നിവേദ്യം (Nivedyam)

Published on: 8/30/2007 12:12:00 AM
Nivedyam, Naivedyam, Lohitha Das, Lohita Das, Lohitadas, Lohithadas, Vinu Mohan, Bhama, Nedumudi Venu, Bharath Gopi, Kottarakkara, Onam Release, August, Malayalam Movie Review, Film, Cinema
മലയാളത്തിന് ധാരാളം നല്ല സിനിമകള്‍ നല്‍കിയിട്ടുള്ള തിരക്കഥാകൃത്തും സംവിധായകനുമാണ് ലോഹിതദാസ്. എന്നാല്‍ അദ്ദേഹത്തിന്റെ സമീപകാല ചലച്ചിത്രങ്ങള്‍; സൂത്രധാരന്‍(2001), കസ്തൂരിമാന്(2003)‍, ചക്കരമുത്ത്(2006) തുടങ്ങിയവ, പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ സിനിമകളുടെ നിലവാ‍ര തകര്‍ച്ച വളരെ സ്പഷ്ടമായി കാണുവാന്‍ സാധിക്കും. ലോഹിതദാസ് കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാക്കി സംവിധാനം ചെയ്തിരിക്കുന്ന ‘നിവേദ്യ’ത്തിന്റെ കഥയും വ്യത്യസ്തമല്ല. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഒമര്‍ ഷരീഫ്.

പ്രതിഭാധനന്‍, പക്ഷെ സാമ്പത്തികമായി നല്ല സ്ഥിതിയിലല്ലാ‍യിരുന്ന, ഒരു അച്ഛന്റെ മകനാണ് സി.കെ. മോഹനകൃഷ്ണന്‍(വിനു മോഹന്‍). അമ്മയേയും, അസുഖക്കാരിയാ‍യ പെങ്ങളേയും പോറ്റേണ്ട ഉത്തരവാദിത്തം നിമിത്തം; ജന്മം കൊണ്ട് നമ്പൂതിരിയാണെങ്കിലും, ആശാരിപ്പണിയെടുത്താണ് അധികം പഠിപ്പില്ലാത്ത മോഹന്‍ ഉപജീവനം കഴിക്കുന്നത്. അവിചാരിതമായി സിനിമാഗാന രചയിതാവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ കണ്ടുമുട്ടുന്നതോടെ മോഹന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാവുന്നു. കൈതപ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം മോഹന്‍, പ്രതാപശാലിയായ രാമവര്‍മ്മ തമ്പുരാന്റെ (ഭരത് ഗോപി) അടുത്തെത്തുന്നു. ഒരു ജോലി തരമാക്കുകയായിരുന്നു ഉദ്ദേശം. തമ്പുരാന്‍ അവരുടെ കുടുംബക്ഷേത്രത്തില്‍ കീഴ്‌ശാന്തിയുടെ ജോലി നല്‍കുന്നു. സത്യഭാമ (ഭാമ) എന്ന പെണ്‍കുട്ടിയെ അവിടെവെച്ച് മോഹന്‍ പരിചയപ്പെടുന്നു, കൂടുതലറിയുന്നു, അവര്‍ സ്നേഹത്തിലുമാവുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് ‘നിവേദ്യ’ത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ കഥയും തിരക്കഥയും വളരെ ശുഷ്കമാണ്. മോഹനും, ഭാമയും അമ്പലത്തിനുള്ളില്‍ കൃഷ്ണനുമായി നീണ്ട സംഭാഷണങ്ങളിലേര്‍പ്പെടുന്ന ഭാഗമൊക്കെ വല്ലാതെ മടുപ്പിച്ചു. നായകനറിയാത്തതായൊന്നുമില്ല എന്നതാണ് മറ്റൊരു തമാശ. സംഗീതം, വാദ്യസംഗീതം, ക്ലേ മോഡലിംഗ്, പെയിന്റിംഗ് അങ്ങിനെ പോവുന്നു നായകന്റെ കഴിവുകളുടെ പട്ടിക. നായികയാണെങ്കില്‍ പാവപ്പെട്ട വീട്ടിലെ, ഒരു ഗതിയും പരഗതിയുമില്ലാത്ത, തന്റേടിയായ പെണ്‍കുട്ടിയും. പ്രണയിക്കുവാന്‍ കൃഷ്ണന്റെയൊരു അമ്പലവും! എത്രപറഞ്ഞാലും മതിവരില്ലെന്നു തോന്നുന്നു ഇത്തരത്തിലുള്ള കഥകള്‍. തുടക്കത്തില്‍ മോഹനും കൈതപ്രവുമായുള്ള പരിചയം തുടങ്ങുന്നതുമുതല്‍, വിശ്വാസ്യത തീരെയില്ലാത്ത ഒട്ടേറെ സംഭവങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട് ചിത്രത്തില്‍.

