ഭൂമിമലയാളം (Bhoomi Malayalam)

Published on: 5/05/2009 11:02:00 AM
Bhoomi Malayalam - A film by T.V. Chandran; Starring Suresh Gopi, Samvritha Sunil, Priyanka Nair, Padmapriya.
2006-ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട ‘ആടും കൂത്ത്’ എന്ന തമിഴ് ചിത്രമാണ് ടി.വി. ചന്ദ്രന്റേതായി ഏറ്റവും ഒടുവില്‍ കാണുവാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ മുന്‍‌ചിത്രങ്ങളുമായി മത്സരിച്ചാല്‍ പോലും എങ്ങുമെത്താത്ത ‘ആടും കൂത്ത്’ മേളയില്‍ സംസാരവിഷയമായതേയില്ല. (2005-ലെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രമാണിതെന്നത് മറക്കുന്നില്ല!) രേവതി ചന്ദ്രന്‍, വി.പി. അഭീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്; അദ്ദേഹത്തിന്റെ തന്നെ രചനയിലുള്ള ‘ഭൂമിമലയാള’ത്തിന്റെ കാര്യവും ‘ആടും കൂത്തി’ല്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

അടൂര്‍ ഗോപാലകൃഷ്ണന്‍ ‘നാലു പെണ്ണുങ്ങളി’ല്‍ നാലു സ്ത്രീകളുടെ കഥയാണ് പറഞ്ഞിരിക്കുന്നതെങ്കില്‍, ഇവിടെ ആറോ ഏഴോ സ്ത്രീകളുടെ കഥയാണ് പറഞ്ഞിരിക്കുന്നത്. ഇന്നത്തെ കഥകളല്ല, ഓരോ കഥകളും തമ്മില്‍ ബന്ധമൊന്നുമില്ല തുടങ്ങിയ ആരോപണങ്ങളായിരുന്നു ‘നാലു പെണ്ണുങ്ങള്‍’ക്കെതിരെ ഉന്നയിച്ചിരുന്നത്. ഈ ആരോപണങ്ങള്‍ക്ക് പഴുതില്ലാതെയാണ് ഈ ചിത്രത്തിന്റെ രചന. ഇന്നത്തെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളായ കര്‍ഷകരുടെ ആത്മഹത്യ, രാഷ്ട്രീയ കൊലപാതകങ്ങള്‍, ജോലിപരമായും മറ്റുമുള്ള സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന സ്ത്രീകളോടുള്ള മനോഭാവം ഇവയൊക്കെ ഈ സിനിമയില്‍ വിഷയമാവുന്നു. എന്തെങ്കിലുമൊക്കെ തൊട്ടുതെറിച്ച ബന്ധം ഓരോ കഥ തമ്മിലും ഉണ്ടാക്കുവാനും കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്. സഹോദരന്‍ നഷ്ടപ്പെടുന്ന, മകനെ നഷ്ടപ്പെടുന്ന, ഭര്‍ത്താവിനെ/കാമുകനെ നഷ്ടപ്പെടുന്ന ഇങ്ങിനെ വിവിധ അവസ്ഥകളിലുള്ള സ്ത്രീകളുടെ പേടി, ദുഃഖം എന്നിവ നേരിട്ട് കാണിക്കുന്നു എന്നതിനപ്പുറത്തേക്ക് ചിത്രത്തിന്റെ കഥ ഒരു ഘട്ടത്തിലും വളരുന്നില്ല എന്നയിടത്താണ് സിനിമ പരാജയപ്പെടുന്നത്.

