
മനോഹരമായൊരു ചിത്രം, ഇങ്ങിനെ ആത്മവിശ്വാസത്തോടെ പറയുവാന്‍ കഴിയുന്ന ചിത്രങ്ങള്‍ വളരെക്കുറവാണ്. ആമിര്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ‘താരേ സമീന്‍ പര്’ അവയിലൊന്നാണ്. അമോല്‍ ഗുപ്തേയുടെ രചനയിലുള്ള ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ആമിര്‍ ഖാന് തന്നെ. ഭാഷയിലെ അക്ഷരങ്ങള്‍, ചിഹ്നങ്ങള്‍, അവയുടെ ഉച്ചാരണം, ലിഖിതം എന്നിവയൊക്കെ മനസിലാക്കുവാന്‍ പ്രയാസമനുഭവിക്കുന്ന ഡിസ്ലെക്സ്യ എന്ന വൈകല്യമുള്ള കുട്ടികളാണ് സിനിമയുടെ വിഷയം.
എട്ടുവയസുകാരനായ ഇഷാന് നന്ദകിഷോര്‍ അവസ്തി(ദര്‍ശീല്‍ സഫറി)യുടെ കഥയാണിത്. അച്ഛന് നന്ദകിഷോര്‍ അവസ്തി(വിപിന്‍ ശര്‍മ്മ), അമ്മ മായ അവസ്തി(തിഷ ചോപ്ര), ദാദ എന്നുവിളിക്കുന്ന ചേട്ടന് യോഹന് അവസ്തി(സചേത് എഞ്ചിനീര്‍) എന്നിവരടങ്ങുന്ന കുടുംബമാണ് ഇഷാന്റേത്. ചേട്ടന് യോഹന് പഠനത്തിലും കളികളിലും ഒന്നാമതു നില്ക്കുന്നെങ്കിലും ഇഷാന് ഇവയിലൊക്കെ വളരെ പിന്നിലാണ്. ഇഷാനെ നേരെയാക്കുവാന്‍ അമ്മ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും ഫലം കാണുന്നില്ല. ഒടുവില്‍ അനുസരണാശീലം വരുവാന്‍ ബോര്ഡിംഗിലാക്കുകയാണ് നല്ലതെന്ന് മാതാപിതാക്കള്‍ തീരുമാനിക്കുന്നു. ബോര്‍ഡിംഗിലും ഇഷാന്റെ സ്ഥിതി മെച്ചപ്പെടുന്നില്ല. രാജന് ദാമോദരന്‍(തനയ് ചെഡ്ഡ) എന്ന അംഗവൈകല്യമുള്ള കുട്ടിയോടുമാത്രം ഇഷാന് അടുപ്പം കാണിക്കുന്നു. ആയിടയ്ക്കാണ് താത്കാലികമായി രാം ശങ്കര്‍ നികുംഭ്(ആമിര്‍ ഖാന്) എന്ന ടീച്ചര്‍ ചിത്രകലാധ്യാപകനായി എത്തുന്നത്. രാം ശങ്കറിന്റെ വരവ് ഇഷാനെ മറ്റൊരാളാക്കുന്നു.
ഡിസ്ലെക്സ്യ എന്ന അസുഖമാണ് ഇഷാന്റേത്. കൂടുതല്‍ കരുതലും, സ്നേഹവും, പരിചരണവും ആവശ്യമുള്ള ഒരു വൈകല്യമാണിത്. ഈ വൈകല്യം കുട്ടിക്കാലത്ത് പ്രകടിപ്പിച്ചിരുന്ന, എന്നാല്‍ പില്ക്കാലത്ത് വളരെയേറെ പ്രശസ്തരായ ഒട്ടേറെപ്പേരുണ്ട്. അവയില്‍ കുറച്ചുപേരേക്കുറിച്ച് സിനിമയില്‍ എടുത്തു പറയുന്നുമുണ്ട്. (കൂടുതല്‍ പേരേക്കുറിച്ചറിയുവാന് ഇവിടെ നോക്കൂ.) എന്നാല്‍ ഇത്തരം കുട്ടികളെ എത്ര തെറ്റായ രീതിയിലാണ് നമ്മള് മനസിലാക്കുന്നതും, അവരെ പരിപാലിക്കുന്നതും എന്ന് കാട്ടിത്തരികയാണ് ഈ ചിത്രം.
