റെഡ് ചില്ലീസ് (Red Chillies)

Published on: 2/18/2009 02:12:00 AM
Red Chillies - A Malluwood (Malayalam) film directed by Shaji Kailas; starring Mohanlal, Siddique, Biju Menon, Thilakan.
ഷാജി കൈലാസ് - മോഹന്‍‌ലാല്‍ കൂട്ടുകെട്ടില്‍ നിന്നും മറ്റൊരു ചിത്രം കൂടി. ഇരുവരുമൊന്നിച്ച അവസാന ചിത്രമായ ‘അലിഭായ്’, മോശം ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍‌സ്ഥാനം നേടിയ ഒന്നായിരുന്നു. എ.കെ. സാജന്‍ കഥയും തിരക്കഥയുമെഴുതിയിരിക്കുന്ന ഈ ചിത്രവും പതിവു തെറ്റിക്കുന്നില്ല. നിറത്തില്‍ കടുപ്പമെങ്കിലും, കടിച്ചാല്‍ ഒട്ടും എരിവു പകരാത്ത ‘റെഡ് ചില്ലീസ്’ നിര്‍മ്മിച്ചിരിക്കുന്നത് എം. രഞ്ജിത്. സിദ്ധിഖ്, ബിജു മേനോന്‍, തിലകന്‍ തുടങ്ങിയവരാണ് മറ്റു ചില പ്രധാന വേഷങ്ങളില്‍.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

കഥ, എന്നു പറയുവാന്‍ തക്കവണ്ണമൊന്നും ചിത്രത്തിലില്ല. ആകാശത്തു നിന്നും പൊട്ടിവീണതു പോലെയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍; ആര്‍ക്കും ഭൂതവുമില്ല, ഭാവിയുമില്ല! ഒ.എം.ആര്‍.(മോഹന്‍ലാല്‍) എന്ന വ്യവസായിക്കെതിരെ, കമ്പനി പടിക്കല്‍ നിരാഹാരം കിടക്കുന്നവരെ ആരോ വാഹനം കയറ്റി കൊല്ലുന്നു. പോലീസ് ഒ.എം.ആറിന്റെ എഫ്.എം. സ്റ്റേഷനില്‍ ജോലിചെയ്യുന്ന ‘റെഡ് ചില്ലീസ്’ എന്ന മ്യൂസിക് ബാന്‍ഡ് അംഗങ്ങളായ ഒന്‍പത് യുവതികളെ സംശയിക്കുന്നു. രക്ഷകനായി ഒ.എം.ആര്‍. അവതരിക്കുന്നു, യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുന്നു. ശുഭം! മോഹന്‍ലാലിനെ വിവിധ വേഷങ്ങളില്‍ കാഴ്ചവെയ്ക്കുവാനും, കുറേ ഗിമ്മിക്കുകള്‍ കാണിക്കുവാനും ഉതകുന്ന തരത്തില്‍ തിരക്കഥ ഒരു പരുവമാക്കിയെടുത്തതിനാണ് സാജന് ഒരു മാര്‍ക്ക്.

 സംവിധാനം [ 3/10 ]

‘ചിന്താമണി കൊലക്കേസ്’ എന്ന ചിത്രത്തില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല ഈ ചിത്രത്തിന്റെ കഥാഗതിയും, അവതരണവും. ഇഫക്ടുകളുടെ ധാരാളിത്തവും, നിറപ്പകിര്‍ട്ടാര്‍ന്ന ചിത്രീകരണവും ഈ ചിത്രത്തിനാവശ്യമായ ഡൈനമിക് ഫീല്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത് പ്രയോജനപ്പെടുത്തുവാനുള്ള ആഴമോ പരപ്പോ സിനിമ പറഞ്ഞുവെയ്ക്കുന്ന കഥയ്ക്കില്ല. ആരാധകരെ (മാത്രം) മുന്നില്‍ കണ്ടുകൊണ്ടുള്ള ചിത്രം എന്ന പരിഗണന നല്‍കിയാല്‍, അവര്‍ക്കു കൈയ്യടിക്കുവാനും ആവേശം കൊള്ളുവാനും പാകത്തില്‍ കുറേയധികം സംഗതികള്‍ ചിത്രത്തിലുള്‍പ്പെടുത്തുവാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ‘ആരാണ് ഒ.എം.ആര്‍.?’ എന്ന ചോദ്യത്തിന് ഉത്തരമായി അവസാനമൊന്നുമെഴുതാത്ത ഒരു വിസിറ്റിംഗ് കാര്‍ഡ് കാണിക്കുന്നുണ്ട്. അത്രയുമൊക്കെയേ സംവിധായകനും ചിത്രത്തെക്കുറിച്ച് ധാരണയുള്ളൂ എന്നുവേണം കരുതുവാന്‍.

