ബ്ലാക്ക് ഡാലിയ (Black Dahlia)

Published on: 5/10/2009 11:13:00 PM
Black Dahlia - A film directed by Adv. Baburaj starring Suresh Gopi (guest), Vani Viswanath, Baburaj.
അഡ്വ. ബാബുരാജ് എന്നു കേട്ടാല്‍ ഒരുപക്ഷെ അത്രപെട്ടെന്ന് ഏവര്‍ക്കും മനസിലാവണമെന്നില്ല, എന്നാല്‍ ഒട്ടുമിക്കവാറും എല്ലാ മലയാള സിനിമകളിലും വില്ലന്മാരുടെ സംഘത്തിലൊരാളായി ഇദ്ദേഹത്തെ കാണുവാന്‍ കഴിയും. ബാബുരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ബ്ലാക്ക് ഡാലിയ’ എന്ന ഈ ചിത്രം. കഥയും തിരക്കഥയും സംഭാഷണം, ഇവയുടെ രചനയും ബാബുരാജ് തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. സുരേഷ് ഗോപി അതിഥി താരമായെത്തുന്ന ഈ ചിത്രത്തില്‍ വാണി വിശ്വനാഥ്, ബാബുരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു തുടര്‍ കൊലയാളിയുടെ കഥ പറയുന്ന സൈക്കോളജിക്കല്‍ ത്രില്ലറെന്ന പട്ടം ചാര്‍ത്തി നല്‍കി തിയേറ്ററിലെത്തിച്ചിരിക്കുന്ന ‘ബ്ലാക്ക് ഡാലിയ’ നിര്‍മ്മിച്ചിര്‍ക്കുന്നത് എം.കെ. മുഹമ്മദ്.

 കഥയും, കഥാപാത്രങ്ങളും [ 0/10 ]

തന്റെ അവസ്ഥയ്ക്ക് കാരണക്കാരായവരെ, സമനില തെറ്റിയ ഒരാളുടെ അബോധമനസ് വേട്ടയാടുന്നു. അവരോരുത്തരെയായി അയാള്‍ കൊല്ലുവാനുറയ്ക്കുന്നു. പക്ഷെ നേരിട്ടല്ല, വാടകയ്ക്ക് ആളെയെടുത്ത് തന്റെ ഇരകളെ കൊല്ലിക്കുകയാണ് ചെയ്യുന്നത്. ഒരു തുടര്‍ കൊലയാളിയുടെ കഥ പറയുന്ന സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാവും, വാടകക്കൊലയാളികളെ ഉപയോഗിച്ച് ആളെ കൊല്ലിക്കുന്ന മനോരോഗിയായ കൊലയാളി അവതരിക്കപ്പെടുന്നത്!! സ്വാഭാവികത തൊട്ടു തീണ്ടിയില്ലാത്ത കുറേയധികം കഥാപാത്രങ്ങളാണ് ചിത്രത്തിലാകെ. ഇനി കഥയിലെവിടെയെങ്കിലും അല്പം യുക്തി നോക്കാമെന്നു വെച്ചാല്‍, അബദ്ധജടിലമാണ് ഓരോ സന്ദര്‍ഭവും എന്നു പറയേണ്ടിവരും. നാര്‍ക്കൊ അനാലിസിസിലൂടെ കൊലയാളിയില്‍ നിന്നും നടന്ന സംഭവങ്ങള്‍ അനലിസ്റ്റ് മനസിലാക്കുന്നതായാണ് സിനിമ പോവുന്നത്. എന്നാല്‍ രസകരമായ കാര്യം, ഈ സീരിയല്‍ കില്ലറിനെ എങ്ങിനെ പോലീസിനു മനസിലായി അല്ലെങ്കില്‍ പിടികൂടി എന്നതിനെക്കുറിച്ച് ചിത്രത്തിലൊരിടത്തും പറയുന്നില്ല എന്നതാണ്!!! ഇത്രയും ബുദ്ധിശൂന്യമായ ഒരു തിരക്കഥ, സൈക്കോ സിനിമകള്‍ക്കു തന്നെ അപമാനമാണ്. ചുരുങ്ങിയത് ഒന്നോ രണ്ടോ മികച്ച സൈക്കോളജിക്കല്‍ ത്രില്ലറുകളെങ്കിലും ബാബുരാജിന് ശ്രദ്ധിച്ചിരുന്ന് കാണുവാന്‍ ശ്രമിക്കാമായിരുന്നു.

