
രണ്ടായിരത്തിയേഴിലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ ഒരുപിടി കലാകാരന്മാര് ഒന്നിക്കുന്ന ചിത്രമാണ് ‘ഇന്നത്തെ ചിന്താവിഷയം’. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ‘വിനോദയാത്ര’യെന്ന കഴിഞ്ഞ ചിത്രത്തിലൂടെ സ്വന്തമാക്കിയ സത്യന് അന്തിക്കാടിന്റേതാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും, സംവിധാനവും. മികച്ച നടനും, നടിയ്ക്കുമുള്ള അവാര്‍ഡുകള്‍ നേടിയ മോഹന്‍ലാല്‍, മീര ജാസ്മിന് എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാര്. ഇതൊക്കെ പരസ്യത്തില്‍ പറയുവാന്‍ കൊള്ളാമെങ്കിലും, അതിന്റെ മെച്ചമൊന്നും സിനിമയില്‍ കാണുവാനുണ്ടായില്ല എന്നതാണ് പരമാര്‍ത്ഥം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂര്‍.
വ്യത്യസ്ത സാഹചര്യങ്ങളില്‍ കഴിയുന്ന മൂന്നു കുടുംബങ്ങളെ പരിചയപ്പെടുത്തിയാണ് കഥ ആരംഭിക്കുന്നത്. ഈ മൂന്നു കുടുംബങ്ങളിലേയും ദമ്പതികള്‍ പല കാരണങ്ങള്‍ കൊണ്ട് വേര്‍പെട്ടു കഴിയുന്നവരാണ്. ഇവരുടെ ഇടയിലേക്കാണ് ഗാര്‍മെന്റ് എക്സ്പോര്‍ട്ടറായ ഗോപകുമാറി(മോഹന്‍ലാല്‍)ന്റെ വരവ്. സ്നേഹത്തിന്റേയും, മനസിലാക്കലിന്റേയും, സമാധാനത്തിന്റേയും പാതയിലൂടെ സഞ്ചരിക്കുവാന്‍ തത്പരനായ വ്യക്തിയാണ് ഗോപകുമാര്‍. ഈ മൂന്നു ദമ്പതികളേയും ഒന്നിപ്പിക്കുക എന്ന ദൌത്യം ഗോപകുമാര്‍ ഏറ്റെടുക്കുന്നു. കൂട്ടിന് സുഹൃത്തായ ഇമ്മാനുവേലും(ഇന്നസെന്റ്), ബിസിനസ് കാര്യങ്ങളില്‍ സഹായിക്കുവാനെത്തിയ കമല(മീര ജാസ്മിന്)യുമുണ്ട്. ഒടുവില്‍ ഇവര്‍ ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നു; ഇതിനിടയില്‍ പ്രണയത്തിലായ ഗോപകുമാറും, കമലയുമൊന്നിക്കുന്നു; എല്ലാം ശുഭം!
എനിക്കിന്നയിന്ന കാര്യങ്ങള്‍ ഈ സിനിമയിലൂടെ പറയണം എന്നാദ്യം നിശ്ചയിക്കുന്നു, പറയാനുള്ളതിനെയെല്ലാം സംഭാഷണങ്ങളാക്കി മാറ്റുന്നു, അതൊക്കെ തിരുകിക്കയറ്റുവാന്‍ തക്കവണ്ണം കുറേ സീനുകളെഴുതുന്നു, എന്നിട്ടവയെല്ലാം കൂടി കുത്തിക്കെട്ടി അതിനെ തിരക്കഥയെന്നു വിളിക്കുന്നു! ഇങ്ങിനെയാണെന്നു തോന്നുന്നു സത്യന് അന്തിക്കാടിന്റെ തിരക്കഥാരചന. മിക്ക സീനുകളും അങ്ങൊട്ടുമിങ്ങോട്ടുമൊക്കെ മാറ്റിയിട്ടാലും, യാതൊരു ചേര്‍ച്ചക്കുറവും പ്രേക്ഷകനു തോന്നുകയില്ല. ഇതേ ശൈലിയിലാണ് ‘രസതന്ത്ര’വും, ‘വിനോദയാത്ര’യും എഴുതപ്പെട്ടിട്ടുള്ളതെങ്കിലും, ഒടുവില്‍ ഒരു കഥപോലെയൊന്ന് ഉരുത്തിരിഞ്ഞു വന്നിട്ടുണ്ടായിരുന്നു. ഇവിടെ അതുമില്ല! എങ്ങിനെയിത് മുന്നോട്ടു കൊണ്ടുപോവണമെന്ന സംശയം പലയിടത്തും കഥാകാരനുള്ളതായി തോന്നി. എങ്കിലും സത്യന് അന്തിക്കാടിന്റെ സംവിധാനപരിചയം, ഇതിനൊരു ചലച്ചിത്രത്തിന്റെ രൂപമൊക്കെ നല്‍കിയിട്ടുണ്ട്. അഴകപ്പന്റെ ക്യാമറ സീനുകളൊക്കെ നല്ല ശേലില് പകര്‍ത്തിയിട്ടുമുണ്ട്. ഇതൊക്കെ കാരണം, ചിലയിടങ്ങളില്‍ അറിയാതെ കൂവിപ്പോവുമെങ്കിലും, സാധാരണ പ്രേക്ഷകര്‍ അത്ര മടുപ്പില്ലാതെ ഇതു കണ്ടിരിക്കുമായിരിക്കും.
