ചാന്ദ്നി ചൗക്ക് ടു ചൈന (Chandni Chowk to China)

Published on: 1/18/2009 03:08:00 AM
Chandni Chowk To China - A Bollywood (Hindi) film directed by Nikhil Advani; starring Akshay Kumar, Deepika Padukone, Mithun Chakraborty, Gordon Liu, Ranvir Shorey and Roger Yuan.
സിംഗ് ഈസ് കിംഗ്’ എന്ന ചിത്രത്തിലെന്നതു പോലെ സുന്ദരവിഡ്ഢിയായ നായകനായാണ് അക്ഷയ് കുമാര്‍ ഈ ചിത്രത്തിലെത്തുന്നത്. മുകേഷ് തല്‍‌റേജ, രോഹന്‍ സിപ്പി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നിഖില്‍ അദ്വാനി. ശ്രീധര്‍ രാഘവന്‍, രജത് അറോറ എന്നിവരുടേതാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും. ദീപിക പദുകോണ്‍, മിഥുന്‍ ചക്രബര്‍ത്തി, ഗോര്‍ഡന്‍ ലൂ, റണ്‍‌വീര്‍ ഷോരെ, റോജര്‍ യുവാന്‍ തുടങ്ങിയ്‌വരാണ് മറ്റ് പ്രധാനവേഷങ്ങളില്‍. 1992-ല്‍ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രം ‘യോദ്ധ’യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന് കഥ മെനഞ്ഞിരിക്കുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

ചൈനയിലെ ഒരു ഗ്രാമം ഹോജോ(ഗോര്‍ഡന്‍ ലൂ) എന്ന ക്രൂരനായ കള്ളക്കടത്തുകാരന്റെ പിടിയിലാണ്. ഗ്രാമത്തിന്റെ രക്ഷകനായിരുന്ന പോരാളി പുനര്‍ജനിക്കുമെന്ന വിശ്വാസത്തിലാണ് ഗ്രാമവാസികള്‍. അവര്‍ ഇന്ത്യയില്‍ സിദ്ധു(അക്ഷയ് കുമാര്‍)വെന്ന കഥയില്ലാത്ത ഒരുവനെ കണ്ടെത്തുന്നു. തുടക്കത്തില്‍ ഹോജോയില്‍ നിന്നും തിരിച്ചടിയേല്‍ക്കുന്നെങ്കിലും, പിന്നീട് സിദ്ധു ഹോജോയെ കൊന്ന് ഗ്രാമത്തെ രക്ഷിക്കുന്നു. വിശ്വസിനീയതയോ, യുക്തിഭദ്രതയോ ഒട്ടും തന്നെ തിരക്കഥയ്ക്ക് അവകാശപ്പെടുവാന്‍ കഴിയുകയില്ല. ‘കഥയില്‍ ചോദ്യമില്ലെന്ന’ പല്ലവി പലവട്ടം ചിത്രം ഓര്‍മ്മിപ്പിക്കും. നാട്ടിലുള്ള ഒരാള്‍ ചൈനയിലെത്തി ഒരു ഗ്രാമത്തെ രക്ഷിക്കുന്നു എന്നതിനപ്പുറം ‘യോദ്ധ’യുമായി ഒരു ബന്ധവും ചിത്രത്തിനില്ല. കഥയ്ക്ക് ആവശ്യമുള്ളതിലും കൂടുതല്‍ നര്‍മ്മരംഗങ്ങള്‍ പലയിടത്തും കയറ്റി ചിത്രത്തിന്റെ ഗൗരവം പൂര്‍ണ്ണമായും കളഞ്ഞിട്ടുമുണ്ട്.