ചിത്രത്തിന്റെ ആദ്യഭാഗം കാണുന്ന പ്രേക്ഷകന് അവനവനുടെ കുട്ടിക്കാലം ഓര്‍ക്കാതിരിക്കുവാനാവില്ല. ഇഷാന്റെ വികൃതികള്‍ കണ്ടു ചിരിക്കുന്ന പ്രേക്ഷകര്‍, ഇഷാന്റെ പ്രശ്നങ്ങളും വ്യക്തമായി മനസിലാക്കുന്നു. അവിടെയാണ് ഈ സിനിമ വിജയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവതരണം പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. ആമിര്‍ ഖാന് എന്ന ഒരു മികച്ച അഭിനേതാവ്, താരമൂല്യമുള്ള നടന് ചിത്രത്തിലുണ്ടായിട്ടും; കഥ ഇഷാനില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. മലയാളസിനിമാ പ്രവര്‍ത്തകര്‍ പാഠമാക്കേണ്ട ഒന്നാണിത്. കഥ എന്തായാലും സൂപ്പര്‍സ്റ്റാറുകളില്‍ കേന്ദ്രീകരിക്കുവാന്‍ ശ്രമിക്കുന്നിടത്ത് സിനിമ മോശമാകുവാന്‍ തുടങ്ങുന്നു, ഒടുവില്‍ അവര്‍ക്കായുള്ള കഥയായി മാറുന്നിടത്ത് ആ സിനിമ മരിക്കുന്നു!
മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും ചിത്രത്തോടിണങ്ങുന്നവ തന്നെ. തന്നെ ബൊര്ഡിംഗിലാക്കി മടങ്ങുന്ന മാതാപിതാക്കളെ നോക്കി നില്ക്കുന്ന ഇഷാന്, രാത്രി കുളിമുറിയില്‍ ഒറ്റയ്ക്കു കരയുന്ന ഇഷാന് ഈ രണ്ടു ഷോട്ടുകളുമാണ് എനിക്കേറെ ഇഷ്ടമായവ. ക്യാമറമാന് സേതുവിനും, സംഗീതം നല്‍കിയിരിക്കുന്ന ശങ്കര്‍-എഹ്സാന്‍-ലോയ് എന്നിവര്‍ക്കും അഭിമാനിക്കാം. ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നവരെല്ലാവരും നന്നായിത്തന്നെ അഭിനയിച്ചിരിക്കുന്നു. പ്രത്യേകിച്ചും ദര്‍ശീല്‍ സഫറി, തിഷ ചോപ്ര, ആമിര്‍ ഖാന് തുടങ്ങിയവര്‍.
പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. പക്ഷെ, സങ്കടം കൊണ്ടല്ല കണ്ണു നിറയുക; ചിലപ്പോള്‍ സന്തോഷം കൊണ്ട്, ചിലപ്പോള്‍ വാത്സല്യം കൊണ്ട്, മറ്റു ചിലപ്പോള്‍ തങ്ങളുടെ കുട്ടിക്കാലം ഓര്ത്തുപോവുന്നതുകൊണ്ട്, ചിലപ്പോള്‍ നാം കുട്ടികളോട് പെരുമാറുന്നതോര്‍ത്ത്... ഒടുവില്‍ ഇഷാന്റെ ജിവിതത്തിന് പുതിയൊരു ലക്ഷ്യവും മാര്‍ഗവും കൈവരുമ്പോള്‍, ഇഷാന്റെ മാതാപിതാക്കളെപ്പോലെ നമ്മളും സന്തോഷിച്ചുപോവും, മനസുനിറഞ്ഞ്. എല്ലാ മാതാപിതാക്കളും കുട്ടികള്‍ക്കൊപ്പം കണ്ടിരിക്കേണ്ട ഒരു ഉത്തമചിത്രം എന്നു തറപ്പിച്ചു പറയുവാന്‍ സാധിക്കുന്ന ഒരു ചിത്രമാണിത്. നക്ഷത്രങ്ങള്‍ ആകാശത്തല്ല, അവ നമുക്കൊപ്പം ഈ ഭൂമിയില്‍ തന്നെയാണെന്ന് കാണുവാന്‍ മറക്കുന്ന നമ്മളോരോരുത്തരുടേയും കണ്ണു തുറപ്പിക്കുകയും ചെയ്യുന്നു ഈ ചിത്രം. ആമിര്‍ ഖാനും, ഈ സിനിമയുമായി സഹകരിച്ച മുഴുവന്‍ കലാകാരന്മാര്ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും അഭിനന്ദനങ്ങള്‍.
