വെറുതേ ഒരു ഭാര്യ (Veruthe Oru Bharya)

Published on: 8/11/2008 09:00:00 PM
Veruthe Oru Bharya - Malayalam Film Directed by Akku Akbar. Starring Jayaram, Gopika, Innocent, Madhu Varier, Suraj Venjarammoodu, Sona Nair.
മലയാളസിനിമയിൽ ജയറാം സിനിമകൾക്ക് ഒരു പ്രത്യേക സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. ‘മഴവിൽക്കാവടി’യും, ‘പെരുവണ്ണാപുരത്തെ വിശേഷങ്ങളും’, ‘മേലേപ്പറമ്പിൽ ആൺ‍വീടും’ പോലെയുള്ള സിനിമകളാണ് ‘ജയറാമിന്റെ സിനിമ’ എന്നു പറയുമ്പോൾ മലയാളി ഓർക്കുക. എന്നാൽ, എന്ന് ജയറാം തന്റെ സ്ഥിരം ശൈലിയോട് വിട പറഞ്ഞോ, അന്നു മുതൽ അദ്ദേഹത്തിന്റെ ഗ്രാഫ് താഴേക്കാണ്. ‘കനകസിംഹാസനം’, ‘അഞ്ചിലൊരാൾ അർജ്ജുനൻ’, ‘സൂര്യൻ’ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകരെ ജയറാമിൽ നിന്നുമകറ്റി. എന്നാൽ ഒരു നല്ല തിരിച്ചു വരവാണ് അക്കു അക്ബർ സം‍വിധാനം ചെയ്തിരിക്കുന്ന ‘വെറുതേ ഒരു ഭാര്യ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം നടത്തിയിരിക്കുന്നത്. ഗോപികയാണ് നായികയുടെ സ്ഥാനത്ത്. കെ. ഗിരീഷ് കുമാർ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്ന ഈ ചിത്രം സലാവുദ്ദീൻ നിർമ്മിച്ചിരിക്കുന്നു.

ഭാര്യ തന്റെ കാര്യങ്ങളെല്ലാം വേണ്ടും വണ്ണം ശ്രദ്ധിക്കണം, വീട്ടുകാര്യങ്ങളെല്ലാം നോക്കണം; എന്നാൽ ഭാര്യയ്ക്കെന്താണ് വീട്ടിലിത്ര ജോലി എന്നിടക്കിടെ ചോദിക്കുകയും ചെയ്യും. ഈ രീതിയിലുള്ള ഒരു സാധാരണ ഭർത്താവാണ് സുഗുണൻ(ജയറാം). ഇലക്ട്രിസിറ്റി ബോർഡിൽ ഓവർ സിയറായി ജോലി. തന്റെ ഭർത്താവിന്റെ ഇഷ്ടത്തിനൊത്ത് കഴിയുന്നതും പെരുമാറുവാൻ ശ്രദ്ധിക്കുന്ന ഭാര്യയാണ് ബിന്ദു(ഗോപിക). എന്നാൽ എന്തിനും ഒരു പരിധിയുണ്ടല്ലോ! സുഗുണന്റെ പ്രവർത്തികളിൽ മനം‍മടുത്ത്, ക്ഷമയുടെ നെല്ലിപ്പലക കാണുന്ന ബിന്ദു, സുഗുണനെ വിട്ട് സ്വന്തം വീട്ടിൽ പോയി താമസിക്കുന്നു. ഇതോടെ വളരെ സന്തോഷത്തോടെ പൊയ്ക്കൊണ്ടിരുന്ന സുഗുണന്റെ ജീവിതം താറുമാറാവുന്നു. തുടർന്നുള്ള പ്രശ്നങ്ങളാണ് സിനിമയ്ക്ക് ആധാരം.