 സംവിധാനം [ 1/10 ]

സംവിധാനം പഠിക്കുകയായിരുന്നു ബാബുരാജ് ഈ ചിത്രത്തിലൂടെ. അതിനപ്പുറം ഒന്നും സംവിധാനത്തെക്കുറിച്ച് പറയുവാനില്ല. ഇത്രയും ബുദ്ധിമുട്ടിയിട്ട് ഒന്നും കൊടുത്തില്ലെങ്കില്‍ മോശമല്ലേ, മാനുഷിക പരിഗണന ഒന്നുകൊണ്ടു മാത്രം ഒരു മാര്‍ക്ക്!

 അഭിനയം [ 2/10 ]

പത്തോളം പെണ്‍കുട്ടികളെ ചുറ്റിപ്പറ്റിയാണ് കഥ പോവുന്നത്. ഇവരില്‍ തമി ദുഷ്യാന്ത ഒഴികെ, തന്റെ രണ്ടാമത്തെ ചിത്രത്തില്‍ വേഷമിടുന്ന പവിത്ര ഉള്‍പ്പടെയുള്ള മറ്റ് ‘അഭിനേത്രി’കളെ സഹിക്കുക തന്നെ പ്രയാസകരം. ഡയലോഗുകള്‍ വിളിച്ചു കൂവിയാല്‍ അഭിനയമായി എന്നാണെന്നു തോന്നുന്നു ഇവരില്‍ പലരും ധരിച്ചുവെച്ചിരിക്കുന്നത്. പ്രധാ‍ന വേഷങ്ങളിലെത്തുന്ന വാണി വിശ്വനാഥ്, ബാബുരാജ് എന്നിവരൊഴികെ; സുരേഷ് ഗോപി, വിജയരാഘവന്‍, സായികുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങി ഒട്ടുമുക്കാലും അഭിനേതാക്കളും അതിഥി താരങ്ങളാണ്. പോലീസ് വേഷങ്ങളിലെത്തുന്ന വാണി വിശ്വനാഥും ബാബുരാജും തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെയും അല്പമെന്തെങ്കിലും ചെയ്യുവാനുള്ള ദേവന്‍, അരുണ്‍, ഗീത വിജയന്‍ തുടങ്ങിയവര്‍ മോശമാക്കിയില്ലെന്നു പറയാം.

 സാങ്കേതികം [ 2/5 ]

പാസഞ്ചറി’നു ക്യാമറ ചലിപ്പിച്ച പി. സുകുമാറാണ് ഇതിന്റെയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നതെന്നു വിശ്വസിക്കുവാന്‍ പ്രയാസം. ലൈറ്റിംഗ്, ഫോക്കസ് പ്രശ്നങ്ങള്‍ ചിത്രത്തിലുടനീളം വളരെ പ്രകടമായി തന്നെ കാണാം. ഡോണ്‍‌മാക്സ് തന്റെ സ്ഥിരം ശൈലിയില്‍ കത്രികാപ്രയോഗം നടത്തിയിട്ടുണ്ട്. മുരുകേഷിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഇഫക്ടുകള്‍ പലപ്പോഴും അരോചകമായി തോന്നി. രാജാമണിയുടെ പിന്നണിസംഗീതവും അസഹനീയം. സെമിത്തേരിയില്‍ അടക്കം ചെയ്യുമ്പോള്‍ നല്‍കിയ പിന്നണിശകലമൊക്കെ ഇപ്പോള്‍ മിമിക്രിയിലാണ് അധികവും കണ്ടുവരുന്നത്. സംവിധായകന്റെ പരിചയക്കുറവിന്റെ തണലില്‍, സാങ്കേതിക മേഖല കൈകാര്യം ചെയ്തവര്‍ തൊഴിലിനോടുള്ള ആത്മാര്‍ത്ഥത മറന്നുപോയെന്നു തോന്നുന്നു. തികച്ചും വ്യത്യസ്തമായ, നല്ല നിലവാരം പുലര്‍ത്തിയ തുടകത്തിലുള്ള ടൈറ്റിലുകളാണ് ചിത്രത്തിലെ ഏകമികവ്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

