ഒരേ കടല്‍ (Ore Kadal)

Published on: 8/28/2007 07:35:00 AM
Ore Kadal, The Sea Within, Syamaprasad, Syama Prasad, Mammootty, Meera Jasmine, Mammoty, Narain, Remya Krishnan, Ramya, Onam Release, August, Malayalam Movie Review, Reviews, Films, Cinema, Film.
‘അകലെ’ എന്ന ചിത്രത്തിനു ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരേ കടല്‍’. സംവിധായകന്റെ തന്നെയാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിന്ധ്യന്‍. പ്രഥമചിത്രമായ ‘അഗ്നിസാക്ഷി’യുടെയത്രയും നിലവാരം പുലര്‍ത്തുവാന്‍ ‘അകലെ’യില്‍ ശ്യാമപ്രസാദിനു കഴിഞ്ഞിരുന്നില്ല. എന്നാല്‍ ‘ഒരേ കടലി’ലൂടെ, സംവിധായകനെന്ന നിലയില്‍ ഒരു തിരിച്ചു വരവു നടത്തുവാന്‍ ശ്യാമപ്രസാദിന് കഴിഞ്ഞിട്ടുണ്ട്.

ബംഗാളി കഥാകാരന്‍ സുനില്‍ ഗംഗോപാധ്യയുടെ ‘ഹീരക് ദീപ്തി‘ എന്ന കഥയെ ആസ്പദമാക്കിയുള്ള ചലച്ചിത്രമാണിത്. ദീപ്തിയും(മീര ജാസ്മിന്‍), ഭര്‍ത്താവ് ജയനും(നരേന്‍), അവരുടെയൊരു മകനുമടങ്ങിയ കൊച്ചുകുടുംബം, കേരളത്തിനു പുറത്തുള്ള തിരക്കേറിയ ഒരു നഗരത്തിലെ ഫ്ലാറ്റിലാണ് താമസം. ചില പ്രത്യേക സാഹചര്യങ്ങളില്‍ ദീപ്തിക്ക് മുകളിലെ നിലയില്‍ താമസിക്കുന്ന മലയാളിയായ സാമൂഹിക ശാസ്ത്രജ്ഞന്‍ നാഥന്റെ(മമ്മൂട്ടി) സഹായം തേടേണ്ടി വരുന്നു. സമൂഹത്തിലെ സദാചാര സങ്കല്പങ്ങള്‍ക്കുള്ളില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് ദീപ്തി, നാഥനാവട്ടെ അവയ്ക്കെല്ലാം മുകളില്‍ തന്റെ സ്വന്തം ഇഷ്ടാനുസരണം ജീവിക്കുന്ന മറ്റൊരു സാധാരണക്കാരന്‍; നാഥന്‍ വൈകാരിക തലങ്ങളില്‍ ഒരു സാധാരണക്കാരന്‍ മാത്രമാണെന്ന് പ്രേക്ഷകന്‍ തിരിച്ചറിയുന്നുണ്ടെന്നത് ഇവിടെ എടുത്തു പറയേണ്ടതാണ്. ഇവരുടെ ബന്ധം വളരുന്നു, തുടര്‍ന്ന് വ്യത്യസ്ത ചിന്തകളുടെ ഉടമകളായ ദീപ്തിയുടേയും നാഥന്റേയും ജീവിതത്തില്‍ വരുന്ന മാറ്റങ്ങളാണ് ‘ഒരേ കടല്‍’. എല്ലാ മനുഷ്യരുടെയുള്ളിലും ഇരമ്പുന്ന അതേ കടല്‍.

ബാല(രമ്യ കൃഷ്ണന്‍)യാണ് നാഥന്റെ ഒരു അടുത്ത സുഹൃത്ത്. ബാലയും ബന്ധങ്ങളുടേയും സദാചാരത്തിന്റേയും കെട്ടുപാടുകള്‍ വിട്ട് ജീവിക്കുന്ന ഒരു സ്ത്രീയാണ്. ദീപ്തിയെ മനസിലാക്കുവാന്‍ നാഥനെ അവര്‍ സഹായിക്കുന്നു. ഈ മനസിലാക്കലുകളാണ് നാഥനെ സ്വയം തിരിച്ചറിയുവാനും, ബാലയുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു മനുഷ്യനാകുവാനും സഹായിക്കുന്നത്. നിസ്സഹായയായ സ്ത്രീയില്‍ നിന്നും സ്വന്തമായി തീരുമാനങ്ങളെടുത്ത്, നടപ്പിലാക്കുവാന്‍ സാധിക്കുന്ന ഒരു സ്ത്രീയായി ദീപ്തിയുടെ വളര്‍ച്ചയുമാണ് ഈ സിനിമ. നായകനെ കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമല്ലെന്നു സാ‍രം. അഴകപ്പന്‍ നിര്‍വ്വഹിച്ച ഛാ‍യാഗ്രഹണവും മികച്ചു നിന്നു. എങ്കിലും വളരെ മികച്ച ഒരു ചലച്ചിത്രം എന്ന വിശേഷണം ഈ ചിത്രത്തിനു നേടുന്നതില്‍, ‍ സംവിധായകന്‍ വിജയിച്ചു എന്നു കരുതുവാനാവില്ല. ഇനിയും മികച്ചതാക്കുവാന്‍ സാധ്യതയുള്ള ഒന്നായിരുന്നു ഇതെന്ന തോന്നലുണ്ടാക്കിയാണ് ചിത്രമവസാനിക്കുന്നത്.

അഭിനയം
വളരെ നാളായി മലയാളസിനിമയില്‍ സജീവമായിട്ടുണ്ടെന്നുള്ളതും, ധാരാളം പുരസ്കാരങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നുള്ളതും, പ്രതികൂല ഘടകങ്ങളാവുകയില്ലെങ്കില്‍; മമ്മൂട്ടി, ഒരു അവാര്‍ഡിനര്‍ഹമായ അഭിനയമാണിതില്‍ കാഴ്ചവെച്ചിരിക്കുന്നത്. ദീപ്തിയുടെ മാനസികവ്യഥകള്‍ ഒട്ടും കുറയാതെ പ്രേക്ഷകനിലെത്തിച്ച മീരയുടെ അഭിനയവും മികച്ചു നിന്നു. ദീപ്തിയുടെ ഭര്‍ത്താവ്, ജയനെ അവതരിപ്പിച്ച നരേന്റെ അഭിനയം അത്രയ്ക്ക് നന്നായതുമില്ല. ഒരുപക്ഷെ, പ്രേക്ഷകന്റെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ കഴിയാത്ത ഏക കഥാപാത്രവും ഇതാവും. ബാല എന്ന കഥാപാത്രം വളരെക്കുറച്ചു ഭാഗങ്ങളില്‍ മാത്രമേ എത്തുന്നുള്ളൂ, എന്നാല്‍ സിനിമയിലെ ഒരു ശക്തമായ കഥാ‍പാത്രമാക്കി ബാലയെ മാറ്റുവാന്‍ രമ്യ കൃഷ്ണനു സാധിച്ചു.