 സംവിധാനം [ 4/10 ]

ഒരു കഥാപാത്രത്തിന്റെ കഥ പറയുന്നു, അതു മറ്റൊരു കഥാപാത്രത്തില്‍ ചെന്നു നില്‍ക്കുന്നു, ഈ കഥാപാത്രത്തിലൂടെ മറ്റൊരു കഥയിലേക്ക് അല്ലെങ്കില്‍ മറ്റൊരു ഭാഗത്തേക്ക് സിനിമ നീങ്ങുന്നു. ചിലയിടങ്ങളില്‍ ഇങ്ങിനെ ബന്ധിപ്പിച്ചിരിക്കുന്നതിന് രസമുണ്ടെങ്കിലും, പലയിടത്തും രണ്ടുഭാഗങ്ങള്‍ ബന്ധിപ്പിച്ചെടുക്കുവാന്‍ സംവിധായകന്‍ വല്ലാതെ കഷ്ടപ്പെടുന്നതായും തോന്നി. വളരെ കൃത്രിമത്വം തോന്നുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ചിത്രത്തില്‍ കുറവല്ല. നാടകത്തിലെന്നപോലെ, അതുവരെ വന്ന നായികമാരൊരുമിച്ച് കരയുന്നതും നിലവിളിക്കുന്നതും ഇടയ്ക്കിടെ കടന്നുവരുന്നുമുണ്ട്. എന്നാല്‍ ഈ സങ്കേതങ്ങളൊന്നും ഉദ്ദേശിച്ച രീതിയില്‍ പ്രേക്ഷകനിലേക്ക് കഥാപാത്രങ്ങളെ എത്തിക്കുകയോ, എന്തെങ്കിലുമൊരു പുതിയ സംവേദനതലം സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. കഥയ്ക്കോ പ്രമേയത്തിനോ യോജിച്ച ഒരു അവതരണമായിരുന്നില്ല, അല്ലെങ്കില്‍ ഈ അവതരണത്തിനു യോജിച്ച കഥയും കഥാപാത്രങ്ങളുമായിരുന്നില്ല ചിത്രത്തിനുണ്ടായതെന്നു തോന്നുന്നു.

 അഭിനയം [ 4/10 ]

ഓരോ കഥാപാത്രത്തിന്റേയും പേടിക്ക് ഓരോ കാരണമാണെങ്കിലും, ഭാവത്തിലും അവതരണത്തിലും കാഴ്ചയില്‍ വ്യത്യസ്തത തോന്നിച്ചില്ല. ഈ കാര്യത്തില്‍ സംവിധായകനും ചെറുതല്ലാത്ത പങ്കുണ്ട്. ചിത്രത്തില്‍ കാര്യമായെന്തെങ്കിലും ചെയ്യുവാനുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച സംവൃത സുനില്‍, പ്രിയങ്ക, പത്മപ്രിയ തുടങ്ങിയവര്‍ മോശമായില്ലെന്നേ പറയുവാനുള്ളൂ. കൂട്ടുവേഷങ്ങളായെത്തിയ സുരേഷ് ഗോപി, നെടുമുടി വേണു, ലക്ഷ്മി ശര്‍മ്മ, ഗോവിന്ദ് പത്മസൂര്യ, അനൂപ് ചന്ദ്രന്‍, വി.കെ. ശ്രീരാമന്‍, അരുണ്‍ തുടങ്ങിയവര്‍ക്കൊന്നും ചിത്രത്തില്‍ കാര്യമായ പങ്കില്ല.

 സാങ്കേതികം [ 3/5 ]

