
ശ്രീനിവാസന് കഥയും തിരക്കഥയും സംഭാഷണങ്ങളും കൈകാര്യം ചെയ്യുന്നുവെന്നു പറയുമ്പോള്‍ തന്നെ, പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമുയരും. എന്തെങ്കിലുമൊരു പുതുമ, പ്രമേയത്തിലോ അവതരണത്തിലോ കാണാനാകുമെന്നതാണ് അതിനു കാരണം. പ്രേക്ഷരുടെ അത്തരം പ്രതീക്ഷകള്‍ തെറ്റിക്കുന്നില്ല ഈ ചിത്രവും. ശ്രീനിവാസനും മുകേഷും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ എം. മോഹനന്.
പ്രണയിച്ച് വിവാഹിതരായി നാടുവിട്ടുവന്നവരാണ് ബാലചന്ദ്രനും(ശ്രീനിവാസന്), ശ്രിദേവിയും(മീന). ഇപ്പോള്‍ മേലുകാവെന്ന കുഗ്രാമത്തില്‍ ചെറിയൊരു ബാര്‍ബര്‍ഷാപ്പ് നടത്തുകയാണ് ബാലന്. പുതുമോടികളില്ലാത്ത ബാര്‍ബര്‍ ഷാപ്പില് നിന്നും, കാര്യമായി വരുമാനമുണ്ടാക്കുവാന്‍ കഴിയാത്ത ബാലന്, കുട്ടികളുടെ പഠനത്തിനുള്ള ഫീസിനും മറ്റ് ചിലവുകള്‍ക്കും വല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. ആയിടയ്ക്ക് സൂപ്പര്‍ സ്റ്റാര്‍ അശോക് രാജ്(മമ്മൂട്ടി) അഭിനയിക്കുന്ന ഒരു സിനിമയുടെ ഷൂട്ടിംഗ് തൊട്ടടുത്ത ഗ്രാമത്തില്‍ തുടങ്ങുന്നു. പത്തിരുപത്തിയഞ്ച് വര്‍ഷം മുന്‍പ് സുഹൃത്തുക്കളായിരുന്നു ഇപ്പോഴത്തെ ബാര്‍ബര്‍ ബാലനും, സൂപ്പര്‍സ്റ്റാര്‍ അശോക് രാജും. ഇക്കാര്യം നാട്ടില്‍ പാട്ടാവുന്നതോടെ ബാലന്റെ പ്രശ്നങ്ങള്‍ ഇരട്ടിയാവുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് ‘കഥ പറയുമ്പോള്‍’.
സമൂഹം രണ്ടു തട്ടിലായിക്കാണുന്ന രണ്ടുപേര്‍ തമ്മിലുള്ള സൌഹൃദം പ്രേക്ഷകരുടെ മനസില്‍ തട്ടുന്ന തരത്തില്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞു എന്നയിടത്താണ് ഈ ചിത്രത്തിന്റെ വിജയം. കൂട്ടത്തില്‍ താരപരിവേഷമുള്ളവരോടുള്ള ഭ്രാന്തമായ ആരാധനയും ചര്‍ച്ചചെയ്യപ്പെടുന്നു. അശോക് രാജിന്റെ ഡയലോഗുകളില്‍ ഭൂരിഭാഗവും, ഇന്നത്തെ സിനിമാരംഗത്തുള്ളവരോടും സിനിമാസ്വാദകരോടുമുള്ള ഉപദേശങ്ങളാണ്, അവ അരോചകമാവാതെ നോക്കിയിട്ടുമുണ്ട്. ബാലന്റെ സംഭാഷണങ്ങളാവട്ടെ, ഇന്നത്തെ സമൂഹികപരിതസ്ഥിതികളോടുള്ള സാധാരണക്കാരന്റെ നിസംഗമായ ഇടപെടലുകളാണ്. തുടക്കത്തില്‍ ഏറെ ചിരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അവസാനം സുഖകരമായൊരു നോവലായി പ്രേക്ഷകന് അനുഭവപ്പെടും.