സംഗീ‍തം
‘അകലെ’യിലെന്ന പോലെ, ‘ഒരേ കടലി‘ലും സംഗീതത്തെ ശ്യാമപ്രസാദ് വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു. പാട്ടിനു വേണ്ടി പാട്ടു ചേര്‍ക്കുകയെന്ന സ്ഥിരം മലയാളസിനിമയുടെ ശൈലി വിട്ട്, ഗാനങ്ങളെ ചിത്രത്തിന്റെ ഒരു ‘മൂഡ്’ സൃഷ്ടിക്കുവാനായി ഉപയോഗിക്കുന്ന രീതി അനുകരണീയമാണ്. നാല്പത്തിയഞ്ചാമത് മേളകര്‍ത്താരാഗമായ ശുഭപന്തുവരാളിയുടെ (അനുബന്ധം: ഈ) ഒരു ഭാവത്തിന്റെ തന്നെ വിവിധ രീതികളിലുള്ള പ്രയോഗങ്ങളാണ്, ‘ഒരേ കടലി’ലെ ഗാ‍നങ്ങള്‍ക്കുപയോഗിച്ചിരിക്കുന്നത് (അനുബന്ധം: ആ, അനുബന്ധം: ഇ). കര്‍ണ്ണശപഥം ആട്ടക്കഥയില്‍, കുന്തിയുടെ മാനസിക പിരിമുറുക്കം ഏറ്റവുമധികം പ്രകടമാക്കുന്ന പദം, ‘കര്‍ണ! മതിയിദം, കര്‍ണരുന്ദുത വാക്യം’ എന്ന പദവും ഇതേ രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്. വ്യവസ്ഥാ‍പിത സദാചാര സങ്കല്പങ്ങള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന കുന്തിയുടെ പദത്തിനുപയോഗിച്ചിരിക്കുന്ന രാഗം തന്നെ; പുതിയ കാലഘട്ടത്തിലെ സ്ത്രീയുടെ സദാചാരസംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ ‘ഒരേ കടലി’നും ഉപയോഗിച്ചിരിക്കുന്നതില്‍ അതിശയിക്കുവാനില്ല.

ഈ ചിത്രത്തിലെ മനോഹരമായ രണ്ടു ഗാനങ്ങളാണ്, ബോംബെ ജയശ്രീ ആലപിച്ചിരിക്കുന്ന (അനുബന്ധം: ആ), ‘പ്രണയസന്ധ്യയൊരു വെണ്‍ സൂര്യന്റെ വിരഹമറിയുന്നുവൊ’ എന്ന ഗാനവും ശ്വേത ആലപിച്ചിരിക്കുന്ന ‘യമുനവെറുതേ രാപ്പാടുന്നു’ എന്ന ഗാനവും. ദീപ്തി എന്ന ഭാര്യയുടെ, അമ്മയുടെ, കാമുകിയുടെ മാനസികപിരിമുറുക്കങ്ങള്‍ വെളിവാക്കുന്ന ഈ ഗാനങ്ങള്‍ വല്ലാതെ ചിത്രത്തോടിണങ്ങുന്നു. ദീപ്തിയുടേയും നാ‍ഥന്റേയും ബന്ധത്തിന്റെ വളര്‍ച്ചയടങ്ങുന്ന, ‘മനസിന്റെ കാവല്‍ വാതില്‍ തുറന്നാല്‍’ എന്ന ഗാനവും മികച്ചു നിന്നു. ജി. വേണുഗോപാല്‍, സുജാത എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇടയ്ക്കിടെ പിന്നണിയായെത്തുന്ന; വിനീത് ശ്രീനിവാസന്‍, നവീന്‍ എന്നിവര്‍ ആലപിച്ചിരിക്കുന്ന ‘നഗരം വിധുരം’, ‘ഒരു കടലായ് ഞാന്‍ നിറയുന്നു’ എന്നീഗാനങ്ങളും മികച്ചവതന്നെ. ഗിരീഷ് പുത്തഞ്ചേരി രചിച്ച, ഈ ചിത്രത്തിലെ ഗാനങ്ങളുടെ സാഹിത്യവും അര്‍ത്ഥസമ്പുഷ്ടമാണ്. വളരെ നാളുകള്‍ക്കു ശേഷമാണ് ഗാനങ്ങള്‍ ചിത്രത്തിന്റെ ജീവനായ ഒരു മലയാളസിനിമ പ്രേക്ഷകരെത്തേടിയെത്തുന്നത്. ഈ സിനിമയില്‍ ഗാനങ്ങള്‍ക്കുള്ള സ്ഥാ‍നം മനസിലാക്കി, സംവിധാ‍യകന്റെ ഇംഗിതങ്ങള്‍ക്കനുസൃതമായി ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ ഔസെപ്പച്ചനും, ഗാനരചന നിര്‍വ്വഹിച്ച ഗിരീഷ് പുത്തഞ്ചേരിയും, അഭിനന്ദനമര്‍ഹിക്കുന്നു.

ഒരുപക്ഷെ, ഓണം ‘അടിച്ചുപൊളി’ച്ചാഘോഷിക്കുവാനാഗ്രഹിക്കുന്ന പ്രേക്ഷകനെ സംബന്ധിച്ച് ‘ഒരേ കടല്‍‘ നല്ലൊരു അനുഭവമായിരിക്കണമെന്നില്ല. എന്നാല്‍, ഗൌരവമായി സിനിമയെ സമീപിക്കുന്ന ഏതൊരാള്‍ക്കും, കണ്ടുമടുത്ത മലയാളം സിനിമയില്‍ നിന്നും മാറി ചിന്തിക്കുന്ന ഈ സിനിമ തെല്ലൊരാശ്വാസമായിരിക്കും. വിനോദമെന്നതിനപ്പുറം, നമുക്കുചുറ്റുമുള്ള പ്രശ്നങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം സിനിമകളോടുള്ള, മലയാള സിനിമാസ്വാദകരുടെ പിന്തിരിഞ്ഞ സമീപനം മാറ്റിയാല്‍ മാത്രമേ, മലയാള സിനിമയെ സമ്പുഷ്ടമാക്കുവാനുതകുന്ന ഇത്തരം സിനിമകള്‍ ഇനിയും ഉണ്ടാവുകയുള്ളൂ. അതോര്‍ക്കുമ്പോള്‍, ഈ സിനിമയൊന്ന് വിജയിച്ചിരുന്നെങ്കിലെന്നറിയാതെ ആശിച്ചു പോവുന്നു!
--
അനുബന്ധം:
അ) Mapping Emotional Terrain - The Hindu - Apr'06, 2007
ആ) Melody, Mood & Lyrics - The Hindu - Jun'01, 2007
ഇ) Of Human Bondage - The Hindu - Aug'24, 2007
ഈ) Melakarta Ragas - Wiki


സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
ഒരേ കടല്‍ - മലയാളം മൂവി റിവ്യൂസ്
ഒരേ കടല്‍ - ഇന്ദുലേഖ


Read More:
Ore Kadal - Wikipedia
Ore Kadal - SifyMovies
Ore Kadal - IndiaGlitz
Keywords: Ore Kadal, The Sea Within, Syamaprasad, Syama Prasad, Mammootty, Meera Jasmine, Mammoty, Narain, Remya Krishnan, Ramya, Onam Release, August, Malayalam Movie Review, Reviews, Films, Cinema, Film.
--

35 comments :

