തലപ്പാവ് (Thalappavu)

Published on: 9/18/2008 11:52:00 PM
Thalappavu Film Review - Depute film by actor turned director Madhupal. Story, Screenplay and Dialogues by Babu Janardanan; Starring Prithviraj, Lal, Dhanya Mary Varghese, Atul Kulkarni, Rohini, Jagathy Sreekumar, Sreejith Ravi, Maniyan Pillai Raju.
ചലച്ചിത്ര നടനായും, സാഹിത്യകാരനായും മറ്റും മലയാളികള്‍ക്ക് പരിചിതനായ മധുപാലിന്റെ ആദ്യ സംവിധാന സംരഭമാണ് ‘തലപ്പാവ്’. ബാബു ജനാര്‍ദ്ദനന്റേതാണ് കഥയും, തിരക്കഥയും. പൃഥ്വിരാജ്, ലാൽ, ധന്യ മേരി വര്‍ഗ്ഗീസ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നക്സലൈറ്റ് വര്‍ഗ്ഗീസിന്റെ മരണം; വര്‍ഗ്ഗീസ് ഏറ്റുമുട്ടലിലല്ല, പോലീസ് പിടികൂടി അസൂത്രിതമായി കൊല്ലുകയായിരുന്നുവെന്ന, വര്‍ഗ്ഗീസിനെ വെടിവെച്ച, പോലീസ് കോണ്‍‌സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തൽ; ഇവയെയൊക്കെ ബന്ധിപ്പിച്ചാണ് ‘തലപ്പാവി’ന്റെ കഥയൊരുക്കിയിരിക്കുന്നത്.

ഒരു കൊടിയ ജനവഞ്ചനയുടെ സത്യാവസ്ഥ മനസില്‍ കൊണ്ടു നടന്ന് നീറുകയാണ് പഴയ പോലീസുകാരനായ രവീന്ദ്രന്‍ പിള്ള(ലാൽ‍). എന്നാല്‍ താന്‍ ഈ രഹസ്യം സൂക്ഷിക്കുന്നത് വെറുതെയാണെന്ന് മനസിലാക്കുന്ന നിമിഷം, മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങള്‍ രവീന്ദ്രന്‍ പിള്ള വെളിപ്പെടുത്തുന്നു. അത് മറ്റൊന്നുമല്ല; നക്സലൈറ്റായിരുന്ന ജോസഫി(പൃഥ്വിരാജ്)ന്റെ മരണം ഏറ്റുമുട്ടലിനിടയിലായിരുന്നില്ലെന്നും, അത് ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്നും, മേലധികാരികളുടെ ഭീഷണികള്‍ക്കു വഴങ്ങി താനാണ് ജോസഫിനെ വെടിവെച്ച് കൊന്നതെന്നുമായിരുന്നു. മനസിന്റെ ഭാരമിറക്കിവെച്ച് അയാള്‍ സ്വതന്ത്രനായപ്പോഴേക്കും; ജീവിതവും, കുടുംബവുമെല്ലാം അയാള്‍ക്ക് കൈവിട്ടുപോയിരുന്നു.

ചരിത്രസത്യങ്ങളില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ, സിനിമയുടെ സാധ്യതകളെ ഉപയോഗിക്കത്തക്കവണ്ണം, തിരക്കഥ തയ്യാറാക്കിയ ബാബു ജനാര്‍ദ്ദനന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. തെളിവുകളില്ലാത്ത രാഷ്ട്രീയാരോപണങ്ങള്‍ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുവാനും തിരക്കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. പഴയകാലവും, പുതിയകാലവും ഇടവിട്ടിടവിട്ടു മാറിവരുന്ന കഥാകഥനരീതി നന്നായി ഉപയോഗിച്ചിരിക്കുന്നു ഇതിൽ‍. കഥാപാത്രങ്ങള്‍ക്ക് യോജിച്ച അഭിനേതാക്കളെ തിരഞ്ഞെടുത്ത്, അവരെ അഭിനയിപ്പിച്ചിരിക്കുന്നതില്‍ സംവിധായകനായ മധുപാലിന്റെ മിടുക്ക് പ്രകടമാണ്. രവീന്ദ്രന്‍ പിള്ളയെ ലാല്‍ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ജോസഫായി പൃഥ്വിരാജും മോശമായില്ല. സാറാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖം, ധന്യ മേരി വര്‍ഗ്ഗീസും പ്രശംസയര്‍ഹിക്കുന്നു. സയ്‌വര്‍ എന്ന ജന്മിയെ അതുല്‍ കുല്‍ക്കര്‍ണിയും മികച്ചതാക്കി. ഇവരെക്കൂടാതെ രോഹിണി, ജഗതി ശ്രീകുമാര്‍, മണിയന്‍ പിള്ള രാജു, ശ്രീജിത് രവി തുടങ്ങിയവരും നല്ല രീതിയില്‍ അഭിനയിച്ചിട്ടുണ്ട്.