ചിത്രത്തില്‍ ആവശ്യമില്ലെങ്കിലും അല്പം ആശ്വാസമെങ്കിലുമാകുവാന്‍ പാട്ടിനും നൃത്തത്തിനും കഴിഞ്ഞെങ്കില്‍ നന്നായിരുന്നു. ഇവിടെ അതുമുണ്ടായില്ല. പുതുസംഗീത സംവിധായകന്‍ സയന്‍ അന്‍‌വറിന്റെ സംഗീതം ആകെ ബഹളമയം. ആല്‍ബത്തിലുള്ള മുഴുവന്‍ ഗാനങ്ങളും ചിത്രത്തില്‍ കണ്ടില്ല. താരാ മാസ്റ്ററും മറ്റു രണ്ടുപേരും ചേര്‍ന്നൊരുക്കിയിരിക്കുന്ന നൃത്തത്തിന്റെ കാര്യവും തഥൈവ. ലക്ഷ്മി ഗോപാലസ്വാമി, രമ്യ നമ്പീശന്‍ എന്നിവരുടെ ശാസ്ത്രീയനൃത്തമാണ് ഒരു ഗാനരംഗം. അതുപോലും വൃത്തിയായി ചെയ്യുവാന്‍ താരാ മാസ്റ്റര്‍ക്ക് സാധിച്ചില്ല. ഗാനചിത്രീകരണം അതിലും വിശേഷം! മാഫിയ ശശിക്ക് കാര്യമായെന്തെങ്കിലും ചെയ്യുവാനുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലില്ല, അത്രയും ആശ്വാസം.


 ആകെത്തുക [ 1.5/10 ]

അഡ്വ. ബാബുരാജിനോട് ഒരു അപേക്ഷ മാത്രം, ദയവായി ഭാവിയില്‍ സംവിധായകന്റെ കുപ്പായമണിയരുത്. അതു പറ്റില്ല, തനിക്കും തന്റെ ഭാര്യയ്ക്കും (വാണി വിശ്വനാഥ്) പ്രധാന റോളുകളുള്ള സിനിമകളെടുക്കുന്ന സംവിധായകനായാലേ ഉറങ്ങുവാന്‍ കഴിയൂ എന്നാണെങ്കില്‍ അല്പം കരുണ തോന്നി കഥയും തിരക്കഥയും എഴുതുവാനിരിക്കരുത്. ഇത്രയും നാള്‍ ചോറു തന്ന മലയാളം സിനിമയോട് അത്രയെങ്കിലും കടപ്പാടു കാട്ടേണ്ടേ?

Description: Black Dahlia (Black Dalia) - A Malayalam (Malluwood) film directed by Baburaj; starring Suresh Gopi (Guest), Baburaj, Vani Viswanath, Devan, Tami Dushyantha, Pavithra, Arun, Suja Naidu, Teena Ponnamma, Ruksha, Jisna Ali, Althara, Kavitha Nair, Thegika, Sherry Minhas, Vijayaraghavan, Devan, Sai Kumar, Skantha, Suja, Geetha Vijayan, Rajmohan Unnithan, Lakshmi Gopalaswami, Ramya Nambeesan; Produced by M.K. Muhammad; Story, Screenplay and Dialogues by Baburaj; Camera (Cinematography) by P. Sukumar; Editing by DonMax; Art Direction by Boban; Effects by Murukesh; Stunts (Action) by Mafia Sasi; Background Score by Rajamani; Make-up by ; Lyrics by I.S. Kundoor, Dr. Deepak Sneh, and Jofi Tharakan; Music by Sayan Anwar; Choreography by Thara Master; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. May 08 2009 Release.
--

