ആജ നാച്‌ലേ (Aaja Nachle)

Published on: 12/02/2007 12:15:00 AM

ബോളിവുഡില്‍ മാധുരി ദീക്ഷിത് വീണ്ടും സജീവമാവുന്നു; ഈ വരവിലെ തുടക്കം ‘ആജ നാച്‌ലേ’ എന്ന ചിത്രത്തിലൂടെയാണ്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനില്‍ മേത്ത. ആദിത്യ ചോപ്രയും ജെയ്ദീപ് സാഹ്നിയും ചേര്‍ന്നുമെനഞ്ഞെടുത്തതാണ് കഥ; തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയിരിക്കുന്നത് ജെയ്ദീപ് സാഹ്നി.

ദിയ(മാധുരി ദീക്ഷിത്) ന്യൂയോര്‍ക്കില്‍ കഴിയുന്ന ഒരു കോറിയോഗ്രാഫറാണ്. തന്നെ നൃത്തം ചെയ്യുവാന്‍ പഠിപ്പിച്ച മകരന്ദ്(ദര്‍ശന്‍ സരിവാല) മരണശയ്യയിലാണെന്നത് ദിയയെ, ‘ഷം‌ലി’ എന്ന ജനിച്ചുവളര്‍ന്ന പട്ടണത്തിലേക്ക് ഒന്നുകൂടി എത്തിക്കുവാന്‍ കാരണമാവുന്നു. ‘അജന്ത’ എന്ന പട്ടണത്തിലെ പ്രധാന സാംസ്കാരികവേദി ഇന്ന് പൊളിച്ചുമാറ്റല്‍ ഭീഷണിയിലാണ്. മകരന്ദിന്റെ ആസ്ഥാനമായിരുന്നു അജന്ത, ദിയയുടെ നൃത്തവിദ്യാലയവും. ദിയയെത്തുമ്പോഴേക്കും മകരന്ദ് മരണപ്പെടുന്നു, അവസാനത്തെ ആഗ്രഹമെന്ന നിലയില്‍ ദിയയോട് അജന്തയെ രക്ഷിക്കുവാന്‍ അപേക്ഷിച്ചുകൊണ്ടാണ് മകരന്ദ് കണ്ണടയ്ക്കുന്നത്. അജന്തയുടെ സൂക്ഷിപ്പുകാരനായ ഡോക്ടറു(രഘുവീര്‍ യാദവ്)മായിച്ചേര്‍ന്ന് അജന്തയെ രക്ഷിക്കുവാനായുള്ള ദിയയുടെ ശ്രമങ്ങളാണ് ‘ആജ നാച്‌ലേ’.

മാധുരി ദീക്ഷിത് എന്നത്തേയും പോലെ സുന്ദരിയായിരിക്കുന്നു. മാത്രമല്ല അവരുടെ നൃത്തത്തിന്റെ ആകര്‍ഷണീയതയ്ക്കും കോട്ടം വന്നിട്ടില്ല. അക്ഷയ് ഖന്ന, കൊണ്‍കണ സെന്‍ ശര്‍മ്മ, കുനല്‍ കപൂര്‍, ഇമ്രാന്‍ ഖാന്‍, അഖിലേന്ദ്ര മിശ്ര, രണ്‍‌വീര്‍ ഷോരേ തുടങ്ങി ഒട്ടേറെപ്പേര്‍ ഇതില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രത്തിനും സിനിമയില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടുണ്ട് എന്നതാണ് എടുത്തു പറയാവുന്ന ഒരു കാര്യം. കഥ പൈങ്കിളിയാക്കുവാന്‍ സാധ്യതയുണ്ടായിരുന്നിട്ടും അതിനു മുതിര്‍ന്നില്ല എന്നതും, ഒരു ‘വണ്‍-വുമണ്‍’ ഷോയാക്കിയില്ല എന്നതും ആശ്വാസകരമായി. ഷം‌ലിയിലെ ജനങ്ങളെല്ലാവരും, ഒന്നൊഴിയാതെ, ചിത്രത്തിന്റെ അവസാനമാവുമ്പോഴേക്കും നൃത്താസ്വാദകരും നര്‍ത്തകരുമൊക്കെയായി മാറുന്നതായി കാണിച്ചത് അല്പം കടന്നുപോയി എന്നതും പറയാതിരിക്കുവാനാവില്ല.

സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള ഒരു ചിത്രമാണിതെന്നു പറഞ്ഞുവല്ലോ. സന്ദര്‍ഭത്തിനു യോജിക്കുന്ന വരികളാണ് പീയൂഷ് മിശ്ര, ജെയ്ദീപ് സാഹ്നി, ആസിഫ് അലി ബെഗ് എന്നിവര്‍ എഴുതിയിരിക്കുന്നത്. സലിം മെര്‍ച്ചന്റ്, സുലൈമാന്‍ മെര്‍ച്ചന്റ് എന്നിവരുടേതാണ് സംഗീതം. സുനീതി ചൌഹാനാണ് പ്രധാനമായും ഗാനങ്ങളെല്ലാം ആലപിച്ചിരിക്കുന്നത്. കൂട്ടത്തില്‍ സോനു നിഗം, ശ്രെയ ഗോഷാല്‍, സുഖ്‌വീന്ദര്‍ സിംഗ്, റഹത് ഫത്തേഹ് അലി ഖാന്‍ തുടങ്ങിയവരും വിവിധ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. നൃത്തസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വൈഭവി മെര്‍ച്ചന്റ്. എന്നാല്‍ ചിത്രം ആവിശ്യപ്പെടുന്നത്രയും തീവ്രത ഗാനങ്ങളിലും നൃത്തത്തിലും കൊണ്ടുവരുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. മാധുരി ദീക്ഷിത്തിന്റെ കഴിവുകളെത്തന്നെ പൂര്‍ണ്ണമായി ഉപയോഗിച്ചുവെന്നും കരുതുവാനാവില്ല. ആശയം നന്നായെങ്കിലും, ശുഷ്കമായ തിരക്കഥ സിനിമയുടെ ജീവന്‍ കളഞ്ഞു. ഇന്ത്യയില്‍ നൃത്തം അഭ്യസിച്ച്, വര്‍ഷങ്ങളോളം ന്യൂയോര്‍ക്കില്‍ കോറിയോഗ്രാഫറായി പ്രവര്‍ത്തിച്ച്, തിരികെയെത്തി നാട്ടിലൊരു നൃത്തം അവതരിപ്പിക്കുകയാണ് ദിയ. രണ്ട് ദേശത്തെ നൃത്തശൈലികള്‍ വശമുള്ള ഒരു കോറിയോഗ്രാഫര്‍ അവതരിപ്പിക്കുന്ന ഒരു നൃത്തശില്പം എന്ന നിലയില്‍, വളരെയേറെ സാധ്യതകള്‍ നൃത്തസംവിധായകയ്ക്ക് മുന്‍പിലുണ്ടായിരുന്നിട്ടും, ആ സാധ്യതകളെ ഒട്ടും തന്നെ പ്രയോജനപ്പെടുത്തിയില്ല്ല. ഷം‌ല ഇന്നുവരെ കണ്ടിട്ടില്ലാത്തത്രയും പുതുമയുള്ള നവീനമായ ഒന്നാണ് അവതരിക്കപ്പെടുക എന്ന് പലപ്പോഴും പറയുന്നുണ്ടെങ്കിലും, അവയൊക്കെ പറച്ചിലിലൊതുങ്ങി!

ലൈല-മജ്‌നു കഥ പൂര്‍ണ്ണമായും നൃത്തശില്പമായി അവതരിക്കപ്പെടേണ്ടതുണ്ടായിരുന്നോ എന്നും ചിന്തിക്കേണ്ടതാണ്. ലൈല-മജ്‌നു കഥയുടെ ക്ലൈമാക്സ് മാത്രമായി, നൃത്തസംവിധാനത്തിലെ പുതുമകളോടെ അവതരിപ്പിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ആകര്‍ഷകമാക്കാമായിരുന്നു ഈ ചിത്രം. ഷം‌ലയിലെ ജനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത, നൃത്തം ആദ്യമായി ചെയ്യുന്നവരെ, രണ്ടുമാസത്തില്‍ പഠിപ്പിച്ച് വേദിയിലൊരു നൃത്തശില്പം അവതരിപ്പിക്കുക എന്ന ഹിമാലയന്‍ കടമ്പയാണ് ദിയ കടന്നതെങ്കിലും, പ്രേക്ഷകര്‍ക്ക് അതൊട്ടും അനുഭവവേദ്യമായില്ല. ദിയ വളരെ എളുപ്പത്തില്‍ കാര്യം സാധിക്കുന്നതായാണ് തോന്നിയത്. നൃത്തശില്പത്തിന്റെ വേദിയില്‍ ഉപയോഗിച്ചിരിക്കുന്ന സജ്ജീകരണങ്ങളാവട്ടെ, ഒരിക്കലും തുടര്‍ച്ചയായി കഥ അവതരിക്കപ്പെടുന്ന ഒരു വേദിയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്നതുമായിരുന്നില്ല. മാത്രമല്ല ദിയയ്ക്ക് അവയൊക്കെ എങ്ങിനെ ഷം‌ലയെപ്പോലൊരു ചെറുപട്ടണത്തില്‍ ചെയ്യുവാന്‍ കഴിഞ്ഞുവെന്നതിനും ചിത്രത്തില്‍ ഉത്തരമില്ല. മൊത്തത്തില്‍ “കഥയില്‍ ചോദ്യമില്ല...” എന്നു പലപ്പോഴും പ്രേക്ഷകനെ ഓര്‍മ്മപ്പെടുത്തേണ്ട, സ്വപ്നത്തില്‍ നടക്കുന്ന ഒരു കഥയായി മാറി ‘ആജ നാച്‌ലേ’. കൂടുതല്‍ മികച്ച ഒരു തിരക്കഥാകൃത്തിനേയും നൃത്തസംവിധായകയേയും സഹകരിപ്പിച്ചിരുന്നുവെങ്കില്‍, വളരെയേറെ മെച്ചപ്പെടുത്തുവാന്‍ സാധ്യതകളുണ്ടായിരുന്ന ഒന്നായിരുന്നു ഈ ചലച്ചിത്രം. മരിച്ചകുഞ്ഞിന്റെ ജാതകമെഴുതിയിട്ടു കാര്യമില്ലല്ലോ, മാധുരിക്ക് കൂടുതല്‍ മികച്ച ചിത്രങ്ങള്‍ വരും വര്‍ഷങ്ങളില്‍ ലഭിക്കുമെന്ന് നമുക്കാശിക്കാം.