കെ.ജി. ജയന്റെ ഛായാഗ്രഹണമികവിലാണ് പല രംഗങ്ങളും രക്ഷപെട്ടു പോവുന്നത്. നായികമാരുടെ പരിമിതികളെ തുറന്നു കാട്ടുന്നതായി ചില ക്ലോസ്-അപ്പ് ഷോട്ടുകള്‍ എന്നതൊഴിച്ചാല്‍ മിക്കവാറുമെല്ലായ്പോഴും ക്യാമറ മികവു പുലര്‍ത്തി. ലക്ഷ്യം തെറ്റി, പല ദിശകളില്‍ ക്യാമറ സഞ്ചരിക്കുന്ന രംഗങ്ങള്‍ ആവര്‍ത്തിച്ചു വന്നത് അല്പം മടുപ്പിച്ചുവെന്നതുമൊരു കുറവായി പറയാം. വേണുഗോപാലിന്റെ ചിത്രസംയോജനമാ‍ണ് ചിത്രത്തില്‍ പിന്നെ മികച്ചു നില്‍ക്കുന്നത്. പ്രിയങ്ക അവതരിപ്പിച്ച കായികതാരം, ഒരു രംഗത്തില്‍ നിന്നും ചാടിത്തുടങ്ങി മറ്റൊന്നില്‍ ചാട്ടം അവസാനിപ്പിക്കുന്നത് വളരെ നന്നായിത്തന്നെ സന്നിവേശിപ്പിച്ചിരുന്നു. കലാസംവിധാനം നിര്‍വ്വഹിച്ച രാജേഷ് കല്പത്തൂറിന്റെ പരിശ്രമവും തൃപ്തികരം.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

ഐസക് തോമസ് കൊട്ടുക്കാപ്പള്ളിയുടെ പിന്നണിസംഗീതം ചിത്രത്തിനു ഗുണകരമായെന്നു കരുതുവാനില്ല. അക്രമങ്ങളും, തല്ലും, കൊലയുമൊക്കെ ചിത്രത്തിലുണ്ടെങ്കിലും അപക്വമായ ചിത്രീകരണം അവയുടെയൊന്നും ഭീതി പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നില്ല. അനാവശ്യമായി ഗാനങ്ങള്‍ ചേര്‍ക്കാത്തത് അല്പം ആശ്വാസകരം എന്നുമാത്രം.

 ആകെത്തുക [ 3.75/10 ]

മലയാളസിനിമയില്‍ വ്യത്യസ്തമായ പ്രമേയങ്ങളുണ്ടാവണം, പരീക്ഷണങ്ങളുണ്ടാവണം എന്നൊക്കെ പറയുമ്പോള്‍ തന്നെ ഇതുപോലെയുള്ള ഏച്ചുകെട്ടിയ ചിത്രങ്ങളെ തള്ളിപ്പറയേണ്ടിയും വരുന്നു. ദി ഹിന്ദുവിനു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഇങ്ങിനെ പറയുന്നു:
I believe that through each and every film, what I am trying to do is to move an inch forward from where we are.
എന്നാല്‍ കഥപറയുന്ന രീതിയിലൊരു ചെറിയ പുതുമ കൊണ്ടുവന്നു എന്നതുകൊണ്ടു മാത്രം മലയാളസിനിമയോ, ടി.വി. ചന്ദ്രന്റെ സിനിമയോ ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങിയെന്നു കരുതുവാനാവില്ല. ടി.വി. ചന്ദ്രനെപ്പോലെ പരിചയസമ്പന്നനായ ഒരു സംവിധായകനില്‍ നിന്നും ഇതുപോലെയുള്ള അപക്വമായ ചിത്രങ്ങളല്ല പ്രതീക്ഷിക്കുന്നതും. ഒരു മോശം ചിത്രമെന്ന് എഴുതിത്തള്ളാതിരുക്കുവാനുള്ള ഏക കാരണം, ചിത്രം കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഗൌരവമാണ്. അതുതന്നെ, ഇത്തരം വിഷയങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പോലും മലയാളസിനിമയ്ക്ക് പുതുമകളായതുകൊണ്ടു മാത്രം!