മണ്മറഞ്ഞ കലാകാരന്‍, കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകളുടെ മകനാണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനു മോഹന്‍. വിനുവിന്റെ അഭിനയത്തില്‍ പോരായ്മകളേറെയാണ്, പലപ്പോഴും അഭിനയം ‘ഓവര്‍ ആക്ടിംഗ്’ ആയി എന്നുവേണം പറയുവാന്‍. സത്യഭാമയുടെ അഭിനയവും ചിലയിടത്തൊക്കെ പാളിയെങ്കിലും; പുതുമുഖമെന്ന നിലയില്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ മോശമായില്ല. പലയിടത്തും ഭാമ, മഞ്ജു വാര്യരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്ത. പുതുമുഖങ്ങളായ അപര്‍ണ, സീതാലക്ഷ്മി, സൌമ്യ എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് പറയത്തക്ക പ്രാധാന്യമൊന്നുമില്ല ചിത്രത്തില്‍. ഭരത് ഗോപി, നെടുമുടി വേണു എന്നിവര്‍ അവരുടെ കഥാപാത്രങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചു പ്രേമന്‍, ശ്രീഹരി, വൈജയന്തി, ബിജു ബാബു തുടങ്ങിയവരാണ് ചിത്രത്തിലുള്ള മറ്റ് അഭിനേതാക്കള്‍. സംവിധായകന്‍ സിബി മലയില്‍, സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നിര്‍മ്മാതാവ് ഒമര്‍ ഷരീഫ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അവരവരായിത്തന്നെ തലകാണിക്കുന്നുണ്ട്.

ചിത്രത്തിലെ പ്രധാന ആകര്‍ഷണമായി പറയുവാനുള്ളത്, കേള്‍ക്കുവാന്‍ ഇമ്പമുള്ള ഗാനങ്ങളാണ്. കൈതപ്രം, ബിച്ചു തിരുമല, ലോഹിതദാസ് തുടങ്ങിയവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രന്‍. വിജയ് യേശുദാസ്, ശ്വേത എന്നിവര്‍ ചേര്‍ന്നാലപിച്ച ‘കോലക്കുഴല്‍ വിളികേട്ടോ’; ശങ്കരന്‍ നമ്പൂതിരി ആലപിച്ച ‘ചിറ്റാറ്റിന്‍ കാവില്‍, ഉപ്പന്‍ ചോദിച്ചു’ എന്നീ ഗാനങ്ങളാണ് കൂടുതല്‍ മികച്ചു നില്‍ക്കുന്നവ. ഗാനരംഗങ്ങളുടെ ചിത്രീകരണത്തില്‍ പറയത്തക്ക ആകര്‍ഷണീയതയോ പുതുമയോ ഇല്ല എന്നതും കൂട്ടത്തില്‍ പറയണം.

ഒരുപക്ഷെ ‘നന്ദനം’ പോലെയൊരു ചിത്രം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ വല്ലാതെ നിരാശപ്പെടുത്തും ഈ ചിത്രം. തനിയാവര്‍ത്തനത്തിലൂടെയും, കിരീടത്തിലൂടെയും, ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെയും, ഭരതത്തിലൂടെയും, അമരത്തിലൂടെയും; അവസാനമായി വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയും, മലയാളികള്‍ക്ക് ഒരുപിടി നല്ല ചലച്ചിത്രങ്ങള്‍ നല്‍കിയ ലോഹിതദാസിന്റെ തന്നെയാണോ ഇതുമെന്ന സംശയം അവശേഷിപ്പിച്ചാണ് ചിത്രം അവസാനിക്കുക. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുക എന്ന ഗുണപാഠം ഗായകര്‍ക്കുമാത്രമായുള്ളതല്ല, ലോഹിതദാസ് അതൊന്നോര്‍ത്തിരിക്കുന്നത് നന്നായിരിക്കും. കുറഞ്ഞപക്ഷം സംവിധായകന്റെ കുപ്പായമഴിച്ചുവെച്ച്, തിരക്കഥകളിലേക്ക് തിരിച്ചുപോവുകയെങ്കിലും ചെയ്യുക!
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
നിവേദ്യം - മലയാളം മൂവി റിവ്യൂസ്


