അഞ്ചാതെ (Anjathey)

Published on: 3/11/2008 09:05:00 PM
Anjathey - A film by Mysskin; Starring Narein, Ajmal, Vijayalakshmi, Prasanna.
‘ചിത്തിരം പേശുതടി’ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ മിസ്കിന്‍, യുവനായകന്‍ നരേന്‍ എന്നിവര്‍ ഒന്നിച്ചിരിക്കുന്നു ‘അഞ്‌ചാതെ’ എന്ന ഈ ചിത്രത്തില്‍. ‘പ്രണയകാലം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി, ശ്രദ്ധേയനായ അജ്‌‌മലാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ തന്നെ കഥയും, തിരക്കഥയും, സംഭാഷണങ്ങളും തയ്യാറാക്കിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വി. ഹിതേഷ് ഛബക്.

സത്യ(നരേന്‍), കൃപ(അജ്മല്‍) എന്നിവര്‍ കുട്ടിക്കാലം മുതല്‍ക്കേ ഒരുമിച്ച് കളിച്ചു പഠിച്ചു വളര്‍ന്നവരാണ്, അയല്‍‌വാസികളുമാണ്. അച്ഛനമ്മമാരും ഒരു പെങ്ങളുമടങ്ങുന്ന കുടുംബമാണ് ഇവരിരുവരുടേയും. എസ്.ഐ. ആകുവാനായി അത്യധ്വാനം ചെയ്യുകയാണ് കൃപ; സത്യ അല്പം ചട്ടമ്പിത്തരവുമൊക്കെയായി വീട്ടുകാര്‍ക്കൊരു തലവേദനയായി മാറിയിരിക്കുകയാണ്. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. സത്യ എസ്.ഐ. ആവുന്നു, കൃപ ആവുന്നുമില്ല. ഇതിനിടയിലാണ് ദയ(പ്രസന്ന), വേലു(പാണ്ഡ്യരാജന്‍) എന്നീ ക്രിമിനലുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. സാഹചര്യങ്ങള്‍ കൃപയെ ഇവരുടെ കൂട്ടത്തിലെത്തിക്കുന്നു. സത്യയെ ഇവരുടെ പിന്നാലെയുള്ള പോലീസ് സംഘത്തിലും!

പറഞ്ഞുവരുമ്പോള്‍ കഥയില്‍ വലിയ പുതുമയൊന്നുമില്ല. കൂട്ടുകാരിലൊരാള്‍ കള്ളനും, മറ്റൊരാള്‍ പോലീസുമാവുന്നതും മുന്‍പ് കണ്ടിട്ടുള്ളതു തന്നെ. എന്നാല്‍, പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമാകുവാന്‍ പര്യാപ്തമാണ് ഇതിന്റെ തിരക്കഥയും, സംവിധാനവും പിന്നെ ചിത്രീകരണവും. ഒരു ‘മിസ്കിന്‍ ടച്ച്’ ചിത്രത്തില്‍ കൊണ്ടുവരുവാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ടെന്നതാണ് ഏറ്റവും എടുത്തു പറയേണ്ട കാര്യം. വ്യത്യസ്തമായ ഷോട്ടുകള്‍ ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാ‍ക്കുന്നുമുണ്ട്. ചിത്രം മൂന്നുമണിക്കൂറിനടുത്തുണ്ടെങ്കിലും (മൂന്നു മണിക്കൂറിലും അധികമുണ്ടെന്ന് പറയപ്പെടുന്നു, ചില പാട്ടുകളൊക്കെ ഒഴിവാക്കിയാണ് തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.) പ്രേക്ഷകനു മുഷിച്ചില്‍ അനുഭവപ്പെടുന്ന ഭാഗങ്ങള്‍ കുറവാണ്.

