വാരണം ആയിരം (Vaaranam Aayiram)

Published on: 11/25/2008 09:25:00 AM
Vaaranam Aayiram - A Film by Gautham Vasudev Menon; Starring Surya (Suriya) Sivakumar, Sameera Reddy, Divya Spandana, Simran Bagga, Deepa Narendran.
'പച്ചൈക്കിളി മുത്തുച്ചിരം' എന്ന ചിത്രത്തിനു ശേഷം ഗൌതം മേനോന്‍ കഥ, തിരക്കഥ എന്നിവയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാരണം ആയിരം’. ആദ്യ ചിത്രമായ ‘മിന്നലൈ’ മുതല്‍ക്കു തന്നെ തമിഴ് സിനിമയ്ക്ക് പുതിയൊരു മാനം നല്‍കുവാന്‍ സാധിച്ച സംവിധായകനാണ് അദ്ദേഹം. പ്രമേയത്തിലെ പുതുമയും, അവതരണ രീതിയിലെ വ്യത്യസ്തതയുമാണ് ഗൌതം മേനോന്‍ ചിത്രങ്ങളെ വേറിട്ടു നിര്‍ത്തുന്നത്. ‘വാരണം ആയിര’ത്തിന്റെ കാര്യവും വിഭിന്നമല്ല. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് (ഓസ്കര്‍)വി. രവിചന്ദ്രന്‍. സൂര്യ ഇരട്ട വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ സമീറ റെഡ്ഢി, ദിവ്യ സ്പന്ദന, സിമ്രന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും [ 5/10 ]

കൃഷ്ണനും, മകന്‍ സൂര്യയും; ഇവരുടെ ബന്ധത്തെ ചുറ്റിയാണ് കഥ പുരോഗമിക്കുന്നത്. അച്ഛന്റെ യുവത്വത്തില്‍ തുടങ്ങി മകന്‍ യുവാവാകുന്നതുവരെയുള്ള അവരുടെ ജീവിതത്തിലെ സംഭവവികാസങ്ങളാണ് ചിത്രത്തിലെ പ്രതിപാദ്യം. വളരെയധികം വളച്ചു ചുറ്റി മെനഞ്ഞിരിക്കുന്ന കഥയ്ക്ക് കൃത്രിമത്വം അനുഭവപ്പെടുന്നു എന്നതാണ് പ്രധാന ന്യൂനത. എങ്കിലും അവതരണശൈലിയുടെ മികവില്‍ രണ്ടേമുക്കാല്‍ മണിക്കൂറുള്ള ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തും.

 സംവിധാനം [ 7/10 ]

ഗൌതം മേനോന്റെ കൈയ്യൊപ്പു പതിയുന്ന രീതിയിലാണ് ഓരോ ദൃശ്യവും പകര്‍ത്തപ്പെട്ടിരിക്കുന്നത്. കുടുംബ ബന്ധങ്ങളിലെ ഊഷ്മളതയും, സ്നേഹബന്ധങ്ങളുടെ ലാളിത്യവും പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാവുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാനരംഗങ്ങളുടെ ചിത്രീകരണ മികവിനും സംവിധായകന്‍ പ്രശംസയര്‍ഹിക്കുന്നു. ഒടുവിലെ കമാന്‍ഡോ ഓപ്പറേഷന്‍ മാത്രം ഏച്ചുകെട്ടിയതു പോലെ തോന്നിച്ചു. അവിടെ അത്രയും വിശദമായ ഒരു ദൃശ്യവത്കരണം ആവശ്യമുണ്ടെന്നു തോന്നിയില്ല. ആ ഭാഗത്തെ ചിത്രീകരണത്തിലും പറയത്തക്ക പുതുമയൊന്നുമില്ല. ചിത്രം ചിലപ്പോള്‍ വളരെ വേഗത്തിലും, ചിലയിടങ്ങളില്‍ വല്ലാതെ ഇഴഞ്ഞുമാണ് നീങ്ങുന്നത്. ‘കാക്ക കാക്ക’ പോലെയോ, ‘പച്ചൈക്കിളി മുത്തുച്ചിരം’ പോലെയോ സമഗ്രമായൊരു മികവ് അവകാശപ്പെടുവാന്‍ ചിത്രത്തിനാവില്ല. കഥയിലെ കൃത്രിമത്വവും അതിനൊരു കാരണമായിരിക്കാം.

