ഏറെക്കാലത്തിനു ശേഷം കുടുംബസദസുകളുടെ രുചിക്കൊപ്പിച്ചിറങ്ങിയ ‘
മാടമ്പി’ എന്ന മോഹന്‍ലാല്‍ ചിത്രത്തിനു ശേഷം ഉണ്ണികൃഷ്ണന് ബി.യുടെ സംവിധാനത്തിലുള്ള പുതിയ ചിത്രമാണ് സുരേഷ് ഗോപി നായകനാവുന്ന ‘ഐ.ജി. - ഇന്‍സ്പെക്ടര്‍ ജെനറല്‍’. സംവിധായകന്റെ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. സുരേഷ് ഗോപിയുടെ പോലീസ് ചിത്രങ്ങളുടെ നിരയിലേക്ക് ഒന്നു കൂടി, അത്രമാത്രമേ മാഹി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് അവകാശപ്പെടുവാനുള്ളൂ.
കഥയും, കഥാപാത്രങ്ങളും | [ 4/10 ] |
|
ഒരു പ്രധാന തൊഴിലും വ്യവസായവുമായി തീവ്രവാദം ഇന്ന് മാറിയിരിക്കുന്നു എന്നൊരു വീക്ഷണകോണിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സമ്പത്ത്, അധികാരം എന്നിവയ്ക്കുവേണ്ടി, വിദഗ്ദ്ധരെ വിലയ്ക്കെടുത്ത് തീവ്രവാദം സ്പോണ്സര് ചെയ്ത് നടപ്പാക്കുകയെന്ന രീതിയാണിന്നെന്ന് ചിത്രം പറയുന്നു. സാധാരണ പോലീസ് ചിത്രങ്ങളില്‍ നിന്നും ഈ ചിത്രം വ്യത്യസ്തത പുലര്‍ത്തുന്നത് ഈയൊരു ഉള്ളടക്കത്തിലാണ്. ദുര്‍ഗാപ്രസാദ് ഐ.പി.എസ്. എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന് വ്യക്തിത്വം നല്കുവാന് തിരക്കഥാകൃത്തിനായിട്ടുണ്ട്. കൂടാതെ ലക്ഷ്മി അവതരിപ്പിച്ച അമ്മ, ഗോവിന്ദ് പത്മസൂര്യ അവതരിപ്പിച്ച ദുര്‍ഗയുടെ അനിയന് എന്നീ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. എന്നാല്‍ മറ്റു കഥാപാത്രങ്ങള്‍, പ്രത്യേകിച്ച് സിനിമയിലെ വില്ലന്മാര് വളരെ ശുഷ്കമായാണ് അനുഭവപ്പെട്ടത്. രഹസ്യമായി, അതും അകലെയുള്ള കെട്ടിടങ്ങളുടെ ചിത്രങ്ങളെടുക്കുവാന്‍, ക്യാമറയിലെ ഫ്ലാഷ് ഉപയോഗിക്കുന്നതില്‍ തുടങ്ങി; എല്ലാമറിയുന്ന നായകന്റെ അന്വേഷണങ്ങളില്‍ വരെ യുക്തിഭംഗങ്ങള്‍ ചൂണ്ടിക്കാട്ടുവാനുണ്ട്. അപ്രതീക്ഷിതമായൊരു കഥാന്ത്യത്തിലേക്ക് കഥ കൊണ്ടെത്തിക്കുന്നതിലാണ് പിന്നെ തിരക്കഥാകൃത്ത് വിജയിച്ചിരിക്കുന്നത്.
