
'ചാന്തുപൊട്ടി’നു ശേഷം ദിലീപും, ലാല്‍ ജോസും ഒന്നിക്കുകയാണ് ‘മുല്ല’യിലൂടെ. ഏഷ്യാനെറ്റ് - ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് പരിചിതയായ, മീര നന്ദനാണ് നായിക. സാഗര്‍-ബാലാജി ഫിലിംസിന്റെ ബാനറില്‍; സാഗര്‍ ഷെറീഫ്, സുന്ദര്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എം. സിന്ധുരാജിന്റെയാണ് കഥയും തിരക്കഥയും. എന്നാല്‍ ‘ക്ലാസ്മേറ്റ്സ്’, ‘അറബിക്കഥ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തുടര്‍ച്ചയായി മറ്റൊരു ലാല്‍ ജോസ് മാജിക്ക് പ്രതിക്ഷിക്കുന്നവര്ക്ക് ‘മുല്ല’ മതിയാവുമോ എന്ന് സംശയമാണ്. രാവന്തിയോളം വെള്ളം കോരി, ഒടുവില്‍ കലമുടച്ചല്ലോയെന്നാണ് സിനിമ കണ്ടിറങ്ങുമ്പോള്‍ തോന്നുക; സിനിമയുടെ കാര്യത്തിലും, ലാല്‍ ജോസിന്റെ കാര്യത്തിലും.
കാരക്കാട് കോളനിയിലെ ഒരു ചെറുകിട ഗുണ്ടയാണ് മുല്ല(ദിലീപ്). മുല്ലയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു വേശ്യയുടെ മകനായതിനാലാണ് ഇങ്ങിനെയൊരു പേര്. ഓര്മ്മവെച്ചപ്പോഴേക്കും മകനെ കോളനിയിലാക്കി അമ്മ ആത്മഹത്യ ചെയ്തു. ഒടുവില്‍ ആ കോളനിയിലെ കൊള്ളരുതായ്കകള്‍ കണ്ടും കേട്ടും മുല്ല ഇന്നത്തെ നിലയിലായി. തമ്പി അണ്ണന്(ബിജു മേനോന്) എന്ന പ്രധാന ഗുണ്ടയുടെ ശിങ്കിടിയാണ് ഇപ്പോള്‍ മുല്ല. ട്രയിനില്‍ വെച്ചു നടക്കുന്ന അടിപിടിക്കൊടുവില്‍, മുല്ല ആരോ ഉപേക്ഷിച്ച ഒരു കുട്ടിയെ കണ്ടെത്തുന്നു. രണ്ടാമതൊന്നാലോചിക്കാതെ, ട്രയിനിലെ സ്ഥിരം യാത്രക്കാരിയായ ലച്ചി(മീര നന്ദന്)യുടെ കൈയില്‍ കുഞ്ഞിനേയും ഏല്‍പ്പിച്ച് മുല്ല സ്ഥലം വിടുന്നു. തനിക്ക് കുഞ്ഞൊരു ഭാരമാവുമെന്ന് തിരിച്ചറിയുന്ന ലച്ചി കുഞ്ഞിനെ തിരിച്ച് മുല്ലയുടെ കയ്യിലേല്‍പ്പിക്കുന്നു. എന്നാല്‍ കുഞ്ഞിനെ അത്ര പെട്ടെന്നു മറക്കുവാന്‍ ലച്ചിക്കാവുന്നില്ല. അങ്ങിനെ ഈ കുഞ്ഞു മുഖാന്തരം മുല്ലയും ലച്ചിയും അടുക്കുന്നു. അപ്പോളാണ് വകയിലെ ഇളയച്ഛനും, സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായ ഭരതന്(സൈജു കുറുപ്പ്) ഇവര്ക്കിടയിലെത്തുന്നത്. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.