മോഹന്‍ലാല്‍ വളരെ അനായാസമായും, സ്വാഭാവികമായും ഗോപകുമാറെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അതുപോലെ തന്നെ മീര ജാസ്മിനും. എന്നാല്‍ കുട്ടിത്തം വിടാതെയുള്ള സംഭാഷണങ്ങളും മറ്റും, എല്ലാ ചിത്രങ്ങളിലേയും മീരയുടെ കഥാപാത്രത്തിന് ഒരേ ഛായ തോന്നിപ്പിക്കുന്നുണ്ട്. മുകേഷിന്റെ മുരളീകൃഷ്ണനെന്ന ഡോക്ടര്‍ പ്രേക്ഷകരെ ചിരിപ്പിക്കും. സുകന്യ, മോഹിനി, മുത്തുമണി, ഇന്നസെന്റ്, മാമുക്കോയ, ബാബു നമ്പൂതിരി, അശോകന് തുടങ്ങിയവരൊക്കെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്. സിദ്ദിഖ് അവതരിപ്പിച്ച കമലയുടെ അച്ഛന്റെ വേഷം, അല്പനേരമേയുള്ളൂവെങ്കിലും, പ്രേക്ഷകരിലെത്തുവാന് തക്കവണ്ണം മികച്ചതായി. വിജയരാഘവന്റെ രൂപത്തിനും ഭാവത്തിനും ആ വേഷം അത്രയ്ക്ക് ഇണങ്ങുന്നതായി തോന്നിയില്ല. ഒടുവില്‍ തന്റെ ജീവിതം ഗോപകുമാര്‍ വികാരാധീനനായി ഡയലോഗുകളിലവതരിപ്പിച്ചത്, അഭിനയത്തില്‍ കുഴപ്പമില്ലെങ്കിലും, കഥാപാത്രത്തിന്റെ സ്വഭാവത്തോട് ഇണങ്ങുന്നതായി തോന്നിയില്ല; പ്രസ്തുത രംഗത്തില്‍ ആ കഥാപാത്രം അങ്ങിനെ സംസാരിക്കുമെന്ന് കരുതുവാനും ന്യായമില്ല. കമലയുടെ ഉപകഥ പറഞ്ഞതാവട്ടെ, ഇതെന്തിനിവിടെ പറഞ്ഞുവെന്നു സംശയം ജനിപ്പിക്കുന്ന തരത്തില്‍ വേഗത്തിലുമായിപ്പോയി.
ഗിരീഷ് പുത്തഞ്ചേരി എഴുതി, ഇളയരാജ സംഗീതം നല്‍കിയിരിക്കുന്ന മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കോലക്കുഴല്‍ വിളി കേള്‍പ്പിച്ച് കഴിഞ്ഞ കൊല്ലത്തെ മികച്ച ഗായകനുള്ള അവാര്‍ഡ് നേടിയ വിജയ് യേശുദാസ് പാടിയിരിക്കുന്ന, “കസ്തൂരിപ്പൊട്ടും തൊട്ടെന്‍...” എന്ന ഗാനം കേള്ക്കുമ്പോളെങ്കിലും ജൂറിക്കു മനസിലാവുമായിരിക്കും, തങ്ങള്‍ക്കു പറ്റിയ അബദ്ധമാണ് ആ അവാര്‍ഡെന്ന്. പിന്നണിയുമായി ഏച്ചു കെട്ടിനില്‍ക്കുന്ന ശബ്ദത്തില്‍, ഭാവത്തിന്റെ തരിമ്പുമില്ലാതെ വിജയ് ആ പാട്ട് പാടി നശിപ്പിച്ചിട്ടുണ്ട്. മധു ബാലകൃഷ്ണന്, ശ്വേത എന്നിവര്‍ പാടിയിരിക്കുന്ന “മനസിലൊരു പൂമാല...” എന്നഗാനമാവട്ടെ; മധു ബാലകൃഷണനും, മഞ്ജരിയും ചേര്‍ന്ന് ‘രസതന്ത്രം’ എന്ന ചിത്രത്തില്‍ പാടിയിരിക്കുന്ന “പൊന്നാവണി പാടം...” എന്നതിന്റെ നിഴലുമാത്രമാണ്. ഇടയ്ക്ക് ‘അച്ചുവിന്റെ അമ്മ’യിലെ “താമരക്കുരുവിക്ക് തട്ടമിട്...” എന്ന ഗാനത്തിന്റെ ഛായയും ഇതില്‍ കാണാം. ശ്വേത എന്ന ഗായികയെ ഒട്ടും തന്നെ പ്രയോജനപ്പെടുത്തുവാന്‍ ഈ ഗാനത്തിലൂടെ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, ഇടയ്ക്കിടെ പാടിച്ചിരിക്കുന്ന ആംഗലേയ വരികള്‍ അരോചകമായി തോന്നുകയും ചെയ്തു. എം.ജി. ശ്രീകുമാര്‍ പാടിയ “കണ്ടോ, കണ്ടോ കാക്കക്കുയിലേ...” എന്ന ഗാനം മാത്രം, വരികള്‍ക്ക് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലെങ്കിലും, അല്പം ഭേദമായി തോന്നി. ചുരുക്കത്തില്‍, ഉപായത്തില്‍ കഴിച്ചിരിക്കുകയാണ് ഇതിലെ ഗാനങ്ങളെല്ലാം തന്നെ. ഇളയരാജയുടെ ഗ്രാഫ് സത്യന് അന്തിക്കാടിന്റെ ചിത്രങ്ങളെ വെച്ചു നോക്കുമ്പോള്‍ താഴോട്ടാണ്, ഇതിലത് നെല്ലിപ്പലക കണ്ടിരിക്കുന്നു.