 അഭിനയം [ 6/10 ]

ഒ.എം.ആര്‍. എന്ന വ്യവസായ പ്രമുഖനെ അവതരിപ്പിക്കുക മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ചിടത്തോളം ഒരു പ്രയാസമുള്ള കാര്യമല്ല. അതദ്ദേഹം ഭംഗിയായി ചെയ്തിട്ടുമുണ്ട്. ‘ഒന്നും മറക്കില്ല രാമ!’ എന്ന പഞ്ച് ഡയലോഗും കൊള്ളാം. തിലകന്‍ അവതരിപ്പിച്ച മാണി വര്‍ഗീസ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ കഥാപാത്രവും മികച്ചു നിന്നു. ചിത്രത്തിന്റെ പേര് ‘റെഡ് ചില്ലീസ്’ എന്നാണെങ്കിലും, കറിയിലെ മുളകിന്റെ അവസ്ഥയിലാണ് ഇതിലെ പെണ്‍കുട്ടികള്‍ - ചിത്രത്തിലാര്‍ക്കും കാര്യമായ പ്രാധാന്യമില്ല. ബിജു മേനോന്‍, ജഗദീഷ്, സിദ്ദിഖ്, സുകുമാരി തുടങ്ങി ചിത്രത്തിലുള്ള മറ്റ് അഭിനേതാക്കളും മോശമായില്ല. എന്നാല്‍ മൂടില്ലാത്ത ചരുവത്തില്‍ വെള്ളം കോരുന്നതുപോലെ, അര്‍ത്ഥമില്ലാത്തതായിപ്പോയി ഇവരുടെ അഭിനയമികവ്.

 സാങ്കേതികം [ 7/10 ]

ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം ഇതിന്റെ അവതരണമാണ്. മുരുകേഷിന്റെ ഇഫക്ടുകളുടെ പച്ചയിലാണ് ഓരോ സീനും ജീവന്‍ വെയ്ക്കുന്നത്. ചിത്രത്തെ നിറങ്ങളുടെ ഒരുത്സവമാക്കി മാറ്റുവാന്‍ ക്യാമറ ചലിപ്പിച്ച ഷാജിയും കലാസംവിധാനം നിര്‍വ്വഹിച്ച ഗിരീഷ് മേനോനും ശ്രദ്ധിച്ചിട്ടുണ്ട്. സംജിത്തിന്റെ എഡിറ്റിംഗ് ചിത്രത്തിന്റെ വേഗതയോട് ചേര്‍ന്നു പോവുന്നു. ചിലയിടങ്ങളിലെങ്കിലും ഇഫക്ടുകള്‍ ഒരു അധികപ്പറ്റായി മാറുന്നുണ്ട് എന്നതുമാത്രം ഒരു ദോഷമായി പറയാം, സംവിധായകനെയാണ് അതില്‍ കുറ്റപ്പെടുത്തേണ്ടത്. രാജാമണിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിനുതകുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 2/5 ]

‘റെഡ് ചില്ലീസി’നെക്കൊണ്ട് ആകെ ചിത്രത്തില്‍ ചെയ്യിക്കുന്നത് ഒരു ഗാനരംഗത്തില്‍ ആടിപ്പാടിക്കുക എന്നതാണ്. “മഴ പെയ്യണം... പെയ്യണം...” എന്ന ഗാനം ചിത്രത്തോടു ചേര്‍ന്നു പൊവുന്നുണ്ട്. സുജാതയുടെ നൃത്തസംവിധാനം ശ്രദ്ധിക്കപ്പെടുന്നില്ല. ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തില്‍ നന്നേ കുറവാണെങ്കിലും, ഉള്ളവ വൃത്തിയായി ചെയ്തിട്ടുണ്ട്. അനാവശ്യമായി ഈ രംഗങ്ങള്‍ വലിച്ചു നീട്ടിയിട്ടില്ല എന്നതുമൊരു മേന്മയായി പറയാം. എഫ്.എം. ബാന്‍ഡ് പശ്ചാത്തലമാവുന്ന ഒരു ചിത്രത്തില്‍ സംഗീതത്തിനും, നൃത്തത്തിനും ഇതിലും പ്രാധാന്യമാകാമായിരുന്നു.