Read More:Keywords: Nivedyam, Naivedyam, Lohitha Das, Lohita Das, Lohitadas, Lohithadas, Vinu Mohan, Bhama, Nedumudi Venu, Bharath Gopi, Kottarakkara, Onam Release, August, Malayalam Movie Review, Film, Cinema.
--

18 comments :

 1. പുതുമുഖങ്ങള്‍ നായികാനായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ലോഹിതദാസ് ചിത്രമായ ‘നിവേദ്യ’ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഹരി അവസാനം പറഞ്ഞതു തന്നെയേ പറാനുള്ളൂ. രഞ്ജിത്തും രഞ്ജന്‍ പ്രമോദും പഠിച്ചു. ലോഹിസാറും പഠിച്ചാല്‍ കൊള്ളാം. ഇല്ലേല്‍ പ്രേക്ഷകര് ഇനിയും പഠിപ്പിക്കും. അത്രേയുള്ളൂ.

  നാട്ടിലൊരു പഴഞ്ചൊല്ലുണ്ട്.
  ചാണ്ടി നല്ല കുടിയനാണ്, എന്നു വച്ചു നാളെ മുതല്‍ സ്വന്തമായി തെങ്ങുചെത്താമെന്നു വിചാരിക്കരുത്!!

  ReplyDelete
 3. സുനീഷേ!! അത്താണ് പോയിന്റ്!

  ലോഹിതദാസ് മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്താണ്, സംവിധായകനല്ല എന്ന് നമുക്കെല്ലാമറിയാം. പക്ഷെ, എത്ര പറഞ്ഞിട്ടും ആള്‍ വിശ്വസിക്കുന്നില്ല. ക്യാ കരൂം.

  ആളത് മനസ്സിലാക്കിയിരുന്നെങ്കില്‍ ആളുടെ നല്ല കുറച്ച് തിരക്കഥകള്‍ ഇങ്ങിനെ സ്ക്രാപ്പായി പോകില്ലായിരുന്നു.

  ഹരീ.. റിവ്യൂവിന് താങ്ക്സ്.

  ReplyDelete
 4. കസ്തൂരിമാനും സൂത്രധാരനും അത്ര മോശമില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം.. ചക്കരമുത്ത് പോക്കായിരുന്നു.

  അതെന്തുമാവട്ടെ, ലോഹിതദാസിന്റെ സംവിധാനം അത്രയ്ക്കങ്ങ് പോര എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.

  ഏതായാലും ഓണത്തിനെത്തിയ പടങ്ങള് കൊള്ളാം.. ഇനിയിപ്പോ 31ന് രാം ഗോപാല്‍ വര്‍മ്മയുടെ “ആഗ്” (ഷോലെയുടെ റീമേക്ക്) കാണാന്‍ പോകാം..

  സുനീഷണ്ണാ, അ പറഞ്ഞത് പോയിന്റ്!

  ReplyDelete
 5. കസ്തൂരിമാന്‍ നല്ല സിനിമയല്ലായിരുന്നോ ഹരി. സൂത്രധാരനും മോശമല്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

  ഹരിയുടെ സിനിമാവലോകനം വായിച്ചിട്ട് സിനിമ കാണാന്‍ പോയാല്‍ വിമര്‍ശന ബുദ്ധ്യാ സിനിമ കാണാന്‍ കഴിയും. ഇറങ്ങുന്ന എല്ലാ സിനിമയും ആദ്യ ദിനങ്ങളില്‍ തന്നെ കാണാനും അതിന്റെ വിശേഷങ്ങള്‍ കുറിച്ചിടാനും കാട്ടുന്ന ഈ താത്പര്യം അഭിനന്ദനം അര്‍ഹിക്കുന്നു.

