മലയാളിയുടെ വിഷു ചിത്രങ്ങള്'08‍

Published on: 6/05/2008 09:55:00 PM
ChithraVishesham Poll: Best of Vishu Releases
2008-ലെ വിഷു ചിത്രങ്ങളെ മലയാളികള്‍ മറന്നു കഴിഞ്ഞിരിക്കണം. ലാല്‍ജോസ്-ദിലീപ് എന്നിവരൊന്നിച്ച ‘മുല്ല’; സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍-മീര ജാസ്മിന്‍ ടീമിന്റെ ‘ഇന്നത്തെ ചിന്താവിഷയം’; വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ബാലചന്ദ്രമേനോന്‍ യുവതാരങ്ങളെ അണിനിരത്തി കാഴ്ചയ്ക്കെത്തിച്ച ‘ദേ! ഇങ്ങോട്ടു നോക്കിയേ...’; ‘രാജമാണിക്യ’ത്തിനു ശേഷം മമ്മൂട്ടി-അന്‍‌വര്‍ റഷീദ് എന്നിവരൊന്നിച്ച ‘അണ്ണന്‍ തമ്പി’ എന്നിവയായിരുന്നു ഈ വര്‍ഷത്തെ മലയാളിയുടെ വിഷുക്കണി.

ChithraVishesham Poll Resultവിഷു ചിത്രങ്ങളില്‍, ചിത്രവിശേഷം പ്രേക്ഷകര്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്, ‘അണ്ണന്‍തമ്പി’ എന്ന മമ്മൂട്ടി-അന്‍‌വര്‍ റഷീദ് ചിത്രത്തെയാണ്. മികച്ച ചിത്രങ്ങളുടെയൊന്നും പട്ടികയില്‍ പെടുത്തുവാന്‍ കഴിയുകയില്ലെങ്കിലും, പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത ഒന്നായിരുന്നു ഇത്. ചിത്രം വിജയിച്ചുവെങ്കിലും, ഇവരുടെ ആദ്യ ചിത്രമായ ‘രാജമാണിക്യ’ത്തിന്റെ അടുത്തെങ്ങും ഇതെത്തുകയില്ല എന്നതും പറയേണ്ടതാണ്. ആകെ പോള്‍ ചെയ്ത 162 വോട്ടില്‍ 117 വോട്ട്(72%) ഈ ചിത്രം നേടി. നിലവാരമുള്ള മറ്റു ചിത്രങ്ങളുടെ അഭാവവും, ഇത്രയും വോട്ട് ഈ ചിത്രത്തിനു ലഭിക്കുവാന്‍ ഒരു കാരണമാണ്.

‘രസതന്ത്ര’ത്തിനു ശേഷം, അതേ കലാകാരന്മാര്‍ ഒന്നിക്കുന്ന ഒരു ചിത്രമാണ് ‘ഇന്നത്തെ ചിന്താവിഷയം’. എന്നാല്‍ ഒരേ വീഞ്ഞ് കുപ്പിമാറ്റി ഇറക്കുന്ന ഈ പരിപാടി സത്യന്‍ അന്തിക്കാട് എത്രയും വേഗം അവസാനിപ്പിക്കണമെന്ന വ്യക്തമായ സന്ദേശമാണ് ചിത്രവിശേഷം പോളില്‍ പ്രതിഫലിക്കുന്നത്. 19 വോട്ടുകള്‍ നേടി(11%) ഈ ചിത്രം രണ്ടാമതെത്തിയെങ്കിലും, പ്രേക്ഷകരെ ഒട്ടും തന്നെ തൃപ്തിപ്പെടുത്തിയില്ല ഈ സിനിമ എന്നത് വ്യക്തം. മോഹന്‍ലാല്‍, മീര ജാസ്മിന്‍ എന്നവരുടെ സാന്നിധ്യവും; സത്യന്‍ അന്തിക്കാടിന്റെ സംവിധാനപാടവവും കൊണ്ട് കണ്ടിരിക്കുവാന്‍ കൊള്ളാവുന്ന ഒരു ചിത്രമാണിത്; എന്നാല്‍ ഒരു ചിത്രത്തെ നല്ല സിനിമ എന്ന കൂട്ടത്തില്‍ കൂട്ടുവാന്‍ ഇവ മാത്രം പോരല്ലോ! ഇത്രയുമൊക്കെ താരപ്പൊലിമയുണ്ടായിട്ടും, ചിത്രം ‘മുല്ല’യില്‍ നിന്നും ഏറെയൊന്നും മുന്നോട്ടു പോവാത്തതിന്റെ കാരണവും മറ്റൊന്നല്ല.