അനാവശ്യമായ തല്ലുരംഗങ്ങള്‍ ചിത്രത്തിലില്ല എന്നുള്ളതും; അശ്ലീലവും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അമിതമായി തമാശയെന്നമട്ടില്‍ ചേര്‍ത്തിട്ടില്ലെന്നതും ആശ്വാസകരമായി തോന്നി. സിനിമ കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകനോട്, “എന്താ ചിത്രത്തിന്റെ കഥ?” എന്നു ചോദിച്ചാല്‍; എന്താണു കണ്ടതെന്ന് ഓര്‍ത്തെടുത്ത്, ഒരു കഥയായി അവതരിപ്പിക്കുവാന്‍ വല്ലാതെ ആയാസപ്പെടും. വിഷുക്കാലത്ത്, ഒരു സായാഹ്നം സിനിമയ്ക്കായി ചിലവഴിക്കാം എന്ന ഒറ്റ ഉദ്ദേശത്തില്‍ തിയേറ്ററിലെത്തുന്നവര്‍ക്ക്, പ്രത്യേകിച്ചും ലളിതമായി കഥപറഞ്ഞുപോവുന്ന സത്യന് ശൈലി ഇനിയും കണ്ടു മടുത്തിട്ടില്ലാത്തവര്ക്ക്, അല്ലലുകളില്ലാതെ ചുമ്മാ കണ്ടിറങ്ങുവാന്‍(ചിലര്‍ക്ക് ഉറങ്ങുവാനും) മാത്രം കൊള്ളാവുന്ന ഒരു ചിത്രമായിതിനെ കാണാം.
Description: Innathe Chinthavishayam- A film written and directed by Sathyan Anthikkad. Produced by Antony Perumbavoor. Starring Mohanlal, Meera Jasmine, Mukesh, Sukanya, Vijayaraghavan, Mohini, Asokan, Muthumani, Innocent, Mamukkoya, Babu Nampoothiri, Baby Niveditha, Siddique, Anoop Chandran. Songs written by Gireesh Puthancheri and composed by Ilayaraja. Sung by M.G. Sreekumar, Vijay Yesudas and Swetha.
--
മോഹന്‍ലാല്‍, മീര ജാസ്മിന് എന്നിവര്‍ വീണ്ടുമൊരു സത്യന് അന്തിക്കാട് ചിത്രത്തില്‍. അവാര്‍ഡുകളുടെ പെരുമയുമായി ഈ വിഷുക്കാലത്തെത്തിയിരിക്കുന്ന ‘ഇന്നത്തെ ചിന്താവിഷയം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഹരീ നല്ല റിവ്യൂ.
ReplyDeleteപിന്നെ എന്റെ അഭിപ്രായത്തില്‍ സത്യന് അന്തിക്കാടിന്റെ സിനിമകള്‍ എന്നും ആവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു. സാധാരണ മലയാളിക്ക് പരിചയമുള്ള മധ്യവര്‍ഗ്ഗ ആകുലതകള്‍ വലിയ വിരസതയുണ്ടാക്കാതെയും അശ്ലീലച്ചുവയില്ലാതെയും പറയുന്നു എന്നതാണ് അദ്ദേഹത്തെ പ്രേക്ഷകമനസ്സില്‍ നിലനിറുത്തുന്ന ഏക ഘടകം.
വിനോദയാത്രക്ക് എന്തു കഥ ഉരുത്തിരിഞ്ഞുവന്നുവെന്നാണ് ഹരി പറയുന്നത്?
മീരാ ജാസ്മിനേ പോലേ ഇത്രയും ഓവര്‍ റെറ്റട് ആയിട്ടുള്ള നടി മലയാളത്തില്‍ വേറേ ഉണ്ടെങ്കില്‍ അതു ഉര്‍വശി ആയിരിക്കണം.