 മറ്റുള്ളവ [ 3/5 ]

മോഹന്‍ലാലിന്റെ വേഷവിധാനവും മേക്കപ്പും വളരെ മികച്ചു നിന്നു. വ്യത്യസ്തമായൊരു രൂപത്തില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്കായി. ‘റെഡ് ചില്ലീസ്’ എന്ന പേരിനും ഒരു ആകര്‍ഷകത്വമുണ്ട്. ക്ലബ് എഫ്.എം., സാംസങ്ങ് വയര്‍ലെസ് ഇയര്‍പീസ്, സില്‍ക് എയര്‍, പ്രാഡോ എന്നിങ്ങനെ കുറേ ബ്രാന്‍ഡ് നാമങ്ങള്‍ ആവര്‍ത്തിച്ച് ചിത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഒരുപക്ഷെ പ്രൊഡക്ഷന്‍ ചിലവ് കുറയ്ക്കുവാന്‍ ഇങ്ങിനെ ചെയ്യുന്നതുവഴി കഴിയുമെങ്കില്‍ നല്ലതു തന്നെ, പ്രേക്ഷകരെ അലോസരപ്പെടുത്തരുതെന്നു മാത്രം!

 ആകെത്തുക [ 4.4/10 ]

ഈ രീതിയിലുള്ള ഒട്ടുമിക്കവാറും എല്ലാ മലയാള സിനിമകളിലുമെന്നതുപോലെ, പ്രത്യക്ഷത്തില്‍ കുറ്റവാളികളായവര്‍ നിരപരാധികളായി മാറുന്നതും, ഒട്ടും സംശയം തോന്നാത്തവര്‍ പ്രതിസ്ഥാനത്തെത്തുന്നതുമൊക്കെ തന്നെയാണ് ഇതിലും. അങ്ങിനെയൊരാളിലെത്തിക്കുവാന്‍ തക്കവണ്ണം തിരക്കഥയൊരുക്കുമ്പോള്‍, പലപ്പോഴുമത് അബദ്ധങ്ങളുടെ ഘോഷയാത്രയുമാവാറുണ്ട്. ഒരാള്‍ നേരിട്ട് കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ പോലും, ദൃശ്യങ്ങള്‍ കാണിക്കുന്നതിന്റെ യുക്തി എന്താണാവോ! മാത്രമല്ല, തെളിവുകളിലേക്ക് ദൃശ്യങ്ങള്‍ സൂം ചെയ്യുകയും ചെയ്യും! അച്ഛനുമമ്മയും ഇപ്പോളും ജീവിക്കുന്നുണ്ടെന്ന് സ്വയം വിശ്വസിക്കുവാനോ, മറ്റുള്ളവരെ വിശ്വസിപ്പിക്കുവാനോ, എന്താണെന്ന് നിശ്ചയമില്ല; ആള്‍താമസമില്ലാത്ത വീട്ടിന്റെ ഉമ്മറത്തെ ടേബിളില്‍ എപ്പോളും ആവി പറക്കുന്ന ഒരു ചായഗ്ലാസുണ്ടാവും, അടുക്കളയില്‍ ഗ്രൈന്‍ഡര്‍ അരിയരച്ചുകൊണ്ടേയിരിക്കും! ഇതൊക്കെ ചെയ്യുവാനായി അവിടെയെങ്ങും ആരും ഉണ്ടാവുകയുമില്ല. എന്താണാവോ ഇതൊക്കെക്കൊണ്ട് സംവിധായകന്‍ ഉദ്ദേശിക്കുന്നത്! വര്‍ണ്ണപേപ്പറില്‍ ഭംഗിയായി പൊതിഞ്ഞ ഒരു സമ്മാനം അപ്രതീക്ഷിതമായി ലഭിക്കുന്നത് ഏവര്‍ക്കും സന്തോഷകരമായിരിക്കും. എന്നാലത് തുറക്കുമ്പോള്‍ ഒന്നുമില്ലെങ്കിലോ? സമ്മാനത്തിന്റെ പുറം‌മോടിയില്‍ തൃപ്തരാവുന്നവര്‍ക്ക് ഈ ചിത്രം കാണാം, അങ്ങിനെയല്ലാത്തവര്‍ക്ക് കാശുകൊടുത്ത് മണ്ടന്മാരായതായി തോന്നിയില്ലെങ്കില്‍ അതാണത്ഭുതം!

