അപൂര്‍വ്വ (Apoorva)

Published on: 9/25/2008 02:15:00 AM
Apoorva - A film by 18 year old Writer and Director Nithin Ramakrishnan. Produced by Dr. Ramakrishnan. Starring Sanjeev, Ajay Sathyan, Anirudh, Preethy, Hellen, Kalabhavan Mani, Kochu Preman, Vimala Raman, Kalpana, Suraj Venjaaramoodu, Innocent, Senthil.
പതിനെട്ടുവയസുകാരനായ നിതിന്‍ രാമകൃഷ്ണന്റെ ആദ്യ ചലച്ചിത്രസംരംഭമാണ് ‘അപൂര്‍വ്വ’. കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചിരിക്കുന്നതും നിതിന്‍ തന്നെ. സഞ്ജീവ്, ഹെലന്‍, അജയ് സത്യന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ മണി, വിമല രാമന്‍ തുടങ്ങിയ പ്രധാനതാരങ്ങളുമുണ്ട്. ഡോ. രാമകൃഷ്ണനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കൊച്ചു സംവിധായകന്റെ, ഒരു കൊച്ചു സിനിമ എന്നതിനപ്പുറം ഈ ചിത്രത്തെക്കുറിച്ച് അധികമൊന്നും പറയുവാനില്ല!

ഒരു കൊച്ചുകുട്ടി, അവന്റെ സ്കൂളില്‍ നടന്ന ഒരു കാര്യം പറയുന്നതായാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സംഗീതം ഒരുമിപ്പിച്ച കൂട്ടുകാരാണ് സത്യ(അജയ് സത്യന്‍), ജെറിന്‍(അനിരുദ്ധ്), മെറില്‍(ഹെലന്‍) എന്നിവര്‍. സംഗീതാഭിരുചിയുള്ള, നന്നായി ഓടക്കുഴല്‍ വായിക്കുവാനറിയുന്ന കൃഷ്ണ(സഞ്ജീവ്); സ്കൂളില്‍ പഠിക്കുന്നില്ലെങ്കിലും ഇവരുടെ ഉറ്റ സുഹൃത്താണ്. അധികം ആരോടും ഇടപെഴകുവാന്‍ കൂട്ടാക്കാത്ത, വളരെ നിശബ്ദയായ പൂജ(പ്രീതി) എന്നൊരു പെണ്‍കുട്ടിയും ഇവരുടെ സ്കൂളിലുണ്ട്. പൂജയോട് വല്ലാത്തൊരു അടുപ്പവും, സ്നേഹവും സത്യയുടെ ഉള്ളിലുണ്ട്. പൂജയുടെ കാഴ്ച നിലനില്‍ക്കണമെങ്കില്‍ ഒരു ഓപ്പറേഷന്‍ ആവശ്യമുണ്ടെന്നറിയുന്ന ഇവര്‍; അതിനായുള്ള പണം കണ്ടെത്തുവാന്‍ ഒരു സംഗീതമത്സരത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിക്കുന്നു. രക്ഷിതാക്കളുടെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍, ഇവര്‍ ആരോടും പറയാതെ ഒളിച്ചോടുന്നു.

ഓരോ സന്ദര്‍ഭത്തിലും, പ്രേക്ഷകര്‍ ഇങ്ങിനെയൊരു ചോദ്യം ചോദിച്ചാല്‍ അതിനുത്തരമില്ലല്ലോ എന്നു ചിന്തിച്ച്, അതിനായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നു. ഈ രീതിയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഉദാഹരണത്തിന് പൂജയോട് സത്യയ്ക്കെന്താണ് ഇത്ര മമത എന്നു സംശയിക്കുന്ന പ്രേക്ഷകനോട് സംവിധായകന്റെ ഉത്തരമിതാണ്; സത്യയുടെ ബൈക്കിനു പിറകില്‍ കയറി, വേഗത കണ്ട് ടെന്‍ഷനായാണ് പൂജയുടെ അച്ഛന്‍ മരിച്ചത്! ഈ രീതിയില്‍ മുട്ടാപ്പോക്ക് ന്യായങ്ങളിലൂടെ ഒരു കഥ വികസിപ്പിച്ചതില്‍ നിന്നു തുടങ്ങുന്നു ‘അപൂര്‍വ്വ’യുടെ പരാധീനതകള്‍.

പ്രധാനകഥാപാത്രങ്ങളായെത്തുന്ന പുതുമുഖങ്ങള്‍ക്കൊപ്പം; കലാഭവന്‍ മണി, വിമല രാമന്‍, കൊച്ചു പ്രേമന്‍, സുരാജ് വെഞ്ഞാറമ്മൂട്, കല്പന, സെന്തില്‍, ഇന്നസെന്റ് തുടങ്ങിയ അഭിനേതാക്കളും ചെറുവേഷങ്ങളിലെത്തുന്നു. പുതുമുഖങ്ങളില്‍ ആരുടെയും അഭിനയം നിലവാരത്തിലേക്ക് ഉയര്‍ന്നില്ല; മറ്റുള്ളവര്‍ക്ക് കാര്യമായൊന്നും ചെയ്യുവാനുമില്ല. സംഗീതത്തിനു പ്രാധാന്യമുള്ള ചിത്രമായിട്ടുകൂടി; പൂജ രജേഷ്, ഡോ. പാര്‍വ്വതി വാര്യര്‍ എന്നിവരെഴുതി; വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ പരിതാപകരം. മറ്റു സാങ്കേതികമേഖലകളിലും അപക്വത പ്രകടം. ജിത്തു പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളുടെ മനോഹാരിത മാത്രമാണ് നന്നെന്ന് പറയുവാനായി ചിത്രത്തിലുള്ളത്.