 1. ‘ചിത്രവിശേഷ’ത്തിന്റെ ശൈലിയിലൊരു മാറ്റമല്ല ഈ പോസ്റ്റ്. ‘ഒരേ കടല്‍’ എന്ന ചിത്രത്തിന് കുറച്ചു കൂടി ഗൌരവപൂര്‍ണ്ണമായ സമീപനം ആവശ്യമുണ്ടെന്നു തോന്നിയതിനാല്‍, സിനിമയെക്കുറിച്ച് പല മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങള്‍ വായിച്ച് എഴുതിയിരിക്കുന്നെന്നു മാത്രം(വാ‍യനയുടെ ലിങ്കുകള്‍ ലാഭ്യമായവ അനുബന്ധമായി നല്‍കിയിട്ടുണ്ട്). ചിത്രത്തിന്റെ ‘ട്രീറ്റ്മെന്റില്‍’ സംവിധായകന്‍ കൊണ്ടുവന്നിരിക്കുന്ന വ്യതിയാനത്തോട് നീതി പുലര്‍ത്തുന്ന ഒരു വിലയിരുത്തല്‍ നടത്തുവാനുള്ള ശ്രമം, അത്രമാത്രം.

  ശ്യാമപ്രസാദ് - മമ്മൂട്ടി - മീര ജാസ്മിന്‍ എന്നിവരൊന്നിക്കുന്ന, ‘ഒരേ കടല്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  ഏവര്‍ക്കും ഒരിക്കല്‍ കൂടി
  തിരുവോണദിനാശംസകള്‍...
  --

  ReplyDelete
 2. ചിത്രം കണ്ടില്ലെങ്കിലും ഗാനങ്ങള്‍ അതി മനോഹരം...അത് സമ്മതിക്കാതെ വയ്യ...
  പ്രത്യേകിച്ച് "യമുന വെറുതേ..."എന്ന ഗാനം. ചിത്രവും നല്ലത് എന്നറിഞ്ഞതില്‍ സന്തോഷം.

  ReplyDelete
 3. Hari,
  Onashamsakal!!!
  I live outside India and use your website to get the reviews about new Malayalam movies....I like the way you write...Your presentation is simple and straight to the point....

  Glad to here Shyamaprasad has come up with the expectation.I listened the music and that was one of the best albums we had in recent years.

  Thanks for mainitaining this excellent blog and hope we can get more articles and reviews from you.

  ReplyDelete
 4. ഹരീ...
  നന്നായിട്ടുണ്ട്. ഈ സിനിമ കാണാന്‍ ഞാന്‍ തീരുമാനിച്ചു.
  ഗിരീഷ് പുത്തഞ്ചേരി നല്ല സാഹിത്യമെഴുതാന്‍ തുടങ്ങിയോ? നല്ലത്!!

  ReplyDelete
 5. മസ്കറ്റിലെ ഒരു സന്ധ്യയില്‍ ഒരേ കടലിന്റെ ‘കഥ’ പറഞ്ഞ സുഭാഷിനെ ഓര്‍ത്തുപോകുന്നു.

  ReplyDelete
 6. ഈ സിനിമയിലെ തിരക്കഥയ്ക്ക് വേണ്ടി നോവനുഭവിച്ച സുഭാഷിന്റെ, മാതൃഭൂമി പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പോര്‍ക്കുന്നു. ആ മനസ്സിലെ തിക്താനുഭവങ്ങളുടെ കടലിരമ്പം ശ്രവിക്കുന്നു. ‘ഒരേ കടല്‍’.

  ReplyDelete
 7. സഹയാത്രികനോട്,
  നന്ദി :)

  സജിത്തിനോട്,
  വളരെ നന്ദി. :) ഞാനെഴുതുന്നത് വായിക്കുന്നുവെന്നറിയുന്നതിലും, ഇഷ്ടപ്പെടുന്നുവെന്നറിയുന്നതിലും വളരെ സന്തോഷം.

  സുനീഷിനോട്,
  നന്ദി, കാണണംട്ടോ. :)
  (ഗിരീഷ് പുത്തഞ്ചേരി)യും എന്നല്ലെ ഉദ്ദേശിച്ചത്? ;)

  പെരിങ്ങോടന്‍,
  ചില നേരത്ത്,
  സുഭാഷ് ചന്ദ്രന്‍ മാതൃഭൂമിയിലെഴുതിയ ലേഖനം ഞാനും വായിച്ചിരുന്നു. ആ ലേഖനം പക്ഷെ, തന്‍പ്രമാണിത്തം കാണിക്കുന്ന ഒന്നായിട്ടാണ് എനിക്ക് തോന്നിയത്. തന്റെ കഥ പാഠപുസ്തകത്തിലുണ്ട്, അവാര്‍ഡ് കിട്ടിയിട്ടുണ്ട്, ഇങ്ങിനെ തന്റെ മഹത്വങ്ങള്‍ അറിയിക്കാതെ വിനയാന്വിതനായി ശ്യാമപ്രസാധിന്റെ മുന്നില്‍ നിന്നു; കഥ സിനിമയ്ക്കു പറ്റിയ രീതിയിലാക്കിക്കൊടുത്തു, പക്ഷെ തക്കതായ പ്രതിഫലം ലഭിച്ചില്ല; ആ കഥയാണൊ ഉപയോഗിച്ചതെന്നറിയില്ല. ഇങ്ങിനെയൊക്കെയായിരുന്നു ആ ലേഖനം. ഒടുവിലായി കുഞ്ഞിനെ കുപ്പയിലുപേക്ഷിച്ചെന്ന രീതിയില്‍ ഒരു താരതമ്യവും! സത്യമെന്താണെന്ന് എനിക്കറിയില്ല, പക്ഷെ ആ ലെഖനം നിലവാരം കുറഞ്ഞ ഒന്നായിപ്പോയി. ശ്യാമപ്രസാദിന്റെ വിശദീകരണമൊന്നും ഞാന്‍ തുടര്‍ന്ന് കണ്ടതുമില്ല. സുഭാഷ് ചന്ദ്രന്റെ മാത്രം വാദം കേട്ട് എന്തെങ്കിലും നിഗമനത്തിലെത്തുന്നത് ശരിയാണെന്നു തോന്നുന്നില്ല. സുഭാഷ് ചന്ദ്രന് തിരക്കഥ സ്വന്തം പേരില്‍ പ്രസിദ്ധപ്പെടുത്താമല്ലോ? (വായിക്കുവാന്‍ കിട്ടുന്ന ഒരു പുസ്തകത്തിന്റെ ചലച്ചിത്ര രൂപമായതിനാല്‍ തന്നെ സസ്പെന്‍സ് എന്നതൊന്നും ഈ സിനിമയ്ക്കില്ലല്ലോ!) പക്ഷെ, താന്‍ പൈസയ്ക്കുവേണ്ടി നിലകൊള്ളുന്നയാളല്ല എന്ന രീതിയിലൊരു ഇമേജുണ്ടാക്കുവാനും ആ ലേഖനത്തില്‍ ശ്രമമുണ്ട്. കഥകളി കലാകാരന്മാര്‍ പണം ചോദിക്കാതിരുന്നാല്‍, മഹാനായ കലാകാരനെന്നും; പണം ചോദിച്ചാല്‍, കലയെ വിറ്റ് കാശാക്കുന്നവന്‍ എന്നും കേള്‍ക്കാറുണ്ട്. പക്ഷെ, താന്‍ ചെയ്യുന്നതിന്, അത് കലയായാലും എഴുത്തായാലും എന്തായാലും, പ്രതിഫലം ചോദിച്ചു തന്നെ മേടിക്കണം. അതു ചെയ്യാത്തതുകൊണ്ട് ഒരാള്‍ മഹാനാവുന്നില്ല, അങ്ങിനെയൊരു ധാരണ അദ്ദേഹത്തിനുള്ളതായി തോന്നി ആ ലേഖനം വായിച്ചപ്പോള്‍.

