
പേരുകേള്‍ക്കുമ്പോള്‍ തന്നെ ഒരു ഹിന്ദി ചലച്ചിത്രം ഓര്‍മ്മയിലെത്തും, മുന്നാഭായി എം.ബി.ബി.എസ്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ, ആ ചിത്രത്തിന്റെ ഒരു വികലമായ അനുകരണമാണിത്. ‘കിച്ചാമണി’ എന്ന എന്തിനും പോന്ന പാരലല്‍ സര്‍ക്കാര്‍ അഥവാ ഗുണ്ടയായി സുരേഷ് ഗോപി വേഷമിടുന്നു. ചിത്രത്തിന്റെ സംവിധാനം സമദ് മങ്കട; കഥ, തിരക്കഥ, സംഭാഷണം എന്നിവ തട്ടിക്കൂട്ടിയിരിക്കുന്നത് ആഷ്ന ആഷ; ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സലിം ഹില്‍ടോപ്പ്.
അനാഥനായ കിച്ചാമണി എങ്ങിനെയോ കേരളം-തമിഴ്നാട് അതിര്‍ത്തി ചെക്ക്പോസ്റ്റിലെത്തുന്നു. അവിടെ ചായക്കട നടത്തുന്ന ജിന്ന(കൊച്ചിന് ഹനീഫ)യുടെ പരിരക്ഷണത്തില്‍ അവന് വളരുന്നു. ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരില്‍ നിന്നും, വണ്ടിക്കാരില്‍ നിന്നും, കിച്ചാമണി അഴിമതിയുടെ ബാലപാഠങ്ങള്‍ പഠിക്കുന്നു. അവരുടെ ഇടനിലക്കാരനായി നിന്ന്, അവരുടെ അഴിമതിപ്പണത്തിന്റെ പങ്കുപറ്റി അവന് തുടങ്ങുന്നു. ഒടുവില്‍ കേരളത്തിലെ മൊത്തം അഴിമതിക്കാരായ ഉദ്യോഗസ്ഥരുടേയും - ആവശ്യക്കാരുടേയും ഇടനിലക്കാരനായി കിച്ചാമണി(സുരേഷ് ഗോപി) വളരുന്നു. ഇന്ന് കിച്ചാമണി ഒരു വ്യക്തിയല്ല, കിച്ചാമണി അസോസിയേറ്റ്സ് എന്നൊരു പ്രസ്ഥാനമാണ്. സമ്പന്നരെ പിഴിഞ്ഞെടുക്കുന്ന കിച്ചാമണി; പാവങ്ങള്‍ക്ക് ദാനശീലനാണ്, കണ്‍കണ്ട ദൈവമാണ്. അഴിമതിയുടെ ഇടനാഴികളില്‍ കിച്ചാമണിക്ക് വിലങ്ങു തടിയായുള്ളത്, അധികാരത്തിനും പണത്തിനും വേണ്ടി ഏതറ്റം വരെപ്പോകുവാനും മടിക്കാത്ത, സ്ഥലം എം.എല്‍.എ ദേവനാരായണ(ബിജു മേനോന്)നാണ്. രാഷ്ട്രീയത്തില്‍, ദേവനാരായണന്റെ മുഖ്യശത്രുവാവട്ടെ; മന്ത്രിയും, കിച്ചാമണിയുടെ അടുത്ത സുഹൃത്തുമായ ബാഹുലേയ(റിസബാവ)നും. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ചിത്രം മുഴുവനും.