നല്ലവനായ ഗുണ്ടയും, അവനെ സ്നേഹിക്കുന്ന തന്റേടിയായ പെണ്‍കുട്ടിയുമൊക്കെയാണ് ഈ കഥയിലുമെങ്കിലും; ഇവരെ കൂട്ടിയിണക്കുന്ന പശ്ചാത്തലത്തിലെ വ്യത്യസ്തത മൂലം അല്പസ്വല്പം പുതുമയൊക്കെ ചിത്രത്തിന് അവകാശപ്പെടാം. മുരടനായ ഒരു ഗുണ്ടയുടെ രൂപവും ഭാവവും മുല്ലയ്ക്കു നല്കുന്നതില് ദിലീപ് വിജയിച്ചിട്ടുണ്ട്. പുതുമുഖത്തിന്റെ പരാധീനതകളില്ലാതെ, മീര നന്ദന് ലച്ചിയെയും ഭംഗിയാക്കിയിട്ടുണ്ട്. തമ്പി അണ്ണന്, എന്ന ബിജു മേനോന്റെ കഥാപാത്രവും ശ്രദ്ധേയമായി. വില്ലന്‍ വേഷത്തിലെത്തിയ സൈജു കുറുപ്പും സാധാരണയിലും നന്നായിട്ടുണ്ട്. സലിം കുമാര്‍, അനൂപ് ചന്ദ്രന്, റീന ബഷീര്‍, ശ്രുതി മേനോന്, മാള അരവിന്ദന്, റിസബാവ, സുകുമാരി, സിറാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും നന്നായി തന്നെ അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ‘ആറുമുഖന്‍ മുന്നില്‍ച്ചെന്ന് കാവടിയും നാട്...’ എന്ന കരകാട്ടം ശൈലിയിലുള്ള ഗാനം ചിത്രത്തില്‍ നന്നായി ഉപയോഗിച്ചിരിക്കുന്നു; പക്ഷെ ഒന്നര-രണ്ടുമണിക്കൂര്‍ നീണ്ട യാത്രയിലുടനീളം ഈ ഒരൊറ്റ ഗാനമേ പാടുവാനുണ്ടായുള്ളോ എന്ന് പ്രേക്ഷകര്‍ക്ക് ന്യായമായും സംശയിക്കാം. അവിടെയുമിവിടെയുമായി ചേര്‍ത്തിട്ടുള്ള ചില തമാശകള്‍, പ്രത്യേകിച്ച് അനൂപ് ചന്ദ്രന്റേത്, പ്രേക്ഷകരെ രസിപ്പിക്കും.
ട്രയിനിലെ യാത്രയുടെ ഇടവേളകളില്‍ കഴിഞ്ഞ കാലം ലച്ചി ഓര്‍ക്കുന്നതായാണ് കഥ പുരോഗമിക്കുന്നത്. ഇടവേളവരെ പറഞ്ഞ കഥയുടെ തുടര്‍ച്ചയായി തോന്നാത്ത രീതിയിലാണ് കഥയുടെ പിന്നീടുള്ള പോക്ക്. ആദ്യഭാഗത്ത് കുഞ്ഞിനു നല്കുന്ന പ്രാധാന്യം പിന്നീട് ഉണ്ടാവുന്നതുമില്ല. ഒടുവില്‍ ഒരു വില്ലനെയൊക്കെ കഥയില്‍ കൊണ്ടുവന്ന്, വില്ലന്റെ ചെയ്തികളെ നായികാനായകന്മാരുമായി ബന്ധപ്പെടുത്തിയൊക്കെ വന്നപ്പോഴേക്കും സിനിമ ഒരു വഴിക്കായി. അധികം വളച്ചുകെട്ടലുകളില്ലാതെ, ഒരു ചെറിയ കഥാതന്തു, ലളിതമായി പറയുകയെന്ന ലാല്‍ ജോസിന്റെ സ്ഥിരം ശൈലിയല്ല ഇതിനുള്ളത്. മുകളില്‍ സൂചിപ്പിച്ച ഒരു ഗാനമൊഴികെ; മറ്റുള്ള ഗാനങ്ങളും, അവയുടെ ചിത്രീകരണവും സാമാന്യം