കങ്കാരു (Kangaru)

Published on: 12/24/2007 10:30:00 PM
Kangaru (Prithviraj, Kavya Madhavan) - Malayalam Film Review
ക്രിസ്തുമസ് ചിത്രങ്ങള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു. പൃഥ്വിരാജ്, കാവ്യ മാധവന്‍, ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കങ്കാരു’വാണ് അവയിലൊന്ന്. രാജ് ബാബു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ അനില്‍ രാജിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ജെ. പള്ളാശ്ശേരി. സിസിലി ബിജു കൈപ്പറാടന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം തിയ്യേറ്ററുകളിലെത്തിച്ചിരിക്കുന്നത് ലാല്‍ റിലീ‍സ്.

പ്രാരാബ്ദക്കാരനായ ഒരു ആട്ടോ ഡ്രൈവറാണ് ജോസൂട്ടി (പൃഥ്വിരാജ്). കെട്ടിക്കാറായ ഒരു പെങ്ങള്‍, പണം കൊടുക്കുവാനുള്ളതിന്റെ പേരില്‍ മൂത്ത അളിയന്‍ (സലിം കുമാര്‍) വീട്ടിലാക്കിയിരിക്കുന്ന ചേച്ചി (ബിന്ദു പണിക്കര്‍), അസുഖക്കാരിയായ അമ്മ (സുകുമാരി), തലക്ക് സ്ഥിരതയില്ലാത്ത ചേട്ടന്‍ ‍(ജഗതി) എന്നിവരടങ്ങുന്നതാണ് ജോസൂട്ടിയുടെ കുടുംബം. പെങ്ങളുടെ മുടങ്ങിപ്പോയ വിവാഹത്തിന്റെ കടങ്ങള്‍ വീട്ടുവാന്‍ ചക്രശ്വാസം വലിക്കുകയാണ് ജോസൂട്ടി. പഞ്ചായത്ത് മെമ്പര്‍കൂടിയായ ബ്രോക്കര്‍ പാപ്പിക്കുഞ്ഞ് (ഹരിശ്രീ അശോകന്‍) ജോസൂട്ടിയെ സഹായിക്കുവാനായി നല്ല ആസ്തിയുള്ള ഒരു കുടുംബത്തിലെ ആലോചനയുമായെത്തുന്നു. പക്ഷെ, ഒരു കുഴപ്പം; ആലോചിച്ച പെണ്‍കുട്ടി നാന്‍സി (കാവേരി)ക്ക് ഒരു കുട്ടിയുണ്ട്, അച്ഛനാരാണെന്ന് ആരോടും പറയുകയുമില്ല. നാന്‍സിയുടെ സഹോദരി ജാന്‍സി (കാവ്യ മാധവന്‍)യെ കണ്ട് മനസില്‍ ജാന്‍സിയോട് ഇഷ്ടം സൂക്ഷിക്കുന്ന ജോസൂട്ടി, ജാന്‍സിയെ നാന്‍സിയായി തെറ്റിദ്ധരിച്ച് വിവാഹത്തിനു സമ്മതിക്കുന്നു! ശേഷമുണ്ടാവുന്ന സംഭവങ്ങളാണ് ‘കങ്കാരു’.

പൃഥ്വിരാജ്, കാവ്യ മാധവന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് പറയത്തക്ക പ്രാധാന്യമൊന്നുമില്ല ഇതില്‍. കഥ പലപ്പോഴും ഇവരിലൂടെയല്ല സഞ്ചരിക്കുന്നതും. ജോസൂട്ടിയെന്ന വേഷം പൃഥ്വിരാജിന് ഇണങ്ങുന്നതായി തൊന്നിയില്ല. വട്ടിളകുമ്പോള്‍ പോലീസ് ഓഫീസറായി ചാര്‍ജ്ജെടുക്കുന്ന ജഗതിയുടെ കഥാപാത്രം കൊള്ളാം. ജഗതിയും സിറാജ് വെഞ്ഞാറമ്മൂടും ചേര്‍ന്നൊരുക്കുന്ന നര്‍മ്മരംഗങ്ങളാണ് ചിത്രത്തിലെ ഏക ആശ്വാസം. ഹരിശ്രീ അശോകന്റേയും ഇന്ദ്രന്‍സിന്റേയുമൊന്നും നമ്പരുകള്‍ പഴയതുപോലെ ഏശുന്നില്ല. സലിം കുമാറിന്റെ അഭിനയം വല്ലാ‍തെ അമിതമായി. നാന്‍സി, ജാന്‍സി എന്നിവരുടെ ഏട്ടന്‍, സ്റ്റീഫനായി ലാലു അലക്സും; സ്റ്റീഫന്‍ എടുത്തുവളര്‍ത്തിയ മോനിച്ചനായി ജയസൂര്യയും തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ട്. സൂചി വാസു എന്ന ഓട്ടോക്കാരിലെ തെമ്മാടിയായി ശ്രീജിത്ത് രവിയും സ്ക്രീനിലെത്തുന്നു. സുകുമാരി, ബിന്ദു പണിക്കര്‍, കെ.പി.എ.സി. ലളിത തുടങ്ങിയവരും ചിത്രത്തിലുണ്ട്.