പ്രത്യേകിച്ചൊരു കഥയോ കഥാസന്ദര്‍ഭങ്ങളോ അവകാശപ്പെടുവാനില്ലാത്ത ‘മാടമ്പി’യെ വിജയിപ്പിച്ചത് ബി. ഉണ്ണികൃഷ്ണന്റെ സംവിധാനമികവാണ്. അത്തരമൊരു ചലച്ചിത്രാനുഭവം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് നിരാശയാവും ഫലം. സംവിധായകന്റെ ആദ്യ ചിത്രമായ ‘സ്മാര്‍ട്ട് സിറ്റി’യില്‍ പോലും ഉണ്ണികൃഷ്ണന് ഇതിലും മികവ് പുലര്‍ത്തിയിരുന്നു. സമകാലീന രാഷ്ട്രീയാവസ്ഥകളെ ഏച്ചുകെട്ടാത്ത വിധത്തില്‍ പുനഃസൃഷ്ടിച്ച്, കാര്യമാത്രപ്രസക്തമായ ചില ചോദ്യങ്ങള്‍ നായകനിലൂടെ ചോദിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതിലും; ദുര്ഗാപ്രസാദെന്ന കഥാപാത്രത്തെ വേണ്ടുംവണ്ണം സുരേഷ് ഗോപിയെക്കൊണ്ട് തെറ്റില്ലാതെ അഭിനയിപ്പിച്ചെടുക്കുന്നതിലും മാത്രമാണ് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്റെ മികവ് കാണുവാനാവുന്നത്.
ദുര്‍ഗാപ്രസാദ് ഐ.പി.എസ്. എന്ന ഇന്‍സ്പെക്ടര്‍ ജെനറലായി സുരേഷ് ഗോപി കസറിയിരിക്കുന്നു ഈ ചിത്രത്തില്‍. പുതുമയുള്ള സംഭാഷണങ്ങള്‍, ഓരോ രംഗത്തിനും യോജിക്കുന്ന രീതിയില്‍ വ്യതിയാനങ്ങളോടെ അവതരിപ്പിക്കുന്നതില്‍ സുരേഷ് ഗോപി വിജയിച്ചിട്ടുണ്ട്. ദുര്‍ഗാപ്രസാദിന്റെ അമ്മയായി ലക്ഷ്മി, അനിയനായി ഗോവിന്ദ് പത്മസൂര്യ, മുഖ്യമന്ത്രിയുടെ വേഷത്തില്‍ രാജന് പി. ദേവ് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ജഗതിയുടെ പോലീസ് കഥാപാത്രം കല്ലുകടിയായി അനുഭവപ്പെട്ടു. ജോണ്‍ കോക്കന്, സായി കുമാര്‍, നന്ദിനി, വിജയരാഘവന്, ദേവന്, ശിവാജി ഗുരുവായൂര്‍, ശ്രീരാമന്, അനൈഖ തുടങ്ങിയവര്‍ക്കൊന്നും ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യുവാനില്ല. അതിഥി താരമായെത്തുന്ന സിദ്ദിഖാണ് പാഴായിപ്പോയ മറ്റൊരു അഭിനേതാവ്.
ശ്യാം ദത്തിന്റെ ക്യാമറയ്ക്ക് പ്രത്യേകിച്ചെന്തെങ്കിലും ചിത്രത്തില്‍ കാട്ടുവാനായിട്ടില്ല. പലപ്പോഴും കണ്ടുമടുത്ത ഫ്രയിമുകളും, തരികിട ക്യാമറ ഇഫക്ടുകളുമൊക്കെയായി ശരാശരി നിലവാരമേ ചിത്രത്തിലെ ദൃശ്യങ്ങള്ക്കുള്ളൂ. മനോജിന്റെ ചിത്രസംയോജനമാണ് ഒരുപരിധിവരെ ഛായാഗ്രഹണത്തിലെ പോരായ്മകളെ മറയ്ക്കുന്നത്. ബോബന്റെ കലാസംവിധാനം ചിത്രത്തിനിണങ്ങുന്നു. രാജാമണിയുടെ പശ്ചാത്തലസംഗീതത്തിന് പുതുമയൊന്നും പറയുവാനില്ല.