Description: Red Chillies - A Malluwood (Malayalam) film directed by Shaji Kailas; starring Mohanlal, Siddique, Biju Menon, Thilakan, Jagadeesh, Sukumari, Vijayarakhavan, Vijayakumar, Ganesh, Jagannadha Varma, Maniyan Pilla Raju, Dhanya Mary Varghese; Produced by M. Ranjith; Story, Screenplay and Dialogues by A.K. Sajan; Camera by Shaji; Editing by Samjith; Art Direction by Gireesh Menon; Lyrics by Gireesh Puthancheri; Music by M. Jayachandran; Background score Rajamani; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. February 14 2009 Release.
--

27 comments :

 1. ഷാജികൈലാസ് - മോഹലാല്‍ ടീമില്‍ നിന്നും മറ്റൊരു ചിത്രം. ‘അലിഭായി’യുടെ വിശേഷത്തില്‍, ‘ഇനിയെങ്ങോട്ടു താഴാന്‍‍?’ എന്നൊരു ചോദ്യത്തിന് മറുപടിയാവാതിരിക്കട്ടെ ഇവരുടെ അടുത്ത ചിത്രമെങ്കിലും എന്നു പ്രതീക്ഷിച്ചിരുന്നു... ‘റെഡ് ചില്ലീസി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ആര്‍ക്കും ഭൂതവുമില്ല, ഭാവിയുമില്ല!

  സിനിമ ആസ്വദിക്കുവാന്‍ കഥാപാത്രങ്ങളുടെ ഭൂതവും ഭാവിയും അറിഞ്ഞിരിക്കണം എന്ന് നിര്‍ബന്ധം ഇല്ല. ആമിര്‍ ഖാന്റെ ദില്‍ ചാഹതാ ഹേ ഓര്‍മ വരുന്നു.
  (ഈ സിനിമ നല്ലതായിരുന്നെന്കില്‍ അതൊരു സര്‍പ്രൈസ് ആയേനെ... ഇതിപ്പോള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ)

  ReplyDelete
 3. “ഒരാള്‍ നേരിട്ട് കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ പോലും, ദൃശ്യങ്ങള്‍ കാണിക്കുന്നതിന്റെ യുക്തി എന്താണാവോ! മാത്രമല്ല, തെളിവുകളിലേക്ക് ദൃശ്യങ്ങള്‍ സൂം ചെയ്യുകയും ചെയ്യും!”
  ഷാജി കൈലാസിനെപ്പോലുള്ളവര്‍ ഇത്തരത്തില്‍ സിനിമ ചെയ്യാന്‍ തുടങ്ങിയിട്ട് കാലം കുറേയായി!!!

  ReplyDelete
 4. Remembereing the opening day in Pankaj theater.. the whole place was juz crowded.. with fans.. Kaanaan pokaanjathu nannaayi alle? Moser bayer annan CD irakkatte.. appo kaanaam..

  ReplyDelete
 5. അമ്പത് രൂപ ലാഭം..

  പക്ഷെ അടുത്ത ആഴ്ച മൂന്ന് ദിവസം അവധിയാ.. അതിനു മുമ്പ് അധികമൊന്നും ഇറങ്ങാനില്ലല്ലൊ .. :(

  ReplyDelete
 6. ചിന്താമണി കൊലക്കേസ്’ എന്ന ചിത്രത്തില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല ഈ ചിത്രത്തിന്റെ കഥാഗതിയും, അവതരണവും. ഇഫക്ടുകളുടെ ധാരാളിത്തവും, നിറപ്പകിര്‍ട്ടാര്‍ന്ന ചിത്രീകരണവും ഈ ചിത്രത്തിനാവശ്യമായ ഡൈനമിക് ഫീല്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത് പ്രയോജനപ്പെടുത്തുവാനുള്ള ആഴമോ പരപ്പോ സിനിമ പറഞ്ഞുവെയ്ക്കുന്ന കഥയ്ക്കില്ല.

  നൂറു ശതമാനം സത്യസന്ധമായ റിവ്യൂ..

