സര്‍ക്കാര്‍ രാജ് (Sarkar Raj)

Published on: 6/14/2008 11:15:00 PM
Sarkar Raj (Film Review in Malayalam): A film by Ram Gopal Varma, Starring Amitabh Bachchan, Abhishek Bachchan, Aiswarya Rai Bachchan.
2005-ല്‍ പുറത്തിറങ്ങിയ ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിന്റെ രണ്ടാമത് ഭാഗമാണ് ‘സര്‍ക്കാര്‍ രാജ്’. ആദ്യചിത്രം ‘ദി ഗോഡ്‌ഫാദര്‍’ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയതാണെങ്കിലും, രണ്ടാം ഭാഗത്തിന് ‘ദി ഗോഡ്‌ഫാദര്‍ 2’വുമായി ബന്ധമൊന്നുമില്ലെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പറയുന്നു. ആദ്യചിത്രത്തിന്റെ തുടര്‍ച്ച എന്നുപോലും ഇതിനെ കാണേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നാഗ്‌റേ കുടുംബത്തിന്റെ മറ്റൊരു ‘അഡ്വഞ്ചര്‍’ മാത്രമാണിതെന്നാണ് കഥാകൃത്തും, നിര്‍മ്മാതാവും കൂടിയായ അദ്ദേഹം പറയുന്നത്. പ്രശാന്ത് പാണ്ഡേ, പ്രവീണ്‍ നിഷാല്‍ എന്നിവരാണ് രാം ഗോപാല്‍ വര്‍മ്മയോടൊപ്പം; യഥാക്രമം രചനയും, നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ വൈദ്യുതിക്ഷാമത്തിന് ഒരു പരിഹാരമായി ഒരു പവര്‍‌പ്ലാന്റ് സ്ഥാപിക്കുക, എന്ന ഉദ്ദേശലക്ഷ്യവുമായി ഒരു അന്താരാഷ്ട്ര കമ്പനി സുഭാഷ് നാഗ്‌റെയെ/സര്‍ക്കാരെ(അമിതാഭ് ബച്ചന്‍) സമീപിക്കുന്നതില്‍ നിന്നുമാണ് ചിത്രത്തിന്റെ തുടക്കം. കമ്പനിയുടെ സി.ഇ.ഒ, കമ്പനിയുടമയുടെ മകള്‍, അനിത രാജനാണ്(ഐശ്വര്യ റായ്), കമ്പനിയുടെ ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ആദ്യം സര്‍ക്കാര്‍ ഈ പ്രോജക്ടിനെ എതിര്‍ക്കുന്നെങ്കിലും, മകന്‍ ശങ്കര്‍ നാഗ്‌റേ(അഭിഷേക് ബച്ചന്‍), ഇത് മഹാരാഷ്ട്രയുടെ ഉന്നമനത്തിനാണെന്ന് വാദിക്കുകയും, മകന്റെ വാക്കുകളെ വിശ്വാസത്തിലെടുത്ത് പിന്നീട് ഇതിനെ അനുകൂലിക്കുകയും ചെയ്യുന്നു. പ്രോജക്ട് വരുന്നതുവഴി ഗ്രാമങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട ഗ്രാമീണരെക്കുറിച്ചാണ് സര്‍ക്കാരിനു ചിന്ത. ശങ്കറും, അനിതയും ചേര്‍ന്ന് ഈ പ്രോജക്ട് വരേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഗ്രാമീണരെ പറഞ്ഞുമനസിലാക്കുവാന്‍ ആരംഭിക്കുന്നു. എന്നാല്‍ ഇതിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളാണുണ്ടായിരുന്നതെന്ന് ശങ്കറും, സര്‍ക്കാരും മനസിലാക്കുവാന്‍ വൈകുന്നു.

രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണിത്. വലിച്ചു നീട്ടലുകളില്ലാതെ, ഓരോ രംഗവും പ്രേക്ഷകന്റെ മനസില്‍ പതിയുന്ന രീതിയിലാണ് ചിത്രീകരണം. ഓരോ കഥാപാത്രത്തിനും, വളരെ അനുയോജ്യരായ അഭിനേതാക്കളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കിയിട്ടുമുണ്ട്. ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ ഉതകുന്ന ഒരുപിടി രംഗങ്ങളും ചിത്രത്തിലുണ്ട്. ശങ്കറിന്റെ കാര്‍ സ്ഫോ‍ടനത്തില്‍ തകരുന്ന രംഗം, സര്‍ക്കാര്‍-റാവു സാബ്(ദിലീ‍പ് പ്രഭാവല്‍ക്കര്‍) എന്നിവരൊത്തുള്ള ക്ലൈമാക്സ് രംഗം എന്നിവയൊക്കെ ഇവയില്‍ പെടും. ചിത്രത്തിന് അനുയോജ്യമായ ‘മൂഡ്’ സൃഷ്ടിച്ചിരിക്കുന്നതില്‍, അമിത് റോയുടെ ഛായാഗ്രാഹണം, അമര്‍ മൊഹിലിയുടെ പശ്ചാത്തല സംഗീതം, നിതിന്‍ ഗുപ്തയുടെ എഡിറ്റിംഗ് എന്നിവയ്ക്കുള്ള പങ്കും വിസ്മരിക്കത്തക്കതല്ല.

അമിതാഭ്, അഭിഷേക്, ഐശ്വര്യ; മൂവരും തങ്ങളുടെ കഥാ‍പാത്രങ്ങളെ ഭംഗിയാക്കിയിട്ടുണ്ട്. എങ്കിലും, ഐശ്വര്യ റായുടെ കഥാപാത്രം ഇതിലും മെച്ചമാക്കുവാന്‍ കഴിയുമായിരുന്നെന്നു തോന്നി. ചിത്രത്തിലുടനീളം മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കുമുള്ള ഒരു ‘ഐഡന്റിറ്റി’, അനിതയെന്ന കഥാപാത്രത്തിനു നല്‍കുവാന്‍ ഐശ്വര്യ റായ്ക്കു കഴിഞ്ഞില്ല. ഒരുപക്ഷെ, ഇതിനൊരു മൂന്നാം ഭാഗമുണ്ടെങ്കില്‍; സംവിധായകനും, അഭിനേത്രിക്കും അത്ര എളുപ്പത്തില്‍ ഈ കഥാപാത്രത്തെ കൈകാര്യം ചെയ്യുവാന്‍ കഴിയുമോ എന്നതും സംശയമാണ്. പല രംഗങ്ങളിലും, ക്യാമറ അമിതമായി ചലിപ്പിച്ച്, അവയുടെ ഭംഗി നശിപ്പിച്ചു വെന്നതും സൂചിപ്പിക്കേണ്ടതുണ്ട്. അവയിലൊക്കെ തോന്നിയിരുന്ന പുതുമ ഇപ്പോളില്ല എന്നത് സംവിധായകന്‍ ഇനിയെങ്കിലും ഓര്‍ക്കുന്നതും നന്നായിരിക്കും.

ഇന്ത്യന്‍ സിനിമയില്‍ പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാണിക്കുന്ന സംവിധായകന്‍ എന്ന നിലയ്ക്കാണല്ലോ രാം ഗോപാല്‍ വര്‍മ്മ, ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍ ഈ ചിത്രത്തില്‍, കാര്യമായ പരിക്ഷണങ്ങളൊന്നുമില്ല. തന്റെ സ്ഥിരം ശൈലിയില്‍ തന്നെയാണ് ഈ ചിത്രവും സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ആ ശൈലി പ്രേക്ഷകര്‍ക്ക് ഇനിയും മടുത്തിട്ടില്ല എന്ന വസ്തുതയാവാം കൂടുതല്‍ പുതുമകള്‍ പരീക്ഷിക്കുവാന്‍ വര്‍മ്മ തുനിയാത്തതിന് ഒരു കാ‍രണം. ഒരുപക്ഷെ മറ്റൊരു സംവിധായകനും ഈ കഥ ഹിന്ദിസിനിമയില്‍ ചിത്രീകരിക്കുവാന്‍ ധൈര്യം കാണിക്കുകയില്ലായിരിക്കാം. അത്രമാത്രം സത്യസന്ധമായ രീതിയിലാണ് വര്‍മ്മ ഈ കഥ പറഞ്ഞിരിക്കുന്നത്. എന്നാ‍ല്‍ ഒരു സിനിമയിലെ ഈ സത്യസന്ധത എത്രപേര്‍ക്ക് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാനും, ആസ്വദിക്കുവാനും കഴിയുമെന്നുള്ള ചോദ്യം, അപ്പോഴും അവശേഷിക്കുമെന്നു മാത്രം.