പാട്ട്, നൃത്തം, ആക്ഷന്‍ | [ 3/5 ] |
|
ഗിരീഷ് പുത്തഞ്ചേരി എഴുതി എം. ജയചന്ദ്രന് സംഗീതം നല്കിയ “മെനപ്പെണ്ണേ... മൈനപ്പെണ്ണേ...” എന്നൊരു ഗാനം മാത്രമാണ് ചിത്രത്തിലുള്ളത്. നല്ല വേഗത്തില്‍ പറഞ്ഞുപോവുന്ന ഒരു ചിത്രത്തിന്, ഈ ഗാനം ഒരു അധികപ്പറ്റാണ്. ഗാനരംഗത്തിനായി വിനോദ് നല്‍കിയിരിക്കുന്ന നൃത്തച്ചുവടുകള്‍ക്കും ആകര്‍ഷണീയത തോന്നിയില്ല. കാര്യമായ പുതുമയൊന്നുമില്ലെങ്കിലും, കാണികളെ ത്രസിപ്പിക്കുന്ന തരത്തില്‍ സംഘട്ടനരംഗങ്ങളൊരുക്കുവാന് ത്യാഗരാജനു കഴിഞ്ഞിട്ടുണ്ട്. സിനിമ പ്രേക്ഷകര്‍ക്ക് രസിക്കുന്നെങ്കില്‍ അതിനൊരു പ്രധാന കാരണം ഈ ആക്ഷന്‍ രംഗങ്ങളാണ്.
കഥാപാത്രങ്ങള്ക്കുതകുന്ന രീതിയില്‍ അഭിനേതാക്കളെ ഒരുക്കിയെടുക്കുന്നതില്‍ മേക്ക്-അപ് കൈകാര്യം ചെയ്ത സലിം നാഗര്‍കോവില്‍ വിജയിച്ചിട്ടുണ്ട്. ഷാജി ഒബ്സ്ക്യൂറയുടെ ചിത്രങ്ങളും, കൊളിന്‍സ് ലിയോഫിലിന്റെ പോസ്റ്ററുകളും ശരാശരിമാത്രം. സുരേഷ് ഗോപിയുടെ ഒരു പോലീസ് ചിത്രം എന്നതിനപ്പുറം ആകാംഷ ഉണര്‍ത്തുന്നതൊന്നും പോസ്റ്ററുകളില്‍ കണ്ടില്ല. ‘ഐ.ജി. - ഇന്‍സ്പെക്ടര്‍ ജെനറല്‍’ എന്ന പേരിനു പോലും ആവശ്യത്തിനുള്ള ഊക്കുണ്ടെന്നു തോന്നുന്നില്ല. ഇതരമേഖലകളില്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനം ഈ ചിത്രം ആവശ്യപ്പെടുന്നുണ്ട്.
സുരേഷ് ഗോപിയുടെ, അല്ലെങ്കില്‍ മലയാളസിനിമയിലെ തന്നെ സമീപകാല പോലീസ് ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ തരക്കേടില്ലാത്ത ഒരു സിനിമയായി ‘ഐ.ജി - ഇന്‍സ്പെക്ടര്‍ ജെനറലി’നെ കാണാം. എന്നാല്‍ ബി. ഉണ്ണികൃഷ്ണന് എന്ന സംവിധായകന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും മോശം ചിത്രവും ഇതാണെന്നു പറയുവാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
Description: I.G. (Inspector General) - A Malluwood (Malayalam) film directed by B. Unnikrishnan; starring Suresh Gopi, Rajan P. Dev, Jagathy Sreekumar, John Kocken, Govind Padmasurya, Lakshmi, Sreeraman, Devan, Vijayaraghavan, Sai Kumar, Sivaji Guruvayur, Siddique, Nandini, Anaikha; Produced by Mahi; Story, Screenplay and Dialogues by B. Unnikrishnan; Camera (Cinematography) by Shyam Dath (Syamdath); Editing by Sajan; Art Direction by Boban; Stunts (Action) by Thyagarajan; Background Score by Rajamani ; Make-up by Salim Nagercoil; Lyrics by Gireesh Puthencheri; Music by M. Jayachandran; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 03 2009 Release.
--
മാടമ്പിയിലൂടെ ശ്രദ്ധേയനായ സംവിധായകന് ബി. ഉണ്ണികൃഷ്ണന്റെ, സുരേഷ് ഗോപി നായകനാവുന്ന പുതിയ ചിത്രം ‘ഇന്‍സ്പെക്ടര്‍ ജെനറലി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
hi haree
ReplyDeleteithrayum kathi filimnu 4.2 rating koduthathu valare moshamayippoyi
njan innu vare kandittullathil vachu ettavum mosham filimsnte koode peduthavunna film.