 സംവിധാനം [ 5/10 ]

ചിത്രത്തിന്റെ തുടക്കം മനോഹരമാക്കുവാന്‍ സംവിധായകനായി. ചൈനയില്‍ നിന്നുള്ള സ്റ്റണ്ട് മാസ്റ്റര്‍ ഡീ ഡീ കു-വിനെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ സംവിധായകന് ചിത്രത്തിലുടനീളം സാധിച്ചിട്ടുമുണ്ട്. അഭിനേതാക്കളെ ചിത്രത്തിനിണങ്ങുന്ന രീതിയില്‍ കഥാപാത്രങ്ങളായി രൂപപ്പെടുത്തുന്നതിലും നിഖില്‍ അദ്വാനി വിജയിച്ചു. വേഗതയുണ്ടെങ്കിലും, ഒഴുക്കില്ലാത്ത കഥാരീതിയും, ബഹളമയമായ രംഗങ്ങളും ചിത്രത്തിന്റെ ആസ്വാദ്യത കുറയ്ക്കുന്നു. കെട്ടുവിട്ടുപോയ പുസ്തകത്തിന്റെ അവസ്ഥയിലുള്ള തിരക്കഥയ്ക്ക്, ഒരു സിനിമയുടെ രൂപം നല്‍കിയത് സംവിധായകന്റെ കഴിവൊന്നുമാത്രമാണ്. എന്നാല്‍ ചിത്രം വിജയിപ്പിക്കുവാന്‍ അത് മതിയാവുന്നില്ല.

 അഭിനയം [ 6/10 ]

‘സിംഗ് ഈസ് കിംഗ്’-ലെ ഹാപ്പി സിംഗില്‍ നിന്നും കാര്യമായ വ്യത്യാസം അക്ഷയ് കുമാര്‍ അവതരിപ്പിച്ച സിദ്ധുവില്‍ കാണുവാനില്ല. സംഭാഷണ രീതിയില്‍ മാറ്റമുണ്ട് എന്നുമാത്രം. സഖി, സൂസി എന്നീ ഇരട്ടവേട്ടങ്ങളില്‍ ദീപിക പദുക്കോണ്‍ നന്നായി തിളങ്ങിയിരിക്കുന്നു. ഇരട്ടവേഷങ്ങളുടെ വേഷവിധാനങ്ങള്‍ക്കപ്പുറം; ശരീരഭാഷയിലും, ഭാവങ്ങളിലും വ്യത്യസ്തത കൊണ്ടുവരുവാന്‍ ദീപികയ്ക്കായി. കുങ്ങ്-ഫു രംഗങ്ങള്‍ ദീപികയ്ക്ക് അധികമില്ലെങ്കിലും, ഉള്ളതത്രയും അനായാസമായി അവതരിപ്പിക്കുവാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഹോജോയായെത്തിയ ഗോര്‍ഡല്‍ ലൂ, സിദ്ധുവിന്റെ രക്ഷകര്‍ത്താവായെത്തുന്ന മിഥുന്‍ ചക്രബര്‍ത്തിയുടെ ദാദ, റണ്‍‌വീര്‍ ഷോരെ അവതരിപ്പിച്ച ചോപ്‌സ്റ്റിക്ക് തുടങ്ങിയവരും മോശമായില്ല. സംവിധാനത്തോടൊപ്പം, അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ്, ചിത്രം ഇത്രയെങ്കിലും മികവു പുലര്‍ത്തുവാനുള്ള കാരണം.

 സാങ്കേതികം [ 6/10 ]

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തുടക്കമാണ് ചിത്രത്തിനുള്ളത്. ഹിമ്മന്‍ ധമീജയുടെ ഛായാഗ്രഹണം ചിത്രത്തിനൊരു മുതല്‍ക്കൂട്ടാണ്. കലാസംവിധാനവും എടുത്തു പറയാവുന്നതു തന്നെ. എന്നാല്‍ പിന്നണിസംഗീതം വേണ്ടതുപോലെ രംഗങ്ങളോട് ചേര്‍ന്നു പോവുന്നില്ല. കേവലം ബഹളം മാത്രമായി പിന്നണി മാറി.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 4/5 ]

