ചോക്ലേറ്റ് (Chocolate)

Published on: 10/14/2007 07:48:00 PM
Chocolate, Choclate, Prithviraj, Roma, Shafi, Samvritha Sunil, Jayasurya, Salim Kumar, Ramya Nambeesan, Saari, Lalu Alex, Anoop Chandran, Ramadan, Pooja, Navarathri, October Release, Malayalam Movie Review, Film, Cinema
മായാവി’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം, ഷാഫി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. നവാഗതരായ സച്ചി-സേതു എന്നിവരുടേതാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. പ്രിഥ്വിരാജ്, റോമ, ഇന്ദ്രജിത്ത്, സംവൃത സുനില്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് പി.കെ. മുരളീധരന്‍, ശാന്ത മുരളി എന്നിവര്‍ ചേര്‍ന്നാണ്. ക്ലാസ്‌മേറ്റ്, നോട്ട്ബുക്ക് എന്നീ ചിത്രങ്ങളുടെ ശ്രേണിയില്‍ പെടുത്താവുന്ന, യുവത്വം തുളുമ്പുന്ന ഒരു ക്യാമ്പസ് ചിത്രമാണ് ‘ചോക്ലേറ്റ്’.

ശ്യാം ബാലഗോപാല്‍(പൃഥ്വിരാജ്) തലതെറിച്ച ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ്. മിക്സഡ് കോളേജുകളില്ലെങ്ങും സീറ്റ് കിട്ടാത്തതിനാല്‍, ഒടുവില്‍ അമ്മ പഠിപ്പിക്കുന്ന വുമണ്‍സ് കോളേജില്‍, പി.ജി. കോഴ്സിന് ആണ്‍കുട്ടികള്‍ക്കായി റിസര്‍വ്വ് ചെയ്തിരിക്കുന്ന ഏക സീറ്റില്‍, ശ്യാമിന് അഡ്മിഷന്‍ ലഭിക്കുന്നു. ശ്യാമിന് ആദ്യം അഭിമുഖീകരിക്കേണ്ടി വരുന്നത്, കോളേജിലെ മൂവര്‍ സംഘമായ ആന്‍ മാത്യൂസ്, നന്ദന, സൂസന്‍ (റോമ, സംവൃത സുനില്‍, രമ്യ നമ്പീശന്‍) എന്നിവരെയാണ്. ശ്യാമിന്‌ പിന്തുണ പ്രഖ്യാപിക്കുന്നതാവട്ടെ ഇവരുടെ എതിര്‍ശ്രേണിയിലുള്ള പ്രീതിയും. ശ്യാമിന്റെ കൂട്ടുകാരാണ് പപ്പനും(സലിം കുമാര്‍), രണ്‍ജിത്തും(ജയസൂര്യ) മറ്റും. ഇവരുടെയിടയില്‍ നടക്കുന്ന ചെറുതും വലുതുമായ ഒട്ടേറെ സംഭവങ്ങളാണ് ചിത്രത്തിന് ആധാരം.

ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നിലനിര്‍ത്തിയിരിക്കുന്ന ‘ഫ്രഷ്നസാണ്’, ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ടൈറ്റിലുകള്‍ എഴുതിക്കാണിക്കുന്നതുമുതല്‍ ഇത് ദൃശ്യമാണ്. നോട്ട്ബുക്കിനേയും, ക്ലാസ്‌മേറ്റിനേയും അപേക്ഷിച്ച് അത്രയൊന്നും ശക്തമല്ലാത്ത തിരക്കഥയായിട്ടുകൂടി, ഷാഫിയുടെ സംവിധാന മികവ് ഇതിനെ ആകര്‍ഷകമാ‍യ ഒരു ചിത്രമാക്കുന്നു. സലിം കുമാര്‍, ജയസൂര്യ, അനൂപ് ചന്ദ്രന്‍ എന്നിവരുള്‍പ്പെടുന്ന പുതുമയുള്ള, സ്വാഭാവികതയുള്ള നര്‍മ്മരംഗങ്ങളാണ് ഇതിന്റെ മറ്റൊരു സവിശേഷത. ശ്യാമെന്ന അധികപ്രസംഗിയായി പൃഥ്വിരാജും, ആന്‍ എന്ന കുറുമ്പുകാരിയായി റോമയും നന്നായി ശോഭിച്ചിരിക്കുന്നു. സംവൃത, രമ്യ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കിയിരിക്കുന്നു. ലാലു പ്രസാദ്, രാജന്‍ പി. ദേവ് എന്നിവര്‍ രണ്ടു രീതിയില്‍ ചിന്തിക്കുന്ന രക്ഷിതാക്കളെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ യുവത്വവുമായി എങ്ങിനെ ഇടപെഴകണമെന്ന് മാതാപിതാക്കള്‍ക്കൊരു വഴികാട്ടിയാവുകയാണ് ഈ രണ്ടു കഥാ‍പാത്രങ്ങളും. ശാരി, ബിന്ദു പണിക്കര്‍, ഗായത്രി, മിനി അരുണ്‍, ജിഷ്ണു, സ്ഫടികം ജോര്‍ജ്ജ് എന്നിവരൊക്കെയാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രത്തിന്റെ പ്രധാന പോരായ്മ വളരെയെളുപ്പം ഊഹിക്കുവാന്‍ കഴിയുന്ന കഥാഗതിയാണ് ഇതിനുള്ളതെന്നതാണ്. അതുപോലെ ശ്യാമിന്റെ അച്ഛന്‍, ആനിന്റെ അമ്മ, രണ്‍ജിത്ത്, സൂസന്‍ എന്നിവരുടെ അച്ഛനമ്മമാര്‍; ഇവരെക്കുറിച്ചൊന്നും ഒരു പരാമര്‍ശവും ചിത്രത്തിലില്ല. മൂന്നുവര്‍ഷത്തില്‍ ഒന്‍പത് സസ്പെന്‍ഷനുകളും, ഏഴോളം പോലീസ് കേസുകളുമുള്ള ഒരുവനെ വുമണ്‍സ് കോളേജില്‍ അഡ്മിറ്റ് ചെയ്യുക എന്നതില്‍ തുടങ്ങി ഒട്ടേറെ യുക്തിക്ക് നിരക്കാത്ത സംഗതികള്‍ ചിത്രത്തിലുണ്ട് എന്നതും വിസ്മരിക്കുവാന്‍ കഴിയില്ല. അവസാന ഭാഗങ്ങള്‍ ഇതിലും മികച്ചതാക്കുവാന്‍ തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകനും ശ്രമിക്കാമായിരുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയെഴുതി, അലക്സ് പോള്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ശ്രദ്ധേയമായി തോന്നിയില്ല. ഗാനരംഗങ്ങളും, മിതത്വം പാലിച്ചിരിക്കുന്ന ആക്ഷന്‍ രംഗങ്ങളും‍, നന്നായി ചിത്രീകരിച്ചിട്ടുണ്ട് എന്നത് ആശ്വാസകരം.

ചുരുക്കത്തില്‍ ക്ലാസ്‌മേറ്റ്സ്, നോട്ട്ബുക്ക് എന്നിവയുടെ വിജയം ഈ ചിത്രത്തിനും സാധ്യമാണ്. സ്ഥിരം പ്രമേയങ്ങള്‍ വിട്ടുള്ള ഇത്തരം ചിത്രങ്ങള്‍ മലയാള സിനിമയുടെ മറ്റൊരു മുഖമായി മാറിയിരിക്കുന്നു. യുവതാരങ്ങള്‍ക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മുന്നോട്ടു വരുവാനും ഈ ചിത്രങ്ങള്‍ അവസരമൊരുക്കുന്നു. പ്രായഭേദമന്യേ എല്ലാവരേയും ചിരിപ്പിക്കുന്ന, യുവാക്കളെ ഹരം കൊള്ളിക്കുന്ന, ഒട്ടും പിരിമുറുക്കം അനുഭവപ്പെടാത്ത ഈ ചോക്ലേറ്റ് മലയാളികള്‍ ആസ്വദിക്കുമെന്നുതന്നെ കരുതാം.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
ചോക്ലേറ്റ് - മലയാളം മൂവി റിവ്യൂസ്
ചോക്ലേറ്റ് - ഇന്ദുലേഖ


Read More:
IndiaGlitz
Sify Movies
NowRunning
Keywords: Chocolate, Choclate, Prithviraj, Roma, Shafi, Samvritha Sunil, Jayasurya, Salim Kumar, Ramya Nambeesan, Saari, Lalu Alex, Anoop Chandran, Ramadan, Pooja, Navarathri, October Release, Malayalam Movie Review, Film, Cinema.
--

13 comments :

