
‘അവ്വൈ ഷണ്മുഖി’, ‘തെന്നാലി’, ‘പഞ്ചതന്ത്രം’ എന്നിങ്ങനെ കമലഹാസനുമൊത്ത് ഹിറ്റുകള്‍ മാത്രം ഒരുക്കിയിട്ടുള്ള കെ.എസ്. രവികുമാര്‍ എന്ന സംവിധായകന്റെ, കമലുമൊത്തുള്ള പുതിയ ചിത്രമാണ് ‘ദശാവതാരം’. ചിത്രത്തിന്റെ നിര്‍മ്മാതാവ്, വേണു രവിചന്ദ്രനെ ‘അന്ന്യന്’ എന്ന ഒറ്റ ചിത്രത്തിന്റെ പേരില്‍ തന്നെ ഓര്‍മ്മിക്കാവുന്നതാണ്. എല്ലാ ചിത്രങ്ങളിലും എന്തെങ്കിലുമൊരു പുതുമ പ്രേക്ഷകര്‍ക്കായി ഒരുക്കുവാന്‍ നിര്‍ബന്ധബുദ്ധിയോടെ യത്നിക്കുന്ന കമലഹാസന്, പത്തു വേഷങ്ങളിലെത്തുന്നു എന്നതാണ് ‘ദശാവതാര’ത്തിന്റെ പ്രത്യേകത. അസിനാണ് നായികയുടെ സ്ഥാനത്ത് എത്തുന്നത്.
1991-ല്‍ പുറത്തിറങ്ങിയ ‘മൈക്കിള്‍ മാദന കാമരാജന്‍’, എന്ന ചിത്രത്തില്‍ നാലു വ്യത്യസ്ത കഥാപാത്രങ്ങളെ, കമലഹാസന് തന്മയത്വത്തോടെ അവതരിപ്പിച്ച് ഫലിപ്പിക്കുന്നത് നമ്മള് കണ്ടതാണ്. അതിനാല്‍ തന്നെ കമലഹാസന് പത്തു വേഷങ്ങളിലെത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമായിരുന്നു. എന്നാല്‍; രണ്ടോ, മൂന്നോ കഥാപാത്രങ്ങളൊഴികെയുള്ളവ, കേവലം എണ്ണം തികയ്ക്കുവാനായി കൂട്ടിച്ചേര്‍ത്തവയായിപ്പോയി. പന്ത്രണ്ടാം നൂറ്റാണ്ടിലേയും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേയും സംഭവങ്ങളേയും, ‘അവതാരങ്ങളേ’യും; വിശ്വസനീയമായി കൂട്ടിയിണക്കുവാന്‍ സിനിമയുടെ ശില്പികള്ക്ക് കഴിഞ്ഞില്ല എന്നയിടത്താണ് ‘ദശാവതാരം’ പരാജയപ്പെടുന്നത്. ഒരു ചിത്രശലഭം ചിറകു വീശുന്നതും/വീശാതിരിക്കുന്നതും, അനേകനാളുകള്‍ക്ക് ശേഷം ഒരു കൊടുങ്കാറ്റിനെ സൃഷ്ടിക്കുവാനോ/തടയിടുവാനോ കാരണമായേക്കാമെന്ന, കെയോസ് തിയറിയില്‍ പ്രതിപാദിച്ചിരിക്കുന്ന ബട്ടര്‍ഫ്ലൈ ഇഫക്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രത്തിലെ സംഭവങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നതെന്ന് നായകനെക്കൊണ്ട്, തിരക്കഥാകൃത്തുകൂടിയായ കമലഹാസന് പറയിക്കുന്നുണ്ട്. ഈ രീതിയില്‍ സിനിമകണ്ട് മനസിലാക്കുന്നവര്‍ക്കു മാത്രമേ പന്ത്രണ്ടാം നൂറ്റാണ്ടും, ഇരുപത്തിയൊന്നാം നൂറ്റാണ്ടും തമ്മില്‍ ഈ സിനിമയില്‍ ബന്ധപ്പെടുത്തിയിരിക്കുന്നതിലെ കൌശലം പിടികിട്ടുകയുള്ളൂ. ആശയം ഗംഭീരമാണെങ്കിലും, അതിന്റെ ചലച്ചിത്രാവിഷ്കാരം അത്രമേല്‍ ശുഷ്കവുമായിപ്പോയി.
കഥാസാരം
വൈഷ്ണവരും, ശൈവരും ചേരിതിരിഞ്ഞ് കലഹിക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ചിത്രം ആരംഭിക്കുന്നത്. ശൈവരെ അനുകൂലിക്കുന്ന ചോള രാജാവ്, വിഷ്ണു പ്രതിമകളേയും അതുവഴി വൈഷ്ണവരേയും ഇല്ലായ്മ ചെയ്യുവാന്‍ യത്നിക്കുന്നു. ചിദംബരത്തുള്ള വിഷ്ണുക്ഷേത്രത്തിലെ പൂജാരി രംഗരാജ നമ്പി(കമലഹാസന്), തന്റെ ക്ഷേത്രത്തിലെ വിഷ്ണുപ്രതിമയെ കടലിലെറിയുന്നതിനെ എതിര്‍ക്കുന്നു. എന്നാല്‍ ഒടുവില്‍ രംഗരാജന് തോല്‍വി സമ്മതിക്കേണ്ടി വരുന്നു. ശിവനെ ഭജിക്കുവാന്‍ കൂട്ടാക്കാത്ത രംഗരാജനേയും, രാജാവ് പ്രതിമയോടൊപ്പം സമുദ്രത്തിലെറിയുവാന്‍ അജ്ഞാപിക്കുന്നു. ഇതുകണ്ട് രംഗരാജന്റെ ഭാര്യ കൊത്തൈ രാധ(അസിന്), കല്ലില്‍ തലതല്ലി മരിക്കുന്നു. പിന്നീടുള്ള കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നടക്കുന്നത്. അമേരിക്കയിലുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞന്, ഗോവിന്ദരാജന്‍ രാമസ്വാമി(കമലഹാസന്), ജൈവായുധമായി വികസിപ്പിക്കുവാന്‍ കഴിയുന്ന വിനാശകാരിയായ ഒരു വൈറസിനെ കണ്ടുപിടിക്കുന്നു. വൈറസിന്റെ സംഹാരശേഷി മനസിലാക്കുന്ന ഗോവിന്ദ്, വൈറസിനെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യുകയാണ് വേണ്ടതെന്ന് മേലധികാരിയോട് പറയുന്നു. എന്നാല്‍ അയാള്‍ വൈറസിനെ, വന്‍വിലയ്ക്ക് ക്രിസ്റ്റ്യന്‍ ഫ്ലെച്ചര്‍(കമലഹാസന്) എന്ന തീവ്രവാദിക്ക് നല്കുവാനാണ് പോവുന്നതെന്ന് മനസിലാക്കുന്ന ഗോവിന്ദ്, ലാബില്‍ അവശേഷിച്ച വൈറസ് സാമ്പിള്‍ അടങ്ങുന്ന ചെപ്പുമായി കടക്കുന്നു. ക്രിസ്റ്റ്യന്‍ ഫ്ലെച്ചര്‍ ഗോവിന്ദിനെ പിന്തുടരുന്നു. ഇവര്‍ തമ്മില്‍ ചെപ്പിനായി നടത്തുന്ന ഏറ്റുമുട്ടലുകളാണ് ചിത്രത്തിനാധാരം.
