
ഫില്‍ക്ക തിരുവനന്തപുരത്ത് വര്‍ഷാവര്‍ഷം നടത്തിവരുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ വര്‍ഷത്തെ ഉദ്ഘാടനചിത്രമായി ‘അടയാളങ്ങള്‍’ എന്ന ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. 2007-ലെ മികച്ച ചിത്രത്തിനും, മികച്ച സംവിധായകനുമുള്‍പ്പടെ അഞ്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രമാണിത്. സഹസംവിധായകനായും, നടനായും ചലച്ചിത്രരംഗത്തുണ്ടായിരുന്ന എം.ജി. ശശിയുടെ ആദ്യ സംവിധാന സംരംഭമാണിത്. സംവിധായകന്റെ തന്നെയാണ് തിരക്കഥയും, സംഭാഷണങ്ങളും. നന്ദനാരെന്ന വള്ളുവനാടന്‍ കഥാകാരന്റെ ജീവിതസന്ദര്‍ഭങ്ങളേയും, കഥകളേയും ആസ്പദമാക്കിയുള്ളതാണ് ഈ ചലച്ചിത്രം. അരവിന്ദ് വേണുഗോപാല്‍, ഗോവിന്ദ് പത്മസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ഗോവിന്ദ് പത്മസൂര്യ, സതി, ജ്യോതിര്‍മയി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. അതിന്റെ ദുരിതഫലങ്ങള്‍ ഇങ്ങ് കേരളത്തിലും പ്രതിഫലിക്കുന്നു. പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് പല കുടുംബങ്ങളും. അതിലൊന്നാണ് പാടത്തുപറമ്പില്‍ ഗോപിനാഥന്(ഗോവിന്ദ് പത്മസൂര്യ) എന്ന യുവാവിന്റെ വീടും. കഥകളി കലാകാരനായ അച്ഛന് അരങ്ങില്‍ പ്രശസ്തനായിരുന്നെങ്കിലും, കാര്യമായ വരുമാനമൊന്നും ലഭിക്കുമായിരുന്നില്ല. അമ്മ മാധവിയുടെ(സതി) ആദ്യ ഭര്‍ത്താവിലുണ്ടായ ജ്യേഷ്ഠനാവട്ടെ, സ്വന്തം ഭാര്യയേയും മക്കളേയുമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. ഇടയ്ക്കിടെ ആശ്വാസമായെത്താറുണ്ടായിരുന്ന രാമന് നമ്പൂതിരിയേയും(ടി.ജി. രവി), ഭാസ്കരക്കുറുപ്പിനേയും(ടി.വി. ചന്ദ്രന്), മീനാക്ഷിക്കുട്ടിയേയും(ജ്യോതിര്‍മയി) ഗോപിക്ക് പിരിയേണ്ടിവരുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോകുവാന്‍ ശ്രമിക്കുമ്പോഴൊക്കെ തിക്തമായ അനുഭവങ്ങളായിരുന്നു ഗോപിയെ കാത്തിരുന്നത്. ഒടുവില്‍ കുടുംബം പോറ്റുക എന്ന ഒറ്റ ലക്ഷ്യത്തില്‍, പ്രിയപ്പെട്ടതിനെയെല്ലാം വിട്ടകന്ന് ഗോപി പട്ടാളത്തില്‍ ചെരുന്നു. ഗോപിയുടെ ശിഷ്ടകാലത്തെക്കുറിച്ച് സംവിധായകന് മൌനം പാലിച്ചിരിക്കുന്നു.