നന്നായിത്തന്നെ ബോറാക്കിയിട്ടുണ്ട്. ഇടയ്ക്കതിഥി താരമായി ഭാവനയും എത്തുന്നുണ്ട്; എന്നിട്ടു ഭാവന കാട്ടിക്കൂട്ടുന്നത് വളരെ അരോചകമായി തോന്നി. അങ്ങിനെയൊരു കഥാപാത്രത്തിന്റേയും സീനിന്റേയും ആവശ്യകത തന്നെ എന്താണെന്ന് മനസിലായില്ല. തമാശയായിരുന്നു ഉദ്ദേശിച്ചതെങ്കില്‍, പിന്നണിയില്‍ ചില ഇംഗ്ലീഷ് ഹാസ്യ പരമ്പരകളില്‍ കേള്പ്പിക്കുന്നതുപോലെ ആളുകള്‍ ചിരിക്കുന്ന ശബ്ദം കൂടി ചേര്‍ക്കാമായിരുന്നു. ഏച്ചുകെട്ടിയാല്‍ മുഴച്ചു നില്‍ക്കുമെന്ന് ഓര്‍മ്മപ്പെടുത്തുന്ന ക്ലൈമാക്സുകൂടിയായപ്പോള് എല്ലാം പൂര്‍ത്തിയായി!
മലയാളത്തില്‍ ഇപ്പോളിറങ്ങുന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍, തീരെ മോശമല്ലാത്ത ഒരു ചിത്രം എന്ന് ‘മുല്ല’യെ പറയാം. സ്ത്രീ കഥാപാത്രങ്ങള്‍ക്ക്, നായകന്റെ നിഴലാവുകയെന്നതിലപ്പുറം, അല്പം പ്രാധാന്യമൊക്കെ കഥയിലുണ്ടെന്നതും എടുത്തു പറയേണ്ടതാണ്. മീര നന്ദന് ഒരു നല്ല തുടക്കം നല്കുവാനും, ഇതിലെ ലച്ചിയെന്ന കഥാപാത്രത്തിനു സാധിച്ചിട്ടുണ്ട്. അങ്ങിനെ എല്ലാം പരിഗണിക്കുമ്പോള്‍; ലാല്‍ ജോസിന്റെ ചിത്രമാണ്, എന്നതു മറന്ന് ഈ ചിത്രം കണ്ടാല്‍ അധികം പരിക്കുകളില്ലാതെ തിയ്യേറ്റര്‍ വിട്ടിറങ്ങാം.
Description: Mulla: Directod by Lal Jose; Starring Dileep, Meera Nandan, Biju Menon, Reena Basheer, Saiju Kurup, Anoop Chandran, Salim Kumar, Suraj Venjarammoodu, Mala Aravindan, Rizabava; Written by M. SindhuRaj; Produced by Sagar Sherif and Sunder Raj.
--
‘മീശമാധവനന്’, ‘രസികന്‍’, ‘ചാന്തുപൊട്ട്’... ഈ നിരയിലേക്ക് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ മറ്റൊരു ദിലീപ് ചിത്രം കൂടി, ‘മുല്ല’. ലാല്‍ ജോസ് തന്നെയാണോ ഇതിന്റെയും സംവിധാനമെന്ന് സംശയം തോന്നിപ്പിക്കുന്ന ‘മുല്ല’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete‘നിങ്ങളെങ്ങിനെയൊക്കെ ചിത്രവിശേഷത്തിലെത്താറുണ്ട്?’ പോളിംഗ് തുടരുന്നു.
--
ഇന്നലെ മുല്ല കണ്ടപ്പൊ തന്നെ വിചാരിച്ചതാ രാവിലെ വന്ന ഉടനെ ഇവിടെ ഒന്നു വന്നു നോക്കണമെന്നു..