അഭിനയം
കമലഹാസന് തന്നെയാണല്ലോ, ഇതിലെ പത്തു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയം വിലയിരുത്തുവാനും മാത്രം രംഗങ്ങള്‍ ഈ പത്തു കഥാപാത്രങ്ങള്‍ക്കു തന്നെയില്ല. ‘ഹേ റാം’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ രൂപം ഓര്‍മ്മപ്പെടുത്തുമെങ്കിലും, വൈഷ്ണവ ക്ഷേത്രത്തിലെ പൂജാരിയായ രംഗരാജ നമ്പിയാണ് ഈ കഥാപാത്രങ്ങളില്‍ രൂപഭാവങ്ങള്‍ കൊണ്ടും, അഭിനയം കൊണ്ടും മികച്ചതായത്. നായകന് ഗോവിന്ദരാജന്‍ രാമസ്വാമിയേയും കമല്‍ നന്നായി അവതരിപ്പിച്ചു. സി.ബി.ഐ. ഓഫീസറായ ബല്‍റാം നായിഡുവിനേയും തരക്കേടില്ലാതെ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍; ക്രിസ്റ്റ്യന്‍ ഫ്ലെച്ചര്‍, കൃഷ്ണവേണി പാട്ടി, ഷിംഗെന്‍ നരഹഷി, പ്രസിഡന്റ് ബുഷ്, വിന്‍സെന്റ് പൂവരാഗന്‍, കൈഫ് ഉള്ളഹ്, അവതാര്‍ സിംഗ് എന്നീ വേഷങ്ങള്‍ക്ക് അവതാരങ്ങള്‍ എന്ന വിശേഷണത്തേക്കാള്‍ ചേരുക, പ്രച്ഛന്നവേഷങ്ങള്‍ എന്നതാവും. മുഖംമൂടി വെച്ച് ആര്‍ക്കും കാണിക്കാവുന്ന കോപ്രായങ്ങളൊക്കെ ഈ വേഷങ്ങളില്‍ കമലും കാണിച്ചിട്ടുണ്ട്, അതില്‍ അഭിനയം എന്നുവിളിക്കുവാനും മാത്രം കാര്യമായി എന്തെങ്കിലും ഉള്ളതായി തോന്നിയില്ല; കട്ടികൂടിയ മേക്കപ്പിനുള്ളിലൂടെ എന്തെങ്കിലും ഭാവം മുഖത്ത് കൊണ്ടുവരുവാനും കഴിയില്ലല്ലൊ. കൊത്തൈ രാധ, അണ്ടാള്‍ എന്നീ വേഷങ്ങളിലെത്തുന്ന അസിന്, ഉള്ള റോള്‍ ഭംഗിയായി ചെയ്തിട്ടുണ്ട്. പിന്നെ ആര്‍ക്കും ചിത്രത്തില്‍ കാര്യമായി അഭിനയിക്കേണ്ടി വന്നിട്ടില്ല.
ഗാനങ്ങള്‍
ഹിമേഷ് രെഷാമിയയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിഹരനും സംഘവും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന “കല്ലൈ മട്ടും കണ്ടാല്‍” എന്ന ഗാനം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വാലിയുടേതാണ് വരികള്‍. ചിത്രത്തിലെ മികച്ച ഒരു ഗാനമായി ഇതിനെ കണക്കാക്കാം. ശൈവ-വൈഷ്ണവ സംഘര്‍ഷം വരികളിലും പ്രതിഫലിപ്പിക്കുവാന്‍ വാലിക്കായി. അതുപോലെ സംഗീതവും ചിത്രത്തിന്റെ ആ ഭാഗത്തോട് നന്നായിണങ്ങുന്നു. (പന്ത്രണ്ടാം നൂറ്റാണ്ടിലെ സംഗീതം ഇങ്ങിനെയായിരുന്നിരിക്കുമോ എന്ന ചോദ്യം ചോദിക്കുവാന്‍ പാടില്ലെന്നു മാത്രം!) ഹരിഹരന്റെ ആലാപനവും, വാദ്യോപകരണങ്ങളുടെ യുക്തമായ പ്രയോഗവും ഈ ഗാനത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. മല്ലിക ഷെറാവത്തിന്റെ ഗ്ലാമര്‍ നൃത്തരംഗം കാണിക്കുവാനായി മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്ന “കാ... കറുപ്പനാകും“ എന്ന ഗാനം പ്രത്യേകിച്ചൊരു ചലനവും പ്രേക്ഷകനില്‍ ഉണ്ടാക്കുന്നില്ല. ഇംഗ്ലീഷോ, തമിഴോ എന്ന് സംശയം തോന്നുന്ന; വൈരമുത്തുവിന്റെ വരികള്‍ ഒരു പ്രാവശ്യം കേട്ടാല്‍ മനസിലാക്കുകയും പ്രയാസം. ശാലിനി സിങ്ങാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആലാപനത്തിലെ ആകര്‍ഷണീയതകൊണ്ട്, കേട്ടിരിക്കുവാന്‍ പ്രേരിപ്പിക്കുമെന്നു മാത്രം.
