
ഉണ്ണികൃഷ്ണന് ബി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ‘മാടമ്പി’. ‘സ്മാര്‍ട്ട് സിറ്റി’യെന്ന പ്രഥമചിത്രത്തിലൂടെ വ്യത്യസ്തമായി കഥപറയാന്‍ തനിക്കാവുമെന്നു തെളിയിച്ച സംവിധായകനാണ് ഉണ്ണികൃഷ്ണന്. മോഹന്‍ലാല്‍, കാവ്യ മാധവന് എന്നിവര്‍ നായികാനായകന്മാരാവുന്നു ഈ ചിത്രത്തില്‍. ‘പ്രണയകാലം’ എന്ന ചിത്രത്തിലൂടെയും, ‘അഞ്ചാതെ’ എന്ന തമിഴ് ചിത്രത്തിലൂടെയും ശ്രദ്ധേയനായ അജ്മല്‍ അമീറും ചിത്രത്തിലുണ്ട്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബി.സി. ജോഷി. മീശപിരിച്ചു തുടങ്ങുന്ന കാലത്തിനു മുന്‍പുണ്ടായിരുന്ന, കുടുംബസദസ്സുകള്‍ക്ക് പ്രിയങ്കരനായ, മോഹന്ലാലിക്കുള്ള തിരിച്ചുപോക്കായി കാണാം ചിത്രത്തിലെ ഗോപാലകൃഷ്ണ പിള്ളയെ.
പരിഷ്കാരമെത്തുവാന് മടിച്ചു നില്ക്കുന്ന ഇലവട്ടം എന്നൊരു ഗ്രാമം. അവിടുത്തെ നല്ലവനായ പലിശക്കാരനാണ് ബ്ലേഡ് ഗോപാലകൃഷ്ണനെന്നു വിളിപ്പേരുള്ള പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണ പിള്ള (മോഹന്‍ലാല്‍). ബാങ്ക് പലിശ മാത്രമീടാക്കി പണം കടം നല്‍കുകയും, നിക്ഷേപം സ്വീകരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു മിനി ബാങ്കാണ് ഗോപാലകൃഷ്ണനെന്നു പറയാം. സര്‍വ്വതും ധൂര്‍ത്തടിച്ചു കളഞ്ഞ അച്ഛന്റെ (സായികുമാര്‍) കടങ്ങള്‍ വീട്ടിക്കഴിഞ്ഞു മിച്ചമായ ഒരു ആനയില്‍ നിന്നുമാണ് ഗോപാലകൃഷ്ണന് തുടങ്ങിയത്. സഹായത്തിന് കരയോഗം പ്രസിഡന്റായ ദിവാകരന് നായരും (ഇന്നസെന്റ്), വക്കീല്‍ മോഹന്‍കുമാറും (ജഗതി ശ്രീകുമാര്‍) മറ്റുമുണ്ട്. പണത്തെക്കുറിച്ചു മാത്രം വിചാരിക്കുന്ന ഗോപാലകൃഷ്ണന്; വീട്ടില്‍ അമ്മയ്ക്കും (കെ.പി.എ.സി. ലളിത), അനിയന് രാമകൃഷ്ണനും (അജ്മല്‍) അനഭിമതനാണ്. അച്ഛന്റെയൊപ്പം നിന്ന് സമ്പത്തുമുഴുവന്‍ കൈക്കലാക്കിയ പരമേശ്വരന് നായരും (വി.കെ. ശ്രീരാമന്), മക്കളും (സിദ്ദിഖ്, വിജയകുമാര്‍, കിരണ്‍ രാജ്); തുടര്‍ച്ചയായി ഗോപാലകൃഷ്ണനു തലവേദനയാവുന്നു. ഇതിനിടയില്‍ പുതുതലമുറയില്‍ പെട്ട ഒരു ബാങ്കിന്റെ മാനേജര്‍ ജയലക്ഷ്മി (കാവ്യ മാധവന്), ഇലവട്ടത്തില്‍ ബാങ്കിന്റെ ഒരു ശാഖ ആരംഭിക്കുവാന്‍ ശ്രമമാരംഭിക്കുന്നു.
സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ ഇലവട്ടത്തെയും, ഗോപാലകൃഷ്ണ പിള്ളയേയും പരിചയപ്പെടുത്തലും; പുതുമയുള്ള ടൈറ്റില്‍ ആനിമേഷനും; കൈയ്യടിച്ചു പോവുന്ന സംഭാഷണങ്ങളും; ഏച്ചുകെട്ടല്‍ തോന്നിക്കാത്ത നര്മ്മരംഗങ്ങളുമൊക്കെ ചേര്‍ത്ത് ഒരു മികച്ച തുടക്കം നല്കുവാന് തിരക്കഥാകൃത്തുകൂടിയായ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. കുറച്ചു സമയത്തിനുള്ളില്‍ തന്നെ ചിത്രത്തോടൊരിഷ്ടം പ്രേക്ഷകനു തോന്നുകയും ചെയ്യും. തന്റെ ശരികളിലൂടെ സഞ്ചരിക്കുന്ന, നേരേ പോ-നേരേ വാ സ്വാഭാവക്കാരനായ, മറ്റുള്ളവരെ കഴിവതും ബുദ്ധിമുട്ടിക്കാത്ത, ചെയ്യുന്നതിനോട് അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തുന്ന, മനസില്‍ നന്മമാത്രമുള്ള ബ്ലേഡ് ഗോപാലകൃഷ്ണനെ മോഹന്‍ലാല്‍ വളരെ നന്നായി ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. നായികയായെത്തിയ കാവ്യ മാധവന് ചിത്രത്തില്‍ ഒന്നും ചെയ്യുവാനില്ല. കഥയില്‍ ഒരു സ്വാധീനവുമില്ലാത്ത ഈ കഥാപാത്രം ത്രിശങ്കു സ്വര്‍ഗത്തിലെന്ന പോലെയായിപ്പോയി. നിഷ്കളങ്കത്വവും, വില്ലത്തരവും ഒരുപോലെ പ്രകടിപ്പിക്കുവാന്‍ കഴിവുള്ള അജ്മല്‍ അമീര്‍; അനിയന് രാമകൃഷ്ണനെ തെറ്റില്ലാതെ അവതരിപ്പിച്ചു. എന്നാല്‍ രാമകൃഷ്ണന്റെ പങ്കാളി ശ്യാമളയായെത്തുന്ന മല്ലിക കപൂര്‍, പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നിട്ടു കൂടി, കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍ അഭിനയിക്കുന്നതില്‍ പരാജയപ്പെട്ടു.
ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സുറാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന നര്മ്മരംഗങ്ങള് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കും. കാഴ്ചയില്‍ വ്യത്യസ്തതയുണ്ടെങ്കിലും, സിദ്ദിഖിന്റെ ഒരേ ശൈലിയിലുള്ള വില്ലന്‍ വേഷങ്ങള്‍ മടുത്തു തുടങ്ങിയിരിക്കുന്നു. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച വി.കെ.ശ്രീരാമന്, കെ.പി.എ.സി. ലളിത, സായികുമാര്‍, എം.ആര്. ഗോപകുമാര്‍, വിജയകുമാര്‍, കിരണ്‍ രാജ് തുടങ്ങിയവരെല്ലാവരും, അവരവരുടേതായ രീതിയില്‍ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരി, അനില്‍ പനച്ചൂരാന് എന്നിവര്‍ എഴുതി; എം. ജയചന്ദ്രന് സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായി. “കല്യാണക്കച്ചേരി പാടാമെടീ...”, “എന്റെ ശാരികേ! പറയാതെ പോകയോ?” എന്ന ആദ്യരണ്ടു ഗാനങ്ങളും വളരെ നന്ന്. അവ ചിത്രത്തോട് നന്നായി ഇണങ്ങുന്നുമുണ്ട്. അവസാന ഗാനമായ “അമ്മ മഴക്കാറിനും കണ്‍നിറഞ്ഞു...” ഒഴിവാക്കാമായിരുന്നു. പുതു ക്യാമറാമാന് വിജയ് ഉല്കനാഥ് രംഗങ്ങളെ വളരെ ആകര്‍ഷകമായി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. ഒട്ടും മടുപ്പു തോന്നിപ്പിക്കാതെ കഥ മുഴുവന്‍ പറഞ്ഞു തീര്‍ക്കുവാന്‍ സംവിധായകനു കഴിഞ്ഞതില്‍, ചിത്രസംയോജകനുള്ള പങ്കും ചെറുതല്ല.
അച്ഛന്റെ ധൂര്‍ത്ത്, കുട്ടിയായിരിക്കുമ്പോള്‍ തന്നെ കുടുംബഭാരം പേറേണ്ടിവരുന്ന മകന്, അവന്റെ സ്വപ്രയത്നത്താലുള്ള വളര്‍ച്ച, സ്വാഭാവികമായും ഉള്ള എതിരാളികള്‍... ഇങ്ങിനെ മലയാളികള്‍ അനേകം തവണ കണ്ടുകഴിഞ്ഞ പ്രമേയം തന്നെയാണ് ഇതിന്റേയും. സിനിമയുടെ അവസാനത്തിനും, കാര്യമായ പുതുമയൊന്നും അവകാശപ്പെടുവാനില്ല. എന്നിരുന്നാലും; പുതിയകുപ്പിയില്‍, നിറമൊന്നു വ്യത്യാസപ്പെടുത്തി ഇറക്കിയിരിക്കുന്ന ഈ പഴയ വീഞ്ഞ് വിറ്റുപോകുമെന്നു തന്നെ കരുതണം. തെറ്റുകുറ്റങ്ങളും, പോരായ്മകളും, യുക്തിരാഹിത്യങ്ങളും ചൂണ്ടിക്കാണിക്കുവാന്‍ ഏറെയുണ്ടാവാമെങ്കിലും; സിനിമകഴിഞ്ഞിറങ്ങുന്ന പ്രേക്ഷകര്‍ക്ക് നിരാശ തോന്നില്ല എന്നതുറപ്പ്. ആരാധകരേയും, ആരാധന തലക്കുപിടിക്കാത്ത സാധാരണക്കാരേയും തൃപ്തിപ്പെടുത്തുന്ന ഈ ചിത്രം രണ്ടായിരത്തിയെട്ടിലെ, വിശേഷാല്‍ മോഹന്‍ലാലിന്റെ, വിജയചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടുവാനാണ് സാധ്യത.
Description: Madambi (Madampi) Film/Movie/Cinema Review by Hareesh N. Nampoothiri aka Haree | ഹരീ: Starring Mohanlal, Kavya Madhavan, Ajmal, Mallika Kapoor, K.P.A.C. Lalitha, SaiKumar, Innocent, Jagathy Sreekumar, Suraj Venjarammoodu, Siddique, V.K. Sreeraman, M.R. Gopakumar, Madhu. Story, Screenlay, Dialogue, Direction by B. Unnikrishnan. Camera by Vijay Ulkanath. Produced by B.C. Joshy. Lyrics by Gireesh Puthencheri and Anil Panachooran. Music by M. Jayachandran. Malayaam Film. July Release 2008.
--
മോഹന്‍ലാല്‍, കാവ്യ മാധവന്, അജ്മല്‍ അമീര്‍ തുടങ്ങിയവരെ അണിനിരത്തി ബി. ഉണ്ണികൃഷ്ണന് ഒരുക്കിയിരിക്കുന്ന ‘മാടമ്പി’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഹരീ,എന്തു പറ്റി?മോഹന്‍ലാല്‍ സിനിമയെ കുറിച്ചു നല്ലതു പറഞ്ഞിരിക്കുന്നു... :)
ReplyDeleteനല്ല റിവ്യൂ ഹരീ.പിന്നെ ഈ അവസാനം നെഗറ്റീവ് പറയുന്ന പാരഗ്രാഫ്,നെഗറ്റീവ് പറയാന്‍ വേണ്ടി പറഞ്ഞേക്കുന്നതാണോ എന്നു തോന്നി...
ആലപ്പുഴ വീരയ്യയില്‍ റിലീസിങ്ങിന്റെ അന്നു തന്നെ ഇടിച്ചു കേറി ടിക്കറ്റെടുത്തത് മോഹന്‍ലാലിന്റെ ഈ പടമെങ്കിലും നന്നാവുമെന്ന് വിചാരിച്ചാണ്.
