പച്ചമരത്തണലില്‍ (Pachamarathanalil)

Published on: 5/10/2008 10:35:00 PM
Pachamarathanalil: Written and Directed by debutant Leo Thaddeus. Starring Sreenivasan, Padmapriya, Baby Ahana Jakhari, Lal, Nasser
ചലച്ചിത്രരംഗത്ത് സഹസംവിധായകനായും, ചെറുചിത്രങ്ങളുടെ സംവിധായകനായും ഏറെക്കാലത്തെ പ്രവര്‍ത്തിപരിചയമുള്ള, ലിയോ തദേവൂസ്; കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘പച്ചമരത്തണലില്‍’. ശ്രീനിവാസന്‍, പത്മപ്രിയ എന്നിവര്‍ ‘യേസ് യുവര്‍ ഓണര്‍’ എന്ന ചിത്രത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജി. സുരേഷ് കുമാര്‍. പുതുമയുള്ള പ്രമേയമെന്നത് എല്ലാ സിനിമയെക്കുറിച്ചും അതിന്റെ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടാറുണ്ടെങ്കിലും, അതിനോട് സത്യസന്ധത പുലര്‍ത്തുന്നവ വളരെ വിരളമായേ മലയാളസിനിമയില്‍ ഉണ്ടാകുവാറുള്ളൂ. അത്തരത്തിലൊന്നായി ഈ ചിത്രത്തെ കണക്കാക്കാം.

സച്ചിയെന്ന സച്ചിദാനന്ദന്‍(ശ്രീനിവാസന്‍) ഒരു കാര്‍ട്ടൂണിസ്റ്റാ‍ണ്. ഭാര്യ ആനിയും(പത്മപ്രിയ), ഏകമകള്‍ സ്നേഹയും(ബേബി അഹാനാ ജാഘരി) എന്നിവര്‍ അടങ്ങുന്നതാണ് സച്ചിയുടെ കുടുംബം. വളരെ മിടുക്കിയായ സ്നേഹ, സ്കൂള്‍ ഡേയില്‍ അവതരിപ്പിച്ച പരിപാടി കണ്ട് ഇഷ്ടപ്പെടുന്ന ഒരു സംവിധായകന്‍, തന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കുവാന്‍ സ്നേഹയെ ക്ഷണിക്കുന്നു. ആനിക്ക് താല്പര്യമില്ലെങ്കിലും, സച്ചിദാനന്ദന്റെ പിന്തുണയോടെ അമ്മയെ സമ്മതിപ്പിച്ച്, മകള്‍ അഭിനയത്തിനു തയ്യാറാവുന്നു. ഷൂട്ടിംഗ് തുടങ്ങുന്നു, ഇടയ്ക്ക് ലൊക്കേഷന്‍ മാറുന്നതിനിടയില്‍, ബസില്‍ നിന്നും ദുരൂഹമായി സ്നേഹയെ കാണാതാവുന്നു. വെങ്കിടാചലയ്യര്‍(നാസര്‍) എന്ന പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണം ഏറ്റെടുക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിനാധാരം.

“ഇതിനു ടിക്കറ്റെടുത്തു കയറിപ്പോയല്ലോ!”എന്നു പ്രേക്ഷകര്‍ കരുതും വിധമാണു ചിത്രത്തിന്റെ തുടക്കം. മകള്‍ അച്ഛനെ ഫോണ്‍ ചെയ്തു വെച്ച ശേഷം, അച്ഛന്‍ ആരോടെന്നില്ലാതെ പറയുന്നു, “അയ്യോ! അവള്‍ ഫോണ്‍ കട്ടുചെയ്തു... ദേഷ്യത്തിലാണ്, ഇന്നേതായാലും പരിപാടി കലക്കും...”. ഈ രീതിയിലുള്ള അസ്വാഭാവിക സംഭാഷണങ്ങളാണ് ആദ്യ ഭാഗങ്ങളില്‍. സ്നേഹ പറയുന്ന വാചകങ്ങളില്‍ പലതും, മുതിര്‍ന്നവരെഴുതി വായിക്കും പോലെ തോന്നിച്ചു. ഈ സംഭാഷണങ്ങള്‍ വരുന്ന സീനുകളാവട്ടെ, ഒന്നും പറയുവാനില്ലാതെ വല്ലാതെ ഇഴച്ചില്‍ അനുഭവപ്പെടുന്നവയും! എന്നാല്‍ കുട്ടിയെ കാണാതാവുന്നതിനു ശേഷം ചിത്രമാകെ മാറുന്നു. തുടര്‍ന്നെന്താണ് സംഭവിക്കുക എന്ന് പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തുവാന്‍ കഴിയുന്ന രീതിയിലാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സംവിധാനത്തിലേയും, സംഭാഷണങ്ങളിലേയും തുടര്‍ന്നു വരുന്ന പോരായ്മകള്‍ അതിനാല്‍ തന്നെ അധികം ശ്രദ്ധിക്കപ്പെടുകയുമില്ല.

