ലവ് ഇന്‍ സിംഗപ്പോര്‍ (Love in Singapore)

Published on: 1/27/2009 04:18:00 AM
Love in Singapore - Malayalam Film Review: A Film directed by Rafi-Mecartin; Starring Mammootty, Navaneeth Kaur, Nedumudi Venu, Jayasurya.
റാഫി നിര്‍മ്മിച്ച്, റാഫി-മെക്കാര്‍ട്ടിന്മാര്‍ സംവിധാനം ചെയ്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ലവ് ഇന്‍ സിംഗപ്പോര്‍’. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ രചിച്ചിരിക്കുന്നതും സംവിധായക ദ്വയങ്ങള്‍ തന്നെ. തെലുങ്കില്‍ നിന്നുമുള്ള നടി, നവനീത് കൗര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുക കൂടിയാണ് ഈ ചിത്രത്തില്‍. 2009-ലെ മമ്മൂട്ടിയുടെ ആദ്യ ചിത്രമെന്ന നിലയിലും ‘ലവ് ഇന്‍ സിംഗപ്പോര്‍’ ശ്രദ്ധയാകര്‍ഷിക്കുന്നു. 2008-ലെ മമ്മൂട്ടിയുടെ അവസാന ചിത്രമായ ‘മായാബസാറു’മായി തട്ടിച്ചു നോക്കിയാല്‍ തരക്കേടില്ലെങ്കിലും, പേരിനൊത്ത പ്രതീക്ഷകള്‍ നിലനിര്‍ത്തുവാന്‍ ചിത്രത്തിനു കഴിഞ്ഞിട്ടില്ല.

 കഥയും, കഥാപാത്രങ്ങളും [ 2/10 ]

തെരുവില്‍ പാട്ട പെറുക്കി നടക്കുന്ന മച്ചു (മമ്മൂട്ടി)വിന്റെ കോടീശ്വരനായുള്ള വളര്‍ച്ചയില്‍ തുടങ്ങി ചിത്രത്തില്‍ പറയുന്ന പല കാര്യങ്ങള്‍ക്കും വ്യക്തതയില്ല. പേരിലെ ‘ലവ്’ പേരില്‍ മാത്രമായി ഒതുങ്ങിയെന്നതാണ് കഥയുടെ ഏറ്റവും വലിയ ന്യൂനത. എന്നാല്‍ പിന്നെ സിംഗപ്പോരെങ്കിലും കാണാമെന്നാണെങ്കില്‍, ചിത്രത്തില്‍ അതും കാര്യമായില്ല. സിംഗപ്പോരിനു പകരം ഏതൊരു സ്ഥലനാമം വേണമെങ്കിലും ‘ലവ് ഇന്‍’ എന്നതിനൊപ്പം ചേര്‍ക്കാം. അല്പസ്വല്പം പുതുമയൊക്കെ അവകാശപ്പെടുന്നതില്‍ തെറ്റില്ലാത്ത, തരക്കേടില്ലാതെ തുടങ്ങിയ ഒരു കഥയെ ഈവിധം കാറ്റുപോയ ബലൂണ്‍ കണക്കാക്കി മാറ്റിയതില്‍ തിരക്കഥാകൃത്തുക്കള്‍ക്ക് സ്വയം പഴിക്കാം. പെണ്ണിനെ മാറ്റി മച്ചുവിനെ പറ്റിക്കുന്നതുപോലെയുള്ള ചില രസകരമായ രംഗങ്ങള്‍ മാത്രമാണ് ആശ്വസിക്കുവാന്‍ വകനല്‍കുന്നത്.

 സംവിധാനം [ 2/10 ]

അഭിനേതാക്കളെക്കൊണ്ട് മര്യാദയ്ക്ക് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ കൂടി സംവിധായകര്‍ ശ്രദ്ധ നല്‍കിയിട്ടില്ല. സമയമില്ലാത്തവര്‍ക്ക് ഇടയ്ക്കിറങ്ങുവാന്‍ പാകത്തില്‍; ചിത്രം കണ്ടുതുടങ്ങുമ്പോള്‍ തന്നെ ഇതെങ്ങിനെയൊക്കെ പോവും, എവിടെ അവസാനിക്കും എന്നതൊക്കെ പ്രേക്ഷകര്‍ക്ക് മനസിലാവുമെന്നൊരു ഗുണം സംവിധാനത്തിനുണ്ട്. മുന്‍പ് സൂചിപ്പിച്ച തിരക്കഥയിലെ രസകരമായ രംഗങ്ങള്‍ പോലും അവതരണത്തില്‍ പാളിയിട്ടുണ്ട്. രണ്ട് സംവിധായകരുണ്ടെങ്കിലും, ഒരാളുടെ പോലും ഗുണം ചെയ്തില്ലയെന്ന് സംവിധാനത്തെപ്പറ്റി ചുരുക്കിപ്പറയാം.

