നോവല്‍ (Novel)

Published on: 1/21/2008 11:50:00 AM
Novel - Directed by East Coast Vijayan, Starring Jayaram, Sada, Jagathi Sreekumar etc.
ഈസ്റ്റ് കോസ്റ്റ് വിജയന്‍ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘നോവല്‍’. ഈസ്റ്റ് കോസ്റ്റ് സിനി എന്റര്‍ടെയിന്മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് അശോക് ശശി. ജയറാം, സദ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ‘പ്രണയാ‍ക്ഷരങ്ങളുടെ ഹൃദയസംഗീതം’ എന്നൊക്കെ ടാഗില്‍ കാണാമെങ്കിലും, പ്രേക്ഷകര്‍ക്ക് പ്രണയത്തിന്റെ ഒരനുഭൂതിയും ചിത്രം നല്‍കുന്നില്ല.

സേതുനാഥ് (ജയറാം) ഇന്ന് അറിയപ്പെടുന്ന ഒരു കഥാകൃത്തും കവിയുമൊക്കെയാണ്. നഗരത്തിലെ ഒരു പ്രമുഖ വ്യവസായിയുമാണ് അദ്ദേഹം. ഇത്രയും പ്രശസ്തനായ സാഹിത്യകാരനാവുന്നതിനു മുന്‍പ്, ഒരു കോടീശ്വരന്‍ മാത്രമായിരുന്നു സേതുനാഥ്. കലാലയജീവിതത്തിനു ശേഷം തന്റെ ജീവിതം വീട്ടുകാര്‍ക്കായി ഉഴിഞ്ഞുവെച്ച്, അക്ഷരങ്ങളുടെ ലോകത്തു നിന്നും അക്കങ്ങളുടെ ലോകത്തിലേക്ക് നീങ്ങിയതിനാല്‍, തന്റെ സാഹിത്യവാസനകളെ പരിപോഷിപ്പിക്കുവാനോ അവ ലോകത്തിനു കാട്ടിക്കൊടുക്കുവാനോ സേതുവിനു കഴിയാതെപോയി! പ്രിയ നന്ദിനി (സദ) എന്ന പുതുമുഖ ഗായികയാണ് സേതുവിനെ വീണ്ടും അക്ഷരങ്ങളുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇങ്ങിനെയൊക്കെയാണ് നോവലിന്റെ കഥ!

നിനക്കായ്, ഓര്‍മ്മയ്ക്കായ്, സ്വന്തം തുടങ്ങിയ ആല്‍ബങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ എങ്ങിനെ സിനിമയില്‍ ഉപയോഗിക്കാം എന്നു ചിന്തിച്ചാവണം ഈ സിനിമയുടെ കഥ ഉണ്ടാക്കിയത്. കൂനിന്മേല്‍ കുരു എന്നപോലെയുള്ള തിരക്കഥയാവട്ടെ യാതൊരു കെട്ടുറപ്പുമില്ലാത്തതും. ഗാനങ്ങളുടെ ആകര്‍ഷണീയത ഗാനരംഗങ്ങളുടെ ചിത്രീകരണത്തില്‍ ഉണ്ടായതുമില്ല. ഇടയ്ക്കിടെ നായകനും നായികയും തമ്മില്‍ നടത്തുന്ന സാഹിത്യസംഭാഷണങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. സേതുനാഥ് എന്ന പണക്കാരനായ കലാകാരനെ തരക്കേടില്ലാതെ ജയറാം അവതരിപ്പിച്ചിട്ടുണ്ട്. പ്രിയ നന്ദിനിയുടെ റോള്‍ അഭിനയിക്കുവാനായി സദയെ കൊണ്ടുവന്നത് എന്തിനാണെന്ന് മനസിലായില്ല! ആ കഥാപാത്രത്തെ ഒട്ടും തന്നെ ഉള്‍ക്കൊള്ളുവാന്‍ സദയ്ക്ക് കഴിഞ്ഞിട്ടില്ല. ജഗതി ശ്രീകുമാര്‍, ദേവന്‍, ബിന്ദു പണിക്കര്‍, ജഗന്നാഥവര്‍മ്മ, നെടുമുടി വേണു, ശാരിക, ഗണേഷ് കുമാര്‍, സൈജു കുറുപ്പ്, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ചിത്രം കണ്ടിറങ്ങുന്നവര്‍ സ്വാഭാവികമായും ചോദിച്ചു പോവുന്ന ഒരു ചോദ്യമാണ്, “ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് വിജയന്റെ ആത്മകഥയാണോ?”. ഇവിടെയും ആ ചോദ്യം ആവര്‍ത്തിക്കുന്നു. പക്ഷെ, ഇതദ്ദേഹത്തിന്റെയാണോ അല്ലയോ എന്നറിയുവാനുള്ള ആകാംഷ കൊണ്ടല്ല ചോദ്യം ചോദിക്കുന്നതെന്നുമാത്രം. സാധാരണയായി ആത്മകഥാംശമുള്ള എന്തെങ്കിലും സൃഷ്ടി നടത്തുമ്പോള്‍; അത് കഥയാവട്ടെ, കവിതയാവട്ടെ, സിനിമയാവട്ടെ, വളരെ നന്നാവാറാണ് പതിവ്. എന്നാലിത് ആത്മകഥാംശമുള്ള സിനിമയാണെങ്കില്‍, ഇനി ഭാവനയിലെഴുതി അടുത്ത ചിത്രമിറക്കിയാല്‍ അതുകാണാതിരിക്കാമല്ലോ എന്നു കരുതി ചോദിച്ചതാണ്. പ്രേക്ഷകന്റെ മനസില്‍ ഒരു നോവലുമുണ്ടാക്കുവാന്‍ കഴിയാത്ത ‘നോവല്‍’ അധികകാലം തിയേറ്ററുകാര്‍ക്കൊരു നോവലായി പ്രദര്‍ശനത്തിനുണ്ടാവുമെന്നു തോന്നുന്നില്ല.