ഇതിനോടകം ചില ഹൃസ്വചിത്രങ്ങളിലൂടെ അംഗീകാരവും, ശ്രദ്ധയും നേടിയ ഒരു സംവിധായകനാണ് നിതിനെന്ന് ഈ ചിത്രം കണ്ടാല്‍ പറയുകയില്ല. സംവിധായകന്റെ പ്രായം പതിനെട്ടായാലും, അറുപത്തിയെട്ടായാലും ചിത്രം നന്നോ എന്നതുമാത്രമാണ് പ്രേക്ഷകന് വിഷയം. തുടര്‍ന്നും ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുവാന്‍ നിതിന് പരിപാടിയുണ്ടെങ്കില്‍; അവയെ കുറച്ചു കൂടി ഗൌരവത്തോടെ, ലക്ഷ്യബോധത്തോടെ സമീപിക്കുന്നത് നന്നായിരിക്കും. മലയാളത്തില്‍ ഇന്നിറങ്ങുന്ന പല വാണിജ്യസിനിമകളേയും പോലെ; തല്ലിക്കൂട്ട് കഥയും, കോമാളിത്തരങ്ങളുമൊക്കെയായി മസാലച്ചിത്രങ്ങള്‍ പടച്ചുവിടാനാണെങ്കില്‍; നിതിനെന്ന പേരില്‍ മറ്റൊരു സംവിധായകനെക്കൂടി മലയാളസിനിമയ്ക്ക് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

Description: Apoorva - A film by 18 year old Writer and Director Nithin Ramakrishnan. Produced by Dr. Ramakrishnan. Starring Sanjeev, Ajay Sathyan, Anirudh, Preethy, Hellen, Kalabhavan Mani, Kochu Preman, Vimala Raman, Kalpana, Suraj Venjaaramoodu, Innocent, Senthil, Baby Minnu, Nidheesh M., Master Ananthu.; Camera by Jithu; Lyrics by Pooja Rajhesh, Dr. Parvathy Varier; Music by Vidyadaran Master. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ. Malayalam FIlm/Movie/Cinema Review. September 2008 Release.
--

6 comments :

 1. പതിനെട്ടു വയസ് മാത്രം പ്രായമുള്ള നിതിന്‍ രാമകൃഷ്ണന്റെ ആദ്യ സിനിമയാണ്, ‘അപൂര്‍വ്വ’. ഒരുപുടി പുതുമുഖ താരങ്ങള്‍ക്കൊപ്പം, മലയാളത്തിലെ ചില മുതിര്‍ന്ന താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിന്റെ വിശേഷവുമായി ചിത്രവിശേഷം വീണ്ടും.

  മലയാളിയുടെ ഓണച്ചിത്രങ്ങളില്‍ മികച്ചതേത്? - പോള്‍ തുടരുന്നു... എല്ലാ മാന്യവായനക്കാരും അവരവരുടെ അഭിപ്രായം രേഖപ്പെടുത്തുമെന്ന് കരുതുന്നു...
  --

  ReplyDelete
 2. സിനിമ കണ്ടിട്ട് കുറച്ചു ദിവസമായല്ലോ ഇപ്പോഴാണോ റിവ്യൂ ഇടുന്നത് :-)