ഒട്ടേറെ കഥാപാത്രങ്ങളുള്ള ഈ ചിത്രത്തിലെ എല്ല കഥാപാത്രങ്ങളേയും കഥയോട് നന്നായിണക്കിയിരിക്കുന്നു. ഇന്നസെന്റിന്റെ ഈപ്പച്ചന് മുതലാളിയും, മുകേഷിന്റെ വേണുമാഷും, സിറാജിന്റെ പപ്പനും, സലിം കുമാറിന്റെ ദാസ് വടക്കേമുറി എന്ന കവിയും, ജഗദീഷിന്റെ ബാര്‍ബര്‍ സരസനും, കോട്ടയം നസീറിന്റെ ഈപ്പച്ചന് മുതലാളിയുടെ ശിങ്കിടിയുമെല്ലാം കഥയില്‍ ഒരധികപ്പറ്റാവാതെ ചേര്ന്നുപൊവുന്നുണ്ട്. മാമുക്കോയ, കെ.പി.എ.സി. ലളിത തുടങ്ങി ഒട്ടേറെ മറ്റു കലാകാരന്മാരും ചിത്രത്തിലുണ്ട്. പക്ഷെ, ഒരൊറ്റ രംഗത്തിനായി, അതും തീരെ പ്രാധാന്യമില്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ജഗതി ശ്രീകുമാറിനെ കൊണ്ടുവന്നതെന്തിനാണെന്ന് മനസിലായില്ല. ബാലന്റെ ഭാര്യ ശ്രീദേവിയെ അവതരിപ്പിക്കുവാനായി മീനയ്ക്ക് പകരം മറ്റാരെങ്കിലുമായിരുന്നെങ്കില് ഇതിലും നന്നാവുമായിരുന്നു. കുറച്ചു രംഗങ്ങളിലേയുള്ളൂവെങ്കിലും, മമ്മൂട്ടിയുടെ അശോക് രാജും പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്ക്കുന്ന ഒരു കഥാപാത്രമാണ്. അഭിനേതാക്കളുടെ പട്ടിക സൂചിപ്പിക്കുമ്പോലെ, നര്‍മ്മരസപ്രധാനമായ രംഗങ്ങളാണ് ചിത്രത്തിലേറെയും. നിലവാരം കുറഞ്ഞ തമാശകളോ, ലൈംഗികച്ചുവയുള്ള ദ്വയാര്‍ത്ഥപ്രയോഗങ്ങളോ അല്ല അവയെന്നതും എടുത്തുപറയേണ്ടതാണ്.
കഥ നന്നായിരുന്നെങ്കിലും, തിരക്കഥ അത്ര ശക്തമാണെന്നു തോന്നിയില്ല, പ്രത്യേകിച്ചും ശ്രീനിവാസന്റെ തിരക്കഥയെന്ന രീതിയില്‍ വിലയിരുത്തുമ്പോള്‍. കുറച്ചു വലിച്ചു നീട്ടല്‍ അവിടെയുമിവിടെയും അനുഭവപ്പെടുകയും ചെയ്തു. യുക്തിസഹമായി പ്രവര്‍ത്തിക്കുവാന്‍ കെല്‍പ്പുള്ള ഒരാളായി ബാലനെ അവതരിപ്പിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി മികച്ചതാക്കാമായിരുന്നു ഈ ചിത്രം. അങ്ങിനെ വരുമ്പോള്‍ ചിത്രത്തിന്റെ തിരക്കഥയില്‍ ഒരഴിച്ചുപണി തന്നെ വേണ്ടിവരും. ബാലനെ ഒരു കഴിവില്ലാത്തയാളാക്കുക എന്ന എളുപ്പപ്പണിയാണ് ചിത്രത്തില്‍ ചെയ്തിരിക്കുന്നത്, എന്നാല്‍ ബാലന്റെ പല സംഭാഷണങ്ങളും ഇതിന് അപവാദമാണുതാനും! ‘വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ...’ എന്ന ഗാനം ചിത്രത്തില്‍ ചേരുന്നുണ്ട്. പക്ഷെ, മമ്മൂട്ടി അഭിനയിക്കുന്ന മറ്റൊരു ഗാനരംഗം അവിടെയെന്തിനായിരുന്നു എന്ന് ഒട്ടും മനസിലായില്ല. സിനിമയ്ക്കിടയില്‍ ടി.വി.യില്‍ കാണിക്കുന്ന പരസ്യം പോലെ മുഴച്ചു നിന്നു അത്.