നന്ദനാരുടെ ജീവിതം അതേപടി പകര്‍ത്തിയിരിക്കുകയല്ല സിനിമയില്‍. ആശയങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് കഥ പറയുകയെന്ന രീതിയാണ് സംവിധായകന് അവലംബിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളും ഓരോ ആശയത്തെ പ്രതിനിധാനം ചെയ്യുവാനായി സിനിമയില്‍ വന്നുപോവുന്നു. ഒരുപക്ഷെ സിനിമയുടെ ഗുണവും ദോഷവും ഈ ആഖ്യാനശൈലി തന്നെയാണ്. ഗോപി എന്ന പുരുഷകേന്ദ്രകഥാപാത്രത്തെ ഗോവിന്ദ് പത്മസൂര്യ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. രാമന് നമ്പൂതിരിയായി ടി.ജി. രവിയും; ഗോപിയുടെ അമ്മ മാധവിയായി സതിയും ശ്രദ്ധേയമായിത്തന്നെ അഭിനയിച്ചു. ജ്യോതിര്‍മയിക്ക് കാര്യമായൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല, അഥവാ ചെയ്യുന്നതായി കണ്ടില്ല. ടി.വി. ചന്ദ്രന്, വി.കെ.ശ്രീരാമന്, മാടമ്പ് കുഞ്ഞിക്കുട്ടന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച മറ്റു ചില കഥാപാത്രങ്ങളും സിനിമയിലുണ്ട്.
ചെണ്ടക്കാരനായും, ബീഡി തൊഴിലാളിയായും ജീവിതമാര്‍ഗം കണ്ടെത്തുവാന്‍ ശ്രമിച്ചു പരാജയപ്പെടുന്നുവെന്നു കാണിക്കുന്നുണ്ടെങ്കിലും; കുടുംബം പട്ടിണിയില്‍ വലയുമ്പോഴും, ഗോപി അതിനു പരിഹാരമായി അത്മാര്‍ത്ഥതയോടെ എന്തെങ്കിലും ചെയ്തുവെന്നു ചിത്രം കണ്ടപ്പോള്‍ തോന്നിയില്ല. വെറുതെ പാറപ്പുറത്തു മാനം നോക്കിക്കിടക്കുന്ന ഗോപി, എന്നാണ് പ്രേക്ഷകരുടെ മനസില്‍ പതിയുന്നത്. ഗോപിയുടെ മാനസികസംഘര്‍ഷങ്ങള്‍, മീനാക്ഷിയിലൂടെ പുറത്തുകൊണ്ടുവരികയോ മറ്റോ ചെയ്തിരുന്നെങ്കില്‍, പ്രേക്ഷകര്‍ക്ക് കുറച്ചു കൂടി ഗോപിയെ അറിയുവാന്‍ കഴിയുമായിരുന്നു. ഗാനങ്ങള്‍, കവിതകള്‍, കലാരൂപങ്ങള്‍ എന്നിവയെയൊക്കെ സിനിമയില്‍ ആവശ്യത്തിനനുസരിച്ച് ഉപയോഗിച്ചിരിക്കുന്നതും ശ്രദ്ധേയമായി. എതിരാളിയുടെ പാതിബലം അധികമായി ലഭിക്കുവാനുള്ള വരം സിദ്ധിച്ച, അതിബലവാനായിരുന്നിട്ടും രാമന്റെ ഓളിയമ്പേറ്റൊടുങ്ങുവാനായിരുന്നു ബാലിയുടെ വിധി. ബാലിവേഷം ആടി പൂര്‍ത്തിയാക്കി, അരങ്ങില്‍ വീണുമരിക്കുന്ന ഗോപിയുടെ അച്ഛന്റെ ജീവിതവും ബാലിയുടേതുപോലെയായിരുന്നല്ലൊ! കഴിവുകളും, പ്രതിഭയുമൊന്നും ജീവിതത്തില്‍ ഉപകാരപ്പെടാതെ പോവുക! സിനിമയിലെ ഏറ്റവും മികച്ച കല്പന ഒരുപക്ഷെ ഇതായിരിക്കണം.