 അഭിനയം [ 8/10 ]

ചിത്രത്തിലെ അച്ഛനേയും(കൃഷ്ണന്‍), മകനേയും(സൂര്യ) സൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. സൂര്യയുടെ ദശാവതാരമെന്ന് വേണമെങ്കില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാം; അത്രയും വ്യത്യസ്ത വേഷങ്ങളില്‍ (അച്ഛനായും, മകനായും പല പ്രായത്തില്‍, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍) സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രൂപത്തിലും, ഭാവത്തിലും, ശരീരഭാഷയിലും ഇവയോരോന്നിനും വ്യത്യസ്തത നല്‍കുവാന്‍ സൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്. കൂട്ടുവേഷങ്ങളെ അവതരിപ്പിക്കുന്ന സമീറ റെഡ്ഢി(കാമുകി), ദിവ്യ സ്പന്ദന(സൂര്യയുടെ കാമുകി, ഭാര്യ), സിമ്രന്‍(കൃഷ്ണന്റെ ഭാര്യ, സൂര്യയുടെ അമ്മ), ദീപ നരേന്ദ്രന്‍(കൃഷ്ണന്റെ മകള്‍, സൂര്യയുടെ സഹോദരി) എന്നിവര്‍ക്ക് സൂര്യയെ പിന്തുണയ്ക്കുക എന്ന ദൌത്യം മാത്രമാണുള്ളത്. അത് ഇവരോരുത്തരും മനോഹരമായി ചെയ്തിട്ടുമുണ്ട്.

 സങ്കേതികം [ 6/10 ]

രാജീവന്‍ നിര്‍വ്വഹിച്ചിരിക്കുന്ന കലാസംവിധാനമാണ് സാങ്കേതിക വിഭാഗത്തില്‍ മികച്ചു നിന്നത്. സിനിമയിലെ ഓരോ സാഹചര്യത്തിനും അനുസൃതമായി ചുറ്റുപാടുകളും, കഥാപാത്രങ്ങളേയും അണിയിച്ചൊരുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. രത്നവേലുവിന്റെ ഛായാഗ്രഹണവും, ആന്റണിയുടെ ചിത്രസംയോജനവും മൊത്തത്തില്‍ മികവ് പുലര്‍ത്തിയെങ്കിലും ചിലയിടങ്ങളില്‍ പാളി. ആവശ്യമുള്ളയിടങ്ങളില്‍ പോലും വളരെ പിശുക്കിയാണ് ഇഫക്ടുകള്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗങ്ങളില്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കില്‍, കുറച്ചു കൂടി മെച്ചപ്പെട്ട അനുഭവമായിരുന്നു ചിത്രം നല്‍കുക.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 4/5 ]

താമര എഴുതി, ഹാരിസ് ജയരാജ് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിന് ഒരു മുതല്‍ക്കൂട്ടാണ്. ശുഭ രഘുനാഥന്റെ ശബ്ദത്തിലുള്ള “അനൈ മേലെ പനിത്തുളി...”; നരേഷ് അയ്യര്‍, പ്രശാന്തിനി എന്നിവര്‍ ചേര്‍ന്നു പാടിയിരിക്കുന്ന “മുന്‍‌ദിനം പാര്‍ത്തേനേ‍...” എന്നീ ഗാനങ്ങള്‍ മികച്ചു നില്‍ക്കുന്നു. കാര്‍ത്തിക്, വി. പ്രസന്ന എന്നിവര്‍ ആലപിക്കുന്ന “അവ എന്നെ എന്നെ...” ചിത്രത്തിന്റെ ഭാവത്തോടു ചേര്‍ന്നു പോവുന്നു. സൂര്യയുടെ ചെറുപ്പകാലത്തിന്റെ ഉത്സാഹം ദൃശ്യമാക്കുന്ന “യേത്തി, യേത്തി, യേത്തി...” എന്ന ഗാനം അതില്‍ ഉപയോഗിച്ചിരിക്കുന്ന നൃത്തച്ചുവടുകളുടെ മികവാല്‍ ശ്രദ്ധേയമാണ്. സൂര്യയുടേയും, മേഘ്നയുടേയും പ്രണയത്തിന് പശ്ചാത്തലമാവുന്ന “നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ...”, “ആടിയേ കൊല്ലുതേ...”, എന്നിവയും മോശമായില്ല. താമരയുടെ വരികളും നന്ന്. ആക്ഷന്‍ രംഗങ്ങള്‍ക്ക് കാര്യമായ പ്രാധാന്യം ചിത്രത്തിലില്ല. കുട്ടിയെ തട്ടിക്കൊണ്ടു പോവുന്ന വില്ലന്മാരുമായുള്ള ആക്ഷന്‍ രംഗങ്ങള്‍ നന്നായിരുന്നു; എന്നാല്‍ അവസാനമുള്ള കമാന്‍ഡോ ഓപ്പറേഷന്‍ കാര്യമായ ശ്രദ്ധ നേടിയതുമില്ല.