Description: Sarkar Raj, a film/movie/cinema review in Malayalam by Haree | ഹരീ (Hareesh N. Nampoothiri). Film Written, Produced and Directed by Ram Gopal Varma; Co-written by Prashant Pandey, Co-produced by Praveen Nishal. Starring Amitabh Bachchan, Abhishek Bachchan, Aiswarya Rai Bachchan, Tanisha Mukherjee, Ravi Kale, Victor Banerjee, Supriya Pathak, Dilip Prabhavalkar etc. Music by Amar Mohile and Cinematography by Amit Roy.
--

7 comments :

 1. അമിതാഭ്, അഭിഷേക്, ഐശ്വര്യ റായ് ബച്ചന്മാര്‍; രാം ഗോപാല്‍ വര്‍മ്മ എന്നിവരൊന്നിക്കുന്ന ‘സര്‍ക്കാര്‍ രാജ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. സര്‍ക്കാര്‍ എന്ന പടം
  കണ്ടിരുന്നു മാഷേ...
  വല്ലാത്തൊരു മൂഡാണ്‌...
  രാം ഗോപാല്‍വര്‍മ്മ...
  അതില്‍ വരുത്തിയത്‌.
  സര്‍ക്കാര്‍എന്ന്‌ ബഹുമാനപുരസരം
  ജനങ്ങളാല്‍ വിളിക്കപ്പെടുന്ന
  അനൌദ്യോഗികനായ നീതിപാലകണ്റ്റെ സ്ഥാനം അമിതാഭില്‍ നിന്ന്‌ അഭിഷേക്‌
  ഏറ്റെടുക്കുന്നതാണ്‌
  സര്‍ക്കാറിണ്റ്റെ അവസാനം.....
  ഇനി ഈ സര്‍ക്കാര്‍ രാജ്‌ അതിണ്റ്റെ തുടര്‍ച്ചയാണെങ്കില്‍....
  പ്രേക്ഷകര്‍ അത്രകണ്ട്‌
  സ്വീകരിക്കുമെന്ന്‌ കണ്ടറിയണം...

  ReplyDelete
 3. അമ്മായിയപ്പനും മോനും മരുമോളും ചേര്‍ന്നൊരു കുടുംബചിത്രം!!

  ReplyDelete
 4. സര്‍ക്കാര്‍ ആദ്യഭാഗം നല്ലതായിരുന്നു. പക്ഷേ എല്ലാ പ്രതീക്ഷകളുംതെറ്റിച്ച ഒന്നായിരുന്നു സര്‍ക്കാര്‍ രാജ്.

  ReplyDelete
 5. ഫിലിം റിവ്യൂ ഇഷ്ടമായി ഹരീ.

  ഈ റിവ്യൂവില്‍, ചിത്രത്തിലെ പാട്ടുകളെക്കുറിച്ച് ഒന്നും പറഞ്ഞ് കാണുന്നില്ലല്ലോ.. പാട്ടുകളൊന്നും ഇല്ലേ?

  ഓഫ്: കമലഹാസന്റെ ‘ദശാവതാര‘ത്തെപറ്റി വല്ലതും എഴുതിയിട്ടുണ്ടോ എന്ന് നോക്കാന്‍ വന്നതായിരുന്നു. അടുത്ത് തന്നെ വിശദമായ റിവ്യൂ പ്രതീക്ഷിക്കുന്നു.