ReplyDeleteപക്ഷെ ആരെയും കാണുന്നില്ലല്ലൊ..
എനിക്കിഷ്ടായി.. കണ്ടിരിക്കാം.. ഇറങ്ങിപോരാന്‍ തോന്നിയില്ല..
എന്നാലും ഇടക്കിടക്ക് മീരാനന്ദനു പകരം മീരാ ജാസ്മിന് ആയിരുന്നെങ്കില്‍ എന്നോരു തോന്നല്‍ ശല്യപ്പെടുത്തി..
കുറേക്കാലംകൂടി കണ്ട സിനിമയാണ്. ഇട്ടിമാളു പറഞ്ഞപോലെ എനിക്കും ഇഷ്ടമായി. പക്ഷേ മീരാ ജാസ്മിനെ ഓര്‍ത്തതേയില്ല. മീരാ നന്ദന് നന്നായി ചെയ്തിട്ടുണ്ടല്ലോ.
ReplyDeleteആറുമുഖന്‍.., കണ്ണിന്‍വാതില്‍ ചാരാതെ എന്നീ പാട്ടുകളും കേള്‍ക്കാന്‍ സുഖമുള്ളവ.
വെഞ്ഞാറമ്മൂട്ടുകാരന് സുരാജല്ലേ ഹരീ, സിറാജ് അല്ലല്ലോ?
ദിലീപ് റൌഡി ആയാലും പോലീസ് ആയാലും വളിപ്പുകള്‍ സെയിം. ഈ പടത്തിലെ ഒരു പാട്ടു സീനിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ ശെരിക്കും ഒരു റൌഡി എന്നു തോന്നി പോയി. അത്രക്കും ഭയാനകം ആയിരുന്നു കൂത്തറ വളിപ്പുകള്‍. ഒരു പക്കാ റൌഡിയുടെ ഭയപ്പെടുത്തുന്ന ചേഷ്ട്ടകള്‍. പടത്തിന്റെ റേറ്റിംഗ്ഗ് അപ്പോളെ കൊടുത്തിരുന്നു. ഒരു പത്തില്‍ മൂന്നല്ലേല് നാലെന്നു.
ReplyDeleteഹരീ നല്ല നിരൂപണം.
ReplyDeleteവിന്സിനോട്, താങ്കള്‍ സിനിമ കണ്ടില്ല. ഒരു പാട്ട് സീന്‍ കണ്ട ഉടനെ ഇത്രയും അവജ്ഞയോടെ വിമര്‍ശിക്കണോ? മോഹന്‍ലാലിന്റെ സിനിമ ഒഴികെ ബാകി എല്ലാ നടന്മാരുടെ സിനിമയേയും തീരെ തറയായിട്ടാണു താങ്കള്‍ വിമര്‍ശിക്കാറുള്ളത്. താങ്കളുടെ താരാധനയില്‍ സഹതാപമുണ്ട്.
പരീക്ഷ അടുത്തതിനാല്‍ മുല്ല കാണുന്നത് ഒരാഴ്ച മാറ്റി വെച്ചിരിക്കുകയാണ്. വരാനുള്ള വിഷു ചിത്രങ്ങളേക്കാള്‍ എനിക്ക് പ്രതീക്ഷയുള്ള സിനിമ എന്ന നിലയില്‍ മുല്ല കാണണമെന്ന് തന്നെ വിചാരിക്കുന്നു..
ReplyDeleteകണ്ടവര്‍ക്കു ഭയങ്കര അഭിപ്രായം ആണല്ലോ ‘മുല്ല’ യേ കുറിച്ച്!
ReplyDeleteകണ്ടിട്ട് പറയാം ട്ടൊ. പാട്ടുസ്സീനൊക്കെ കണ്ടപ്പൊ നല്ല ഇഷ്ടായി
ReplyDeleteഹരീടെ റിവ്യൂ സ്ഥിരമായി വായിക്കാറ്ണ്ട്..കമന്റാറില്ല്യാന്നെള്ളൂ...