ഏതു കഥാപാത്രത്തേയും വളരെ സ്വാഭാവികമായി അവതരിപ്പിക്കുവാറുള്ള ശ്രീനിവാസന്റെ, അഭിനയപാടവത്തിനെന്തു പറ്റിയെന്നു തോന്നും, സച്ചിയായുള്ള പ്രകടനം കണ്ടാല്‍. പലയിടത്തും കോപ്രായം മാത്രമായി അദ്ദേഹത്തിന്റെ അഭിനയം. ആനിയെന്ന റോളില്‍ കാര്യമായൊന്നും ചെയ്യുവാനില്ലെങ്കിലും, പത്മപ്രിയ ഉള്ളതത്രയും ഭംഗിയാക്കിയിട്ടുണ്ട്. നാസറിന്റെ കഥാപാത്രമാണ് ഏറെ ശ്രദ്ധേയമായത്. ആത്മാര്‍ത്ഥതയുള്ള, എന്നാല്‍ അതു മറ്റുള്ളവരെ വിശ്വസിപ്പിക്കുവാന്‍ നാട്യങ്ങളില്ലാത്ത വെങ്കിടാചലയ്യര്‍ എന്ന പോലീസുദ്യോഗസ്ഥനെ വളരെ നന്നായിത്തന്നെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. സിറാജിന്റേയും, ബിജുക്കുട്ടന്റേയും ചില തമാശകള്‍ പ്രേക്ഷകരെ ചിരിപ്പിക്കും. ഇവരെക്കൂടാതെ ലാലു അലക്സ്, സോന നായര്‍, സുകുമാരി, വി.കെ.ശ്രീരാമന്‍, ലാല്‍, മീര വാസുദേവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പാട്ടുകളൊന്നും എടുത്തു പറയുവാന്‍ തക്കവണ്ണം ഗുണമുള്ളവയല്ലെങ്കിലും, ടൈറ്റില്‍ ഗാനത്തിന്റെ ഈണം ഇടയ്ക്കിടെ കുട്ടിയുമായി ബന്ധപ്പെടുത്തി ഉപയോഗിച്ചത് നന്നായിരുന്നു. സീനുകള്‍ക്കും, സംഭവങ്ങള്‍ക്കും യുക്തിഭദ്രമായ രീതിയില്‍ പിന്നീട് വിശദീകരണം നല്‍കിയിരിക്കുന്നതും എടുത്തു പറയാവുന്നതു തന്നെ. എന്നാല്‍ ഒടുവിലെ രംഗങ്ങള്‍ക്ക് അത്രയൊന്നും യുക്തിഭദ്രത അവകാശപ്പെടുവാനും കഴിയുകയില്ല. ക്ലൈമാക്സ് രംഗം വല്ലാതെ നീണ്ടുപോയത്, സിനിമയുടെ പിരിമുറുക്കത്തെ ബാധിച്ചു. തിരക്കഥയില്‍ അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, കൂടുതല്‍ മികച്ച അനുഭവമാക്കുവാന്‍ കഴിയുമായിരുന്ന ഒന്നായിരുന്നു ഈ ചിത്രം. കൂടുതല്‍ മികച്ച പ്രമേയങ്ങളും, ചിത്രങ്ങളുമായി ലിയോ തദേവൂസിനു വീണ്ടുമെത്തുവാനുള്ള പിന്തുണ, പ്രേക്ഷകരില്‍ നിന്നും തിയേറ്ററില്‍ ലഭിക്കുമെന്നു തന്നെ കരുതാം; അതിനുള്ളത് ഈ ചിത്രത്തിലുണ്ട്.


Description: Pachamarathanalil: Written and Directed by debutant Leo Thaddeus. Starring Sreenivasan, Padmapriya, Baby Ahana Jakhari, Lal, Nasser, Lalu Alex, Suraj Venjarammoodu, Bijukkuttan, Sukumari, V.K. Sreeraman, Sona Nair, Meera Vasudev. Songs by Vayalar Sarath, Composed by Alphons Joseph. Produced by G. SureshKumar. Movie Review in Malayalam. Chithravishesham by Haree(Hareesh N. Nampoothiri)
--

4 comments :

 1. ലിയോ തദേവൂസിന്റെ സംവിധാനത്തില്‍; ശ്രീനിവാസന്‍, പത്മപ്രിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പച്ചമരത്തണലി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന തമിഴ് സിനിമ പോലെയല്ലേ ഹരീ ഇതും.അവിടെ എഴുത്തുകാരന്‍,ഇവിടെ കാര്‍ട്ടൂണിസ്റ്റ്.അവിടെ കുട്ടി തീവ്രവാദിയുടെ മകള്‍.ഇവിടെ തീവ്രവാദിയെന്ന് തെറ്റിദ്ധരിക്കപ്പെട്ട ആളുടെ മകള്‍.ഓരോ മലയാള സിനിമ കാണുമ്പോഴും ഒരു അന്യഭാഷാചിത്രം ഓര്‍മ്മയില്‍ വരുന്നത് വല്ല രോഗവുമാണോ?

  ReplyDelete
 3. ആദ്യദിവസം തന്നെ പോയികണ്ടു. അത്രപോരാ. പുതുസംവിധായകനെകൊണ്ട് ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കാം.
  ഹരീ, സിറാജ് എന്നെഴുതികണ്ടു. സുരാജ് എന്നാണ്. ശ്രദ്ധിക്കുമല്ലോ.

  ReplyDelete
 4. @ ടി.കെ. സുജിത്ത്,
  :) അതുമായി ഒരു ബന്ധമൊക്കെ ഈ പറഞ്ഞതുപോലെ പറയാം. പക്ഷെ, അതുമായി താരതമ്യപ്പെടുത്തിയെന്നറിഞ്ഞാല്‍, മണിരത്നം ചിലപ്പോള്‍ മാനനഷ്ടത്തിനു കേസു കൊടുത്താലോ! :P

  @ ഏറനാടന്‍,
  :) അതെ, ഇത്രയുമൊത്തല്ലോ!
  സുറാജ്/സുരാജ്/സിറാജ്/സിരാജ് ഇങ്ങിനെയെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്!
  --

  ReplyDelete