 അഭിനയം [ 2/10 ]

അഭിനയത്തിന്റെ കാര്യത്തിലും ചിത്രം പിന്നില്‍ തന്നെ. തന്റെ മുന്‍ ചിത്രങ്ങളിലെ കോമഡി കഥാപാത്രങ്ങളെ അനുകരിക്കുകയാണോ മമ്മൂട്ടിയെന്നു തോന്നും ഈ ചിത്രം കണ്ടാല്‍. അത്രമേല്‍ കൃത്രിമത്വം മച്ചുവെന്ന കഥാപാത്രത്തിന് അനുഭവപ്പെടുന്നു. സലിം കുമാര്‍, ബിജുക്കുട്ടന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ സ്ഥിരം ശൈലിയിലുള്ള കഥാ‍പാത്രങ്ങളായി എത്തിയിട്ടുണ്ട്. നെടുമുടി വേണു, രാജന്‍ പി. ദേവ്, ജനാര്‍ദ്ദനന്‍ തുടങ്ങിയ മികച്ച നടന്മാരും അഭിനയിക്കുവാന്‍ മറന്നതുപോലെ തോന്നുന്നു ഈ ചിത്രത്തില്; പുതുനായിക നവനീത് കൗറിന്റെ കാര്യം പറയുകയും വേണ്ട! ലാലു അലക്സ്, ജയസൂര്യ തുടങ്ങിയവര്‍ക്ക് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല.

 സാങ്കേതികം [ 6/10 ]

സാങ്കേതിക വിഭാഗത്തിന്റെ പച്ചയിലാണ് ചിത്രം അല്പമെങ്കിലും പിടിച്ചു നില്‍ക്കുന്നത്. സഞ്ജീവ് ശങ്കറിന്റെ ക്യാമറ, ഹരിഹരപുത്രന്റെ എഡിറ്റിംഗ്, ബോബന്റെ കല, മോഹന്‍ സിതാരയുടെ പിന്നണിസംഗീതം തുടങ്ങിയവയൊക്കെ സാമാന്യം നല്ല നിലവാരം പുലര്‍ത്തി.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

രാജീവ് ആലുങ്കല്‍, സന്തോഷ് വര്‍മ്മ എന്നിവരെഴുതി സുരേഷ് പീറ്റേഴ്സ് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ശബ്ദകോലാഹലമായേ അനുഭവപ്പെടുകയുള്ളൂ. മര്യാദയ്ക്കൊരു ഗാനം ചിത്രത്തിലെവിടെയെങ്കിലും ഉപയോഗിച്ചിട്ടുള്ളത് കാണുവാന്‍ കഴിഞ്ഞില്ല. പഴനിരാജിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കും പറയത്തക്ക ‘പഞ്ച്’ അനുഭവപ്പെടുന്നില്ല.

 മറ്റുള്ളവ [ 4/5 ]

വളരെ ആകര്‍ഷകമായ ഒരു പേരും, നല്ല പോസ്റ്റര്‍ ഡിസൈനുകളും പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകര്‍ഷിക്കും. മമ്മൂട്ടിയുടെ ചില ഗാനരംഗങ്ങളിലുള്ള രൂപഭാവങ്ങളും പ്രേക്ഷകരില്‍ കൌതുകമുണര്‍ത്തും. ചിത്രത്തിന്റെ നിര്‍മ്മാണം മുഴുവന്‍ സമയവും നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്. ഇത്രയും നല്ല പ്രൊഡക്ഷന്‍ സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും, ശുഷ്കമായൊരു ചലച്ചിത്രമായതെന്തു കൊണ്ടെന്ന് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ ഒന്നു ചിന്തിക്കുന്നത് നന്നായിരിക്കും.

