വാഴ്ത്തുക്കള്‍ (Vaazhthukkal)

Published on: 2/01/2008 03:35:00 AM
Vaazhthukkal - Tamil Movie starring Madhavan, Bhavana.
സീമന്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ച ചിത്രമാണ് ‘വാഴ്ത്തുക്കള്‍’. മാധവന്‍, ഭാവന എന്നിവരാണ് കേന്ദ്രകഥാ‍പാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിശാബോധമില്ലാത്ത കഥയും, താറുമാറായ തിരക്കഥയും, അപക്വമായ സംഭാഷണങ്ങളും എല്ലാം കൂടി മെച്ചമാവേണ്ടിയിരുന്ന ഒരു ചിത്രത്തെ മോശമാ‍ക്കാവുന്നതിന്റെ പരമാവധി മോശമാക്കി എന്നുവേണം പറയുവാന്‍. ടി. ശിവ എന്ന ദൌര്‍ഭാഗ്യവാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കതിരവന്‍ - ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി ഉടമ, സാമൂഹികസേവന തത്പരന്‍, സല്‍ഗുണ സമ്പന്നന്‍, മാതാപിതാക്കളോട് മുതിര്‍ന്നിട്ടും സ്നേഹവും ആദരവും കാട്ടുന്ന ഉത്തമപുത്രന്‍, സകലകലാവല്ലഭന്‍, സമ്പന്നന്‍‍! കാ‍യല്‍‌വിഴി - ഒരു വലിയ കൂട്ടുകുടുംബത്തിലെ പെണ്‍കൊടി, സല്‍ഗുണ സമ്പന്ന, സേവന തത്പര, ഉത്തമയായ ഭാര്യയാവണമെന്ന് ആഗ്രഹിക്കുന്നവള്‍, ഭര്‍ത്താവിന്റെ അച്ഛനമ്മമാരെ സ്വന്തം അച്ഛനമ്മയായി കാണണമെന്ന് വിശ്വസിക്കുന്നവള്‍, സമ്പന്ന! പ്രണയത്തിനു പിന്തുണ നല്‍കുന്ന കതിരവന്റെ മാതാപിതാക്കള്‍; പ്രണയത്തെ എതിര്‍ക്കുന്ന കായല്‍‌വിഴിയുടെ കുടുംബം. കതിരവനും കായല്‍‌വിഴിയും പ്രണയത്തിലാവുന്നു. ഇതാണ് ചിത്രത്തിന്റെ വിഷയം. സംവിധായകന്‍ ‘പ്രണയകാലം’ കണ്ടിട്ടുണ്ടോ എന്നറിയില്ല, മൊത്തത്തില്‍ ആ ചിത്രത്തിന്റെ വഴിയിലൂടെയാണ് ഇതിന്റേയും സഞ്ചാരം.

ചിത്രത്തിന്റെ ഏക ഗുണമായി പറയാവുന്നത് യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളാണ്. ഗാനരംഗങ്ങളുടെ പശ്ചാത്തലമാവുന്നത് മൂന്നാറും, ആലപ്പുഴയും മറ്റുമാണ്. ആലപ്പുഴയിലെ മുപ്പാ‍ലവും, കടല്‍പ്പാലവും, കായല്‍ക്കരയുമെല്ലാം ചിത്രത്തില്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ആദ്യത്തെ രണ്ട് ഗാനങ്ങളൊഴികെ, മറ്റുള്ളവ ചിത്രത്തിന് നന്നായി ഇണങ്ങുന്നുമുണ്ട്. ചുരുങ്ങിയപക്ഷം, ചിത്രം കണ്ട് മടുപ്പു തോന്നുന്ന പ്രേക്ഷകന് തെല്ലൊരാശ്വാസം നല്‍കുന്നത് ഇടയ്ക്കിടെയെത്തുന്ന ഗാനങ്ങളാണ്.