നന്ദനാര്‍ സിനിമയ്ക്കൊരു വിഷയമാവുന്നെന്നതും, വൈകാരികമായി മനസിനെ സ്പര്‍ശിക്കുന്ന രംഗങ്ങള്‍ തുടര്‍ച്ചയായുണ്ടെന്നതും ഒഴിച്ചു നിര്‍ത്തിയാല്‍; ഒരു അടയാളവും ഈ സിനിമ പ്രേക്ഷകന്റെ മനസില്‍ ബാക്കി വെയ്ക്കുമെന്നു കരുതുവാന്‍ വയ്യ. മികച്ച സംവിധായകനാകുവാന്‍ എം.ജി. ശശിക്കും; മികച്ച സിനിമയാകുവാന്‍ എം.ജി. ശശിയുടെ സിനിമകള്‍ക്കും ഇനിയുമേറെ ദൂരം സഞ്ചരിക്കുവാനുണ്ടെന്നത് സ്പഷ്ടം. എങ്കിലും, ആദ്യ സംരംഭമെന്ന നിലയില്‍ പുതുതായി എന്തൊക്കെയോ ചെയ്യുവാനും, പറയുവാനും ശ്രമിച്ചിട്ടുണ്ടെന്നുള്ളത് പ്രതീക്ഷ നല്കുന്നു. ആ അര്‍ത്ഥത്തില്‍, കാണുവാന്‍ അവസരം ലഭിച്ചാല്‍ കാണാവുന്ന ഒരു ചിത്രമായി ‘അടയാളങ്ങളെ’ ചേര്‍ക്കാം.
Description: Adayalangal - The Imprints: Written and Directed by M.G. Sasi based on Nandanar; his life and short-stories. Starring Govind Pathmasurya, Jyothirmayi, Sathi, T.G. Ravi, T.V. Chandran, V.K. Sreeraman, Madambu Kunjikkuttan, Geetha Joseph. Produced by Aravind Venugopal, Govind Pathmasurya.
--
2007-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍; മികച്ച സിനിമ, മികച്ച സംവിധായകന് എന്നിവയ്ക്കുള്‍പ്പടെ അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘അടയാളങ്ങള്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
സീഡി എടുത്ത് കാണാനേ പറ്റൂ. തീയറ്ററീന്നൊക്കെ മാറിക്കാണും. ചിലപ്പോള്‍ തീയറ്ററില്‍ വന്നിട്ട് തന്നെ ഉണ്ടാകില്ല.
ReplyDeleteപോസ്റ്റിന് നന്ദി ഹരീ.
ഹരിയേട്ടാ ഇവിടെ അധികം ചിത്രങ്ങളും വ്യാജ
ReplyDeleteസി.ഡി ഇട്ടാണ് കാണുന്നത് തെറ്റാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ നല്ല ചിത്രങ്ങള്‍ കാണാന്‍ ശ്രമിക്കുകയാണ് ഞാന്‍ സിനിമയെക്കുറിച്ചു രണ്ടു ബ്ലൊഗുകള് ചെയ്യുന്നുണ്ട്
അതിന്റെ തെറ്റുകള്‍
ഹരിയേട്ടന് ഒന്നു ചൂണ്ടി കാണിച്ചാല്‍ നന്നായിരിക്കും
രാവണ രാക്ഷസപ്രഭുക്കള് അരങ്ങുതകര്‍ത്ത് വെല്ലുവിളിക്കുന്ന സില്‍വര്‍ സ്കീനില്‍ ഇതുപോലെയുള്ള പരീക്ഷണങ്ങള്‍ സ്വാഗതം ചെയ്യപ്പെടെണം..
ReplyDeleteഹരിക്കു നന്ദി
നന്ദനാര്‍ സിനിമയ്ക്കൊരു വിഷയമാവുന്നെന്നതും, വൈകാരികമായി മനസിനെ സ്പര്‍ശിക്കുന്ന രംഗങ്ങള്‍ തുടര്‍ച്ചയായുണ്ടെന്നതും ഒഴിച്ചു നിര്‍ത്തിയാല്‍;
ReplyDeleteഇത്രയും ഒഴിവാകാനോ? ഇത്രയെങ്കിലുമുള്ള സിനിമകള്‍ മലയാളത്തില്‍ അധികമില്ല.
പത്തില്‍ നാല് മാത്രം?
ഹരിയോട് വിയോജിക്കേണ്ടി വരുന്നു. അടയാളങ്ങള്‍ പൂര്‍ണമായ സിനിമയാണെന്ന് എനിക്കഭിപ്രായമില്ല. പക്ഷെ, ഹരിയുടെ നിഗമനങ്ങളില്‍ എന്തൊക്കെയോ മുന്‍വിധികള്‍ കടന്നുകൂടിയതുപോലെ!