Keywords: Jayaram, Sada, Novel, Noval, East Coast Vijayan, East Cost, Jagathy Sreekumar, Malayalam Movie Review, Film, Cinema, January Release
--

7 comments :

 1. നോവല്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും. :)
  --

  ReplyDelete
 2. ഹരീ,

  ഈ നിരൂപണം വായിച്ചപ്പോള്‍ മനസ്സിലായി ഈ ചിത്രത്തിനായി കാശുമുടക്കേണ്ടന്ന്‌. മറ്റൊരു നിരൂപണം വായിച്ചപ്പോഴും ഇതേ കാര്യം തോന്നിയെങ്കിലും, അവിടുത്തെ കമണ്റ്റുകള്‍ എന്നെ വിഷമവൃത്തത്തിലാക്കിയിരുന്നു. ഇപ്പോള്‍ സമാധാനമായി. ചിത്രത്തിലെ ഗാനങ്ങള്‍ വിജയണ്റ്റെ ചില ആല്‍ബങ്ങളില്‍ നിന്നുള്ളവയാണ്‌. ഗാനഗള്‍ ചിത്രീകരിച്ചു കണ്ടപ്പോള്‍, ഗാനം കേള്‍ ക്കുന്നതിണ്റ്റെ ആ ഒരു സുഖം ലഭിച്ചതേയില്ല. എനിക്കു മാത്രമല്ലാ അതു തോന്നിയതെന്നറിയുമ്പോള്‍ സന്തോഷം തോന്നുന്നു.

  ഈ നിരൂപണത്തിന്‌ താങ്കളെ അഭിനന്ദിക്കുന്നതിനു പകരം, താങ്കളോട്‌ നന്ദിപറയുന്നു. റേറ്റിംഗ്‌ തന്നെ എല്ലാ കഥയും പറയുന്നു.

  സ്നേഹപൂറ്‍വ്വം
  ജയകൃഷ്ണന്‍

  ReplyDelete
 3. നോവലിനെ കുറിച്ച് പല അഭിപ്രായങ്ങളും കേള്‍ക്കുന്നുണ്ടല്ലോ.. നല്ലതാണെന്നും മോശമാണെന്നും കേള്‍ക്കുന്നു.. പാട്ടു കണ്ടപ്പോഴെ ഞാന്‍ ഉപേക്ഷിച്ചതാണ് ഈ പടം.. എല്ലാവരും പറയുന്ന പോലെ പാട്ടുകള്‍ കേള്‍ക്കാനും നല്ലതാണെന്ന് എനിക്ക് തോന്നിയില്ല.. ഏതോ മൂന്നാം കിട ആല്‍ബം കാണുന്ന പോലെ ഇരുന്നു..

  ഓ.ടോ: ഭീമ കാണുന്നില്ലേ?? അത്ര നല്ല അഭിപ്രായമൊന്നും കേള്‍ക്കുന്നില്ലെങ്കിലും കണ്ടാല്‍ കൊള്ളാമെന്ന് തോന്നുന്നു.. :)

  ReplyDelete
 4. ഹഹഹ.ഇതിനാണോ നോവുന്ന നോവല്‍ എന്നൊക്കെ പറയുക ആവോ?

  ReplyDelete
 5. നന്നായിട്ടുണ്ട് ഹരീ....
  "എന്നാലിത് ആത്മകഥാംശമുള്ള സിനിമയാണെങ്കില്‍, ഇനി ഭാവനയിലെഴുതി അടുത്ത ചിത്രമിറക്കിയാല്‍ അതുകാണാതിരിക്കാമല്ലോ എന്നു കരുതി ചോദിച്ചതാണ്." - ഇത് ക്ഷ പിടിച്ചു.

  എന്തായാലും ഈ പടം കാണാന്‍ പോകുന്ന പ്രശ്നമേ ഇല്ല.

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete
 6. @ ജയകൃഷ്ണന്‍,
  :) അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.

  @ ബാലു,
  പാട്ട് കേള്‍ക്കാനെനിക്കിഷ്ടമാണ്... ഒരു മൂഡൊക്കെയുണ്ട്, ഇല്ലേ? :)

  @ അരവിന്ദ്,
  അങ്ങിനെയും പറയാം. :)

  @ ദൃശ്യന്‍,
  അപ്പോള്‍ റിവ്യൂ എഴുതുന്നില്ലേ? ചുമ്മാ കണ്ടിട്ട് എഴുതൂന്നേ... :P

  @ രുദ്ര,
  രൌദ്രമായ അഭിപ്രയമായിപ്പോയല്ലോ അത്. :)
  --

  ReplyDelete