്യൂ ചെയ്തതിന്‌ ഹരിക്ക് നന്ദി. ചക്കിനു ചുറ്റും കറങ്ങുന്ന നുകം വെച്ച കാളകള്‍ ഭരിക്കുന്ന മലയാള സിനിമാ വ്യവസായത്തിന്‌ നല്ലൊരു ഉടച്ചുവാര്‍ക്കല്‍ വരുന്ന കാലം വിദൂരമല്ല എന്ന് ഈ പാസ്സഞ്ചറിലൂടെ നവാഗതപ്രതിഭ രഞ്ചിത്ത് ശങ്കര്‍ തെളിയിച്ചുകഴിഞ്ഞു.

  ബൂലോഗത്തേയും ബൂലോഗനേയും പുച്ഛത്തോടെ കണ്ടിരുന്ന ചില ബുജികളുടെ സമീപനം മാറിവരുന്ന ഈ വേളയില്‍ ബൂലോഗത്തെ പ്രതിഭകളുടെ സാന്നിധ്യവും സിനിമാരംഗത്തെ പഴയ വസന്തകാലമായ തീയേറ്റര്‍ നിറയ്ക്കുന്ന ആരവങ്ങളും ജയഭേരികളുമായി പ്രേക്ഷകരെ തിരിച്ചെത്തിക്കുവാന്‍ സഹായകരമാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ആശംസകളോടെ...

  ReplyDelete
 10. @ രായപ്പന്‍,
  ഇതുവരെ കാണുവാനൊത്തില്ലേ?

  @ നന്ദകുമാര്‍, കുട്ടന്‍സ്
  രഞ്ജിത് ശങ്കറെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ലിങ്കുകള്‍ക്കും പ്രത്യേകം നന്ദി. അദ്ദേഹമൊരു ബ്ലോഗറാണെന്നുള്ളത് ഞാന്‍ വിശേഷത്തില്‍ പറഞ്ഞ കഥയിലെ കുറവുകള്‍ കൂടുതല്‍ സാരമുള്ളതാക്കുന്നു. ഇന്റര്‍നെറ്റെന്ന ജനകീയമാധ്യമത്തെ കൂടുതല്‍ പേര്‍ക്ക് പരിചയപ്പെടുത്തുവാന്‍ കൂടിയുള്ള ഒരവസരമല്ലേ കളഞ്ഞു കുളിച്ചത്?

  @ മൃദുല്‍....|| MRIDUL,
  ത്രില്ലറുകള്‍ താത്പര്യമുള്ളവര്‍ക്കു മാത്രമേ ചിത്രം ഇഷ്ടപ്പെടണമെന്നുള്ളൂ. ഒരു ശ്രീനിവാസന്‍ / ദിലീപ് ചിത്രം പ്രതീക്ഷിച്ച് കയറുന്നവര്‍ക്ക് നിരാശയാവും ഫലം. ആ നിരാശയില്‍ നിന്നുമുണ്ടാവുന്ന നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിച്ചേക്കാം.

  @ ശ്രീ,
  നന്ദി. സൂര്യോദയം ഇവിടെ എഴുതിയത് കണ്ടിരുന്നു.

  @ ഏറനാടന്‍,
  :-) നന്ദി. ഉടച്ചുവാര്‍ക്കല്‍ അധികം വൈകാതെ തന്നെ ഉണ്ടാവുമെന്നു പ്രതീക്ഷിക്കാം.
  --

  ReplyDelete
 11. namukk vendath itharathilulla puthiya samvidhayakare aanu..padam ivide vannittilla..comment vayichitt santhosham

  ReplyDelete
 12. ഹരീ
  ഞാനും കണ്ടു ഈ ചിത്രം. ലോജിക്കുകളില്‍ കുറച്ച് പ്രശ്നങ്ങ‌ളുണ്ടെങ്കില്‍ത്തന്നെയും, മികച്ചത് എന്നു പറ‌യാം. ഒരു മിനിമം ഇരുപത് വര്‍ഷത്തെ കഥയേ പറയൂ എന്ന മ‌ല‌യാള സിനിമാ തിര‌ക്കഥാകൃത്തുക്ക‌ളുടെ മു‌ന്‍ വിധി മാറുന്നു എന്നത് ന‌ല്ല സൂചന‌ തന്നെ.
  മികച്ച റിവ്യൂ.

  ReplyDelete
 13. Thanks Hari for the review and others for the comments.

  Ranjith Sankar

  ReplyDelete
 14. ഹരീ.. നല്ല റിവ്യൂ...

  ഒന്ന് രണ്ട്‌ വിമര്‍ശനങ്ങള്‍ക്ക്‌ എണ്റ്റെ ചില ഡിഫന്‍സ്‌.. :-) youtube ല്‍ ഇടാമായിരുന്നില്ലേ എന്നത്‌. അങ്ങനെ ചെയ്താല്‍ അതിന്‌ എത്രമാത്രം ആധികാരികത ലഭിക്കും എന്നത്‌ ഒരു കാരണം. രണ്ടാമതായി, അത്‌ കണ്ട്‌ നടപടിയെടുക്കാന്‍ കഴിവുള്ളവര്‍ ഉണ്ടാവണം എന്നതും അതിനുള്ള സമയമില്ല എന്നുള്ളതും മറ്റൊരു കാരണം.

  2. മന്ത്രിയ്ക്ക്‌ പദ്ധതി ക്യാന്‍സല്‍ ചെയ്യാമായിരുന്നില്ലേ എന്ന ചോെദ്യം... നന്ദന്‍ മേനോനും അനുരാധയും അവരുടെ ജീവിതം വേണ്ടെന്ന് വച്ച്‌ ഇതിനൊരുങ്ങുമെന്ന് മന്ത്രിയ്ക്‌ അദ്ദേഹത്തിണ്റ്റെ ചിന്താഗതിവച്ച്‌ ഊഹിക്കാന്‍ സാധിക്കുമായിരുന്നില്ല. മാത്രമല്ല, അതിനുമുന്‍പ്‌ അവരെ പിടിക്കാന്‍ കഴിയുമെന്ന കോെണ്‍ഫിഡന്‍സും.

  ഹരീ... എവിടെയെങ്കിലും ലോജിക്കലായോ സാങ്കേതികമായോ പിഴവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അതിന്‌ കഴിയുമെങ്കില്‍ ജസ്റ്റിഫിക്കേഷന്‍സ്‌ തരാന്‍ ശ്രമിക്കാം... മുഴുവന്‍ ശരിയായിക്കൊള്ളണമെന്നില്ല.. എങ്കിലും :-)

  ReplyDelete
 15. ആക്ഷൻ ത്രില്ലേഴ്സ് പൊതുവേ ഇഷ്ടമല്ല. എന്നാലും ഈ റിവ്യൂ വായിച്ചിട്ട് കുഴപ്പമില്ലാ എന്നു തോന്നുന്നു. എപ്പോൾ കാണുമെന്നറിയില്ലെങ്കിലും ലിസ്റ്റിൽ പെടുത്തി

  ReplyDelete
 16. പാസഞ്ചര്‍ കണ്ടു. കണ്ടിറങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഇത്തരത്തിലുള്ള രണ്ടോ മൂന്നോ സംവിധായകര്‍ വന്നാല്‍ മലയാളം സിനിമ രക്ഷപെടും. നല്ലൊരു ത്രില്ലര്‍. 2 മണിക്കൂര്‍ നേരം കൊണ്ട്‌ ഒരു ദിവസത്തെ കഥ പറയുന്ന അഖ്യാന രീതി എനിക്ക്‌ വളരെ ഇഷ്ടമായി. എന്തായാലും ഞാനൊരു റിവ്യു എഴുതി ബ്ലോഗിലിടാന്‍ പോകുവാ.. അതിനു ശേഷം ലിങ്കിടാം...