18 comments :

 1. വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ അഡ്വ. ബാബുരാജിന്റെ ആദ്യ സംവിധാനസംരംഭം, ‘ബ്ലാക്ക് ഡാലിയ’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഹ ഹ ഹ :)
  കഥ പൂജ്യം :)

  ReplyDelete
 3. സിനിമ കണ്ട (കാണേണ്ടി വന്ന!) ഹരീയോടുള്ള സഹതാപം രേഖപ്പെടുത്തിക്കൊള്ളുന്നു ;-)

  ReplyDelete
 4. അപ്പൊ പടം പൊട്ടി അല്ലെ ഹരീ...

  ReplyDelete
 5. ഹരീ തിരുവനന്തപുരത്ത് കറങ്ങിനടക്കുമ്പോ മിസ്സിസ്& മിസ്റ്റര്‍ ബാബുരാജിന്റെ കയ്യിന്ന് രണ്ടിടി കിട്ടട്ടെയെന്ന് ആശംസി/പ്രാര്‍ത്ഥിച്ചുകൊള്ളുന്നു :)

  ReplyDelete
 6. ഹഹഹ! മാനുഷിക പരിഗണന! പാവം ബാബുരാജ്.. സുരേഷ്‍ ഗോപി അതിഥി ആണെന്ന് അറിഞ്ഞിരുന്നു.. എല്ലാവരും അതിഥികൾ ആണല്ലേ.. :D

  ReplyDelete
 7. ഇത്രയും ബുദ്ധിമുട്ടിയിട്ട് ഒന്നും കൊടുത്തില്ലെങ്കില്‍ മോശമല്ലേ, മാനുഷിക പരിഗണന ഒന്നുകൊണ്ടു മാത്രം ഒരു മാര്‍ക്ക്!

  :))))

  ReplyDelete
 8. ന‌ന്ദി ഹരീ
  പടം കാണാന്‍ പോവാരുന്നു. ഇനീപ്പോ വേണ്ട എന്ന് തീരുമാനിച്ചു. :-))

  ReplyDelete
 9. :-))
  "കഥയും, കഥാപാത്രങ്ങളും 0/10" -> ഇതു വായിച്ചു ചിരിച്ചൊരു വഴിയായി.

  (അല്ലെങ്കിലും, ഫ്രീ ടിക്കറ്റോ ഇങ്ങോട്ടു പൈസയോ തരാമെന്നു പറഞ്ഞാല്‍ പോലും വാണി വിശ്വനാഥിന്റെ സിനിമകള്‍ കാണുന്ന പരിപാടി ഇല്ലേയില്ല)

  ReplyDelete
 10. എന്റമ്മോ...ദയനീയം... പോസ്റ്ററു കണ്ടിട്ട്‌ അങ്ങോട്ടു കയറിയാലോ എന്നൊന്ന്‌ ചിന്തിച്ചതാ.. പാസഞ്ചറിന്‌ കേറിയത്‌ എത്ര നന്നായി...

  ReplyDelete
 11. മെയ്മാസം പാടുന്നു എന്ന പാട്ടു കേട്ടപ്പോള്‍ ഒന്നു കണ്ടാലോ എന്നു ചിന്തിച്ചതാ..ഇനി വേണ്ടാല്ലേ...ഹരിയണ്ണാ...

  ReplyDelete
 12. Black Dahlia..?
  I thought this is about that Brian De Palma film.