ചിത്രത്തില്‍ ഒരുവിധം എല്ലാവരും നന്നായിത്തന്നെ അഭിനയിച്ചിട്ടുണ്ട്. സത്യയായി നരേന്‍ വളരെ നല്ല പ്രകടനമാണ് നടത്തിയിരിക്കുന്നത്. കൃപയായി അജ്‌മലും മോശമായില്ല. എസ്.ഐ. ആകുവാനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന, നല്ലവഴിയേ നടക്കുന്ന യുവാവില്‍ നിന്നും; നിരാശയില്‍ തെരിവു ചട്ടമ്പിയാവുന്ന കൃപയിലേക്കുള്ള മാറ്റം വളരെ നന്നായി ഉള്‍ക്കൊണ്ട് അജ്‌മല്‍ അഭിനയിച്ചിരിക്കുന്നു. വില്ലനായെത്തിയ പ്രസന്ന അത്രയൊന്നും മികച്ചതായതുമില്ല. അഭിനയം പലയിടത്തും ഏച്ചുകെട്ടിയതായി അനുഭവപ്പെട്ടു. മകേഷ് മുത്തുസ്വാമിയുടെ ക്യാമറ, സുന്ദര്‍ സി. ബാബുവിന്റെ പശ്ചാത്തല സംഗീതം, ‘ആക്ഷന്‍‘ പ്രകാശ് തയ്യാറാക്കിയ സ്റ്റണ്ടുകള്‍ എന്നിവയും സിനിമയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ച ഘടകങ്ങളാണ്. ‘വാള മീനുക്കും വിളാ മീനുക്കും കല്യാണം’ എന്ന ഹിറ്റ് ഗാനത്തിന്റെ ശൈലിയില്‍ തന്നെയുള്ള ‘കണ്ണദാസന്‍ കാരൈക്കുടി’ എന്ന പാട്ടാണ് തിയ്യേറ്ററില്‍ കാണിച്ചവയില്‍ ആകര്‍ഷകമായി തോന്നിയത്.

സിനിമയില്‍ പൊതുവെ പോലീസുകാരെ അതിസമര്‍ത്ഥരായാണ് (നായകന്‍ പോലീസിനൊപ്പമെങ്കില്‍) കാണിക്കാറുള്ളത്. എന്നാലിവിടെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വിജയത്തിലെത്തുന്നില്ല. കഥ, ഭാവനമാത്രമായിപ്പോവാതിരിക്കുവാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നര്‍ത്ഥം. ക്ലൈമാക്സ് രംഗത്തിനു വല്ലാതെ ദൈര്‍ഘ്യം കൂടിപ്പോയെന്നതാണ് ചിത്രത്തിന്റെ വൈകല്യമായി തോന്നിയത്. ചിത്രത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കുള്ള ആകര്‍ഷണീയത ക്ലൈമാക്സ് രംഗങ്ങളില്‍ കാത്തു സൂക്ഷിക്കുവാന്‍ സംവിധായകനായതുമില്ല. ഒടുവില്‍ പണ്ടുകൊടുത്ത മോതിരം കഴുത്തില്‍ തൂക്കിയിരിക്കൂന്നതു കാ‍ണുന്നതോടെ സത്യയെ കൃപമനസിലാക്കുന്നതായൊക്കെ കാണിച്ച്, ചിത്രത്തിന്റെ മൊത്തത്തിലുള്ള സുഖം കളയുകയും ചെയ്തു! എന്നിരുന്നാലും ചടുലമായ ഒരു ചലച്ചിത്രാനുഭവമായതിനാല്‍, ഭൂരിപക്ഷം പ്രേക്ഷകരേയും ‘അഞ്‌‌ചാതെ’ നിരാശപ്പെടുത്തില്ല എന്നു തന്നെ കരുതാം.


Keywords: Anjathey (Anchathe, Anjathe) directed by Mysskin (Miskin, Myskin). Starring Narein (Naren) as Sathya, Ajmal as Kripa, Vijayalakshmi, Prasanna as Daya, Pandyarajan as Velu etc.. Film released in August, Chithravishesham presents a Film (Movie, Cinema) Review in Malayalam.
--

13 comments :

 1. നരേന്റെ തമിഴ് ചിത്രം ‘അഞ്‌ചാതെ’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  നിങ്ങളെങ്ങിനെയൊക്കെ ‘ചിത്രവിശേഷ’ത്തിലെത്താറുണ്ട്? - പോളില്‍ പങ്കെടുക്കുവാന്‍ മറക്കില്ലല്ലോ? :)
  --

  ReplyDelete
 2. എല്ലാം കൊള്ളാം. തിരക്കഥ കൊള്ളാം, അഭിനയം കൊള്ളാം, സംവിധാനം കൊള്ളാം. പക്ഷെ കൊടുത്തിരിക്കുന്നത് അഞ്ചര. മിടുക്കന്‍.