വാലി രചന നിര്‍വ്വഹിച്ച്; സാധന സര്‍ഗം, കമലഹാസന് എന്നിവര്‍ ആലപിച്ചിരിക്കുന്ന “മുകുന്ദ, മുകുന്ദ കൃഷ്ണ!“ എന്ന ഗാനത്തില്‍, അസിന് അവതരിപ്പിക്കുന്ന അണ്ടാള്‍ എന്ന കഥാപാത്രത്തിന്റെ വിഷ്ണുവിനോടുള്ള പ്രാര്‍ത്ഥനയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു പക്ഷെ, ചിത്രത്തിലെ ഗാനങ്ങളില്‍, വീണ്ടും വീണ്ടും കേള്‍ക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു ഗാനം ഇതു മാത്രമാവാം. ഭക്തിരസപ്രധാനമായ ഒരു മെലഡിയായി ഈ ഗാനത്തെ കണക്കാക്കാം. ചരണങ്ങളില്‍ കൃഷ്ണലീലകളും, വിഷ്ണുവിന്റെ അവതാരങ്ങളുമൊക്കെയാണ് പ്രതിപാദ്യം. ഇവയൊക്കെ വാലി നന്നായി വരികളാക്കി മാറ്റിയിരിക്കുന്നു. അവതാര്‍ സിംഗ് എന്ന സിക്ക് പോപ്പ് ഗായകനായി കമലഹാസന് പാടി അഭിനയിക്കുന്ന ഗാനമാണ് “ഓ... ഹോ... സനം“ എന്ന ഗാനം. വൈരമുത്തുവിന്റെ വരികള്‍; കമലഹാസന്, മഹാലക്ഷ്മി അയ്യര്‍ എന്നിവരുടെ ആലാപനം. കമലഹാസന്റെ ശബ്ദം ഗാനത്തിനു യോജിക്കുന്നു. ഗാനചിത്രീകരണവും നന്ന്. എന്നാല്‍ കാര്യമായ ഒരു ‘ഇംപാക്ട്’ നല്കുവാന് ഈ ഗാനത്തിനാവുന്നില്ല. ഹിമേഷ്, മഹാലക്ഷ്മി ആയ്യര്‍ എന്നവര്‍ ആലപിച്ച, “ഓ... ഹോ... സനം“ എന്ന ഗാനത്തിന്റെ റിമിക്സ് പതിപ്പ് ചിത്രത്തില്‍ ഉള്‍പ്പെടുത്താത്തത് ഭാഗ്യം! വൈരമുത്തു എഴുതിയ “ഉലഗ നായഗനേ...“ എന്നൊരു ഗാനവും ചിത്രത്തിന്റെ അവസാനം കാണാം. വിനിത് സിങ്ങാണ് ഗാനം ആലപിച്ചിരിക്കുന്നത്. കമലഹാസനെ പല വേഷങ്ങള്‍ക്കായി ഒരുക്കിയിടുക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഗ്രാഫിക്സ്
കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനെക്കുറിച്ചു പറയുക, ഏറ്റവും നല്ല കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ശ്രദ്ധിക്കപ്പെടാതെ പോവുമെന്നാണ്. അതായത്, അത്രയും വിശ്വസനീയമായിട്ടാണ് അവ സിനിമയില്‍ ഉപയോഗിക്കപ്പെടുക. എന്നാല്‍ ‘ദശാവതാര’ത്തിലെ ഗ്രാഫിക്സ് ഈ തരത്തില്‍ നോക്കിയാല്‍ മികച്ചതെന്നു കരുതുവാനാവില്ല. ഏതൊക്കെ ഭാഗങ്ങളിലാണ് ഗ്രാഫിക്സ് ഉപയോഗിച്ചിരിക്കുന്നതെന്ന്, ചിത്രം കാണുന്ന ഭൂരിഭാഗം പേര്‍ക്കും മനസിലാക്കുവാന്‍ സാധിക്കും. എങ്കില്‍ തന്നെയും, ഇന്ത്യന്‍ സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, അത്ര മോശമെന്നും ഇതിനെ പറയുവാന്‍ കഴിയുകയില്ല. നായകനെ ‘സൂപ്പര്‍ഹീറോ’വായി അവതരിപ്പിക്കുവാനാണല്ലോ ഇവിടെ ഗ്രാഫിക്സ് ഉപയോഗപ്പെടുത്തുന്നത്. ഒന്നുമില്ലെങ്കിലും, ഇതില്‍ കഥയ്ക്ക് ആവശ്യമുള്ള രംഗങ്ങള്‍ സൃഷ്ടിക്കുവാനാണ് ഗ്രാഫിക്സ് ഉപയോഗിച്ചിരിക്കുന്നതെന്നൊരു സമാധാനമെങ്കിലുമുണ്ട്. എന്നിരുന്നാലും, ചിത്രശലഭം പറക്കുന്നതും, കടലിലെറിയുന്ന വിഗ്രഹത്തിനരികിലൂടെ സ്രാവ് കടന്നു പോവുന്നതും മറ്റും, കമ്പ്യൂട്ടറുകളിലെ സ്കീന് സേവറില്‍ നിന്നും ഇറങ്ങി വന്നതുപോലെ തോന്നിച്ചു. കുറച്ചുകൂടി മികച്ച രീതിയില്‍ ഗ്രാഫിക്സ്, ഈ ചിത്രത്തില്‍ ഉപയോഗപ്പെടുത്തേണ്ടതായിരുന്നു.