  ReplyDelete
 17. ഹരീ.. ശ്രീനിവാസന്‍ ഗുരുവായൂര്‍ പാസഞ്ചറില്‍ പോകുമ്പൊ ഇടക്കൊക്കെ ജനലിലൂടെ പകല്‍ കണ്ടപോലെ.. പക്ഷെ ഗുരുവായൂര്‍ എത്തിയപ്പൊഴും പകലായിട്ടില്ല. പിന്നെ സ്റ്റേ ഷനുപുറത്ത് ഒരു ട്രയിന്‍ വന്ന് നിമിഷങ്ങള്‍ക്ക് ശേഷം ഒരു മനുഷ്യനും ഇല്ലതെ വരുമൊ? അവര്‍ റെക്കോഡ് ചെയ്ത വീഡിയൊ എത്ര സൈസ് കാണും.. അത്ര ഈസിയായി മെയില്‍ അയക്കാന്‍ പറ്റുന്ന സൈസ് ആയിരിക്കില്ല(അതും GPRS വഴി).ശ്രീനിവാസന്റെ സിം ഐഡിയ.. അത് ഇട്ട് ടെലിവിഷന്‍ ഓഫീസില്‍ എത്തുമ്പോ ശ്രീനിവാസന്റെ വീട്ടില്‍ നിന്ന് വിളിക്കുമ്പൊ മൊബൈലില്‍ ഡിസ്‌പ്ലെയില്‍ കാണുന്നത് "cell one" ചിലതെല്ലാം ഉറപ്പിക്കണമെങ്കില്‍ ഒന്നും കൂടെ കാണണം.. ഇഞി പൊകുന്ന ആരേലും ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഉപകാരമായേനെ ..

  ReplyDelete
 18. എന്നാലും ഭാഗ്യദേവതെയാക്കാളും കൂടുതല്‍ മാര്‍ക്കിടണ്ടായിരുന്നു, കുറ്റം പറയില്ലെന്നേയുള്ളൂ, ഇതിലെഴുതിയതിന്റെ അത്ര കേമമൊന്നുമല്ല, ചുമ്മാ കണ്ടിരിക്കാന്‍ കഴിയുന്ന പീഡിപ്പിക്കാത്ത ഒരു പടം, അതിനു ഇത്രയും മാര്‍ക്കോ ?
  നുമ്മ കണ്ട രണ്ടു മൂന്നു ന്യൂനതകള്‍ - ഏതൊരു ജേര്‍ണലിസ്റ്റൂം തനിക്കു കിട്ടിയ സ്കൂപ്പ് എത്രെയും പെട്ടെന്ന് ഡെസ്കിലേയ്ക്ക് മെയില്‍ ചെയ്യും, എന്നിട്ടേ ചോദ്യവും ഉത്തരവും വിളിച്ചു പറയലും ഒക്കെ ഉണ്ടാവൂ, അത് ഏറ്റവും അടിസ്ഥാനമായ കാര്യമാണ് , വിഷ്വല്‍ മീഡിയയില്‍ പ്രത്യേകിച്ചും, ഹോട്ടലിലിരുന്നു തന്നെ മംമ്ത കൊച്ചിനതു ചെയ്യാമായിരുന്നു, ഒരു ദിവസം കഴിഞ്ഞ് പ്രൊഡ്യൂസറുടെ അനുവാദം വാങ്ങിച്ച് മാത്രം മെയില്‍ ചെയ്യുന്ന രീതി അങ്ങ്ട് ദഹിക്കുന്നില്ല, പിറ്റേന്ന് അത് ടപ്പേന്ന് കൊച്ച് മെയില്‍ ചെയ്തതു കണ്ടപ്പോള്‍ വിഷമമായി കെട്ടോ, അരയോ മുക്കാലോ മിനിറ്റു മാത്രമുള്ള ബൈറ്റുകള്‍ യു.എസ്.ബി. ഡാറ്റാകാര്‍ഡുവഴി ഒന്നു അപ്ലോഡു ചെയ്തുകിട്ടാന്‍ എന്നാ മിനക്കേടാ !, അപ്പോഴാണ് !! പിന്നെ പത്രസമ്മേളനത്തില് സ്കൂളു പിള്ളേരെപ്പോലെ ജേര്‍ണലിസ്റ്റുകള്‍ എഴുനേറ്റു നിന്നു ചോദ്യം ചോദിക്കുന്ന പതിവ് കേരളത്തിലെവിടേയുമില്ല ! നോര്‍ത്തിന്ത്യയില്‍ കാലിലെ ചെരിപ്പൂരിയെറിയുവാന്‍ മാത്രം ജേര്‍ണലിസ്റ്റുകള്‍ എഴുനേറ്റു നില്‍ക്കാറുണ്ട് എന്നാണറിവ്, എഡിറ്റിങ്ങില്‍ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ചില രംഗങ്ങള്‍ ചടുലമാക്കാമായിരുന്നില്ലേ ?

  (ഒരു ബാച്ചിലര്‍ ഗദ്ഗദം :എന്തായാലും ഇത്രയൊക്കെ അഭിനയിപ്പിച്ചില്ലേ, ആ മംമ്ത കൊച്ചിന്റെ ഒരു ഡാന്‍സുകൂടെ ആകാമായിരുന്നു ! ങ്ഹാ..!)
  ദേവീമാഹാത്മ്യം, ചാലക്കുടിപ്പാലം, വാങ്ങാന്‍ മറന്ന ചായപ്പൊടി, ദിലീപിനോടും പിന്നീട് പോലീസുകാരോടുമുള്ള ശ്രീനിവാസന്റെ ഡയലോഗ്സ് ഇതൊക്കെ കൊള്ളാമായിരുന്നു.

  ReplyDelete
 19. @ Eccentric,
  അതെ പുതുസംവിധായകര്‍ വരട്ടെ... പുതു സിനിമകള്‍ വരട്ടെ...

  @ നിഷ്ക്കളങ്കന്‍,
  “ഒരു മിനിമം ഇരുപത് വര്‍ഷത്തെ കഥയേ പറയൂ എന്ന മ‌ല‌യാള സിനിമാ തിര‌ക്കഥാകൃത്തുക്ക‌ളുടെ...” - :-) ഹ ഹ ഹ... അതു നല്ല കമന്റായി.

  @ Ranjith Sankar,
  :-) ചിത്രത്തിന്റെ സംവിധായകന്‍ തന്നെ ‘ചിത്രവിശേഷ’ത്തില്‍ കമന്റിടുന്നത് ആദ്യ സംഭവമാണ്... (ഒരുപക്ഷെ, അവസാനത്തേതും! (-:) വളരെ നന്ദി.