ReplyDeleteവീണ്ടും ചില വീട്ടുകാര്യങ്ങള്‍ മുതല്‍ സത്യന് ഒരു സംവിധായകന് അല്ലാതായി മാറിയിരിക്കുന്നു. ഒരേ നടന്മാര്, അവര്‍ക്കെല്ലാം ഒരേതരം വേഷങ്ങള്‍! ഒരുകറിയും കൂട്ടാതെ വെറുതെ ചോറുവാരിയുണ്ണുന്നതുപോലെ തോന്നുന്നു അങ്ങേരടെ പടം കാണുമ്പോള്‍!
ReplyDeleteഒരു ഹിറ്റിനു വേണ്ടി കൊതിക്കുന്ന ലാലേട്ടന്റെ ഈ ശ്രമവും പാളിപ്പോകുമോ ???
ReplyDeleteഈ വിഷുവും മമ്മൂക്ക കൊണ്ട് പോകുമെന്ന് തോന്നുന്നു
സത്യന് ചിത്രങ്ങളുടെ മനശാസ്ത്രം അപഗ്രഥിക്കാന്‍ രസമുള്ള സംഗതിയാണ്.വഴി മാറാന്‍ ശ്രമിച്ചപ്പോഴൊക്കെ വഴി പിഴച്ച ചരിത്രം (പിന്‍ഗാമി,സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്) അദ്ദേഹത്തെ ഒരേ വഴിയില്‍ തന്നെ നില നിര്‍ത്തുന്നു.
ReplyDeleteവര്‍ഷത്തില്‍ ഒന്ന് എന്ന രീതിയില്‍ ബുദ്ധിപൂര്‍വ്വം പടച്ച് വിടുന്നത് കൊണ്ട് മടുക്കുന്നില്ല എന്ന് മാത്രം.(ദിവസവും ഓണസദ്യ ആണെങ്കില്‍ കൂടി എന്ത് ബോറാകും)അവിയല്‍ ഇലയുടെ ഈ മൂലയില്‍ നിന്നും ആ മൂലയിലേക്ക്, സാമ്പാര്‍ പരിപ്പിനു മുന്‍പ് ഇങ്ങനെ ചില മാറ്റങ്ങള്‍ മാത്രമേ ഉള്ളൂ.
അപ്പുണ്ണി,പൊന്മുട്ടയിടുന്ന താറാവ്,മഴവില്‍കാവടി തുടങ്ങിയ ചിത്രങ്ങളില്‍ സന്നിവേശിപ്പിച്ച നമ്മെ രസിപ്പിക്കുന്ന ഗ്രാമീണമായ ആള്‍ക്കൂട്ടം (പശുവിനെ കളഞ്ഞ പാപ്പി,വലിയ തട്ടാന്‍,വെളിച്ചപ്പാട്,വേശ്യ,സന്മാര്ഗ്ഗി പ്രസിഡണ്ട്,ചായക്കടക്കാരന്,ഹാജിയാര്,കാര്യസ്ഥന് മീശയില്ലാ വാസു,വര്ഷോപ്പുകാരന് കുറിയ വര്‍ക്കി,ബ്രോക്കര്‍ കം കല്യാണം മുടക്കി കം ചെത്തുകാരന്)ഇപ്പോള്‍ സത്യന് സിനിമയില്‍ ഇല്ലാതായിരിക്കുന്നു.പകരം അദ്ദേഹം മധ്യ-ഉപരി മധ്യ വര്‍ഗ്ഗത്തിന്റെ വിഷയങ്ങളിലേക്ക് കടക്കുകയും തന്മൂലം ആ വര്‍ഗ്ഗത്തിന്റെ സത്യസന്ധത ഇല്ലായ്മ സിനിമയിലേക്ക് സന്നിവേശിക്കപ്പെടുകയും ചെയ്തു.
ഇതൊരു സ്വാഭാവിക പരിണാമമാണോ എന്ന് സാമൂഹ്യശാസ്ത്രജ്ഞന്മാര് പറയണം.നമ്മുടെ സമൂഹത്തില്‍ തന്നെ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങള്‍ അപ്രത്യക്ഷ്യമായോ എന്നു അന്വേഷിക്കണം
ഹരീ..
ReplyDeleteപണ്ടു വിനോദയാത്രക്ക് ഞാനെഴുതിയ റിവ്യൂവില്‍ പറഞ്ഞിരുന്നു, സത്യന് അന്തിക്കാടിനു തിരക്കഥയെഴുതാന്‍ അറിയില്ലെന്ന്. അന്നു കഥയാണോ തിരക്കഥയോണോ മോശമെന്നു ഹരി ചോദിച്ചതു ഓര്‍മ്മയുണ്ടോ :-)
ഹരി വ്യക്തമായ വായന,പുതിയ സത്യന് പടങ്ങളിലെ കഥയില്ലായ്മളേ കുറിച്ച് രാധേയന് നടത്തിയ നിരീക്ഷണം ക്യത്യം തന്നെ.നന്ദി
ReplyDeleteനല്ല റിവ്യൂ..