ReplyDeleteഏകദേശം എന്റെ ടേസ്റ്റ് തന്നെയാണെന്ന് മിക്കസിനിമകള്ടേയും അനുഭവം വ്യക്തമാക്കണു..അതോണ്ട് തന്നെ ഒരുപാട് ഉപകാരപ്രദാവണൂണ്ട്...കാണാന്‍ പോണേന് മുന്നേ ഒരൈഡിയ ആവൂലോ..
രൗദ്രോം,കൊളേജ് കുമാരനും ഒക്കെ കണ്ടെന്റെ ക്ഷീണം മുല്ല തീര്ക്കുമ്ന്ന് കരുതാം ലേ...
(:
ReplyDeleteഹരീ...
ReplyDeleteമുല്ലയെ കുറിച്ചുള്ള ചിത്രവിശേഷം നന്നായിട്ടുണ്ട്...
ലാല്‍ജോസ് ചിത്രമെന്ന ആവേശത്തോടെ കാണാന്‍ പോയാല്‍ മുഖം തിരിച്ചുപോരേണ്ട സ്ഥിതിയാണ് മുല്ല പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതില്‍ സംശയമില്ല...പക്ഷേ സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള എല്ലാം ചിത്രത്തിലുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം..
റിമി ടോമിയുടെ ഗാനവും കോളനിയിലെ ജീവിതങ്ങളുമെല്ലാം മനസില്‍ പതിയുമെങ്കിലും ഭാവനയുടെ വരവ് വളരെ ബോറായി തോന്നി..(ചന്ദ്രലേഖയില്‍ അനില്‍കപൂര്‍ വരുന്നതിന്റെ അതേ പകര്‍പ്പായി തോന്നി...)
ഇതിനെല്ലാം പുറമെ മലയാളസിനിമയിലെ മറ്റൊരു പ്രധാന പോരായ്മ ചിത്രത്തിലുടനീളം കണ്ടു..അടുത്തിടെ ഹാസ്യമെന്നാല്‍ അശ്ലീലം മാത്രമാണെന്ന അറിവ് ഊട്ടിയുറപ്പിക്കുകയായിരുന്നു ചിത്രത്തിലുടനീളം...പ്രത്യേകിച്ചും സലീം കുമാറിന്റെ സംഭാഷണങ്ങള്‍ എല്ലാം അശ്ലീലം മാത്രമായിരുന്നു...അത് കണ്ട് ചിരിക്കുന്ന പ്രേഷകര്‍ പിന്നീടാണ് അതിന്റെ അര്ത്ഥങ്ങളിലേക്കിറങ്ങി ചെല്ലുക (കുടുംബചിത്രം എന്ന് വിളിപേരിടാന് അതുകൊണ്ട് തന്നെ മുല്ലക്ക് കഴിയുമെന്ന് തോന്നുന്നില്ല...)
കുട്ടിയെ തിരിച്ചെടുക്കാന്‍ പോകുന്ന രംഗത്തില്‍ ഒറ്റക്ക് കിടന്നുറങ്ങുന്ന സ്ത്രീയോട് സലീം കുമാര്‍ പറയുന്ന സംഭാഷണങ്ങള്‍ ആരെയും അറപ്പിക്കുന്നതാണ്...
എന്തിരുന്നാലും ഇപ്പോള്‍ നല്ല സിനിമകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ മുല്ല വിജയിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം...