 മറ്റുള്ളവ [ 4/5 ]

സൂര്യയുടെ വിവിധ വേഷങ്ങളെ ഒരുക്കിയിരിക്കുന്നത് എടുത്തു പറയേണ്ടതാണ്. ടീനേജിലുള്ള പയ്യനെയും, ക്യാന്‍സര്‍ ബാധിതനായ വൃദ്ധനെയും വിശ്വസിനീയമായ രീതിയില്‍ സൂര്യയ്ക്ക് അവതരിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുള്ളതില്‍, മേക്കപ്പിനുള്ള പങ്ക് ചെറുതല്ല. രണ്ടുവര്‍ഷത്തോളം സമയമെടുത്തു ചെയ്ത ചിത്രത്തിന്റെ ടൈറ്റിലുകളും, പോസ്റ്ററുകളും ഇതിലും ആകര്‍ഷകമാക്കാമായിരുന്നു.

 ആകെത്തുക [ 6.8/10 ]

വളരെ ലളിതമായി, സ്വാഭാവികമായി അവതരിക്കപ്പെട്ടിരിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ട്രയിനില്‍ വെച്ചുള്ള സൂര്യയുടെ, മേഘ്നയോടുള്ള പ്രണയാഭ്യര്‍ത്ഥനയും; തുടര്‍ന്ന് മേഘ്നയുടെ വീട്ടില്‍ ചെന്നുള്ള സംസാരവും, രസകരമായി അവതരിപ്പിച്ചിരിക്കുന്നു. അനാവശ്യമായ കരച്ചിലുകളോ, അമിതാഭിനയമോ ചിത്രത്തില്‍ ഒരിടത്തുമില്ല. ഭര്‍ത്താവിന് ക്യാന്‍സറാണെന്ന് അറിഞ്ഞ ശേഷമുള്ള മാലിനിയുടെ പ്രതികരണവും, ഭര്‍ത്താവ് മരിച്ചതിനു ശേഷമുള്ള രംഗങ്ങളും ഇതിനുദാഹരണങ്ങളാണ്. ഇപ്രകാരമുള്ള രംഗങ്ങളും, സംഭാഷണങ്ങളും, സൂര്യയുടെ തകര്‍പ്പന്‍ അഭിനയവും, ഹാരിസ് ജയരാജിന്റെ സംഗീതത്തിലുള്ള ഗാനങ്ങളും; എല്ലാം ചേരുമ്പോള്‍ ഈ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. എല്ലാത്തിനും ഉപരിയായി അച്ഛനും, മകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വളരെ നന്നായി ചിത്രത്തില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നു. മകന്റെ തെറ്റുകളെ സ്നേഹം കൊണ്ടും, ലാളന കൊണ്ടും തിരുത്തുന്ന അച്ഛന്‍ തീര്‍ച്ചയായും ഒരു നല്ല സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്. ഒരുപക്ഷെ, തിരുത്തുവാനുള്ള സാഹചര്യം വീട്ടിലോ, സമൂഹത്തിലോ നല്‍കാത്തതിനാലാവും കൊച്ചുകുട്ടികള്‍ പോലും ആത്മഹത്യയെന്ന വഴി ആദ്യമേ തേടുന്നതെന്നൊരു മനസിലാക്കല്‍ ചിത്രം കാണുന്നവര്‍ക്കുണ്ടാവാം. ചുരുക്കത്തില്‍, കണ്ടിരിക്കേണ്ട നല്ല ചിത്രങ്ങളുടെ പട്ടികയില്‍ ‘വാരണം ആയിര’ത്തെ തീര്‍ച്ചയായും ചേര്‍ക്കാം.