യാതൊരു പുതുമയുമില്ലാത്ത കഥാതന്തു, ഒട്ടും ആകര്‍ഷകമല്ലാതെ അവതരിപ്പിച്ചിരിക്കുകയാണിതില്‍. പെണ്ണിനെ മാറിക്കണ്ട് വിവാഹത്തിനു സമ്മതിക്കുന്നതൊക്കെ ഈ കാലത്തും സിനിമയില്‍ കാണേണ്ടിവരുന്നത് കഷ്ടം തന്നെ. ചിത്രത്തില്‍ അനവസരത്തില്‍ ചേര്‍ത്തിരിക്കുന്ന ഗാനങ്ങള്‍, ബോറടി കൂട്ടുവാനെ ഉപകരിക്കുന്നുള്ളൂ. ഗാനങ്ങളുടെ നിലവാരം പറയാതിരിക്കുകയാണ് ഭേദം. എന്തെങ്കിലുമൊക്കെ എഴുതി, വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പാടിയാല്‍ സിനിമാഗാനമാകുമോ? ഇത്തരം ഗാനങ്ങള്‍ മലയാളം സിനിമകളില്‍ നിന്നൊഴിവാക്കുവാന്‍ സിനിമാരംഗത്തുള്ളവര്‍ ശ്രമിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. മൊത്തത്തില്‍, ബുദ്ധി വീട്ടില്‍ വെച്ചുപോയാല്‍, അല്പമൊക്കെ ചിരിക്കുവാന്‍ വക നല്‍കുന്ന ശരാശരിയിലും താഴെ നില്‍ക്കുന്ന ഒരു ചിത്രമായി ‘കങ്കാരു’വിനെ കണക്കാക്കാം.


Keywords: Kangaru, Kamgaru, Prithviraj, Kavya Madhavan, Jayasurya, Raj Babu, Josutty, Harisree Asokan, Salim Kumar, Jagathy Sreekumar, Suraj Venjarammoodu, Lalu Alex, Kaveri, XMas Release, Christmas, Malayalam Movie Review, Film, Cinema, December Release.
--

11 comments :

 1. ഫിലിം ഫെസ്റ്റിവല്‍ പോസ്റ്റുകള്‍ക്ക് വിട... വീണ്ടും പഴയ ലോകത്തിലേക്ക്. ക്രിസ്തുമസ് റിലീസ് ചിത്രങ്ങളില്‍ അവസാനം പുറത്തിറങ്ങിയ ‘കങ്കാരു’വിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ചോക്ലേറ്റ് നല്‍കിയ പ്രതീക്ഷ പ്രിഥ്വിരാജ് കളഞ്ഞല്ലേ??

  അപ്പോള്‍ രണ്ട് സിനിമകളുടെ കാര്യത്തില്‍ തീരുമാനമായി.. ഇനി കഥ പറയുമ്പോള്‍, ഫ്ലാഷ് എന്നിവ നോക്കാം.

  ReplyDelete
 3. അയ്യോ പാവം.. ഭാവിയിലെ സൂപ്പറ് സ്റ്റാറിന്‌ പറ്റിയ പരാജയം!

  ReplyDelete
 4. അപ്പം ഇതു കാണാന്‍ പോണില്ല ... ഹരി അവിടെ ബില്ല റിലീസ് ചെയ്തോ?? ശലഭം .. എന്തായി ....
  'കഥ പറയുമ്പോള്‍'
  'ഫ്‌ളാഷ്‌'
  ഇതിനെ ഒക്കെ പറ്റി ഒരു റിവ്യൂ ഉടനെ എഴുതണേ .. ഞാന്‍ ജനുവരി നാട്ടില്‍ വരുനുണ്ട് . അപ്പൊ വെറുതെ കാശ് കളയേണ്ട എന്ന് കരുതിയാ ...

  ReplyDelete
 5. പത്തില്‍ രണ്ട് മാര്‍ക്ക് കൊടുക്കാനാണോ ചേട്ടന്‍ പേനയും പേപ്പറും കയ്യില്‍ പിടിച്ച് പോയേ? (ബുദ്ധി എടുക്കാതെ പോയോണ്ടാവും:) പാസ്മാര്‍ക്കു പോലും ഇല്ലാത്ത മൂവീസ് കാണുന്ന ഗതികേടിന് 1ഗ്രാം സഹതാപ്
  സഹതാപകുപ്പി
  wishing you a happy christmas and prosperous new year :)

  ReplyDelete
 6. ഹരി film festival ന്‌ പോയതുകൊണ്ട്‌ പൂറ്‍ണയത്രീശക്ഷേത്രത്തിലെ കഥകളി review ഞങ്ങള്‍ക്ക്‌ miss ആയി.