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• താരേ സമീന്‍ പര് - വിക്കിപ്പീഡിയ
• താരേ സമീന്‍ പര് - ഔദ്യോഗിക വെബ് സൈറ്റ്
Keywords: Aamir Khan, Producer, Director, Taare Zameen Par, Tare Zameen Par, Thare Zameen Par, Hindi Film Review, Cinema, Movie, in Malayalam, Darseel Safary, Tisca Chopra, Tanay Chheda, Vipin Sharma, Sachet Engineer.
--
ആമിര്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ‘താരേ സമീന്‍ പര്’ എന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteഈ ചിത്രം ടാക്സ് ഫ്രീയാക്കിയെന്നാണല്ലോ കേട്ടത്, ശരിയല്ലേ? പക്ഷെ, തിരു.പുരത്ത് മുഴുവന്‍ തുകയും ഈടാക്കുന്നുണ്ടല്ലോ ഇപ്പോഴും! പത്രക്കാരൊന്ന് ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.
ഒടുവില്‍ പോയി കണ്ടു അല്ലേ.നന്നായി.
ReplyDeleteടാക്സിന്റെ കാര്യം അന്വേഷിക്കാം ഹരീ
ശരിക്കും...ദര്്ശീല് തകര്‍ത്തു കളഞ്ഞു...സിമ്പിള്‍ കഥ...ആടംബരമൊന്നും ഇല്ലാതെ എടുത്തിരിക്കുന്നു....
ReplyDeleteഇപ്പൊ ഒരു ഡൌട്ട്...ഞാനും പണ്ടു dyslexic ആയിരുന്നോ എന്ന്...!
ഹരീ: ചിത്രം കുടുംബവുമായി പോയി കണ്ടിരുന്നു, കുട്ടികളെ പിടിച്ചിരുത്താന്‍ മാത്രം ചിത്രത്തില്‍ വലുതായൊന്നും കണ്ടില്ല. വികൃതികളുടെ കുസൃതികള്‍, ബോര്ഡിങ്ങില് കൊണ്ട് ചെന്നാക്കിയാല്‍ കുട്ടികള്‍ അനുഭവിക്കുന്ന ശൂന്യത എന്നതെല്ലാം കുറേകൂടി നന്നാക്കാമയിരുന്നു. എന്റെ കൂടെ ഷോ കാണാന്‍ പത്തില്‍ കുറഞ്ഞ ആള്കാരെ മാത്രം കണ്ടപ്പോള്‍ ആദ്യം ഞാനൊന്നമ്പരന്നു പിന്നെ എനിക്കും ബോധ്യമായി. ഇതൊരു കുട്ടികളുടെ സിനിമ എന്നു അവകാശപ്പെടുന്നതിലുപരി ഡിസ്ലെക്സ്യ വൈകല്യമുള്ള കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ഒരു ഡോക്യുമെന്ററി എന്നു പറയുന്നതാവും ഉജിതം.