Description: BhoomiMalayalam (Bhoomi Malayalam) - A Malayalam (Malluwood ) film directed by T.V. Chandran; starring Suresh Gopi, Nedumudi Venu, Samvritha Sunil, Padmapriya, Priyanka Nair, Lakshmi Sharma, Govind Padmasurya, Kripa, Arun, Anoop Chandran, V.K. Sreeraman, Nanda, Jasna; Produced by Revathi Chandran, V.P. Ajeesh; Story, Screenplay and Dialogues by T.V. Chandran; Camera (Cinematography) by K.G. Jayan; Editing by Venugopal; Art Direction by Rajesh Kalpathoor; Stunts (Action) by ; Background Score by Isaac Thomas Kottukapally; Make-up by ; Lyrics by ; Music by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. May 01 2009 Release.
--

7 comments :

 1. ടി.വി. ചന്ദ്രന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രം ‘ഭൂമിമലയാളം’ എന്ന ചിത്രത്തിന്റെ വിശേഷവുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. haree..i was so eager to watch this film that, i felt a bit disappointed when it wasn't released in Alappuzha, and i think i shared this thought with you the other day.but thanks for this review..if bhoomi malayalam has not no been upto your expectation,i think i too won't really enjoy,considering the fact that we almost share similar views about film watching.while reading through your comments,i was reminded of the film kathavaseshan by TVC.it was taken in a very interrogative manner where the fiancee of the deceased goes on hunting the reasons behind his unnatural death;and the reason being such a deliberately etched out one.dileep's wierd beahviour,i think was shown only to justify his attempt for suicide.itz rather distressing to note that a director with such magnificent records previously, is going below par...waiting for your next...

  ReplyDelete
 3. കൊമേഴ്ഷ്യല്‍ സിനിമയെക്കാളും അപകടത്തിലാണ് മലയാളത്തിലെ സമാന്തരസിനിമകള്‍ ഇപ്പോള്‍

  ReplyDelete
 4. adutha praavasyam naattil chellumpol padam avide undakuo entho?

  ReplyDelete
 5. ഇതിന്റെ പ്രിവ്യൂ ആണ് കണ്ടത്.കാശുകൊടുക്കാതെ കണ്ടിട്ടും നഷ്ടമായി തോന്നി!ക്ഷീണം തീര്‍ക്കാന്‍ ഷോ കഴിഞ്ഞ ഉടനെ ഭാഗ്യദേവത കണ്ടു.

  ReplyDelete
 6. ചിത്രത്തിന്റെ കഥ ഒരു ഘട്ടത്തിലും വളരുന്നില്ല എന്നയിടത്താണ് സിനിമ പരാജയപ്പെടുന്നത്.മലയാളികൾ കഥയ്‌ക്ക് അഡിൿറ്റഡ് ആയെന്നു തോന്നുന്നു.സിനിമയിൽ കഥ വേണം, ആ കഥ ഓരോ ഘട്ടത്തിലും വളർന്നുകൊണ്ടിരിക്കണം-അങ്ങനെ എന്തെല്ലാം നിർബന്ധങ്ങൾ !
  Mike Leigh-യൊന്നും കേരളത്തിൽ ജനിക്കാതിരുന്നത് അങ്ങേരുടെ ഭാഗ്യം.

  ഈ സങ്കേതങ്ങളൊന്നും ഉദ്ദേശിച്ച രീതിയില്‍ പ്രേക്ഷകനിലേക്ക് കഥാപാത്രങ്ങളെ എത്തിക്കുകയോ, എന്തെങ്കിലുമൊരു പുതിയ സംവേദനതലം സൃഷ്ടിക്കുകയോ ചെയ്യുന്നില്ല.ആര് ഉദ്ദേശിച്ച രീതിയാണോ ആവോ. സംവിധായകൻ ഉദ്ദേശിച്ചതോ പ്രേക്ഷകൻ ഉദ്ദേശിച്ചതോ അതോ സംവിധായകൻ ഉദ്ദേശിച്ചതെന്ന് പ്രേക്ഷകൻ ഉദ്ദേശിച്ചതോ?

  പാട്ട്, നൃത്തം, ആക്ഷൻ- അതെ പൈങ്കിളി സിനിമകളുടെ ചേരുവകൾ ടി.വി.ചന്ദ്രന്റെ സിനിമകൾക്കും വേണം. ഏതായാലും പൈങ്കിളി സിനിമകൾ അളക്കുന്ന അതേ സ്കെയിലുകൊണ്ട് അളക്കുക തന്നെ ചെയ്യും.