പത്തിരുപതു വര്‍ഷം മുന്പിറങ്ങിയിരുന്ന സിനിമകളുടെ ഒരു ശൈലിയും ലാളിത്യവും ഈ ചിത്രത്തില്‍ അനുഭവവേദ്യമാണ്; എന്നാല്‍ രണ്ടായിരത്തിയെട്ടാമാണ്ടില്‍ ഈ കഥയില്‍ കാണുന്നതുപോലെയൊരു ഗ്രാമവും നാട്ടുകാരും കേരളത്തിലെവിടെയെങ്കിലും യഥാര്ത്ഥത്തിലുണ്ടാവുമോ എന്ന് പ്രേക്ഷകന് സംശയം തോന്നിയാല്‍ തെറ്റുപറയുവാനൊക്കില്ല. ചുരുക്കത്തില്‍ കുടുംബസദസുകളെ ആകര്‍ഷിക്കുവാന്‍ വേണ്ടതെല്ലാം ചിത്രത്തിലുണ്ട്. ശ്രീനിവാസന്റെ ആദ്യകാല ചിത്രങ്ങളോട് കിടപിടിക്കത്തക്കതല്ലെങ്കിലും, ആനുകാലിക മലയാളസിനിമകളുമായി തട്ടിച്ചു നോക്കുമ്പോള്‍, കൊള്ളാമെന്നു തന്നെ പറയണം ഈ ചിത്രം.
Keywords: Katha Parayumbol, Katha Parayumpol, Kathaparayumbol, Kathaparayumpol, Sreenivasan, Meena, Mammootty, Innocent, Mukesh, M. Mohanan, Jagadeesh, Kottayam Naseer, Suraj Venjarammoodu, Salim Kumar, KPAC Lalitha, Malayalam Movie Review, Film, Cinema, December Release.
--
ശ്രീനിവാസന് കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതിയിരിക്കുന്ന; ശ്രീനിവാസന്, മീന, മമ്മൂട്ടി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന; ‘കഥപറയുമ്പോള്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ക്രിസ്മസ് ചിത്രങ്ങള്‍ എല്ലാം കണ്ടു.കൂട്ടത്തില്‍ നന്നായി തോന്നിയത് കഥ പറയുമ്പോള്‍,അമീര്‍ ഖാന്റെ ഹിന്ദി ചിത്രം എന്നിവയാണ്.നമ്മുടെ പല സംവിധായകരും പോയി അമീര്‍ ഖാന്റെ ചിത്രം കാണട്ടെ!
ReplyDeleteആമീര്‍ഖാന്റെ താരെ സമീന്‍ പാര് കണ്ടു. വളരെ നന്നായിട്ടുണ്ട്.ഇഷ്ടപ്പെട്ടു.
ReplyDeleteറിവ്യൂവും മാര്‍ക്കും ഒത്തു പോകുന്നില്ലല്ലോ ഹരീഷേട്ടാ.. ഒരു നല്ല സിനിമയാണെന്നാണ് റിവ്യൂവില്‍ നിന്നും മനസിലാകുന്നത്. എന്നാല്‍ മാര്‍ക്ക് 5 മാത്രവും.. അതെന്താണങ്ങനെ?