ReplyDeleteഇത്രയും ബോറാകുമെന്ന് വിചാരിച്ചില്ല. ഹരി പറഞ്ഞ പോലെ പുതിയ കുപ്പിയില്‍ പഴയ എണ്ണ. വല്ലാതെ വലിച്ചു നീട്ടിയ തിരക്കഥ..പ്രെഡിക്റ്റ് ചെയ്യാവുന്ന ക്ലൈമാക്സ്....
സുരാജ് വെഞ്ഞാറമൂടിനെ ജൂനിയര്‍ വടിവേലെന്നു വിളിക്കേണ്ടി വരുമെന്നു തോന്നുന്നു. വളിപ്പുകള്‍ക്ക് മാത്രം.
ദ്വയാര്‍ത്ഥമുള്ള ചില ഡയലോഗുകള്‍ മലയാള സിനിമാലോകത്തുള്ള ശീതസമരങ്ങളുടെ ഭാഗമല്ലേ എന്നൊരു സംശയം..
ഉദാ: മാടമ്പിക്കു മേലേ “പരുന്തും” പറക്കില്ല
കാവ്യക്ക് വേറേ പടമൊന്നും ഇല്ലെന്നു തോന്നുന്നു. അല്ലെങ്കില്‍ ഇത്രയും അപ്രധാനമായ ഒരു വേഷം ചെയ്യുമായിരുന്നില്ല.
ഇതിന് “ആറര“ ഒരു അതികപറ്റുതന്നെ. എന്തടിസ്ഥാനമെന്നു മനസിലാകുന്നില്ല. പോസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ പോസ്റ്റുന്നതുപോലെ സിനിമകളുടെ എണ്ണം കൂട്ടാന്‍ മാത്രമായൊരു സിനിമ.
വേണേല്‍ ഒരു ഒന്ന്-ഒന്നര കൊടുക്കാം :)
ഹരീ എന്നിട്ടും മാടമ്പിക്ക് പത്തില്‍ ആറര മാര്‍ക്കേ കൊടുത്തുള്ളൂ! ആറ് എന്നത് തിരിച്ചിട്ട് ഒമ്പത് ആക്കാമായിരുന്നു. -:)
ReplyDeleteപത്തനംതിട്ടയില്‍ ഇലവട്ടം എന്നൊരു സ്ഥലം ഇല്ല.ഒരു പക്ഷേ ഇലവുംതിട്ട ആയിരിക്കണം ഇലവട്ടം ആയത്.പ്രക്കാനം(1.5 കോടിയുടെ
ReplyDeleteസൂപ്പര്‍മാര്‍ക്കറ്റ്),ആറന്മുള,ഇലവുംതിട്ട സ്ഥലങ്ങള്‍ അടുത്ത്അടുത്ത് ആണ് ...കഥയുടെ തുടക്കത്തീല്‍ തേങ്ങകൂട്ടിയിട്ടിരിക്കൂന്ന മുറ്റത്ത് ക്ലൈമാക്സില്‍ റബ്ര്ഷീറ്റ് !!!!!!!!!!!അപ്പോഴായിരിക്കും റബറിനെക്കൂറിച്ച് ഓര്‍ത്തത്....
പഴയവീഞ്ഞെന്ന് പറയുമ്പോ അച്ഛന്റെ അവിഹിതം, തെറ്റിദ്ധരിക്കപ്പെടല്‍ ഇതൊക്കെ ഉണ്ടാവോ ആവോ!!
ReplyDeleteഒരു നല്ല പടംന്ന് ‘കേള്‍ക്കുമ്പോ‘ സന്തോഷം ഉണ്ട്. ബാക്കി കാണുമ്പോ പറയാം :P
@ മൃദുൽ,
ReplyDeleteഅങ്ങിനെ ഒരുദ്ദേശം എനിക്കില്ല. കണ്ടിരിക്കുവാന്‍ തോന്നി, ബോറടിപ്പിച്ചില്ല, രസിപ്പിക്കുകയും ചെയ്തു... അതുകൊണ്ട് നന്നെന്നു പറഞ്ഞു. അവസാന പാരഗ്രാഫില്‍ മാത്രമല്ലല്ലോ നെഗറ്റീവുകള്‍ പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും അവ പറയുവാന്‍ വേണ്ടി പറഞ്ഞിരിക്കുന്നതു തന്നെ; പക്ഷെ അവ സത്യമാണെന്നു മാത്രം!
@ ജിഹേഷ്,
ബോറടിയാണെന്ന് കരുതുവാന്‍ വയ്യ. ഈ സെഗ്മെന്റിലുള്ള ചിത്രങ്ങള്‍ (എന്റര്‍ടൈനര്‍ എന്നോ മറ്റോ) വെച്ചു നോക്കുമ്പോള്‍ ഭേദപ്പെട്ട ഒന്നാണെന്നു തന്നെയാണ് എന്റെ വിശ്വാസം. ആറര കൂടുതലായെന്നും തോന്നുന്നില്ല, ഈ വിഭാഗത്തില്‍ വരുമ്പോള്‍.
@ ഏറനാടന്‍,
അതെന്തേ അങ്ങിനെയൊരു ചോദ്യം?
@ തെക്കേടന്‍,
സിനിമയിലെ സ്ഥലം ശരിക്കും ഉള്ളതാവണമെന്നു നിര്‍ബന്ധമില്ലല്ലോ... അതെന്താ തുടക്കം തേങ്ങ, ഒടുക്കം റബ്ബര്‍ ഷീറ്റ്... അതിനെന്താ കുഴപ്പം?
@ പൊടിക്കുപ്പി,
പ്ലീസ് കണ്ട് ആ സന്തോഷം കളയല്ലേ... പൊടിക്കിത് ഇഷ്ടപ്പെടാന്‍ നോ ചാന്‍സ്. :P വളരെ മോശമായില്ല എന്നെങ്കിലും പറഞ്ഞു കേട്ടാല്‍ ഭാഗ്യം!
--
ഹരീ...
ReplyDeleteഹരിയുടെ റിവ്യുകള്‍ വായിക്കുന്നുണ്ടായിരുന്നു,കമന്റുകള്‍ ഇടാറില്ലെങ്കിലും. ഹരി റേറ്റിംഗ് നല്കിയ ചില ചിത്രങ്ങള്‍ ഈയിടെ കണ്ടു..