 1. വീണ്ടുമൊരു ക്യാമ്പസ് - പ്രണയ ചിത്രം. വളരെയേറെ പുതുമകളൊന്നും ചിത്രത്തിനില്ലെങ്കിലും, ആസ്വാദ്യകരമായി പറഞ്ഞിരിക്കുന്നതിനാല്‍ ചിത്രം ഏവര്‍ക്കും രസിക്കുമെന്നു കരുതാം. ഷാഫി - പൃഥ്വിരാജ് - റോമ എന്നിവര്‍ ഒന്നിക്കുന്ന ‘ചോക്ലേറ്റി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ‘ചൊക്ലേറ്റി’ നെ കുറിച്ചുള്ള ചിത്രവിശേഷം വായിച്ചു. അപ്പോള്‍, ആകെ മൊത്തം ടോട്ടലായി നോക്കുമ്പോള്‍ വലിയ കുഴപ്പമില്ല എന്ന് തോന്നി.ഈ ചോക്ലേറ്റ് അല്പം മധുരമൊക്കെ ഉള്ളതാണെന്ന് തോനുന്നു. എന്തായാലും ചിത്രം uae യില്‍ വന്നാല്‍ കാണാന്‍ തീരുമാനിച്ചു. ഹരീ, നിന്റെ എല്ലാ ‘ചിത്രവിശേഷ‘ങ്ങളും, അതു അവതരിപ്പിക്കുന്ന രീതിയും ശരിക്കും പ്രഫഷണല്‍ ടച്ച് ഉള്ളതാണ്. കീപ്പ് ഇറ്റ് അപ്പ്.

  അഭിലാഷ് (ഷാര്‍ജ്ജ)

  ReplyDelete
 3. എന്തായാലും കാണണമെന്ന് വിചാരിച്ചിരുന്നതാണ്.. അപ്പോ കാശ് പോവില്ലെന്ന് ഉറപ്പിക്കാമല്ലോ അല്ലേ??
  ----
  ഓ.ടോ: നസ്രാണിക്ക് ടിക്കറ്റ് കിട്ടിയില്ലേ?? :p

  ReplyDelete
 4. എന്തായാലും കാണാന്‍ തീരുമാനിച്ചു... :)

  ReplyDelete
 5. ഓര്‍ത്തുവെക്കാന്‍ അധികമൊന്നും ഇല്ല.. എന്നാലും ബോറടിക്കില്ല..

  ReplyDelete
 6. @ അഭിലാഷങ്ങള്‍,
  നന്ദി. :)

  @ ബാലുവിനോട്,
  തിരു.പുരത്ത് കിട്ടാനിത്തിരി ബുദ്ധിമുട്ടും, അല്ലേ?
  ടിക്കറ്റ് കിട്ടായ്കയല്ല, തിയേറ്ററിന്റെ ദൂരം വെച്ച് താമസിപ്പിച്ചതാണ്. :)

  @ ജി. മനു,
  ഓടേണ്ടതാണ്... :)

  @ ദീപു:സന്ദീപ്,
  കാണൂ, എന്നിട്ട് അഭിപ്രായം പറയൂ. :)

  ‌@ ഇട്ടിമാളു,
  ആഹ, പടം കണ്ടുവോ! അതുതന്നെ. :)
  --

  ReplyDelete
 7. ഇന്ന് ചോക്ലേറ്റിന്‌ കോഴിക്കോട്‌ അപ്സരയില്‍ പോയി. ടിക്കറ്റ്‌ കിട്ടീല്ല. അതോണ്ട്‌ ഒരു ഫൈവ്‌ സ്റ്റാര്‍ വാങ്ങി കഴിച്ച്‌ തൃപ്തിയടഞ്ഞു.

  ReplyDelete
 8. ഹരി,
  'ചോക്കലേറ്റ് ' കണ്ടു . പടം പക്ഷേ നിരാശപ്പെടുത്തി. നിലവാരം കുറഞ്ഞ തമാശകള്‍ ഗാനങ്ങള്‍ . നായികയായെ റോമയുടെ പ്രകടനവും വിത്യസ്തമല്ല .പക്ഷേ പ്രിത്വിരാജ്വും
  സംവൃതയും നന്നായി. ബിന്ദു പണിക്കരുടെ കഥാപാത്രം അസഹനീയം . കഥയിലെ പുതുമ ,ക്യാമ്പസ് പശ്ചാത്തലം, മറ്റു നല്ല പടങ്ങളുടെ അഭാവം എന്നിവ പടത്തിന്റെ വിജയത്തെ സഹായിച്ചേക്കും.(ഹരി, ഇത്ര ഉദാരമായി മാര്‍ക്ക്‌ കൊടുക്കരുത്‌ ).

  ReplyDelete
 9. @ ജിഹേഷ്, ഏറനാടന്‍,
  എന്നിട്ട് ‘ചോക്ലേറ്റ്’ കണ്ടുവോ?

  @ ശ്രീക്കുട്ടന്‍,
  എനിക്ക് തോന്നുന്നില്ല, അധികമാരും ചോക്ലേറ്റ് കണ്ട് നിരാശപ്പെടുമെന്ന്. ശ്രീക്കുട്ടന്റെ പ്രതീക്ഷകള്‍ അധികമായതാവുമോ? മാര്‍ക്ക് കൂടിയോ? :)
  --

  ReplyDelete
 10. ഇവിടെ വരുമ്പോ പറ്റുമെങ്കില്‍ പോയികാണണമെന്നു വിചാരിക്കുന്നു.

  ReplyDelete