  സുനീഷേ, കള്ളില്ലാതെ ഒരു കമന്റ് പോലും വരില്ലാന്നായോ? ---->സ്മൈലി കണ്ടല്ലോ :)

  ReplyDelete
 6. കസ്തൂരിമോന്‍ എനിക്കിഷ്ടപ്പെട്ട സിനിമയായിരുന്നു.

  സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്താന്‍ സംവിധായകന്‍ എന്ന നിലയില്‍ ലോഹിതദാസിന്റെ സ്വരം അത്രയ്ക്കങ്ങ് നന്നായിട്ടുണ്ടോ? നന്നാവുമോ എന്ന് നോക്കുകയായിരിക്കും :)

  “നല്ല” സംവിധായകര്‍ക്ക് വേണ്ടി”നല്ല” കുറെ തിരക്കഥകള്‍ അദ്ദേഹം രചിച്ചിരുന്നെങ്കില്‍ “നല്ല” കുറെ സിനിമകള്‍ കിട്ടിയേനെ മലയാളത്തിന് എന്നൊരു പ്രതീക്ഷ ഇനിയും.

  ReplyDelete
 7. സുനീഷ് തോമസിനോട്,
  ഹ ഹ ഹ, കള്ളുകമന്റ് കൊള്ളാം. :)

  വിശാലമനസ്കനോട്,
  അതു തന്നെ, ക്യാ കരൂം! നന്ദി. :)

  ബാലുവിനോട്,
  അതെയതെ, ആഗും ചക്-ദേയുമൊക്കെ കാണാനാണ് ഓണത്തിന് മലയാളിയുടെ വിധി.

  അഞ്ചല്‍കാരനോട്,
  വളരെ നന്ദി. എനിക്കു ഇതിപ്പോളൊരു അക്കാഡമിക് ഇന്ററസ്റ്റായി മാറിയിട്ടുള്ളതുപോലെ. :)

  വക്കാരിയോട്,
  ഹ ഹ ഹ... മൊത്തത്തിലുള്ള സ്വരത്തിന്റെ കാര്യാണ് ഉദ്ദേശിച്ചത്. :)

  എല്ലാ‍വരോടും,
  കസ്തൂരിമാന്‍, സൂത്രധാരന്‍ എന്നിവ മോശമായിരുന്നു എന്നല്ല പറഞ്ഞതിനര്‍ത്ഥം. അതിന്റെയൊക്കെയും തിരക്കഥയും ലോഹിതദാസ് തന്നെയായിരുന്നുവല്ലോ? എന്നാല്‍ ലോഹിതദാസിന്റെ ആദ്യകാല തിരക്കഥകളെ അപേക്ഷിച്ച് (അവസാനം പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങള്‍) അവയുടെ നിലവാരം താഴെയായിരുന്നു. സൂത്രധാരനും കസ്തൂരിമാനും എനിക്ക് അത്രയൊന്നും ഇഷ്ടമായവയുമല്ല. തരക്കേടില്ലാത്ത രണ്ടു ചിത്രങ്ങള്‍, അത്രയുമേയുള്ളൂ എന്നാണ് എന്റെ പക്ഷം.
  --

  ReplyDelete
 8. അപ്പം ആ കാശും ലാഭം...നന്ദി ഹരീ...

  ReplyDelete
 9. നിവേദ്യം മോശമായ പടം ആണെന്ന്‌ എഴുതാം... ഈ പടം കാണുന്നതിലും നല്ലത്‌ കൊല്ലത്തു പോയാല്‍ ഫ്രീ ആയി കിട്ടുമായിരുന്ന കള്ളു കുടിക്കുന്നതായിരുന്നു എന്നെഴുതാം...പക്ഷെ നമുക്കു മോശമെന്നു തോന്നിയ രണ്ടു മൂന്നു പടങ്ങള്‍ ചെയ്തെന്നു വെച്ചു ഭൂതകണ്ണാടിയും, അരയന്നങ്ങളുടെ വീടും, കാരുണ്യവും, വീണ്ടും ചിലവീട്ടുകാര്യങ്ങളും ഒക്കെ ചെയ്ത ഒരു സംവിധായകനൊടു 'കുറഞ്ഞപക്ഷം ...തിരക്കഥകളിലേക്ക്‌ മടങ്ങി പോവുക' എന്നൊക്കെ പറയുന്നത്‌ കുറച്ച്‌ കൂടി പോയില്ലേ?
  ഉവ്വോ? ഇണ്ടോ? ഇല്ല്യേ?