എന്റെ റേറ്റിംഗ് താഴെപ്പറയുന്നു.(ബ്രാക്കറ്റില്‍ ഹരി കൊടുത്തിരുന്നതും)
ശിവജി - 1.5 ( 6)
അഞ്ചാതെ -6 (5.5)
ഹലോ - 3 (7.5)
ഒരേ കടല്‍ - 6 (7.5)
കഥ പറയുമ്പോള്‍ -5 (5)
ഓം ശാന്തി-5 (6)
ചോക്ലേറ്റ് -4 (7)
അറബിക്കഥ-6(8)
ചോക്ലേറ്റിലെയോ,ശിവാജിയിലെയോ,ഹലോയിലെയോ ഏതെങ്കിലും രംഗങ്ങള്‍ പ്രേക്ഷകനു തിയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഓര്‍ത്തു വയ്ക്കാനോ ആസ്വദിക്കുവാനോ കഴിയുമോയെന്ന് എനിക്ക് സംശയമുണ്ട്.അതേ സമയം മികച്ച ചിത്രങ്ങളായ അഞ്ചാതെ,ഒരേ കടല്‍ എന്ന ചിത്രങ്ങള്‍ക്ക് നന്നായി റേറ്റിംഗ് കൊടുത്തിട്ടുമുണ്ട്.കോമഡി കാണിച്ചാല്‍ മാത്രം എന്റര്‍ടൈനര്‍ എന്ന നിലക്കാണോ ആദ്യം പറഞ്ഞ ചിത്രങ്ങള്‍ക്ക് റേറ്റിംഗ് ഉയര്‍ത്തിയത് ? കര്‍ത്താവേ മാടമ്പിക്കും അങ്ങനൊക്കെ ഓര്‍ത്താണോ 6.5 കൊടുത്തിരിക്കുന്നത് ?
ചില മുന്നറിയിപ്പുകള്‍ :-
1.ജയന് രാജന് എഴുത്ത് നിര്‍ത്തി,പടം പിടിക്കാന്‍ പോവുന്നു.ഹരിയുടെ ചിത്രവിശേഷത്തിനു ഉത്തരവാദിത്തം കൂടി എന്നര്‍ത്ഥം.ഡിപ്പെന്റബിലിറ്റി കൂടുതലാണാശാനേ.ചിലതിനൊക്കെ റേറ്റിംഗ് പൊക്കി ആശിപ്പിക്കരുത്..!
2.മാടമ്പിയുടെ ഡിവിഡി പുറത്തു വരുന്ന ഒരുകാലം ഉണ്ടെന്നോര്ക്കണേ,മുട്ടുകാല്,മുട്ടുകാത്സ്..:)
“ പാരഡൈസ് ബാാര്” .....ഹലോ കണ്ട രണ്ടു പെഗ്ഗ് അടിക്കുന്ന ആരായാലും ആ സീന്‍ ഓര്‍ക്കും. ശിവജിയിലെ ശ്രിയയുടെ ചന്തി ഇട്ടു വെട്ടിച്ചൊള്ള ഡാന്‍സ് മറക്കത്തില്ലല്ലൊ. ചോക്കളേറ്റിന്റെ കാര്യം അറിയില്ല. ഒരേ കടലിനു മൂന്നു മാര്‍ക്കില്‍ കൂടുതല്‍ കൊടുക്കാമെങ്കില്‍ ഏതു പടത്തിനും മിനിമം ഒരു ഏഴു കൊടുക്കാം.
ReplyDelete“ ഒരു പരുന്തും എനിക്കു മുകളില്‍ പറക്കില്ല. പറന്നാല്‍ ആ ചിറകു ഞാന്‍ അരിഞ്ഞിടും” - മാടമ്പി.
Hai..Hai..Vince maaman ethiyallo!!!!..Vivarakkedukalkku ini oru kshamavum undakilla...!!!!!
ReplyDeleteവിന്‍സേ,ലാലേട്ടന്റെ ആളായതു കാരണം ഒരു ചെറ്യേ ഉദാഹരണം,തൂവാനത്തുമ്പികളില്‍ അശോകനു പൂശാന്‍ മുട്ടിയിട്ട് (ലാലേട്ടന്റെ തന്നെ ഭാഷയില്‍ )പെങ്കൊച്ചിനേം,അശോകനേം ഹോട്ടല്‍ മുറിയിലാക്കി കതകടച്ചിട്ട് മോഹന്‍ ലാല്‍ പുറത്തിറങ്ങുമ്പോഴുള്ള ഒരു ക്ലോസപ്പ് ഷോട്ടുണ്ട്,പത്മരാജന് എന്താണതില്‍ നിന്നുദ്ദേശിച്ചതെന്ന് പറയാന്‍ പറ്റില്ല,പക്ഷേ ഒരു പ്രേക്ഷകനും ലാലിന്റെ ആ നോട്ടം മറക്കാന്‍ പറ്റുമോ എന്നു സംശയമുണ്ട്.അതു പോലെ തന്നെ അഞ്ചാതെ എന്ന സിനിമയില്‍ “ചപ്പെ“ എന്ന മുടന്തന്‍ വില്ലന്‍ വെടിയേറ്റു കിടക്കുമ്പോള്‍ അടുത്തേക്കോടി ചെല്ലാന്‍ ശ്രമിക്കുന്ന മകനെ അവസാനമായിനോക്കുന്ന ഒരു രംഗവും ( ഇതൊക്കെ വ്യക്തിപരമായ ടെയ്സ്റ്റാണേ മാഷെ ),ഇങ്ങനെയുള്ള ചില രംഗങ്ങളാണ് മുന്‍പത്തെ കമന്റില്‍ ഉദ്ദേശിച്ചത്..എല്ലാ തമിഴ് സിനിമയിലും സ്ഥിരമായി ചന്തി വെട്ടിക്കുലുക്കം ഉള്ളതു കാരണം ശ്രിയ ചന്തികുലുക്കുന്നതു കാണുന്നതില്‍ പ്രത്യേകത ഒന്നും തോന്നിയില്ല.ശ്രിയ എന്നത് പോലും തോന്നിയില്ല :)
ReplyDeleteചിരിപ്പടങ്ങളുടെ ഉസ്താദായിരുന്ന ലാലിന്റെ പടത്തില്‍ പാരഡൈസ് ബാറെന്ന ഇത്തിരിക്കുഞ്ഞന് കോമഡി ഓര്‍ത്തിരിക്കേണ്ട അവസ്ഥ തന്നെ ഫീകരം.അതു പോട്ടെ,ഈപ്പടത്തിലെങ്കിലും എന്തേലും ലങ്ങോര് അരിയാതെ വിടുമെന്നാ വിചാരിച്ചേ,അപ്പോ അതിനും രക്ഷയില്ലല്ലേ ?