  സുഭാഷ് ചന്ദ്രന്‍ ഈ ചിത്രവുമായി അതില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ സഹകരിക്കുകയും, അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍; അത് മോശമായിപ്പോയി എന്നതിനോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ ആ ലേഖനം ആ രീതിയില്‍ എഴുതിയതിനോട് എനിക്ക് യോജിക്കാനുമാവില്ല.

  ഓഫ്: മാതൃഭൂമി എന്തിനതു പ്രസിദ്ധീകരിച്ചു എന്നത് എനിക്കു മനസിലാവുന്നില്ല, മധു മുട്ടത്തിനോട് കാട്ടിയത് അതിലും വലിയ അനീതിയല്ലേ?
  --

  ReplyDelete
 8. ഹരി, 'ഒരേ കടല്‍' നിരൂപണം പല ലേഖനങ്ങളും ഉദ്ധരിച്ച്‌ 'എഴുതി' എന്നു പറഞ്ഞത്‌ അംഗീകരിക്കാന്‍ പ്രയാസമുണ്ട്‌. വേറൊരു നീരൂപകന്‍ എഴുതിയത്‌ അപ്പടി ഹരി പകര്‍ത്തി എന്നു വേണം പറയാന്‍ വിരോധമില്ലെങ്കില്‍ ഹരിയും വായനക്കാരും ഈ ലിങ്കില്‍ ഒന്നു പോയിനോക്കുക: http://www.keralainfo.com/index.php/topic,69.msg1068.html#msg1068

  ReplyDelete
 9. കഷ്ടം, ഏറനാടാ...
  ആ കമന്റില്‍ ഹരിക്കു് ക്രെഡിറ്റ് നല്‍കിയിരിക്കുന്നതു് കണ്ടില്ലേ ?

  ReplyDelete
 10. ഒരേ കടലിന്റെ നിരൂപണം നോക്കിയിരിക്കുകയായിരുന്നു. അപ്പോള്‍ ഉത്രാടവും തിരുവോണവും അവിട്ടവുമെല്ലാം തിയേറ്ററിലാണോ?

  യമുന...എന്ന ആ പാട്ട് കണ്ടപ്പോഴേ ഓര്‍ത്തു ഈ സിനിമ നന്നായിരിക്കും എന്ന്. എന്നു കാണാന്‍ പറ്റുമോ? മോശം പടമാണെങ്കില്‍ സിഡി ഉടനെ കിട്ടും. കൈയ്യൊപ്പിന്റെ സിഡിയ്ക്കുവേണ്ടി അന്വേഷണം തുടങ്ങിട്ട് നാളുകുറേയായി. അതൊന്നും ആള്‍ക്കാര്‍ക്ക് വേണ്ട എന്നാണവര്‍ പറയുന്നത്. ഇതിനി എന്നു വരുമോ?

  അപ്പോള്‍ ഓണചിത്രങ്ങളില്‍ ഒരേകടല്‍ നല്ല സിനിമയും അലിഭായ് എറ്റവും കളക്ഷന്‍ കിട്ടിയ സിനിമയുമാകുകായിരിക്കും അല്ലേ?

  ReplyDelete
 11. മിസ്റ്റര്‍ ഏറനാടനോട് ലിങ്ക് എനിക്കു കിട്ടുന്നില്ല, ഏതയാലും ഹരിക്കു വേറെ ആളെ കോപ്പി അടിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല, വേണെങ്കില്‍ തിരിചും ആവാമല്ലൊ?

  ReplyDelete
 12. ഇതു കാണണം എന്നു തീര്‍ച്ചപ്പെടുത്തിയ പടം ആണ്. നല്ലതാണെന്ന്‌ ഹരി പറയുമ്പോള്‍ എന്തായാലും കാണും. പക്ഷെ ഇവിടെ ബാംഗ്ലൂരില്‍ റിലീസ് ചെയ്യുമോ എന്നറിയില്ല. :(

  ReplyDelete
 13. ഹരീ...
  ഇത് ചിത്ര വിശേഷത്തിന്‍റെ ശൈലിയിലെ മാറ്റമായാലും
  തെറ്റില്ല. എങ്കിലും തല്ലിക്കൂട്ട് ചിത്രങ്ങളുടെ അവലോകനം പതിവു പോലെ തുടരുന്നതാകും നന്ന്. ഷൂട്ടിംഗ് വേളയില്‍ ഇക്കൂട്ടര്‍ നടത്തുന്ന വീരവാദങ്ങളുടെ വാസ്തവം എന്തെന്ന് അറിഞ്ഞാല്‍ മതിയല്ലോ.

  മറ്റു നിരൂപണങ്ങള്‍ ഉദ്ധരിക്കുകയോ പകര്‍ത്തുകയോ ചെയ്തു എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.പ്രത്യേകിച്ചും അപ്പുറത്ത് ക്രെഡിറ്റ് ഉള്ള സാഹചര്യത്തില്‍.

  സുഭാഷ് ചന്ദ്രന്‍റെ പരാതിക്കഥയെക്കുറിച്ച് ഹരി പറഞ്ഞ അഭിപ്രായം ശരിയാണ്. വസ്തുത എന്തെന്നു പറയുന്നതിനു പകരം ലേഖനവും നാടകീയമാക്കാനും താനൊരു പ്രസ്താനമാണെന്ന് വരുത്തിത്തീര്‍ക്കാനുമാണ് സുഭാഷ് ശ്രമിച്ചത്. ഒടുവില്‍ അതുതന്നെയോ ഇത് എന്ന് അറിയില്ലെന്നുകൂടി പറഞ്ഞപ്പോള്‍ മൊത്തം കുളമാവുകയും ചെയ്തു.

  ReplyDelete
 14. ആരെങ്കിലും കോപ്പി അടിച്ചു എന്ന് ആരോപിക്കുന്നതിനു മുന്‍പ് കൃത്യമായി മിനിമം അതിനു താഴെ ലിങ്ക് കൊടുത്തത് ശ്രദ്ധിച്ചിരുന്നുവെങ്കിലും ഏറനാടന്‍ ആ കമന്റ് എഴുതില്ലായിരുന്നു. തിരക്കിട്ട് കമന്റ് എഴുതിയതാവും എന്ന് കരുതുന്നു.