വിഷ്ണുവിന്റെ അവതാരങ്ങളെ, ‘അവതാരം’ എന്നുവിളിക്കുന്ന യുക്തിയില്‍ ‘ദശാവതാര’ത്തിലെ കമലഹാസന് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ബന്ധിപ്പിക്കുവാനാവില്ല. ഈ കഥാപാത്രങ്ങളൊക്കെ കമലഹാസനു പകരം പത്തു നടീനടന്മാര് ചെയ്തിരുന്നെങ്കിലും, കഥയ്ക്ക് യാതൊരു കുഴപ്പവും വരാനില്ല. പിന്നെന്താണ് കമലഹാസന് എന്ന നടന് പത്തു വേഷങ്ങളെ ഒറ്റയ്ക്ക് അവതരിപ്പിക്കുന്നത്? കാരണം, അങ്ങിനെയെന്തിങ്കിലും ചെയ്യുകയും, അതിനു പബ്ലിസിറ്റി നല്‍കുകയും ചെയ്താല്‍ മാത്രമേ, ഇങ്ങിനെയൊരു തിരക്കഥയിലുള്ള പടം രക്ഷപെടുകയുള്ളൂ, എന്ന് ഇതിന്റെ അണിയറശില്പികള്ക്ക് അറിയാവുന്നതിനാല്‍ തന്നെ! കമലഹാസന്റെ ചിത്രം, അദ്ദേഹത്തിന്റെ പത്തുവേഷങ്ങള്‍ എന്നതിനെ മാത്രം വിശ്വസിച്ച്, പ്രദര്‍ശനശാലയില്‍ തിക്കി തിരക്കി, അകത്തു കയറുന്ന പ്രേക്ഷകനോടുള്ള നീതികേടായി മാത്രമേ ഈ ചിത്രത്തെ വിലയിരുത്തുവാനാവൂ. സിനിമയ്ക്ക് പ്രയോജനകരമല്ലാത്ത, ഇത്തരം മണ്ടന്‍ പരീക്ഷണങ്ങള്‍ ഇനിയും കമലഹാസന് ആവര്‍ത്തിക്കുകയില്ലെന്നു കരുതാം; അങ്ങിനെയൊരു മണ്ടത്തരത്തിനു നിന്നു കൊടുക്കുവാനും മാത്രം മണ്ടന്മാരല്ല പ്രേക്ഷകരെന്നെങ്കിലും മനസിലാക്കുവാനുള്ള വിവരം, ഇത്രയും നാളത്തെ സിനിമാജീവിതം അദ്ദേഹത്തിനു നല്‍കിയിട്ടുണ്ടാവാമല്ലോ!
അനുബന്ധം
൧ - ദശാവതാരം വിക്കി പേജ്
൨ - ദശാവതാരം വെബ് സൈറ്റ്
Description: Dasavatharam; Starring Kamal Hassan (Kamalahasan), Asin Thottungal, Mallika Sherawat, Nepolean, Jayaprada, Nagesh, M.S. Bhaskar; Directed by K.S. Ravichandran and Produced by Aascar Venu Ravichandran. Music by Himesh Reshammiya; Lyrics by Vaali, Vairamuthu. Story, Screenplay and Dialogues by Kamal Hassan, Sujatha, Crazy Mohan and K.S. Ravikumar. Kamal, always known in the industry for trying out something new, is handling ten different roles in this movie. 10 Ten Avatars of Kamal: Rangaraja Nambi, Govindarajan Ramaswamy, George Bush, Avtaar Singh, Christian Fletcher, Shinghen Narahasi, Krishnaveni, Vincent Poovaraagan, Kalifullah Mukhtaar and Balram Naidu. Film Review by Hareesh N. Nampoothiri aka Haree | ഹരീ
--
കമലഹാസന് പത്തു വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ‘ദശാവതാരം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
നമ്മള് പലപ്പോഴും പരിധിയില്‍ക്കവിഞ്ഞ് ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നു,
ReplyDeleteപല നല്ല ചിത്രങ്ങളും അമിത പ്രതീക്ഷ നിമിത്തം പരാജയങ്ങളാവാറുണ്ട്. നല്ല ചിത്രങ്ങള്‍ എന്നതിലുപരി വാണിജ്യപരമായ കാര്യങ്ങള്‍ മാത്രമേ എന്നു സിനിമയെ നയിക്കുന്നുള്ളൂ.
എന്തായാലും ഇത്രയും നല്ല വിശേഷങ്ങള്‍ക്ക് നന്ദി, കഴിഞ്ഞ ദിവസം 220 മുടക്കാന്‍ പോയതാ,ഭാഗ്യത്തിന് ടിക്കറ്റ് കിട്ടിയില്ല...
താങ്കള്‍ പറഞ്ഞതു പോലെ ക്കഥയെ പൂര്‍ണ്ണമായി സാധാരണ പ്രേക്ഷകനു ബന്ധിപ്പിക്കാന്‍ കശ്ഴിയില്ല...എങ്കില്‍lഉം ആനിമേഷന്‍ മോശമെന്നു പറയാന്‍ കഴിയില്ല.ഒരു ആനിമേറ്ററുടെ കാഴചപ്പാടില്ശരിയായില്ല എങ്കിലും ആ ആനിമേഷനുകള്‍ കുഴപ്പമില്ല എന്ന ഗണഠില് പെടുത്താം.പന്ത്രണ്ടാം നൂറ്റാണ്ടും സുനാമിയും ഒരുവിധം വൃത്തിയായി അവഥരിപ്പിച്ചിരിക്കുന്നു എന്നുകരുതാം.
