‘വെറുതേ ഒരു ഭാര്യ’യുടെ രണ്ടായിരത്തിയെട്ട്

Published on: 2/03/2009 12:25:00 PM
Chithravishesham Poll - Best Film 2008 : Veruthe Oru Bharya.
രണ്ടായിരത്തിയേഴുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളസിനിമയ്ക്ക് അത്ര മികച്ച ഒരു വര്‍ഷമായിരുന്നില്ല രണ്ടായിരത്തിയെട്ട്. രണ്ടായിരത്തിയേഴിലെ മികച്ച ചിത്രങ്ങള്‍ക്കായുള്ള പോളില്‍, പത്തില്‍ അഞ്ചിനു മേല്‍ റേറ്റിംഗ് കരസ്ഥമാക്കിയ ഇരുപത്തിമൂന്നോളം ചിത്രങ്ങളെ അവതരിപ്പിക്കുവാന്‍ സാധിച്ചെങ്കില്‍; രണ്ടായിരത്തിയെട്ടില്‍ അത് പതിനഞ്ചെണ്ണം മാത്രമായി ചുരുങ്ങി. പത്തില്‍ നാലോ അതിനു മുകളിലോ റേറ്റിംഗ് നേടിയ ചിത്രങ്ങളെ പോളില്‍ ഉള്‍പ്പെടുത്തിയതിനാലാണ് അത്രയെങ്കിലും എണ്ണം തികയ്ക്കുവാന്‍ കഴിഞ്ഞത് എന്നുകൂടി ഓര്‍ക്കേണ്ടതാണ്.

 മികച്ച ചിത്രം - ‘വെറുതേ ഒരു ഭാര്യ’


സലാവുദ്ദീന്‍ നിര്‍മ്മിച്ച്, കെ. ഗിരീഷ് കുമാര്‍ കഥയും തിരക്കഥയും സംഭാഷണങ്ങളുമെഴുതി, അക്കു അക്ബര്‍ സംവിധാനം ചെയ്തിരിക്കുന്ന ‘വെറുതേ ഒരു ഭാര്യ’ എന്ന ചിത്രമാണ് രണ്ടായിരത്തിയെട്ടിലെ മികച്ച ചിത്രമായി ‘ചിത്രവിശേഷം’ വായനക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വാണിജ്യസിനിമയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നു തന്നെ, കലാമൂല്യമുള്ള ഒരു ചിത്രമൊരുക്കുവാന്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ വിജയത്തിനാധാരം. അല്പമെങ്കിലും പുതുമയുള്ള ഒരു പ്രമേയം, ഭംഗിയായി അവതരിപ്പിച്ചാല്‍ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കും എന്നതിനൊരു ദൃഷ്ടാന്തമാണ് ഈ സിനിമ. ‘വെറുതേ ഒരു ഭാര്യ’ എന്നതില്‍ നിന്നും ‘വെറുതേ അല്ല ഭാര്യ’ എന്ന സിനിമയുടെ ലക്ഷ്യത്തിലേക്ക് വളരെ നന്നായി പ്രേക്ഷകരെ കൊണ്ടെത്തിച്ചു എന്നിടത്താണ് ചിത്രം വിജയിക്കുന്നത്. ഈയൊരു മികച്ച ചിത്രമൊരുക്കിയ അക്കു അക്ബറിനും സംഘത്തിനും ‘ചിത്രവിശേഷ’ത്തിന്റെ ആശംസകള്‍. ഒപ്പം പ്രേക്ഷകരുടെ പ്രതീക്ഷകളെ തല്ലിയുടയ്ക്കാത്ത മികച്ച ചിത്രങ്ങളുമായി ഇനിയും വരുവാന്‍ കഴിയട്ടെയെന്ന പ്രാര്‍ഥനയും.