ReplyDeleteകഥ പറയുമ്പോള്‍ എന്ന സിനിമ ശ്റീനിവാസനെഴുതിയ ഏേറ്റവും മോശം തിരക്കഥ ആണ്. വളരെ predictable ആയ ഒരു end. തിരക്കഥയില്‍ ഈ end എഴുതിയിട്ട് പുറകോട്ട് work ചെയ്തിരിക്കുന്നു എന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാവുന്നു. അതുകൊണ്ടുതന്നെ ഒരോ കഥാപാത്രങ്ങളും അനാവശ്യമായി തോന്നുകയും ചെയ്യുന്നു. ഇന്നസണ്റ്റിണ്റ്റേയും സലീംകുമാറിണ്റ്റേയും കഥാപാത്രങ്ങള്‍ അനാവശ്യമാകുന്നതും വെറുതെ കോപ്റായങ്ങള്‍ കാട്ടുന്നതും അതുകൊണ്ടാണ്. തിരക്കഥ എഴുതുന്നവറ്ക്ക് സാധാരണ മനുഷ്യണ്റ്റെ ജീവിതം എന്താണെന്ന് അറിയാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള സിനിമകള്‍ ഉണ്ടാവുന്നത്.
ReplyDeleteനന്ദി ഹരീ..
ReplyDeleteഹരിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുവാന്‍ കഴിയുന്നു.
ReplyDeleteഹരീ
ReplyDeleteകഥ പറയുമ്പോള്‍ നല്ലൊരു സിനിമയായി എനിക്കും അനുഭവപ്പെട്ടു. ഹരിയുടെ പല അഭിപ്രായങ്ങളോടും യോജിചപ്പു തന്നെ. കഥയുമായി ബന്ധമില്ലെങ്കിലും ഇന്നസെന്‍്റ് മുകേഷ് എന്നിവരുടെ കഥാപാത്രങ്ങളെ കൊണ്ടു വന്നത് നാട്ടിന്‍പുറത്തെ കുറേ മനുഷ്യരെ അവതരിപ്പിക്കാനായിരുന്നുവെന്നു കരുതിയാല്‍ മതി. അവരില്ലെങ്കില്‍ പിന്നെ ഈ കഥയ്ക്ക് എന്താണു പ്രസക്തി.
മേലുകാവ് തൊടുപുഴക്കടുത്തുള്ള ഒരു മലയോര ഗ്രാമമാണ്. ആധുനികത തൊട്ടുതീണ്ടാത്ത ബാര്‍ബര്‍ഷോപ്പുകള്‍, പൊങ്ങച്ചം പറഞ്ഞു നടക്കുന്ന ബ്ലേഡു മുതലാളിമാര്‍, ഫീസു പിരിക്കാന്‍ മാര്‍ഗമില്ലാതെ വട്ടം കറങ്ങുന്ന പാരലല്‍ കോളജ് പ്രഫസര്‍മാര്‍.... അവരെയൊക്കെ എനിക്കു നേരിട്ടറിയാം. ഞാനൊരിടുക്കിക്കാരനാണേയ്.. പിന്നെ പളുങ്കിന്റെ ഷൂട്ടിങ്ങിന് മമ്മൂട്ടി കട്ടപ്പനിലും തോപ്രാംകുടിയിലുമെല്ലാം എത്തിയപ്പോള്‍ എന്തായിരുന്നു ജനങ്ങളുടെ ബഹളമെന്നറിയാമോ? കട്ടപ്പനയിലെ ഇടശ്ശേരി റിസോര്‍ട്ടില്‍ നിന്ന് ഷൂട്ടിങ്ങിനു പോകാനിറങ്ങുന്ന മമ്മൂട്ടിയെ കാണാന്‍ രാവിലെ മുതല്‍ ഗേറ്റിനു മുന്നില്‍ ക്യൂവായിരുന്നു. മമ്മൂട്ടിയെ കണ്ടെന്നു പറഞ്ഞു തുള്ളിച്ചാടുന്നവരെപ്പോലും ഞാനന്നു കണ്ടു. ശ്രീനിവാസന് അതു കണ്ടെഴുതിയപോലെ തോന്നി സിനിമ കണ്ടപ്പോള്‍.