ReplyDeleteപിന്നെ എന്റെ അഭിപ്രായത്തില്‍ അഭിനയം കൊണ്ട് ഒന്നാം സ്ഥാനം രംഗരാജനമ്പിയും രണ്ടാം സ്ഥാനം നായിഡുവും നേടുന്നു..പിന്നെ ഫ്ലോപ്പുകള്‍ എന്നു പറയനും ധാരാളമുണ്ട്.ഫ്ലെച്ചര്‍ ട്രെയിനിനു സമാന്തരമായി ബൈക്കില്‍ എത്തുന്നഥും മറ്റും. പിന്നെ ക്ലൈമാക്സില്‍ കൃത്യ സമയത്ത് ജപ്പാങ്കാരന്‍(പേരോര്‍ക്കുന്നില്ല)എത്തുന്നതും. ബ്ഭാവാഭിനയത്തില് പരാജയമെങ്കിലും ദ്വന്ദയുദ്ധം നന്നനയി പെര്‍ഫെക്ഷനോടെ ചിത്രീകരിച്ചിരിക്കുന്നു എന്നു തോന്നുന്നു.
ഞാന്‍ ഫസ്റ്റ് ഡേ തന്നെ കണ്ടു കാശ് കളഞ്ഞു ...അതിനെ പറ്റി ഒരു പോസ്റ്റും ഇട്ടിരുന്നു ...
ReplyDeleteനല്ല റിവ്യൂ ഹരീ.
ReplyDeleteഞാനും ‘ദശാവതാരം‘ കണ്ടു. ഹരി പറഞ്ഞ അഭിപ്രായങ്ങളില്‍ മിക്കതിനോടും യോജിക്കുന്നു. എനിക്കിഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ ചില കാര്യങ്ങള്‍ പറയാം:
ഇഷ്ടപ്പെട്ടത്:
1) ചിത്രം തുടങ്ങുന്ന ഭാഗങ്ങളില്‍ ഉണ്ടായിരുന്ന സീന്‍സ്, പ്രത്യേകിച്ച് ഒഴുക്കോടെ ഒരുപാട് ദൂരം പോകുന്ന തരം ക്യാമറ മൂവ്മെന്റ്.. ശരിക്കും പിടിച്ചിരുത്തി.
2) 12ആം നൂറ്റാണ്ടിലെ സംഭവങ്ങള്‍ ചിത്രീകരിച്ച ആദ്യഭാഗം സൂപ്പര്‍. ദൃശ്യങ്ങള്‍ മനോഹരം, അഭിനയം ഗംഭീരം, എല്ലാം കൊണ്ടും ഇഷ്ടപ്പെട്ടു.
3) ഗ്രാഫിക്സുകളില്‍ അവസാനഭാഗത്ത് സുനാമി ദൃശ്യങ്ങളില്‍ ചിലസ്ഥലങ്ങളില്‍ കിടിലന്‍ ആയിട്ടുണ്ട്.
4) വിഷ്ണുക്ഷേത്രത്തിലെ പൂജാരി രംഗരാജ നമ്പി, നായകന് ഗോവിന്ദരാജന്‍ രാമസ്വാമി, സി.ബി.ഐ. ഓഫീസറായ ബല്‍റാം നായിഡു, അവതാര്‍ സിംഗ് എന്നിവരെ കമലഹാസന് ഭംഗിയായി കൈകാര്യം ചെയ്തു എന്നെനിക്ക് തോന്നി.
5) അസിന് അവരുടെ രംഗങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്.
6) മറ്റ് ഇന്ത്യന്‍ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ ‘കണ്ണു നിറയെ കാണാനുണ്ട്’...!
ഇഷ്ടപ്പെടാത്തത്:
1) ഹരീ, എനിക്ക് മനസ്സിലാകാത്തത് കൊണ്ടാണോ എന്നറിയില്ല, ആ ‘ലൈറ്റ് ഹൌസ്’ എന്ന് വിളിക്കുന്ന അഫ്ഗാന്കാരനില്ലേ (കമല്‍)? അവനും ആ ഫാമിലിയുമായുള്ള റിലേഷന്‍ എന്തുവാന്ന് ഒരു പിടിയും കിട്ടിയില്ല, ആ കഥാപാത്രത്തിന്റെ ഉദ്ദേശവും മനസ്സിലായില്ല.
2) മൂക്കത്ത് വിരല്‍ വച്ചുപോയത്, ആ പോപ്പ് സിങ്ങര്‍ക്ക് (കമല്‍) വെടിയേറ്റപ്പോള്‍ വെടിയുണ്ട അയാളുടെ “കേന്സര്“ നെയും എടുത്ത് യാത്രയായി എന്നും, ഒരു ഡോക്റ്റര്‍ക്ക് ഓപ്പറേറ്റ് ചെയ്താലും ഇങ്ങനെ പൂര്‍ണ്ണമായും ഭേതമാക്കാന്‍ പറ്റുമായിരുന്നു എന്ന് കരുതുന്നില്ല എന്നൊക്കെ ഡോക്റ്റര്‍ പറഞ്ഞപ്പോ.... എന്തുവാഡേയ്.. ഇത്? എന്ന് ചോദിച്ചുപോയി. (എനിക്ക് തമിഴ് മനസ്സിലാകാത്തോണ്ടൊന്നും അല്ലല്ലോ? അങ്ങിനെത്തന്നെയല്ലേ സംഭവം? അതെ എന്നു തോന്നുന്നു)
3) മിക്ക റോളുകളും “ഫേന്‍സി ഡ്രസ്സ്” പോലെ തോന്നി. കട്ടികൂടിയ മേക്കപ്പായതുകൊണ്ട് എക്സ്പ്രഷസിന്റെ കാര്യം പറയേണ്ടതില്ല...! കൃഷ്ണവേണി പാട്ടിയുടെ കഥാപാത്രം എണ്ണം തികക്കാന്‍ മാത്രം വേണ്ടിയുള്ളതായി തോന്നി.
4) ആകെ മൊത്തം കഥയും, അതിന്റെ ലിങ്കിങ്ങും അത്ര ശരിയായില്ല.
ഓഫ് ടോപ്പിക്ക്:
A) ഹരി റേറ്റിങ്ങ് 3/10 അല്ലേ കൊടുക്കുന്നത്? ബട്ട്, ഞാന്‍ ഒരു 5.5/10 കൊടുക്കുന്നു.
B) പിന്നെ Chaos theory യും Butterfly effect ഉം ഒക്കെ വിക്കിയില്‍ നിന്ന് വായിച്ച് മനസ്സിലാക്കി. നന്ദി.