  ReplyDelete
 3. ഹരി,
  ഞാന്‍ കുറച്ചുദിവസത്തേക്ക്‌ നാട്ടിലെത്തുന്നു. ഹരിയുടെ ഫോട്ടോഷോപ്പിനെക്കുറിച്ചുള്ള ബുക്ക്‌ എറണാകുളത്ത്‌ എവിടെ കിട്ടും. ( ഓഫിന്‌ സോറി).
  send me a mail. please remove wordveri.

  ReplyDelete
 4. നന്ദി,
  നരേന്റെ സമയം തെളിഞ്ഞെന്നു തോന്നുന്നു
  വിക്രം പോയ വഴിയില്‍ ആണോ നരേനും ???

  ReplyDelete
 5. ഞാനിന്നലെ പടം കണ്ടു....കഥയും തിരകഥയും വളരെ ദുര്‍‌ബലമെങ്കിലും ‌Visuals and story treatment ഉം ആ കുറവ് തീര്‍ത്തു എന്ന് തോന്നുന്നു.

  പിന്നെ അഭിനയത്തിന്റെ കാര്യത്തില്‍ അജ്‌മല്‍,പാണ്ട്യരാജ്,വിജയലക്ഷ്മി എന്നിവര്‍ നന്നായിരിക്കുന്നു ..especially അജ്‌മല്‍...

  എന്നാല്‍ നരേന്റെ കാര്യത്തില്‍ വീണ്ടും ഹരിയുമായ് തര്‍ക്കിക്കെണ്ടി വരുന്നു...

  കഥാപാത്രത്തിന് വേണ്ട രൂപവും അതുപോലെ experiance ഉണ്ടായിട്ടും അതുപയോഗിക്കുന്നതില്‍ വന്‍പരാജയമയ് എന്നെനിക്ക് തോന്നി...ഡയലോഗ് ഡെലിവറി,അനാവശ്യമായ facial expressions,body language എല്ലാം മോശം
  ബാറില്‍ വെച്ചുള്ള സീനുകളില്‍ ഈ കുറവുകള്‍ വളരെയധികം visible ആണ്.ചില lock-up/police station സീനുകളിലും

  ഹരിയെ പോലെ experianced ആയ ഒരു reviewer ഇത് miss ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല

  ReplyDelete
 6. haree bhai .. i seen the movie ... i surely think it deserve atleast a 6.5 .....

  you have to give some points for the treatment

  ReplyDelete
 7. റീഡിഫ് 4 * നല്‍കിയ ചിത്രമാണ് ഇത്. ഞാന്‍ വിചാരിച്ചു എന്തോ വലിയ സംഭവമാണെന്ന്.. പക്ഷെ കഥ കേട്ടിട്ട് അങ്ങനെയൊന്നും തോന്നുന്നില്ല.

  ആദ്യഭാഗം ഏകദേശം “ദി ഡിപ്പാര്‍ട്ടഡു“മായി സാമ്യം തോന്നി..

  ReplyDelete
 8. @ വിന്‍സ്,
  ന്യൂനതകള്‍ അവസാനഭാഗം ചൂണ്ടിക്കാണിച്ചിരിക്കുന്നത് ശ്രദ്ധിച്ചുകാണുമെന്നു കരുതുന്നു. 5.5 ഒരു മോശം റേറ്റിംഗ് ആണെന്നും കരുതുന്നില്ല! കൂടുതല്‍ നല്‍കുവന്‍ എല്ലാം ‘കൊള്ളാം’ എന്നുമാത്രമായാല്‍ പോര!!!

  @ വഡവോസ്കി,
  കൃത്യമായി എനിക്ക് പറയുവാന്‍ അറിയില്ല. ഒരുവിധം മെച്ചപ്പെട്ട പുസ്‌തകശാലകളിലെല്ലാം ലഭിക്കേണ്ടതാണ്. വേഡ് വെരി വെച്ചിട്ടുതന്നെ ധാരാളം സ്പാം കമന്റുകള്‍ ലഭിക്കുന്നുണ്ട്. അതൊഴിവാക്കുന്നത് എനിക്കു പണിയാവും! :)

  @ മുന്ന,
  വിക്രം പോയ വഴി?