 മികച്ച രണ്ടും മൂന്നും ചിത്രങ്ങള്‍

രഞ്ജിത്ത് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘തിരക്കഥ’; ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍, മധുപാല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘തലപ്പാവ്’ എന്നീ ചിത്രങ്ങളാണ് യഥാക്രമം രണ്ടും, മൂന്നും സ്ഥാനം നേടിയിരിക്കുന്നത്. 2008-ലെ ഓണച്ചിത്രങ്ങളുടെ പോളില്‍ തുടങ്ങിയ മത്സരം ഇവിടെയും ഈ രണ്ടു ചിത്രങ്ങളും ആവര്‍ത്തിച്ചിട്ടുണ്ട്. വൈകാരികമായി കൂടുതല്‍ സ്വാധീനം ചെലുത്തുവാന്‍ ‘തിരക്കഥ’യ്ക്ക് കഴിഞ്ഞിട്ടുള്ളതിനാലാവണം ആ ചിത്രം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറുന്നത്. ജനപ്രിയത അവകാശപ്പെടുവാനില്ലെങ്കിലും, കലാമൂല്യമുള്ള ഒരു ചിത്രമായി 'തലപ്പാവ്' പരക്കെ അംഗീകരിക്കപ്പെട്ടതില്‍ മധുപാലിന് സന്തോഷിക്കാം. ഇരുവര്‍ക്കും കൂടുതല്‍ മികച്ച ചിത്രങ്ങളുമായി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുവാന്‍ വരുംവര്‍ഷങ്ങളില്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

 മറ്റു ചിത്രങ്ങള്‍


മോഹന്‍ലാല്‍ നായകനായെത്തുന്ന ‘മാടമ്പി’യാണ് നാലാം സ്ഥാനത്തെത്തുന്നത്. അവതരണത്തിലെ മികവൊന്നുകൊണ്ടു മാത്രം രക്ഷപെട്ടു പോയ ഒരു ചിത്രമായിരുന്നത്. ദിലീപ് നായകനായ, ബ്ലെസിയുടെ ‘കല്‍ക്കട്ട ന്യൂസ്’; രഞ്ജിത്ത് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച, ജയരാജിന്റെ ‘ഗുല്‍‌മോഹര്‍’; അനൂപ് മേനോന്‍ തിരക്കഥയെഴുതി, രാജീവ് നാഥിന്റെ സംവിധാനത്തില്‍, മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘പകല്‍ നക്ഷത്രങ്ങള്‍’ തുടങ്ങിയവ സ്ഥിരം ശൈലിവിട്ടുള്ള ചിത്രങ്ങളാകയാല്‍ ശ്രദ്ധ നേടിയവയാണ്. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളാണ് എന്നതിനപ്പുറം ‘കുരുക്ഷേത്ര’യും ‘അണ്ണന്‍‌ തമ്പി’യും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മറ്റു ചിത്രങ്ങള്‍ക്കൊന്നും തന്നെ പ്രേക്ഷകരില്‍ കാര്യമായ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞില്ല എന്നുവേണം പോള്‍ ഫലത്തില്‍ നിന്നും അനുമാനിക്കുവാന്‍.

 വ്യക്തിഗത മികവുകള്‍

‘മാടമ്പി’, ‘പകല്‍ നക്ഷത്രങ്ങള്‍’ എന്നീ ചിത്രങ്ങളിലെ റോളുകള്‍ ഭംഗിയാക്കിയ മോഹന്‍‌ലാല്‍ തന്നെയാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച അഭിനേതാവ്. ‘ഗുല്‍‌മോഹറി’ലെ രഞ്ജിത്തിന്റെ അഭിനയവും ‘തലപ്പാവി’ലെ ലാലിന്റെ അഭിനയവുമാണ് പിന്നെ പരാമര്‍ശമര്‍ഹിക്കുന്നത്. ‘വെറുതേ ഒരു ഭാര്യ’യുടെ വിജയം, അഭിനേത്രിയെന്ന നിലയില്‍ ഗോപികയുടേയും വിജയമാണ്. ‘കല്‍ക്കട്ട ന്യൂസ്’, ‘മിന്നാമിന്നിക്കൂട്ടം’ എന്നിവയില്‍ തന്റെ കഥാപാത്രങ്ങളെ മീര ജാസ്മിന്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, മീര തന്നെ അവതരിപ്പിച്ച മറ്റ് കഥാപാത്രങ്ങളുടെ ഛായ അവയില്‍ വന്നിട്ടുള്ളത് ആ കഥാപാത്രങ്ങളുടെ മാറ്റ് കുറയ്ക്കുന്നു. ‘മാടമ്പി’യെ ആസ്വാദ്യകരമായി അവതരിപ്പിച്ച ഉണ്ണികൃഷ്ണന്‍ ബി. സംവിധായകരില്‍ ശ്രദ്ധ നേടി. ‘വെറുതേ ഒരു ഭാര്യ’യുടെ തിരക്കഥയൊരുക്കിയ കെ. ഗിരീഷ് കുമാറിനെ രണ്ടായിരത്തിയെട്ടിലെ മികച്ച തിരക്കഥാകൃത്തായി കണക്കാക്കാം.