  ReplyDelete
 6. ഹരി പറയണത് വെള്ളം തൊടാതെ വിഴുങ്ങാന്‍ വയ്യാത്തോണ്ട് പടം കണ്ടിട്ട് കമന്റിടാംന്ന് വെച്ച് കമന്റിടല് നടക്കാറില്ല :P. ഇത് കണ്ടു. ആകെ ഒന്ന് കൊള്ളാംന്നല്ലാതെ ‘ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ ഉതകുന്ന ഒരുപിടി രംഗങ്ങളും ചിത്രത്തിലുണ്ട്‘ ഇത്രയൊക്കെയുണ്ടോ? [ ഒന്നുറങ്ങിയെണീറ്റാ ഒരു രംഗം പോലും ഞാനോര്‍ത്തിരിക്കില്ല.ഓര്‍മ്മക്കുറവ് കാരണായിരിക്കും :( ] ക്ലൈമാക്സ് ഒതുക്കിയെടുത്തത് നന്നായിട്ടുണ്ട്. ആ ടോര്‍ച്ചടിച്ചപ്പോ ഒരു ഞെട്ടല്‍. അഭിഷേക് യന്ത്രമനുഷ്യന്റെ പോലുണ്ടായിരുന്നു, ബ്രദറിന്റെ, വൈഫിന്റെ മരണത്തെ കുറിച്ച് പറയുമ്പോള്‍ തുടങ്ങി അവസാനം ഐശ്വര്യേടെ അടുത്ത് റൊമാന്‍സടിക്കുമ്പോ വരെ ഒരേ ഭാവം. എന്നാലും ഈ പടത്തിന് ഇങ്ങനിരുന്നോട്ടെയെന്ന് വെക്കാം. ബിസിനസ് ലേഡിയെ കണ്ടപ്പോ കോര്‍പറേറ്റിലെ ബിപ്സിനെ ഓര്‍ത്തുപോയി!! അമിതാഭ് പ്രത്യേകിച്ച് പറയേണ്ട കാര്യമൊന്നുമില്ല, ബാസിലിട്ട് ഇമോഷന്‍സ് അങ്ങ് ഒതുക്കിയിട്ടുള്ള സംസാരവും എല്ലാം നന്നായിരിക്കുന്നു, but repeating അല്ലേ, പക്ഷേ ആ പെര്‍ഫോമന്‍സ് ഉള്ളത് കൊണ്ട് ഗൂഡാലോചനയുടെ പ്ലോട്ട് ഒന്നും കാണിച്ച് ബുദ്ധിമുട്ടേണ്ടി വന്നില്ല. പിന്നെ ഒരു മൂഡുള്ളത് സത്യം! അവസാനം വരെ ആ-ന്ന് വെച്ച് കാണാം [1) ഇവിടെ ഈച്ചയില്ല :) 2) തല്ലരുത്, തലയ്ക്ക് സുഖല്യാത്ത കുട്ട്യാ. പൊക്കോളാം]

  ReplyDelete
 7. @ അന്യന്‍,
  അങ്ങിനെ ഒരു ഏറ്റെടുക്കല്‍ ഉണ്ടോ? സുഭാഷ് നാഗ്‌റേയുടെ വഴിയില്‍, അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുന്നു എന്നല്ലേയുള്ളൂ? എന്തുതന്നെയായാലും, ഇവിടെയും സര്‍ക്കാര്‍, സുഭാഷ് നാഗ്‌റേ തന്നെ.

  @ ഏറനാടന്‍,
  അങ്ങിനെയല്ലല്ലോ! അച്ഛനും, മകനും, മരുമോളും എന്നല്ലേ പറയേണ്ടത്.

  @ പ്രിയ ഉണ്ണികൃഷ്ണന്‍,
  എന്തൊക്കെയായിരുന്നു പ്രതീക്ഷിച്ചത്? അങ്ങിനെ മുന്‍‌വിധികള്‍ തെറ്റിക്കുന്ന ഒന്നായതുകൊണ്ടാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്.

  @ അഭിലാഷങ്ങള്‍,
  പാട്ടുകള്‍, പാട്ടുകളായില്ല. പാട്ട് എന്ന രീതിയില്‍ ഞാനൊന്നും കേട്ടില്ലെന്നു തോന്നുന്നു. :)
  ഓഫ്: :( ടിക്കറ്റ് കിട്ടണ്ടേന്നേ!

  @ പൊടിക്കുപ്പി,
  ഇയാളെന്റെ ‘റേറ്റിംഗ്’ കളയും. :P
  ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കൊള്ളാവുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. റിവ്യൂവില്‍ സൂചിപ്പിച്ചിട്ടുമുണ്ടല്ലോ ആ രംഗങ്ങള്‍. അതെ ശങ്കര്‍ നാഗ്‌റേ അങ്ങിനെ തന്നെയാണല്ലോ ആവേണ്ടത്. പക്ഷെ, അമിതാഭ് അഭിനയിച്ചു ഫലിപ്പിക്കുന്ന ‘നാച്ചുറാലിറ്റി’ ഫീല്‍ ചെയ്യില്ല, അല്ലേ? ഉം... അടുത്ത ഭാഗം (ഉണ്ടെങ്കില്‍) ഐശ്വര്യ ബുദ്ധിമുട്ടും! :)
  --

  ReplyDelete