ഒ.എന്‍.വി. കുറുപ്പെഴുതി, അലക്സ് പോള്‍ സംഗീതം നല്‍കിയിരിക്കുന്ന “കണ്ണിനു കുളിരായ്...” എന്ന ഇമ്പമാര്‍ന്ന ഗാനം രവീന്ദ്രന്‍ പിള്ളയുടെയും, കളിക്കൂട്ടുകാരിയായിരുന്ന സാറാമ്മയുടേയും കുട്ടിക്കാലത്തിനു പശ്ചാത്തലമായാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു കാലഘട്ടങ്ങളേയും വേര്‍തിച്ചറിയുവാന്‍ തക്കവണ്ണം, രംഗങ്ങളെ അഴകപ്പന്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. ഇരുളും, കാര്‍മേഖവും, മഴയുമൊക്കെ പശ്ചാത്തലമാവുന്ന മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പുള്ള വയനാട് പ്രേക്ഷകന്റെ മനസില്‍ പതിയുവാന്‍ തക്കവണ്ണമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡോണ്‍ മാക്സ്, വിപിന്‍ മണ്ണൂര്‍ എന്നിവരുടെ എഡിറ്റിംഗ്; ശ്യാം ധര്‍മ്മന്റെ പിന്നണിസംഗീതം എന്നിവയും ചിത്രത്തിനു മുതല്‍ക്കൂട്ടാണ്.

രവീന്ദ്രന്‍ പിള്ളയുടെ ഓര്‍മ്മകളിലെ ജോസഫിന്റെ രൂപം ചോരവാര്‍ന്നൊലിക്കുന്നതാണെങ്കിലും, അവസാനസമയത്തെ ദൈന്യത ഓര്‍മ്മകളില്‍ നിന്നും മാഞ്ഞതുപോലെ തോന്നി. അത്രയും ബീഭത്സമായ മേക്കപ്പില്‍, പൃഥ്വിരാജ് പൂര്‍ണ്ണാരോഗ്യവാനായി പെരുമാറുന്നത് യുക്തിസഹമായി തോന്നിയില്ല. ഇതൊഴിച്ചു നിര്‍ത്തിയാല്‍ മലയാള സിനിമയില്‍ അപൂര്‍വ്വമായി കാണാറുള്ള, ഏവരുടേയും ആത്മാര്‍ത്ഥമായ പരിശ്രമമാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. സംവിധാനരംഗത്ത് തന്റേതായ സ്ഥാനം ആദ്യചിത്രത്തിലൂടെ തന്നെ നേടിയെടുക്കുവാന്‍ മധുപാലിനു കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നുള്ള ചിത്രങ്ങളിലും ഈ മികവ് കാത്തു സൂക്ഷിക്കുക എന്നതാണ് മധുപാലിന്റെ മുന്‍പില്‍ ഇനിയുള്ള വെല്ലുവിളി. അതില്‍ വിജയിക്കുവാന്‍ അദ്ദേഹത്തിനു കഴിയുമെന്നും, പ്രതികരണശേഷി നഷ്ടപ്പെട്ട ജനതയ്ക്ക് അല്പമെങ്കിലും ഉണര്‍വ്വേകുവാന്‍ ചിത്രത്തിനാവുമെന്നുമുള്ള പ്രതീക്ഷയോടെ; ‘തലപ്പാവി’ന്റെ സൃഷ്ടാക്കള്‍ക്ക് അഭിവാദ്യങ്ങൾ.

