കഥ, സംവിധാനം കുഞ്ചാക്കോ (Katha, Samvidhanam Kunchakko)

Published on: 2/17/2009 07:27:00 AM
Katha, Samvidhanam Kunchakko - Malayalm Film Review: A film directed by Haridas Kesavan; Starring Sreenivasan, Meena, Augustine.
ഹരിദാസ് കേശവന്റെ (ഹരിദാസ് എന്ന പേരില്‍ മുന്‍പ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്) സംവിധാനത്തില്‍, ശ്രീനിവാസന്‍ നായകനായെത്തുന്ന ചിത്രമാണ് ‘കഥ, സംവിധാനം കുഞ്ചാക്കോ’. ഒരിടവേളയ്ക്കു ശേഷം ഡെന്നീസ് ജോസഫ് കഥയും, തിരക്കഥയുമെഴുതുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ‘കഥപറയുമ്പോള്‍’ എന്ന ചിത്രത്തിനു ശേഷം മീന ശ്രീനിവാസന്റെ നായികയായെത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മനോജ് രാംസിംഗ്. മലയാള സിനിമയില്‍ അധികം കാണുവാന്‍ കഴിയാത്ത ‘സൈക്കോ-ത്രില്ലര്‍’ വിഭാഗത്തിലൊരു ചിത്രമൊരുക്കുവാനാണ് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിരിക്കുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 5/10 ]

ഒരേ രീതിയിലുള്ള ചിത്രങ്ങള്‍ പലരീതിയിലെടുത്തത് കണ്ടു മടുത്തിരിക്കുന്ന മലയാളിക്ക് തെല്ലൊരാശ്വാസമായി, പ്രമേയത്തില്‍ വ്യത്യസ്തത കൊണ്ടുവരുവാന്‍ തിരക്കഥാകൃത്തും സംവിധായകനും ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ പ്രമേയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇരുവര്‍ക്കുമില്ലെന്നു തോന്നുന്ന രീതിയിലാണ് ചിത്രം മുന്നോട്ടു പോവുന്നത്. കുറച്ചുകൂടി മനോഹരമായ രീതിയില്‍ ചിത്രം അവതരിപ്പിക്കുവാന്‍ സാധിക്കുമായിരുന്നു. ചിത്രമവസാനിക്കുമ്പോളും പല ചോദ്യങ്ങളും ഉത്തരമില്ലാതെ അവശേഷിക്കുകയും ചെയ്യുന്നു.

 സംവിധാനം [ 4/10 ]

മലയാളസിനിമയില്‍ ഏറെ നാളായി പ്രവര്ത്തിച്ചു വരുന്ന ഒരു സംവിധായകന്റെ ചിത്രമെന്ന നിലയില്‍ നോക്കിയാല്‍ ഈ സിനിമ ഒട്ടും തൃപ്തികരമല്ല. തന്റേതായ ഒരു ശൈലിയില്‍ കഥ പറയുവാന്‍ അദ്ദേഹത്തിനിതില്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ആത്മവിശ്വാസക്കുറവ് പലയിടത്തും പ്രകടം. അഭിനേതാക്കളെക്കൊണ്ട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വെയ്പിക്കുന്നതില്‍ സംവിധായകന്‍ പിന്നിലായി. വിഷയത്തിനു യോജിക്കുന്ന പിരിമുറുക്കം ചിത്രത്തില്‍ കൊണ്ടുവരുന്നതിലും സംവിധായകന്‍ വിജയിച്ചില്ല.

 അഭിനയം [ 5/10 ]

ശ്രീനിവാസന്‍ എന്ന സ്വഭാവനടന്റെ അഭിനയമികവ് എവിടെയോ നഷ്ടമായെന്നു തോന്നുന്നു. മുന്‍‌കാല ചിത്രങ്ങളിലെ സ്വാഭാവികത അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില്‍ ഇപ്പോള്‍ കാണുവാനില്ല. തരളവികാരങ്ങള്‍ക്ക് മനസില്‍ സ്ഥാനമില്ലാത്ത, വന്‍‌വ്യവസായിയായ കുഞ്ചാക്കോയെ ഇതിലും എത്രയോ മികച്ചതാക്കാമായിരുന്നു! കുഞ്ചാക്കോയുടെ വലംകൈയ്യായി ചിത്രത്തില്‍ ഉടനീളമുള്ള അഗസ്റ്റ്യന്റെ കഥാപാത്രം, മീന അവതരിപ്പിച്ച ആനിയമ്മ, അല്പനേരമേയുള്ളൂവെങ്കിലും ചിത്രത്തില്‍ പ്രാധാന്യമുള്ള ജഗതി ശ്രീകുമാര്‍, തിലകന്‍ തുടങ്ങിയവരുടെ വേഷങ്ങള്‍; എന്നിവയൊക്കെ ശ്രദ്ധേയമായി. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ജനാര്‍ദ്ദനന്‍, ഗണേഷ്, സോന നായര്‍, പ്രേം കുമാര്‍ തുടങ്ങിയവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