പിന്നെ മറ്റു പല ശ്രീനിവാസന് സിനിമകളേയും അപേക്ഷിച്ച്്് വലിയ മെച്ചമെന്നും ഇതിനില്ല. എന്നാല്‍ സമീപകാല സിനിമകളില്‍ ഏറെ മികച്ചതാണുതാനും. നാം പ്രതീക്ഷിക്കുന്ന ക്ളൈമാക്സാണെങ്കില് പോലും അതവതരിപ്പിച്ചിരിക്കുന്നതിന്റെ ഭംഗിക്കാണ് മാര്‍ക്കു നല്‍കേണ്ടത്.
thnks hari.
ReplyDeleteവളരെ നല്ല അഭിപ്രായം
ReplyDeleteആശംസകള്‍
@ ടി.കെ. സുജിത്ത്,
ReplyDeleteക്രിസ്തുമസ് ചിത്രങ്ങളെല്ലാം കാണുവാന്‍ സമയം കിട്ടിയില്ല. :( അമീര്‍ഖാന്റെ ചിത്രം നല്ലതാണെന്ന് പലരും പറഞ്ഞു.
@ സന്തോഷ് തോട്ടിങ്ങല്‍,
:) അതുതന്നെ!
@ ബാലു,
ങേ? സിനിമയിലെ കുഴപ്പങ്ങളും വിശേഷത്തില്‍ പറയുന്നില്ലേ!
@ വഡവോസ്കി,
ഹേയ്, ഇന്നസെന്റിന്റേയും, സലിം കുമാറിന്റേയും, മുകേഷിന്റേയുമൊക്കെ കഥാപാത്രങ്ങള്‍ ആവശ്യമില്ല എന്നു പറയുവാനൊക്കുമോ? വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ, നമ്മള് മനസിലാക്കുന്നത് ഇവരിലൂടൊക്കെയല്ലേ?
@ അഭിലാഷങ്ങള്‍,
:)
@ മുരളി മേനോന്,
നന്ദി. :)
@ വക്രബുദ്ധി,
:) ശരിയായിരിക്കും, എന്നാലും ഈ മനോഭാവത്തിലുള്ള ജനങ്ങള്‍, അതും ഭൂരിഭാഗം (ശ്രീനിവാസനൊഴികെ മറ്റാരുമില്ല താരാധനയില്ലാത്തവരായി!) പേരും ഇങ്ങിനെയാവുമോ? താരാധനയില്ലാത്ത കുറച്ചുപേരേക്കൂടി ചേര്‍ക്കാമായിരുന്നു. അവസാനത്തെ സീനില്ലായിരുന്നെങ്കില് ഈ സിനിമ ഒന്നുമില്ലാതായിപ്പോയേനേ...
@ ലേഖ വിജയ്, പ്രിയ ഉണ്ണികൃഷ്ണന്,
നന്ദി. :)
--
പടം ഞാനും കണ്ടു ,അവസാനത്തെ സെന്റി സ്കെനുകളില് മമ്മൂട്ടി കലക്കിയിട്ടുണ്ട്
ReplyDeleteചെറിയ ഒരു നൊമ്പരം അനുഭവപ്പെട്ടു പണ്ട് കൂടെ പഠിച്ചിരുന്ന , വര്‍ഷങ്ങളായി കാണാന്‍ കഴിയാത്ത ചില കൂട്ടുകരെയെല്ലാം ഓര്മ വന്നു .അവസാനം അവര്‍ ബാക്ക് ഗ്രൌണ്ട് സൌണ്ട് കൂട്ടിയും കുറച്ചും
ചില വേല കാണിച്ചതും ഇഷ്ടപ്പെട്ടു .ബാക്ക് ഗ്രൌണ്ട് സൌണ്ട് ഇല്ലാത്തപ്പോള്‍ തിയേറ്ററില്‍ സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത ആയിരുന്നു.