@ കിരണ്‍സ്,
ReplyDelete:) തീര്‍ച്ചയായും ഓരോ ചിത്രവിശേഷം വായനക്കാരനും ഈ രീതിയില്‍ വിലയിരുത്തണമെന്നാണ് എന്റെ ആഗ്രഹം. ശിവജി, അഞ്ചാതെ, ഹലോ, ഒരേ കടല്‍ ഇവ നാലും ഒരേ മാനസികനിലവാരത്തില്‍ കാണുവാനോ വിലയിരുത്തുവാനോ സാധിക്കുകയില്ല. ഇവ നാലും നാലു രീതിയിലാണ് ഞാന്‍ കാണുന്നതും, റേറ്റിംഗ് നല്‍കുന്നതും. തമാശ, പാട്ടുകള്‍, അധികം ബോറടിപ്പിക്കാതെയുള്ള അവതരണം, നല്ല സംഭാഷണം, ചിത്രീകരണത്തിലുള്ള ഭംഗി; ഇവയൊക്കെ കൊണ്ട് ഒരു ചിത്രം ആസ്വാദ്യകരമായി തോന്നിയാല്‍ ഉയര്‍ന്ന റേറ്റിംഗ് നല്‍കാറുണ്ട്. മാടമ്പിക്ക് 6.5 നല്കിയതും ആ രീതിയിലാണ്. റേറ്റിംഗ് കണക്കിലെടുക്കാതെ; എഴുതിയിരിക്കുന്നത് വായിച്ചും, കിരണ്‍സിന്റെ മുന്‍പുള്ള അനുഭവം വെച്ചും, സ്വന്തമായി ഒരു റേറ്റിംഗ് ഇപ്പോള്‍ തന്നെ നല്കുവാന് സാധിക്കുമല്ലോ... കിരണ്‍സിന്റെ നോട്ടത്തില്‍ ഇതിനൊരുപക്ഷെ 3 - 3.5 കൊടുക്കുവാനാണ് സാധ്യത. :) ഇതുപോലെ ഓരോ വായനക്കാരനും ചെയ്യാവുന്നതാണ്, ചെയ്യേണ്ടതാണ്... (ഹല്ല പിന്നെ! എനിക്കാകെ രണ്ട് മുട്ടുകാലല്ലേ ഉള്ളൂന്നേ... ;) :D)
@ വിന്‍സ്,
:) ആ ഡയലോഗ് താങ്ങാണെങ്കിലും, അല്ലെങ്കിലും; നന്നായിത്തന്നെയാ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
@ അരുണ്‍, കിരണ്‍സ്
:)
--
കിരണ്‍സ്...... പപ്പേട്ടന് എന്താണു ആ ഷോട്ടില്‍ ഉദ്ദ്യേശിച്ചതു എന്നു ആ പടം കാണുന്ന (ഞാന്‍ അതൊരു അമ്പതു പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ട്)ആര്‍ക്കും മനസ്സിലാകും. പ്രെത്യേകിച്ചും ലാലേട്ടന്റെ എക്സ്പ്രെഷന്സില് നിന്നും. പക്ഷെ എനിക്കു അതില്‍ മനസ്സിലാകാത്തതു ആട്ടിന്‍ തല ഉള്ള ബാഗിനു നല്ല ഇമ്പോര്‍ട്ടന്‍സ് കൊടുത്തിരുന്നു അതില്‍ പപ്പേട്ടന്, പക്ഷെ ലാലേട്ടന് അശോകനെയും ആ പെണ്‍കുട്ടിയേയും മുറിയിലാക്കിയിട്ടു തിരിച്ചു വരുമ്പോള്‍ ബാഗ് തിരിച്ചെടുക്കുന്നില്ല. .എന്തോ അതെനിക്കു ഒരു കല്ലു കടി ആയി തോന്നിയിരുന്നു ആദ്യം കണ്ടപ്പോളും, ഇപ്പോളും അങ്ങനെ തന്നെ.
ReplyDeleteഅതു പോലെ തന്നെ നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ ഏറ്റവും ഇമ്പോര്‍ട്ടന്റായ മ്യൂസിക്ക് ഒരിടത്തു അനാവശ്യമായി ഒരു സീനില്‍ വരുന്നുണ്ട്. പപ്പേട്ടന് ശ്രദ്ധിക്കാത്ത ഒന്നു രണ്ടു കാര്യങ്ങള്‍ ആണി ക്ലാസിക്ക് സിനിമകളിലെ ഈ രണ്ടു കാര്യങ്ങളും.
എനിവേ... ഹലോയില്‍ ഓര്‍ത്തിരിക്കാന്‍ ഒന്നും ഇല്ല എന്നു പറഞ്ഞതു കൊണ്ടാണു ആ സീന്‍ പറഞ്ഞതു, അതു പോലെ തന്നെ ആണു മധു എത്ര എണ്ണം കഴിക്കുമെന്ന് ചോദിക്കുമ്പോള്‍ ‘ഏഴെട്ടെണ്ണം വരെ എണ്ണും അതു കഴിഞ്ഞെണ്ണാന് കഴിയാറില്ല” എന്നു പറയുന്നതും, അതിനു ശേഷം സ്റ്റെയര്‍കേസ് എന്തിനാ ഇവിടെ വച്ചേക്കുന്നതു എന്നു ചോദിക്കുന്നതുമൊക്കെ വളരെ നാച്ചുറല്‍ ആയി തന്നെ കൈകാര്യം ചെയ്തിരുന്നു. അതൊക്കെ മറക്കാനും കഴിയില്ല.
ഇത്രയും അരോചകമായി ഒരേ കടലിലെ നാഥനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്കു മാത്രമേ ഒരു പക്ഷെ മലയാള സിനിമയില്‍ കഴിയത്തുള്ളു. ആ സിനിമക്കൊക്കെ 6 റേറ്റിങ്ങ് എന്നൊക്കെ പറഞ്ഞാ മച്ചാ ഹെലോ ഒക്കെ ഒരു പെര്‍ഫെക്റ്റ് 10 ആണു.