  സൂപ്പര്‍ താരങ്ങള്‍ നല്ല സിനിമയ്ക്ക് എങ്ങനെ വിലങ്ങു തടിയാവുന്നു എന്നതിനു മറ്റൊരു ഉദാഹരണം റെഡ് ചില്ലീസ്..

  ReplyDelete
 7. അപ്പോല്‍ കാശുപോയി രാമാ!!!! പടം നൂണ്‍ ഷോ ആയപ്പോഴേ ഇത്‌ പ്രതീക്ഷിച്ചു.....

  ReplyDelete
 8. രണ്ടു കെളവന്മാരും എന്ന് സൂപര്‍സ്റ്റാര്‍ കളി നിറുത്തുന്നോ അന്നേ അവന്മാരുടെ പടം കാണൂ എന്ന് തീരുമാനിചിരിക്കുകയാ ഞാന്‍. ഹരി നല്ല റിവ്യൂ.

  ReplyDelete
 9. ‘മായാബസാര്‍’ കണ്ടിരുന്ന ക്ഷമാശീലരായ ആരാധകര്‍ക്ക് ഇത് തരക്കേടില്ലാത്ത ചിത്രമായി അനുഭവപ്പെട്ടേക്കാം. എന്നാല്‍ സാധാരണ പ്രേക്ഷകന് ചിത്രം മൊത്തത്തില്‍ നിരാശയാവും സമ്മാനിക്കുക. ചിത്രത്തിന്റെ പോസ്റ്ററുകളും ചിത്രവും തമ്മിലുള്ള അന്തരം കാണുമ്പോള്‍, മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് അറിയാതെ ഓര്‍ത്തുപോവും. ചിത്രമൊരു സൂപ്പര്‍ഹിറ്റ് ഒന്നുമായില്ലെങ്കിലും, ആശ്വാസവിജയമെങ്കിലും നേടുവാനാണ് സാധ്യത.
  #ithu than ezuthiya LIS nte akke thuka anu..ethinte eppolathe avstha riyam ello.

  2008-ലെ മമ്മൂട്ടിയുടെ അവസാന ചിത്രമായ ‘മായാബസാറു’മായി തട്ടിച്ചു നോക്കിയാല്‍ തരക്കേടില്ലെങ്കിലും,
  #Best.....

  സിംഗപ്പോരിനു പകരം ഏതൊരു സ്ഥലനാമം വേണമെങ്കിലും ‘ലവ് ഇന്‍’ എന്നതിനൊപ്പം ചേര്‍ക്കാം. അല്പസ്വല്പം പുതുമയൊക്കെ അവകാശപ്പെടുന്നതില്‍ തെറ്റില്ലാത്ത, തരക്കേടില്ലാതെ തുടങ്ങിയ ഒരു കഥയെ
  #nalla sorty.....

  thanne pole ulla oru mamoo fan Red chilliesine kurichu egane alle parayoo....

  ReplyDelete
 10. Thankal enthu kond Love in Singapore review ittilla?

  ReplyDelete
 11. സൂപ്പര്‍ താരങ്ങളെ നിയന്ത്രിക്കാന്‍, നല്ല എഴുത്കാര്‍ക്കും സംവിധായകര്‍ക്കും സാധിക്കും എന്ന് തന്നെ ആണ് ഞാന്‍ കരുതുന്നത്. നല്ല ചിന്ത ഒന്നും തലയില്‍ വരാത്തിടത്തോളം കാലം ഇങ്ങനെ "മഴ പെയ്യണം പെയ്യണം" എന്നും പറഞ്ഞു ഇരിക്കും.
  എനിക്ക് മനസ്സിലാകാത്ത കാര്യം ഇവര്‍ക്ക് ഏതെങ്കിലും നല്ല അന്യഭാഷാ ചിത്രങ്ങള്‍ റീ മേക്ക് ചെയ്ത് കൂടെ എന്നാണു. ഒരു സിക്സ്ത് സെന്‍സ് ഒക്കെ ഇവിടെ റീമേക്ക് ചെയ്‌താല്‍ എന്താ നമ്മുടെ സ്റ്റൈലില്‍ ? ( ഗജിനി റീമേക്ക് ചെയ്ത പോലെ ഒറിജിനലിന്റെ പേരു ഉറക്കത്തില്‍ പോലും എങ്ങും പരയാണ്ടിരുന്നല്‍ പിന്നെ കോപ്പി റൈറ്റ് പ്രശ്നവും ഇല്ല ) അപ്പൊ ഈ ലാലേട്ടന്‍ ഒക്കെ കലക്ക കലക്കൂല്ലേ.