 ആകെത്തുക [ 3.4/10 ]

‘മായാബസാര്‍’ കണ്ടിരുന്ന ക്ഷമാശീലരായ ആരാധകര്‍ക്ക് ഇത് തരക്കേടില്ലാത്ത ചിത്രമായി അനുഭവപ്പെട്ടേക്കാം. എന്നാല്‍ സാധാരണ പ്രേക്ഷകന് ചിത്രം മൊത്തത്തില്‍ നിരാശയാവും സമ്മാനിക്കുക. ചിത്രത്തിന്റെ പോസ്റ്ററുകളും ചിത്രവും തമ്മിലുള്ള അന്തരം കാണുമ്പോള്‍, മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് അറിയാതെ ഓര്‍ത്തുപോവും. ചിത്രമൊരു സൂപ്പര്‍ഹിറ്റ് ഒന്നുമായില്ലെങ്കിലും, ആശ്വാസവിജയമെങ്കിലും നേടുവാനാണ് സാധ്യത. കൂടുതല്‍ മികച്ച ചിത്രങ്ങളാല്‍ 2009 സമ്പന്നമാവുമെന്ന പ്രതീക്ഷയില്‍ ഈ ചിത്രം നമുക്ക് കണ്ടു മറക്കാം.

Description: Love in Singapore - A Malluwood (Malayalam) film directed by Rafi-Mecartin; starring Mammootty, Navneeth Kaur, Nedumudi Venu, Salimkumar, Suraj Venjaaramoodu, Jayasurya, Bijukuttan, Janardanan, Rajan P. Dev, Lalu Alex, Sukumari, Manka Mahesh, Geetha Vijayan; Produced by Rafi; Camera by Sanjeev Shankar; Editing by Hariharaputhran; Art Direction by Boban; Lyrics by Rajeev Aalunkal, Santhosh Varma; Music by Suresh Peters; Background Score by Mohan Sithara; Stunt Direction by Pazhaniraj. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. January 23 2009 Release.
--

23 comments :

 1. റാഫി-മെക്കാര്‍ട്ടിന്മാര്‍ സംവിധാനം ചെയ്തിരിക്കുന്ന, 2009-ലെ ആദ്യ മമ്മൂട്ടിച്ചിത്രം, ‘ലവ് ഇന്‍ സിംഗപ്പോരി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഇതും മറ്റൊരു 'മായ ബസാര്‍ ' ആണോ?

  ReplyDelete
 3. മമ്മൂട്ടി തന്റെ ഹാസ്യാഭിനയ പരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്ന ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകനും ഒരു പരീക്ഷണമാവും...ചില ചുരുങ്ങിയ സന്ദര്‍ഭങ്ങളിലൊഴികെ ദയനീയമായ പ്രകടനമാണു കാഴ്ച..സ്വന്തം നിലയും വിലയും അദ്ദേഹം തിരിച്ചറിയെണ്ടിയിരിക്കുന്നു...ശിഷ്ടകാലം ഒരു കോമാളിയാവാന്‍ സ്വയം നിന്നുകൊടുക്കരുത്‌...

  ReplyDelete
 4. 3.4 koduthathinethire shakthamayi pradhikshedhikkunnu

  oru 1...1.5 mathiyavum :)

  ReplyDelete
 5. Than oru mamoo fan anu ennu ariyam ennalum ithu pole oru koora film aswassa vijyam nedum ennu paranjello. ho kastham. u know almost all place this koora film never get HF show until now. Its disaster

  ReplyDelete
 6. 3.4 എന്നൊക്കെ പറയുമ്പോ ആ സിനിമയുടെ അവസ്ഥ :)
  ക്യൂരിയസ് കേസ് ഒഫ് ബഞ്ചമിന്‍ കണ്ടു നല്ല സിനിമ. ഒരു റിവ്യൂ ഇവിടെ ഇട്ടു. മടി കാരണം ശരിക്കെഴുതിയില്ല. ഹരി കണ്ടിട്ട് നല്ലൊരെണ്ണം എഴുതുക :)

  ReplyDelete
 7. ഹരീ... Raaz...The mystery continues കണ്ടില്ലായിരുന്നൊ? അത് തരക്കേടില്ലാത്ത ചിത്രമാണ്. A good horror film. ചില സ്ഥലങ്ങളില്‍ കല്ലുകടി ഇല്ലാതും ഇല്ല. പിന്നെ HORROR സിനിമക്ക് പോകുമ്പോള്‍ സാമാന്യബുദ്ധിയൊക്കെ വീട്ടില്‍ വച്ചിട്ടാണല്ലോ പോകാനുള്ളത്. സാങ്കേതികമായും ചിത്രം നല്ല നിലവാരം പുലര്‍ത്തി. ആകെ ഒരു പാട്ടേ ഉള്ളൂ നല്ലതായിട്ട്. അത് Radio Mirchi(Pune)- യില്‍ ഹിറ്റ് ലിസ്റ്റില്‍ ആണ്.