@ ഇട്ടിമാളു,
ReplyDeleteമീര നന്ദന് നന്നായി എന്നു തന്നെയാണു എനിക്കും തോന്നിയത്. മീര ജാസ്മിന് ചെയ്താലും ഇതിലും മികച്ചതാവുമെന്നു തോന്നുന്നുമില്ല. ഏതായാലും ഇവിടെ വന്നു നോക്കി അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ സന്തോഷം. :)
@ വി.ആര്. ഹരിപ്രസാദ്,
അതെ, കണ്ണിന് വാതില്‍ ചാരാതെ എന്ന പാട്ടും നന്നായിരുന്നു. ഓര്‍മ്മപ്പെടുത്തിയതിനു നന്ദി. പക്ഷെ, മറ്റു രണ്ടു ഗാനങ്ങള്‍ ഈ ഗാനങ്ങളുടെ സുഖം പോലും കളയുന്നതായിപ്പോയി! :( സിറാജ് ആണെന്നാണ് എന്റെയൊരു തോന്നല്‍. സിറാജ്, സുറാജ്, സുരാജ് അങ്ങിനെ പലതും കേള്‍ക്കുന്നു. :)
@ വിന്‍സ്,
ഏതായിരുന്നു ആ പാട്ട്?
@ പ്രയാണം,
നന്ദി. :)
@ ബാലു,
ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ കഴിയുമോ? കണ്ടു നോക്കൂ... :)
@ പ്രിയ ഉണ്ണികൃഷ്ണന്,
തീര്‍ച്ചയായും കണ്ടിട്ട് അഭിപ്രായം പറയൂ. ഏതു പാട്ടാണ് കണ്ടത്? :)
@ കൊച്ചാവ,
വായിച്ച് അഭിപ്രായം കൂടി രേഖപ്പെടുത്തൂ. അതൊക്കെയല്ലേ ഞങ്ങള്‍ ബ്ലോഗേഴ്സിന് ഒരു പ്രചോദനം. ;)
തീര്‍ച്ചയായും, അത്രയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതും. :)
@ കനല്,
(-: ഇടതുപക്ഷച്ചിരിയാണല്ലോ! :-)
@ ദ്രൌപദി,
നന്ദി. :) ഭാവനയുടെ ആ കഥാപാത്രം തികച്ചും അനാവശ്യമായി തോന്നി. അനില്‍ കപൂര്‍ ചന്ദ്രലേഖയില്‍ വന്നതില്‍ ഇത്രയും ചേര്ച്ചക്കുറവുണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ അതത്ര ബോറായും തോന്നിയില്ല.
ആ പറഞ്ഞത് വളരെ ശരിയാണ്. അശ്ലീലവും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമാണ് കോമഡിയെന്ന് സിനിമാക്കാര്‍ക്കും, ഒപ്പം പ്രേക്ഷകര്‍ക്കും ധാരണയുള്ളതു പോലെ തോന്നുന്നു. ആ രംഗത്തില്‍ എന്താണ് പറഞ്ഞത്? ശ്രദ്ധിക്കുവാന്‍ കഴിഞ്ഞില്ല.
--
പടം ഞാന്‍ കണ്ടു.....പടം എന്നേ നിരാശ പെടുത്തി.. അലമ്പു പടം അന്നു എന്ന് കുട്ടുകാര്‍ പറഞ്ഞതാ.. ഞാന്‍ കേട്റെല്ല... എനിക്ക് അങ്ങിനായ് വേണം
ReplyDeleteബോറെന്നെല്ലാതെ വേറൊരു വാക്കും ഈ സിനിമയെ കുറിച്ച് വിശേഷിപ്പിക്കാന്‍ എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല. ദിലീപ് മോഹന്‍ലാലാവാന്‍ ഇനിയും ഒരുപാട് സന്ചരിക്കണം .
ReplyDelete" ബോറെന്നെല്ലാതെ വേറൊരു വാക്കും ഈ സിനിമയെ കുറിച്ച് വിശേഷിപ്പിക്കാന്‍ എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല. ദിലീപ് മോഹന്‍ലാലാവാന്‍ ഇനിയും ഒരുപാട് സന്ചരിക്കണം ."
വളരെ ശരി ദ്രൌപദി.
njan kandu..... onnu kandirikkam athra thanne.... laljosine mulla venamayirunno????
ReplyDelete