
സംവിധായകന് വിനയന്റെ ‘അതിശയനു’ശേഷമുള്ള ചിത്രമാണ് ‘ബ്ലാക്ക്ക്യാറ്റ്’. സംവിധായകന്റെ തന്നെയാണ് കഥയും തിരക്കഥയും. സുരേഷ് ഗോപി, മീന, കാര്‍ത്തിക എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായകന് അംഗവൈകല്യമോ, ബുദ്ധിമാന്ദ്യമോ, അത്ഭുതശക്തികളോ ഉണ്ടായിരിക്കും, എന്ന ‘വിനയന് ഫോര്‍മുല’ തുടരുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പി. രാജേന്ദ്രന്.
കടപ്പുറത്തെ മുതലാളിയായ തരകന്റെ(രാജന് പി. ദേവ്) അംഗരക്ഷകനാണ്, ബ്ലാക്ക്(സുരേഷ് ഗോപി). ‘ബ്ലാക്ക്ക്യാറ്റെ’ന്നാണ് തരകന് മുതലാളി ഇടയ്ക്കിടെ വിശേഷിപ്പിക്കുവാറുള്ളത്. മുതലാളിയുടെ മകള്‍ ബ്ലസി(കാര്‍ത്തിക)യുമായി വിവാഹം രണ്ടു തവണ മുടങ്ങി. രണ്ടു തവണയും വരന്റെ മരണമാണ് വിവാഹം മുടക്കിയത്. ബുദ്ധിമാന്ദ്യമുള്ള ബ്ലാക്കിനെ സുഹൃത്തുക്കള്‍, ബ്ലസിയുടെ പേരുപറഞ്ഞ് കളിയാക്കുന്നതും പതിവാണ്. ബ്ലസിക്കും ബ്ലാക്കിനോട് ചെറിയ ഇഷ്ടമുണ്ട്. അങ്ങിനെയിരിക്കെ തരകന് മുതലാളിയുടെ ബിസിനസ് സുഹൃത്തായ മഹാരാഷ്ട്ര അഭ്യന്തരമന്ത്രി പ്രഫുല്‍ കുമാറിന്റെ(ആശിഷ് വിദ്യാര്‍ത്ഥി) മകള്‍ മീനാക്ഷി(മീന) കേരളത്തിലേക്കു വരുന്നു. ആയുര്‍വേദാചാര്യനായ മൂസതിന്റെ(തിലകന്) കീഴില്‍ ഗവേഷണത്തിനായാണ് മീനാക്ഷി എത്തുന്നത്. തരകന്റെ വീട്ടിലെത്തുന്ന മീന, ബ്ലാക്ക് തന്റെ പത്തുവര്‍ഷം മുന്‍പ് മരിച്ചുപോയ കാമുകന്, അന്നത്തെ മുംബൈ പോലീസ് കമ്മീഷണറായ രമേഷ് ശര്‍മ്മ (സുരേഷ് ഗോപി)യാണെന്ന് തിരിച്ചറിയുന്നു. രമേഷെങ്ങിനെ ബ്ലാക്കായി, എങ്ങിനെ രമേഷിന്റെ ഓര്‍മ്മ നഷ്ടപ്പെട്ടു, ഇതൊക്കെയാണ് ‘ബ്ലാക്ക്ക്യാറ്റി’ന്റെ ഇതിവൃത്തം.
കഥ കേട്ടിട്ട് എന്തു തോന്നുന്നു? ഇത്രയും ഭാവനാവിലാസമുള്ള വിനയന് മലയാള സിനിമകള്‍ മാത്രമെടുത്ത് ഒതുങ്ങിക്കൂടുന്നന്താണെന്ന് ആരായാലും ചിന്തിച്ചുപോവും ഈ ചിത്രം കണ്ടാല്‍. ഈ ചിത്രത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളും ഭാവനയാല്‍ സമ്പുഷ്ടമാണ്. പക്ഷെ, ഈ ചിത്രം കണ്ടാസ്വദിക്കുവാന്‍ നമ്മുടെ സാമാന്യ ബുദ്ധി പോര, അതാണ് ശരിക്കും കഷ്ടം! കേന്ദ്രകഥാപാത്രങ്ങളെക്കൂടാതെ നെടുമുടി വേണു, മുകേഷ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്, ഭീമന് രഘു, ജഗദീഷ്, കലാഭവന്‍ ജാഫര്‍ എന്നിങ്ങനെ കുറേയധികം അഭിനേതാക്കളും ഈ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. പത്രോസ് മൂപ്പന് എന്ന ബ്ലാക്കിന്റെ അച്ഛന്റെ വേഷത്തില്‍ നെടുമുടി വേണു, തരകന് മുതലാളിയായി രാജന് പി. ദേവ്, രമേശിന്റെ വക്കീല്‍ സുഹൃത്തായി മുകേഷ് എന്നിവരുടെ അഭിനയം ശ്രദ്ധേയമായി. ബ്ലാക്കായുള്ള സുരേഷ് ഗോപിയുടെ അഭിനയം വല്ലാതെ അതിഭാവുകത്വം നിറഞ്ഞതായി തോന്നി. അടിപിടി രംഗങ്ങളിലെല്ലാം ബ്ലാക്ക്/രമേഷ് അതിമാനുഷികനാണെന്ന പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