2 1/2 manikkoor engane theatreil irunnu ennthu enikku matram ariyam
"സുരേഷ് ഗോപിയുടെ, അല്ലെങ്കില്‍ മലയാളസിനിമയിലെ തന്നെ സമീപകാല പോലീസ് ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ തരക്കേടില്ലാത്ത ഒരു സിനിമയായി ‘ഐ.ജി - ഇന്‍സ്പെക്ടര്‍ ജെനറലി’നെ കാണാം"
ReplyDeleteഅപ്പോള്‍ സുരേഷ് ഗോപി ഈ പടത്തില്‍ ഷിറ്റടിക്കുന്നില്ലെന്നാണോ ഹരി പറഞ്ഞു വരുന്നത്?
ചെ. ആകെ കൂടി ചിരിക്കുന്ന ഒരു കാര്യമായിരുന്നു.
last 15 minute nalla suspense undennu kettallo?.....sarikkum suspense aayi thanne feel chitho?
ReplyDeleteഎ വെനസ്ഡേ എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ അതേ പടി പകര്‍ത്തിയിട്ടുണ്ട് ഇതില്‍.... വിട്ടുകളഞ്ഞതാണോ അതോ എ വെനസ്ഡേ കണ്ടില്ലേ????
ReplyDeleteസുരേഷ് അണ്ണന് രക്ഷപടുമോ ??
ReplyDeleteടൈഗറിന്റെ ഹാങ്ങ്ഓവറില്‍ നിന്ന് ഉണ്ണികൃഷ്ണന് എന്നാണ് മുക്തനാകുക...?
ReplyDeleteപൊതുവേ സുരേഷ് ഗോപി ചിത്രങ്ങള്ക്കുണ്ടാവാറുള്ള നെഗറ്റീവ് പബ്ലിസിറ്റി ഈ പടത്തെകുറിച്ചു കാണാനില്ല. പടം രക്ഷപ്പെട്ടുപോവുമെന്ന് കരുതാം. ട്വന്റി 20 യിലുണ്ടാക്കിയെടുത്ത ഗുഡ് ഇമേജ് അണ്ണന് തുണയായെന്നു തോന്നുന്നു. ;)
ReplyDeleteസുരേഷ് ഗോപിയുടെ യൂണിഫോം ചിത്രങ്ങളെല്ലാം ഒരേ അച്ചുതന്നെ, ഈ പടത്തിലും മലബാര്‍ ലീഗിനേയും ബീരാങ്കുട്ടി സാഹിബിനേയും വെറുതെ വിട്ടിട്ടില്ല, ബോറിംഗ് !
ReplyDeleteബി.ഉണ്ണികൃഷ്ണന്റെ പടം ആയത് കൊണ്ട് കാണണം എന്നുണ്ട്.
ReplyDeleteറേറ്റിംഗ് കണ്ടീട്ട് ഇഷ്ടപ്പെടാന്‍ സാധ്യത കുറവാണ്...
പ്രത്യേകിച്ചൊരു കഥയോ കഥാസന്ദര്‍ഭങ്ങളോ അവകാശപ്പെടുവാനില്ലാത്ത ‘മാടമ്പി’യെ വിജയിപ്പിച്ചത് ബി. ഉണ്ണികൃഷ്ണന്റെ സംവിധാനമികവാണ്.
ReplyDeleteഇപ്പോഴെങ്കിലും അതു പറഞ്ഞല്ലോ...? സമാധാനമായി....
സുരേഷ് ഗോപിയുടെ തിരിച്ചുവരവായി ഇതിനെ കാണാം അല്ലേ...?
@ Praveen Nellanatt,
ReplyDeleteഅങ്ങിനെയെങ്കില്‍ പ്രവീണ്‍ അത്രയൊന്നും മോശം ചിത്രങ്ങള്‍ കണ്ടിട്ടില്ല. :-)
@ അരവിന്ദ് :: aravind,
ഹ ഹ ഹ... :-D അതെയതെ, ഇതില്‍ ‘ഷിറ്റ്’ പ്രയോഗമില്ല, പക്ഷെ ബാക്കി സംഭവങ്ങളൊക്കെയുണ്ട്.