C) അടുത്തിടെ വന്ന റിവ്യൂകളില്‍ ഹരിയുടെ ഏറ്റവും നല്ല റിവ്യൂ പോസ്റ്റ് ആണ് ഇത്. എല്ലാ ഭാഗങ്ങളും (സംഗീതം ഉള്‍പ്പെടെ) വളരെ വിശദമായി പറഞ്ഞിരിക്കുന്നു. വളരെ ഇഷ്ടമായി എന്ന് അറിയിക്കട്ടെ.
ക്രിസ്റ്റ്യന്‍ ഫ്ലെച്ചറുടെ കഥാപാത്രവും കമല്‍ മനോഹരമായി അവതരിപ്പിച്ചു എന്നാണെനിക്കു തോന്നുന്നത്....
ReplyDeleteതുടക്കത്തില്‍ ഇതേത് ഹോളിവുഡ് നടനാണെന്ന് കുറേ ആലോചിച്ചിരുന്നു. പിന്നെയാണ് പിടികിട്ടിയത്..
കഥയൊന്നും മെച്ചമില്ലെങ്കിലും പല അവതാരങ്ങളും അതികപറ്റായിരുന്നെങ്കിലും... ഗ്രാഫിക്സില്‍ ചിലയിടത്ത് പാളിയെങ്കിലും... തുടക്കം മുതല്‍ ഒടുക്കം വരെ കാണാന്‍ കാഴ്ച്ചകള്‍ കുറേ ഉണ്ടായിരുന്നു... ബോറഡിച്ചുമില്ല. ഗ്രാഫിക്സിന്റെ സാധ്യതകള്‍ ഇത്രത്തോളം ഉപയോഗപ്പെടുത്തിയ മറ്റൊരു ഇന്ത്യന്‍ ചലച്ചിത്രം ഇതുവരെ ഇറങ്ങിയിട്ടില്ല എന്നു തോന്നുന്നു..(എന്റെ അറിവില്‍ ഇല്ല)
റേറ്റിങ്ങ് മൂന്നു കൊടുക്കണ്ടായിരുന്നു...:( ഞാനായിരുന്നേല്‍ ഒരു ഏഴ്-ഏഴര കൊടുത്തേനെ :)
നല്ല റിവ്യൂ.
ReplyDeleteക്രിസ്റ്റ്യന്‍ ഫ്ലെച്ചറുടെ അഭിനയമണ് ഏറ്റവും ഇഷ്ടമായത്. മറ്റൊന്നും അത്ര വിശേഷിപ്പിക്കാന്‍ മാത്രം ഒന്നും ചെയ്യുന്നുമില്ല.
യാതൊരു സവിശേഷതയുമില്ലാത്ത ചിത്രം.
റേറ്റ് 3 തന്നെ അധികമാ
ഭാഷ കൈകാര്യം ചെയ്ത വകയില്‍, വിന്‍സെന്റ് പൂവരഗന്‍ എന്ന കഥാപാത്രം വളരെ നന്നായി എന്നു വേണം പറയാന്‍. തൂത്തുക്കുടി-നാഗര്‍കോവില്‍ ഭാഗത്തെ ശൈലി ആണ് ആ കഥാപാത്രം ഉപയോഗിച്ചത്.
ReplyDeleteഎന്റെ അഭിപ്രായത്തില്‍, പല ഫാന്‍സി ഡ്രസ്സുകള്‍ ഉണ്ടെങ്കിലും, രംഗരാജ നംബിയും ഫ്ലെച്ചറുമാണ് സ്പാറിയത്... ഫ്ലെച്ചറുടെ പല രീതികളും ടെര്‍മിനേറ്റര്‍-2-ലെ അര്‍നോള്‍ഡിന്റെ മാനറിസങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കില്‍ പോലും!
ദശാവതാരംചിത്രവിശേഷത്തില് ഒരിടത്തുപോലും അവസാനഭാഗത്ത് കമല്‍ പറയുന്ന “ ദൈവം ഇല്ലാ എന്നല്ല,ദൈവം ഉണ്ടായിരുന്നാല്‍ നന്നായിരുന്നു” എന്ന വാചകത്തിനെ കുറിച്ച് ഒന്നും പറഞ്ഞില്ലാ..
ReplyDeleteറിവ്യൂ നന്നായിട്ടുണ്ട്.ഈ ചിത്രത്തിനെ ഒരു ഓവര്‍ ആക്ഷന്‍ ചിത്രം എന്നേ വിളിക്കാന്‍ പറ്റുള്ളൂ...
ReplyDeleteആകപ്പാടെ ഒരു തട്ടിക്കൂട്ട് സിനിമ.
ആക്സിഡന്റ് സീനുകള്‍ നന്നായിട്ടുണ്ട്. പക്ഷെ എല്ലാ ആക്സിഡന്റിനു ശേഷവും വണ്ടിയില്‍ നിന്നും ഒരുപരിക്കും കൂടാതെ പൊങ്ങിവരുന്ന യാത്രക്കാര്‍ ഒരു ബോറന് കാഴ്ച ആയിരുന്നു.
@ നിസ്,
ReplyDeleteനമ്മള് ആഗ്രഹിക്കുന്നതല്ലല്ലോ, ആഗ്രഹിപ്പിക്കുന്നതല്ലേ? :) സി.ഡി. ഇറങ്ങട്ടേന്നേ... എന്നിട്ടു കണ്ടാല്‍ അത്രേം ലാഭം.
@ അഹങ്കാരി,
ആനിമേഷന്‍ മോശമെന്നല്ല, ഇതിലും നന്നാക്കണമായിരുന്നു എന്നാണ്. അതും ശരിയാണ്, ഒരാള്‍ തന്നെയാണല്ലോ ഇടിക്കുന്ന രണ്ടുപേരും, അതു നന്നായി ചിത്രീകരിച്ചിട്ടുണ്ട്.
