ഭാര്യ സ്വന്തം സുഹൃത്ത് (Bharya Swantham Suhruthu)

Published on: 3/03/2009 11:30:00 PM
Bharya Swantham Suhruthu: Malayalam Film directed by Venu Nagavally; Starring Jagathy Sreekumar, Urvashi, Mukesh and Padmapriya.
നടന്‍, സംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനായ വേണു നാഗവള്ളി, ഒരു ദശാബ്ദക്കാലത്തിനു ശേഷം വീണ്ടും സംവിധായകനാവുകയാണ് ‘ഭാര്യ സ്വന്തം സുഹൃത്ത്’ എന്ന ചിത്രത്തിലൂടെ. ചെറിയാന്‍ കല്പകവാടിയും വേണു നാഗവള്ളിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാര്‍, ഉര്‍‌വ്വശി, മുകേഷ്, പത്മപ്രിയ, തിലകന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആര്‍. കൃഷ്ണകുമാര്‍. ഭാര്യയെ വിട്ട് അന്യസ്ത്രീകളില്‍ കാമുകിമാരെ കണ്ടെത്തുവാന്‍ ശ്രമിക്കുന്ന പുരുഷന്മാരെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 6/10 ]

പച്ചൈക്കിളി മുത്തുച്ചരം’ എന്ന തമിഴ് സിനിമയുമായി ആശയപരമായ സാമ്യമുണ്ടെങ്കിലും, മലയാളസിനിമയില്‍ ഈ വിഷയം പുതുമയുള്ളതു തന്നെ. ആവശ്യത്തിനു മാത്രമുള്ള കഥാപാത്രങ്ങള്‍, സ്ത്രീകഥാപാത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്ന കഥാസന്ദര്‍ഭങ്ങള്‍, ഒരാളില്‍ കിടന്നു കറങ്ങാതെയുള്ള കഥാഗതി; എന്നിങ്ങനെ കഥാപാത്രസൃഷ്ടിയിലും അവതരണത്തിലുമുള്ള മികവാണ് ഈ ചിത്രത്തെ ആസ്വാദ്യകരമാക്കുന്നത്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന മിതത്വവും എടുത്തുപറയേണ്ടതു തന്നെ. പലയിടത്തും അനുഭവപ്പെടുന്ന വലിച്ചുനീട്ടലാണ് തിരക്കഥയുടെ പ്രധാന പോരായ്മ. വലിച്ചുനീട്ടലുകള്‍ ഒഴിവാക്കി വേഗത്തില്‍ കഥപറഞ്ഞിരുന്നെങ്കില്‍ ഇനിയും മികച്ചതാവുമായിരുന്നു ഈ ചിത്രം.

 സംവിധാനം [ 7/10 ]

സംവിധായകനെന്ന നിലയിലുള്ള വേണു നാഗവള്ളിയുടെ പരിചയസമ്പന്നത ചിത്രത്തിനു മുതല്‍ക്കൂട്ടാണ്. അഭിനേതാക്കളെ വേണ്ടരീതിയില്‍ അഭിനയിപ്പിച്ചിരിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. നര്‍മ്മരംഗളേറെയുള്ളതാണ് ആദ്യപകുതിയെങ്കിലും, ആവര്‍ത്തന വിരസത പ്രേക്ഷകരെ മുഷിപ്പിക്കും. ‘ലാല്‍ സലാം’, ‘ഏയ് ഓട്ടോ’, ‘കിഴക്കുണരും പക്ഷി’, ‘കളിപ്പാട്ടം’ തുടങ്ങിയ വേണു നാഗവള്ളി ചിത്രങ്ങളുടെ ആകര്‍ഷകത്വം ‘ഭാര്യ സ്വന്തം സുഹൃത്തി’ന് അവകാശപ്പെടുവാനില്ല. തൊണ്ണൂറുകള്‍ക്കു ശേഷമിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ‘അഗ്നിദേവന്‍’ മാത്രമാവും ഒരുപക്ഷെ ഇതിനേക്കാള്‍ പിന്നില്‍ നില്‍ക്കുന്നത്.