ReplyDelete"ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴൊക്കെ തിക്താനുഭവങ്ങളായിരുന്നു ഗോപിയെ കാത്തിരുന്നത്. ഒടുവില്‍ കുടുംബം പോറ്റുക എന്ന ഒറ്റ ലക്ഷ്യത്തില്‍ പ്രിയപ്പെട്ടതിനെയെല്ലാം വിട്ടകന്ന് ഗോപി പട്ടാളത്തില്‍ ചേരുന്നു."
"ചെണ്ടക്കാരനായും ബീഡിത്തൊഴിലാളിയായും ജീവിതമാര്‍ഗം കണ്ടെത്തുവാന്‍ ശ്രമിച്ചു പരാജയപ്പെടുകയും കുടുംബം പട്ടിണിയില്‍ വലയുമ്പോഴും അതിനു പരിഹാരമായി ആത്മാര്‍ഥതയോടെ ഗോപി എന്തെങ്കിലും ചെയ്തില്ല, വെറുതെ പാറപ്പുറത്തു മാനം നോക്കിക്കിടക്കുകയായിരുന്നു..."
ഹരിയുടെ ഈ രണ്ടു പ്രസ്താവ്യങ്ങളും പരസ്പര വിരുദ്ധമല്ലെ?
പിന്നെ പട്ടാളജീവതവും തിരിച്ചെത്തിയിച്ചുള്ള ജോലിയുമൊന്നും നന്തനാര്‍ക്ക് ശാന്തി നല്‍കിയിരുന്നില്ല. അല്ലെങ്കില്‍ 48-ാം വയസ്സില്‍ അദ്ദേഹം റെയില്‍പ്പാളത്തില്‍ അസ്തമിക്കില്ലായിരുന്നു. ഒരുപക്ഷെ, കൗമാരത്തില്‍ തുടങ്ങിയ മരണചിന്തയില്‍ നിന്ന് ഗോപിയെ പിന്തിരിപ്പിച്ചിരുന്നത്, പാറപ്പുറത്ത് ആകാശം നോക്കി കിടന്നിരുന്നത് കുടുംബത്തോടുള്ള ബന്ധനം കൊണ്ടായിരുന്നിരിക്കില്ലെ?
മറ്റൊന്ന് ഇത് നന്തനാരുടെ കഥയാണ്, കെട്ടുകഥയല്ല. ഗോപി കുടുംബത്തിനായി ഒന്നും ചെയ്തില്ലെങ്കില്‍തന്നെ അത് എങ്ങനെ സംവിധായകന്റെ കുറ്റമാകും? ഇത് കഥയല്ല യാഥാര്‍ഥ്യമാണെന്നത് ഹരി മറന്നു.
ചിത്രത്തിലെ എടുത്തു പറയെണ്ട രണ്ടു പ്രത്യേകതകള്‍ ഇടപ്പള്ളിയുടെ മണിനാദത്തിന്റെ മനോഹരമായ ഉപയോഗവും (ഒരേ കടലിലെ പാട്ടുകള്‍ പോലെ) എം. ജി. രാധാകൃഷ്ണന്റെ ക്യാമറയുമാണ്. ഇതുരണ്ടും ഹരി മിണ്ടിക്കണ്ടില്ല.
ഹരിയുടെ മുന്‍ പോസ്റ്റുകളില്‍ രണ്ടെണ്ണത്തിന്റെ മാര്‍ക്കുകളുമായി താരതമ്യം ചെയ്ത് ഞാന്‍ ഈ സിനിമയ്ക്കു മാര്‍ക്കിട്ടാല്‍ 7.25 നല്‍കും. കാരണം ഹരി നാലുപെണ്ണുങ്ങള്‍ക്ക് 7 മാര്‍ക്കും ഒരേ കടലിന് 7.5 മാര്‍ക്കുമാണ് നല്‍കിയിട്ടുള്ളത്. എന്റെ കാഴ്ചപ്പാടില്‍ നാലു പെണ്ണുങ്ങളെക്കാള്‍ വളരെ മുന്നിലാണ് ഈ സിനിമ.