ദീ ദീ കു ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുതുമയാണ്. ചൈനീസ് കുങ്ങ്-ഫുവിന്റെ മാസ്മരികത അതുപോലെ ചിത്രത്തില്‍ കാണാം. ചില രംഗങ്ങള്‍ വല്ലാതെ അവിശ്വസിനീയമായിപ്പോയി എന്നതും പറയാതെ വയ്യ. ചിത്രത്തില്‍ പാടിയിട്ടുള്ളവരില്‍ ഭൂരിഭാഗം പേര്‍ക്കും സംഗീത സംവിധാനത്തിലും പങ്കുണ്ട്. എന്നാല്‍ അത്തരമൊരു കൂട്ടായ്മയില്‍ നിന്നും പ്രതീക്ഷിക്കാവുന്ന മികവൊന്നും ഗാനങ്ങള്‍ക്ക് തോന്നിയില്ല. ചൈനീസ് നൃത്തത്തിന്റെ അകമ്പടിയോടെയുള്ള ‘ചാന്ദ്നി ചൗക്ക് ടു ചൈന’; ശങ്കര്‍ മഹാദേവന്‍, ശ്രെയ ഗോഷാല്‍ തുടങ്ങിയവര്‍ ആലപിച്ചിരിക്കുന്ന ‘തേരേ നൈന’ തുടങ്ങിയ ഗാനങ്ങള്‍ ആകര്‍ഷകമാണ്. പോനി വര്‍മ്മയുടെ നൃത്തസംവിധാനത്തിന്റെ മികവില്‍ ഗാനരംഗങ്ങള്‍ രക്ഷപെട്ടു പോവുന്നെന്നു മാത്രം.

 മറ്റുള്ളവ [ 3/5 ]

Chandni Chowk to China - Hindi film directed by Nikhil Advani and stars Akshay Kumar and Deepika Padukone in the lead roles, with Hindi Cinema veteran Mithun Chakraborty and Hong Kong veteran Gordon Liu also playing important roles. (Photo: Wikipedia)
ചിത്രത്തിന്റെ പോസ്റ്ററുകളും, ഔദ്യോഗിക വെബ്‌സൈറ്റും മറ്റും ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാര്‍, ദീപിക പദുകോണ്‍ തുടങ്ങിയവരുടെ വേഷ, രൂപ, ഭാവാദികളും ചിത്രത്തിന് പ്രത്യേകത തോന്നിക്കുവാന്‍ കാരണമാണ്. പോസ്റ്ററും മറ്റും കാണുമ്പോള്‍ തോന്നുന്ന ആകര്‍ഷകത്വമൊന്നും സിനിമ കാണുമ്പോള്‍ തോന്നില്ലെന്നത് ചിത്രം കൂടുതല്‍ മോശമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുമെന്നതാണ് ഇതിന്റെ മറുവശം.

 ആകെത്തുക [ 5.0/10 ]

ഇരട്ടസഹോദരികള്‍ വേര്‍പിരിയുക, വലുതാവുമ്പോള്‍ പരസ്പരം കണ്ടുമുട്ടുക, ഒരേ രൂപത്തിലായതിനാല്‍ തമ്മില്‍ തിരിച്ചറിയുക, ഓര്‍മ്മ നഷ്ടപ്പെടുന്ന ഇവരുടെ അച്ഛന് മുന്‍പ് നടന്നതിനു സമാനമായ കാര്യങ്ങള്‍ കാണുമ്പോള്‍ ഓര്‍മ്മ തിരിച്ചു വരിക, കുഞ്ഞുന്നാളിലെ ഫോട്ടോ കണ്ട് മക്കളെ തിരിച്ചറിയുക, മകള്‍ അച്ഛനെ തെറ്റിദ്ധരിച്ചു കൊല്ലുവാന്‍ ശ്രമിക്കുക എന്നുവേണ്ട ഇത്തരമൊരു തല്ലിക്കൂട്ട് ബോളിവുഡ് തിരക്കഥയില്‍ പ്രതീക്ഷിക്കാവുന്ന ക്ലീഷേകളെല്ലാം ചിത്രത്തില്‍ തിരുകിച്ചേര്‍ത്തിട്ടുണ്ട്. സംവിധാനമികവ്, മികച്ച അഭിനേതാക്കള്‍, സാങ്കേതികമികവ്, പുതുമയുള്ള ആക്ഷന്‍ രംഗങ്ങളൊരുക്കുവാന്‍ ചൈനയില്‍ നിന്നുള്ള സ്റ്റണ്ട് മാസ്റ്റര്‍; തുടങ്ങി ഇത്തരമൊരു ചിത്രത്തിനു വേണ്ടുന്ന ചേരുവകളെല്ലാം ഒരുക്കുവാന്‍ ഇതിന്റെ നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞുവെങ്കിലും; തിരക്കഥയൊന്നു കൊണ്ടു മാത്രം ദയനീയമായ ഒരു ചലച്ചിത്രമായി തീരുവനായിരുന്നു ‘ചാന്ദിനി ചൗക്ക് ടു ചൈന’യുടെ വിധി. അതിനെ മറികടക്കുവാന്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞതുമില്ല!