 അഭിനയം [ 8/10 ]

സംവിധായകന്റേയും രചയിതാക്കളുടേയും മനസറിഞ്ഞ പ്രകടനമാണ് ഇതിലെ ഓരോ അഭിനേതാക്കളും നടത്തിയിരിക്കുന്നത്. അഭിനയത്തില്‍ മിതത്വം പാലിച്ച്, സംഗതികള്‍ ‘ഓവറാ’ക്കാതെ കറിയാച്ചനെ അവതരിപ്പിച്ച ജഗതി ശ്രീകുമാര്‍; തന്റെ അഭിനവപാടവം നഷ്ടമായിട്ടില്ലെന്നു വ്യക്തമാക്കി, കറിയാച്ചന്റെ ഭാര്യ, മോളമ്മയായെത്തുന്ന ഉര്‍വ്വശി; മുന്‍പു ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടെ സ്വഭാവത്തിലുള്ളതെങ്കിലും, ഗിരിജാവല്ലഭനെന്ന ടെക്സ്റ്റയില്‍ മുതലാളിയെ മികച്ചതാക്കി മുകേഷ്; ഗിരിജയുടെ ഭാര്യയായെത്തുന്ന പത്മപ്രിയ; ഇവരുടെയെല്ലാം സുഹൃത്തായ ‘ഷെയര്‍ അങ്കിളാ’യി തിലകന്‍; മറ്റു വേഷങ്ങളിലെത്തുന്ന ജ്യോതിര്‍മ്മയി, ഹരിശ്രീ അശോകന്‍, ശ്രുതിലക്ഷ്മി, സുകുമാരി, വിജയ് മേനോന്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവരെല്ലാവരും തന്നെ തന്താങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു.

 സാങ്കേതികം [ 4/10 ]

കെ.പി. നമ്പ്യാതിരിയുടെ ക്യാമറ, ജി. മുരളിയുടെ എഡിറ്റിംഗ്, നേമം പുഷ്പരാജിന്റെ കലാസംവിധാനം എന്നിവയെല്ലാം ശരാശരിയെന്നേ പറയുവാനുള്ളൂ. കണ്ടുമടുത്ത ഫ്രയിമുകളും, ക്യാമറ ചലനങ്ങളും ഏറെക്കാലം മുമ്പിറങ്ങിയ ഒരു ചിത്രമെന്ന പ്രതീതിയാണ് നല്‍കുന്നത്. അന്‍പതുവയസില്‍ തളര്‍ന്ന കറിയാച്ചനേയും, ഗിരിജ വല്ലഭന്റെ ഉപദേശങ്ങളാല്‍ ഊര്‍ജ്ജ്വസ്വലനായ കറിയാച്ചനേയും ഛായാഗ്രാഹകന്‍ കണ്ടത് ഒരേ രീതിയില്‍ തന്നെ! രാജാമണിയുടെ പിന്നണി സംഗീതവും ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യുന്നില്ല. ചിത്രത്തിന്റെ ‘മൂഡ്’ മാറുന്നത് ചിത്രസംയോജകനും അറിഞ്ഞില്ല. ഈ മേഖലകള്‍ അഭിനേതാക്കളെ വേണ്ടും വണ്ണം പിന്തുണച്ചിരുന്നെങ്കില്‍, കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കുറച്ചുകൂടി അനുഭവവേദ്യമാവുമായിരുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഒ.എന്‍.വി. എഴുതി അലക്സ് പോള്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിന് അനിവാര്യമല്ല. “വീണ്ടും മകരനിലാവുവരും...”, “മന്ദാര മണവാട്ടിക്ക്...” എന്നീഗാനങ്ങള്‍ തരക്കേടില്ലാത്തതായി തോന്നി. ആക്ഷന്‍ രംഗങ്ങള്‍ അനാവശ്യമായി തിരുകിക്കയറ്റുവാന്‍ ശ്രമിക്കാത്തത് ആശ്വാസകരം.