ReplyDelete"പക്ഷെ, സങ്കടം കൊണ്ടല്ല കണ്ണു നിറയുക; ചിലപ്പോള്‍ സന്തോഷം കൊണ്ട്" വളരെ ശരി.. പല സീനിലും എന്റെ കണ്ണു നിറഞ്ഞു.
ReplyDeleteപയ്യന്‍സ് അമീര്‍ഖാനെ കടത്തിവെട്ടി അഭിനയിച്ചു.. മിടുമിടുക്കന്‍ കുട്ടി :)
എറണാകുളം ശ്രീധറിലാണ് കണ്ടത്. ഏതായാലും ടാക്സ് ഫ്രീ ഒന്നുമായിരുന്നില്ല.. നല്ല തിരക്കുമുണ്ടായിരുന്നു..
ചിത്രം വളരെ നന്നായിട്ടുണ്ട് എന്നാണ് പലരും പറ്ഞ്ഞു കേട്ടത്, മാതാപിതാക്കള്‍ കണ്ടിരിയ്ക്കേണ്ടതെന്നും പലരും പറഞ്ഞു.
ReplyDeleteആ പേര് തന്നെ ശരിയ്ക്കും ഇഷ്ടപ്പെട്ടു.
flash and romeo not seen at? or avoided?
ReplyDeleteഇതൊരു മനോഹരമായ ചിത്രമാണ്. കഥയും, പിന്നെ സംവിധാനവും പ്രശംസനീയം തന്നെ. അഭിനേതാക്കളെ തിരഞ്ഞെടുത്തതില്പോലും അത് പ്രകടമാണ്. ഇഷാന്റെ അച്ഛനായി അഭിനയിച്ച വിപിന്‍ ശര്‍മ, എത്ര മനോഹരമായാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദര്‍ശീല്‍ എങ്ങനെയാണ് ഇത് അഭിനയിച്ചത് എന്ന് അത്ഭുതപ്പെടുന്നു. ആമീര്‍ ഖാന് ഒരു ബഹുമുഖ പ്രതിഭ തന്നെ. ഒരു സംശയവുമില്ല.
ReplyDeleteപിന്നെ, ഇഷാന് ഡബിള്‍ ഡക്കറിന്റെ മുകളില്‍, മുന്നിലെ ഗ്ലാസ്സിലൂടെ തല പുറത്തിട്ട്, സൂപ്പ്പ്പര്മാനെ പോലെ പറക്കുമ്പോള്‍, നമുക്കും അങ്ങനെ ചെയ്യാന്‍ തോന്നുന്നില്ലേ ?
ഹരീ,
ReplyDeleteപടം കണ്ടിരുന്നു... നല്ല പടം !
@ ടി.കെ. സുജിത്ത്,
ReplyDelete:) അന്വേഷിച്ചുവോ?
@ കിരണ്‍,
ഹ ഹ ഹ... എനിക്കുമില്ലാതില്ല ആ ഡൌട്ട്... :P
@ ബയാന്‍,
ഇതൊരു കുട്ടികളുടെ ചിത്രമാണെന്ന് ആരാണോ മുദ്രകുത്തിയത്! ഇത് വലിയവര്‍ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. കുട്ടികളുടെ പ്രശ്നങ്ങള്‍ വിഷയമായാലുടന് അത് കുട്ടികളുടെ ചിത്രമാവുമോ? ഡോക്യുമെന്ററി എന്നൊക്കെ പറയണോ? എനിക്കങ്ങിനെ തോന്നിയില്ല.
@ നന്ദന്,
അതെയതെ... :)
@ പി.ആര്.,
കണ്ടില്ല എന്നിട്ടും?
@ മന്‍സൂര്‍,
അവ ഒഴിവാക്കിയതാണ്. കണ്ടിരുന്നുവോ?
@ നാടന്‍,
നന്ദി. :) തീര്‍ച്ചയായും, ഇഷാന് ചെയ്തതൊക്കെയും നാമും എപ്പോഴൊക്കെയോ ചെയ്തപോലെ തോന്നുന്നു.