  ReplyDelete
 3. സിനിമ കണ്ടു മികച്ച ഒരു ചിത്രം എന്ന് എനിക്കും അഭിപ്രായമില്ല..തീര്‍ച്ചയായും ഇത് ഒരു പരീക്ഷണ ചിത്രം തന്നെ ആണ്. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ചിന്തകള്‍ അല്ലെങ്കില്‍ സിനിമ പരീക്ഷണങ്ങള്‍. അത്രയേ അതിലുള്ളൂ. 18 വയസ്സ് പ്രായമുള്ള സംവിധായകനില്‍ നിന്നും അകിര കുറസോവ നിലവാരത്തിലുള്ള ജീവിത ദര്‍ശനങ്ങള്‍ ഒന്നും പ്രതീക്ഷിക്കാന്‍ പറ്റില്ല. എന്നാലും താങ്കളുടെ റിവ്യൂ കുറച്ചു കൂടിപോയി. തുടക്കം മുതല്‍ ഒരു പരിഹാസത്തിന്റെ ധ്വനി ഉണ്ടായിരുന്നു. കുറച്ചൊക്കെ ഒരു പ്രോത്സാഹനം ആവാമായിരുന്നു. നല്ല ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്ത ആരും മലയാളത്തില്‍ ഇല്ല. നാല് ഫ്ലോപ്‌ ഒരു ഹിറ്റ്‌ എന്നാണ് പല മുന്‍നിര സംവിധായകരുടെ കണക്ക്. പിന്നെ അടൂരിനെ പോലെയുള്ള സംവിധായകര്‍ നല്ല സിനിമ എടുക്കുന്നു എന്ന് അവാര്‍ഡ്‌ കമ്മിറ്റിയും, താങ്കളെ പോലെയുള്ള ബുദ്ധിജീവി നിരൂപകരും പറയുന്നതല്ലാതെ സാധാരണകാരായ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും അങ്ങിനെ തോന്നിയിട്ടില്ല. അതല്ല മലയാള സിനിമ അത്ര അധപധിക്കുന്നു എന്ന് തോന്നുകയാണെങ്കില്‍ താങ്കള്‍ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുന്നതാവും നല്ലത്. കുറ്റങ്ങളും കുറവുകളും ഒന്നുമില്ലാത്ത സിനിമ. ആ സിനിമയ്ക്കു നമ്മുക്ക് 10 ഇല്‍ 10 മാര്‍ക്ക്‌ ചലച്ചിത്ര വിശേഷം ബ്ലോഗിലുടെ തന്നെ കൊടുക്കാം എന്താ ??
  - വിനയപൂര്‍വ്വം
  ഒരു സാധാരണ സിനിമ ആസ്വാദകന്‍

  ReplyDelete
 4. @ Suraj K,
  വൈകിയുള്ള വായനയ്ക്ക് പ്രത്യേകം നന്ദി. എല്ലാ വിശേഷങ്ങളും എഴുതുന്നതു പോലെയേ ‘അപൂര്‍വ്വ’യെക്കുറിച്ചും എഴുതിയിട്ടുള്ളൂ. പ്രത്യേകിച്ചൊരു പരിഹാസം ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ ബുദ്ധിജീവി നിരൂപകനാണെന്ന് (ഇതൊക്കെ നിരൂപണമായി കൂട്ടിയതു തന്നെ കടന്നുപോയി!) അധികമാരും പറയുമെന്നു കരുതുന്നില്ല. അടൂരും അദ്ദേഹത്തെപ്പോലെയുമുള്ള സംവിധായകര്‍ എടുക്കുന്ന ചിത്രമെല്ലാം നന്നെന്ന് ചിത്രവിശേഷത്തില്‍ പറഞ്ഞിട്ടില്ല. പിന്നെ സൂരജെന്താണ് അങ്ങിനെ കരുതിയതെന്ന് മനസിലായില്ല. വിശേഷത്തില്‍ പറഞ്ഞതുപോലെ “പ്രായം പതിനെട്ടായാലും, അറുപത്തിയെട്ടായാലും ചിത്രം നന്നോ എന്നതുമാത്രമാണ് പ്രേക്ഷകന് വിഷയം”.

  അമ്മ ആഹാരം വെച്ചു വിളമ്പുമ്പോള്‍ സ്വാദില്ലെന്നു ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഉടനെ അമ്മ എങ്കില്‍ നീ തന്നെയങ്ങുണ്ടാക്കി നല്ല സ്വാദെന്നു പറഞ്ഞോളാന്‍ പറഞ്ഞാല്‍ എനിക്കു മറുപടിയുണ്ടാവുമോ? :-)
  --

  ReplyDelete
 5. "തട്ടികൂട്ടു കഥയും, കോമാളിതരങ്ങലുമോക്കെയായി മാസലചിത്രങ്ങള്‍ പടച്ചുവിടാനനെന്കില്‍; നിതിനെന്ന പേരില്‍ മറ്റൊരു സംവിധയകനെകൂടി മലയാളസിനിമയ്ക്കു ആവശ്യമുണ്ടെന്നു തോന്നുനില്ല "താങ്കളുടെ പോസ്റ്റിലെ അവസാന വരി ആണ് എന്നെ അങ്ങിനെ പറയാന്‍ പ്രേരിപിച്ചത്‌..... അമ്മ വച്ച തീയല്‍ നന്നായില്ല എന്നുവെച്ച്‌ അമ്മയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല എന്ന് പറയുന്നത് പോലെ അല്ലെ ഇതും....

  ആ പയ്യന്‍ ഇനിയും സിനിമ ഉണ്ടാക്കട്ടെ തട്ടികൂട്ടുകല്‍കിടയില്‍ നല്ല സിനിമ എങ്കിലും നമുക്ക് പ്രതീക്ഷിക്കാം....

  ReplyDelete
 6. " അമ്മ വച്ച തീയല്‍ നന്നായില്ല എന്നുവെച്ച്‌ അമ്മയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല എന്ന് പറയുന്നത് പോലെ അല്ലെ ഇതും.... " - അല്ലല്ലോ... ഇനി തീയല്‍ വെക്കേണ്ട എന്നു പറയുന്നതുപോലെയാണ്.
  --

  ReplyDelete