Description: Chandni Chowk To China - A Bollywood (Hindi) film directed by Nikhil Advani; starring Akshay Kumar as Sidhu, Deepika Padukone as Sakhi/Suzy, Mithun Chakraborty as Dada, Gordon Liu as Hojo, Ranvir Shorey as Chopstick and Roger Yuan as Chiang Kohung. Written by Shridhar Raghavan & Rajat Arora; Produced by Rohan Sippy & Mukesh Talreja; Camera by Himman Dhamija; Stunt Direction by Dee Dee Ku and Choreography by Pony Verma. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. January 16 2009 Release.
--

12 comments :

 1. ‘യോദ്ധ’യുടെ ഹിന്ദി പതിപ്പ് ‘ചാന്ദ്നി ചൗക് ടു ചൈന ടൌണ്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  രണ്ടായിരത്തിലെ മികച്ച മലയാളം സിനിമയേത്? - പോളില്‍ പങ്കെടുക്കാത്തവര്‍ എത്രയും വേഗം വോട്ടു രേഖപ്പെടുത്തുവാന്‍ അപേക്ഷിക്കുന്നു. :-)
  --

  ReplyDelete
 2. “രണ്ടായിരത്തിലെ മികച്ച മലയാളം സിനിമയേത്? - പോളില്‍ പങ്കെടുക്കാത്തവര്‍ എത്രയും വേഗം വോട്ടു രേഖപ്പെടുത്തുവാന്‍ അപേക്ഷിക്കുന്നു. :-)“

  രണ്ടായിരത്തിലെ പടങ്ങളാ മുകളിലെഴുതിരിക്കുന്നേ?അറിഞ്ഞില്ലാട്ടോ:):)

  ReplyDelete
 3. @ വികടശിരോമണി,
  കണ്ടുപിടിച്ചുവല്ലേ... ഞാനതൊന്നു ടെസ്റ്റിയതല്ലെ... ;-) :-D ഹി ഹി ഹി...
  (രണ്ടായിരത്തിയെട്ടിലെ... എന്നു തിരുത്തി വായിക്കുക.)
  --

  ReplyDelete
 4. യോദ്ധയുടെ ഹിന്ദിപ്പതിപ്പ് എന്നു വിളിക്കാനാവുമോ? കവേ ഥറേ അല്ലേ?
  യോദ്ധ തന്നെ കുറെ ഇംഗ്ലീഷ് പടങ്ങളുടെ മിക്സ് ആന്‍ഡ് മാച്ച് ആയിരുന്നു.

  ReplyDelete
 5. അങ്ങനെ പവനായി ശവമായി, എന്തായിരുന്നു മലപുറം കത്തി, അമ്പും വില്ലും, വെള്ളം ചീറ്റി തോക്ക് , സ്ലം ഡോഗ് മില്ല്യണയര്‍ വരുമ്പോള്‍ കാണാം.

  ReplyDelete
 6. waste of money and time...even sometimes u'll hate akshay....its a really blunder...pls dont c even the pirated cd...