@ തക്കുടു,
നന്ദി. :)
--
no mr. haree, last month i was in kerala on vacation, i saw "chocolate" with family, kuhzppamilla, wife nannaayi enjoy cheythu, pinee christmas release onnum dubaiyil vannilla, ippo evide ticket rate Dirham 30. aanu athukondu cd kaanunnathalle budhi...
ReplyDeleteവെറുതെ എന്തിനെ കേറിയും അങ്ങോട്ട് വിമര്‍ശിക്കുക, അപ്പോള്‍ നമ്മള് വലിയ ബുദ്ധിജീവിയായല്ലോ...! നമ്മള് മലയാളികളുടെ ഒരു പൊതു സ്വഭാവമാണിത്..! അല്ലേ ബയാന്‍?
ReplyDeleteതാരെ സമീന്‍ പര് ഒരു ഡോക്യുമെന്ററിയായാണ് താങ്കള്‍ക്ക് അനുഭവപ്പെട്ടത് എന്നത് അത്ഭുതാവഹം തന്നെ!(പിന്നെ,നമ്മള് മലയാളികള്‍ ക്ളാസ് സിനിമകളാണ് പടച്ചുവിടുന്നത്..വിനയനെ പോലത്തെ ലോകോത്തര സംവിധായകര്‍ നമുക്കുണ്ട്!)
ഹരി, താരെ സമീന്‍ പര് ആദ്യ ദിവസം തന്നെ കണ്ടിരുന്നു.. സിനിമ
കണ്ടിറങ്ങുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞിരുന്നു. ഞാന്‍ ഒരു സെന്റിമെന്റലാണല്ലോ എന്ന് ചിന്തിച്ച് ചമ്മലോടെ ചുറ്റും നോക്കുമ്പോഴുണ്ട് എല്ലാവരുടെ കണ്ണും നിറഞ്ഞിരിക്കുന്നു..!
മുംസി: നിങ്ങളുടെ സിനിമയെ കുറിച്ചുള്ള അഭിപ്രായം ഇഷ്ടായി; ഈ സിനിമ നിങ്ങളെ സെന്റിയാക്കി, നിങ്ങളുടെ ചുറ്റുമുള്ളവരെയും സെന്റിയാക്കി, ആയതിനാല്‍ സിനിമ അത്യുഗ്രന്‍ ആകാശാദൂതായി. കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്ന രംഗങ്ങള്‍ കണ്ടാല്‍ ആരുടെ കണ്ണുകളാ ഈറനണിയാത്തെ മുംസി.
ReplyDeleteമുംസി: താരെ സമീന്‍ പര് കണ്ദു എന്റെ വികാരം ഞാന്‍ അഭിപ്രായിച്ചു; നിങ്ങള്‍ക്കു നിങ്ങളുടെ അഭിപ്രയവും പറയാം, മലയാളികളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അതു എന്റെ മുതുകത്തിട്ടു ഒതുക്കാതെ, വിശാലമായ കാന്‍വാസില്‍ ഒരു പോസ്റ്റായി വരട്ടെ. (???)
ഹരി: താരെ സമീന്‍പര്‍ എന്ന സിനിമ കുട്ടികളുടെ സിനിമ എന്നല്ല, കുട്ടികളെ കാണിക്കാന്‍ പറ്റാത്ത സിനിമയുമാണ്. ഇഷാന് നന്ദ കിഷോറിര് കുഞ്ഞുങ്ങളുടെ ഹീറോ ആയിപ്പോയാല്‍ കുഞ്ഞുങ്ങള്‍ എപ്പം ഉഴപ്പി എന്നു ചോദിച്ചാല്‍ മതി; ഡബ്ള്‍ ഡക്കര്‍ ബസില്‍ കയ്യും തലയും പുറത്തിട്ടു കാണിക്കുന്ന രംഗങ്ങള്‍ സ്കൂള്‍ ബസില്‍ നിന്നും കുഞ്ഞുങ്ങള്‍ അനുകരിച്ചുപോയാല് ആരെ കുറ്റംപറയും. തുടക്കത്തില്‍ അമീര്ഖാന് വരുന്നതിനു മുന്‍പുള്ള രംഗങ്ങള്‍ കുഞ്ഞുങ്ങളുടെ മനസ്സില്‍ ഇഷാനോടു സഹതാപവും സ്നേഹവും ഉണ്ടക്കുന്ന രംഗങ്ങളാണു, പിന്നീടു അതു വളര്‍ന്നു ആരധനയും.