ഡേബ് ജ്യോതി മിശ്ര സംഗീതം നല്‍കിയിരിക്കുന്ന ‘കല്‍ക്കട്ട ന്യൂസ്’, ശ്രീവത്സന്‍ ജെ. മേനോന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ‘ലാപ്‌ടോപ്പ്’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ പുതുമയുള്ളവയായിരുന്നു. കെ.എസ്. ചിത്ര ആലപിച്ച ‘കല്‍ക്കട്ട ന്യൂസി’ലെ “എങ്ങുനിന്നു വന്ന പഞ്ചവര്‍ണക്കിളി...” എന്ന ഗാനം ഗായികയുടെ മികവിനു തെളിവായി. ‘ലാപ്‌ടോപ്പ്’ എന്ന ചിത്രത്തിലെ “ഇളം നീല നീല മിഴികള്‍...”, “വാതില്‍ ചാരാനായ്...” എന്നീ ഗാനങ്ങള്‍ ആലപിച്ച ശ്രീവത്സന്‍ ജെ. മേനോന്‍ ഗായകരില്‍ മികച്ചു നിന്നു. ‘പോസിറ്റീവ്’ എന്ന ചിത്രത്തിനു ക്യാമറ ചലിപ്പിച്ച ആര്‍. ഗണേഷ്, ‘മാടമ്പി’ ഫിലിമില്‍ പകര്‍ത്തിയ വിജയ് ഉല്‍കനാഥ്, ‘തലപ്പാവി’ല്‍ ദൃശ്യവിരുന്നൊരുക്കിയ അഴകപ്പന്‍ തുടങ്ങിയവരാണ് ഛായാഗ്രാഹകരില്‍ ശ്രദ്ധിക്കപ്പെട്ടത്.

കൂടുതല്‍ മികച്ച ചിത്രങ്ങളുമായെത്തുവാന്‍ മലയാളസിനിമ രംഗത്തെ രണ്ടായിരത്തിയെട്ടിലെ പ്രതിഭകള്‍ക്കാവട്ടെയെന്ന ആശംസകളോടെ, 'ചിത്രവിശേഷം' നടത്തിയ ഈ പോളില്‍ പങ്കെടുത്ത് വോട്ടുരേഖപ്പെടുത്തിയ എല്ലാ വായനക്കാര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

Description: Chithravishesham Poll Result - Best Malayalam Film Released in 2008; Culcutta News, Cycle, Annan Thampi, Adayalangal, Pachamarathanalil, Positive, Mizhikal Sakshi, Madambi, Minnaminnikkoottam, Veruthe Oru Bharya, Thirakkatha, Thalappavu, Gulmohar, Kurukshethra and Pakal Nakshathrangal participated in the poll. Chithravishesham Readers selected 'Veruthe Oru Bharya' as the best Malayalam film during the year 2008. 'Thirakkatha' and 'Thalappavu' came in second and third positions respectively. A poll analysis in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. January 22 2009 Release.
--

12 comments :

 1. “2008-ലെ മികച്ച മലയാളം ചലച്ചിത്രമേത്?”, പോളിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  ‘വ്യക്തിഗത മികവുകള്‍’ എന്ന ഭാഗത്ത്, ഓര്‍മ്മയില്‍ വന്നവയില്‍ നിന്നും മികച്ചതെന്ന് തോന്നിയവ എഴുതിയെന്നു മാത്രം. ഇവയില്‍ പരാമര്‍ശിക്കാതെ പോയ മറ്റ് മികച്ച പ്രകടനങ്ങളുമുണ്ടാവാം; അവയൊക്കെ കമന്റുകളില്‍ പ്രതിപാദിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
  --