  ReplyDelete
 7. ഇതിന്റെ പ്രൊമോസ് കണ്ടപ്പോഴേ "കുംഗ്ഫു ഹസില്" എന്ന എണ്ണം പറഞ്ഞ സിനിമയുടെ ഈച്ചക്കോപ്പിയാണ് പല സീനുകളും എന്ന് തോന്നിയിരുന്നു.
  വുക്സിയ ജെനര് സിനിമയായ ഹസിലില് വിശ്വസനീയതക്ക് ഒരു സ്ഥാനവുമില്ല. ഹാസ്യം, ഫാന്റസി ഇതൊക്കെയാണ് പ്രധാനം..പിന്നെ നല്ല തകര്പ്പന് ഡയറക്ഷനും സീനുകളും.
  "കുംഗ്ഫു ഹസില് " എന്ന ഉഗ്രന് പടം കാണുവാന് റെക്കമന്റ് ചെയ്യുന്നു.
  അതില് നിന്നും ഒരുളുപ്പുമില്ലാതെ ചുരണ്ടി മാറ്റിയ കുറേ സീനുകളും മറ്റും വെച്ച് ഉണ്ടാക്കിയതാണ് ഇതെന്നാണ് എന്റെ തോന്നല്. അല്പം റൊമാന്സും പാട്ടുമിട്ട്, ഇന്ത്യന് മസാല ചേര്ത്ത് വികൃതമാകിയും കാണും.
  വാര്ണര് ബ്രദേര്സ് കാശു മുടക്കിയ ആദ്യ ഇന്ത്യന് സിനിമ എന്ന നിലയില് അല്പം പ്രതീക്ഷയുണ്ടായിരുന്നു..ഇനിയിപ്പോ ഫ്രീ ആയിട്ട് സി ഡി കടം വാങ്ങി കാണാം.

  ReplyDelete
 8. കണ്ടു അല്ലെ ?? ഞാനും കണ്ടു ... ഈ വര്‍ഷത്തെ പടവല പുരസ്കാരം കിട്ടാന്‍ ചാന്‍സ് ഉണ്ട്

  ReplyDelete
 9. ഞാനും കണ്ടു പോയി. It was supposed to be a action-comedy thriller. It was too funny to be serious. തിരക്കഥ തന്നെയാണ് ചിത്രത്തിനെ തുലച്ചത്. പശ്ചാത്തല സംഗീതം ബഹളം മാത്രമായി തോന്നി. പാട്ടുകളൊന്നും ശ്രദ്ധിക്കാനേ പറ്റിയില്ല. യോദ്ധയുമായി താരതമ്യം ചെയ്യാനേ പറ്റില്ല. ഇത് bollywood ലെ ഒരു വലിയ പരാജയം ആകാന്‍ സാദ്ധ്യതയുണ്ട്.

  ReplyDelete
 10. The film is a waste of time -- After a long line of average and good hits - this is a blow to Akshay kumar's "Safe bet" success image.

  ReplyDelete
 11. @ അയല്‍ക്കാരന്‍,
  സാങ്കേതികമായി അങ്ങിനെ പറയപ്പെടുന്നു, വിളിക്കുവാന്‍ കഴിയില്ല എന്നല്ലേ വിശേഷത്തില്‍ പറഞ്ഞിരിക്കുന്നത്? നന്ദി.

  @ Ajeesh. k. g, Riaz Hassan, SAJU,
  നന്ദി. :-)

  @ അരവിന്ദ് :: aravin,
  :-) Warner Bros ഇതിന്റെ ആദ്യ രംഗത്തിനു മാത്രമാവും കാശു മുടക്കിയിട്ടുണ്ടാവുക! ‘Kung Fu Panda’ ആണോ? അതുമായും ചില സാമ്യങ്ങള്‍ ചിത്രത്തിനുണ്ട്. പറഞ്ഞ ചിത്രത്തിന്റെ വെബ് പേജ് എവിടെയെങ്കിലുമുണ്ടോ?

  @ നവരുചിയന്‍,
  :-) ഹ ഹ ഹ!

  @ Manu,
  തീര്‍ച്ചയായും, കോമഡി-ആക്ഷന്‍ തന്നെ; പക്ഷെ അത് അവതരിപ്പിക്കുന്നവര്‍ക്കാവരുത്, പ്രേക്ഷകര്‍ക്കാവണം. അവതരിപ്പിക്കുന്നവര്‍ ഗൌരവമായി തന്നെയല്ലേ അഭിനയിക്കേണ്ടത്? :-)
  --

  ReplyDelete
 12. അരവിന്ദ് :: aravind പറഞ്ഞ പടം ഒന്നു കാണേണ്ടതു തന്നെയാണ്.

  http://en.wikipedia.org/wiki/Kung_fu_hustle

  ReplyDelete