  ReplyDelete
 8. ലവ് ഇന്‍ സിംഗപ്പോര്‍-നെക്കുറിച്ച് വായിച്ചിരുന്നു. മമ്മൂക്കയാണ് പേരിട്ടതെന്നും മറ്റും. വലിയ മെച്ചമൊന്നും ഇല്ല അല്ലേ. :) Multiplex-ഇല്‍ പോയി കാശുകളയേണ്ട കാര്യമില്ലല്ലോ:-). നാട്ടില്‍ വരുമ്പോള്‍ കാണാം. മമ്മൂക്ക ഇന്നല്ലെങ്കില്‍ നാളെ ഒരു ഹിറ്റ് ഉണ്ടാക്കുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ഹും. എല്ലാം വെറുതെ. :(

  ReplyDelete
 9. പാട്ടുകള്‍ നിരാശപ്പെടുത്തി.

  ReplyDelete
 10. sherlock paranjathu sariyanu...
  kaaranam kashu poya nammale polullavarke athinte vedana manasilavooooooo....

  ReplyDelete
 11. ഈ പടം കണ്ടു സമയം കളഞ്ഞതിന് ശേഷം ബ്ലോഗും എഴുതി അല്ലെ. പാവം...
  റാഫി ആണ് ഈ ചിത്രത്തിന്റെ നിര്മ്മാണം. എനിക്ക് മനസ്സിലാകഞ്ഞിത്റ്റ് ചോദിക്ക്‌ാ, കൂടുതല്‍ കാശ് കയ്യില്‍ ഇരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാല്ലയിരിക്കും !

  എനിക്ക് ആകെ ചിരി തോന്നിയത് "മഹാന്മാര്‍ പകല്‍ എന്തെ പഠിച്ചില്ല" എന്ന ന്യായമായ ചോദ്യം കേട്ടാണ്‌.

  ReplyDelete
 12. പാട്ടുകള്‍ കണ്ഡപ്പൊളേ മതിയായി. റാഫി-മെക്കാര്‍ട്ടിന്‍മാരുടെയും ഷാഫിയുടെയും പടങ്ങെളെല്ല്ലാം ഒരെ അച്ചില്‍ വാര്‍ത്തവ തന്നെ.പിന്നെ ഒരെ പൊലത്തെ കൂട്ടപാട്ടുകളും...
  ഇനി അച്ചന്റ്റെ മകന്‍ ഒരു കൈ നൊക്കാം എന്നു വിചാരിക്കുന്നു

  ReplyDelete
 13. 3.4?????? കേട്ടത് അങ്ങനെയൊന്നുമല്ലല്ലോ!

  പിന്നെ പോസ്റ്റര്‍ മുഴുവന്‍ വിവിധ കൂളിങ്ങ് ഗ്ലാസ് വെച്ച മമ്മൂട്ടി മാത്രമേ ഉള്ളല്ലോ.. ഉദയനാണ് താരത്തിലെ ശ്രീനിവാസന്റെ ക്യാരക്ടര്‍ ഓര്‍മ്മ വന്നു.. “എന്റെ തല.. എന്റെ കണ്ണാടി..!”

  ReplyDelete
 14. പഴശ്ശിരാജയിലും അങ്ങേര്‍ കൂളിന്ഗ്ലാസ് വെക്കാതിരുന്നാല്‍ മതിയായിരുന്നു

  ReplyDelete
 15. മന്‍സൂര്‍ കലക്കി.!!
  മമ്മൂട്ടിക്കിപ്പോള്‍ ഫാന്‍സി ഡ്രെസ്സുകളോടാണു താല്‍പര്യം.

  ReplyDelete
 16. @ ഷിനോ ..,
  ശ്രമിച്ചിട്ടുണ്ട്, പക്ഷെ അത്രയ്ക്കൊപ്പിക്കാന്‍ ഒത്തില്ല! :-D

  @ rahul,
  :-) നന്ദി.

  @ sherlock, haritvm, Balu..,..ബാലു,
  അത് മൊത്തത്തില്‍; ഉപവിഭാഗങ്ങള്‍ കൂടി ശ്രദ്ധിക്കുക. ആദ്യത്തെ നാല് വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്ന് ആവറേജില്‍ താഴെപ്പോയാല്‍, മറ്റുള്ളവ എത്ര മികച്ചു നിന്നാലും ചിത്രം മോശമാകുവാനാണ് സാധ്യത. എന്നാല്‍ മൊത്തം റേറ്റിംഗ് കൂടി നില്‍ക്കുകയും ചെയ്തെന്നിരിക്കും.