“വ്യത്യസ്തനാമൊരു ബാര്‍ബറാം....” പാട്ടിനെപ്പറ്റി:
ReplyDeleteനാടന്‍ ശീലുകള്‍ സിനിമാപ്പാട്ടില്‍ തിരിച്ചുവരുന്നത് സ്വാഗതാര്‍ഹമാണ്. പക്ഷേ ഈ പാട്ട് ‘സംഗമം’എന്ന തമിഴ് സിനിമയിലെ “ വരാഗൈ നദിക്കരയോരം...കണ്ണില്‍ വരും കാഴ്ച്ചിയെല്ലാം കണ്മണിയെ ഉരുത്തും....” (എ. ആര്.റഹ്മാന്, ശങ്കര്‍ മഹാദേവനും സംഘവും) എന്ന പാട്ടിന്റെ നിഴലാണല്ലൊ എന്ന സങ്കടം ഉണ്ട്. ഇതിന്റെ മുന്‍ ഗാമി രുണാ ലൈലയുടെ “ദമാ ദ്ദം മസ്ത് കലന്‍ഡര്‍ അലി കാ പെഹലാ നമ്പര്‍...”ആണു താനും.
ഹരീ,
ReplyDeleteഇപ്പോഴാണ് ഇത് വായിച്ചത്. ഞാന്‍ പടം ആദ്യമേ കണ്ടുവെങ്കിലും റിവ്യൂ എഴുതാന്‍ അല്പം വൈകി. അതു കഴിഞ്ഞിട്ടാവാം ഹരിയുടേത് വായിക്കുന്നത് എന്നും കരുതി.
നന്നായിരിക്കുന്നു. എവിടെയോ വായിച്ചു, ആദ്യം ഇന്നസെന്റിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജഗതിയെ ആണ് ഫിക്സ് ചെയ്തിരുന്നതെന്ന്. ജഗതിക്ക് പകരക്കാരനായാണത്രെ ഇന്നസെന്റ് വന്നത്. ചിലപ്പോള്‍ അതിനാലാവും ജഗതി ഒരു സീനില്‍ മാത്രം വരുന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ബാലനെ നിരയെ കുറവുകളുള്ളവനാണെന്ന് അവതരിപ്പിച്ചു എന്നെനിക്ക് അഭിപ്രായമില്ല. ആ കഥാപാത്രം തന്റെ വ്യക്തിത്വങ്ങളില്‍ ഉറച്ച് നില്ക്കുന്ന ഒന്നാണെന്നാണ് എനിക്ക് തോന്നിയത്. തന്റെ കൂടെ ഇറങ്ങി വന്നവളെയും കുട്ടികളേയും നേരാംവണ്ണം പോറ്റാന്‍ കഴിയാത്തവന്റെ സംകടം അവനുണ്ട്. പിന്നെ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവന്റെ അപഹര്ഷതാബോധം ഉള്ളവനാണ് ബാലന്. അതു കൊണ്ടാണല്ലോ“നിനക്ക് ആരാവാനാ ഇഷ്ടം?” എന്ന ചോദ്യത്തിന് “എനിക്ക് സമയത്തിന് ഫീസടയ്ക്കാന്‍ കഴിയുന്ന ഒരു കുട്ടിയായാല്‍ മതി അച്ഛാ” എന്ന് മകള്‍ മറുപടി നല്കുമ്പോഴും, മറ്റവസരങ്ങളില്‍ മക്കള്‍ വരെ തന്നെ വില കുറച്ച് കാണുമ്പോഴും പ്രതികരിക്കാന്‍ അയാള്‍ക്ക് കഴിയാഞ്ഞത്.