വിന്‍സ്,
ReplyDeleteആ ക്ലോസ് അപ് ഷോട്ട് ഇല് എന്താണ് പിടികിട്ടിയത് എന്നൊന്ന് ഷെയര്‍ ചെയ്യൂ..
ആ ചിത്രത്തില്‍ പലപ്പോഴും ലാലേട്ടന്റെ ചരച്റെര് 'പേഴ്സണാലിറ്റി സ്വിച്ച്' ചെയ്യുമ്പോള്‍ ആണ് ആ സീരിയസ് ഭാവം വരുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പിന്നെ ആട്ടിന്‍ തലയുള്ള ബാഗ് ഒഴിവാക്കിയത് മനപ്പൂര്‍വം ആണ് എന്നാണു എന്റെ പക്ഷം. അത് പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് അതിന് അമിത പ്രാധാന്യം നല്‍കിയിരിക്കുന്നത്. എന്തെന്നാല്‍ ആട്ടിന്‍ തല വാങ്ങാന്‍ വേണ്ടി മാത്രമാണ് ടൌണില്‍ വന്നത് എന്ന് ലാലേട്ടന് പറയുന്നുണ്ട്. പക്ഷെ ഈ സീന്‍ വരുന്നത് അശോകന് "നമക്കും ഈ കെട്ടിമാറാപ്പ് അഴിക്കണ്ടേ " എന്ന് പറയുന്ന സീന്‍ കഴിഞ്ഞാണ്.
ഒരേ കടല്‍ മമ്മൂട്ടി ഉജ്വലം ആയിട്ടുണ്ടെന്ന് മനസ്സിലാക്കണം എന്കില് മമ്മൂട്ടിയും സുനിലും മീരയും ചേര്‍ന്നുള്ള ആ ലിഫ്റ്റിലെ സീന്‍ മാത്രം കണ്ടാല്‍ മതി. നരേന് നിഷ്പ്രഭനായി നില്‍ക്കുന്നത് കാണാം :)
മമ്മൂട്ടി ഒരേ കടല്‍ ഉജ്വലമാക്കിയെന്ന് മനസ്സിലാക്കാന്‍ വേറെ ഒരു സീന്‍ കൂടീയുണ്ട്. അവസാനം കാമുകി മീര ജാസ്മിനെ ഫേസ് ചെയ്യുമ്പോളത്തെ ഭാവവും പാഥേയത്തില്‍ മകളെ ഫേസ് ചെയ്യുമ്പോളത്തെ ഭാവവും കമ്പെയര്‍ ചെയ്താല്‍ മതി. വാഹ് :P
ReplyDeleteമാടമ്പി കണ്ടു. അതിനു ശേഷമാണീ നിരൂപണം വായിക്കുന്നത്. ചിത്രം ബോറടിപ്പിക്കുന്നിലെങ്കിലും, പല അവസരങ്ങളിലും ലാലിലെ പഴയ കഥാപാത്രങ്ങള്‍ മിന്നിമായുന്നതു പോലെ തോന്നി. വളരെയധികം തവണ കയറി ഇറങ്ങിപ്പോയത് ബാലേട്ടനായിരുന്നു. അച്ഛന് വരുത്തിവച്ച ബാധ്യത തീറ്ക്കാനിറങ്ങിത്തിരിച്ച ഇതിലെ ത്യാഗധനനെ ബാലേട്ടനടക്കം എത്രയോ ചിത്രങ്ങളില്‍ ലാല്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു? ഒരു വ്യത്യസ്തതയുമില്ലാത്ത ചിത്രം എന്നാണ് എനിക്ക് തോന്നിയത്. ആകെ പുതുമ, ലാലിണ്റ്റെ അമ്മയായി മിക്ക ചിത്രങ്ങളിലും രംഗത്തെത്തിയിരുന്ന കവിയൂറ്‍ പൊന്നമ്മയ്ക്കു പകരം കെ.പി.എസ്.ലളിത ആ വേഷം ഏറ്റെടുത്തു. അത്ര മാത്രം. കുറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗങ്ങള്‍ അടറ്ത്തിയെടുത്തൊരു ജിഗ്സോ പസില്‍ കളിച്ചപ്പോള്‍ ഉണ്ണികൃഷ്ണണ്റ്റെ മനസ്സില്‍ തെളിഞ്ഞ കഥയാണിതെന്ന് തോന്നുന്നു. അല്ലാതെ പുതുമ എന്നത് പരസ്യവാചകത്തിലൊതുങ്ങുന്നു. ക്ളൈമാക്സും നമുക്കൂഹിച്ചെടുക്കാന്‍ പറ്റുന്നത് തന്നെ!!! നായിക ചിത്രത്തിനു തന്നെ ഒരധികപറ്റാണ്. നമ്മുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ് നായകണ്റ്റെ സ്വഭാവം തന്നെ. "ബ്ളേഡ്" ഗോപാലകൃഷ്ണന് ബ്ളേഡാകുന്നത് വീട്ടുകാര്‍ക്കു മുന്നില്‍ മാത്രമാണ്. നാട്ടുകാര്‍ക്കയാള്‍ പ്രിയയങ്കരണാണ്, എന്നിരുന്നാലും പേര് ബ്ളേഡ് ഗോപാലകൃഷ്ണന്...!!! പണമാണ് എല്ലാത്തിലും മീതെ എന്നാണ് അയാളുടെ പ്രമാണം.(പണത്തിനുമീതെ പരുന്തും പറക്കില്ല.) ഇതേയാളാണ് അനുജന് ഒരു കോടിയും, കാമുകിക്ക് അരക്കോടിയും വീശി എറിയുന്നത്. സ്നേഹസമ്പന്നനാണ് എന്നു കാണിക്കുവാനാണിതെന്നു തോന്നുന്നു. എന്തായാലും, ഹരിയോടുള്ള എല്ലാ ആദരവോടും കൂടി ഞാന്‍ പറയുന്നു, ഈ ചിത്രത്തിന് 6.5 കൊടുത്തത് ഒരല്‍പ്പം കടന്ന കൈയായിപ്പോയി...