‘ചാന്തുപൊട്ടി’നു ശേഷം ലാല്‍ ജോസും, ദിലീപും വീണ്ടുമൊരുമിച്ചപ്പോള്‍; മറ്റൊരു ‘മീശമാധവനെ’യാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ‘മുല്ല’ അത്തരത്തിലൊരു ചിത്രമായിരുന്നില്ല. ദിലീപ് സിനിമകളുടെ ആകര്‍ഷണീയതയായ നര്‍മ്മവും ഇതില്‍ കണ്ടില്ല. ചിത്രവിശേഷം പോളില്‍ 13 വോട്ടുകള്‍ നേടി(8%) ഈ ചിത്രം മൂന്നാമതെത്തി. ബാലചന്ദ്രമേനോന്‍ സിനിമയായ ‘ദേ! ഇങ്ങോട്ടു നോക്കിയേ...’ എന്നതും, ഇത്രയും തന്നെ വോട്ടുകള്‍ നേടുകയുണ്ടായി. എത്ര മോശം സിനിമയാണെങ്കിലും, ദൃശ്യമാധ്യമങ്ങള്‍ക്കു മുന്‍പില്‍ സിനിമയെക്കുറിച്ച് അതിന്റെ സൃഷ്ടാക്കള്‍ മോശമായൊന്നും പറഞ്ഞുകണ്ടിട്ടില്ല. എന്നാല്‍ പറഞ്ഞു നില്‍ക്കാവുന്നതിലും പരിതാപകരമായിരുന്നു ഈ ചിത്രം. അതിനാല്‍ തന്നെ സംവിധായകന് ചിത്രത്തിന് നിലവാരമില്ലെന്ന് തുറന്നു സമ്മതിക്കേണ്ടതായും വന്നു. തന്റെ അറിവോ സമ്മതമോ കൂടാതെ, ഏതാണ്ട് 20 മിനിറ്റോളം ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്, അതിനാലാണ് ചിത്രം ഈ വിധമായത് എന്നൊരു വാദവും അദ്ദേഹത്തില്‍ നിന്നുമുണ്ടായി. എന്തുതന്നെയായാലും ‘മുല്ല’യ്ക്കും, ‘ദേ! ഇങ്ങോട്ടു നോക്കിയേ’ എന്ന ചിത്രത്തിനും ഒരേ വോട്ടു കിട്ടിയത് അതിശയകരമായി തോന്നുന്നു!

വിഷുചിത്രങ്ങളുടെ അവസ്ഥ ഇങ്ങിനെയൊക്കെയാണെങ്കിലും, അതിനു ശേഷമിറങ്ങിയ ‘പച്ചമരത്തണലില്‍’, ‘പോസിറ്റീവ്’ എന്നിവ; മലയാളസിനിമയില്‍ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന തോന്നല്‍ പ്രേക്ഷകനുണ്ടാക്കുവാന്‍ പര്യാപ്തമായവയായിരുന്നു. മലയാളത്തിലുള്ള വിഷു ചിത്രങ്ങളുടെ നിലവാരമില്ലായ്മ, ‘നേപ്പാളി’ പോലെയുള്ള അന്യഭാഷാചിത്രങ്ങള്‍ക്ക് വിജയിക്കുവാനുള്ള അവസരവുമുണ്ടാക്കി. 2008 പകുതിയായെങ്കിലും, മനസിനെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം ഇതുവരെ കാണുവാന്‍ കഴിഞ്ഞില്ല എന്നുവേണം പറയുവാന്‍. ഇനിയുമിറങ്ങുവാനിരിക്കുന്ന സൂപ്പര്‍ സ്റ്റാറുകളുടേയും, സാദാ സ്റ്റാറുകളുടേയും ചിത്രങ്ങള്‍ പ്രതീക്ഷകള്‍ക്കൊത്തുയരുമെന്ന് ആശിക്കാം.


Description: Malayalam Movie Review, Film Review, Cinema Review; Comparison of Vishu Releases in Malayalam: Annan Thampi, Innathe ChinthaVishayam, Mulla and De! Ingottu Nokkiye; By Haree|ഹരീ, Hareesh N. Nampoothiri, Chithravishesham Blog.
--

5 comments :

 1. വിഷു ചിത്രങ്ങളെക്കുറിച്ച് ചിത്രവിശേഷം നടത്തിയ പോളിന്റെ ഫലങ്ങള്‍.
  --

  ReplyDelete
 2. നല്ല അവലോകനം, ഹരീ.
  :)

  ReplyDelete
 3. Good article...
  Nepali Keralathil vijayichuvo?It was a big flop even in Chennai...
  Other than Positive,up to some extend Cycle,there was nothing innovative in Malayalam movies released this year...Quality is going down ,so the number of viewers.

  ReplyDelete
 4. തമിളില്‍ ഇപ്പോള്‍ ഇറങ്ങുന്ന സിനിമകള്‍ കാണുമ്പോള്‍ മലയാളത്തില്‍ ഇങ്ങനെയൊന്നു എപ്പോഴാ ഉണ്ടാവുക എന്ന് കൊതിച്ചു പോവുന്നു, അടുത്ത് കണ്ട അന്ജാതേ, സന്തോഷ് സുബ്രമണ്യം, എത്ര മനോഹരം, മലയാളി സംവിധായകര്‍ക്കും, മറ്റും വിളര്‍ച്ച ബാധിച്ചോ? പണ്ടു നമ്മള്‍ പാണ്ടി പടം എന്ന് കളിയാക്കി, ഇനി അണ്ണന്മാര്‍ മലയാള സിനിമ പോലെ എന്ന് പോട്ട തമിള്‍ സിനിമകളെ വിളിക്കുമായിരിക്കും

  ReplyDelete
 5. @ ശ്രീ,
  നന്ദി. :)

  @ സജിത്ത്,
  നേപ്പാളി തരക്കേടില്ലാതെ ഓടിയെന്നു തോന്നുന്നു. നന്ദി. :)

  @ മന്‍സൂര്‍,
  ഉം... ശരി തന്നെ. :) സന്തോഷ് സുബ്രഹ്മണ്യത്തെക്കുറിച്ചു ഞാനും നല്ല അഭിപ്രായമാണ് കേട്ടത്. ഇനി ‘ദശാവതാരം’ ഈയാഴ്ച എത്തുമല്ലോ!
  --

  ReplyDelete