“എന്നാല്‍ രണ്ടായിരത്തിയെട്ടാമാണ്ടില്‍ ഈ കഥയില്‍ കാണുന്നതുപോലെയൊരു ഗ്രാമവും നാട്ടുകാരും കേരളത്തിലെവിടെയെങ്കിലും യഥാര്ത്ഥത്തിലുണ്ടാവുമോ എന്ന് പ്രേക്ഷകന് സംശയം തോന്നിയാല്‍ തെറ്റുപറയുവാനൊക്കില്ല“ എന്നതിനോടും യോജിക്കാനാവുന്നില്ല.
“ബാലന്റെ ഭാര്യ ശ്രീദേവിയെ അവതരിപ്പിക്കുവാനായി മീനയ്ക്ക് പകരം മറ്റാരെങ്കിലുമായിരുന്നെങ്കില് ഇതിലും നന്നാവുമായിരുന്നു.“ എന്നെനിക്കും തോന്നി.
താരപരിവേഷമുള്ളവരോടുള്ള ഭ്രാന്തമായ ആരാധനയും ചര്‍ച്ചചെയ്യപ്പെടുന്നത് സൂചിപ്പിക്കാന്‍ ഞാന്‍ വിട്ടു പോയി.
സസ്നേഹം
ദൃശ്യന്‍
ക്ളൈമാക്സ് തകര്‍പ്പന്‍ ആണ്.! ഇതുപോലെയുള്ള ആളുകളും നാടുമൊക്കെ ഇപ്പോഴുമുണ്ട്. ഇതിലെ പല കഥാപാത്രങ്ങളേയും നമുക്ക് പലയിടത്തും കാണാന്‍ കഴിയും.
ReplyDeleteറിവ്യൂ നന്നായിരിക്കുന്നു.
http://satheeshharipad.blogspot.com/
വളരെ മനോഹരമായ ഒരു ചിത്രം. ഒരു നല്ല ചിത്രം എന്നതിലുപരി, ഒരു നന്മ നിറഞ്ഞ ചിത്രം എന്നാണെനിക്കീ ചിത്രത്തെക്കുറിച്ച് തോന്നിയത്. ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായവും, റേറ്റിങ്ങ് കുറവും, അതെന്നെ വിഷമ വൃത്തത്തിലാക്കി.
ReplyDelete@ ഉണ്ണി,
ReplyDeleteഅഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. :)
@ എതിരന്‍ കതിരവന്‍,
ഹ ഹ ഹ... അങ്ങിനെയൊക്കെ നോക്കിയാല്‍ ഒരു അവസാനമുണ്ടാവുമോ? :)
“വ്യത്യസ്തമായൊരു പാട്ടിറക്കീടുവാന്
പെടേണ്ട പാടുണ്ടോ ഇവരറിയുന്നു” എന്നോ മറ്റോ ആവും മറുപടികിട്ടുക.
@ ദൃശ്യന്‍,
നേരാംവണ്ണം നോക്കാന്‍ കഴിയുന്നില്ല, പക്ഷെ നോക്കുവാനായി ഒന്നും ചെയ്യുന്നുമില്ല. ശരിയല്ലേ? മുന്‍പു പലതവണ വന്ന ശ്രീനി കഥാപാത്രങ്ങളുടേയും രീതി ഇതുതന്നെയായിരുന്നില്ലേ? കഥാപാത്രത്തിന് പുതുമയില്ല എന്നു സാരം.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതില്‍ വളരെ സന്തോഷം. നന്ദി. :)
@ സതീഷ് ഹരിപ്പാട്,
നന്ദി. :)
@ ജയകൃഷ്ണന്,
ചിത്രത്തെക്കുറിച്ച് എനിക്കു പറയുവാനുള്ള മോശം കാര്യങ്ങളും എഴുതിയിട്ടുണ്ടല്ലോ! :)
--