ചിത്രത്തിന്റെ മികവിന് ആദ്യം പ്രശംസിക്കേണ്ടത് തിരക്കഥ തയ്യാറാക്കിയ കെ. ഗിരീഷ് കുമാറിനെയാണ്. വളരെ നന്നായി കഥയെ, സിനിമയ്ക്കായി അദ്ദേഹം ഒരുക്കിയെടുത്തിരിക്കുന്നു. സംഭാഷണവും നന്ന്. സം‍വിധായകനാണ് അടുത്തതായി പ്രശംസ അർഹിക്കുന്നത്. അഭിനേതാക്കളെ വേണ്ടും വണ്ണം ഉപയോഗിച്ച്, ഓരോ രംഗവും മികച്ചതാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഥാപാത്രങ്ങളായെത്തിയ അഭിനേതാക്കളും ചിത്രത്തിന്റെ മികവിന് കാരണകാർ തന്നെ. നായകനിലോ, നായികയിലോ കേന്ദ്രീകരിച്ചല്ല ഈ ചിത്രം മുന്നോട്ടു പോവുന്നത്. ഇരുവർക്കും തുല്യപ്രാധാന്യമാണ്‌ ചിത്രത്തിൽ. സാധുവായ ഒരു വീട്ടമ്മയായി ഗോപിക അറിഞ്ഞഭിനയിച്ചിട്ടുണ്ട്. സുഗുണനെ ജയറാമും സ്വാഭാവികതയോടെ അവതരിപ്പിച്ചു. എന്നാൽ സുഗുണന് മനോനില നഷ്ടമാവുന്ന ഭാഗങ്ങൾ കുറച്ചുകൂടി വിശ്വസിനീയമാക്കാമായിരുന്നു. ഈ ഭാഗം അല്പം കല്ലുകടിയായി അനുഭവപ്പെട്ടതിൽ, നടനോടൊപ്പം തിരക്കഥാകൃത്തിനും, സം‍വിധായകനും പങ്കുണ്ട്. അനാവശ്യമായി വില്ലന്മാരും, സംഘട്ടന രംഗങ്ങളും കഥയിൽ വരുന്നില്ല എന്നതും ചിത്രത്തിന്റെ മറ്റൊരു ഗുണമായി പറയാം.

വയലാർ ശരത്ചന്ദ്രവർമ്മ എഴുതി, ശ്യാം ധർമ്മൻ സംഗീതം നൽകിയിരിക്കുന്ന ഗാനങ്ങൾ ആസ്വാദ്യകരമാണ്. “ഓംകാരം ശംഖിൽ ചേരുമ്പോൾ...” എന്ന ടൈറ്റിൽ ഗാനം നന്നായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഭാര്യയുടെ ഒരു ദിവസം, തുടക്കം മുതൽ ഒടുക്കം വരെയാണ് ഈ ഗാനത്തിൽ കാണിച്ചിരിക്കുന്നത്. “മഞ്ഞിൽ കുളിക്കും രാവേറെയായ്...” എന്ന ഗാനവും വെറുതെയല്ല ചിത്രത്തിൽ ചേർത്തിരിക്കുന്നത്. ബിന്ദുവിന്റെ പിണക്കം മാറ്റുവാനുള്ള സുഗുണന്റെ പരാക്രമങ്ങളാണ് ഇതിൽ. പക്ഷെ, കുറച്ചുകൂടി നന്നായി ഈ ഗാനം ആലപിക്കാമായിരുന്നു എന്നു തോന്നി. ഈ ഗാനത്തിന്റെ ഒടുക്കത്തോടെ, അതുവരെ രസകരമായി പറഞ്ഞുപോയ സിനിമയുടെ ഭാവം മാറുകയാണ്. സുരാജ് വെഞ്ഞാറമ്മൂട്, ശിവാജി ഗുരുവായൂർ തുടങ്ങിയവരൊക്കെ ചേർന്നുള്ള നർമ്മ രംഗങ്ങളും നന്നായി. ഈ രംഗങ്ങളൊക്കെയും സ്വാഭാവികമായി വരുന്നതാണ്, ഏച്ചുകെട്ടൽ അനുഭവപ്പെടില്ല എന്നത് ഇവ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. സുഗുണന്റേയും, ബിന്ദുവിന്റേയും മകളായ അഞ്ജനയെ അവതരിപ്പിച്ച നിവേദിതയും നന്നായിരുന്നു. കുട്ടികളുടെ വായിൽ കൊള്ളാത്ത സംസാരമോ, അമിതപ്രകടനങ്ങളോ ഉണ്ടായില്ല എന്നത് ആശ്വാസമായി. ഇന്നസെന്റ്, മധു വാര്യർ, സോന നായർ എന്നിവരും ചിത്രത്തിലുണ്ട്. റഹ്മാൻ, ഗണേഷ് കുമാർ എന്നിവർ രണ്ട് ചെറിയ വേഷങ്ങളിലെത്തുന്നു. അവരവരുടെ കഥാപാത്രങ്ങൾ ഇവരോരോരുത്തരും നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