  ReplyDelete
 2. മോഹന്‍ലാലിന്റെ മുന്‍കാലപ്രകടനങ്ങള്‍വച്ചു നോക്കുമ്പോള്‍ മാടമ്പിയും മറ്റും ഒന്നുമല്ല. നടനുള്ള മാര്‍ക്ക്‌ ഞാന്‍ തലപ്പാവിലെ ലാലിനു നല്‍കും. നടി പ്രിയാമണിയാണ്‌. മിഴികള്‍ സാക്ഷിയിലെ സുകുമാരിയ്‌ക്കും ഫുള്‍മാര്‍ക്കു നല്‍കാം. ഗാനങ്ങളില്‍ വെറുതേ ഒരു ഭാര്യയും തിരക്കഥയും തലപ്പാവുമാണ്‌ മുന്നില്‍. മറ്റുള്ളവയുടെ കാര്യത്തില്‍ ഞാനും ഹരിക്കൊപ്പം....

  ReplyDelete
 3. മലയാളത്തിൽ ഒരു റാസി അവാർഡുണ്ടെങ്കിൽ അത് ‘തിരക്കഥ’യ്ക്ക് അവകാശപ്പെട്ടതാണ്...:)

  ReplyDelete
 4. അടയാളങ്ങളോ അല്ലെങ്കില്‍ തലപ്പാവോ ആണെന്നു തോന്നുന്നു കഴിഞ്ഞ വര്‍ഷത്തെ നല്ല സിനിമ. വെറുതെ ഒരു ഭാര്യ മോശമാണന്നല്ല, കലാമൂല്യമുള്ള ജനപ്രീതി നേടിയ ചിത്രം..! :)

  ReplyDelete
 5. ഈ പറഞ്ഞ മൂന്ന് സിനിമകളും കാണാന്‍ ആയില്ല :(
  ( പിന്നെ ഒരു കണക്കിന് നാട്ടില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും ഒരുപാട് ദു:ഖമില്ല... ആകെ ഒന്നോ രണ്ടോ നല്ല സിനിമ അല്ലേ വരുന്നുള്ളൂ [:)]

  മാടമ്പി കണ്ടിട്ടൂണ്ട്. എനിക്കിഷ്ടം ആയി... ഉണ്ണികൃഷ്ണന് അത്യാവശ്യം കഴിവ് ഉണ്ട് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ടൈഗര്‍ സിനിമ ഒക്കെ ഒരു മാതിരി കൊള്ളാമായിരുന്നു... [അവസാനം മുസാഫിറിനെ തെറി വിളിക്കുന്ന സീന്‍ എനിക്കെന്തോ അങ്ങ സുഗിച്ചു :)]

  പക്ഷേ മാടമ്പിയില്‍ ഒരു വന്‍ അലമ്പ് സീനുണ്ട്... പരുന്തിനെ കളിയാക്കുന്നതല്ല....

  സിനിമാമോഹം മനസില്‍ കൊണ്ടുനടക്കുന്ന യുവത്വത്തെ നോക്കി
  " പ്രായത്തില്‍ കവിഞ്ഞ ഒരു ഹീറോയിസം നിനക്കുണ്ട്. അത് തീയേറ്ററില്‍ കയ്യടി നേടുമോ എന്ന് കണ്ടറിയണം" എന്നൊരു ഡയലോഗ് ഉണ്ടല്ലോ.. തീരേ സഹിച്ചില്ല... യുവനായകന്മാര്‍ ഒന്നും ഹീറോയിസം കാണിക്കണ്ട, അതിനിവിടെ സൂപ്പര്‍ താരങ്ങള്‍ ഉണ്ട് എന്നൊരു ധ്വനി അതിലുണ്ട്..