  ReplyDelete
 15. ഹരി സദയം ക്ഷമിക്കുക. സോറി ഐയാം റിയലി സോറി. ഞാന്‍ ഹരിയുടെ പങ്ക്‌ അതില്‍ പിന്നീടാണ്‌ കണ്ടത്‌. എന്നില്‍ നിന്നും വന്നുഭവിച്ച അപരാധം മാപ്പാക്കുക. ഞാന്‍ പരാതി പിന്‍വലിക്കുന്നു. (അല്ലെങ്കിലും എന്റെ കണ്ണുകള്‍ ടെസ്‌റ്റിന്‌ കൊടുക്കാറയി. ചെറിയക്ഷരങ്ങള്‍ കണ്ണില്‍ പിടിക്കുന്നില്ല)

  ReplyDelete
 16. സുഭാഷ് ചന്ദ്രന് ശ്യാമപ്രസാദ് നല്‍കിയ മറുപടിയും വായിച്ചിരുന്നു. സുഭാഷ് , ഈ തിരക്കഥ സിനിമയ്ക്ക് മുന്നെ പ്രസിദ്ധീകരിക്കാനൊരുമ്പെടുന്നുവെന്ന് പറഞ്ഞപ്പോള്‍ ശ്യാമപ്രസാദ് എത്ര രൂപയാണ് സുഭാഷിന് വേണ്ടതെന്ന് ചോദിച്ചതിനുള്ള മറുപടിയൊന്നും കണ്ടില്ലായിരുന്നു അതില്‍. മാത്രവുമല്ല പിന്നീട് തിരക്കഥയില്‍ വേണ്ട തിരുത്തലുകള്‍ കഥാകൃത്ത് കെ ആര്‍ മീരയാണ് നടത്തിയതെന്ന് ശ്യാമപ്രസാദ് പറയുന്നുമുണ്ട്. സുഭാഷിന് വിവാദം വിതച്ച് തിരക്കഥാകൃത്തായി കൊഴുക്കാനുള്ള തന്ത്രമാണിതെന്ന് ശ്യാമപ്രസാദ് ആരോപിക്കുന്നുമുണ്ട്. ഒരു സാഹിത്യകാരനെ വേണ്ട വിധം ബഹുമാനിക്കുന്നുമില്ല അര്‍ഹിക്കുന്ന മറുപടി നല്‍കുന്നതുമില്ല. സത്യസന്ധനായൊരു കലാകാരന്‍ ആവുകയെന്നതൊരു ബാധ്യതയല്ലെങ്കിലും അങ്ങിനെയൊരു പുറമ്പൂച്ചെങ്കിലുമുണ്ടെന്ന് ധരിപ്പിച്ച് കൂടെ ‘കല്ലുകൊണ്ടൊരു പെണ്ണിന്റെ’ സംവിധായകന്?

  ഹരിയുടെ സിനിമാ അവലോകനം എല്ലാം ആസ്വദിക്കാറുണ്ട്. നല്ല ഉദ്യമമാണ്, പ്രത്യേകിച്ചും ഇവിടെയെല്ലാം സിനിമ കാണല്‍ ചിലവേറിയ വിനോദമായത് കാരണം ഒന്നോ രണ്ടോ നിരൂപണം വായിച്ചിട്ടേ കാണാനൊക്കുമോ എന്ന തീരുമാനമെടുക്കാനൊക്കൂ.

  ReplyDelete
 17. I loved reading this review. And I am glad that the film is drawing in much needed appreciation from all quarters over; perhaps not all is dead in sensible Malayalam cinema as yet.

  ReplyDelete
 18. ഏറനാടനോട്,
  ആ ലിങ്കില്‍ മാത്രമല്ല; ഇവിടെ(ഇവരാണെങ്കില്‍ എനിക്ക് ഹെഡര്‍ ഇമേജ് വരെ ചെയ്തു തന്നു!), ഇവിടെ, ഇവിടെ, പിന്നെ ഏറനാടനിട്ട ഈ ലിങ്കും(ഇത്രയും എന്റെ അറിവില്‍ പെട്ടത്); ഇവിടെയൊക്കെയും ഉണ്ട്!!!

  കാര്യം മനസിലാക്കിയതില്‍ സന്തോഷമുണ്ട്. പിന്നെ, അനുബന്ധങ്ങളില്‍ നിന്നും ഒരു വരി പോലും ഞാന്‍ ഇവിടെ ഉദ്ധരിച്ചിട്ടില്ല, ചില വസ്തുതകള്‍ അവയില്‍ നിന്നുമാണ് കിട്ടിയതെന്നു സൂചിപ്പിച്ചെന്നു മാത്രം. താത്പര്യമുള്ളവര്‍ക്ക് അവ കൂടി വായിക്കാമല്ലോ എന്നും കരുതി. ഏതായാലും ഞാനെഴുതിയത് ഇവരൊക്കെ കോപ്പി ചെയ്തതാണെന്നു വിശ്വസിച്ചില്ലല്ലോ, വളരെ സന്തോഷം. :)

  റാല്‍മിനോവിനോട്,
  നന്ദി :)

  ശാലിനിയോട്,
  :) ഹി ഹി ഹി, അല്ലാതെന്താ എനിക്കു പണി, അമ്മയുണ്ടാക്കുന്നത് വെട്ടിവിഴുങ്ങുകയല്ലാതെ :P. അതു സത്യം, മാര്‍ക്കറ്റാണല്ലോ പ്രധാനം. ബ്ലാക്കെന്ന ചിത്രത്തിന്റെ സി.ഡി. ഇതുവരെ ഇറങ്ങിയിട്ടില്ല, അതുകഴിഞ്ഞിറങ്ങിയതിന്റെ വരെ ലഭ്യമാണ്. എന്താ ചെയ്ക! ഊഹം ശരിയാവുമെന്നു തോന്നുന്നു.

  മന്‍സൂറിനോട്,
  വളരെ നന്ദി. :)

  ദീപുവിനോട്,
  വരുമായിരിക്കും; അല്ലെങ്കില്‍ എന്തെങ്കിലും ചലച്ചിത്രമേളയ്ക്കെങ്കിലും വരും.

  പതാലിയോട്,
  അതെയതെ, ഇങ്ങിനെ എഴുതുവാന്‍ എന്തെങ്കിലും ഉള്ള ചിത്രമാവണമല്ലോ, മാത്രവുമല്ല സമയവും വേണം.

  ഇഞ്ചിപ്പെണ്ണിനോട്,
  നന്ദി. :)

  ചില നേരത്തിനോട്,
  സത്യം എന്തെന്ന് എനിക്കറിയില്ല. ശ്യാമപ്രസാദിന്റെ മറുപടി ഞാന്‍ കണ്ടിരുന്നില്ല. മാതൃഭൂമിയില്‍ തന്നെയാണോ അതും വന്നത്? കഥാകൃത്ത് കെ.ആര്‍. മീരയുടെ പേര് ഞാന്‍ ക്രെഡിറ്റ്സില്‍ കണ്ടതായി ഓര്‍ക്കുന്നില്ല(ഉണ്ടായിരുന്നിരിക്കാം, ഞാന്‍ കാണാത്തതാവാം...). ഞാന്‍ പറഞ്ഞുവല്ലോ, സുഭാഷ് ചന്ദ്രന്‍ അവിടെയെഴുതിയിരിക്കുന്നതെല്ലാം സത്യമാണെങ്കില്‍, ശ്യാമപ്രസാദ്-വിന്ധ്യന്‍ അങ്ങിനെ അദ്ദേഹത്തോട് കാണിച്ചത് ശരിയായില്ല. പക്ഷെ, സത്യം അറിയാത്തതുകൊണ്ട് ആരുടേയും പക്ഷം പിടിക്കുവാന്‍ വയ്യ. പ്രയോജനപ്പെടുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. വളരെ നന്ദി. :)