ReplyDeleteബാക്കി വിശേഷങ്ങള്‍ ചിത്രം കണ്ടിട്ട് എഴുതാം..
(കാശുപോകുംന്ന് അറിഞ്ഞോണ്ട് തന്നെ കാണാന്‍ തീരുമാനിച്ചു. ഇതുവരെ എല്ലാ സത്യന് ചിത്രങ്ങളും കണ്ടതുകൊണ്ട് മാത്രം.. കണ്ടിട്ട് സാധാരണ ചെയ്യാറുള്ളതുപോലെ എന്റെ വിശദമായ അഭിപ്രായം ഇവിടെ എഴുതാം..)
ഏതായാലും, റിവ്യൂ വളരെ ഇഷ്ടമായി..
:-)
ഹരീ, രസതന്ത്രം കണ്ടതുമുതല്‍ സത്യന് അന്തിക്കാടിനോട് ശരിക്കും സഹതാപം തോന്നി. ആ സിനിമ മുഴുവന്‍ കാണാന്‍ ക്ഷമയില്ലായിരുന്നു. ഇതുവരേയും മുഴുവന്‍ കണ്ടില്ല. മീരാജാസ്മിനെ കാണാന്‍ മാത്രമാണത്രയും കണ്ടത്. പിന്നെ ആ സി ഡി പയ്യന് നന്നായിരുന്നു.
ReplyDeleteഈ സിനിമ കാണില്ല എന്നുറപ്പിച്ചു. നന്ദി
ഹരിയുടെയൊരു സമയം, വിഷു റിലീസെല്ലാം കണ്ടു സഹിക്കെണ്ടേ?
മമ്മൂട്ടിയുടെ സിനിമയുടെ റിവ്യൂകഴിഞ്ഞായിരിക്കും ശരിക്കും നല്ല സമയം.
സത്യന് സിനിമകളുടെ അന്ധനായ ഒരാരധകനായിരുന്നു ഞാന്‍,പക്ഷെ എന്ന് അദ്ദേഹം സ്വന്തമായി കഥ,തിരക്കഥ രചന തുടങ്ങിയോ അന്നുമുതല്‍ അറിയാതെ അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നും അകന്നുതുടങ്ങി.സിനിമ ഞാന്‍ കണ്ടില്ലെങ്കിലും ഹരി പറഞ്ഞ പോലെയുള്ള ഒരു സെറ്റെപ്പൊക്കെ തന്നെയാണ് ഞാനും ഊഹിച്ചത്. സത്യന് അന്തിക്കാട് നല്ല സംവിധായകനാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ സാദ്ധ്യതയില്ല, പക്ഷെ കഥ,തിരക്കഥ രചന അറിയാവുന്ന ആരെയെങ്കിലും ഏല്പ്പിക്കുന്നതാവും നല്ലത്.
ReplyDeleteപ്രത്യേകിച്ച് പുതുമകള്‍ ഒന്നും അവകാശപ്പെടാനിലെങ്കിലും രസതന്ത്രത്തേക്കാല് കണ്ടിരിക്കാന്‍ നല്ല ( തികച്ചും ആപേക്ഷികമായ വിലയിരുത്തല്‍) ചിത്രമാണ് ഇന്നത്തെ ചിന്താവിഷയം. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ഒരു വിരാമം ഇടാന്‍ സത്യന് അന്തിക്കാടിന്റ പരിമിതികള്‍ക്ക് മുന്നില്‍ നിന്നു കൊടുക്കാന്‍ നിര്‍ബന്ധിതനാകുകയാണ് മോഹന്‍ലാല്‍. എന്നാല്‍ കേവലം ജയറാമിനപ്പുറം ( ദിലീപിനേയും) ഒരു നടനെ ഉപയോഗിക്കാന്‍ പറ്റാത്ത വിധം അധപതിച്ചു പോയ സത്യന് മോഹന്‍ലാല്‍ എന്ന മുഴുവന്‍ തേണ്ട ലഭിച്ച അവസ്ഥയാണ് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക. അതുകൊണ്ട് തന്നെയാണ് വിനോദയാത്രയേക്കാളും മനസ്സിനക്കരെയേക്കാളും നിലവാരം കുറഞ്ഞ ഒരു ചിത്രമായി ഇത് മാറുന്നതും.