Keywords: Aaja Nachle, Review, Maduri, Madhuri, Dixit, Come Back, Return, Bollywood, Malayalam, Language, November Release, Story, Adithya, Aditya Chopra, Kunal Kapoor, Konkana Sen Sharma, Sarma, Hindi Film Review, Cinema, Movie.
--

11 comments :

 1. മാധുരി ദീക്ഷിത്തിന്റെ രണ്ടാം വരവിലെ പ്രഥമ ചലച്ചിത്രം, ‘ആജ നാച്‌ലേ’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഞാനും കണ്ടു. ഹിഹി. മാധുരിയുടെ റോളില്‍ മാധുരി അല്ലായിരുന്നെങ്കിലും കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് തോന്നി. എന്നാലും നൃത്തവും അഭിനയവും നല്ലത് തന്നെ. ദുബായ്-ല്‍,
  വ്യാഴാഴ്ചത്തെ (29/11) റിലീസിന് 194 സീറ്റ് എം.എഫ്. ഹുസൈന്‍ ബുക്ക് ചെയ്തിരുന്നത്രേ!

  ReplyDelete
 3. "കൂടുതല്‍ മികച്ച ഒരു തിരക്കഥാകൃത്തിനേയും നൃത്തസംവിധായകയേയും സഹകരിപ്പിച്ചിരുന്നുവെങ്കില്‍, വളരെയേറെ മെച്ചപ്പെടുത്തുവാന്‍ സാധ്യതകളുണ്ടായിരുന്ന ഒന്നായിരുന്നു ഈ ചലച്ചിത്രം."

  ചക് ദേ ഇന്ത്യയുടെ തിരക്കഥ ഒരുക്കിയ ജയ്‌ദീപ് സഹ്നിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല..! അപ്പോ മാധുരി കം‌ബാക്ക് നടത്തിയെങ്കിലും പടം പോരാ അല്ലേ??

  ReplyDelete
 4. ഹരീ...

  സിനിമാലോകത്തെ പുതുപുത്തന്‍ വിശേഷങ്ങളുമായി വരുന്ന ഹരിക്ക്‌ അഭിനന്ദനങ്ങള്‍
  മറ്റൊരു പുതിയ വിശേഷങ്ങള്‍ക്കായ്‌ കാത്തിരിക്കുന്നു


  നന്‍മകള്‍ നേരുന്നു

  ReplyDelete
 5. ഒരോ ചിത്രത്തേയും കുറിച്ച് ഹരി എഴുതുന്ന നിരൂപണങ്ങള്‍ അതാതു ചിത്രത്തിന്റെ ശില്പികള്‍ കൂടി തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് .അത്ര നല്ല വിശകലനം ആണു ഓരോ സിനിമയേയും കുറിച്ച് ഹരി അവതരിപ്പിക്കുന്നതു.ഇതും നന്നായിരിക്കുന്നു.ആശംസകള്‍.