  വിയോട്,
  താങ്കളുടെ നിരൂപണങ്ങളും ഞാന്‍ ചിലപ്പോഴൊക്കെ കാണാറുണ്ട്. ചെറിയ അക്ഷരങ്ങളും, എനിക്ക് അത്ര ദഹിക്കാത്ത ലേ-ഔട്ടും പലപ്പോഴും വായനയെ നിരുത്സാഹപ്പെടുത്തുന്നു. (കാണുവാന്‍ നല്ല ഭംഗിയുണ്ട്, പക്ഷെ യൂസര്‍ ഫ്രണ്ട്‌ലി ആണൊ എന്നൊരു സംശയം, എന്റെ തോന്നലാവാം.) വായിച്ചതിനും കമന്റിയതിനും വളരെ നന്ദി. :)
  --

  ReplyDelete
 19. ഹരി.. ഇന്നു കണ്ടു ഒരേ കടല്‍ .. അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല ഫിലിം ...പക്ഷെ മമ്മൂട്ടിയേക്കാള്‍ നന്നായത് മീരയല്ലെ;)

  ReplyDelete
 20. Haree gud review. I saw the film felt that it is very good.Mammootty and Meera rocks.
  Mammootty's subtle perfomance can be rated as his best especially as womaniser. Meera's best as matured lady.but I think in climax Mammootty overtakes meera in perfoamnce!!
  It can be categorised as one ofthe most memorable movies for me.

  ReplyDelete
 21. ഹരീ, നിരൂപണം മുഴുവന്‍ വായിച്ചില്ല, സിനിമ കണ്ടിട്ട് വായിക്കാം എന്ന് വെച്ചു. പടം നന്നാവുമെന്നതില്‍ എനിക്ക് സംശയമേ ഇല്ല. ടി.വിയില്‍ കണ്ടിടത്തോളം വിഷ്വല്‍‌സ് നന്നായിട്ടുണ്ട്.ഗാനങ്ങള്‍ നന്ന്. വരികള്‍ ഇവിടെ കാണാം. http://www.fileden.com/files/2007/2/15/777087/Blog/Ore%20kadal.pdf

  ReplyDelete
 22. ഇട്ടിമാളുവിനോട്,
  ആരിത്, ഞാനോര്‍ത്തു ഈ വഴിയൊക്കെ മറന്നൂന്ന്. ;) നന്ദീട്ടോ, മമ്മൂട്ടിയേക്കാല്‍ അഭിനയ സാധ്യതയുള്ള കഥാപാത്രവും മീരയുടേതല്ലായിരുന്നോ? മമ്മൂട്ടിയേക്കാളും മീരയേക്കാളും സിനിമയല്ലേ നന്നായത്? :)

  വിനുവിനോട്,
  വളരെ നന്ദി. :)

  ദൃശ്യനോട്,
  കണ്ടിട്ട് അഭിപ്രായം പറയണേ... വരികളുടെ ലിങ്കിന് നന്ദി. :)
  --

  ReplyDelete
 23. ജീവിത്തില്‍ കണ്‍ട തറ പടങ്ങളില്‍ ഒന്ന്.മമ്മൂട്ടി എന്ന നടന്‍റെ അതുല്യമായ അഭിനയവും
  അവുസേപ്പച്ചന്‍‌റെ സംഗീതവും
  ഒഴിച്ചുനിര്‍ത്തിയാല്‍ ശ്യാമപ്രസാദിന്‍റെ ജാഡ മാത്രമേ ഇതില്‍ ഉള്ളൂ.സുഭാഷ് ചന്ദ്രന്‍‌ പറഞ്ഞപോലെ യുക്തിയില്ലാത്ത പെണ്‍കാമം മാത്രം.മധ്യവര്‍ഗ മലയാളിയുടെ മനശാസ്‌ത്രം ശ്യാമപ്രസാദിന്‌ അറിയില്ലെന്നുണ്ടോ. അറിയില്ലെങ്കില്‍ അതൊരുപാപം തന്നെയാണ്.
  പത്രങ്ങളില്‍ വരുന്ന കൂട്ടആത്മഹത്യാ വാര്‍ത്തകളൊന്നും ശ്യാമപ്രസാദ് വായിക്കുന്നില്ലേ.
  ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിന്‌ മറുപടി നല്‍കാന്‍ മീരയെകൊണ്ടു കഴിയുന്നില്ല.മീരക്കു പകരം പത്മപ്രിയ ആയിരുന്നെങ്കില്‍ നന്നായേനേ എന്നു തോന്നി.
  നരേന്‍ എന്ന നടന്‌ അങ്ങനെ ഒരു വേഷം നല്‍കാന്‍ സംവിധായകനു എങ്ങ്നെ ധൈര്യം വന്നു.പകരം മാനോജ് കെ.ജയനോ ബിജു മേനോനൊ ആ വേഷം നല്‍കാമായിരുന്നു.
  (സുകൃതം,മേഘമല്‍ഹാര്‍ എന്നീ സിനിമകളെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നതു ബുദ്ധിയല്ല എന്നു കരുതിക്കാണും).

  ReplyDelete
 24. മൈക്കണ്ണന്‍ പറഞ്ഞതിനൊടു യോജിക്കാനാവുന്നില്ല.
  ഹരീ എന്തു പറയുന്നു?

  ReplyDelete
 25. മൈക്കണ്ണനോട്,
  കണ്ണടച്ചിരുട്ടാക്കുന്നതില്‍ എന്തു പ്രയോജനം, ഇങ്ങിനെയൊന്നും നടക്കുന്നില്ല എന്നാണോ? അത് നല്ലതെന്നോ ചീത്തയെന്നോ സംവിധായകന്‍ പറയുന്നുണ്ടോ, പ്രേക്ഷകരുടെ യുക്തിക്ക് വിടുകയല്ലേ ചെയ്തിരിക്കുന്നത്? സുകൃതവുമായോ, മേഘമല്‍ഹാറുമായോ ഒരു ബന്ധവും ഈ സിനിമയ്ക്കില്ല; പാപവും പുണ്യവുമൊക്കെ വിശ്വാസങ്ങളിലും നിയമങ്ങളിലും അധിഷ്ഠിതമാണല്ലോ! ശാശ്വതമായി ഒരു പാപവുമില്ല, ഒരു പുണ്യവുമില്ല. നന്ദി. :)

  വിനുവിനോട്,
  ഞാനും യോജിക്കുന്നില്ല, ‘തറ’പടം എന്ന വിശേഷണത്തോട്. എനിക്ക് ചിത്രത്തെപ്പറ്റി പറയുവാനുള്ളതാണല്ലോ ഈ പോസ്റ്റ്. :)
  --

  ReplyDelete
 26. ഹരിയുടെ റിവ്യൂ വായിച്ച്‌ ഓടിച്ചെന്നതാണ്‌, പടം കാണാന്‍. പക്ഷേ രമ്യാതീയേറ്ററില്‍ 'ഒരേകടല്‍' എന്നേ മാറിക്കഴിഞ്ഞു. (at Thiruvananthapuram) കഷ്ടം