ReplyDeleteഇനി രാധേയന്റ കമന്റിനേപ്പറ്റി. പിന്‍ഗാമിയും സ്നേഹതീരവും മാത്രമല്ല അര്‍ത്ഥം പോലുള്ള ചിത്രങ്ങളും സത്യന്റ ക്രഡിറ്റിലുണ്ട്.പിന്നെ പഴയ ഗ്രാമീണ ബിബങ്ങളൊക്കെ അപ്രതീകഷമാകുകയും അതേ ഗ്രാമീണര്‍ മദ്ധ്യവര്ഗ്ഗമാകുകയും ചെയ്തു എന്നതും നാം മറക്കരുത്. ഇന്ന് പഴയ ഗ്രാമീണത കാണിച്ചല്‍ ലോഹിതദാസിന്റ അവസ്ഥ വരും എന്ന തിരിച്ചറിവ് സത്യനുണ്ട്. സത്യന്റ സ്ഥിരം പേക്ഷകരൊക്കെ മദ്ധ്യവര്ഗ്ഗമാകുകയോ ആകാന്‍ വെമ്പുന്നവരോ ആണ് അപ്പോള്‍ പിന്നെ സത്യനും മാറാതെ തരമില്ലല്ലോ
ഇന്നത്തെ ചിന്താവിഷയം എന്ന് പേരിട്ട് ഉണ്ടാക്കിയ ഈ ചിത്രം എന്ത് ചിന്തായാണ് ഉണ്ടാക്കുന്നത് എന്ന് ആലോചിച്ചപ്പോള്‍ ഒരു സുഹൃത്തു പറഞ്ഞത് ഇതാണ് എന്തിന് ഇത് കണ്ടു എന്നതാണ് ഇന്നത്തെ ചിന്താവിഷയം ( പറഞ്ഞത് ഹരിയുടെ സുഹൃത്ത് ലിബേഷ്). പക്ഷെ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ലിബേഷ് ബ്ലോഗറല്ലല്ലോ അപ്പോള്‍ ഞാന്‍ ഒന്ന് ആഞ്ഞ് ചിന്തിച്ചു എന്റ ദുര്വ്യാഖ്യാനഗള് ഇതാ ഇങ്ങനെ.
ഈ സിനിമയില്‍ പ്രധാന പ്രമേയം തന്നെ തകര്‍ന്ന 3 കുടുമ്പങ്ങളെ ഒന്നിപ്പിക്കുകനുള്ള പ്രത്യേക ദൗത്യ സംഘത്തിന്റ പ്രവര്‍ത്തനമാണ്. ഈ കുടുമ്പങ്ങളിലെല്ലാം പ്രശ്നക്കാര്‍ ഭര്ത്താക്കന്മാരാണ്. അവര്‍ 3 ആള്‍ക്കാരും ഒരോ വിധത്തില്‍ ഭാര്യമാരെ ബുദ്ധിമുട്ടിലാക്കുന്നു.എന്നാല്‍ ഭാര്യമാര്‍ അതിനെ നേരിടുകയും അവസാനം ഭര്ത്താക്കന്മാരെ അവര്‍ വരച്ച വരയില്‍ നിര്‍ത്തുന്നു. അതിന് 3 അംഗ ദൗത്യ സംഘം സഹായകമായി വര്‍ത്തിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ പഴേ പോലെ ഭര്ത്താക്കന്മാര് വരച്ച വരയില്‍ ഒന്നും സ്ത്രീകള്‍ നില്‍ക്കില്ല അതൊക്കെ പഴേ കഥ ഇനി അഭ്യസ്ഥ വിദ്യയായ സ്ത്രീകളുടെ കാലമാണ് അവരെ തൊട്ടാല്‍ വിവരമറിയും.ഈ ചിത്രം അവസാനിക്കുന്നതും അങ്ങനെയാണ്. എങ്ങനെയാണോ തങ്ങളുടെ ഭര്ത്താക്കന്മാര് തങ്ങളോട് പെരുമാറാന്‍ ആഗ്രഹിക്കുന്നുവോ അതുപോലെ അവര്‍ മാറുന്നതായും കാണുന്നു. സ്ത്രീപക്ഷ ചിന്തകര്‍ക്ക് ആനാന്ദ ലബ്ദിക്കിനിയെന്തു വേണം. അതാണ് ഇന്നത്തെ ചിന്താവിഷയം. മനസിലായോ.
ഞാന്‍ സിനിമ കണ്ടായിരുന്നു...ഈ പറയുന്ന പോലെയൊക്കെ മോശമാണോ ആ സിനിമ..എനിക്കങ്ങനെ തോന്നിയില്ല.ഒരു കുടുംബത്തിനു ധൈര്യമായി പോയിരുന്നു കാണാന്‍ പറ്റുന്ന ഒരു സിനിമ..വലിയ ഒച്ചപാടും ബഹളങ്ങളുമൊന്നുമില്ല...
ReplyDeleteപിന്നെ എനിക്കീ സിനിമയില്‍ ഇഷ്ടപ്പെടാതെ പോയ രണ്ടു കാര്യങ്ങള്‍,മീര ജാസ്മിന്റെ ഫ്ലാഷബാക്ക്(എന്തിനായിരുന്നു അതെന്നു മനസ്സില്ലായില്ല)..പിന്നെ ഒരു കാര്‍ ആക്സിഡന്റു..ഇതു രണ്ടുമല്ലാതെ നിങ്ങളീ പറയുന്ന സത്യന് ചിത്രങ്ങളുടെ നിലവാര തകര്‍ച്ച എന്നൊന്നും പറയാന്‍ പാകത്തിനു ഒന്നും ഞാന്‍ കണ്ടില്ല..