  മോഹന്‍ലാലിന്റെയും കെ പി എസി ലളിതയുടെയും കഥാപാത്രങ്ങള്‍ക്കിടയിലെ കെമിസ്ട്രി ഇഷ്ടമായി... സാധാരണ അമ്മയും മോനും കൂടെ ഉള്ള പുന്നാരം മാത്രമാണല്ലോ മോഹന്‍ലാല്‍ - കവിയൂര്‍ പൊന്നമ്മ പെയറില്‍ ഉണ്ടാവാറ്( ചെറിയ തെറ്റിദ്ധാരണകളൂം തള്ളിപ്പറയലുകളും ഉണ്ടാവുമെങ്കിലും )

  കമന്റ് ഒരുപാടു നീളം ആയെങ്കില്‍ ഹരി ഷെമി :)

  ReplyDelete
 6. ഒരിക്കല്‍ കൂടെ പരാതി പറയുകയാണ് ഹരി,
  ഒരുപാട് ടൈം എടുക്കുന്നു പേജ് ലോഡാവാന്‍....
  ഉപയോഗം കഴിഞ്ഞ വിഡജറ്റുകള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമല്ലോ...
  ( എന്റെ കണക്ഷന്‍ ബ്രോഡ് ബാന്റ് ആണെങ്കിലും ബ്രൗസ്രര്‍ ie6 ആണ്. അതിന്റെയാവാം)

  ReplyDelete
 7. 'പോസിറ്റീവ്' ലെ ഗാനങ്ങളും നന്നായിരുന്നു. തിരക്കഥ, വെറുതെ ഒരു ഭാര്യ, ഒക്കെ ഇഷ്ടപ്പെട്ടു. ഗുല്‍മോഹര്‍ കാണാന്‍ സാധിച്ചിട്ടില്ല ഇത് വരെ. 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന രീതിയില്‍ ഒരു വിലയിരുത്തലും ഉണ്ടാകരുത് എന്നാണു എന്റെ പക്ഷം. അതായത് കുറെ മേഖലയില്‍ എങ്കിലും നല്ലത് എന്ന് പറയാന്‍ ഒന്നും തന്നെ ഇല്ലാതെ പോയ ഒരു വര്ഷം ആയിരുന്നു. ഒരുപാട്ട് പ്രതിഭകള്‍ ഉള്ള മലയാള സിനിമ താരങ്ങള്‍ ഒര്മിക്കതക്കതോന്നും നല്‍കാതെ പോയ വര്ഷം.

  ഓ. ടോ : അക്കരകാഴ്ചകള്‍ എന്ന സീരിയല്‍ ഈ വര്‍ഷത്തിന്റെ സൃഷ്ടി ആയിരുന്നു, ഇതിനെ കുറിച്ച് അറിയാത്തവര്‍ സന്ദര്‍ശിക്കുക.

  http://puzhu.blogspot.com/2009/02/blog-post.html

  (താന്കലുറെ പേജില്‍ ബ്ലോഗിന്റെ പരസ്യം നല്‍കുകയല്ല ഹരീ, മറിച്ച് നിലവാരമുള്ള ഒരു പ്രോഗ്രാം പബ്ലിസിറ്റി കുറവ് എന്ന പേരില്‍ ആരും അറിയാതെ പോകരുത് എന്ന സദുദ്ദേശം മാത്രമാണ് ഇതിനെ പിന്നില്‍. )

  ReplyDelete
 8. വെറുതേ ഒരു ഭാര്യ, തിരക്കഥ, തലപ്പാവ്’, മാടമ്പി, അണ്ണന്‍‌ തമ്പി ഇതൊക്കെയാ കഴിഞ്ഞ വര്ഷം കണ്ട സിനിമകള്‍. ഇതില്‍ തലപ്പാവ്’ വളരെ നന്നായി. വെറുതേ ഒരു ഭാര്യ, തിരക്കഥ, മാടമ്പി എല്ലാം കൊള്ളാം, smooth ആയി കണ്ടിരിക്കാം. അണ്ണന്‍‌ തമ്പി മിതമായി പറഞ്ഞാല്‍ ഒരു സിനിമ ദുരന്ധം ആയി പോയി.