  @ സൂര്യോദയം,
  വളരെ നന്ദി. :-)
  1. ഹേയ്, YouTube-ല്‍ ഇട്ടുകഴിഞ്ഞാല്‍ അത് വളരെ പെട്ടെന്ന് പ്രചരിക്കില്ലേ? സത്യനാഥ് സ്റ്റുഡിയോയിലെത്തി, ഡയറെക്ടറെ കണ്ട് (ഇതൊക്കെ നടക്കും എന്ന് ഉറപ്പില്ല, ഡയറക്ടര്‍ അവരുടെ പക്ഷമാകുവാനും സാധ്യതയുണ്ട്) സംഭവം ഈ രീതിയില്‍ പ്രക്ഷേപണം ചെയ്യുന്നതിലും വേഗം വാര്‍ത്ത പുറത്താവും. ചാനലുകള്‍ ഏറ്റു പിടിക്കുകയും ചെയ്യും, അതും എല്ലാ ചാനലുകളും. ഇതിലും വേഗം നടപടികളിലേക്ക് നീങ്ങുവാന്‍ ഏവരും നിര്‍ബന്ധിതരാവും. വളരെ ആധികാരികത ഉണ്ടാവുമായിരുന്നു എന്നു തന്നെ എന്റെ തോന്നല്‍. സൂര്യോദയമായിരുന്നു അനുവിന്റെ സ്ഥാനത്തെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്നൊന്ന് ചിന്തിച്ചാല്‍ പോരേ? (എന്റെ ഫസ്റ്റ് ചോയിസ് ഇതു തന്നെയാവുമായിരുന്നു. കൂട്ടത്തില്‍ സത്യനാഥിനെ അയയ്ക്കുകയും ചെയ്യും.)
  2. പയറ്റി തെളിഞ്ഞൊരു തന്ത്രജ്ഞനല്ലേ നമ്മുടെ മന്ത്രി? അമിതമായ ആത്മവിശ്വാസത്തില്‍ റിസ്ക് എടുക്കുന്ന ഒരാളായി എനിക്കു ആ കഥാപാത്രത്തെ മനസിലായില്ല.

  പിന്നെയും ചിലതൊക്കെ തോന്നിയിരുന്നു. പലതും സിനിമയിലെ മര്‍മ്മപ്രധാന ഭാഗങ്ങളുമായി ബന്ധപ്പെട്ടവയാകയാല്‍, വായിച്ചിട്ട് സിനിമ കാണുവാന്‍ പോകുന്നവരുടെ രസം കളയണ്ട എന്നു കരുതി എഴുതാഞ്ഞതാണ്. മാത്രവുമല്ല, ഇതിപ്പോള്‍ തന്നെ വളരെ നീണ്ടുപോയി, ഇനിയും വലിച്ചു നീട്ടി എഴുതുന്നത് വായന കുറയ്ക്കും. അതിനാല്‍ വളരെ പ്രകടമായി തോന്നിയ രണ്ട് കുറവുകള്‍ പറഞ്ഞുവെന്നു മാത്രം. വിശേഷത്തില്‍ പറഞ്ഞതുപോലെ, മറ്റു നിസാരപിഴവുകള്‍ ചിത്രത്തിന്റെ ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നതല്ല. :-)

  @ lakshmy,
  നല്ല രസല്ലേ ആക്ഷന്‍ ത്രില്ലറുകള്‍ കണ്ടിരിക്കുവാന്‍? :-) കണ്ടു നോക്കൂ...

  @ പിള്ളാച്ചന്‍,
  തീര്‍ച്ചയായും എഴുതൂ, ലിങ്കും നല്‍കൂ... :-)

  @ ഇട്ടിമാളു,
  പടം ഇപ്പോളും തിയേറ്ററിലുണ്ടല്ലോ, പിന്നെങ്ങിനെ ‘missed’ ആവും?

  @ രമേഷ്,
  ഇവയൊക്കെ goof എന്ന വിഭാഗത്തില്‍ വരുന്നതല്ലേ? പലപ്പോഴും ഇവയൊന്നും സാധാരണ പ്രേക്ഷകന്റെ ആസ്വാദനത്തെ ബാധിക്കില്ല. എന്നുകരുതി ഇവയൊക്കെ ശ്രദ്ധിക്കേണ്ടതില്ലെന്നല്ല, ശ്രദ്ധിക്കുക തന്നെ വേണം. (രമേഷ് എഴുതിയതെല്ലാം ശരിയാണോ എന്ന് ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നില്ല...) കഥാഗതിയിലെ യുക്തിഭംഗങ്ങളാണ് ഇവിടെ പറഞ്ഞത്. ഇംഗ്ലീഷ് ഫിലിമുകള്‍ കണ്ടതിനു ശേഷം അവയുടെ ഗൂഫ്സ് വായിക്കുന്നത് ഒരു രസമാണേ... :-) മലയാളം സിനിമകളിലെ ഗൂഫുകള്‍ക്കായി ഒരു ബ്ലോഗ് ആരെങ്കിലും തുടങ്ങിയിരുന്നെങ്കില്‍ വായിക്കാമായിരുന്നു.

  @ Paachu / പാച്ചു,
  ‘ഭാഗ്യദേവത’ ഒരു കുടുംബചിത്രം, വളരെ സുരക്ഷിതമെന്ന് പലവട്ടം തെളിയിക്കപ്പെട്ട ശൈലി, സത്യന്‍ അന്തിക്കാടിനെപ്പോലെ പരിചയസമ്പന്നനായ ഒരു ഡയറക്ടര്‍. ‘പാസഞ്ചര്‍’ ഒരു ത്രില്ലര്‍, അതിഭാവുകത്വങ്ങളില്ലാത്ത ആ‍ഖ്യാനം, ദിലീപ്/ശ്രീനിവാസന്‍ ചട്ടക്കൂടുകള്‍ക്ക് പുറത്തുള്ള ഒരു ചിത്രം, നവാഗത സംവിധായകന്‍ - രണ്ടും താരതമ്യം ചെയ്യുമ്പോള്‍ ‘പാസഞ്ചര്‍’ തന്നെ ഒരുപടി മുന്‍പില്‍. (ഒരു ഡ്രാമയും ത്രില്ലറും തമ്മില്‍ താരതമ്യം ചെയ്യുന്നതിലുമുണ്ട് അല്പം യുക്തിക്കുറവ്!)
  • മന്ത്രി വെബ്ക്യാം പ്രവര്‍ത്തിക്കുന്നത് കണ്ടുപിടിച്ചു. മന്ത്രിയുടെ യഥാര്‍ത്ഥ മുഖം അനുവിനു മനസിലായി. തന്റെ ജീവന്‍ അപകടത്തിലാണെന്ന് മനസിലാക്കി ഉടന്‍ അവിടെ നിന്നും കടക്കുവാന്‍ തയ്യാറെടുക്കുന്നു. (താന്‍ കണ്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പുതന്നെ ഗുണ്ടാപട എത്തുന്നുണ്ട്.) അതിനിടയ്ക്ക് ഡസ്കിലേക്ക് അയയ്ക്കുവാനും മറ്റും സാധിക്കണമെന്നില്ല.
  • :-) ഹ ഹ ഹ.. വയര്‍‌ലെസ് ഇന്റര്‍നെറ്റിന്റെ ഇവിടുത്തെ സ്പീഡിനെക്കുറിച്ച് പറഞ്ഞത് സത്യം. ഏതെങ്കിലും സ്പ്ലിറ്റര്‍ ഉപയോഗിച്ച് ചെറു കഷണങ്ങളാക്കി അയച്ചു കാണുമായിരിക്കും!
  • ആവേശത്തില്‍ / ശ്രദ്ധ നേടുവാന്‍ ജേര്‍ണലിസ്റ്റുകള്‍ എഴുനേറ്റു നിന്നു ചോദ്യം ചോദിക്കാറില്ലേ?
  വിശദമായ കമന്റിനു നന്ദി. :-)
  --