മൂന്നു പാട്ടെഴുതുവാനെന്തിനാണ് രണ്ട് ഗാനരചയിതാക്കളെന്നും (വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍); അതിനു സംഗീതം നല്കുവാനെന്തിനാണ് വീണ്ടും രണ്ടുപേരെന്നും (ആല്‍ഫോന്‍സ്, എം. ജയചന്ദ്രന്) മനസിലായില്ലെങ്കിലും തരക്കേടില്ലാത്ത ഗാനങ്ങളാണ് ചിത്രത്തിലേത്. ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞ ‘മുന്തിരിക്കള്ളുമോന്തുമ്പം പുഞ്ചിരി ചേലിലാടുന്നേ’ എന്ന ഗാനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലറ്റ്. ജഗദീഷ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്, കലാഭവന്‍ ജാഫര്‍ തുടങ്ങിയവരുടെ നര്മ്മരംഗങ്ങള് കാര്യമായ ചലനമൊന്നും പ്രേക്ഷകരിലുണ്ടാക്കുവാന് പോന്നവയല്ല. ചുരുക്കത്തില്‍ കണ്ടില്ലെങ്കില്‍ നഷ്ടമൊന്നും വരാനില്ലെന്നല്ല, അത്രയും സമയം വീട്ടില്‍ വെറുതേ കിടന്നുറങ്ങുന്നതാവും എന്തുകൊണ്ടും ലാഭം. കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ മേടിച്ച്, അതിന്റെ വായില്‍ കോലുകൊണ്ടു കുത്തി കടിമേടിക്കേണ്ടതുണ്ടോ?
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• ബ്ലാക്ക്ക്യാറ്റ് - മലയാളം മൂവി റിവ്യൂസ്
• ബ്ലാക്ക്ക്യാറ്റ് - ഇന്ദുലേഖ
Read More:
• IndiaGlitz
•
Keywords: Black Cat, Blackcat, Vinayan, Suresh Gopi, Karthika, Meena, Nedumudi Venu, Rajan P. Dev, Mukesh, Thilakan, Ashish Vidyarthi, Eid, Navarathri, Pooja, Ramazan, October Release, Malayalam Movie Review, Film, Cinema.
--
സംവിധാകന് വിനയന് നിരാശപ്പെടുത്തിയില്ല. ഭയപ്പെട്ടതുതന്നെ സംഭവിച്ചു... :)
ReplyDeleteവിനയന് ചിത്രമായ ‘ബ്ലാക്ക്ക്യാറ്റി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--
വിനയന്റെ ഒരു വികലംഗകഥ കൂടെ. ഇത്തവണ മന്ദബുദ്ധിയാക്കി. നടക്കട്ടെ.
ReplyDeleteനന്നായി വിഅരണം
:)
ഉപാസന
ഹഹഹ :-)
ReplyDeleteഎന്റെ ഹരീ നിനക്കു വട്ടുണ്ടോ ഈ വിനയന് ചേട്ടന്റെ പടം കാണാന്‍ പോവാന്‍?
പോരാത്തതിന് നായകന് പിത്തക്കാടി സുരേഷ് ഗോപീം. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന കണക്ക്.
മലയാളം പടങ്ങള്‍ മാത്രം പോരാ മറ്റു ഭാഷാ പടങ്ങളും കൂടുതല്‍ കാണണം. പ്രത്യേകിച്ച് റിവ്യൂവിന് പോലും കൊള്ളാത്ത ഈ തരം പടങ്ങള്‍ക്ക് പകരം അന്യഭാഷാ പടങ്ങള്‍?
രാം ഗോപാല്‍ വര്‍മ്മയുടെ ആഗ് കണ്ടോ? പൊട്ടയാണെന്നാ കേട്ടേ?
അയ്യോ..ഈ വിനയന്റെ കാര്യം...അങ്ങേര്‍ക്ക് വല്ല ആവശ്യമുണ്ടൊ ഈ ബ്ലോഗിലെ നിരൂപണ രാജാക്കനമ്മാര്ക്കും കമന്റിടുന്ന പിന്താങ്ങികല്ക്കും ഇഷ്ടമല്ലാത്ത പടമെടുക്കേണ്ട കാര്യം...നമ്മള് പാവം കണ്ടിട്ട് വലിയ കുഴപ്പമൊന്നും തൊന്നിയില്ല..എന്തായാലും ഈ മേപ്പറഞ്ഞവരുടെ അറിവും വിവേകവും ഇല്ലാതെ പോയ്..എന്താ ചെയ്കാ...എന്തയാലും മാര്‍ക്കൊന്ന് കിട്ടി....