ഹരീ,
ReplyDeleteചിത്രം ഞാനും കണ്ടു.ഹരിയുടെ റിവ്യൂ അതിനുമുന്‍പ് രണ്ട് തവണ വായിച്ചിരുന്നു.ഈ സിനിമ തീര്‍ച്ചയായും അദ്ധ്യാപകരും അഛനമ്മമാരും കണ്ടിരിക്കേണ്ട ചിത്രമാണെന്നു എനിക്കു തോന്നി.കുട്ടികള്‍ കാണണമെന്നു നിര്‍ബന്ധമില്ല.എന്തായാലും അമീര്‍ ഖാന്റെ സംവിധാന സംരംഭം നന്നായിരിക്കുന്നു.സാധാരണ ബോളിവുഡ് സിനിമകളെപ്പോലെ ഒത്തിരിയൊന്നും അതിഭാവുകത്വമില്ലാതെ കഥ പറഞ്ഞിരിക്കുന്നു.പിന്നെ കണ്ണു നനഞ്ഞ കാര്യം;
മിസിസ് അവസ്തിയും ഹിഷാനും കരഞ്ഞപ്പോഴൊക്കെയും ഞാനും കരഞ്ഞു. :)ഹരിക്കു നന്ദി,വളരെ നാള് കൂടിയാണു ഞാനൊരു സിനിമ തീയറ്ററില്‍ പോയി കാണുന്നത്.അതെന്തായാലും ചിത്ര വിശേഷത്തിന്റെ വായനക്കാരിയായതുകൊണ്ട് മാത്രം.പുതുവത്സരാശംസകള്‍ !
@ മുംസി,
ReplyDelete:) പണ്ടു ഞാനും കരുതിയിരുന്നു കരയുന്നത് മോശമാണെന്നൊക്കെ, ഇപ്പോളത് മാറി. ചിരിക്കുന്നത് ഒരു ആസ്വാദനം, കരയുന്നത് മറ്റൊരു ആസ്വാദനം... ചിരിക്കുന്നത് മോശമാവില്ലെങ്കില്, കരയുന്നതെങ്ങിനെ മോശമാവും?
@ ബയാന്‍,
കണ്ണുകള്‍ ഈറനണിയിച്ചു എന്നതുകൊണ്ടൊന്നുമല്ല ഞാന്‍ നല്ല സിനിമ എന്നു പറഞ്ഞത് കേട്ടോ... :) ഇഷാന് ഉഴപ്പുന്നത് എന്തുകൊണ്ടാണ് എന്നാരും ചിന്തിക്കുന്നില്ല. പക്ഷെ നികുംഭ് അതാണു തിരക്കുന്നത്. ഇഷാന് ഒടുവില്‍ പഠനത്തിലും മികവുപുലര്‍ത്തുന്നുണ്ട്, ഇല്ലേ? ഇതുകണ്ടയുടനെ കുട്ടികളെല്ലാവരും ഉഴപ്പിത്തുടങ്ങും എന്നൊന്നും ഞാന്‍ കരുതുന്നില്ല. അവര്‍ ആഗ്രഹിക്കുമായിരിക്കും, നികുംഭിനെപ്പോലെ മനസിലാക്കുവാന്‍ ശ്രമിക്കുന്ന അധ്യാപകര്‍/രക്ഷിതാക്കള്‍ ഉണ്ടായെങ്കിലെന്ന്... അത് സാധിച്ചു കൊടുക്കുക അല്പം പ്രയാസവുമാണ്. കുട്ടികളെ കാണിക്കുവാന്‍ പറ്റാത്ത സിനിമയാണെന്നും എനിക്കു തോന്നുന്നില്ല; പക്ഷെ, കാണിച്ച് അവര്‍ കുറച്ചുകൂടി ‘ഡിമാന്‍ഡിംഗ്’ ആയാല്‍ പ്രയാസപ്പെടുന്ന മാതാപിതാക്കള്‍ ഇതവരെ കാണിക്കാതിരിക്കാം.