വെബ്‌സൈറ്റ്: www.thalappavu.com

Description: Thalappavu - Depute film by actor turned director Madhupal. Story, Screenplay and Dialogues by Babu Janardanan; Starring Prithviraj, Lal, Dhanya Mary Varghese, Atul Kulkarni, Rohini, Jagathy Sreekumar, Sreejith Ravi, Maniyan Pillai Raju. Lyrics by O.N.V. Kurup and Music by Alex Paul. Background score by Syam Dharman. Malayalam Film/Movie/Cinema Review by Hareesh N. Nampoothiri aka Haree | ഹരീ.
--

13 comments :

 1. നക്സലൈറ്റ് വര്‍ഗ്ഗീസിന്റെ മരണത്തെ ആസ്പദമാക്കി, ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍, പൃഥ്വിരാജ് നായകനാവുന്ന, മധുപാലിന്റെ ആദ്യ സംവിധാന സംരംഭം; ‘തലപ്പാവി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും!

  ഓഫ്: പിന്നേ, ഉണര്‍വ്വേകിയതു തന്നെ; “മധുപാലിന് സിനിമയിലൂടെ എല്ലാവരേയും പ്രതികരിക്കുവാന്‍ ഉത്ബോധിപ്പിക്കുന്നതിനു പകരം; ഏതെങ്കിലും വിഷയത്തിൽ‍, ഇതില്‍ പറയുന്ന രീതിയില്‍ പ്രതികരിച്ചു കാണിച്ചുകൂടേ?” സംവിധായകനോടിങ്ങനെ ചോദിച്ച് നിഷ്ക്രിയരായി തന്നെ നമ്മള്‍ തുടരും, അല്ലേ? :-)
  --

  ReplyDelete
 2. Is the quality of this film as intelectual or commercial? Do u think it will earn commercial success?

  Ordinary people today hav only one question.."Padathil Comedy undo?"

  ReplyDelete
 3. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം കാണണമെന്‍ തോനുന്നു.
  ഇതുമായി ബന്ധപ്പെട്ട് ഏറ്റുപറച്ചിലിന്റെ മറ്റൊരു രൂപം കവര്‍ സ്റ്റോ‍ാറി എന്ന സുരേഷ് ഗോപി ചിത്രത്തില്‍ കണ്ടതായി ഓര്‍ക്കുന്നു.

  നന്ദി

  ReplyDelete
 4. സാമ്പത്തികവിജയം കണക്കിലെടുക്കാതെ,ഇതുപോലെയുള്ള സംരംഭങ്ങൾ,മലയാളത്തിൽ ഇപ്പോഴുമുണ്ടാകുന്നുവെന്നതു അത്ഭുതവും ഒപ്പം ആശ്വാസവും തരുന്നുണ്ട്.

  ReplyDelete
 5. നിഷ്ക്രിയരായിരിക്കാനായിപ്പോലും എനി വാടകക്കല്ലാതെ പ്രതികരണത്തിനാളെക്കിട്ടുമെന്നു തോന്നുന്നില്ല.പടം പോയി കണ്ടില്ല.റ്റിക്കറ്റിനു കാശു മുടക്കാനുള്ള കോപ്പുണ്ടെന്നു ബോധ്യപ്പെടുത്തിയതിനു നന്ദി.തൌര്യത്രികത്തിൽ കീഴ്പ്പടം...

  ReplyDelete
 6. ടീവിയില്‍ പരസ്യം കണ്ടപ്പോള്‍ തന്നെ ഇതൊരു നല്ല പടമാണെന്ന് തോന്നിയിരുന്നു.. ഏതായാലും സൂപ്പര്‍ സ്റ്റാറുകളില്ലാത്ത ഓണത്തിന് ഒരു സൂപ്പര്‍ ഹിറ്റ് ആയി മാറും തലപ്പാവ് എന്ന് പ്രതീക്ഷിക്കാം..

  ഓ.ടോ: തീയറ്ററില്‍ തിരക്കുണ്ടായിരുന്നോ?? എത്ര നാള്‍ പടം തീയറ്ററില്‍ ഉണ്ടാവും? രണ്ടാഴ്ചത്തേക്ക് കാണാന്‍ ഒരു വഴിയുമില്ല.. :(

  ReplyDelete
 7. @ arun,
  വാണിജ്യപരമായി വിജയിക്കുവാന്‍ സാധ്യതയുള്ള ഒരു ചിത്രമാണ് എന്നു കരുതുവാന്‍ വയ്യ. എന്നിരുന്നാലും മലയാള-അവാര്‍ഡ്-ഫോര്‍മുല പിന്തുടരുവാന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്ന ഒരു ചിത്രവുമല്ല.