  ReplyDelete
 10. ഹരീ...നിവേദ്യത്തിന്റെ സ്വാദറിയാന്‍ ആകാംക്ഷയോടെ കാത്തിരുന്നതാണ്.ലോഹി നിരന്തരം നിരാശപ്പെടുത്തുകയാണല്ലോ?!
  പലരും പറഞ്ഞതുപോലെ കസ്തൂരിമാന്‍ ലോഹിയുടെ കൈപ്പിഴയായി എനിക്കും തോന്നിയിരുന്നില്ല കേട്ടോ?!
  നിവേദ്യത്തിലെ കല്ലുകടി ലോഹിയോടുള്ള മമതകുറക്കുമെന്നുറപ്പ്!
  ചുരുങ്ങിയപക്ഷം ഒരു നല്ല നായികയെത്തരുന്ന ചടങ്ങെങ്കിലും ഈ സിനിമയിലൂടെ സാധ്യമായിക്കണ്ടാല്‍ മതിയായിരുന്നു.പുള്ളിക്ക് അതൊരു സ്ഥിരം ചടങ്ങായ സ്ഥിതിക്ക്...!!

  ReplyDelete
 11. മൊട്ടുസൂചീ, വീണ്ടും ചില വീട്ടുകാര്യങ്ങളുടെ സംവിധാനം സത്യന്‍ അന്തിക്കാടാണ്.

  ReplyDelete
 12. Bhoothakannadi was really good....Even Arayannangalude veedu,Kanmadham and Kasthooriman were above average.I think he did Joker and Karunyam too....But Lohi's last few movies had some serious spelling mistakes....Somewhere in the middle ,he was loosing his grip.Was it due to lack of good actors/actresses?Manju warrier (Kanmadham) and Meera Jasmine (Kasthooriman) performed exceptionally well in Lohis movies.Hope Bhama will be a good pick for Malayalam cine industry.

  ReplyDelete
 13. ശരിയാണല്ലൊ....വക്കാരി ചേട്ടാ, നന്ദി.....ഇതു എനിക്കു മുമ്പും പറ്റിയതായി ഓര്‍ക്കുന്നു....ലോഹിതദാസിന്റെ പടങ്ങളുടെ കൂട്ടത്തില്‍ 'വീണ്ടും ചില വീട്ടു കാര്യങ്ങള്‍' ഞാന്‍ പറഞ്ഞപ്പൊള്‍ എന്റെ ഒരു സുഹുര്‍ത്ത്‌ അന്ന് എന്നേ തിരുത്തുകയും ചെയ്തു...പക്ഷെ ഇതെന്താവൊ എന്റെ തലേല്‍ക്കേറാത്തെ...

  തെറ്റായ വിവരം എഴുതിയതില്‍ ക്ഷമ ചോദിക്കുന്നു...

  ReplyDelete
 14. പോക്കിരി വാസുവിനോട്,
  നന്ദി. ഈ കാശൊക്കെ ലാഭിച്ചിട്ട് എന്താ ചെയ്യണേ? :)

  മൊട്ടുസൂചിയോട്,
  കൂടിപ്പോയോ? ലോഹിതദാസ്, സംവിധായകന്‍ എന്നതിനേക്കാള്‍ തിരക്കഥാകൃത്തായാണ് ശോഭിച്ചിരിക്കുന്നത്. എന്റെ ആ ഒരു വരിയെ ‌‌+വ് ആയെടുത്താല്‍ നന്നായിരുന്നു. നിവേദ്യം എന്ന ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയിലാണ്, എന്റെ കമന്റ്. ഒരു പുതുസംവിധാ‍യകനായിരുന്നു ഇതെടുത്തിരുന്നെങ്കില്‍, സംവിധാനം തുടരരുത് എന്ന് പറയുമായിരുന്നു. ലോഹിതദാസായതുകൊണ്ട് ഇങ്ങിനെ പറഞ്ഞെന്നു മാത്രം. :)