  ReplyDelete
 6. hari annaa

  Hindi film evaluation aalso..
  Very good
  :)
  upaasana

  ReplyDelete
 7. ഹരി റേറ്റിങ്ങ് അഞ്ച് കൊടുത്ത സ്ഥിതിക്ക് കണ്ടു കളയാം..

  ReplyDelete
 8. @ സു,
  അങ്ങിനെയാണോ? മാധുരിയുടെ നൃത്തം മാധുരിക്കുമാത്രമല്ലേ ചെയ്യുവാനൊക്കൂ? ഹല്ല, ഹുസൈനിനു കാണുവാനെന്തിനാണ് 194 സീറ്റ്?

  @ ബാലു,
  ജയ്ദീപ് സാഹ്നിയുടെ തിരക്കഥയായിരുന്നു ‘ബണ്‍‌ടി ഓര്‍ ബബ്ലി’യുടേയും. ‘കമ്പനി’യുടെ കഥയും ജയ്ദീപിന്റെയാണ്. പക്ഷെ, ‘ആജ നാച്‌ലേ’യുടേതുപോലെയൊരു പ്രമേയത്തില്‍ തിരക്കഥാകൃത്തിന് കൂടുതലായി എന്തെങ്കിലും ചെയ്യുവാന്‍ കഴിയണം. ഇതുപോലെ ക്രിയേറ്റീവായ ഒരു ആശയം(നൃത്തത്തിനു പ്രാധാന്യം നല്‍കുന്നത്) സിനിമയില്‍ ചെയ്തു വിജയിപ്പിക്കുവാന്‍, കൊറിയോഗ്രാഫറും തിരക്കഥാകൃത്തും കൂടുതല്‍ ക്രിയേറ്റീവായി ചിന്തിച്ചേ മതിയാവൂ; അവര്‍ സാധാരണ ചെയ്യുന്നതുപോലെ ചെയ്താല്‍ മതിയാവില്ല എന്നര്‍ത്ഥം. ആ അര്‍ത്ഥത്തിലാണ് “കൂടുതല്‍ മികച്ച ഒരു തിരക്കഥാകൃത്തിനേയും നൃത്തസംവിധായകയേയും സഹകരിപ്പിച്ചിരുന്നുവെങ്കില്‍, വളരെയേറെ മെച്ചപ്പെടുത്തുവാന്‍ സാധ്യതകളുണ്ടായിരുന്ന ഒന്നായിരുന്നു ഈ ചലച്ചിത്രം.” എന്നു പറഞ്ഞത്. അങ്ങിനെ തന്നെ, ഒരു സാദാ പടം, നത്തിംഗ് സ്പെഷ്യല്‍!

  @ മന്‍സൂര്‍
  നന്ദി :)

  @ ലേഖവിജയ്,
  അത്രയ്ക്കൊക്കെ വേണോ? :) വളരെ സന്തോഷം... നന്ദി.

  @ ഉപാസന,
  വല്ലപ്പോഴുമൊക്കെ ഹിന്ദി/തമിഴ്/ഇംഗ്ലീഷ് ചിത്രങ്ങളുടേതും ഇടാറുണ്ടല്ലോ! അങ്ങിനെ കണ്ടാല്‍ മതി, എല്ലാ ഹിന്ദിയും കാണാമെന്ന് തീരുമാനിച്ചിട്ടില്ല... :)

  @ ജിഹേഷ് എടക്കൂട്ടത്തില്‍,
  ജിഹേഷ് ‘എടാകൂടത്തില്‍’ എന്നാണ് പെട്ടെന്നു വായിക്കുക. :) കാണൂ, കണ്ടിട്ട് അഭിപ്രായം പറയുവാന്‍ മറക്കണ്ട.
  --

  ReplyDelete
 9. ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല...
  പിന്നെ ഇതില്‍ വലിയ പ്രതീക്ഷകള്‍ ഒന്നും ഇല്ല...

  കണ്ടിട്ട്‌ ബാക്കി പറയാം.

  പിന്നെ ഇതിന്റെ പുറകില്‍ നടന്ന രാഷ്ട്രീയ കളികള്‍ ഇവിടെ നോക്കൂ‍...

  മായാവതിയാണ് താരം

  ReplyDelete
 10. സ്ഥിരമായി നല്ല സിനിമ ഒരുക്കിയ കക്ഷി ആണല്ലോ ജയ്ദീപ് സാഹ്നി..

  ഏത് പോലീസുകാരനും ഒരബദ്ധം പറ്റും എന്ന് സമാധാനിക്കാം..

  :)

  ReplyDelete
 11. ആജ നാച് ലെ അല്ല......നാജ നാച് ലെ !!!!

  ReplyDelete