@ ലേഖ വിജയ്,
എനിക്കും ഭയങ്കര സന്തോഷം. :) പുതുവത്സരാശംസകള്‍ തിരികെയും.
--
നന്നായിട്ടുണ്ട് ഹരീ.
ReplyDeleteബയാന്റ്റെ നിരീക്ഷണങ്ങളോട് യോജിക്കാന്‍ തീരെ കഴിയുന്നില്ല... ആ വാദമുഖങ്ങള്‍ നിരത്തി വെച്ചാല്‍ ലോകത്തിലെ ഒരു സിനിമയും ആരെയും കാണിക്കാന്‍ പറ്റില്ല. പിന്നെ ഈ ചിത്രം കുട്ടികള്‍ക്കുള്ളതാണെന്ന് ആരും പറഞ്ഞിട്ടുമില്ല. എന്തായാലും കുട്ടികള്‍, പ്രേമകഥകള്‍ കണ്ട് പ്രേമിക്കുന്നതിനേക്കാളും, അടിപിടി പടങ്ങള്‍ കണ്ട് പരസ്പരം വെടി വെക്കുന്നതിനേക്കളും നല്ലതാണ് ഈ സിനിമ കാണിച്ച് ഇതിലെ പോലെ പെരുമാറുന്നത് എന്നാണ് എന്റ്റെ മതം.
താരെ സമീന്‍ പറിന്റ്റെ ഇത്തിരി വിശേഷങ്ങള്‍ സിനിമാക്കാഴ്ച യില്‍ ഇട്ടിട്ടുണ്ട്.
സസ്നേഹം
ദൃശ്യന്‍.
മനോഹരം!
ReplyDeleteവേറൊരു വാക്കില്ല. ഇനിയും ഇത്തരം നല്ല ചിത്രങ്ങള്‍ വരട്ടെ..
***
സിനിമ കണ്ട് സാധാരണ കരയാത്തതാണ്. പക്ഷെ ഇത്തവണ ഞാന്‍ തോറ്റു. കരഞ്ഞ് തകര്‍ത്തെന്ന് തന്നെ പറയണം.. എങ്കിലും ഒരു സെന്റി പടമായി തോന്നിയില്ല. അതു പോലെ ഇത്രയും മികച്ച ഓപ്പണിങ്ങ് ക്രെഡിറ്റ്സ് ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല..
ഹരീഷേട്ടാ, റേറ്റിങ്ങ് കുറഞ്ഞ് പോയി.. ഈ സിനിമ 8.5 ലും കൂടുതല്‍ അര്‍ഹിക്കുന്നു..
***
ടാക്സ് ഫ്രീ അല്ലായിരുന്നു.. സാരമില്ല, കാശ് പോയില്ലല്ലോ.. :)
Mr. Haree Please read the link www.deshabhimani.com/specials/cinema/index.htm , in there is a review about "arabikkatha" please explain......... i cannot understand what they mean.......!!!!!