 Post a Comment

Description: Vaaranam Aayiram (Varanam Ayiram)- A Film Directed by Gautham Vasudev Menon; Story, Screenplay and Dialogues by Gautham Vasudev Menon; Produced by V. Ravichandran (Aascar Ravichandran, Oscar Ravichandran); Starring Surya (Suriya) Sivakumar, Sameera Reddy, Divya Spandana, Simran Bagga, Deepa Narendran; Music by Harris Jayaraj; Lyrics by Thamarai, Cinematography by R. Rathnavelu; Editing by Antony; Art Direction by Rajeevan. Tamil Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham Blog (Chitravishesham). November 2008 Release.
--

17 comments :

 1. ഗൌതം മേനോന്റെ ചലച്ചിത്രാരാധകര്‍ക്ക് ആഘോഷിക്കുവാന്‍ മറ്റൊരു ചിത്രം കൂടി; സൂര്യ, സമീറ റെഡ്ഢി, ദിവ്യ സ്പന്ദന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വാരണം ആയിരം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. എന്റിഷ്ടാ നിന്നെ സമ്മദിച്ചിരിക്കുന്നു,നി ഈ സിനിമ മുഴുവന്‍ കണ്ടൂല്ലോ :)

  ReplyDelete
 3. ഞാനൊരു ഗൌതം മേനോൻ ആരാ‍ാധകനൊന്നുമല്ലെങ്കിലും കാണണമെന്നുണ്ട്.നോക്കട്ടെ...

  ReplyDelete
 4. ഹരി സുബ്രഹ്മണ്യപുരം കാണാതിരുന്നതിന്റെ കാരണം എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

  ReplyDelete
 5. സിനിമ കാണാന്‍ അടുത്തൊന്നും കഴിയില്ല എന്ന വിഷമം ബാക്കി നില്‍ക്കുന്നല്ലോ ഹരീ...
  ദോസ്താന കാണാന്‍ പോയില്ലേ?

  ReplyDelete
 6. ഗൌതം മേനോന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. പുള്ളി കാണിക്കുന്ന ഡെഡിക്കേഷന്‍ മലയാള സംവിധായകര്‍ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. വാരണം ആയിരം കണ്ടിരുന്നു. ഹരി എഴുതിയത് പോലെ തന്നെ ഏതാണ്ട് എനിക്ക് തോന്നിയതും. അവസാന ഭാഗം വല്ലാതെ ഇഴഞ്ഞാണ് നീങ്ങുന്നത്. എന്തൊക്കെ പറഞ്ഞാലും സിനിമ കണ്ടിരിക്കാം..

  ReplyDelete
 7. നല്ല റിവ്യൂ
  സിനിമ കണ്ടു
  കഥയില്‍ ഉള്ള പാളിച്ച മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളതെല്ലാം മികച്ചതായി തോന്നി

  ReplyDelete
 8. പച്ചക്കിളി മുത്തുച്ചരം ഏറെ ആസ്വദിച്ച ചിത്രമായിരുന്നു. കാക്ക കാക്കയും മറിച്ചല്ല. ഗൗതമിന്റെ ചിത്രങ്ങളിലെല്ലാം നല്ല ഗാനങ്ങള്‍ നല്‍കിയ ഹാരിസ് ജയരാജ്, എന്തു കൊണ്ടോ വാരണം ആയിരത്തിനായി ഒരുക്കിയ ഗാനങ്ങള്‍ അത്ര ഹൃദ്യമായി തോന്നുന്നില്ല. തന്നെയുമല്ല, ഗൗതവുമായുള്ള കൂട്ടുകട്ട് അവസാനിപ്പിക്കുകയാണെന്നൊരു സൂചനയും ഹാരിസ് നല്‍കിക്കഴിഞ്ഞു.
  പുതിയ ചിത്രത്തെപ്പറ്റിയുള്ള അറിവു പകര്‍ന്നതിന്‌ നന്ദി.