ReplyDeleteഹലോയിലെ പാരഡൈസ് ബാറ് കണ്ടുപിടിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് "സെല്ലുലാറ്" എന്ന ചിത്രമാണ് ഓറ്മ്മ വന്നത്!!! തമാശ ചിത്രങ്ങള്‍ നന്നായി ചെയ്തിരുന്ന ആളാണ് ലാല്‍. പക്ഷേ ഇപ്പോള്‍ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ തന്മയത്വത്തോടെ ചെയ്യുവാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. അതാണ് സത്യം!!! അതു സമ്മതിക്കാതെ കണ്ണടച്ചിരുട്ടാക്കുന്ന ഫാന്സിനോട് നാമെന്തു പറയാന്‍.. ? ചിത്രങ്ങള്‍ അവറ് മാത്രമല്ലല്ലോ, മലയാളികലൂം കാണുന്നില്ലെ!!! അതിണ്റ്റെ അനന്തരഫലങ്ങള്‍ ഇപ്പോള്‍ കാണുന്നുമുണ്ട്!!!
@ വിന്‍സ്, എക്സന്‍ട്രിക്ക്,പൊടിക്കുപ്പി,
ReplyDeleteഅതെ, ആട്ടുംസൂപ്പ് എന്നത് പട്ടണത്തിലേക്കെത്തുവാന് അയാള്‍ക്കൊരു കാരണം മാത്രമാണ്... അതു വാങ്ങുകയോ, അതുമായി പോയി സൂപ്പുവെച്ചു കുടിക്കുകയോ ഒന്നുമല്ല അയാളുടെ ലക്ഷ്യം. പിന്നെ ആ നോട്ടം, താന്‍ മറ്റുള്ളവര്‍ക്കു വേണ്ടി ഇങ്ങിനെ ചെയ്യുന്നതില്‍ തെറ്റില്ല, മറ്റുള്ളവര്‍ അങ്ങിനെ ചെയ്യുന്നതിലും തെറ്റില്ല; എന്നാല്‍ തന്റെ ഒരുതരം വാശി തന്നെ ഇതില്‍ നിന്നുമൊക്കെ തടയുന്നു... ആ ഒരു പ്രത്യേക മാനസികാവസ്ഥയിലാണല്ലോ ആ കഥാപാത്രം മുന്നോട്ടുപോവുന്നത്. അതാണ് ആ മുഖഭാവമെന്നു തോന്നുന്നു.
ഒരേ കടലിലും, പാഥേയത്തിലും മമ്മൂട്ടി ഇരുവര്‍ക്കും ഒരു ആശ്രയം, നാഥന് ആവുകയാണ്. മകളെ നോക്കുന്ന ഭാവത്തില്‍ തന്നെ കാമുകിയേയും നോക്കാം, പ്രത്യേകിച്ചും ഒരേ കടലിലെ അവസാന രംഗത്ത്. എപ്പോഴും കാമുകിയെ കാമത്തോടെ തന്നെ നോക്കണമെന്നില്ലല്ലോ!!!
@ ജയകൃഷ്ണന്,
:) ബാലേട്ടനില്‍ അച്ഛന്റെ ബാധ്യതകള്‍ തീര്‍ക്കുന്ന മകനെയാണ് കണ്ടത്. പക്ഷെ, ഇവിടെ ബാധ്യത തീര്ക്കലൊക്കെ സിനിമ തുടങ്ങുമ്പോഴേ തീരുന്നു. മറ്റൊരു രീതിയില്‍ കുടുംബം വളര്‍ത്തിക്കൊണ്ടുവരുന്ന ഒരാളാണ് ഇതിലെ മോഹന്‍ലാലിന്റെ കഥാപാത്രം. കഥാതന്തു പലതില്‍ കണ്ടിട്ടുള്ളതൊക്കെ തന്നെയെങ്കിലും, അത് വികസിപ്പിച്ചിരിക്കുന്നതില് വ്യത്യസ്തത ഉണ്ടെന്നു തന്നെ പറയണം. ബ്ലേഡ് ഗോപാലകൃഷ്ണന് മനുഷ്യത്വമില്ല എന്ന് വീട്ടുകാര്‍ പറയുന്നത് മറ്റൊരു തലത്തിലാണ്, അല്ലാതെ പൈസയോട് മനുഷ്യത്വം കാണിക്കാതെ ആര്‍ത്തിയുള്ളയാള്‍ എന്ന അര്‍ത്ഥത്തിലല്ല. ചെയ്യുന്നത് ബ്ലേഡെങ്കിലും, നല്‍കുന്നത് ഒരു ഉത്തമ ബാങ്ക് നല്കുന്ന സേവനങ്ങളായതിനാലാണ് നാട്ടുകാര്‍ക്ക് ഗോപാലകൃഷ്ണന് നല്ലവനാവുന്നത്. ജയകൃഷ്ണനായതുകൊണ്ട് ഇങ്ങിനെ പറയുന്നതില്‍ എനിക്ക് അത്ഭുതമില്ല. :)
--
ഇതവസാനത്തെ. ഇനിയീവഴിയില്ലേ..
ReplyDeleteആശ്രയം കൊടുക്കുന്നവന്റെ ഭാവം ഒന്നും കണ്ടില്ല. ആശ്രിതന്റെ ഭാവമാണ് കണ്ടത്.