@ sarath,
സസ്പെന്‍സാണ് സിനിമയുടെ പച്ച. :-)
@ രായപ്പന്,
അതേ പടി പകര്‍ത്തി എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കൂല. ബി. ഉണ്ണികൃഷ്ണനു കഴിയുമ്പോലെയൊക്കെ പകര്‍ത്തി നോക്കിയിട്ടുണ്ട്. :-) എഴുതണമെന്നു കരുതിയതാണ്, പക്ഷെ വിട്ടുപോയി.
@ Vibin,
രക്ഷപെട്ടില്ലെങ്കിലും, കുഴിയില്‍ ചാടില്ലെന്നു തോന്നുന്നു. :-)
@ tk sujith,
:-) അതിന്റെ കഥയും ഇദ്ദേഹത്തിന്റേതായിരുന്നോ?
@ ഹു :: Hu, Paachu / പാച്ചു, ശ്രീഹരി::Sreehari,
നന്ദി. :-)
@ പിള്ളാച്ചന്,
ഇപ്പോഴെങ്കിലും അത് പറഞ്ഞുവല്ലോ എന്നു പറഞ്ഞത്? ഞാനെവിടെയെങ്കിലും ബി. ഉണ്ണികൃഷ്ണന്റെ സംവിധാനം കൊള്ളില്ലെന്നു പറഞ്ഞിരുന്നോ? തിരുച്ചു വരാന്‍ പുള്ളി എങ്ങോട്ടും പോയില്ലല്ലോ! ഭരത്ചന്ദ്രനിലൂടെ ഒന്നു തിരിച്ചു വന്നതല്ലേ?
--
മാടമ്പിയുടെ വിജയരഹസ്യമാണ് ഞാന്‍ ഉദ്ദേശിച്ചത്... സുരേഷ് ഗോപി ഒരു പോക്കു പോയില്ലേ....
ReplyDeleteനിര്‍മ്മാതാവിന്റെ പേരു് മഹി എന്നാണു് പോസ്റ്ററില്‍ കണ്ടതു്.
ReplyDelete"സംവിധായകന്റെ ആദ്യ ചിത്രമായ ‘സ്മാര്‍ട്ട് സിറ്റി’യില്‍ പോലും ഉണ്ണികൃഷ്ണന് ഇതിലും മികവ് പുലര്‍ത്തിയിരുന്നു. "
ReplyDeleteഅതൊരു സത്യമാണ്. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളില്‍ നല്ലതു(ഇതുവരെ) സ്മാര്‍ട്ട് സിറ്റി തന്നെയാണ്. ഒരു തുടക്കക്കാരന്റെ യാതൊരു പ്രശ്നങ്ങളുമില്ലാതെ അത് ചെയ്തിരുന്നു. മാടമ്പി, പക്ഷെ ഉണ്ണികൃഷ്ണന്റെ തന്നെ ചിത്രമാണോ എന്നുപോലും തോന്നിപ്പൊയിരുന്നു.
ഗംഭീരമായി സ്ക്രിപ്റ്റ് എഴുതാന്‍ കഴിവുള്ള ഒരാളാണ് ഉണ്ണികൃഷ്ണന്. അദ്ദേഹത്തിന്റെ മികച്ച് സ്റ്റ്ക്രിപ്റ്റിനു ഉദാഹരണം ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘ദലമര്‍മ്മരം’ തന്നെ.
കവര്‍സ്റ്റോറി എന്ന സുരേഷ് ഗോപി ചിത്രവും വ്യത്യസ്ഥപ്രമേയം കൊണ്ട് നന്നായിരുന്നു. പക്ഷെ, അപസര്‍പ്പക കഥകള്‍ (പോലീസ് സ്റ്റോറിയും) ആണ് ആളുടെ തട്ടകം.
പക്ഷെ, ഞാനിനിയും ഒരു ഗംഭീര സിനിമ (തിരക്കഥ) ഉണ്ണികൃഷ്ണനില്‍ നിന്നു പ്രതീക്ഷിക്കുന്നു. അതു ഇതുവരെ വന്നിട്ടില്ല. വരുമായിരിക്കും