നന്നായെന്നു പറയുവാനൊന്നും തന്നെ ഈ ചിത്രത്തിലില്ല. ബിജു മേനോന്റെ ദേവനാരായണനും; ബിജു കുട്ടന്, സലിം കുമാര്‍, ജബ്ബാര്‍ എന്നിവരുടെ ചില തമാശകളും; റിസബാവയുടെ മന്ത്രി ബാഹുലേയനും മോശമായില്ലെന്നു പറയാം. സുരേഷ് ഗോപി എന്തൊക്കെയാണാവോ കാട്ടിക്കൂട്ടിയത്. തെങ്കാശിപ്പട്ടണത്തിലെ കഥാപാത്രത്തിന്റെ ഒരു ശൈലി കൊണ്ടുവരുവാന്‍ നോക്കിയതാണെന്നു തോന്നുന്നു, പക്ഷെ വിജയിച്ചില്ല. പ്രധാന കഥാപാത്രങ്ങളെ കൂടാതെ; നവ്യ നായര്‍, ജയസൂര്യ, പ്രിയങ്ക, എബി, ബിജു കുട്ടന്, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജബ്ബാര്‍, അഗസ്റ്റ്യന്‍, ബിന്ദു പണിക്കര്‍, രാജന് പി. ദേവ് എന്നിവരവതരിപ്പിക്കുന്ന കുറേ കഥാപാത്രങ്ങളും ഇരു ചേരിയിലുമായുണ്ട്. മാഫിയ ശശി ചുക്കാന്‍ പിടിച്ച സംഘട്ടന രംഗങ്ങള്‍ വല്ലാതെ ബോറടിപ്പിച്ചു; എന്നാലവയൊക്കെ ആവശ്യത്തിനു മാത്രം കാണിച്ച് പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാതിരിക്കാം എന്ന കരുണ സംവിധായകനും കാണിച്ചില്ല. ഏച്ചുകെട്ടിയ കുറേയധികം ക്ലീഷേ രംഗങ്ങളും; പഴയകാല മലയാള സിനിമകളെ അനുസ്മരിപ്പിക്കുന്ന ഒരു കാര്‍ ചേസും(ദോഷം പറയരുതല്ലോ, കാറുകള്‍ പുതിയ മോഡലാണ്!); എന്തൊക്കെയോ കാട്ടിക്കൂട്ടലുകള്‍ മാത്രമായ ഒരു ക്ലൈമാക്സും; അവസാനമായി കാനേഷ് പൂനൂര് രചിച്ച്, അലക്സ് പോള്‍ സംഗീതം നല്കിയ ഒരു ഗാനവും ക്ഷമ പരീക്ഷിക്കുവാനായി ചിത്രത്തിലുണ്ട്.
സംവിധായകന്റെ ഭാഗത്തുനിന്നുമുണ്ടായ ആശ്വാസകരമായ ഏക നടപടി, ചിത്രം കഷ്ടിച്ച് രണ്ടു മണിക്കൂറേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് (അതിനു നന്ദി തിയേറ്ററുകാര്കാണോ ഇനി പറയേണ്ടത്?). അനുകരിക്കുവാനാണെങ്കില്, വൃത്തിയായി അനുകരിക്കൂ സുഹൃത്തേ. തികച്ചും അവിശ്വസിനീയമായ ഒരു കഥയും, ഒരാഴവുമില്ലാത്ത കുറേ കഥാപാത്രങ്ങളും, കണ്ടുമടുത്ത രംഗങ്ങളുമൊക്കെ കുത്തിനിറച്ച് എന്തിനീ പാതകം മലയാള സിനിമയോടു ചെയ്യുന്നു? അതും നല്ലൊരു ഓണക്കാലത്ത്!
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• കിച്ചാമണി എം.ബി.എ. - ഇന്ദുലേഖ
•
Read More:
•
•
Keywords: Kichamani MBA, Suresh Gopi, Navya Nair, Biju Menon, Samad Mankada, Onam Release, August Release, Malayalam Movie Review, Film, Cinema.
--
ഓണമായിട്ട് ഒരു നല്ല സിനിമകാണാനുള്ള ഭാഗ്യം മലയാളികള്‍ക്കില്ലേ!!! 'കിച്ചാമണി എം.ബി.എ' എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteഎല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
ഹരീ
--
അതും പോയി.. ഈക്കണക്കിന് സുരേഷ് ഗോപി വീണ്ടും ഷെഡ്ഡില്‍ കേറുമെന്നാ തോന്നുന്നെ..!