ഗോപിക അഭിനയം നിർത്തിയെങ്കിൽ, ഒരു നല്ല നടിയെക്കൂടി മലയാളസിനിമയ്ക്ക് നഷ്ടമായെന്ന് ഈ സിനിമ ഓർമ്മപ്പെടുത്തുന്നു. അഭിനയസാധ്യതയുള്ള വളരെയേറെ കഥാപാത്രങ്ങളൊന്നും ഗോപികയ്ക്ക് മലയാളത്തിൽ ലഭിച്ചിട്ടില്ല. അങ്ങിനെ നോക്കുമ്പോൾ, തന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മലയാളസിനിമയോട് വിടപറയുന്നതെന്ന് ഗോപികയ്ക്ക് അഭിമാനിക്കാം. കുടുംബപ്രേക്ഷകരെ തീർച്ചയായും ഈ സിനിമ ആകർഷിക്കും. ജയറാമിനോട് പ്രേക്ഷകർക്കുള്ള അകൽച മാറുവാനും ഈ സിനിമ സഹായകകരമാവുമെന്നു കരുതാം. സിനിമ പ്രേക്ഷകർക്കു മുൻപിൽ ഉയർത്തുന്ന ചോദ്യങ്ങളും പ്രസക്തമാണ്. കുടുംബജീവിതം നയിക്കുന്ന ഓരോ മലയാളിക്കും, സ്വയമൊന്ന് തിരിഞ്ഞു നോക്കുവാനുള്ള അവസരവുമാണ് ഈ സിനിമ. ‘വെറുതേ ഒരു ഭാര്യ’ എന്നതിൽ നിന്നും ‘വെറുതേ അല്ല ഭാര്യ’ എന്ന സിനിമയുടെ ലക്ഷ്യത്തിലേക്ക് വളരെ നന്നായി പ്രേക്ഷകരെ കൊണ്ടെത്തിച്ചു എന്നിടത്താണ് ചിത്രം വിജയിക്കുന്നത്. അവാർഡ് സിനിമകളുടെ ജാടകളില്ലാത്ത ഇത്തരം സിനിമകൾ മലയാളികൾക്ക് വലിയൊരു ആശ്വാസം തന്നെയാണ്.

Description: Veruthe Oru Bharya - Malayalam movie directed by Akku Akbar. Story, screenplay, dialogues by K. Gireesh Kumar. Produced by Salahudeen. Starring Jayaram, Gopika, Innocent, Suraj Venjarammoodu, Madhu Varier, Sona Nair, Ganesh Kumar, Rahman. Malayalam Movie/Cinema/Film review by Hareesh N. Nampootihri aka Haree | ഹരീ. August - 2008 Release.
--

10 comments :

 1. ജയറാം - ഗോപിക എന്നിവരൊന്നിക്കുന്ന, അക്കു അക്ബറിന്റെ സം‍വിധാനത്തിലുള്ള ‘വെറുതേ ഒരു ഭാര്യ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  സമകാലീന മലയാളം സിനിമകളില്‍ ഏറ്റവും മികച്ചത്? - പോൾ തുടരുന്നു. അഭിപ്രായം രേഖപ്പെടുത്തുമല്ലോ...
  --

  ReplyDelete
 2. നല്ല ന്യൂസ് ഹരി. ഇന്നലെ ‘വീണ്ടും ചില വീട്ടുക്കാര്യങ്ങള്‍‘ കാണുമ്പോള്‍ ജയറാമിനെ പോയകാലത്തെ പറ്റി ആലോചിച്ചതേ ഉള്ളൂ... എനിക്ക് ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്ന ചിത്രമായിരുന്നു ഇത്... എന്തായാലും കണ്ടീട്ട് കൂടുതല്‍ പറയാം.

  പോളില്‍ പങ്കെടുക്കണമെന്നുണ്ടെങ്കിലും സമീപകാലചിത്രങ്ങളില്‍ മാടമ്പി മാത്രമേ കാണാന്‍ പറ്റിയുള്ളൂ എന്നതിനാല്‍ മാറി നില്‍കുന്നു.

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete
 3. എന്റമ്മോ 6.5 :O ഏത് കാറ്റഗറിയിലാ മൂവീടെ മാര്‍ക്ക്? ജെനറല്‍? ഇന്റലക്ച്വല്‍? പൊടിക്കുപ്പി?

  ReplyDelete
 4. Haree,

  Jayaram oru nalla cinemayil abhinayichu kanan kathirnna oru prekhsakananu njaanum. Athratholam avoid cheyyapedenda nadanalla addeham. I think Akku Akbar's & Gireesh's name can be added to the list of good directors and screen play writers of Malayalam film industry.
  I have watched only Madabi. Let me watch the other movies to participate in the poll.