  ReplyDelete
 12. ഹരീയേട്ടാ,
  ഫാരീസ് - വി.എസ് - വി.എസ്സിന്റെ മകന്‍ അരുണ്‍ കുമാര്‍ എന്നിങ്ങനെയുള്ള ചില വാര്‍ത്താജീവികളുമായി കഥാപാത്രങ്ങള്‍ക്ക് സാമ്യമുണ്ടെന്ന് ദേ കിരണ്‍ തോമസ് തോമ്പില്‍ ഇവിടെ പറയുന്നു. രൌദ്രത്തിനു ശേഷം ആ ലൈനിലുള്ള രണ്ടാമത്തെ പടം ?

  ReplyDelete
 13. ഹരീ,
  സിനിമ പോര അല്ലേ? വെറുതെ മള്‍ട്ടിപ്ളക്സില്‍ പോയി കാശു കളയണ്ടല്ലോ. മലയാളമിനിമയ്ക്ക് ഇതെന്തു പറ്റി? എന്നും വൈവിദ്ധ്യങ്ങളുടെ മലയാള സിനിമ. ഇന്ന് നല്ല സിനിമ കണി കാണാന്‍ കൂടി കിട്ടുന്നില്ല. പിന്നെ ബില്ലു(ബാര്‍ബര്‍)വും വലിയ മെച്ചമില്ല. ഷാരൂഖാ, സെന്‍റിയാ എന്നൊക്കെ പറഞ്ഞ് തിയേറ്ററില്‍ പോയ എന്നെ പറ്റിച്ചു. മമ്മൂട്ടിയെ സമ്മതിക്കണം. ഇതെന്‍റെ മാത്രം അഭിപ്രായമല്ല. എന്‍റെ കൂടെ സിനിമ കണ്ടിറങ്ങിയ ഒരു ഷാരൂഖ് ഫാനന്‍ ഭ്രാന്തന്‍റെ കൂടി അഭിപ്രായമാണ്.

  ReplyDelete
 14. അപ്പൊ ഇതും കാണണ്ടല്ലോ! ഷാജി കൈലാസിന്റെ സിനിമ കാണണേൽ പ്രേക്ഷകർ തലകുത്തി നിക്കണം.. ക്യാമറ ആംഗിളൊക്കെ അങ്ങനെയാ! ഇതിലും അതു പോലൊക്കെ തന്നെയല്ലേ?? :p

  ReplyDelete
 15. @ Ajith,
  :-) വ്യക്തിത്വമില്ലാത്ത / കഥയില്ലാത്ത കഥാപാത്രങ്ങള്‍ എന്നുദ്ദേശം. ഭൂതവും ഭാവിയും അറിഞ്ഞിരിക്കണമെന്നില്ല, പക്ഷെ ഇല്ലാത്തവരെന്ന് തോന്നരുത്!

  @ രജീവ്,
  :-) അതെയതെ.

  @ Vish..| ആലപ്പുഴക്കാരന്‍,
  ഇവിടെ ഇപ്പോഴും നല്ല തിരക്കു തന്നെ, പ്രവര്‍ത്തി ദിവസമായിട്ടു കൂടി... അതു നോക്കി കയറുന്നതിലോ, കയറാതിരിക്കുന്നതിലോ കാര്യമില്ല. :-)

  @ ഇട്ടിമാളു,
  ചുമ്മാ മ്യൂസിയത്തിലും സൂവിലുമൊക്കെയൊന്നു കറങ്ങൂ, ബ്ലോഗെഴുതൂ... :-D

  @ G.manu,
  :-) നന്ദി.

  @ പിള്ളാച്ചന്‍,
  എവിടെ നൂണ്‍ഷോയായി? ഇപ്പോഴും പലയിടത്തും ഹൌസ് ഫുള്‍ തന്നെയല്ലേ?

  @ Melethil,
  :-) അതുകൊള്ളാം, അപ്പോളീ ജീവിതത്തില്‍ ‘അവന്മാരുടെ’ പടം കാണുവാനൊക്കുമെന്നു തോന്നുന്നില്ല! :-P

  @ Abhijith,
  ആശ്വസിക്കുവാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍, അല്ലാതെന്താ പറയുക! :-) അഭിജിത്തിന് ചിത്രമിഷ്ടമായെങ്കില്‍ സന്തോഷം.