 മറ്റുള്ളവ [ 3/5 ]

ഓരോ സന്ദര്‍ഭത്തിനും ചേരുന്ന രീതിയില്‍ കഥാപാത്രങ്ങളെ ഒരുക്കിയെടുക്കുവാന്‍ പി.എന്‍. മണി ശ്രദ്ധിച്ചിട്ടുണ്ട്. മലയാളസിനിമയെ സംബന്ധിച്ചിടത്തോളം, ചിത്രത്തിന്റെ നിര്‍മ്മാണം താരതമ്യേന നിലവാരം പുലര്‍ത്തുന്നു. റിലീസ് ചെയ്തിട്ട് അധികം ദിവസങ്ങളാവാത്ത ചിത്രമായിട്ടു കൂടി, ഫസ്റ്റ്‌-ഷോയ്ക്ക് വിരലിലെണ്ണാവുന്നവര്‍ മാത്രം. ചിത്രം കാണുവാന്‍ തോന്നിക്കുന്ന രീതിയില്‍ ആവശ്യത്തിന് പ്രചാരം നല്‍കുവാന്‍ ചിത്രത്തിന്റെ വിതരണക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല.

 ആകെത്തുക [ 6.2/10 ]

വികാരങ്ങളെ അടക്കിവെച്ചുള്ള സാമൂഹികജീവിതം മാന്യതയായി കൊട്ടിഘോഷിക്കുന്ന മലയാളിയില്‍ വരുന്ന മാറ്റങ്ങളിലേക്ക് ചിത്രം വെളിച്ചം വീശുന്നുണ്ട്. എന്നാല്‍ ഭാര്യ മാത്രമാണ് ഒരു പുരുഷന് ഉത്തമസുഹൃത്താവുക, മറ്റുള്ള ബന്ധങ്ങളെല്ലാം അവിഹിതം എന്ന ആശയത്തില്‍ തന്നെയാണ് സിനിമ ഒടുക്കം വന്നു നില്‍ക്കുന്നത്. അന്യസൌഹൃദങ്ങളില്‍ ഉണ്ടായേക്കാവുന്ന ചതിക്കുഴികള്‍ വിഷയത്തിന്റെ ഒരു വശം മാത്രമാണ്. ഭര്‍ത്താവിനു പുറമെ അന്യപുരുഷനെ സുഹൃത്തായിക്കാണുന്ന സ്ത്രീകഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും അവരുടെ വീക്ഷണകോണിലൂടെ ഒരിക്കല്‍ പോലും ചിത്രം സഞ്ചരിക്കുന്നില്ല. തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്ഥാനത്ത് മധ്യവയസ്കയായ ഒരു സ്ത്രീയായിരുന്നെങ്കില്‍ സിനിമയുടെ ഗതി ഇതായിരിക്കുമോ എന്നതും ചിന്തനീയമാണ്. ശരാശരി മലയാളിവീടുകളിലെല്ലാം ഇപ്പോഴുയരുന്ന സംശയങ്ങളും ചോദ്യങ്ങളും ചിത്രത്തില്‍ പലയിടത്തും കാണാം. അവയ്ക്കൊരു ഉത്തരം സിനിമ മുന്നോട്ടു വെയ്ക്കുന്നില്ലെങ്കിലും, പ്രേക്ഷകര്‍ക്ക് ചിന്തിക്കുവാനൊരു അടിത്തറ ചിത്രം നല്‍കുന്നുണ്ട്. ‘റെഡ് ചില്ലീസ്’ പോലെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശനവിജയം നേടുമ്പോഴും, ഇതുപോലെയുള്ളവ അവഗണിക്കപ്പെടുന്നത് കാണുമ്പോള്‍ മലയാളസിനിമാ പ്രേക്ഷകര്‍ക്ക് എവിടെയോ എന്തോ തകരാറു സംഭവിച്ചിട്ടില്ലേയെന്ന് തോന്നാം. ചലച്ചിത്രാസ്വാദനമെന്നാല്‍ കേവലം താരാരാധനയല്ലെന്ന തിരിച്ചറിവുള്ളവരെങ്കിലും ഇത്തരം ചിത്രങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോവുന്നു!