@ അജ്ഞാതന്‍,
:)
@ അഭിലാഷങ്ങള്‍,
വിശദമായ കമന്റിന് പ്രത്യേകം നന്ദി. :)
ഇഷ്ടമായവയൊക്കെ എനിക്കും ഇഷ്ടമായവ തന്നെ, അവതാര്‍ സിംഗിനോടു മാത്രം വിയോജിപ്പ്.
കൈഫ് ഉള്ളഹ്, നാഗേഷ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മൂത്ത സന്തതിയാണ്. അദ്ദേഹത്തിന്റെ അമ്മയ്ക്കാണ് രക്തം ദാനം ചെയ്യുവാന്‍ ഗോവിന്ദ് എത്തുന്നത്. :)
ഹ ഹ ഹ.. അത് ഈ സിനിമയിലാണെന്നേ ഞാന്‍ വിചാരിച്ചിട്ടില്ല, വെടിയുണ്ട ക്യാന്‍സറുമായി പോവുന്നതേ... ;)
ഓഫ് സി)-ക്ക് വീണ്ടും നന്ദി. :)
@ ജിഹേഷ്,
ഹ ഹ ഹ.. അതു തന്നെയാണ് അതിന്റെ കുഴപ്പവും, കമലിന്റെ ഐഡന്റിറ്റിയില്ല. മേക്കപ്പൊക്കെ ഇട്ടിട്ട്, ഒരു ഫാന്‍സിഡ്രസ്സ് ആക്കിക്കളഞ്ഞു, മിക്ക കഥാപാത്രങ്ങളും.
@ പ്രിയ ഉണ്ണികൃഷ്ണന്,
നന്ദി. :) ഫ്ലെച്ചറുടെ കാര്യത്തില്‍ വിയോജിപ്പ്.
@ പൊന്നമ്പലം,
:) ഭാഷയുടെ കാര്യം എനിക്കത്ര പിടിയില്ല. ഒരു കഥാപാത്രവും ഭാഷയിലും മറ്റും മോശമായതായി തോന്നിയില്ല. ദൈവമേ, ഈ ഫ്ലെച്ചറെന്താ അത്ര മികച്ചതായിരുന്നോ!
@ മച്ചുനന്‍,
അതെന്തിനാണ് ഇവിടെ പറയുന്നത്? അവര്‍ അങ്ങിനെ പറയുന്നതു പറഞ്ഞാല്‍, പിന്നെ എന്തിനതു പറഞ്ഞു എന്നും പറയണം, പിന്നെ കഥ മുഴുവന്‍ പറഞ്ഞതുപോലെയായിപ്പോവും! അല്ല, ആ വാചകം അത്രയ്ക്ക് ശ്രദ്ധിക്കപ്പെടേണ്ടതാണെന്നും എനിക്കു തോന്നിയില്ല.
@ വാല്മീകി,
നന്ദി. :)
--
ഞാനും ഓഫിസിലെ മൂന്ന് പേരും കൂടി പോയി കണ്ടു.പോകുന്നതിന് മുമ്പ് ചെന്നൈ ഓഫിസിലെ ഒരാൾ പറഞ്ഞത് ആദ്യത്തെ മൂന്ന് മിനിറ്റ് മിസ്സാക്കല്ലേ എന്നായിരുന്നു. പടം കണ്ടപ്പോൾ തോന്നി ആദ്യത്തെ മൂന്ന് മിനിറ്റ് മാത്രം കണ്ടാൽ മതിയെന്നാവും അദ്ദേഹം ഉദ്ദേശിച്ചതെന്ന്!
ReplyDeleteപിന്നെ ഹരീ, മറ്റു പലരും പറഞ്ഞ പോലെ, ഫ്ലെറ്റ്ച്ചർ അടിപൊളി വില്ലൻ തന്നെ..
നല്ല റിവ്യൂ. ഞാൻ മിക്കതും വായിക്കാറുണ്ട്, കമന്റിടാൻ മടിക്കുന്നൂന്ന് മാത്രം! എഴുതാനിപ്പൊ അത്ര മടിയാ..
കോളേജ് ജീവിതത്തിന് ശേഷം ആദ്യായിട്ടാ ഒരു തമിഴ് സിനിമ കാശ് മുടക്കി കണ്ടെ.. ഇനി റിവ്യു ഒക്കെ വായിച്ചിട്ട് വേണം എന്തായിരുന്നു കഥയെന്ന് മനസ്സിലാക്കാന്‍..
ReplyDeleteഎന്നാലും ആദ്യത്തെ ഭാഗവും ആ പാട്ടും ഇഷ്ടായി.. അവസാനായപ്പൊഴേക്കും ഒന്നു തീര്‍ന്നുകിട്ടിയാല്‍ മതിയെന്നായി..
ഹരീ,ഇന്നാണു പടം കണ്ടത്..3/10 കുറച്ചു കുറഞ്ഞു പോയി,ഞാന്‍ ഒരു 5-6/10 കൊടുക്കും..ഹരീ പറഞ്ഞതു പോലെ കമലഹാസന് തന്നെ ചെയ്തില്ലായിരുന്നെങ്കില്ലും ഒരു കുഴപ്പവുമില്ലായിരുന്നു.പക്ഷേ കമലഹാസന് ചെയ്തു എന്നതാണല്ലോ പ്രത്യേകത..
ReplyDeleteപിന്നെ എനിക്ക് രംഗരാജ നമ്പി,ഗോവിന്ദ്,ഫ്ലെച്ചര്‍,അവതാര്‍ സിംഗ്,നായിഡു,വിന്‍സെന്റ് ഇത്രയും കഥാപാത്രങ്ങള്‍ ശരിക്കും ഇഷ്ടപ്പെട്ടു.ഒട്ടും ഇഷ്ടപ്പെടാതെ പോയത്,നാഗേഷിന്റെ മകനായി ഉള്ള കഥാപാത്രം..ഒരു മാതിരി കാര്‍ട്ടൂണ്‍ പോലെയിരുന്നു...