  ReplyDelete
 9. മൂവീ ഭയങ്കര ലോങ്ങാണു. കോമണ്‍സെന്‍സിനെ ടെസ്റ്റ് ചെയ്യുന്ന ഏതാനും സീനുകളും ഉണ്ട്. ഒരു മുക്കാല്‍ മണിക്കൂര്‍ കട്ടു ചെയ്തിരുന്നെങ്കില്‍ ഇതിലും നന്നായേനെ. ഒരു അച്ചനും മകനും തമ്മില്‍ ഉള്ള ആത്മബന്ധം എന്നൊക്കെ പറയുന്നതു ചുമ്മാ ആളെ പൊട്ടനാക്കാനാണു. സൂര്യയുടെ ഭാര്യ ആയി അഭിനയിക്കുന്ന പെണ്ണിനു ചിരിക്കാന്‍ അറിയില്ല എന്നു തോന്നുന്നു. നല്ല ഉഗ്രന്‍ ബോഡി ഉണ്ടെന്നല്ലാതെ അഭിനയിക്കാന്‍ വേറേ ആളെ വക്കേണ്ടിയിരുന്നു.

  സിമ്രാനും വയസ്സന്‍ സൂര്യയും അഭിനയിച്ചഭിനയിച്ചു മരിക്കുന്നതും കാണാന്‍ പറ്റി. ചെറുപ്പക്കാരന്‍ സൂര്യ വളരെ നന്നായിരുന്നു.

  ReplyDelete
 10. ചിത്രം ഞാനും കണ്ടു .. അത്ര നല്ല ചിത്രം എന്ന് തോന്നിയില്ല ... കണ്ടിരിക്കാം ..അത്ര മാത്രം .
  ഇടവേളക്ക് ശേഷം ചിത്രത്തിന്റെ ഒഴുക്ക് നഷ്ടപെടുന്നതായി തോന്നി . forest gumb മായി ചെറുതല്ലാത്ത ഒരു സാമ്യവും.

  ReplyDelete
 11. Haree,

  Most of the reviews I read were not that positive. So, I have given a miss to this movie.

  Goutham's style of presentation is really good. But as you mentioned his last movie "Pachai Kili..." was not that perfect when you compare with "Derailed" (another adaptation of the same novel).

  ReplyDelete
 12. @ Thulasi Kakkat,
  :-) ഇടയ്ക്ക് നിര്‍ത്തി ഇറങ്ങിയോ!

  @ വികടശിരോമണി,
  കണ്ടു നോക്കൂ... :-)

  @ വക്രബുദ്ധി,
  ശെടാ! ഇതാരാ പറഞ്ഞേ ഞാന്‍ കണ്ടില്ലാന്ന്! അല്പം വൈകി കണ്ടതിനാല്‍ ഇവിടെ എഴുതിയില്ലാന്നു മാത്രം.

  @ ശ്രീഹരി::Sreehari.
  :-) ദോസ്താന കണ്ടു... ഹമ്മേ! ഇനി അതെഴുതിയും കൂടി സമയം കളയണ്ടാന്നു കരുതി... ആദ്യഭാഗത്തെ അല്പം തമാശകളൊഴിച്ചാല്‍ പടം വട്ടപ്പൂജ്യം!

  @ ഫാരിസ്, munna | മുന്ന,
  നന്ദി... :-)

  @ ബൈജു സുല്‍ത്താന്‍.
  പച്ചക്കിളിയേക്കാള്‍ ഗാനങ്ങള്‍ ഇതിലെയാണ് എനിക്കിഷ്ടമായത്.

  @ വിന്‍സ്,
  :-) അത്ര ഭയങ്കര ലോങ്ങല്ല, അല്പം... ആളെ പൊട്ടനാക്കാനാണെന്നു തോന്നിയില്ല, അച്ഛനിലുടെയും മകനിലൂടെയും തന്നെയാണ് കഥ പോവുന്നത്. ദിവ്യ സ്പന്ദന ചിരിക്കേണ്ട സീനുകള്‍ ചിത്രത്തിലുണ്ടോ?