  ReplyDelete
 13. Filminte song asianetil Kandappolae standard manasilayi......Hariye sammathichirikkunnu....Ithrayum Kshama evidunnu kitti...:)

  ReplyDelete
 14. ബ്ലാക്ക്‌ ഡാലിയ കണ്ടിരുന്നു..
  ഒരുപാട്‌ പോരായ്‌മകളുണ്ട്‌..
  തിരക്കഥയിലെ അപാകത തന്നെയാണ്‌
  അതില്‍ ഏറ്റവും വലുത്‌..
  സിനിമ തീരുമ്പോഴും
  കുറെ സംശയങ്ങള്‍ ബാക്കിനില്‍ക്കുകയാണ്‌...
  ചില കഥാപാത്രങ്ങളെ
  സസ്‌പെന്‍സിന്‌ വേണ്ടി മാത്രം
  ഉപയോഗിച്ചിരിക്കുന്നു...
  എന്നാല്‍ സിനിമ തീരുമ്പോഴും
  അക്കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം
  വെളിപ്പെടുത്തുന്നുമില്ല...

  മലയാളസിനിമയില്‍ മാത്രം
  പുതുമുഖസംവിധായകര്‍ക്ക്‌ (ഭൂരിഭാഗം)
  ആദ്യചിത്രം
  വിജയിപ്പിക്കാന്‍ കഴിയുന്നില്ല
  എന്ന വാസ്‌തവം ഒരിക്കല്‍ കൂടി
  ബോധ്യപ്പെടുത്തുകയാണ്‌
  ബ്ലാക്ക്‌ ഡാലിയ...
  അതിന്റെ പ്രധാനകാരണം
  തയ്യാറെടുപ്പുകളില്ലാതെ
  ചിത്രം സംവിധാനം ചെയ്യുന്നതാണെന്ന്‌
  തോന്നുന്നു....

  നല്ല ആസ്വാദനം
  ആശംസകള്‍...

  ReplyDelete
 15. @ cALviN::കാല്‍‌വിന്‍, arun, Balu..,..ബാലു, Eccentric, ദിവാസ്വപ്നം, Vivek,
  നന്ദി. :-)

  @ Vibin,
  :-) അതിനാണു ചാന്‍സ്.

  @ പൊടിക്കുപ്പി,
  കരിനാക്കാണോ? എന്തായാലും റിസ്ക് എടുക്കുന്നില്ല... ഒരാഴ്ച മാറി നിന്നേക്കാം! :-)

  @ നിഷ്ക്കളങ്കന്‍,
  കണ്ടു നോക്കൂ... മറ്റു ചില സൈറ്റുകളിലൊക്കെ ആവറേജ് / എബൌവ് ആവറേജ് എന്ന രീതിയിലാണ് റിവ്യൂസ്.

  @ പിള്ളാച്ചന്‍,
  ഹൌ... അങ്ങിനെയാണോ ‘പാസഞ്ചറി’നു കയറിയത്? :-)

  @ Rafeek Wadakanchery,
  പാട്ടു കേട്ടപ്പോള്‍ തോന്നിയ രസം കണ്ടു കളയണോ? :-)

  @ സൂസന്ന,
  ഞാനും അതിന്റെ റീമേക്കോ മറ്റോ ആവുമെന്നാണ് കരുതിയത്. ബട്ട്, പേരില്‍ മാത്രമേ ‘The Black Dahlia’ ഉള്ളൂ...

  @ ഗിരീഷ്‌ എ എസ്‌,
  വിശദമായ കമന്റിനു നന്ദി. :-)
  --

  ReplyDelete
 16. chithrathinte clipping kandappozhe thonniyirunnu ithu ettu nilayil pottum ennu...........vendathra plaanning illatheyaakaam chithram eduthathu............

  ReplyDelete
 17. സിഫി യും മറ്റു സൈറ്റ്സും പടം കൊള്ളാം എന്നാണല്ലോ റിവ്യൂ എല്‍ പറയുന്നത് ? ഹരി മാത്രം അന്ന് പടം മോശം എന്ന് പറഞ്ഞത്..

  ReplyDelete