  @ Biju,
  :-) അങ്ങിനെയൊരു അറിവ് ബിജുവിന്റെ വായനയ്ക്ക് സഹായകരമാണെങ്കില്‍ വിരോധമില്ല. ഹൌസ് ഫുള്ളായി ഓടുന്ന പടങ്ങള്‍, ആശ്വാസജയം നേടുവാന്‍ സാധ്യതയുണ്ട് എന്നാണോ പറയുക!

  @ ശ്രീഹരി::Sreehari,
  :-) നന്ദി. സിനിമ കാണുവാന്‍ സമയമില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം! മടിയൊക്കെ മാറ്റിവെച്ച് ശരിക്കെഴുതൂന്നേ... ഇപ്പോള്‍ എഴുതിയിരിക്കുന്നതും മോശമല്ലാട്ടോ...

  @ Manu,
  അതു കണ്ടില്ല. ഹൊറര്‍ സിനിമകള്‍ എന്റെ വീക്ക്നെസാണ്, പക്ഷെ ഇപ്പോള്‍ സമയമില്ല. ‘അച്ഛന്റെ മകന്‍’ കാണുവാന്‍ കിടക്കുന്നു.

  @ ബൈജു സുല്‍ത്താന്‍,
  പാട്ടുകളേ നിരാശപ്പെടുത്തിയുള്ളോ!!! ;-)

  @ Eccentric,
  :-) ബട്ട്, അവിടെയും എനിക്ക് ചിരിക്കുവാനൊത്തില്ല; സംഭവം പറഞ്ഞു തുടങ്ങിയപ്പോഴേ കാര്യം മനസിലായി, ഇത് പലവട്ടം ഫോര്‍വേഡില്‍ കണ്ടിട്ടുള്ളതല്ലേന്നേ... അതു കഴിഞ്ഞ്, നവരസങ്ങളിലും പെടാത്ത ഒരു രസം മമ്മൂട്ടിയുടെ മുഖത്തു വിരിയുന്നതു കൂടി കണ്ടപ്പോള്‍ കരച്ചിലാണ് വന്നത്! :-D

  @ manadan,
  :-) ഹൊ, പാട്ടുകള്‍ കേട്ട് വട്ടായി...

  @ Mansoor,
  ഹ ഹ ഹ! :-)

  @ കുമാരന്‍,
  എന്തു ചെയ്യാന്‍!
  --

  ReplyDelete
 17. rafi-mecartin മാരുടെ stock ഒക്കെ കാലി ആയി തുടങ്ങി അല്ലെ. തീരുമ്പോ തീരുമ്പോ stock നിറക്കാന്‍ അവര്‍ എന്താ കുപ്പീന്ന് വന്ന ഭൂതമോ..അല്ല പിന്നെ??

  lolipop ഉം ഈ ജനുസ്സ് ആണ് എന്ന് കേട്ടത് കൊണ്ടാണോ review ഇടാതെ ഇരുന്നെ??

  ReplyDelete
 18. എനിക്കു വയ്യാ.... പടം കണ്ടിട്ട്‌, റാഫി മെക്കാര്‍ട്ടിനെ വെടിവച്ചു കൊല്ലാനാ തോന്നിയേ.... അവരുടെ ഒരു നിലവാരത്തിന്റെ ഏഴയലത്തു പോലും എത്തിയില്ല... എന്താ നമ്മുടെ നാട്ടിലെ സംവിദ്ധായകര്‍ക്കു സംഭവിക്കുന്നേ.... ഷാഫിക്കു പിറകെ റാഫി-മെക്കാര്‍ട്ടിനും തളര്‍ന്നാല്‍ ആരു നല്ല കോമഡി ചിത്രമെടുക്കും....?

  ReplyDelete
 19. റേറ്റിങ്ങ് നല്‍കുമ്പോള്‍ “മറ്റുള്ളവ” കണക്കിലെടുക്കേണ്ട കാര്യമുണ്ടോ? പൊട്ട പടത്തിന്റെ പോസ്റ്ററും മറ്റും നന്നായത്കൊണ്ട് ചിത്രത്തിന് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നത് ന്യായമാണോ? അത് പോലെ തന്നെ മോശമില്ലാത്ത ഒരു ചിത്രത്തിന്റെ “മറ്റുള്ളവ” ആവറേജില്‍ താഴെയാകുന്നത് അതിന്റെ റേറ്റിങ്ങിനെ ബാധിക്കുന്നുവെന്നതും അന്യായമല്ലേ?