  ReplyDelete
 5. വളരെ നല്ല ചിത്രം. ഈ സമീപ കാലത്ത്‌ കണ്ട ഏറ്റവും നല്ല ചിത്രം എന്നു തന്നെ പറയാം. ചെറിയ കഥയെ മനോഹരമായി പറഞ്ഞിരിക്കുന്നു. ജയറാമിന്‌ നല്ലൊരു തിരിച്ചു വരവ്‌, ഗോപികയ്ക്ക്‌ നല്ലൊരു വിടവാങ്ങല്‍... മുഴുവന്‍ മാറ്‍ക്കും, സംവിധായകനും തിരക്കഥാകൃത്തിനും.... പിന്നെ ഹരിയോടായി.... ഈ റേറ്റിംഗ്‌ കുറവാണ്‌.... തീരെക്കുറവ്‌.... ഒരു 7.5/8 കൊടുക്കാമയിരുന്നു....

  ReplyDelete
 6. @ ദൃശ്യന്‍ | Drishyan,
  ചിത്രം കാണുന്നില്ലേ? കണ്ടതിനു ശേഷം ‘സിനിമാക്കാഴ്ച’യിൽ ഒരു പോസ്റ്റുമിടൂ...

  @ പൊടിക്കുപ്പി,
  :-) ജെനറൽ! ഇന്റലക്ച്വൽ (2.5), പൊടിക്കുപ്പി (4.5)... :-D

  @ dreamer,
  നല്ല സിനിമകളിൽ, നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചാൽ ജയറാം അവഗണിക്കപ്പെടുകയില്ല എന്നു തോന്നുന്നു.

  @ ജയകൃഷ്ണൻ,
  :‍-) റേറ്റിംഗ് കൂടുതൽ നൽകാമായിരുന്നു, ആ മാനസികപ്രശ്നം ഉണ്ടാവുന്ന ഭാഗങ്ങൾ കൂടുതൽ വിശ്വസിനീയമായി പറഞ്ഞിരുന്നെങ്കിൽ. ആ ഭാഗം എനിക്ക് കല്ലുകടിയായാണ് അനുഭവപ്പെട്ടത്.
  --

  ReplyDelete
 7. ഞാനും കണ്ടു.. ഇഷ്ടമായി..

  ഏറ്റവും പുറകിലെ നിരയിലിരുന്ന്.. ലൈറ്റ് തെളിഞ്ഞപ്പൊഴൊക്കെ ആണുങ്ങളെ കുറെ വായില്‍ നോക്കി.. കാരണം അവരുടെ മുഖത്തൊക്കെ ഒരു ചെറിയ ചമ്മല്‍ ഉണ്ടൊന്ന് ഒന്നു അന്വെഷിച്ചതാ..

  ഈ പടം എന്തായാലും കാണണം എന്നു വിചാരിച്ചിരുന്നു.. അതാ ഈ വഴി വരാന്‍ വൈകിയെ.. (ഞായറഴ്ച ഒത്തുകിട്ടണ്ടെ)

  ReplyDelete
 8. ഹരീ... അതിലെനിക്ക്‌ അവിശ്വസനീയത തോന്നിയില്ല. ഏതൊരു മനോരോഗിയും പ്രവറ്‍ത്തിക്കുന്നതു പോലെയെ സുഗുണനും ചെയ്യുന്നുള്ളു. അയാളുടെ പ്രമാണങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട്‌, അയാളുടെ മകളെ സംരസ്ക്ഷിക്കുവാനൊരു ശ്രമം.... അത്ര മാത്രം.... അതില്‍ ഹരി കണ്ട അവിശ്വസനീയത മാത്രം മനസ്സിലായില്ല..... :(

  ReplyDelete
 9. All the chillu letters are not getting displayed in my browser (Firefox 3.0). It shows an Registered R symbol (an 'R' inside a circle) instead of the actual letter.

  ReplyDelete
 10. @ ഇട്ടിമാളു,
  :-) ഹ ഹ ഹ... കെട്ടിയ ആണുങ്ങളെയാണോ, കെട്ടാത്തവരെയാണോ നോക്കിയേ?

  @ ജയകൃഷ്ണൻ,
  :-) അതോരുത്തർക്കും തോന്നുന്നതല്ലേ!

  @ sameer c thiruthikad,
  ചില്ലിന് പ്രശ്നമൊന്നുമില്ല. അഞ്ജലി ഓൾഡ് ലിപി, പഴയ വേർഷൻ ഉപയോഗിക്കുന്നതാണ് പ്രശ്നം. പുതിയ വേർഷൻ ഇവിടെ നിന്നും ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യൂ. ഈ പ്രശ്നം പരിഹരിക്കപ്പെടും
  --

  ReplyDelete