  അഭിനയം സെക്ഷനിലെ അവസാനവാചകം - അപ്രധാനമായ കഥാപാത്രങ്ങൾക്ക് കുറച്ചു കൂടി പ്രാധാന്യം വേണമെന്നാണോ വിവക്ഷ?

  ഇത്രയൊക്കെ എഴുതിയിട്ടും സിനിമയുടെ പ്രമേയം എന്താണെന്നോ എന്താണു സിനിമ പറയുന്നതെന്നോ വ്യക്തമല്ല. ഇനി ഇതൊന്നും ‘ചിത്രവിശേഷ’ത്തിന്റെ ലക്ഷ്യമല്ല, ഇത് മൂന്നാം ക്ലാസ്സിലെ പിള്ളേർ സിനിമ കണ്ടിട്ട് ‘നല്ല പൊരിഞ്ഞ അടിയാ, കണ്ടോ’ എന്നത് പോലെയുള്ള അഭിപ്രായ പ്രകടനം മാത്രമാണെങ്കിൽ-ഇതിൽ സാരമായ അപകടമുണ്ട്.

  ReplyDelete
 7. @ vani,
  He may be trying to make something different. I can't find any other reason for these below average films from him.

  @ cALviN::കാല്‍‌വിന്‍,
  :-) നന്ദി.
  ഓഫ്: ഈ പേരിലേക്കുള്ള മാറ്റത്തിന് എന്തെങ്കിലും കാരണം?

  @ Eccentric,
  ഈ ചിത്രം പകുതി ആഴ്ചയില്‍ കൂടുതല്‍ തിയേറ്ററിലുണ്ടാകുവാന്‍ സാധ്യത കുറവാണ്. പിന്നെ, ഓരോ സ്ഥലത്തും പലപ്പോഴായാണല്ലോ റിലീസ് ചെയ്യുന്നത്, അതു കൊണ്ട് കാണുവാന്‍ പറ്റിയേക്കാം.

  @ tk sujith,
  :-) ഭാഗ്യദേവത രണ്ടാമതും കണ്ടെന്നാണോ?

  @ റോബി,
  കഥയില്ലാതൊരു പടമെടുത്താലതുകൊണ്ടു മാത്രം ആ ചിത്രം മികച്ചതാവുമോ? കഥ(കള്‍) പറയുവാന്‍ ശ്രമിക്കുകയും കഥയില്ലാതാവുകയും ചെയ്താലോ? ഹൊ! മലയാളികളെ മൊത്തത്തിലങ്ങ് വിലയിരുത്തിക്കളഞ്ഞല്ലോ! Mke Leigh-യെയൊക്കെ മനസിലാക്കുവാന്‍ മലയാളിയാ‍യ ഒരാളുണ്ടായത് ഭാഗ്യം തന്നെ! :-) (ഞാന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടിട്ടില്ല, പക്ഷെ ഒരു കഥയെ അടിസ്ഥാനപ്പെടുത്തിയല്ലാതെ പറഞ്ഞുപോവുന്ന ധാരാളം ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. പലതും (എല്ലാമല്ല) ഇഷ്ടമായിട്ടുമുണ്ട്. അതുകൊണ്ട് ഒരു കഥ വളര്‍ന്നു വികസിച്ചു വന്നാലേ സിനിമ നന്നാവൂ എന്നൊരു വിചാരമൊന്നും എനിക്കില്ല. പക്ഷെ, വെറുതേ എന്തെങ്കിലുമൊക്കെ കാട്ടിയിട്ട് അത് കഥയില്ലാ‍ത്ത ഉദാത്ത കലാസൃഷ്ടിയാണെന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കുവാന്‍ വിഷമമാണ്. അങ്ങിനെയുള്ള ചിത്രങ്ങളെ, ഒരു കഥയില്‍ അധികരിച്ചല്ലാത്ത മികച്ച ചിത്രങ്ങളുമായി ചേര്‍ത്തുവെച്ചു പറയുന്നത്, “പക്ഷീന്ദ്രനുണ്ടു ഗരുഡനെന്നോര്‍ത്തിട്ടു, മക്ഷികക്കൂട്ടം മദിക്കും കണക്കെ”ന്നതുപോലെ നിരര്‍ത്ഥകം.)