  @ Tinku,
  ഇട്ടിരുന്നല്ലോ! ഇവിടെയുണ്ട്.

  @ Eccentric,
  ഹ ഹ ഹ... നമ്മുടെ സ്റ്റൈലില്‍ റേമീക്ക് ചെയ്താല്‍ കുളമാകും. സ്റ്റൈലുള്‍പ്പടെ കണ്ടുപഠിച്ച് ചെയ്യണം. ശരിതന്നെ, ഇമേജ് പ്രശ്നമാക്കാതെ രണ്ട് സൂപ്പര്‍സ്റ്റാറുകളും അഭിനയിച്ച് തുടങ്ങിയാല്‍ തന്നെ മലയാളം സിനിമ രക്ഷപെടും. ആരാധകര്‍ക്കൊത്ത് അവര്‍ മാറാതെ, ആരാധകരെ അവര്‍ക്കൊപ്പം മാറ്റുവാന്‍ ശ്രമിക്കണം.

  @ suraj::സൂരജ്,
  വായിച്ചിരുന്നു. :-) വി.എസ്. സിനിമയിലെ മാണിസാറിന്റെയത്രയും വിപ്ലവവീര്യമുള്ള, ആ‍ദര്‍ശധീരനായ നേതാവാണോ? ‘രൌദ്ര’ത്തിലേതു പോലെ ഒരു ഐയിമിംഗ് ഇതിലുണ്ടെന്നു തോന്നുന്നില്ല, പിന്നെ സാന്ദര്‍ഭികമായ ചില സാമ്യങ്ങള്‍, അത് രാഷ്ട്രീയ നേതാക്കളുള്ള ഏത് മലയാളം സിനിമയിലാണ് ഇല്ലാത്തത്? (മെട്രോ ഞാന്‍ സ്ഥിരമായി വായിക്കാറില്ല, അതുവായിക്കുന്നവര്‍ക്കാണ് കൂടുതല്‍ മനസിലാവുക എന്നും എഴുതിയിട്ടുണ്ടല്ലോ അതില്‍...)

  @ പാതാള ഭൈരവന്‍,
  :-) ഉം... പക്ഷെ, ബില്ലു ബാര്‍ബര്‍ തരക്കേടില്ല എന്നഭിപ്രായമാണ് കൂടുതല്‍ കേട്ടത്.

  @ നന്ദന്‍,
  :-) ഹ ഹ ഹ... അതെനിക്കിഷ്ടായി... ഒന്നു മോഡിഫൈ ചെയ്ത് റോളര്‍ കോസ്റ്ററില്‍ കയറണം എന്നാക്കിയാല്‍ കുറച്ചു കൂടി യോജിക്കും! :-D
  --

  ReplyDelete
 16. edavey, review ezhuthumpol padathinte detail allenkil interesting pieces onnum eduthezuthathey. laalettante padam ethra poliyanennu paranjalum kaanaan oru pathirupathanju peerondividey.

  ReplyDelete
 17. നാട്ടില്‍ നിന്നു തിരിച്ചു പോരുന്ന ദിവസമാണിത് റിലീസ് ആയത്. പൈസ പോയില്ല. രക്ഷപ്പെട്ടു.

  ReplyDelete
 18. വളരെ നാളുകള്‍ക്കു ശേഷമാണല്ലോ തിലകന്‍ മോഹന്‍ലാലിന്‍റെ കൂടെ? എന്താ, മഞ്ഞുരുകിയോ? എങ്കില്‍ നല്ല കാര്യം!

  ReplyDelete
 19. പ്രതീക്ഷിച്ച പോലെ തന്നെ...
  മോഹന്‍ലാല്‍ ഗസ്റ്റ് റോള്‍ ആയി പ്ലാന്‍ ചെയ്ത പടം നീട്ടി വലിക്കുകയാണെന്ന് അറിഞ്ഞപ്പോഴേ ഇത് ഊഹിച്ചതാണ്.

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete
 20. വിന്‍സിനോട് ഒരു വാക്ക്.
  ആ പത്തിരുപത്തഞ്ചോ അതില്‍ കൂടുതലോ ആയ ‘സിനിമാസ്വാദകരും’ അതു പോലെ ചിന്തിക്കുന്ന സിനിമാപ്രവര്‍ത്തകരും ആണ് മലയാളസിനിമയുടെ ഇന്നത്തെ ഈ ദുരവസ്ഥക്ക് കാരണം.