  ReplyDelete
 20. ഹരീ... youtube ഉപയോഗിക്കാമായിരുന്നു എന്ന് സമ്മതിക്കുമ്പോള്‍ തന്നെ അങ്ങിനെയായിരുന്നെങ്കില്‍ ഇതിന്‌ ഇത്ര ആസ്വാദനം സാധാരണ പ്രേക്ഷകര്‍ക്കിടയില്‍ കിട്ടുമായിരുന്നോ? രണ്ടാമതായി ഞാന്‍ ചൂണ്ടിക്കാണിച്ച കാര്യം തന്നെ.. അതായത്‌ കുറച്ച്‌ സമയം കൊണ്ട്‌ ഇതിണ്റ്റെ ആധികാരികത ബൊധ്യപ്പെട്ട്‌ ഒരു നടപടി എടുത്ത്‌ ദുരന്തം ഒഴിവാക്കാനുള്ള സമയക്കുറവും ശ്രദ്ധിക്കേണ്ടതാണ്‌.. :-)

  2. അമിത ആത്മവിശ്വാസം മാത്രമല്ലായിരുന്നു കാര്യം... പിറ്റേന്ന് അദ്ദേഹത്തിന്‌ മന്ത്രിക്കസേര ഇല്ല. മുഖ്യമന്ത്രി രാജി എഴുതി വാങ്ങും എന്ന് പറയുന്നുണ്ട്‌ ഒരിടത്ത്‌.. മന്ത്രിസ്ഥാനം ‌ഉറപ്പിക്കണമെങ്കില്‍ ഇതു മാത്രമായിരുന്നു ചോയ്സ്‌... :-)

  പാച്ചു പറഞ്ഞത്‌ പോലെ മെയില്‍ ചെയ്യുന്നതിന്‌ അല്‍പം ടൈം എടുക്കുന്നത്‌ കാണിക്കാമയിരുന്നു.. പക്ഷേ, അതെല്ലം സിനിമയുടെ ആ സമയത്തെ ഫാസ്റ്റ്‌ മൂവ്‌ മെണ്റ്റില്‍ ലാഗ്‌ ഉണ്ടാക്കിയേക്കും.. സാധാരണ പ്രേക്ഷകര്‍ക്ക്‌ പ്രത്യേകിച്ചും...

  പത്രസമ്മേളനത്തില്‍ എഴുന്നേറ്റ്‌ നിന്ന് ചോദ്യം ചോദിക്കുന്നത്‌... സോറി.. അതിനെക്കുറിച്ച്‌ അറിയില്ല... :-)

  ReplyDelete
 21. @ സൂര്യോദയം,
  1 A. അതു തന്നെയാണ് എന്റെയും പോയിന്റ്. സാധാരണ പ്രേക്ഷകര്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ എത്തിക്കുകയും ചിത്രത്തിനു ചെയ്യാമായിരുന്നു. ഇങ്ങിനെ കുറച്ചു കാര്യങ്ങളുണ്ടെന്നും അതിലൂടെ പ്രതികരിക്കുക സാധ്യമാണെന്നും കൂടുതല്‍ പേരിലെത്തിക്കുവാന്‍ കഴിയുമായിരുന്നില്ലേ? അതല്ലാതെ, മാധ്യമങ്ങളേയുള്ളൂ വഴി എന്ന ചിന്ത തന്നെ വീണ്ടും നല്‍കേണ്ടിയിരുന്നില്ലല്ലോ!

  1 B. പിന്നെ, ആധികാരികത ബോധ്യപ്പെട്ട് ഒരു നടപടി എടുത്ത് ദുരന്തം ഒഴിവാക്കുവാനുള്ള സാധ്യത വളരെ കൂടുതലാവുമായിരുന്നു YouTube വഴി വീഡിയോ ലോകത്തെ കാട്ടിയിരുന്നെങ്കില്‍. കേന്ദ്ര നേതൃത്വം തന്നെ വളരെ പെട്ടെന്ന് ആക്ട് ചെയ്യുവാന്‍ നിര്‍ബന്ധിതരാവുമായിരുന്നു. ഒരു മലയാളം ചാനലില്‍ വീഡിയോ നല്‍കുന്നതിന്റെ പതിന്മടങ്ങ് ഇഫക്ടാവുമായിരുന്നു അങ്ങിനെ ചെയ്തിരുന്നെങ്കില്‍. (ആവശ്യമെങ്കില്‍ അനുവിന് ഒരു ബ്ലോഗ് ഉണ്ടെന്നും, അതിനു നല്ല ഹിറ്റാണെന്നും കഥയുടെ തുടക്കത്തില്‍ പറഞ്ഞു വെയ്ക്കുകയുമാവാം.) ചുരുക്കത്തില്‍ കണ്‍‌വെന്‍ഷണന്‍ മാധ്യമങ്ങളെ വിട്ട്, നവമാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന രീതിയില്‍ അനുവിനെ അവതരിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്.

  2. ഇതിപ്പോള്‍ മന്ത്രിയുടെ ഭാവി തന്നെ പോയില്ലേ? അപ്പോള്‍ തന്റെ മന്ത്രിക്കസേരയാണോ മൊത്തത്തിലുള്ള ഭാവിയാണോ അയാളെപ്പോലൊരു മന്ത്രി നോക്കുക? ഇനി അവരെപിടിക്കുമെന്നു തന്നെ വിശ്വസിക്കുന്നു എന്നു കരുതുക, എത്ര നേരം അങ്ങിനെ കരുതിയിരിക്കും? ഒരു ടൈം ഫ്രയിം എന്തായാലും മനസില്‍ കാണും അല്ലേ? അതു കഴിഞ്ഞാല്‍ പിന്നെയും പദ്ധതിയുമായി മുന്നോട്ടു പോവുമോ?
  --

  ReplyDelete
 22. ഹരീ.. ഏതോ ഒരു റിവ്യൂവില്‍ വായിച്ച പോലെ "സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ പല സാദ്ധ്യതകളും ചോദ്യങ്ങളായി ഉയര്‍ന്നുവരും.. അത്‌ തന്നെയാണ്‌ ഈ സിനിമയുടെ വിജയം"