@ നിരക്ഷരന്,
ReplyDeleteസി.ഡി. എടുത്തു കാണൂ... :)
@ അനൂപ് എസ്. നായര്‍,
സിനിമ കാണുവാന്‍ മറ്റ് മാര്‍ഗമില്ലെങ്കില്‍, അതു ക്ഷമിക്കാം... അല്ലേ? :) (ഞാനാരാ ക്ഷമിക്കാന്‍, പ്രൊഡ്യൂസര്മാരല്ലേ ക്ഷമിക്കേണ്ടത്... :P)
നടക്കട്ടെ.. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാനൊന്നും ഞാനാളല്ല, പക്ഷെ ഈ കമന്റ് കണ്ട മറ്റ് വായനക്കാര്‍ അതിനു തയ്യാറാവുമെന്നു കരുതാം. :)
@ ജി. മനു,
തീര്‍ച്ചയായും. :)
@ റോബി,
വൈകാരികമായി മനസിനെ സ്പര്‍ശിക്കുന്ന രംഗങ്ങള്‍(സെന്റി രംഗങ്ങള്‍) ധാരാളമുള്ളതുകൊണ്ടു കാര്യമുണ്ടോ? സിനിമയോട് കാഴ്ചക്കാരനൊരു ആത്മബന്ധം സ്ഥാപിക്കുവാനൊക്കേണ്ടേ? നന്ദനാര്‍ സിനിമയ്ക്കു വിഷയമാവുന്നു എന്നതുകൊണ്ടും ഒരു സിനിമ നല്ലതെന്ന് പറയേണ്ടതുണ്ടോ? നാലു മതിയെന്നാണ് എനിക്കു തോന്നിയത്. :)
@ വക്രബുദ്ധി,
മുന്‍വിധി ഒന്നുമാത്രം; മികച്ച സിനിമ, മികച്ച സംവിധാനം - ഈ അവാര്‍ഡുകള്‍ നേടിയ സിനിമ നല്ലതാവട്ടെ, എന്ന ആഗ്രഹം. അല്ലാതെ വേറെ ഒന്നുമില്ല... :)
ആ രണ്ടു വരികളില്‍; ആദ്യത്തേത്, സിനിമയുടെ രത്നച്ചുരുക്കം പറഞ്ഞതാണ്. അതാണല്ലോ സിനിമയില്‍ കാണിച്ചു തരുവാന്‍ സംവിധായകന് ശ്രമിച്ചത്. രണ്ടാമത്തേത്, ഞാന്‍ എങ്ങിനെ അതു കണ്ടു എന്നതാണ്. അതു രണ്ടും പരസ്പരവിരുദ്ധമല്ല.
നന്ദനാരുടെ തിരിച്ചെത്തിയ ശേഷമുള്ള കഥ സിനിമയ്ക്ക് വിഷയമല്ല, അതിനാല്‍ അതിനെക്കുറിച്ച് സിനിമയുടെ വിശേഷം പറയുമ്പോള്‍ ചര്‍ച്ചചെയ്യേണ്ടതുണ്ടോ?
ശരിയാണ്, ഗോപി അതായത് നന്ദനാരുടെ യൌവനം, ഒന്നും ചെയ്തില്ലെങ്കില്‍ സംവിധായകന് ഒന്നും ചെയ്യുവാന്‍ കഴിയില്ല. പക്ഷെ, അത് തികച്ചും ‘മെറ്റീരിയലിസ്റ്റിക്കാ’യ കാര്യമല്ലേ? അന്നത്തെ ഗോപിയുടെ ചിന്തകള്‍, അതൊന്നും എഴുതപ്പെട്ടിട്ടില്ലെങ്കില്‍ കൂടിയും, കണ്ടെത്തുവാന്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന് ശ്രമിക്കേണ്ടതുണ്ടായിരുന്നു. അതിനു പറ്റിയ ഒരു കഥാപാത്രമായിരുന്നു മീനാക്ഷിക്കുട്ടി. എന്തായിരുന്നു പാറപ്പുറത്ത് കിടന്നപ്പോള്‍ നന്ദനാര്‍ ആലോചിച്ചിരുന്നത്? ആ ചിന്തകളുടെ കഥാരൂപമല്ലേ പിന്നീട് അദ്ദേഹത്തില്‍ നിന്നും നമുക്കു ലഭിച്ചത്? നന്ദനാരുടെ അടയാളങ്ങള്‍ തേടിയുള്ള യാത്രയില്‍ എന്താണ് സംവിധായകന് നമുക്കു സൂക്ഷിക്കുവാനായി നല്‍കിയത്?