Description: Bharya Swantham Suhruthu - A Malluwood (Malayalam) film directed by Venu Nagavally; starring Jagathy Sreekumar, Urvashi, Mukesh, Padmapriya, Thilakan, Harisree Asokan, Jyothirmayi, Sruthilakshmi, Sukumari, Vijay Menon, Kochu Preman; Produced by R. Krishnakumar; Story, Screenplay and Dialogues by Cheriyan Kalpakavadi and Venu Nagavally; Camera by K.P. Nambyathiri; Editing by G. Murali; Art Direction by Nemam Pushparaj; Background Score by Rajamani; Make-up by P.N. Mani; Lyrics by O.N.V. Kurup; Music by Alex Paul; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. February 27 2009 Release.
--

15 comments :

 1. വേണു നാഗവള്ളിയുടെ സംവിധാനത്തില്‍; ജഗതി ശ്രീകുമാര്‍, ഉര്‍വ്വശി, മുകേഷ്, പത്മപ്രിയ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന; ‘ഭാര്യ സ്വന്തം സുഹൃത്ത്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. Very detailed and systematic reviews. Excellent work. I have become a fan of this website.

  ReplyDelete
 3. ഈ സിനിമയെപ്പറ്റിയുള്ള ഹരിയുടെ അഭിപ്രായത്തോട്‌ ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.

  ReplyDelete
 4. ഹരീ അപ്പം കണ്ടു നോക്കാം അല്ലെ ...?

  ഞാന്‍ ഇത് ഒഴിവക്കിയതായിരുന്നു

  ReplyDelete
 5. ഹരീ
  മൊഴിമാറ്റ ചിത്രമായ ഇത് ഞങ്ങളുടെ ലോകം കണ്ടു

  വളരെ നല്ല ചിത്രം

  ReplyDelete
 6. Haree,

  We cannot blame viewers for not watching such movies. Since, this movie lacks any star value; they have to market it very well. Even though Red Chillis is a Super Star movie, it is getting excellent marketing back up.

  ReplyDelete
 7. ലാല്‍ സലാം’, ‘ഏയ് ഓട്ടോ’, ‘കിഴക്കുണരും പക്ഷി’, ‘കളിപ്പാട്ടം’ തുടങ്ങിയ വേണു നാഗവള്ളി ചിത്രങ്ങളുടെ ആകര്‍ഷകത്വം

  കിഴക്കുണരും പക്ഷി എങ്ങനെ ഹരിയെ രസിപ്പിച്ചു എന്ന് അല്‍ഭുതപ്പെടുന്നു.

  ചെറിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ദുരന്തം തന്നെ.

  ReplyDelete
 8. "കിഴക്കുണരും പക്ഷി’, ‘കളിപ്പാട്ടം’" &
  "ആകര്‍ഷകത്വം"

  ചങ്കില്‍ കുത്തരുത് ട്ടാ. കരഞ്ഞുകൊണ്ടാണ് തീയേറ്ററില്‍ നിന്ന് ആളോള്‍ ഇറങ്ങിപ്പോയത്.

  ReplyDelete
 9. സെക്സ് ഒരു ഇന്‍സ്റ്റിറ്റ്യൂഷന്‍ ആവുന്നതിനോടുള്ള വിയോജിപ്പ് വേണൂജീ ഒരു ഇന്റര്വ്യൂവില്‍ സൂചിപ്പിച്ചത് വായിച്ചിരുന്നു. ഈ സിനിമ അദ്ദേഹത്തിന്റെ അത്തരമൊരു രാഷ്ട്രീയത്തിന്റെ ചിത്രീകരണമാവാം.

  അഞ്ചിനു മുകളില്‍ പോയിന്റ് കൊടുത്ത സ്ഥിതിക്ക് കണ്ടിരിക്കബിള്‍ ആവും എന്ന് ഊഹിക്കുന്നു.

  "കിലുക്കം" എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും വേണൂജി ആണെന്ന് എത്ര പേര്‍ക്ക് അറിയാമോ എന്തോ...

  കിഴക്കുണരും പക്ഷി തെറ്റില്ലാത്ത ഒരു ചിത്രമാണ്. സെന്റിമന്‍സ് ഒരല്പം കൂടിയും പോയി...

  കളിപ്പാട്ടം സഹിക്കാന്‍ വയ്യ...

  ഏയ് ഓട്ടൊ എപ്പോള്‍ കാണാനും ഇഷ്ടം ആണ്...