  കഥാപാത്രങ്ങളെ, സന്ദര്‍ഭങ്ങളെ പ്രേക്ഷകരിലേക്കെത്തിക്കുക എന്നൊരു ലക്ഷ്യം സംവിധായകനില്ലേ? അങ്ങിനെയുണ്ടെന്നു ഞാന്‍ കരുതുന്നു. അതാണല്ലോ ഓരോ ഷോട്ടിന്റേയും ലക്ഷ്യം? അത് ഏതു രീതിയിലെടുത്താലും? ആ ലക്ഷ്യം നിറവേറിയിട്ടില്ല എന്നുദ്ദേശം. പാട്ട്, നൃത്തം, ആക്ഷന്‍ - ഹൊ! ഇതൊക്കെ ‘പൈങ്കിളി’ സിനിമകളില്‍ (ഓരോരോ വേര്‍തിരിവുകളേ!) മാത്രം ഉപയോഗിക്കുന്നതാണല്ലേ! അങ്ങിനെയെങ്കില്‍ ടി.വി. ചന്ദ്രന്റെ ‘ആടും കൂത്ത്’ ഒരുഗ്രന്‍ പൈങ്കിളി പടമാണ് (പാട്ടുണ്ട്, ഡാന്‍സുണ്ട്, ആക്ഷനുണ്ട് - മൊത്തത്തില്‍ ഓവറാക്കി ബോറാക്കിയിട്ടുമുണ്ട്.). അതുകൊണ്ട് ടി.വി. ചന്ദ്രന്റെയായതുകൊണ്ട് ആ‍ ‘സ്കെയില്‍’ ഉപയോഗിക്കരുതെന്നു പറയേണ്ടതില്ല. പിന്നെ, ആക്ഷന്‍ എന്നതില്‍ ഹീറോയിക് ഫൈറ്റ് മാത്രമല്ല വിലയിരുത്തുന്നത്.

  അവരുടെയൊക്കെ കഥാപാത്രം അപ്രധാനമാണെന്ന് റോബി നിരൂപിക്കാന്‍ എന്തെങ്കിലും കാരണം? അങ്ങിനെയല്ല ഏതായാലും വിവക്ഷ. കാര്യമായൊന്നും ചെയ്യുവാനില്ലാത്ത റോളുകളാണ് അവര്‍ക്ക്, അതുവെച്ച് അവരുടെ അഭിനയത്തെക്കുറിച്ച് ഒരു അഭിപ്രായം പറയുവാനാവില്ല. - ഇതാണു വിവക്ഷ. സിനിമയുടെ പ്രമേയത്തെക്കുറിച്ചുള്ള / എന്തു പറയുന്നു എന്നതിനെക്കുറിച്ചുള്ള സൂചനകള്‍ ‘കഥയും, കഥാപാത്രങ്ങളും’ എന്നയിടത്ത് വരുന്നുണ്ട് എന്നു തന്നെയാണ് എന്റെ വിശ്വാസം. അതില്‍ കൂ‍ടുതലായി എന്തെങ്കിലും വലിച്ചു നീട്ടി എഴുതുന്ന രീതി ചിത്രവിശേഷം വേണ്ടെന്നു വെച്ചിട്ട് കുറേയായി. റോബിക്ക് ചിത്രമിഷ്ടമായെങ്കില്‍ സന്തോഷം, പക്ഷെ അതുകൊണ്ട് ഇതൊരു ലോകോത്തര ചിത്രമാണെന്നില്ലല്ലോ! :-)
  --

  ReplyDelete