ReplyDeleteഎനിക്ക് വളരെ ഇഷ്ടമായി ഈ സിനിമ. ആ കുട്ടിയില്‍ സിനിമ കേന്ദ്രീകരിച്ചു എന്ന് പറയാം. പിന്നെ കുട്ടികളെ കാണിക്കാന്‍ പറ്റില്ല എന്ന് പറയുന്നത് ശരിയല്ല. എനിക്ക് തോന്നുന്നു ഇതു പരെന്റ്സ് കണ്ടിരിക്കേണ്ട സിനിമ ആണ്. മക്കളെ അവരുടെ അഭിരുചികള്‍ക്കനുസരിച്ചു വളര്‍ത്തണം, ഭാവിയില്‍ ഇതു കൊണ്ടു എന്ത് കാര്യം എന്ന് ചിന്തിക്കുന്ന പാരെന്റ്സ് ആണ് മിക്കവാറും. അത് പോലെ കുട്ടികള്‍ക്ക് എന്തെങ്കിലും defects/learning disablity ഉണ്ടെന്കില് അത് മനസ്സിലാകി അവരെ ശരിയായ ദിശയില്‍ വളര്‍ത്തിയെടുക്കണം എന്ന മെസേജ് ആണ് സിനിമ തരുന്നത്. ഭാവിയില്‍ കുട്ടികള്‍ ഒന്നുകില്‍ എഞ്ചിനീയര്‍ അല്ലെന്കില് ഡോക്ടര്‍ ആവണം എന്ന ചിന്താഗതിയെ ചോദ്യം ചെയ്യുന്നു ഈ സിനിമ. പിന്നെ കുട്ടികള്‍ ഈ സിനിമയിലെ പയ്യനെ അനുകരിക്കും എന്നുള്ള വാദം ശരിയാണ് എന്ന് തോന്നുന്നില്ല. ഇങ്ങനെ എങ്കില്‍ down syndrom ആയിട്ടുള്ള ഒരു കുട്ടിയുടെ കഥ എടുത്താല്‍ അതും അനുകരിക്കും എന്ന് പരയുംമല്ലോ? പോട്ടെ കൃഷ് അനുകരിച്ചു എത്ര കുട്ടികള്‍ അപകടത്തില്‍ പെട്ടു? അത് കുട്ടികള്‍ക്കുള്ള സിനിമ ആയിരുന്നില്ലേ?
ReplyDeleteഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. ഹിന്ദി ആയതുകൊണ്ട് ഇവിടെ കിട്ടും. കണ്ടിട്ടു പറയാം.
ReplyDeleteസിനിമ രണ്ടു തവണ കണ്ടു .... ചുമ്മാ കിടിലം ... ദര്്ശീല് തകര്‍ത്തു.. A must watch movie...
ReplyDeleteOff to : റോമിയോ , ഫ്ലാഷ് കണ്ടു ... ജീവിതം വെറുത്തു പോയി ... :)
KOROTH,ENNA PINNE 4THE PEOPLE AND NOVEL KOODI KAANOO APPOL POORTHIYAAVUM
ReplyDelete@ ദൃശ്യന്‍,
ReplyDelete:) നന്ദി
@ ബാലു,
8.5 ഒരു മോശം റേറ്റിംഗല്ലല്ലോ! :)
@ മന്‍സൂര്‍,
ഞാനതുപോലെയൊന്ന് പ്രിന്റില്‍ വായിച്ചിരുന്നു, അതിറങ്ങിയ സമയത്ത്. എനിക്കും കാര്യമായൊന്നും മനസിലായില്ല. :)
@ എന്‍.എസ്.,
നന്ദി. :)
@ നിര്‍മ്മല,
കാണൂ, കണ്ടു പഠിക്കൂ കുട്ടികളെ എങ്ങിനെ വളര്‍ത്തണമെന്ന്... ഹി ഹി ഹി... :P
@ കോറോത്ത്,
:) നന്ദി.
--
സിനിമ കഴിഞ്ഞാഴ്ച കണ്ടു. ഡി.വി.ഡി ആണ് കണ്ടത് , ഉടനെ വടക്കേ ഇന്ത്യയിലെ ഒരു പബ്ലിക് സ്കൂളില്‍ അധ്യാപികയായി ജോയിന്‍ ചെയ്യാന്‍ പോകുന്ന എന്റെ സഹോദരിയോട് പറഞ്ഞു, തീര്‍ച്ചയായും നീയിത് കണ്ടിരിക്കണമെന്ന്. അതേ നല്ല ചിത്രം . ഒരു കുറ്റവും പറയാനാവുന്നില്ല
ReplyDelete