  ഹരി പറഞ്ഞപോലെ അനുവിന്‌ ഒരു ബ്ലോഗ്‌ ഉണ്ടെന്നും അത്‌ വളരെ പോപ്പുലര്‍ ആണെന്നും തുടക്കത്തില്‍ പറഞ്ഞുവച്ചിരുന്നെങ്കില്‍ അതൊരു പോസ്സിബിലിറ്റി ആയിരുന്നു. ഹരീ..സിനിമയ്ക്ക്‌ ഒരു കൊമേഴ്സ്യല്‍ സൈഡും ഉണ്ടല്ലോ.. അത്തരത്തിലാണ്‌ ഈ സംഭവം വെളിയിലെത്തിക്കുന്നതായി ചിത്രീകരിച്ചിരുന്നതെങ്കില്‍ ഇത്രയും ഒരു സിനിമാറ്റിക്‌ എഫ്ഫക്റ്റ്‌ ഉണ്ടാവുമായിരുന്നില്ല എന്ന് തോന്നുന്നു. എന്തായാലും ആ പോസ്സിബിലിറ്റിയും ഒരേ സമയം ഉപയോഗിക്കാമായിരുന്നു. :-)

  2. പദ്ധതിയുമായി മുന്നോട്ട്‌ പോകുന്നുവോ ഇല്ലയോ എന്നതിനെക്കാള്‍ പ്രധാനം അങ്ങനെ ഒരു ഗൂഢാലോചന നടത്തി എന്നതാണല്ലോ.. അത്‌ പുറത്തറിയുന്നുവെങ്കില്‍ പിന്നെ ആ പദ്ധതി ഉപേക്ഷിച്ചാലും ശിക്ഷിക്കപ്പെടുമല്ലോ... :-)

  ക്രിയാത്മകമായ ചര്‍ച്ച സാദ്ധ്യമാക്കിയ ഹരിയ്ക്ക്‌ നന്ദി..

  ReplyDelete
 23. @ സൂര്യോദയം,
  1. YouTube-ല്‍ പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടുവാന്‍ ബ്ലോഗ് വേണമെന്നില്ല. പക്ഷെ, സാധാരണക്കാര്‍ക്ക് ദഹിക്കുന്ന രീതിയില്‍ അവതരിപ്പിക്കണമെന്നുണ്ടെങ്കില്‍ അങ്ങിനെയാവാമായിരുന്നു (ബ്ലോഗുകള്‍ എന്ന് കൂടുതലായി കേട്ടിട്ടുണ്ടാവുമല്ലോ!) എന്നു പറഞ്ഞതാണ്. അനു ടെക്നിക്കല്‍ ഇന്റലിജെന്‍സ് ഉള്ളയാളാണ്. (യാഹൂ വീഡിയോ ചാറ്റ് റിക്കാര്‍ഡ് ചെയ്യുക സാധാരണ രീതിയില്‍ സാധ്യമല്ലല്ലോ! അല്പം ചുറ്റിവളയണം, അല്ലേ?) അത്തരത്തിലൊരാള്‍ ഇന്റര്‍നെറ്റിന്റെ സാധ്യതയെ മറന്നു പോവുമെന്നു തോന്നുന്നില്ല, അതും അതുപോലെയൊരു സന്ദര്‍ഭത്തില്‍. ഈ രീതിയില്‍ തന്നെ സിനിമാറ്റിക് ഇഫക്ട് കൊണ്ടുവരുന്നതിലല്ലേ യഥാര്‍ത്ഥത്തില്‍ സംവിധായകന്‍ മിടുക്ക് കാട്ടേണ്ടത്? :-)

  2. തീര്‍ച്ചയായും. ഗൂഢാലോചന നടത്തി എന്നതു തന്നെ ഗൌരവതരമായ കുറ്റമാകയാല്‍, പദ്ധതിയുമായി മുന്നോട്ടു പോയോ ഇല്ലയോ എന്നതിന് പ്രസക്തിയില്ല. അതിനാല്‍ തന്നെ, ഒടുവില്‍ പറക്കുവാന്‍ തയ്യാറായ വിമാനം കസ്റ്റഡിയിലെടുത്തു എന്നു പറയുന്ന ആ ഷോട്ട് ഒഴിവാക്കാമായിരുന്നു. :-)

  ശരി തന്നെ. സാധ്യതകള്‍ ഉയര്‍ന്നുവരുമെന്നതു തന്നെയാണ് ഇതിന്റെ വിജയം.
  --

  ReplyDelete
 24. paassanger kandilla...pakshe pratheekshayulla oru chithramaanu.....financially hit aakumo ennariyilla...pakshe samoohikamaaya msg kodukkaan kazhinja chithrangalude list eduthaal ee chithram aa listil kaanum...dileep kaanicha ee dairyam.....mattu palarum,prekshakarude munpil superstar pattam pidichu nirthaan komaalikasarthu kaanikkunna mattullavarum kaanichaal malayala sinema pande rakshappettene..itharam nalla films iniyum undaavatte...............