പിന്നെ “മുമ്പേ ഗമിക്കും ഗോവു തന് പിമ്പേ ഗമിക്കും ബഹു ഗോവുകളെല്ലാം” എന്നാണല്ലോ..ആരോ പറഞ്ഞു പടം കൊള്ളില്ല എന്നു,എന്നാല്‍ പിന്നെ എല്ലാം ഇവിടെ പറഞ്ഞേക്കാം എന്നാണേല്‍ ഒ.കെ..എല്ലാം പറഞ്ഞ പോലെ..പിന്നെ ഈ ഗോവു എന്നു ഞാന്‍ ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല കേട്ടോ..
നല്ല നിലവാരമുള്ള റിവ്യൂ. രസതന്ത്രവും വിനോദ യാത്രയുമൊന്നും സത്യന് അന്തിക്കാട് എടുക്കേണ്ടതായിരുന്നില്ല. രാധേയന് പറഞ്ഞപോലെ വഴി മാറുമ്പോള്‍ അദ്ദേഹത്തിന് പിഴയ്ക്കുന്നു.
ReplyDeleteഅര്‍ത്ഥം വിജയിച്ച ചിത്രമെന്ന നിലയില്‍ ഞാന്‍ മനപ്പൂര്‍വ്വം വിട്ടതാണ്.ശ്രീധരന്റെ ഒന്നാം തിരിമുറിവ് എന്ന സത്യന് ശൈലിയിലുള്ള മമ്മൂട്ടി ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മമ്മൂട്ടി ഫോര്‍മുലയില്‍ അര്‍ത്ഥം ഉണ്ടാക്കിയത്.
ReplyDeleteഗ്രാമീണര്‍ ഇല്ലാതാകുന്നു എന്നത് കൊണ്ട് അടിസ്ഥാനപ്രശ്നങ്ങള്‍ ഇല്ലാതകുന്നു എന്നില്ല.പക്ഷെ അവയിലേക്ക് പോയാല്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന ഉപരിപ്ലവതയോടെ ഉള്ള അനായസത പറ്റില്ല,മാത്രമല്ല ജനം സിനിമയെ പൂര്ണ്ണമായൈ ഒരു വിനോദ ഉപാധിയായി കാണുന്നത് കൊണ്ട് സത്യസന്ധത അവര്‍ ആവശ്യപ്പെടുന്നുമില്ല.
നഗരജീവിതത്തിലും ഒത്തു ചേരലുകളും നര്‍മ്മ മുഹൂര്‍ത്തങ്ങളും ഉണ്ടാകാം.മദ്രാസ് പശ്ചാത്തലമായ ആദ്യകാലചിത്രമായ കിന്നാരം ഇന്നും രസകരമായ ഒരു കാഴ്ച്ചയാണ്.പക്ഷെ പളപളപ്പന്‍ ജീവിത അനുഭവങ്ങള്‍ക്ക് പിറകെ പോകുമ്പോള്‍ സത്യസന്ധത നഷ്ടപ്പെട്ടു പോവുക എന്ന സ്വത്വ പ്രതിസന്ധിയാണ് സത്യനെ പോലുള്ള സംവിധായകര്‍ അനുഭവിക്കുന്നത്.
@ അനിയന്,
ReplyDeleteനന്ദി. :) ‘കഥപോലെയൊന്ന്’ എന്നല്ലേ ഞാന്‍ പറഞ്ഞത്?
@ വിന്‍സ്,
അങ്ങിനെയൊരു തോന്നല്‍ എനിക്കും ഇല്ലാതില്ല. :) ഒരു പടം കൂടി വരട്ടെ.
@ നിഷാന്ത്, വിനയന്, സുഹൃത്ത്, മുംതാസ്,
:) നന്ദി.
@ മുന്ന,
:) വരട്ടേന്നേ... നമുക്കു നോക്കാം.
@ രാധേയന്,
സമൂഹത്തില്‍ താഴേക്കിടയില്‍ ജീവിക്കുന്നവരൊക്കെ ഇന്നുമുണ്ട്. എന്നാല്‍, അവരുടെയൊക്കെ ജീവിത ശൈലി മാറിയിരിക്കുന്നു. മാറിയ അവരുടെ ജീവിതസാഹചര്യങ്ങള്‍ പകര്‍ത്തുന്ന കഥകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
@ സിജു,
:) ആ ചോദ്യത്തിനര്‍ത്ഥം, സിജു പറഞ്ഞതുപോലെ തിരക്കഥയല്ല മോശം, കഥയാണ്; എന്നല്ലായിരുന്നു. കഥയില്ലായ്മയും അതിന്റെയൊരു പ്രശ്നമായിരുന്നില്ലേ? ഇവിടെ ഉറപ്പിച്ചു പറയാം, തിരക്കഥ നന്നല്ലെന്ന്. ആ ചോദ്യം എന്റെ ഇവിടുത്തെ വിശേഷത്തില്‍ പറഞ്ഞതിനോട് ചേര്ന്നുപോവുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. :)
@ അഭിലാഷങ്ങള്‍,
:) കാണൂ, കണ്ടതിനു ശേഷം എഴുതൂ...