  ഹരിയണ്ണനോട്,
  കസ്തൂരിമാനിന്റെ കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നുവല്ലോ... ഭാമയ്ക്ക് ഒരു നല്ല നടിയാകുവാന്‍ കഴിവുണ്ടെന്നു കരുതുന്നു. നന്ദി. :)

  വക്കാരിയോട്,
  :)

  സജിത്തിനോട്,
  വളരെ നന്ദി. :)
  --

  ReplyDelete
 15. swaram nannairikkumbol pattu nirthuka ennathu ninakkum badhakamanu. athu kondu vallavanteyum chavittu vaunnathinu munpu ee parupadi nirthikkooo

  ReplyDelete
 16. I have not seen this movie as I live in bangalore and this movie hasn't released yet here. But what i have seen from Lohi's earlier movies that his graph is going down and the biggest problem is that he is not aware of this and looks like he still feels that he is too good writer/director but the whole industry and audience is bad. What I feel is that he should concentrate only on writing for one or two movies then leave the direction to others. Teaming with a good director will give him some more ideas about how to make a good movie through meaningful arguements and discussions. When he is a writer/director he feels whatever he thinks is right and ultimate. But unfortunately he is on the loosing side always since he became a director. I still feel that he will be able to tell more good stories to malayalees but let him concentrate on script alone for some time.

  ReplyDelete
 17. ഹരീ,

  റിവ്യൂ നന്നായിട്ടുണ്ട് ട്ടാ..

  നാട്ടില്‍ പോയപ്പോള്‍ പടം കണ്ടിരുന്നു, ഹരി. എനിക്കും ഇതൊക്കെത്തന്നെയാ തോന്നിയത്. പുതുമയില്ലാത്ത ഒരു കഥ. പട്ടുകള്‍ നന്നായിട്ടുണ്ട്. പക്ഷെ, ആ പുതിയ പയ്യനെ എനിക്കിഷ്ട്പ്പെട്ടു, കേട്ടോ.അല്പം ഓവര്‍ ആക്റ്റിങ്ങ് ഇല്ലേ എന്ന് എനിക്കും സംശയമില്ലാതില്ല. എങ്കിലും, ഒരു നിഷ്കകളങ്കനായ നായകനെയായിരിക്കാം ലോഹിതദാസ് ഉദ്ദേശിച്ചത്. അങ്ങിനെയാണെങ്കില്‍ അത് ‘സഹിക്കബിള്‍’ ആണ്. എങ്കിലും ലോകത്തുള്ള ഒരുവിധം എല്ലാ പണിയും (ഹ ഹ) അറിയാവുന്ന ആള്‍ എന്ന രീതിയില്‍ നായകനെ ചിത്രീകരിച്ചിരിക്കുന്നത് ചിലര്‍ക്ക് അവിശ്വസനീയമായി തോന്നും. (വേണേല്‍ വിശ്വസിച്ചാല്‍ മതി എന്നാവും സംവിധായകന്റെ മനസ്സില്‍!.) ബട്ട്, ഇതിലും വലിയ കാര്യങ്ങള്‍ (ജോലികള്‍,വിവരം, സര്‍വ്വകലാവല്ലഭന്‍ ഇഫക്റ്റ്) കൂളായി ജയറാം തൂവല്‍കൊട്ടാരത്തില്‍ ചെയ്തിട്ടില്ലേ ഹരീ..? സോ, ആദ്യമായൊന്നുമല്ല ഇത്തരത്തിലെ ‘ഓള്‍ റൌണ്ട്’ പ്രകടനം..!

  അഭിലാഷ് (ഷാര്‍ജ്ജ)

  ReplyDelete
 18. remember a dialouge between srinivasan and jagathy in "udayananu tharam" . Sreenivasan says if needed he will produce,write,act,and direct a movie. Jagathy replies like ,leave that last part ,that should be done by someone who knows about it .
  As far as Lohi is concerned ,he is a good writer , but he is notat all a good director,he dont have the standars of an average malayalam director.Suneesh's and visalamanaskan's comments are appropriate.(chandi nala ..)

  ReplyDelete