  ReplyDelete
 25. പാസഞ്ചര്‍ കണ്ടിങ്ങു വന്നു കയറിയതേയുള്ളു. ഹരിയുടെ ബ്‌ളോഗില്‍ കമന്റാന്‍ കുറേ സാധനങ്ങളും മനസ്സില്‍ കുറിച്ചു. പക്ഷ, ബ്‌ളോഗ്‌ തുറന്നപ്പോള്‍ അതില്‍ പലതും പലരും പറഞ്ഞു കഴിഞ്ഞു. എങ്കിലും ചിലത്‌....
  പ്രധാന ചര്‍ച്ച യൂട്യൂബാണല്ലോ. ഹരി ഒരു ബ്‌ളോഗര്‍ എന്ന നിലയില്‍ പറഞ്ഞതിനെ അംഗീകരിക്കാം. പക്ഷെ, ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കതു സമ്മതിക്കാന്‍ വയ്യ. ഇതുപോലൊരു സ്‌കൂപ്പ്‌ കയ്യില്‍ കിട്ടിയാല്‍ ഒരു പത്രപ്രവര്‍ത്തകന്‌ ഒരിക്കലും യൂട്യൂബിനെപ്പറ്റിയൊന്നും ചിന്തിക്കാനാകില്ല. സ്വന്തം മീഡിയ തന്നയെയായിരിക്കും അവര്‍ക്കു മുന്നില്‍. പിന്നെ, ഓഫിസില്‍ സഹപ്രവര്‍ത്തകര്‍പോലും തഴഞ്ഞു കഴിഞ്ഞപ്പോള്‍ അനുരാധ ഇത്‌ യൂ ട്യൂബിലിടുന്നതും അതിലൂടെ മറ്റ്‌ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുന്നതായി പറയുകയും ചെയ്‌തിരുന്നെങ്കില്‍ യൂ ട്യൂബിനെപ്പറ്റി കുറേപ്പേര്‍ക്കുകൂടി വിവരം വയ്‌ക്കുമായിരുന്ന്‌ു. പക്ഷെ, സാധാരണക്കാരായ പ്രേക്ഷകര്‍ അതെത്രമാത്രം ഉള്‍ക്കൊള്ളുമെന്നറിയില്ല.
  ഹരീ, ചിത്രത്തിന്റെ അവസാനം വിമാനം കസ്റ്റഡിയിലെടുത്തതായി പറഞ്ഞില്ലെങ്കില്‍ സ്‌കൂപ്പിന്‌ സാധ്‌ുതയുണ്ടാകില്ല. തങ്ങള്‍ നടത്തിയ ഒരു ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, ശബ്ദംമാറ്റി ചതിക്കുകയാമെന്ന്‌ മന്ത്രിക്കും കൂട്ടര്‍ക്കും പറഞ്ഞു രക്ഷപ്പെടാനാകുമെന്നോര്‍ക്കുക.
  പത്രപ്രവര്‍ത്തകര്‍ ലോകത്തൊരിടത്തും എത്ര ആവേശഭരിതരായാലും എഴുന്നേറ്റു നിന്നു ചോദ്യം ചോദിക്കാറില്ല. ഒരു ചടങ്ങിലേക്ക്‌ രാഷ്ട്രപതി കയറി വരുമ്പോള്‍പോലും എഴുന്നേല്‍ക്കാന്‍ തയ്യാറാകാത്ത ഒരേയൊരു വിഭാഗമാണ്‌ പത്രക്കാര്‍. ഇതിലും വലിയ അബദ്ധങ്ങള്‍ പത്രക്കാരെപ്പറ്റി പല സിനിമകളിലും കാണാറുണ്ട്‌. ഇതില്‍ വളരെക്കുറച്ചേയുള്ളുവെന്നതിലാശ്വസിക്കാം. ഇനി ചിലതുകൂടി കേള്‍ക്കൂ,
  ഒരു പത്രസ്ഥാപനവും തങ്ങളെത്തേടി വരുന്നവര്‍ക്കു മുന്നില്‍ ഗേറ്റ്‌ അടച്ചിടാറില്ല. ഇതില്‍ അനുരാധയെതേടി ചാനല്‍ ഓഫിസില്‍ സത്യനാഥ്‌ എത്തുമ്പോള്‍ ഗേറ്റ്‌ അടഞ്ഞുകിടക്കുന്നു.
  എറണാകുളത്തു നിന്ന്‌ മന്ത്രിയെ ഇന്റര്‍വ്യൂ ചെയ്യാനായി ചാനല്‍ ന്യൂസ്‌ എഡിറ്റര്‍ കോട്ടയത്ത്‌ എത്തിയെന്നിരിക്കും. പക്ഷെ, കോട്ടയത്തെ പത്രസമ്മേളനത്തില്‍ അവര്‍ പങ്കെടുക്കാന്‍ യാതൊരു സാധ്യതയുമില്ല.
  ആഭ്യന്തരമന്ത്രി വന്നിരിക്കാന്‍ പോകുന്ന മുറി മിനിട്ടുകള്‍ക്കു മുമ്പ്‌ ഒരു അന്യയുവാവ്‌ വന്ന്‌ കള്ളത്താക്കോലുപയോഗിച്ചു തുറക്കുക, അപരിചിതനായ ആ യുവാവിനെ നിഷ്‌പ്രയാസം പിടികൂടുക, ഗുണ്ടകള്‍ തോടുന്ന ചാനല്‍പ്രവര്‍ത്തക യാതൊരു ഭയവുമില്ലാതെ വഴിയരികില്‍ കാറു നിര്‍ത്തി ഒപ്പമുള്ളവരെ ലാപ്‌ടോപ്പില്‍ ദൃശ്യങ്ങള്‍ കാണിക്കുക, വിന്‍ഡോ ഗ്‌ളാസ്‌ ഉയര്‍ത്തിവയ്‌ക്കാതെ പുറത്തേക്കു തലയിട്ടു യാത്ര ചെയ്യുക, ഇപ്രകാരമാണെങ്കില്‍ കൈവശമുള്ള സ്‌കൂപ്പുമായി ഓഫിസിലെത്താന്‍ നിഷ്‌പ്രയാസം സാധിക്കുമെന്നിരിക്കെ അതിനു ശ്രമിക്കാതെ ഒളിച്ചു കളിക്കുക, രാത്രിവണ്ടിയുടെ ഒരു കൂപ്പയില്‍ രണ്ടേരണ്ടുപേര്‍ മാത്രം യാത്രചെയ്യുക, സ്റ്റേഷന്‍ വിജനമായിരിക്കുക... നോക്കിയാല്‍ യുക്തിരാഹിത്യങ്ങളേറെയുണ്ട്‌.
  (പിന്നെ, ഒരു രഹസ്യം പറയാം. പ്രധാനപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെയെല്ലാം ഫോണ്‍കോളുകള്‍ ചില രഹസ്യാന്വേഷണകേന്ദ്രങ്ങള്‍ നിരന്തരം ടാപ്പു ചെയ്യുന്ന പതിവുണ്ട്‌. ഇത്ര പ്രശ്‌സ്‌തയും പ്രശ്‌നക്കാരിയുമായ അനുരാധയുടേത്‌ തീര്‍ച്ചയായും. അപ്പോള്‍ ആ യുവാവുമൊത്തുള്ള ഓപ്പറേഷന്‍ ഫോണ്‍കോള്‍ വഴി അറേഞ്ചുചെയ്യാന്‍ യാതൊരു സാധ്യതയുമില്ല. അതുപിന്നെ പുറത്താര്‍ക്കും അധികം അറിയില്ലാത്തതിനാല്‍ പോട്ടെ.)
  ഇനിയത്തെകാലത്ത്‌ അധികാരലഹരി നുണയാന്‍ വര്‍ഗീയകലാപമൊന്നുമായിരിക്കില്ല, ഇത്തരം ഹൈടെക്ക്‌ ആക്രമണങ്ങളും സംഭവങ്ങളുമായിരിക്കും ഉണ്ടാകുകയെന്ന സംവിധായകന്റെ ദീര്‍ഘദര്‍ശിത്വം നന്നായി ബോധിച്ചു. പിന്നെ, ഗുണ്ടാനേതാവിന്റെ പേര്‌ അണലി ഷാജിയെന്നാണ്‌. അയാളെ ഇക്കാ എന്നു വിളിപ്പിച്ച മുസ്‌ളീം ആക്കിയതു ശരിയായില്ല. ഇക്കാ എന്ന സംബോധന ഇല്ലായിരുന്നെങ്കില്‍ ഷാജിക്കു മതമേ ഉണ്ടാകുമായിരുന്നില്ല. ഗുണ്ടാവേര്‍ഷന്‍ നന്നായിത്തന്നെ കൈകാര്യം ചെയ്‌തിട്ടുണ്ട്‌.
  നല്ല കഠിനാധ്വാനംതന്നെ ഈ ചിത്രത്തിന്റെ രചനയ്‌ക്കു പിന്നിലുണ്ടെന്ന്‌ വ്യക്തമാണ്‌. (അതുകൊണ്ടാണ്‌ ഇത്രയെങ്കിലും തെറ്റുകുറ്റങ്ങള്‍ നാം ശ്രദ്ധിച്ചതും ചര്‍ച്ച ചെയ്‌തതും. അല്ലെങ്കില്‍ ഇതിനൊക്കെ എവിടെ നേരം.) അതിന്റെ ഫലം സംവിധായകനു ലഭിക്കുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌. ഇന്ന്‌ കൃപയില്‍ ഫസ്റ്റ്‌ ഷോക്ക്‌ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ബാല്‍ക്കണി ഹൗസ്‌ ഫുള്‍. അത്‌ ദിലീപ്‌ ഫാന്‍സല്ല, സാധാരണക്കാരായ ക്‌ളാസ്‌ പ്രേക്ഷകര്‍. മൗത്ത്‌ പബ്‌ളിസിറ്റിയിലൂടെ സിനിമയ്‌ക്ക്‌ ആളെത്തുമ്പോഴേക്കും മാറ്റാതിരിക്കാന്‍ ശംവിധായകന്‍ വേണ്ടതു ചെയ്യുക. പിന്നെ, തിരുവനന്തപുരത്തോ മറ്റോ പത്രക്കാരെ സിനിമ ഒന്നു കാണിച്ച്‌ ഒരു മീറ്റ്‌ ദി പ്രസ്‌ കൂടി നടത്തുന്നതു നന്നായിരിക്കും. കഴിയുന്നതും പെട്ടെന്ന്‌.
  ഇനിയും കുറേ പറയണമെന്നുണ്ട്‌. ഹരിയുടെ സ്‌പെയ്‌സ്‌ ആയതിനാല്‍ അധികം കയ്യേറുന്നില്ല....