  ReplyDelete
 10. " ‘റെഡ് ചില്ലീസ്’ പോലെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശനവിജയം നേടുമ്പോഴും, ഇതുപോലെയുള്ളവ അവഗണിക്കപ്പെടുന്നത് കാണുമ്പോള്‍ മലയാളസിനിമാ പ്രേക്ഷകര്‍ക്ക് എവിടെയോ എന്തോ തകരാറു സംഭവിച്ചിട്ടില്ലേയെന്ന് തോന്നാം. "

  കൂടുതല്പെര്‍ക്കും ഇഷ്ട്പെട്ട സിനിമകളാണല്ലൊ പ്രദര്‍ശനവിജയം നേടുക. ഏല്ലാവര്‍ക്കും സിനിമയെ കുറിച്ചുള്ള കഴ്ചപ്പാട് ഹരിയുടേതുമയി സാമ്യമകണമെന്നു വാശിപിടിക്കുന്നതു ശരിയാണൊ ?

  പിന്നെ ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല. ആതുകൊണ്ടു തന്നെ അഭിപ്രയവും പറയുന്നില്ല. പക്ഷെ ഹരി റെഡ് ചില്ലീസിനു കൊടുത്ത മാര്‍ക്കുമയി എനിക്കു യൊജിക്കാന്‍ പറ്റില്ല ( അതുപൊലെ വെറെ പല സിനിമക്കും ). അത് എന്റെ വീക്ഷണമാണ്. ഹരിയുടേത് അതു തന്നെയാണെന്നു എനിക്കു പറയാനും പറ്റില്ല. ആതുപൊലെ എടുക്കുന്നതിനു പകരം പ്രേക്ഷകരെ മുഴുവന്‍ കുറ്റം പറയുന്നത് ശരിയാണൊ ഹരീ ?

  ReplyDelete
 11. @ Kenney Jacob,
  Thank you. :-)

  @ വക്രബുദ്ധി,
  :-) വളരെ അപൂര്‍വ്വമായി സംഭവിക്കുന്നത്. അല്ലേ?

  @ Munna,
  ഞാനും ഒഴിവാക്കുവാന്‍ സാധ്യതയുണ്ടായിരുന്നു. പക്ഷെ, വക്രബുദ്ധി കണ്ടു നോക്കൂവെന്ന് പറഞ്ഞു. താങ്ക്സ് റ്റു വക്രബുദ്ധി. :-) ‘ഞങ്ങളുടെ ലോകം’ അതിന്റെ തെലുഗ് + സബ്‌ടൈറ്റില്‍ കിട്ടുമെങ്കില്‍ കാണണമെന്നുണ്ട്.

  @ Dreamer,
  Yes, I do agree. It doesn't have any star value and it's not marketed well. Please note, my point is NOT that everybody should watch this movie. What I said is, those who consider enjoying a film is not enjoying the star presence should atleast watch this movie. It's only a suggestion.

  @ Radheyan,
  ‘കിഴക്കുണരും പക്ഷി’ എനിക്കിഷ്ടപ്പെട്ട ചിത്രം തന്നെയാണ്. പിന്നെ, ഇവയൊക്കെ ടി.വി.യില്‍ പിന്നീടെപ്പോഴൊക്കെയോ വന്നപ്പോഴാണ് കണ്ടിരിക്കുന്നത്. തിയേറ്റര്‍ എക്സ്പീരിയന്‍സില്‍ ഒരുപക്ഷെ ഇവയില്‍ ചിലതൊക്കെ നിരാശപ്പെടുത്തിയേക്കാം.

  @ കണ്‍ഫ്യൂസ്ഡ് ദേശി.
  മുകളിലെ മറുപടി കാണൂ. :-)

  @ ശ്രീഹരി::Sreehari,
  ‘കളിപ്പാട്ടം’ മനസില്‍ നില്‍ക്കുന്ന ഒരു പടമാണ്, അസഹനീയത കൊണ്ടാണെങ്കിലും. :-) പാട്ടുകളും ഓര്‍മ്മയിലുണ്ട്. “ഉണ്ടിനിയും ചില നമ്പരുകള്‍, വയലിന്റെ ഞരമ്പുകളില്‍...”. സംവിധാനം ചെയ്ത ചില ചിത്രങ്ങള്‍ മാത്രം പ്രതിപാദിച്ചതാണ്. ‘കിലുക്കം’ ശരിക്കുമൊരു ഒന്നൊന്നര എഴുത്തായിപ്പോയി. അല്ലേ? :-D