  ReplyDelete
 9. സുഹൃത്തേ
  മലയാളത്തില്‍ മുഖ്യധാരാ മാധ്യൺമങ്ങളില്‍ നിന്നൊഴിഞ്ഞ് സാധാരണകക്കാരനുവേണ്ടി ഒരു സമാന്തര മാധ്യൺമം എന്ന ആശയത്തില്‍ നിന്നാണ് ഇല എന്ന പബ്ലിക് മീഡിയ പോര്‍ട്ടല്‍ രൂപമെടുത്തത്.
  മികച്ച ബ്ലോഗുകളില്‍ നിന്നുള്ള പോസ്റ്റുകളും വ്യക്തികള്‍ നേരിട്ട പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളുമാവും ഇലയിലുണ്ടാവുക.
  എല്ലാ ബ്ലോഗ് പോസ്റ്റുകള്‍ക്കും മാതൃബ്ലോഗിലേക്ക് വ്യക്തമായ ലിങ്ക് ഉണ്ടായിരിക്കും.
  താങ്കളുടെ "ചിത്രവിശേഷം" കൂടി ഇലയില്‍ ചേര്‍ക്കുന്നതില്‍ അസൌകര്യങ്ങള്‍ ഒന്നും ഇല്ലല്ലോ അല്ലേ
  http://ila.cc

  ReplyDelete
 10. @ വക്രബുദ്ധി,
  :-) മുന്‍‌‌കാലവുമായൊക്കെ ഒരു താരതമ്യം വേണമോ? ‘തലപ്പാവി’ലെ ലാല്‍ നന്നായിരുന്നു. എന്നാല്‍ മോഹന്‍‌ലാല്‍ ചെയ്ത രണ്ട് ചിത്രങ്ങളിലേയും കഥാപാത്രങ്ങള്‍ തികച്ചും വ്യത്യസ്തങ്ങളായിരുന്നു. അവയെ വ്യത്യസ്തമായി അഭിനയിച്ചു ഫലിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവല്ലോ. ഗാനങ്ങള്‍, ഞാന്‍ പറഞ്ഞവ തന്നെയാണ് എനിക്ക് കൂടുതല്‍ മികച്ചതായി തോന്നുന്നത്.

  @ റോബി,
  റാസി അവാര്‍ഡ് നല്‍കുന്നത്, അക്കാദമി അവാര്‍ഡിനായി പരിഗണിച്ചവയില്‍ മോശത്തിനാണോ? അതോ മുഴുവന്‍ ചിത്രങ്ങളിലും മോശമായതിനാണോ? മുഴുവന്‍ ചിത്രങ്ങളിലും മോശമായതിനാണെങ്കില്‍, ‘തിരക്കഥ’യ്ക്ക് ഏതു രീതിയിലാണ് ആ അവാര്‍ഡ് അര്‍ഹമാവുക?

  @ mumsy-മുംസി,
  ഉജാല-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, ജനപ്രിയതയുടെ കണക്കില്‍ ‘ട്വന്റി ട്വന്റി’ ആണത്രേ മികച്ച സിനിമ! :-)

  @ ശ്രീഹരി::Sreehari,
  :-) അങ്ങിനെയൊരു ഡയലോഗ് ഉണ്ടായിരുന്നല്ലേ? ഇപ്പോള്‍ ഓര്‍മ്മയില്ല. ഹ ഹ ഹ... കമന്റിന്റെ നീളം കൂടിയാലെന്ത്? ഗൂഗിള്‍ ക്രോമോ, മോസില്ല ഫയര്‍ഫോക്സോ ഉപയോഗിക്കുന്നേ... ഓഫ്‌ലൈന്‍ ഫയലുകളെല്ലാം ഒഴിവാക്കി ലോഡ് ചെയ്തപ്പോള്‍ 10 sec എടുത്തുള്ളൂ, GMail ലോഡാകുവാന്‍ 5 sec.

  @ Eccentric,
  ‘പോസിറ്റീവി’ലെ ഗാനങ്ങള്‍ എനിക്കും ഇഷ്ടമായവ തന്നെ. എന്നാലും ഏറ്റവും മികച്ചതാണോ? ഈ വര്‍ഷത്തെ ചിത്രങ്ങള്‍ താരതമ്യം ചെയ്തല്ലേ, ഈ കൊല്ലത്തെ മികച്ചതെന്ന് പറയുവാന്‍ കഴിയൂ; തമ്മില്‍ ഭേദം തൊമ്മന്‍ റൂള്‍ തന്നെയേ ഫോളോ ചെയ്യുവാനൊക്കൂ... ശരിയല്ലേ?