  @ നിഷേധി,
  കഥ ദുര്‍ബലമായിരിക്കാം, പക്ഷെ തിരക്കഥ ദുര്‍ബലമാണെന്നു ഞാന്‍ കരുതുന്നില്ല. നരേന്‍ വളരെ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയിരിക്കുന്നത്. കുറ്റങ്ങള്‍ കണ്ടുപിടിക്കാമെങ്കിലും, മൊത്തത്തില്‍ നന്നായിരുന്നു എന്നു തന്നെയാണ് തോന്നുന്നത്.

  @ നവരുചിയന്‍,
  ഉം... ഒടുവിലെ വലിച്ചു നീട്ടിയ ക്ലൈമാക്സും, മാലയില്‍ തൂക്കിയിട്ട മോതിരം കണ്ട് തെറ്റിദ്ധാരണമാറുന്ന സീനും ഒഴിവാക്കിയിരുന്നെങ്കില്‍... :)

  @ ബാലു,
  അഞ്ചിലാണല്ലോ അല്ലേ? ബാലു കണ്ടിരുന്നോ ചിത്രം?
  --

  ReplyDelete
 9. മലയാളത്തില്‍ രക്ഷ കിട്ടാതെ തമിഴില്‍ എത്തി അവിടെ super star ആകുമോ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്‌
  വിക്രമീന്റെ കഥ അതാണല്ലോ ???

  ReplyDelete
 10. ഹരീ
  ഞാന് ഒരു പുതിയ ആളാണ ്. ഹരിയുടെ ബ്ലോഗ്സ് എല്ലാം കണ്ടു. blogging Tips ഒരുപാടുപേര്ക്ക് പ്രയോജനപ്പെടും.എന്റെ ഒന്നുരണ്ട് സംശയങ്ങള് തീര്ത്തു തരുമല്ലോ...
  1. എന്റെ പോസ്റ്റുകള് ബ്ലോഗ് അഗ്രിഗേറ്ററുകളില് ലിസ്റ്റു ചെയ്യുന്പോള് എന്റെ പേര് (ഹെഡ്ഡിംഗ്) കാണിക്കുന്നില്ല.
  2. സൌണ്ട് ഫയലുകള് പോസ്റ്റ് ചെയ്യാന് എന്തു ചെയ്യും.

  waiting ur reply.
  ashrafxl
  വല്ല്യപുള്ളി

  ReplyDelete
 11. Malabar Wedding എങ്ങനെയുണ്ട് ???

  റിവ്യൂവിനായി കാത്തിരിക്കുന്നു!!!

  (0_0)

  ReplyDelete
 12. എനിക്കിത് കാണാനൊത്തില്ല... പോകാനൊരുങ്ങുമ്പോഴേക്കും എന്തെങ്കിലും തിരക്കില്‍ പെടും. റിവ്യൂ ഞാന്‍ വായിച്ചില്ല, പടം കണ്ടിട്ട് വായിച്ച് അഭിപ്രായം പറയാം

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete
 13. ശിവാജിക്കു 6ഉം ഹലോയ്ക്കു 7ഉം കൊടുക്കാമെങ്കില്‍ ഇതിനു കണ്ണുമടച്ച് 9 മാര്‍ക്കിടാം. പക്ഷെ ഞാന്‍ അത്ര കൊടുക്കുന്നില്ല. എങ്കിലും ഒരു നല്ലചിത്രം ആണെന്നു പറയാതിരിക്കാന്‍ വയ്യ.

  തീയറ്ററില്‍ കുറെ ഭാഗങ്ങള്‍ കട്ട് ചെയ്തിട്ടുണ്ട് എന്നു കേട്ടു. രണ്ടും കണ്ട ഒരാള്‍ പറഞ്ഞതു വെച്ചു നോക്കുമ്പോള്‍ വളരെ നല്ല കുറെ സീനുകളാണു കട്ട് ചെയ്തിരിക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കിയത്.

  ReplyDelete