  ReplyDelete
 7. സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിയെ മനോരമയും ഏഷ്യാനെറ്റും എടുത്ത് പൊക്കിപ്പിടിച്ചിട്ടുണ്ട്. ഒന്നാന്തി കഴിഞ്ഞാല്‍ അതിനെ നിലത്തിടാനാ സാധ്യത. നായകന്റെ ഡേറ്റ് വാങ്ങി പടത്തിനു തിരക്കഥ എഴുതുന്നവ ഇങ്ങനെ പൊളിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.

  ReplyDelete
 8. @ ബാലു,
  മൂന്നിന്റെ കാര്യത്തില്‍ തീരുമാനമായില്ലേ? :)

  ‌@ ഏറനാടന്‍,
  എന്തേ ഒരു സന്തോഷം പോലെ? :)

  @ നവരുചിയന്‍,
  ബില്ല റിലീസ് ചെയ്തോ എന്നറിയില്ല; ശലഭം, അതെന്താണ്? അപ്പോളിപ്പോളെവിടെയാണ്?

  @ പൊടിക്കുപ്പി,
  ആഹ്! കണ്ടുകഴിഞ്ഞല്ലേ മാര്‍ക്കു നല്‍കുക! അവിടെയൊരു ലോജിക്ക് പ്രശ്നമില്ലേ? ;) ആശംസകള്‍ക്ക് നന്ദി. ക്രിസ്തുമസ് നവവത്സര ആശംസകള്‍ തിരികെയും.
  ഓഫ്: അതുശരി, രഹസ്യമായാണ് ബ്ലോഗെഴുത്ത്. എന്താണവിടെ കുറിക്കുന്നത്? ചുമ്മാ, അറിയാനൊരു ആകാംഷ്... ഒന്നൊന്നര ഗ്രാം വരും. :P

  @ വഡവോസ്കി,
  :) കണ്ടിരുന്നുവോ അവിടുത്തെ കളി? മണി കളിഭ്രാന്തില്‍ എഴുതിയിരുന്നത് കണ്ടിരുന്നോ? ഇന്നുമുതല്‍ തിരു.പുരത്ത് നളചരിതമേള, അതിന്റെ വിശേഷങ്ങള്‍ പ്രതീക്ഷിക്കുക. :)

  @ കുട്ടന്‍‌മേനോന്‍,
  ആതുപിന്നെ, എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളും; എല്ലാ സ്റ്റാറുകളും സൂപ്പര്‍സ്റ്റാറുകളുമാണല്ലോ ചാനലുകള്‍ക്ക്. :)
  --

  ReplyDelete
 9. അപ്പോ തീരുമാനമായി.

  1. ഈ പടത്തിലെ കോമഡി രംഗങ്ങള്‍ TV യില്‍ വരുമ്പോള്‍ കാണും.

  2. പാ‍ട്ട് രംഗങ്ങള്‍ വരുമ്പോള്‍ ചാനല്‍ മാറ്റും

  3. ഫ്രന്റ്സിനോട് റക്കമന്റ് ചെയ്യില്ല.

  ഓഫ് ടോപ്പിക്ക് പ്രാര്‍ത്ഥന: “ദൈവമേ, ഈ ഹരിക്ക് സിനിമാക്കാരുടെ കൈയ്യീന്ന് ‘മധുരമില്ലാത്ത സമ്മാനം‘ കിട്ടാന്‍ ഇടയാക്കല്ലേ..അവനെ കാത്തോളണേ..“

  ഹി ഹി. :-)

  ReplyDelete
 10. Indulekha.com has given rating 5/10for this particular movie, which seems to be ridicolous, considering Hari's Review.
  (I haven't seen this movie)

  ReplyDelete
 11. ഞാന്‍ ഈ ചിത്രം കണ്ടിരുന്നു. എന്തായാലും ഫ്ലാഷിനേക്കാളും നന്നായി തോന്നി. ഒരു നല്ല എന്റെര്‍റ്റൈനെര്‍ ആണ്. മറ്റു പ്രത്യേകതകള്‍ ഒന്നും ഇല്ല. 'കഥ പറയുമ്പോള്‍' കഴിഞ്ഞ് രണ്ടാം സ്ഥാനത്ത് കങ്കാരു ആണെന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്( ചിത്രഭൂമി).

  http://satheeshharipad.blogspot.com/

  ReplyDelete