ഞാന്‍ നല്‍കില്ല. :) ഒരേ കടലിലെ പാട്ടുകള്‍ പോലെ പശ്ചാത്തല സംഗീതവും, ഗാനങ്ങളും ഇതില്‍ അത്രയും മികച്ചരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നു കരുതുവാന്‍ കഴിയില്ല. ഒരേ കടലിലെ സംഗീതം ഇപ്പോഴും, അതിനെക്കുറിച്ചു പറയുമ്പോള്‍ മനസില്‍ അലയടിക്കുന്നു. പക്ഷെ, ഇതിലെ സംഗീതമോ, വരികളൊ ഒന്നും എന്റെ മനസിലില്ല! എം.ജി. രാധാകൃഷ്ണന്റെ ക്യാമറ നന്നുതന്നെ, പക്ഷെ മൊത്തത്തില്‍ ചിത്രത്തിനൊരു മൂഡ് നല്കുവാന് ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നു കരുതുവാന്‍ വയ്യ. പല ഷോട്ടുകളും ഇതിലും മികച്ചതാക്കുവാന്‍ സാധ്യതയുണ്ടായിരുന്നതായും തോന്നി. പലയിടങ്ങളിലും കൃത്രിമത്വം അനുഭവപ്പെട്ടു എന്നതാണ് റേറ്റിംഗ് കുറയുവാനുള്ള ഒരു കാരണം. ‘ഞാന്‍ എന്റെ കുട്ടിക്കാലത്തെ ഒന്നു തൊടട്ടെ... എന്റെ കുട്ടിക്കാലത്തെ ഒന്നു തൊടട്ടെ...’ ഇങ്ങിനെയുള്ള വരികളിലൊന്നും ഒരാര്ത്മാര്ത്ഥതയും എനിക്ക് തോന്നിയതുമില്ല! ഒരുപക്ഷെ; അടൂരോ, ശ്യാമപ്രസാദോ എടുത്തിരുന്നെങ്കില്‍ എന്നു കൂടി ആലോചിക്കാവുന്നതാണ്. :) ചിലപ്പോള്‍ എന്റെ കാഴ്ചയുടെ പ്രശ്നമാകുവാനും മതി... :)
--
ഛായാമുഖി കണ്ടോ? ഉണ്ടേലൊരു റിവ്യൂ എഴുതുമോ? കാണാന്‍ വല്യ മോഹം :( :(
ReplyDeleteEhtha hare Kalabavan Maniyoday cinema yodu oru avaganana???
ReplyDeleteഅടയാളങ്ങളെക്കുറിച്ച് വെള്ളെഴുത്ത് എഴുതിയത് വായിച്ചോ?
ReplyDelete@ രുദ്ര,
ReplyDelete‘ഛായാമുഖി’ കാണുവാനൊത്തില്ല. കാണുവാന്‍ സാധിച്ചാല്‍ എഴുതണമെന്നുണ്ട്.
@ വിബിന് പി.
അവഗണനയൊന്നുമില്ല; പക്ഷെ, അത്രയ്ക്ക് പ്രതീക്ഷകളുമില്ല. :)
@ റോബി,
ഇല്ലല്ലോ, ലിങ്ക് കൂടി ഇവിടെ നല്‍കാമോ?
--
http://vellezhuthth.blogspot.com/2008/05/blog-post_14.html
ReplyDelete@ റോബി,
ReplyDeleteഫയങ്കര സ്പീഡാണല്ലോ! :) ഞാന്‍ ലിങ്ക് സേര്‍ച്ച് ചെയ്ത് വായിച്ചു. ലിങ്ക് ചോദ്യം കളഞ്ഞ്, ലിങ്കിവിടെ നല്‍കാമെന്നു പറഞ്ഞെത്തിയപ്പോഴേക്കും ലിങ്കിട്ടു. എങ്കിലും ഹൈപ്പര്‍ലിങ്കായി ഇവിടെ.
--