  ReplyDelete
 20. @ തോമാച്ചന്‍™||thomachan™,
  :-) അതെയല്ലോ... ‘ലോലിപ്പോപ്പ്’ ഒഴിവാക്കിയതാണ്.

  @ പിള്ളാച്ചന്‍,
  :-) പുതിയ ആരെങ്കിലും വരുമെന്നേ...

  @ Balu..,..ബാലു,
  ‘മറ്റുള്ളവ’യില്‍ പോസ്റ്റര്‍ ഡിസൈന്‍ മാത്രമല്ല വരുന്നത്. പ്രൊഡക്ഷന്‍ ക്വാളിറ്റി, വസ്ത്രാലങ്കാരം, മേക്കപ്പ് ഇവയൊക്കെ വരും. അവയൊക്കെയും സിനിമയുടെ തന്നെ ഭാഗങ്ങളാണ്, അത് റേറ്റിംഗില്‍ അത്രമേല്‍ സ്വാധീനിക്കാതിരിക്കുവാനായാണ്, അവയ്ക്ക് 5-ല്‍ പോയിന്റ് കണക്കാക്കുന്നത്. അത്രയുമൊക്കെ സ്വാധീനം ഈ ഘടകങ്ങള്‍ റേറ്റിംഗില്‍ ചെലുത്തുന്നത് അന്യായമായി തോന്നുന്നില്ല. റേറ്റിംഗിന്റെ ഉപഘടകങ്ങളും പോസ്റ്റില്‍ തന്നെ പറയുന്നുണ്ടല്ലോ, അതില്‍ നിന്നും മനസിലാക്കാവുന്നതല്ലേയുള്ളൂ ഏതു വിഭാഗത്തിന്റെ മികവുകൊണ്ടാണ് റേറ്റിംഗ് കൂടി നില്‍ക്കുന്നതെന്ന്.
  --

  ReplyDelete
 21. എന്റെ ഹരീ,
  ഞായറാഴ്‌ചയാണ്‌ സിങ്കപ്പോരിലെ ആഡുതന്‍ കണ്ടത്‌. ഒരു ....... പടം! ഇതു ചെയ്യാന്‍ മമ്മൂട്ടി വേഷം കെട്ടണമായിരുന്നോ... അയാള്‍ ഇതാര്‍ക്കു പഠിക്കുകയാ. എന്തൊരു ബോറാണിത്‌. മനുഷ്യനെ മെനക്കെടുത്താന്‍. രാജമാണിക്യത്തില്‍ മമ്മൂട്ടി കോമഡി നിര്‍ത്തിയിരുന്നെങ്കില്‍ ഞാന്‍ മാനിക്കുമായിരുന്നു. ഇതിപ്പോള്‍ കോമാളികളിമാത്രമായി അധഃപ്പതിച്ചിരിക്കുകയാണ്‌. പിന്നെ കാര്യം കാണാന്‍ കുറേ പെണ്ണുങ്ങളേയും ഇറക്കിയിരിക്കുന്നു. റാഫിക്കും മെക്കാര്‍ട്ടിനും ഈ ആളുമാറല്‍ പരിപാടിയില്‍ നിന്ന്‌ എന്നാണൊരു മോചനമുണ്ടാകുക! എന്തായാലും കാശു മുടക്കാതെ കണ്ടതിനാല്‍ പണം നഷ്ടമായില്ല.

  ReplyDelete
 22. ചവറ്റുകൊട്ടയില്‍ തള്ളേണ്ട ഒരു സിനിമയാണിത്. ഇതിന്റെ പ്രിന്‍റുകള്‍ കൊണ്ടുപോവേണ്ടത് തിയ്യേററരിലെക്കല്ല, ആക്രിക്കടയിലേക്കാണ്.

  ReplyDelete
 23. \\ പെണ്ണിനെ മാറ്റി മച്ചുവിനെ പറ്റിക്കുന്നതുപോലെയുള്ള ചില രസകരമായ രംഗങ്ങള്‍ മാത്രമാണ് ആശ്വസിക്കുവാന്‍ വകനല്‍കുന്നത്\\


  ഈ രംഗം ആണോ ഹരിക്ക് ഇത്രകു ഇഷ്ടപെട്ടത്
  എനിക്ക് ഭ്രാന്ത് പിടിച്ച രംഗം ഇതന്നു .

  ReplyDelete