 സാങ്കേതികം [ 3/10 ]

ചിത്രത്തിന്റെ സാങ്കേതികവിഭാഗം ഏറെയൊന്നും മെച്ചപ്പെട്ട പ്രകടനമല്ല കാഴ്ചവെച്ചിരിക്കുന്നത്. സജത് മേനോന്റെ ക്യാമറ, ശ്രീനിയുടെ കലാസംവിധാനം തുടങ്ങിയവ ശരാശരി നിലവാരം പുലര്‍ത്തി. ബിജിത് ബാലയുടെ എഡിറ്റിംഗ് പലയിടത്തും അപക്വമായി അനുഭവപ്പെട്ടു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

കുഞ്ചാക്കോയുടേയും ആനിയമ്മയുടേയും പ്രണയപശ്ചാത്തലമായി ഒരു ഗാനമാണ് ഈ ചിത്രത്തിലുള്ളത്. ഇരുവരും ചേര്‍ന്നുള്ള ഗാനചിത്രീകരണം ‘ഉദയനാണു താര’ത്തിലെ “കരളേ! കരളിന്റെ കരളേ!” എന്ന ഗാനത്തിന്റെ അനുകരണമായി മാത്രമേ കാണുവാന്‍ കഴിയൂ. ഗിരീഷ് പുത്തഞ്ചേരി എഴുതി, എം. ജയചന്ദ്രന്റെ സംഗീതസംവിധാനത്തില്‍ വിനീത് ശ്രീനിവാസന്‍ ആ‍ലപിച്ചിരിക്കുന്ന ഈ ഗാനം ചിത്രത്തിന് അധികപ്പറ്റാണ്. മാഫിയ ശശിയുടെ സംവിധാനത്തിലുള്ള ആക്ഷന്‍ രംഗങ്ങള്‍ക്കും മികവോ, പുതുമയോ അവകാശപ്പെടുവാനില്ല.

 മറ്റുള്ളവ [ 1/5 ]

കോടീശ്വരനാണ്, വന്‍‌കിട വ്യവസായിയാണ് എന്നിങ്ങനെയൊക്കെ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും, അത്തരത്തിലുള്ള ഒരാള്‍ക്ക് ചേരുന്ന ചുറ്റുപാടുകളൊരുക്കുവാന്‍ ചിത്രത്തില്‍ ശ്രമിച്ചു കണ്ടില്ല. ഇവിടെ സ്വീകരിച്ച നീക്കുപോക്കുകള്‍ ചിത്രത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു. കുഞ്ചാക്കോയുടെ വേഷവും ഭാവവുമൊന്നും കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നില്ല. കുറച്ചുകൂടി മുതല്‍‌മുടക്കി, ഉയര്‍ന്ന ചിത്രീകരണനിലവാരം ഉണ്ടാവേണ്ടിയിരുന്ന ഒരു ചിത്രമായിരുന്നു ഇത്.

 ആകെത്തുക [ 3.8/10 ]