പിന്നെ സുനാമി നന്നായി,നല്ല വൃത്തിയായിട്ടുണ്ട്
ചിത്രത്തിലെ ഗ്രാഫിക്സും മേക്ക് അപ്പും മോശമായി പല രംഗങ്ങളിലും. ഒരു പക്ഷെ ഹരിയേട്ടന് പ്രദിപാതിക്കാത്ത ഒരു കാര്യം എനിക്ക് തോന്യത് കമല്‍ ഹാസന്റെ ഡബ്ബിംഗ് ആണ്. എല്ലാ അവതാരങ്ങള്‍ക്കും അദ്ദേഹമാണ് ഡബ്ബ് ചെയ്തെതെന്ന് തോന്നുന്നു. വ്യത്യസ്തമായി ശബ്ദം പകര്നത് അഭിനനന്ദനം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും വില്ലന്റെ ശബ്ദം.
ReplyDeleteനല്ല review
ReplyDelete"ദശപരാധം" ആയിട്ടാണു് എനിക്ക് തോന്നിയത്. കാശു മുടക്കുമ്പോൾ പണിക്ക് അന്യോജ്യമായ പണിക്കാരെ എടുത്തില്ലെങ്കിൽ ഇങ്ങനെ ഇരിക്കും.
Horror film make up artists നെ കൊണ്ടു കൃഷ്ണവേണി പാട്ടിയുടെ make-up ചെയ്താൽ Freddie Krueger പോലും പേടിച്ചുപോകും.
പിന്നെ ഇതിലെ തമാശ കേട്ടാൽ കരച്ചിൽ വരും.
ഏകദേശം 10 Tonne വരുന്ന വിഗ്രഹം രണ്ട് വഞ്ചിയിൽ വെച്ചു് നടുകടലിൽ കൊണ്ടു പോയി താഴ്ത്തുമ്പോൾ, വെള്ളത്തിൽ താല്കാലികമായി ഉണ്ടാകുന്ന fluid depressionലിൽ രണ്ടു വഞ്ചികളും കൂട്ടിമുട്ടി പെരുമാളിന്റെ വിഗ്രത്തിനോടൊപ്പം വെള്ളത്തിൽ താണുപോകില്ലെ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. പക്ഷെ ആ വിഗ്രഹം കമൽ അണ്ണൻ ഒറ്റക്കു് പോക്കി തിരിച്ചു് വെയ്ക്കുന്ന രംഗം കണ്ടിട്ട് സഹിക്കാൻ പറ്റില്ല.
പിന്നെ chaos = കെയോസ്
:)
@ ഷിബു നായര്‍,
ReplyDelete:) ഫ്ലെച്ചര്‍ നന്നായി എന്ന് എനിക്ക് ഇപ്പോഴും അഭിപ്രായമില്ല. വെറുതെ ഒരു മടിയുമില്ലാതെ കൊല്ലുന്നുണ്ട്, അതിനപ്പുറം ഒരു വില്ലനായി വളരുവാനൊന്നും ഫ്ലെച്ചര്‍ കമലഹാസനു കഴിഞ്ഞിട്ടില്ല. നന്ദി, കമന്റിടൂന്നേ... ;)
@ ഇട്ടിമാളൂ,
:) വിക്കി പേജിലൂടെയൊക്കെ ഒന്നുപോയി നോക്കൂ... ലോജിക്കാവശ്യമില്ല, എന്നതാണ് ഈ സിനിമയുടെ ലോജിക്ക്!
@ മൃദുല്‍,
കമലഹാസന് ചെയ്തു എന്നത് ഒരു പ്രത്യേകതയാണ്, പക്ഷെ അതുമാത്രമായിപ്പോയി സിനിമയുടെ പ്രത്യേകത. സുനാമിയും അത്രയ്ക്കൊന്നും നന്നായെന്നു തോന്നുന്നില്ല, തിരകയറി വരുന്ന ഭാഗമാണ് ഉദ്ദേശിച്ചത് കേട്ടോ... അതുകഴിഞ്ഞ് വെള്ളം പൊങ്ങിയിട്ടുള്ള സീനൊക്കെ നന്നായി.
@ എക്സെന്‍ട്രിക്ക്,
ശരിയാണ്. ഡബ്ബിംഗ് വളരെ നന്നായിരുന്നു, കമലഹാസനാണ് എല്ലാത്തിനും ഡബ്ബ് ചെയ്തത്. അത് മിമിക്രിയാക്കാതെ, സ്വന്തം ശബ്ദത്തില്‍ വ്യത്യസ്തമായി ചെയ്തതില്‍ തീര്‍ച്ചയായും കമലഹാസന് അഭിനന്ദനം അര്‍ഹിക്കുന്നു. ഇവിടെ അത് ചൂണ്ടിക്കാണിച്ചതിന് പ്രത്യേകം നന്ദി. :)
@ കൈപ്പള്ളി,
:) തിരക്കഥയെങ്കിലും മറ്റൊരാളെക്കൊണ്ടു ചെയ്യിച്ചിരുന്നെങ്കില്‍ ഇതിലും നന്നായേനേ...
അതതിന്റെ അടിയില്‍ കിടന്ന ഉരുളന്‍ തടിയുടെ ബലത്തിലങ്ങ് സാധിച്ചെടുത്തതല്ലേ... ;)
കെയോസ് ആക്കിയിട്ടുണ്ട്.
--
"....പിന്നെന്താണ് കമലഹാസന് എന്ന നടന് പത്തു വേഷങ്ങളെ ഒറ്റയ്ക്ക് അവതരിപ്പിക്കുന്നത്? കാരണം, അങ്ങിനെയെന്തിങ്കിലും ചെയ്യുകയും, അതിനു പബ്ലിസിറ്റി നല്‍കുകയും ചെയ്താല്‍ മാത്രമേ, ഇങ്ങിനെയൊരു തിരക്കഥയിലുള്ള പടം രക്ഷപെടുകയുള്ളൂ, എന്ന് ഇതിന്റെ അണിയറശില്പികള്ക്ക് അറിയാവുന്നതിനാല്‍ തന്നെ! ..."
ReplyDeletePlease read this..
http://penningup.blogspot.com/2008/06/dasavathaaram-making-sense-of-it.html