@ ശാലിനി,
ആ സി.ഡി. പയ്യനാണ് അനൂപ് ചന്ദ്രന്. :) രസതന്ത്രം പിന്നേം എനിക്കിഷ്ടപ്പെട്ടായിരുന്നു.
@ കിരണ്‍ തോമസ്,
ഇതിന്റെ കഥയെന്താണ് എന്നതുമാവാം ഇന്നത്തെ ചിന്താവിഷയം! നിരീക്ഷണങ്ങളൊക്കെ നന്നായിരിക്കുന്നു. :) പ്രത്യേക ദൌദ്യ സംഘം, ആ പ്രയോഗവും ഇഷ്ടമായി. ;)
@ മൃദുല്‍,
ഇതൊരു കുഴപ്പമില്ലാത്ത ചിത്രമാണെന്നല്ല, വളരെ നല്ല ഒരു ചിത്രമെന്നു തന്നെ പറയുന്നവരുമുണ്ടാവാം. അങ്ങിനെയുള്ളവര്‍ക്കും ഇവിടെ അഭിപ്രായം പറയുവാന്‍ അവസരവുമുണ്ട്. :)
--
കഴിഞ ദിവസം മനോരമ ടി വി യില്‍ കെ ജി ജോര്‍ജുമായുള്ള ഇന്റവ്യ് കകണ്ടി രുന്നു പല കാര്യങ്ങ ളോടും യോജിക്കാന്‍ കഴിയുന്നില്ല എങ്കിലും അദ്ദേഹം ഒരു കാര്യം പറഞിരുന്നു മലയാളതില്‍ 50 - 60 സിനിമകള്‍ ഒരു കൊല്ലം ഇറങുന്നുണ്ദ് ശരിക്കും അത്ര മാത്രം സിനിമയുടെ ആവശ്യം മലയാളതിനു ഇല്ല വെറും 10 - 15 സിനിമകള്‍ മതി യെന്നു അതു ശരിയെല്ലെ? ഇന്റവ്യ്ഉ പൂര്‍ണ്ണമായ ഭാഗം മനോരമ ഓണ്‍ ലൈനില്‍ ഉണ്ദ്
ReplyDeleteMattullavarude kudumba jeevithathile prashnangalil idapedan vendi jeevikkunna Hero??
ReplyDeleteEnthoru mahathaya aashayam...!!
Anyway, coz of the Sathyan "brand name" .. this movie also will be a Hit.
വെറും 10 - 15 സിനിമകള്‍ മതി യെന്നു അതു ശരിയെല്ലെ?
Kollavunna 3-4 films oru varsham irangiyal thanne dharalam. Ippol athupolum illa.
ഹരീടെ പുസ്തകം കൊച്ചിയില്‍ എവിടെ കിട്ടും ?
ReplyDelete@ മന്‍സൂര്‍,
ReplyDelete:) വളരെ ശരി.
@ മീശ,
മിക്കവാറും അങ്ങിനെ പ്രശ്നങ്ങള്‍ തീര്‍ക്കുവാന്‍ നടക്കുന്നതാവും, ഗോപകുമാറിന്റെ(ഭാവിയില്‍) കുടുംബത്തിലെ പ്രശ്നമാവുക! :)
@ തുളസി,
ഇന്‍ഫോകൈരളിയാണ് പ്രസാധകര്. പ്രധാന വില്പനശാലകളിലെല്ലാം ലഭിക്കേണ്ടതാണ്.
--
"അനാവശ്യമായ തല്ലുരംഗങ്ങള്‍ ചിത്രത്തിലില്ല എന്നുള്ളതും; അശ്ലീലവും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അമിതമായി തമാശയെന്നമട്ടില്‍ ചേര്‍ത്തിട്ടില്ലെന്നതും ആശ്വാസകരമായി തോന്നി"
ReplyDeleteഇതാണു മറ്റു മലയാള സംവിധായകരില്‍ നിന്നു സത്യന് അന്തിക്കാടിനെ വ്യത്യസ്തനാക്കുന്നത്
ഞാനും കണ്ടു... പക്ഷെ സിനിമ കഴിഞ്ഞ് ഓര്‍ത്തിരിക്കാന്‍ ഒന്നുമില്ലായിരുന്നെന്നു തോന്നി... (അടുത്ത സീറ്റിലിരുന്നവന്റെ ചില കലാപരിപാടികളും അതിനുള്ള പ്രതികരണങ്ങളും ഒഴിച്ച്)
ReplyDeleteവളരെ നല്ല റിവ്യൂ.
ReplyDeleteഉഗ്രന്‍ . ഇപ്പൊ ഞാന്‍ സിനിമ കാണാന്‍ പൊകുന്നതിനു മുന്‍പു ഹരി യുടെ ചിത്രവിശേഷം നല്കിയ സ്കോര്‍ കാണും . അപ്പൊ കാഷ് പൊകില്ലല്ലൊ.
ReplyDelete