  ReplyDelete
 26. ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു എന്നതു തന്നെ പാസഞ്ചര്‍ എന്ന ചിത്രത്തിന്റെ വിജയത്തെ കാണിക്കുന്നു.. ട്വന്റി ട്വന്റിക്കും ടു ഹരിഹര്‍ നഗറിനും ഒന്നും ഇതുപോലെയുള്ള ലോജിക്ക് ചോദ്യങ്ങള്‍ ഉയര്‍ന്നില്ല എന്നു ശ്രദ്ധിക്കുക..

  പാസഞ്ചര്‍ ഒരു ആശ്വാസം തന്നെ..

  ReplyDelete
 27. രാജേഷിന്റെ ചില പോയിന്റ്സിന്‌ ക്ലാരിഫിക്കേഷന്‍ http://sooryodayamdiary.blogspot.com ലെ കമന്റിലൂടെ നല്‍കിയിട്ടുണ്ട്‌.. പിന്നെ, മനു പറഞ്ഞതുപോലെ ഇത്രയും ക്രിയേറ്റീവ്‌ ആയ ചര്‍ച്ച സാദ്ധ്യമാക്കിയത്‌ സിനിമയുടെ ക്വാളിറ്റി ഒന്ന് കൊണ്ട്‌ മാത്രമാണ്‌.

  ReplyDelete
 28. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌, മൊബൈല്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ മലയാളത്തിലെ മുഖ്യധാരാ സിനിമാക്കാര്‍ നിരന്തരം കാണിച്ചു കൂട്ടാറുള്ള വിവരക്കേടുകള്‍ പാസഞ്ചറില്‍ കണ്ടില്ലെന്നത്‌ ആശ്വാസമായി. സംവിധായകന്‌ അഭിവാദ്യങ്ങള്‍.
  (എവിടെയോ എങ്ങനെയോ, നസ്രൂദ്ദീന്‍ ഷായുടെ A wednesday യെ ഓര്‍മ്മിപ്പിച്ചതായി തോന്നി. )

  ReplyDelete
 29. SEE ALSO BELOW BLOG FOR CINIMA REVIEWS...
  http://www.prasanthonmoviesmusic.blogspot.com/

  ReplyDelete
 30. ഇന്നാണ് പാസഞ്ചർ കാണാൻ പറ്റിയത്‌.. ഇഷ്ടമായി.. മലയാളത്തിലും പാട്ടും ഇടിയും ഒന്നുമില്ലാതെ നല്ലൊരു ത്രില്ലർ ഇറങ്ങിയല്ലോ! കൈയ്യോടെ രഞ്ജിത്തിന്റെ ബ്ലോഗിൽ ഒരു അഭിനന്ദന കമന്റുമിട്ടു :)

  ReplyDelete
 31. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി, എന്തൊക്കെ കുഴപ്പമുണ്ടെൻകിലും ശരി, ഇത് ഒരു സിനിമ തന്നെ..! ഒരൊന്നൊന്നര പടം..! മലയാളത്തിൽ ഞാൻ രണ്ട് സം‍വിധായകരെയാണ് ഏറ്റവും ഇഷ്ടപ്പെടുന്നത് - ലാൽ ജോസും റോഷൻ ആൻഡ്രൂസും. ആ കൂട്ടത്തിലേക്ക് രഞ്ജിത്ത് ശൻകറിനേയും ചേർത്തിരിക്കുന്നു.. Thanks a lot Mr. Ranjith.. മലയാളത്തിൽ ഇനിയും നല്ല സിനിമകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.. :)

  ReplyDelete
 32. അതെ...ബാലു പറഞ്ഞതാണ്‌ പോയിന്റ്‌... ഈ ചിത്രം കണ്ടിറങ്ങുന്ന ആരും ഇതിന്റെ ന്യൂനതകള്‍ ഓര്‍ക്കില്ല... നല്ലൊരു ത്രില്ലര്‍...

  ഞാനൊരു റിവ്യൂ ഇട്ടിട്ടുണ്ട്‌ ഇവിടെ..... വായിച്ച്‌ അഭിപ്രായം എഴുതുമല്ലോ...?

  ReplyDelete
 33. ആരേലും എന്തേലും ഒക്കെ പറഞ്ഞ് കേട്ട് തലതിരിയും മുമ്പ് കാണണമെന്ന് വിചാരിച്ച് സിനിമ ഞാൻ കാണാറുണ്ട്.. വെള്ളിയാഴ്ച ഇറങ്ങിയാൽ ശനി കൂടിപ്പോയാൽ ഞായർ.. മൂന്നാം ദിവസല്ല മൂന്നാമത്തെ ആഴ്ചകണ്ടിട്ടും, കഥ അവിടെയും ഇവിടെയും “അയ്യൊ കേൾക്കല്ലെ“ ന്ന് പറഞ്ഞിട്ടും തൊട്ടും തെറിച്ചും ചെവിയിലെത്തിയിട്ടും.. ഞാന് ആഘോഷിച്ച് കണ്ടു.. :)

  ReplyDelete
 34. thanks ranjith for your amazing cinema.

  ReplyDelete
 35. അങ്ങിനെ അവസാനം ഇന്നലെ പാസഞ്ചര്‍ കണ്ടു. കഥയിലെയും അവതരണത്തിലെയും എന്തൊക്കെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചാലും സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ നല്ലൊരു സിനിമ കണ്ട സംതൃപ്തി.. വളരെക്കാലത്തിനു ശേഷം!

  ഇവിടെ സാന്‍ ഹോസെയിലെ തീയേറ്ററില്‍ മലയാള സിനിമക്ക് കണ്ട ഏറ്റവും വലിയ ജനക്കൂട്ടം കൂടെ കണ്ടപ്പോള്‍ പെരുത്ത സന്തോഷം!

  രഞിത്ത് ശങ്കറിനും റ്റീമിനും അഭിനന്ദനങ്ങള്‍.

  അവസാനം ദിലീപിന്‍റെ കൈയ്യും കലാശവും കാണിച്ചുള്ള സാരോപദേശം 'അണ്‍സഹിക്കബിള്‍' ആയിരുന്നെന്ന് പറയാതെ വയ്യ..