  @ Shijith,
  കുറ്റം പറയുന്നത് തീര്‍ച്ചയായും ശരിയല്ല. പക്ഷെ, ഞാന്‍ കുറ്റപ്പെടുത്തിയില്ല. ‘റെഡ് ചില്ലീസ്’ എല്ലാവരും കാണുന്നു, എല്ലാവരും മോശം അഭിപ്രായം പറയുന്നു. അഭിപ്രായം കേട്ടവര്‍ എങ്കില്‍ ചിത്രം ഒഴിവാക്കുന്നുണ്ടോ? അതില്ല, അവരും പോയിക്കാണുന്നു. ചിത്രം സാമ്പത്തികവിജയം നേടുന്നു. ‘ഭാര്യ സ്വന്തം സുഹൃത്ത് ’ നല്ല ചിത്രമെന്ന് കണ്ടവരൊക്കെ പറയുന്നു, പക്ഷെ അതു കേള്‍ക്കുന്നവരാരും പോയി കാണുവാന്‍ തയ്യാറാവുന്നില്ല. കാരണം അതില്‍ ‘സൂപ്പര്‍ സ്റ്റാര്‍’ ഇല്ല, പ്രൊഡക്ഷനു ഗ്ലാമര്‍ ഇല്ല. ചിത്രം വാണിജ്യപരമായി പരാജയപ്പെടുന്നു. കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്നതും, പ്രദര്‍ശനവിജയവുമായി ബന്ധമൊന്നും ഉണ്ടെന്നു തോന്നുന്നില്ല. കാണുന്നതുമായാണ് ബന്ധം, അത് സിനിമയുടെ നിലവാരത്തിന് അനുസരിച്ചുമല്ല! ഇങ്ങിനെയൊക്കെ ചിന്തിച്ചതുകൊണ്ടാണ് അങ്ങിനെ എഴുതിയത്.

  എല്ലാവരുടേയും കാഴ്ചപ്പാട് എന്റേതാകണമെന്നല്ല, ആവരുതെന്നു തന്നെയേ ഞാന്‍ പറയൂ. ഓരോരുത്തര്‍ക്കും അവരവരുടേതായ, സ്വതന്ത്രമായ കാഴ്ചപ്പാട് ഉണ്ടാവേണ്ടതാണ്. ‘റെഡ് ചില്ലീസി’ന് കൂടിയെന്നോ, കുറഞ്ഞെന്നോ? വിഭാഗം തിരിച്ചുള്ള റേറ്റിംഗില്‍ നിന്നും എന്തുകൊണ്ട് കൂടി അല്ലെങ്കില്‍ കുറഞ്ഞു എന്നു മനസിലാക്കുവാന്‍ കഴിയുമല്ലോ!
  --

  ReplyDelete
 12. സന്തോഷം. ഒരു പടമെന്കിലും ഇങ്ങനെ വ്യത്യസ്തമായി വരുന്നുണ്ടല്ലോ.
  സര്വ്വകലാശാല, ലാല്‍സലാം ആണ് എന്റെ ഫെവ്രിറ്റ്. പിന്നെ, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷേ, കളിപ്പാട്ടം ഒക്കെ ഇഷ്ടമാണ് (എന്റെ സ്വന്തം അഭിപ്രായം)
  പിന്നെ കിലുക്കം കൂടുതലും അഭിനേതാക്കുളുടെ സിനിമ ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. രേവതിയെ മാത്രം ഓര്‍ത്താല്‍ മതീല്ലോ.

  ReplyDelete
 13. നല്ല റിവ്യൂ...
  പഴയ വീഞ്ഞു തന്നെ. പക്ഷെ, വായില്‍ വെച്ചാല്‍ തുപ്പാന്‍ തോന്നുന്ന പുതിയ വീഞ്ഞുകളേക്കാള്‍ രുചിയുള്ള പഴയ വീഞ്ഞുതന്നെ ഭേദം....

  ReplyDelete
 14. ellavarum kanjeevaram kanane....
  really nice film

  ReplyDelete
 15. kaanunnilla ennu karuthiyathaanu.., ini ethaayaalum kandu nokkaam...........thanks...

  ReplyDelete