  ReplyDelete
 27. ഹരീ ക്ഷമിക്കൂ, 'ഒരേകടല്‍' രമ്യയില്‍ മാറിയിട്ടില്ല. എനിക്ക്‌ പറ്റിയ ഒരബദ്ധം

  ReplyDelete
 28. അങ്കിളിനോട്,
  :) അതുല്യയിലെ ചിത്രവും ഇതാണ്. ഇവിടെ നോക്കിയാല്‍ ഓരോ തിയേറ്ററിലേയും സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. നൌറണ്ണിംഗ്.കോമിലും ലഭ്യമാണ്.
  --

  ReplyDelete
 29. അല്‍പം വൈകിയാണ്‌ ഒരേ കടല്‍ കണ്ടത്‌. തിയേറ്ററില്‍ നിന്നു മാറിയേക്കുമോ എന്നു ഭയമുണ്ടായിരുന്നു. എന്തായാലും പടം ഏറെ ഇഷ്ടപ്പെട്ടു. കുറേ നാള്‍ കൂടിയിട്ടാണ്‌, കയ്യൊപ്പിനു ശേഷം, ഒരു നല്ല പടം കണ്ടത്‌. പടത്തിലെ ജയന്റെ ആദ്യ ഭാഗത്തെ അവസ്ഥയിലാണു ഞാനിന്ന്‌. പക്ഷേ മനസ്സ്‌ പലയിടത്തും നാഥനോടു താദാത്മ്യം പ്രാപിക്കുന്നതായി തോന്നിയിരുന്നു. ശ്യാമപ്രസാദ്‌ പറയുന്നത്‌ നഗ്നമായ യാഥാര്‍ഥ്യങ്ങള്‍ മാത്രമാണ്‌. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന തൊഴില്‍രഹിതരെപ്പറ്റി ഓര്‍ത്ത്‌്‌ പരിതപിക്കുകയും ജീവിതം ആനന്ദം മാത്രമാണെന്നു ധരിച്ചുവശാവുകയും ചെയ്യുന്നവര്‍ക്ക്‌ നാഥന്റെ പരിവര്‍ത്തനത്തിലൂടെ ശ്യാമപ്രസാദ്‌ കനത്ത പ്രഹരമാണു നല്‍കുന്നത്‌. നമ്മുടെ മധ്യവര്‍ഗം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിത്‌. പക്ഷേ ഹരീ, എനിക്കു പിന്നില്‍ അതുല്യയില്‍ പടം കണ്ടിരിന്ന മൂന്നുയുവാക്കള്‍, രണ്ടാണും ഒരു പെണ്ണും, പെണ്ണ്‌ വസ്‌ത്രവിധാനത്തില്‍ ആണുങ്ങള്‍ക്കൊപ്പം, ചിത്രത്തിലെ പല രംഗങ്ങളോടും പുച്ഛച്ചിരിയോടെ പ്രതികരിക്കുന്നത്‌ എനിക്കു കേള്‍ക്കാമായിരുന്നു. ഏറെക്കാലംകൂടി നായകനു പിന്നില്‍ കറങ്ങിയൊടുങ്ങാന്‍ മാത്രം വിധിക്കപ്പെടാത്തൊരു പെണ്‍കഥാപാത്രത്തെ കാണാനായതും സന്തോഷമായി. എനിക്കിഷ്ടപ്പഎട്ടത്‌ മമ്മൂട്ടിയേക്കാള്‍ മീരയേയാണ്‌.
  മൈക്കണ്ണനെപ്പോലുള്ളവര്‍ക്ക്‌ ഇതൊരു തറപ്പടമായിരിക്കാം. കാരണം അവര്‍ക്കൊക്കെ സിനിമയുടെ സമ്പന്നലോകം മാത്രം മതി.

  ReplyDelete
 30. ഒരേ കടല്‍ കണ്ടു, ഭീകരം. അതല്ലാതെ ഈ ചിത്രത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. തനിക്കറിയാത്തതിനെ കുറിച്ച് പറയാതിരിക്കുക, അതാണ് വിവരവും ബുദ്ധിയുമുള്ള മനുഷ്യര്‍ക്ക് ഭൂഷണം. ഈ ശ്യാമപ്രസാദിന് so called middle class life നെ കുറിച്ച് ഒര് ചുക്കും അറിയില്ലെന്ന് വലിയ വായില്‍ വിളിച്ച് പറയുകയാണ് ‘ഒരേ കടല്‍’. ശ്യാമപ്രസാദ് ‌- സുഭാഷ് ചന്ദ്രന്‍ തര്‍ക്കത്തിനൊടുവില്‍ സുഭാഷ് പറഞ്ഞ്ത് “ the story lacks simple logic. it is something that is very much psychological, something that happens inside the mind of the girl(meera jasmin). it is unfit for filiming" എന്നാണ്. ഇപ്പോള്‍ മനസിലായി, അദ്ദേഹം എന്തിന് അങ്ങനെ പറഞ്ഞുവെന്ന്...
  it could have been better if shown in Nadan's perspective. again, the whole thing should have to be in another canvaas...

  Yet again, Mammootty was exceptionaly Good, great infact... superb.

  Nice work, haree, good going.

  ReplyDelete
 31. അക്ഷരപ്പൊട്ടനോട്,
  കമ്പനിപൂട്ടി ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണെന്നോ? തിരു.പുരത്ത് ഏത് കമ്പനിയാണ് പൂട്ടിയത്? പുച്ഛം, പരിഹാസം, തെറിവിളി ഇതൊക്കെയും ഉത്തരം മുട്ടുന്നവന്റെ ആയുധങ്ങളാണ്. ഒരുപക്ഷെ ശ്യാമപ്രസാദ്, ആ പെണ്‍കുട്ടിക്കു മുന്നിലുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലായിരിക്കും!

  മമ്മദ് ഷൈനോട്,
  :) നമ്മള്‍ തമ്മില്‍ ഒരുവഴിക്കു പോവില്ല എന്നതിനാല്‍, എനിക്കതിശയമില്ല. പക്ഷെ, ഇതില്‍ ദീപ്തിയുടെ വീക്ഷണത്തിലാണ് കഥ പൂര്‍ണ്ണമായും പറഞ്ഞിരിക്കുന്നത് എന്നെനിക്കു തോന്നുന്നില്ല. നാഥന്റേയും ജയന്റേയും ചെറിയൊരു ഭാഗം ബാലയുടേയുമൊക്കെ വീക്ഷണത്തിലൂടെയാണ് ചിത്രം ചരിക്കുന്നത്. സുഭാഷിന്റെ അഭിപ്രായത്തോടും എനിക്ക് യോജിപ്പില്ല. ചിത്രം വളരെ മികച്ച ഒന്നെന്ന് ഞാന്‍ കരുതുന്നില്ലെങ്കിലും, മോശമാണെന്നും കരുതുന്നില്ല.
  --