  ReplyDelete
 36. chithram innanu kandath. dileepinte casting moshamayi ennu thonni. koottathil jagathi mikachu ninnu. Orupadu thrill onnum thonniyilla to be frank. (Anjathe polulla tamil cinemakal onnu kandu nokkuka)

  ReplyDelete
 37. Pinne sreenivasante character build up nannayi thonni. adimudi oru sadharanakkaran "dialogues"ilum body language ilum okke thonni..

  ReplyDelete
 38. Haree, visual quality alpam mosamayi ennoru feeling. Entha kuzhappam ennu correct aayi parayan arinjooda :(
  Enthayalum aadya chithra enna nilayk, different theme um aayi vanna ranjith theerchayaayum anumodanam arhikkunnu..

  ReplyDelete
 39. @ കല്യാണിക്കുട്ടി,
  ഇപ്പോള്‍ കണ്ടുവോ? നന്ദി. :-)

  @ ടി.സി. രാജേഷ്,
  • സ്കൂപ്പ് കൈയില്‍ കിട്ടി, സ്വന്തം മാധ്യമത്തിലൂടെ വെളിച്ചം കാണിക്കുവാന്‍ ശ്രമിച്ചു, നടന്നില്ല. പ്രയോറിറ്റി മാറുന്നു, ജനങ്ങളെ എങ്ങിനെയും രക്ഷിക്കുക എന്നതിനു മുന്‍‌തൂക്കം വരുന്നു. എങ്ങിനെ പ്രസിദ്ധീകരിച്ചാലും അതിന്റെ ക്രെഡിറ്റ് ആ പത്രപ്രവര്‍ത്തകനു തന്നെ, അല്ലേ?
  • അതു തന്നെ. ആ ഒരു വഴിയും അടക്കുന്ന രീതിയില്‍ ജഗതിയുടെ കഥാപാത്രത്തെപ്പോലെയൊരു കൂര്‍മ്മ ബുദ്ധിക്കാരന്‍ പ്രവര്‍ത്തിക്കില്ല എന്നാണ് എനിക്കു തോന്നിയത്.
  • നസറുദ്ദീന്‍ ഷാ-യും മറ്റും അഭിനയിച്ച ‘Shoot on Sight’ എന്ന ചിത്രത്തിലും ഈ രീതിയില്‍ എഴുനേറ്റു നിന്നു ചോദ്യം ചോദിക്കുന്നതായി കണ്ടു.
  കമന്റിനു നന്ദി.
  (കമന്റന്നു കണ്ടിരുന്നെങ്കിലും അപ്പോള്‍ മറുപടിയിടുവാന്‍ കഴിഞ്ഞില്ല, പിന്നെ ഇന്നാണ് ഇതു വീണ്ടും കാണുന്നത്. വൈകിയതിനാല്‍ കൂടുതലെഴുതുന്നില്ല. (-:)

  @ G.manu, ഷാഫി, നന്ദന്‍, ബാലു, പിള്ളാച്ചന്‍, ഇട്ടിമാളു, mohan, arun,
  ഏവര്‍ക്കും നന്ദി. :-)

  @ Eccentric,
  :-) പ്രൊജക്ടറിനു പവര്‍ കുറവായിരുന്നുവോ? ഞാന്‍ കണ്ടപ്പോള്‍ മോശമായൊന്നും തോന്നിയില്ല. ‘അഞ്ചാതെ’ ഞാന്‍ കണ്ടിരുന്നു, വിശേഷം ഇവിടെ.
  --

  ReplyDelete
 40. Anjathe review njaan vaayichirunnu mashe..."Pasanga" time kittiyal onnu kandu nokku..nishkalankamaya comedy...enjoy cheyyum

  ReplyDelete
 41. ഹരീ, ചില സിനിമകൾ പറ്റുമെങ്കിൽ നാട്ടിൽ പോവുമ്പോഴോ ഇവിടെ തീയറ്ററിൽ വരുമ്പോഴോ കാണണം എന്നു തോന്നാറുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു ഇത്. ‘ഇവർ വിവാഹിതരായാലും’ അങ്ങനെ തോന്നിയിരുന്നു പക്ഷേ റിവ്യൂ വായിച്ചപ്പോ പ്രതീക്ഷ പോയി. ഇതു നല്ല ചിത്രമാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

  ReplyDelete
 42. ഹരീ, കുറേ കാലമായി ഹരിയുടെ ബ്ലോഗില്‍ കമന്റിയിട്ട്. ഈയിടെയായി ചില്ലറ തിരക്കുകള്‍ കാരണം സിനിമ കാണാന്‍ അധികം സമയം കിട്ടാറില്ല. കണ്ടവ തന്നെ വളരെ റിലീസും കഴിഞ്ഞ് വളരെ വൈകിയാണ് കാണാനൊത്തത്. അതിനാല്‍ റിവ്യൂ ഇടാറുമില്ല. ഹരി പാസ്സഞ്ചറിന് കൊടുത്ത റേറ്റിംഗ് കണ്ടപ്പോഴേ പടം കാണണം എന്ന് ഉറപ്പിച്ചിരുന്നു, പക്ഷെ കണ്ടതു വളരെ വൈകിയാണ്. കണ്ട് കഴിഞ്ഞപ്പോള്‍ ഒരു റിവ്യൂ ഇടേണ്ട സമയം കഴിഞ്ഞിരുന്നു. എങ്കിലും എന്റെ തോന്നലുകള്‍
  CinemaOutlookല്‍ കൊടുത്തിട്ടുണ്ട്. ഇത് പുതിയ ഒരു ബ്ലോഗ് ആണ്. അന്നും ഇന്നും ഇംഗ്ലീഷ് എനിക്കത്ര വഴങ്ങാത്ത ഭാഷയാണ്. സിനിമയെ കുറിച്ചുള്ള തോന്നലുകള്‍ പെട്ടന്ന് കുത്തിക്കുറിക്കാന്‍ സൌകര്യം ആംഗലേയമായതിനാലാണ് ഇത്തരമൊരു സാഹസം.

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete
 43. പടം നേരത്തെ കണ്ടിരുന്നു പക്ഷെ റിവ്യൂ ഇന്നാണു സേര്‍ച്ചു ചെയ്തു കണ്ടെത്തിയത്.
  എനിക്കിഷ്ടമായി ഈ പടവും റിവ്യൂവും
  പടത്തിലെ ബോംബു ബ്ലാസ്റ്റു അനിമേഷന്‍ വളരെ നിലവാരം കുറഞ്ഞതായി തോന്നി.
  പിന്നെ ആ വിഡിയോ ഇന്റെര്‍നെറ്റില്‍ അപ് ലോഡു ചെയ്തൂടായിരുന്നോ എന്ന ചോദ്യവും...
  അതൊക്കെ യുണ്ടായാലും തരുന്ന മെസ്സേജു വളരെ നല്ലത്.
  അഭിനന്ദനങ്ങള്‍.
  ശില്പികള്‍ക്കും പ്രോത്സാഹിപ്പിച്ചെഴുതിയ ഹരിക്കും.

  ReplyDelete