  @ തോമാച്ചന്‍™||thomachan™,
  ദുരന്തമോ, ദുര്‍ഗന്ധമോ; ദുരന്ധം എന്നത് രണ്ടും കൂടിയതോ? :-D

  @ ila,
  “മലയാളത്തില്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നൊഴിഞ്ഞ് സാധാരണകക്കാരനുവേണ്ടി ഒരു സമാന്തര മാധ്യമം എന്ന ആശയത്തില്‍ നിന്നാണ് ഇല എന്ന പബ്ലിക് മീഡിയ പോര്‍ട്ടല്‍ രൂപമെടുത്തത്.” - അതുതന്നെയല്ലേ ബ്ലോഗുകളും? ബ്ലോഗ് പോസ്റ്റ് അതേ പടി, എന്റെ നിയന്ത്രണമില്ലത്ത മറ്റൊരിടത്ത് പ്രസിദ്ധീകരിക്കുവാന്‍ എനിക്ക് താത്പര്യമില്ല. അതും പ്രത്യേകിച്ചൊരു നേട്ടവുമില്ലാതെ! മാതൃബ്ലോഗിലേക്കുള്ള ലിങ്ക് നല്‍കുന്നതുകൊണ്ട് മാതൃബ്ലോഗില്‍ ആളു കൂടുമെന്ന് എനിക്ക് വിശ്വാസമില്ല! അവിടെ തന്നെ വായനക്കാര്‍ക്ക് കമന്റുകള്‍ രേഖപ്പെടുത്തുവാനുള്ള ഓപ്ഷനും കാണുന്നു. മറ്റു പല ബ്ലോഗുകളിലും ഇതേ പാരഗ്രാഫ് കമന്റായി കണ്ടു. കണ്ടന്റിനായി മുതല്‍മുടക്കാതെ ഒരു പോര്‍ട്ടല്‍ ഒപ്പിക്കുകയാണോ ലക്ഷ്യമെന്ന് കമന്റുകള്‍ കാണുമ്പോള്‍ സംശയിച്ചു പോവുന്നു. SOMS-ന്റെയും മറ്റും ബാനറിലാണ് ഈ പോര്‍ട്ടല്‍ എന്നൊക്കെ About-ല്‍ വായിച്ചു. ബ്ലോഗുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യമാണെങ്കില്‍, സമ്മറി സൈറ്റില്‍ നല്‍കി മുഴുവന്‍ വായനയ്ക്ക് മാതൃബ്ലോഗുകളിലെത്തുന്ന രീതിയാണ് കൂടുതല്‍ അഭികാമ്യം. കമന്റുകള്‍ അവിടെ രേഖപ്പെടുത്തുവാനുള്ള സൌകര്യത്തിന്റെയും കാര്യമില്ല.
  --

  ReplyDelete
 11. ഇക്കൊല്ലം മികച്ചതോന്നു പ്രിത്യേകിച്ച് ഒരു വിഭാഗത്തില്‍ കണ്ടില്ല എങ്കില്‍ അങ്ങനെ തന്നെ വിടുന്നതല്ലേ ഭംഗി. ചിലപ്പോള്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ തന്നെ കേള്‍ക്കാറില്ലേ ചില വിഭാഗങ്ങള്‍ക്ക് അവാര്‍ഡില്ല എന്ന്. ഇക്കൊല്ലം മികച്ച താരം എന്നൊരു ക്യാടഗറി ആവശ്യമോ എന്നതാണ് എന്റെ ചിന്ത. മികച്ചതായോന്നും എനിക്ക് തോന്നിയില്ല.

  ReplyDelete
 12. @ Eccentric,
  ശരി തന്നെ. അങ്ങിനെ വിടുന്നതിലും തെറ്റില്ല. എന്നാലും ഈ കൊല്ലവും തമ്മില്‍ മികച്ചതായി ഒന്ന് എല്ലാ വിഭാഗത്തിലും എടുത്തു കാണിക്കുവാന്‍ ഉണ്ടാവുമല്ലോ, അത് വേണമെങ്കില്‍ എടുത്തു പറയുകയുമാവാം. പല വര്‍ഷങ്ങളിലെ അങ്ങിനെ മികച്ചവ എടുത്ത് താരതമ്യം ചെയ്യുമ്പോളല്ലേ കീഴോട്ടാണോ, മേലോട്ടാണോ വളര്‍ച്ച എന്ന് പറയുവാനും കഴിയൂ? :-)
  --

  ReplyDelete