ReplyDeleteഹരീ,
ReplyDeleteഈ റിവ്യൂന്റെ റേറ്റിങ്ങ് ഇല്ലേ 7, 4 എന്നൊക്കെയുല്ളത് അതൊരു ലേബല്‍ പോലെയിട്ടാല് നല്ല റേറ്റിങ്ങ് ഉള്ളത് ഒരു ക്ലിക്കില്‍ കിട്ടിയേനെ.
@ എന്റെ ഉപാസന,
ReplyDeleteനന്ദി :)
@ അരവിന്ദ്,
:) ശരിയാണ്. മറ്റു ഭാഷാ ചിത്രങ്ങള്‍ കാണണ്ട എന്നു കരുതിയിട്ടല്ല, ഇവിടെ അതൊന്നും സമയത്ത് റിലീസാവില്ല. ചക് ദേ ഇതുവരെ റിലീസായിട്ടില്ല! തിരു.പുരത്തായിരുന്നെങ്കില് നടന്നേനേ, പക്ഷെ അവിടെയുള്ളപ്പോള്‍ സമയം കമ്മി. അതാണ് പ്രശ്നം. ആഗും, ചക്ദേയുമൊക്കെ കണ്ടു, പക്ഷെ കണ്ടപ്പോഴേക്കും ഒരു മാസത്തോളം പിന്നിട്ടു; അതാണ് പിന്നെ റിവ്യൂവിന് മുതിരാഞ്ഞത്.
ആഗ് കണ്ടിരുന്നു. ശരിയാണ് പടം നന്നായില്ല. ലാല്‍-അമിതാഭ്-അജയ്-എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ, ഷോലൈ സൌഹൃദത്തിന്റെ കഥ പറഞ്ഞു, ആഗാവട്ടെ കണ്ടു മടുത്ത ഗുണ്ട - എക്സ്.പോലീസ് (ഇപ്പോള്‍ ഗുണ്ട) തമ്മിലുള്ള പകയുടെ കഥ പറഞ്ഞു!
@ നിഷേധി,
വളരെ ശരി, എനിക്കാണ് തെറ്റിയത്. :)
ഇഷ്ടമായെങ്കില്‍ ഒന്നുകൂടി പോയി കണ്ടുകൊള്ളൂ... :P
ഓഫ്: ഈ ബ്ലോഗില്‍ ഞാനെന്ന പ്രജമാത്രമേ എഴുതുന്നുള്ളു, കേട്ടോ. :)
@ ഇഞ്ചിപ്പെണ്ണ്,
കൊള്ളാല്ലോ, നല്ല ആശയം! (ലേബലായി നല്കിയാല് ഇപ്പോഴത്തെ സെറ്റിംഗ് വെച്ച് ബോറാവും. മറ്റൊരു രീതിയിലാണ് ആലോചിക്കുന്നത്, കുറച്ചു സമയം കിട്ടട്ടെ.)
--
എന്റെ കൂട്ടുകാര്‍ ചിലര്‍ പടം കണ്ടിരുന്നു.. ക്ലൈമാക്സ് ആയപ്പോളേക്കും കരഞ്ഞു പോയെന്നാ പറഞ്ഞത്.. അത്ര ടച്ചിങ്ങ് ക്ലൈമാക്സ് ആണത്രേ..! :)
ReplyDeleteപടം കണ്ടതിലൊരുവന്റെ കമന്റ്: ബ്ലാക്ക് ക്യാറ്റിനെ പറ്റി വളരെ നല്ല അഭിപ്രായമാണ്..വിനയനും വിനയന്റെ കുടുംബത്തിനും!
സൈഡിലുള്ള പോള്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ...മാര്‍ക്ക് ഒന്നേ ഉള്ളൂ...പൊങ്ങിപോയാല്‍ മോശമാണെ!!!
ReplyDelete@ ബാലു,
ReplyDeleteഅതൊരു ഊഹം മാത്രമല്ലേ? വിനയന് തന്നെ അത്ഭുതപ്പെടുന്നുണ്ടാവണം, ഇതു കാണാനും പ്രേക്ഷകരോ എന്ന്!
@ നിഷേധി,
ആര്‍ക്ക്/എന്ത് മോശം?
--
റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്ന ഓട്ടോറിക്ഷകളെയാണ് ഒര്മ്മവരിക, വിനയന്റെ പടങ്ങളെപ്പറ്റി പറയുമ്പോള്‍.
ReplyDeleteപായുന്ന നിരവധി ഓട്ടോകളെ ആരും കാര്യമായ ഒരു വാഹനമായി എടുക്കില്ല.ഒരു ചക്രം കുറവെന്നു തോന്നും ഒന്നുകില്‍, അല്ലെങ്കില്‍ ഒരു ചക്രം കൂടുതലെന്നും പറയാം.
ഓട്ടോകളുടെ എണ്ണം ഇനിയും കൂടും;വിനയന്റെ പടങ്ങളും.