ജയിംസ് ബോണ്ട് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഒരു ആഡിയോ-വീഡിയോ ജാമര്‍ പോലും കുഞ്ചാക്കോ ഇടയ്ക്ക് ഉപയോഗിക്കുന്നുണ്ട്. അവയെക്കുറിച്ചൊക്കെ ആവശ്യത്തിന് പഠിച്ചശേഷമാണ് അത് ചിത്രത്തിലുള്‍പ്പെടുത്തിയതെന്ന് തോന്നുന്നില്ല. ഇടതുപക്ഷ മുഖ്യമന്ത്രിയെന്ന സൂചനകള്‍ ചിത്രത്തിലുള്‍പ്പെടുത്തിയതിനു ശേഷം, “ഇംഗ്ലണ്ടിലും, അമേരിക്കയിലും സംവരണമില്ല; ഇവിടെ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് ഭരണഘടന ഉണ്ടാക്കിയവര്‍ ചെയ്ത ഔദാര്യം മാത്രമാണ്.” എന്നൊക്കെ പറയിപ്പിച്ചത് യാദൃശ്ചികതയാകുവാന്‍ തരമില്ല. നിര്‍ദ്ദോഷമെന്നു തോന്നുമെങ്കിലും, സിനിമയിലൂടെ ഇത്തരം വികലമായ സന്ദേശങ്ങള്‍ നല്‍കുവാന്‍ ശ്രമിക്കുന്നത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. ‘കഥ, സംവിധാനം കുഞ്ചാക്കോ’ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു സൈക്കോ-ത്രില്ലര്‍ ചിത്രത്തിന് ഒരു സാധാരണ കുടുംബചിത്രത്തിന്റെ അവതരണശൈലി മതിയാവില്ല. തിരക്കഥാകൃത്തെന്ന നിലയില്‍ ഡെന്നീസ് ജോസഫിന് ഏറെ ചെയ്യുവാനുണ്ടായിരുന്നു ഇതില്‍. എന്നാല്‍ വിഷയമുള്‍ക്കൊണ്ട് അതിനു ചെരുന്ന ഒരു തിരക്കഥ മെനയുവാന്‍ അദ്ദേഹത്തിനായില്ല. വെറുതെ കണ്ടിരിക്കാം എന്നതിനപ്പുറം ഒരു പ്രതീക്ഷയുമര്‍പ്പിക്കാതെ ചിത്രത്തിനു കയറുന്നവര്‍ക്ക് ചിലപ്പോള്‍ നിരാശപ്പെടേണ്ടി വരില്ല. അതിനപ്പുറമൊരു മികവ് ചിത്രത്തിന് അവകാശപ്പെടുവാനില്ല.

Description: Katha, Samvidhanam Kunchakko (Kadha, Samvidhanam Kunchakko) - A Malluwood (Malayalam) film directed by Haridas Kesavan; starring Sreenivasan, Meena, Augustine, Janardanan, Ganesh, Prem Kumar, Sona Nair, Sudheesh, Thilakan, Jagathy Sreekumar; Produced by Manoj Ramsingh; Story, Screenplay, Dialogues by Dennis Joseph; Camera by Sajath Menon; Editing by Bijith Bala; Art Direction by Sreeni; Lyrics by Gireesh Puthancheri; Music by M. Jayachandran; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. February 14 2009 Release.
--

11 comments :

 1. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതി, ഹരിദാസ് കേശവന്റെ സംവിധാനത്തില്‍, ശ്രീനിവാസനും മീനയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘കഥ, സംവിധാനം കുഞ്ചാക്കോ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. [b]ഹരിദാസ് കേശവന്റെ ആദ്യ സംവിധാന സംരംഭമാണ് ‘കഥ, സംവിധാനം കുഞ്ചാക്കോ’ ?? മണ്ടത്തരം പറയരുത് ഹരി..ഈ പുള്ളികാരന്‍ പേര് മാറ്റിയതാ. പഴയ പേര് "ഹരിദാസ്".ഹരിദാസ് ഏതാട് 10 വര്ഷം ആയീ മലയാള സിനിമ ഫീല്‍ഡില്‍ ഉണ്ട്..

  ReplyDelete
 3. ഈ പുള്ളി എ കെ ഹരിദാസ് എന്നും അറിയപ്പെടും

  ReplyDelete
 4. ഹരീ

  ഹരിദാസ് അല്ലായിരുന്നോ പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ പറഞ്ഞു തീര്‍ത്തത്  റെഡ് ചില്ലീസ് കണ്ടിട്ടില്ലെങ്കില്‍ കാണേണ്ട

  ഒന്നിനും കൊള്ളില്ല

  ReplyDelete
 5. @ Vibin,
  :-) എനിക്കും സംശയം തോന്നാതിരുന്നില്ല. പക്ഷെ, എവിടെയും വിശ്വസിനീയമായി അങ്ങിനെ പറഞ്ഞു കണ്ടില്ല. ഇപ്പോള്‍ നൌറണ്ണിംഗ് റിവ്യുവില്‍ എടുത്ത് പറഞ്ഞിരിക്കുന്നത് കണ്ടു. തെറ്റ് തിരുത്തിയിട്ടുണ്ട്.