  @ നവരുചിയന്‍,
  :-) ഗൌതം മേനോന്റെ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ അത്ര നന്നെന്ന് പറയുവാനില്ല; എങ്കിലും മൊത്തത്തില്‍ എനിക്ക് ഇഷ്ടമായി. Forest Gump കണ്ടിട്ടില്ല, വിക്കിയിലെ പ്ലോട്ട് വായിച്ചിട്ട് കാര്യമായ സാമ്യമൊന്നും തോന്നിയില്ല.

  @ Dreamer,
  :-) Derailed ഞാന്‍ കണ്ടിട്ടില്ല. ഒരുപക്ഷെ അതു കണ്ടാല്‍ എന്റെ അഭിപ്രായം മാറുമായിരിക്കാം. കാണണമെന്ന് കരുതിയതാണ്, പിന്നെ വിട്ടുപോയി!
  --

  ReplyDelete
 13. Hari - Compared to "Minnale" "kaka Kaka", Vettaiyadu Vilayadu", and "Pachai kili muthucharam", the screen play is dragging especially in the second half. The film is just a good watchable one and Goutham Menon is a good director no doubt about that. But I expected some "magic" when Gautham joins with Surya which I could not feel in this so called "magum opus". - Saju Menon - Chennai

  ReplyDelete
 14. ഈ സിനിമ കാണാം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കുറെ അഭിപ്രായങ്ങള്‍ കേട്ട് കേട്ട് കാണാനുള്ള മൂഡ് പോയി. ഇനി ഒരവസരം വരുമ്പോള്‍ കാണാം.

  ഓ.ടോ: ഒരു പുതിയ ഹിന്ദി പടം വന്നിട്ടുണ്ട്, ഓയെ ലക്കി, ലക്കി ഓയെ. ഹിന്ദി ഭാഷ അത്യാവശ്യം നന്നായി മനസിലാകുമെങ്കില്‍ ഒന്ന് കണ്ട് നോക്കൂ.. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ “ബുദ്ധിയുള്ള സിനിമ!”

  ReplyDelete
 15. @ SAJU,
  അതു തന്നെയല്ലേ ഞാനും പറഞ്ഞിരിക്കുന്നത്? അഭിപ്രായത്തിന് നന്ദി. :-)

  @ Balu..,..ബാലു,
  :-) സമയം പോലെ കാണൂ...
  സാധാരണ ഹിന്ദി സിനിമകള്‍ മനസിലാവാറുണ്ട്, ഇതിലെ ഭാഷയെന്താണ് കടുകട്ടിയാണോ? എങ്കില്‍ സബ്-ടൈറ്റിലുള്ളത് കാണുന്നതാവും നല്ലത്!
  --

  ReplyDelete
 16. ഭാഷയുടെ കട്ടിയെ കുറിച്ച് എനിക്കറിയില്ല.. സാധാരണ ഹിന്ദി സിനിമകള്‍ ഒരു കുഴപ്പവും കൂടാതെ മനസിലാവുന്ന ആളാണ് ഞാന്‍. പക്ഷെ ഈ പടം കണ്ടപ്പോള്‍ ആകെയൊരു കണ്‍ഫ്യൂഷന്‍! ഡെല്‍ഹി സ്റ്റൈല്‍ ഹിന്ദിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഒരു റിവ്യൂവില്‍ കണ്ടു. പിന്നെ ഞാന്‍ ഇരുന്ന സ്ഥലത്തിന്റെ കുഴപ്പമാണോ എന്നും അറിയില്ല, സ്പീക്കറിന്റെ നേരെ താഴെയാണ് ഇരുന്നത്. ചിന്തിക്കാനുള്ള സിനിമയായി തോന്നി. കണ്ടപ്പോള്‍ ചിത്രീകരണത്തിന്റെ സ്റ്റൈല്‍ ആണ് ആകര്‍ഷിച്ചതെങ്കില്‍ അതിന് ശേഷം അതിലെ ഓരോ കഥാപാത്രങ്ങളും പലതും പറയുന്നതായി തോന്നി.. വരികള്‍ക്കിടയിലൂടെ വായിക്കുക എന്നൊക്കെ പറയില്ലേ?? അതു പോലെ.. :) സബ്‌ടൈറ്റില്‍ ഉള്ള വേര്‍ഷന്‍ കാണുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു.. ഞാനും അതിന് വേണ്ടി കാത്തിരിക്കുകയാണ്..

  ReplyDelete