  @ joker,
  ‘കവര്‍സ്റ്റോറി’ ഞാനും കണ്ടിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ അതെന്തായിരുന്നെന്ന് ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നില്ല!

  @ ഭൂമിപുത്രി,
  സാമ്പത്തികവിജയം കണക്കിലെടുക്കാതെ ഈ വ്യവസായത്തിനു മുന്നോട്ടുപോകുവാന്‍ കഴിയില്ലല്ലൊ! ഇവയുടെ വിജയം മലയാള സിനിമയുടെ ആവശ്യമാണ്.

  @ വികടശിരോമണി,
  :-)

  @ Balu..,..ബാലു,
  തിയേറ്ററില്‍ കാര്യമായ തിരക്കൊന്നുമുണ്ടായിരുന്നില്ല. ഒരു 20-25% സീറ്റുകള്‍ നിറഞ്ഞിട്ടുണ്ടാവും. രണ്ടാഴ്ചയൊക്കെ ചിലപ്പോള്‍ നില്‍ക്കുമായിരിക്കും. :-)
  --

  ReplyDelete
 8. കുറേക്കാലത്തിനു ശേഷം ഒരു നല്ല റേറ്റിംഗ് കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം..!

  പൃഥിയിലെ പ്രതീക്ഷകൾ അസ്ഥാനത്തല്ലല്ലേ..!

  ReplyDelete
 9. ഹരീ,
  കൂടുതലൊന്നും പറയുന്നില്ല. നല്ല പടം തന്നെ... ഞാന്‍ എവിടെയെങ്കിലും എഴുതണമെന്നു കരുതുന്നു. ഇന്ന്‌ മധുപാലിനെ കണ്ടിരുന്നു. തിരുവനന്തപുരത്ത്‌ ഒരാഴ്‌ച കൂടിയെ പടം ഓടുകയുള്ളുവെന്നാണ്‌ പറഞ്ഞത്‌. നല്ലതെന്ന്‌ വ്യാപകമായി അഭിപ്രായം കേട്ടതില്‍ ഇഷ്ടന്‍ സന്തോഷത്തിലാണ്‌. കുറെ പരീക്ഷണങ്ങള്‍ ക്രാഫ്‌റ്റില്‍ നടത്തിയിച്ചുണ്ട്‌. പൂര്‍വ്വ, വര്‍ത്തമാനകാലങ്ങള്‍ ഇടകലര്‍ന്നു വരുന്നത്‌, പിന്നെ ജോസഫിന്റെ പ്രത്യക്ഷപ്പെടല്‍.... അധികമാരും അവയെ തെറ്റുപറഞ്ഞില്ലെന്ന്‌ മധുപാല്‍ പറയുന്നു.... ഭീഭല്‍സമായ മേക്കപ്പിലും ജോസഫ്‌ ആരോഗ്യവാനായി വരുന്നതില്‍ തെറ്റില്ല. അത്‌ യാഥാര്‍ഥ്യമല്ല, വെറും വിഭ്രമം മാത്രമാണ്‌. ഇത്തരത്തില്‍ ഏത്രയോ വൈരുദ്ധ്യങ്ങള്‍ നാം സ്വപ്‌നത്തില്‍ കാണുന്നു...!

  ReplyDelete
 10. പടം കണ്ടു. ഇഷ്ടപ്പെട്ടു.

  വളരെ നന്നായിട്ടുണ്ട്. സാങ്കേതികമായും കലാപരമായും.
  എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇത്രയും അഭിപ്രായം കിട്ടിയിട്ടും ഈ ചിത്രം കാണാന്‍ ആളില്ല.. നല്ലതിനെ പ്രോല്‍സാഹിപ്പിക്കാന്‍ നാമൊക്കെ എപ്പോഴാണോ പഠിക്കുന്നത്.

  ReplyDelete
 11. മുഴുവന്‍ മാര്‍ക്കും മധുപാലിനും ബാബു ജനാര്‍ദ്ധനനനും..... മികച്ച ചിത്രം... ലാലും പൃഥിയും തിളങ്ങിയിരിക്കുന്നു. അഭിനയം മികച്ചതായിരുന്നു എങ്കിലും അതുല്‍ കുല്‍ക്കര്‍ണിയെ ആ ജന്മി റോളില്‍ അഭിനയിപ്പിക്കേണമായിരുന്നോ എന്നൊരു സംശയം...