[സണ്‍ഡേ ഐ സ്പെഷലിസ്റ്റിന്റെ അടുത്ത് അപ്പോയിന്മെന്റ് ഉണ്ട്. ശരിയായിക്കോളും :( ]
അടുത്ത കാലത്തിറങ്ങുന്ന എല്ലാ ചിത്രങ്ങളും കാണാത്ത (കാണാന്‍ അവസരം ലഭിക്കാത്ത) ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ ബി.ഉണ്ണികൃഷ്ണന് ഏഷ്യാനെറ്റിനു നല്കിയ അഭിമുഖം കണ്ടതിനു ശേഷം മാത്രമാണീ ചിത്രം കാണാന്‍ ഞാന്‍ തീരുമാനിച്ചത്. അദ്ദേഹം പറഞ്ഞത് പോലൊരു വ്യത്യസ്തത എനിക്കു കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതിലെ പല രംഗങ്ങളും കഥാപാത്രങ്ങളും നാമെവിടെയോ കണ്ടുമറഞ്ഞവയാണെന്നുള്ളത് അനിഷേധ്യമായ ഒരു വസ്തുതയാണ്. ഓരോ കഥാപാത്രത്തിനേയും ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞാലെ ഒരു ചിത്രം വിജയിക്കുന്നുള്ളു എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷേ ഇതിലെ നായികാ കഥാപാത്രമടക്കം, പല കഥാപാത്രങ്ങളും യാതോരു സംഭാവനയും കഥാഗതിക്കു നല്‍കുന്നില്ല എന്നതല്ലെ സത്യം? എന്നിട്ടും ഈ ചിത്രത്തിന് ഇത്രയും ഉയറ്ന്ന റേറ്റിംഗ് നല്‍കിയതിണ്റ്റെ പൊരുള്‍ മനസ്സിലായില്ല. ഏരെപ്പോയാല് ഒരു 5, അതിലപ്പുറം റേറ്റിംഗ് ഇതിന് നല്‍കാനാവില്ല. സിനിമയെ സീരിയസ് ആയി സമീപിക്കുന്ന ഒരാളുടെ സംശയമായി ഇതിനെ കണക്കാക്കിയാല്‍ മതി. മിഴികള്‍ സാക്ഷി കാണാന്‍ പറ്റിയില്ല. പക്ഷേ ആ ചിത്രം കണ്ട എണ്റ്റെ സുഹൃത്തുക്കള്‍ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. മാടമ്പിയേക്കാളും പകിട്ടേറിയ കലാസൃഷ്ടിയാണെന്നായിരുന്നു അവരുടെ അഭിപ്രായം. ഇവിടെ ആ ചിത്രത്തിന് വളരെ താഴ്ന്ന റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. ഇതാദ്യമായല്ലാ ഇങ്ങനെ ഒരു കമണ്റ്റ് ഇവിടെ ഉയരുന്നതെന്നറിയാം. എന്നാലും പറഞ്ഞുവെന്നെയുള്ളു.
ReplyDelete@ പൊടിക്കുപ്പി,
ReplyDeleteമകളുടെയും, കാമുകിയുടേയും ആശ്രിതന് - എന്തേ, ഒരേ ഭാവമായിക്കൂടേ? :)
@ ജയകൃഷ്ണന്,
കഥയും, കഥാസന്ദര്‍ഭങ്ങളും കണ്ടു മറന്നവയാണ്. അത് വിശേഷത്തില്‍ സൂചിപ്പിച്ചിട്ടുമുണ്ട്. പക്ഷെ, കഥാപാത്രങ്ങളും, സാഹചര്യങ്ങളും, രംഗങ്ങളുമൊക്കെ കണ്ടു മറന്നതാണെന്ന് എനിക്ക് തോന്നുന്നില്ല. പുതിയ ഒരു സാഹചര്യത്തില്‍ പഴയ ഒരു കഥയെ അവതരിപ്പിച്ചിരിക്കുന്നു. നായികാകഥാപാത്രം അനാവശ്യമായിരുന്നു എന്നതു ശരി. ജയകൃഷ്ണന്റെ നോട്ടത്തില്‍ നല്കുവാനാവില്ലായിരിക്കാം. കിരണ്‍സിനു കൊടുത്ത മറുപടിയില്‍ ജയകൃഷ്ണനുള്ള മറുപടീയുമുണ്ട്. ‘മിഴികള്‍ സാക്ഷി’ കണ്ട് റേറ്റിംഗ് നല്കുന്ന മനോഭാവത്തിലല്ല ‘മാടമ്പി’ കാണുന്നതും റേറ്റിംഗ് നല്‍കുന്നതും. ഈ ഉത്തരവും പലവട്ടം ഇവിടെ തന്നതാണല്ലോ!
--
അത്രക്ക് വേണോ ?? ഒരു 5 മതി എന്നാണ് എന്റെ അഭിപ്രായം .... രണ്ടാമത്തെ പകുതി മൊത്തം ബോര് ആയിരുന്നു .... പിന്നെ അജ്മല്‍ ബോര് ആയിരുന്നു എന്നാണ് എനിക്ക് തോന്നിയത്.
ReplyDeleteഹരീ... അതു മനസ്സിലായി... ഏതു മാനസികാവസ്ഥയില്‍ ചിത്രങ്ങള്‍ കണ്ടാലും, ചിത്രങ്ങള്‍ റേറ്റ് ചെയ്യാന്‍ ചിത്രത്തിണ്റ്റെ വിവിധ ഘടകങ്ങളാകുമല്ലോ ഉപയോഗിക്കുക. ഞാന്‍ സ്വീകരിക്കുന്ന രീതിയാണ് പറഞ്ഞത്. മിക്കവരും അങ്ങനെ ഒരു രീതിയാണ് അവലംബിച്ചു കാണുന്നത്. ആ വൈരുദ്ധ്യം ഞാന്‍ ചൂണ്ടിക്കാട്ടിയെന്നെയുള്ളു.
ReplyDeleteNB:അപ്പോല്‍ നല്ല ചിത്രങ്ങള്ക്കെപ്പോഴും താഴന്ന മാര്‍ക്കേ ലഭിക്കൂ എന്നാണോ "കവി" ഉദ്ദേശിക്കുന്നത്? :)
Happened to see this one today. Predicatble and silly.
ReplyDeleteഈ പടം കാണാനുള്ള ഭാഗ്യം ഉണ്ടായത് ഇപ്പളാ. ആക്ച്വലി ഈ സ്വന്തക്കാരെകൊണ്ട് തെറ്റിദ്ധരിപ്പിക്കുമ്പോള്‍ പ്രേക്ഷകനെ കൊണ്ട്കൂടെ തെറ്റിദ്ധരിപ്പിച്ചൂടെ! അനിയന്റെ പോലൊരു ദേഷ്യം നമുക്കും തോന്നിയാ ബോറടിക്കാതെ നോക്കിയിരിക്കാലോ!
ReplyDeleteനായികേടെ അവസാനസീനിലെ നില്‍പ്പ് കണ്ടപ്പോ മാതൃഭൂമിയിലെ റിവ്യൂ ഓര്‍ത്തുപോയി. യേത്? നിക്കണോ പോണോ ;)
100% agree with Guptan...Silly stupid movie :-(
ReplyDeletemy rating is 1/10...