  ReplyDelete
 32. ഹരീ,
  അങ്ങനെ ഒന്നും നടക്കുന്നില്ല എന്നല്ല പറഞ്ഞത്. അതെല്ലാം നടക്കുന്നതുതന്നെ.(ഇതിലും എത്ര തീവ്രമാണ് എന്റെ അനുഭവങ്ങള്‍!!!)പക്ഷേ സിനിമയില്‍ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് യുക്തിക്ക് നിരക്കുന്ന രീതിയില്‍ അല്ല എന്ന് തോന്നുന്നു.തിരക്കഥയിലെ പാളിച്ചകള്‍തന്നെ.ഒരു നല്ല സിനിമ ആകുമായിരുന്ന സബജക്റ്റ്.മാധവിക്കുട്ടി ‘എന്റെ കഥയില്‍’അവതരിപ്പിക്കുമ്പോലെയുള്ള ഒരു അനുഭവതലമാണിത്. കഥാപത്രങ്ങളുടെ മാനസിക സഘര്‍ഷങ്ങളെ അവതരിപ്പിക്കുന്നതിനു സിനിമയുടെ ഭാഷക്കു പരിമിതി ഏറെയാണ്,അതിനെ മറികടക്കാന്‍ ദൃശ്യഭാഷയില്‍ സംവിധായകന് കയ്യടക്കം വേണം.അക്കാര്യത്തില്‍ ശ്യാമപ്രസാദ് പരാജയപ്പെട്ടു.ആധികാരികമായി സിനിമയെപ്പറ്റിപ്പറയാന്‍ ഞാന്‍ ആളല്ല.നല്ല കുറച്ചു സിനിമകള്‍ കാണാന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട് അത്രമാത്രം.
  ഒരുപാട് പ്രതീക്ഷയോടെ പോയിക്കണ്ടിട്ട് നിരാശയോടെയാണ് തിരിച്ചിറങ്ങിയത്.ആ വിഷമത്തിലാണ് തറപ്പടം എന്നു പറഞ്ഞത്,ഏതായാലും ആ പ്രയോഗം പിന്‍‌വലിക്കുന്നു

  ReplyDelete
 33. ഈ സംവാദത്തില്‍ പങ്കെടുത്ത, പങ്കെടുക്കുന്ന എല്ലാവരുടേയും അറിവിലേക്ക്‌.
  ഒരേ കടല്‍ തിരക്കഥാ വിവാദം പലരും പരാമര്‍ശിച്ചിരുന്നുവല്ലോ. സുഭാഷ്‌ ചന്ദ്രന്റെ ആരോപണങ്ങള്‍ക്ക്‌ ശ്യാമപ്രസാദ്‌ മറുപടി നല്‍കുകയും ചെയ്‌തു. താന്‍ നിരവധി എഴുത്തുകാരെ തിരക്കഥ മോടിപിടിപ്പിക്കാന്‍ സമീപിച്ചുവെന്നും ആരിലും തൃപ്‌തരാകാതെ ഒടുവില്‍ കെ.ആര്‍.മീരയാണ്‌ ആ ജോലി നിര്‍വഹിച്ചതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്‌. അന്നുതന്നെ ഞാന്‍ കെ.ആര്‍.മീരയെ വിളിച്ച്‌ വെറുതേ സംസാരിച്ചപ്പോള്‍ ഇക്കാര്യം മീര ശരിവയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ശ്യാമപ്രസാദ്‌ സുഭാഷിനോട്‌ ചെയ്‌തത്‌ മറ്റൊരുവിധത്തില്‍ മീരയോടും ആവര്‍ത്തിച്ചു. ഒന്നു രണ്ടു വാര്‍ത്തകളില്‍ സംഭാഷണം- കെ.ആര്‍.മീര എന്നു നല്‍കിയ സംവിധായകന്‍ സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ നിന്നു കെ.ആര്‍.മീര എന്ന പേര്‌ പൂര്‍ണമായും ഒഴിവാക്കി. ഹരി ആ പേര്‌ കാണാതിരുന്നത്‌ അതിനാലാണ്‌. പകരം സിനിമ തീര്‍ന്നു കഴിഞ്ഞ്‌ ഓടിപ്പോകുന്ന സഹായികളുടെ പേരിനൊപ്പമാണ്‌ മീരയുടെ പേര്‍ ചേര്‍ത്തത്‌. ന്യായമായും തിരക്കഥ, സംഭാഷണം- ശ്യാമപ്രസാദ്‌, കെ.ആര്‍.മീര എന്നാണു ചേര്‍ക്കേണ്ടിയിരുന്നത്‌. സിനിമയുടെ തിരക്കഥാരചനയില്‍ ക്രിയാത്മകസഹകരണം പ്രതിഫലം വാങ്ങിത്തന്നെ (തുച്ഛമാണെങ്കിലും) ചെയ്‌ത വ്യക്തിക്ക്‌ വസ്‌ത്രാലങ്കാരകന്റെ പ്രാധാന്യംപോലും നല്‍കാതിരുന്നതിനെ ന്യായീകരിക്കാനാകുമോ. മീര ഇതുവരെ ഇക്കാര്യം പുറത്തു പറഞ്ഞിട്ടില്ല. ഗള്‍ഫില്‍ ഏഷ്യാനെറ്റ്‌ റേഡിയോ കഴിഞ്ഞദിവസം പ്രക്ഷേപണം ചെയ്‌ത ശ്രീകണ്‌ഠന്‍നായര്‍ ഷോയില്‍ മാത്രമാണ്‌ ഇതു വെളിപ്പെടുത്തിയിരിക്കുന്നത്‌. ബ്ലോഗില്‍ നല്‍കാമെന്നു ഞാന്‍ പറഞ്ഞെങ്കിലും വരട്ടെ എന്ന മറുപടിയാണു മീര നല്‍കിയത്‌. ഇതൊന്നും തന്റെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നാണത്രെ ശ്യാമപ്രസാദ്‌ മീരയ്‌ക്കു നല്‍കിയ മറുപടി. പുതിയ എഴുത്തുകാര്‍ ഉണ്ടാകാത്തതാണു മലയാള സിനിമയുടെ പ്രതിസന്ധിക്കു കാരണമെന്നു ലോഹിതദാസ്‌ പറഞ്ഞതും ഈ സംഭവവും തമ്മില്‍ കൂട്ടിവായിക്കുക. കൊടുംചതിയുടെ സിനിമാരംഗത്ത്‌ എങ്ങിനെ പുതിയവര്‍ വളര്‍ന്നു വരാനാണ്‌...

  ReplyDelete
 34. കമ്പനി പൂട്ടിയതല്ല, നിര്‍ദാക്ഷിണ്യം അകാരണമായി ഇറക്കിവിട്ടു. മുന്‍ഷി അനില്‍ബാനര്‍ജി. നല്ല ശമ്പളത്തില്‍ ജോലിചെയ്‌തിരുന്നിടത്തു നിന്ന്‌ അയാള്‍ വിളിച്ചതുകേട്ട്‌ ിറങ്ങിപ്പുറപ്പെട്ടതാണ്‌. അയാളുടെ ഇന്റര്‍നെറ്റ്‌ മാഗസിനില്‍ എഡിറ്ററാകാന്‍. സംഗതി ഇതുവരെ തുടങ്ങിയിട്ടില്ല. എന്റെ ഗതി ഇതായി. വൈകാതെ ബ്ലോഗില്‍ അതേപ്പറ്റി ഞാന്‍ എഴുതുന്നുണ്ട്‌.

  ReplyDelete
 35. ഒരു ഫിലിം കണ്ടപ്പോള്‍ ഒരേ കടല്‍ പോലെ തോന്നി നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ ?

  http://www.imdb.com/title/tt0250797/

  ReplyDelete