പ്രണയവിവാഹമാണോ, ആലോചിച്ചുറപ്പിച്ചു നടത്തുന്ന വിവാഹമാണോ നല്ലതെന്ന, ഒരു ചര്‍ച്ചയാണ് ഈ സിനിമ. ആരമണിക്കൂറിലധികം കാണിക്കുവാനുള്ള വിഷയമില്ല സിനിമയില്‍. അങ്ങിനെയൊരു വിഷയം, രണ്ടരമണിക്കൂറിലധികമാക്കുമ്പോള്‍ എത്രമാത്രം പ്രേക്ഷകരെ മുഷിപ്പിക്കുമെന്നത് ആലോചിച്ചു നോക്കാവുന്നതേയുള്ളൂ. അനാകര്‍ഷകമായ തിരക്കഥയും, സംവിധാനവും മുഷിപ്പിന് ഉല്‍‌പ്രേരകമായിത്തീരുകയും ചെയ്യുന്നു. കൃത്രിമത്വം നിറഞ്ഞ കുറേയധികം പൈങ്കിളി സംഭാഷണങ്ങളും ഇടയ്ക്കിടെയുണ്ട്. പല സീനുകളും അതിനുവേണ്ടി മാത്രം തിരുകിക്കയറ്റിയിരിക്കുന്നതുമാണ്. കോയമ്പത്തൂരു നിന്നും കാമുകീകാമുകന്മാരെ ‘ഔട്ടിംഗി’നായി ആലപ്പുഴയെത്തിച്ച സംവിധായക പ്രതിഭയെ നമിക്കണം. സമയദൂരങ്ങള്‍ ഒരു വിഷയമേയല്ലാത്ത കാലം വരുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു, ആ കാലം എന്നേ വന്നുവെന്ന് സംവിധായകനും.

‘റൊമാന്റിക്’ ഹീറോയായ മാധവന്റെ; ‘അലൈപായുതേ’, ‘മിന്നലേ’, ‘റണ്‍’ തുടങ്ങിയ ചിത്രങ്ങള്‍ കണ്ട്, ആ പ്രതീക്ഷയില്‍ ‘വാഴ്ത്തുക്കള്‍’ കാണുവാന്‍ കയറേണ്ടതില്ല. ചിത്രത്തിന്റെ അവസാന പത്തിരുപത് മിനിറ്റ് ഒട്ടുമിക്ക കഥാപാത്രങ്ങളും നിര്‍ത്താതെ കരയുന്നുണ്ടെങ്കിലും, ഒരു കഥാപാത്രം പോലും പ്രേക്ഷകന്റെ ഹൃദയത്തെ തൊടുന്നതായില്ല. ചുരുക്കത്തില്‍, മാധവനേയും ഭാവനയേയും വെറുതേ കണ്ടുകൊണ്ടിരുന്നാല്‍ തൃപ്തിവരുന്നവര്‍ക്ക്, കണ്ടു നോക്കാവുന്ന ഒരു ചിത്രം, അത്രമാത്രം!


Keywords: Vaazhthukkal, Vazhthukkal, Vazhthugal, Vaazhthugal, Seeman, Madhavan, Bhavana, Bavana, Tamil Film Review, Cinema, Movie, in Malayalam, January Release, Pongal.
--

5 comments :

 1. മാധവന്‍-ഭാവന എന്നിവര്‍ പ്രധാ‍നകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വാഴ്ത്തുക്കള്‍’ എന്ന തമിഴ് ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  2007-ലെ മികച്ച ചിത്രമേത്? പോളിംഗ് തുടരുന്നു...
  --

  ReplyDelete
 2. ഹരീ
  സമ്മതിച്ചിരിക്കുന്നു, ഈ അര്‍പ്പണബോധത്തെ :) ഈ ചവറുകളൊക്കെ മുഴുവനും കാണുന്നല്ലോ!
  എനിക്ക് ഭാവനയെ ഒട്ടും ഇഷ്ടമല്ല:(

  ReplyDelete
 3. അങ്ങനെ ഈ സിനിമ കണ്ടു വെറുതെ സമയം പാഴാക്കിയല്ലേ...

  ReplyDelete
 4. ഹരി,
  പറയുന്ന സിനിമകളൊന്നും കാണാന്‍ പറ്റീലെങ്കിലും ഇവിടെ വന്ന് ഇതൊക്കെ വായിക്കുമ്പോള്‍ ഒരു സുഖാണ്‌. 'കല്‍ക്കട്ട ന്യൂസ്‌ ' കാണണം എന്ന് ആഗ്രഹിച്ചിരുന്നു, ..ഇനി കാണണ്ട അല്ലെ..;)

  ReplyDelete
 5. ഏതായാലും കാണാന്നില്ല എന്ന് വിചാരിച്ച പടമായിരുന്നു, ഒരു കാരണവുമായി.

  ഭാവനയെ കാണാന്‍ നല്ല രസമുണ്ട്..

  ReplyDelete