  @ Munna,
  :-) ‘റെഡ് ചില്ലീസ്’ കണ്ടു പോയല്ലോ!
  --

  ReplyDelete
 6. കെ. കെ ഹരിദാസ് ആണിതെങ്കില്‍ ഒത്തിരിക്കാലമായി കളത്തിലുള്ള ആളാണ്. പുള്ളി പണ്ടും സൈക്കോ സിനിമകള്‍ പിടിച്ചിട്ടുള്ള ആളാ.
  പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ എടുത്തത് ഹരികുമാറാണ്.

  ഹരി എന്നാണ് പേരെങ്കില്‍....

  ReplyDelete
 7. ശ്രീനിവാസന്‍ അടക്കം ഡീഗ്രേഡ് ആയി എന്നു പറയുന്നത് വല്ലാത്ത കഷ്ടമാണ്‍.... ഉദയനാണ് താരം മുതല്‍ ആളുടെ അഭിനയം ഒരു സിനിമാല ടൈപ് ആയിപ്പോയി....

  പോട്ടെ ഒന്നും പറയുന്നില്ല....

  OT:
  മനോരമ ഓണ്‍ലൈന്‍ ഫോട്ടോഗ്യാലറിയി , ജൂബയിട്ട ഒരു സുന്ദരന്‍ സം‌വിധായകന്‍ ഷോട്ടുകള്‍ ഒരുക്കുന്ന ചിത്രങ്ങള്‍ കണ്ടു.... അഭിനന്ദിനികള്‍... :)

  ReplyDelete
 8. ശ്രീനി ഭേദപ്പെട്ട ഒരു നടന്‍ മാത്രമാണ് എന്നേ തോന്നിയിട്ടുള്ളൂ: മാര്‍ക്കിട്ടാല്‍ ഇന്നസെന്റിലും താഴെ, ബൈജുവിന്റെയോ മണിയന്‍പിള്ള രാജുവിന്റെയോ ഗണേഷ് കുമാറിന്റെയോ ഒക്കെ ഒപ്പം. സാമാന്യം നല്ല നിരീക്ഷണപാടവമുള്ള ഒരു തിരക്കഥാകൃത്താണ് എന്നത് സിനിമയില്‍ ആകമാനം കേറി ഇടപെടാനുള്ള യോഗ്യതയാവുന്നില്ലല്ലോ. (അങ്ങനെ ഈ പടത്തില്‍ ചെയ്തിട്ടുണ്ടോ എന്നറിയില്ല, ഈയടുത്തു കണ്ട ചിലതില്‍ അങ്ങനെ ചെയ്തതായി തോന്നി)

  ഏതായാലും 3.8 കിട്ടിയ പടത്തിനു കാശുകൊടുക്കില്ല എന്നു തീരുമാനിച്ചു :))

  ReplyDelete
 9. Seen "Naan Kadavul". Would like to see a review about it

  ReplyDelete
 10. @ അയല്‍ക്കാരന്‍,
  പേരെങ്കില്‍? :-)

  @ ശ്രീഹരി::Sreehari,
  :-)
  താങ്ക്സ് ഉണ്ടേ... :-D

  @ suraj::സൂരജ്,
  അത് ശ്രീനിവാസന്‍ കയറി മേയുന്നതാണെന്ന് എങ്ങിനെ ഉറപ്പിക്കാം? ശ്രീനി ടച്ച് നല്‍കുവാന്‍ തിരക്കഥാകൃത്ത് / സംവിധായകന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നതാണെങ്കിലോ? നന്ദി. :-)

  @ SAJU,
  നന്നെന്ന് ദൃശ്യന്റെ റിവ്യൂവില്‍ വായിച്ചു.
  --

  ReplyDelete
 11. ഹരീ നിരൂപണം നന്നായി.പിന്നെ ഈ ബ്ലോഗിന്റെ ഡിസൈന്‍ സത്യത്തില്‍ ബ്ലോഗില്‍ അല്ല ഒരു നല്ല വെബ്സൈറ്റില്‍ വരുന്ന പ്രതീതിയാണ് തോന്നിക്കുന്നത്.

  congrats

  ReplyDelete