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete
 21. നമ്മുടെ സ്റ്റൈലില്‍ എന്ന് വെച്ചാല്‍ ചിലവ് കുറഞ്ഞു, നമ്മുടെ നാടിന്റെ പശ്ചാത്തലത്തില്‍ വിശ്വസനീയമായ കഥ..അങ്ങനെ ഒന്നാക്കാന്‍ അല്പം പ്രേത ബാക്ഗ്രൌണ്ട് ഉള്ള കഥകള്‍ ഈസി ആണ്.

  ReplyDelete
 22. തിരക്കഥ എന്നാ സിനിമയ്ക്ക് 4/10 കൊടുത്തപ്പോള് റെഡ് ചില്ലിസിന് 4.4/10 ?? best കണ്ണാ best !!!

  ReplyDelete
 23. @ വിന്‍സ്,
  :-) എന്ത് ഇന്ററെസ്റ്റിംഗ് പീസാണ് ഇവിടെ പറഞ്ഞത്?

  @ നതാഷ,
  :-) രക്ഷപെടൂ...

  @ Ajith,
  :-) എന്തോ!

  @ ദൃശ്യന്‍ | Drishyan,
  :-) ലാലിന് ഗസ്റ്റ് റോളൂടെയായിരുന്നെങ്കില്‍ പിന്നിതിലെന്താ ഉള്ളത്?

  @ Eccentric,
  :-) ഓ.കെ.

  @ hAz,
  അതെയതെ... പക്ഷെ, ‘തിരക്കഥ’യുടെ വിശേഷം പഴയ രീതിയില്‍, ഇതിന്റേത് പുതിയ രീതിയില്‍. ആ രീതിയിലുമല്ല ഇപ്പോള്‍ റേറ്റിംഗ് നല്‍കുന്നത്. (പഴയ രീതിയിലായിരുന്നെങ്കില്‍ ഇതിന് രണ്ടോ, രണ്ടരയോ മറ്റോ നല്‍കുമായിരുന്നു.) അതൊന്നും സുഹൃത്ത് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു! ബെസ്റ്റ് കണ്ണനെ കൂട്ടാന്‍ പോയ തിരക്കില്‍ വിട്ടു പോയതാവും അല്ലേ? :-)
  --

  ReplyDelete
 24. {‘ആരാണ് ഒ.എം.ആര്‍.?’ എന്ന ചോദ്യത്തിന് ഉത്തരമായി അവസാനമൊന്നുമെഴുതാത്ത ഒരു വിസിറ്റിംഗ് കാര്‍ഡ് കാണിക്കുന്നുണ്ട്. അത്രയുമൊക്കെയേ സംവിധായകനും ചിത്രത്തെക്കുറിച്ച് ധാരണയുള്ളൂ എന്നുവേണം കരുതുവാന്‍.}


  കൊള്ളാം ഹരി.. എന്‍റെ റിവ്യൂ നാളെ റിലീസ് ആകും. എന്‍റെ ബ്ലോഗിന്‍റെ പേരു മാറ്റിയിരുന്നു. അറിഞ്ഞോ ??

  ഇപ്പോള്‍ അത് http://bmk-movies.blogspot.com

  ReplyDelete
 25. ഒരു ഹാഷ് ബുഷ് കഥയും(?) പറഞ്ഞ് ഒടുക്കം കൊന്നവന്‍ തന്നെ ചത്തത് എന്നപോലെ ഒരു യമകണ്ടന്‍ സസ്പെന്‍സും കൊണ്ട് വെച്ചാല്‍ പടം കലക്കും എന്നാണോ സാജന്‍ ചേട്ടനും കൈലാസന്‍ ചേട്ടനും ധരിച്ച് വച്ചിരിക്കുന്നത് ????

  ReplyDelete
 26. Haree

  Heard that hindi film "Dev. D" is good. Oru review pratishikkunnu.

  ReplyDelete
 27. ലാലിനു ഈ സിനിമ ഒരു തുടക്കം മാത്രമാണ്....... ഈ സിനിമ ഒരു നല്ല കഥ നിലനിര്‍ത്തുന്നു.......

  ReplyDelete