  കവര്‍ സ്റ്റോറി ഇറങ്ങിയത്‌ വര്‍ഗ്ഗീസ് കൊലക്കേസുമായി ബന്ധപ്പെട്ട് രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിയ ഇടയെ ആണ്. പക്ഷെ അതില്‍ ആ വെളിപ്പെടുത്തലിന്റെ രംഗങ്ങള്‍ മാത്രമേ ഉള്ളു... ബാക്കി കഥ തികച്ചും വ്യത്യസ്തമാണ്. :)

  ReplyDelete
 12. @ Kiranz..!!,
  പൃഥ്വി കുറച്ചുകൂടി തിരഞ്ഞെടുത്താണ് ചിത്രങ്ങളില്‍ അഭിനയിക്കുന്നതെന്നു തോന്നുന്നു; അതോ, പൃഥ്വിയെ കറക്ടായി സ്യൂട്ടാവുന്നതിലേ സംവിധായകര്‍ വിളിക്കുന്നുള്ളോ...

  @ വക്രബുദ്ധി,
  അതെന്താണ് മധുപാല്‍ അങ്ങിനെ പറയാന്‍? :-) പൂര്‍വ്വ-വര്‍ത്തമാനകാലങ്ങള്‍ ഇടകലര്‍ന്നു വരുന്നതും, ജോസഫ് പ്രത്യക്ഷപ്പെടുന്നതുമൊന്നും പുതിയ പരീക്ഷണങ്ങളല്ലെങ്കിലും; വൃത്തിയായി ചെയ്തിട്ടുണ്ട്. ബീഭത്സമായ മേക്കപ്പില്‍, ആരോഗ്യവാനായി വരുന്നതില്‍ തെറ്റില്ല; പക്ഷെ, പ്രേക്ഷകര്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാവുക, പൃഥ്വിക്ക് അഭിനയിച്ചു ഫലിപ്പിക്കുവാന്‍ വകയുണ്ടാവുക ഒക്കെ അവസാന സമയത്തെ രീതിയില്‍ വരുമ്പോഴായിരുന്നു.

  @ സതീഷ് ഹരിപ്പാട്,
  :-) മിക്കവര്‍ക്കും ചിരിക്കുവാന്‍ വകുപ്പുണ്ടായാല്‍ മതി... ചിരിക്കാനല്ലാതെ പിന്നെന്തിനാണ് ചിത്രം കാണുന്നതെന്നാണ് സമീപനം...

  @ ജയകൃഷ്ണന്‍,
  :-) നന്ദി... അതെന്താ അതുല്‍ കുല്‍ക്കര്‍ണിയെ അഭിനയിപ്പിച്ചതില്‍? പിന്നെ, അദ്ദേഹത്തിന്റെ മുഴുവന്‍ കഴിവുകളേയും ഉപയോഗപ്പെടുത്തുവാനും മാത്രം സാധ്യതകളൊന്നും ആ റോളിനില്ലായിരുന്നു എന്ന രീതിയില്‍, അല്ലേ?
  --

  ReplyDelete
 13. ബോളിവുഡില്‍ ഇപ്പോള്‍ ഉള്ള ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് അതുല്‍ കുല്‍ക്കര്‍ണി.. ഹരി പറഞ്ഞത് പോലെ അദ്ദേഹത്തിന്‍റെ കഴിവുകളെ ഉപയോഗിക്കാനുള്ള ആഴം ആ കഥാപാത്രത്തിനു ഇല്ലാതെ പോയി. ഒരു വ്യത്യസ്തത എന്ന നിലയില്‍ ഇതിനെ കാണാമെങ്കില്‍ വളരെ നല്ലതാണ്. മലയാളത്തിലെ മിക്ക നടന്മാരും ഇത്തരം റോളുകള്‍ മുന്നേ കൈകാര്യം ചെയ്തതാവാം മധുപാലിനെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു... എന്തായാലും നന്ന്. വയനാടിന്റെ അന്തരീക്ഷം അവര്‍ പുനഃസൃഷ്ടിച്ചത് കോതമംഗലത്തായിരുന്നു.

  ReplyDelete