ReplyDeleteഓ.ടോ: ദിലീപ് ഇത്തവണ ഇറങ്ങുന്നില്ലേ?? ജുലൈ 4 കൊണ്ട് മതിയായോ ആവോ..
ഹരീയേ, സുരേഷ് ഗോപിയണ്ണന് പങ്കകള്‍ മറ്റ് പങ്കകളെപ്പോലൊന്നുമല്ല കേട്ടോ - ജസ്റ്റ് റിമംബര്‍ ദാറ്റ് :)
ReplyDeleteകിലുക്കത്തില്‍ മോഹന്‍ ലാലും ജഗതിയും തമ്മില്‍ പറയുന്നതുപോലെ “ഒരരമാര്ക്കെങ്കിലും കൂടി കൂട്ടിത്താ ഹരീ”
-കിച്ചാമണി പങ്ക അസോസിയേഷന് വേണ്ടി.
അങ്ങനെ ഓണചിത്രങ്ങള്‍ രണ്ടെണ്ണം കണ്ടല്ലെ. റിവ്യൂ എഴുതാന്‍ വേണ്ടിയാണോ ഇതിന് സമയവും പൈസയും കളഞ്ഞത്. ഈ സുരേഷ്ഗോപി വില്ലന്‍ വേഷത്തിലേക്ക് മാറിയാല്‍ ഇതിലും നന്നായിരിക്കുമെന്ന് തോന്നുന്നു. അവനവന്റെ കഴിവുകളും ദോഷവശങ്ങളും തിരിച്ചറിയാന്‍ ഇവരൊക്കെ എന്നാണാവോ പഠിക്കുക!
ReplyDeleteഹരീ, ബാക്കി രണ്ടുപടങ്ങളും കൂടി വേഗം പോയികാണൂ, ഒരേകടലിലെ ഒരു പാട്ടുകണ്ടു, നല്ല പാട്ട്. മീരാജാസ്മിന് കയ്യടികൊണ്ടുപോകും എന്നു തോന്നുന്നു.
ഓണാശംസകള്‍ സുഹൃത്തേ...
ReplyDeleteഅങ്ങനെ മലയാളിയുടെ ഈ ഓണവും ഗോപി!
സുരേഷ് ഗോപിയല്ല ദേ ‘!’ ഈ ഗോപി.
സിനിമയുടെ പേരും പിന്നെ സുരേഷ് ഗോപിയുടെ ഒന്നു രണ്ടു സീനും കണ്ടപ്പോള്‍ തന്നെ ഈ സിനിമ കളിക്കുന്ന തീയേറ്ററിന്റെ ഒരു കിലോമിറ്റര്‍ ചുറ്റളവില്‍ തന്നെ പോകണ്ട എന്നു തീരുമാനിച്ചതാണ്. തീരുമാനം ശരിയാണെന്നിപ്പോള്‍ മനസ്സിലായി.
ReplyDeleteകഴിഞ്ഞയാഴ്ച “ചക് ദെ ഇന്ത്യ” കണ്ടു. വളരെ നല്ല പടം. ഈ ഓണക്കാലത്ത് മലയാളിക്കു ഹിന്ദി സിനിമ കാണാനാണ് വിധി!
ഓണ ദിവസം വായിച്ച ആദ്യ പോസ്റ്റുതന്നെ ഒരു അശ്രീകരത്തെക്കുറിച്ചുള്ളതായിപ്പോയല്ലോ.
ReplyDeleteവിനയന്റെ സുരേഷ് ഗോപി ചിത്രം ബ്ലാക് ക്യാറ്റ്
കിച്ചാമണിയുടെ തുടര്‍ച്ചയായിരിക്കും അല്ലേ?
എല്ലാവര്ക്കും തിരുവോണ ആശംസകള്‍...
ബാലുവിനോട്,
ReplyDeleteഹ ഹ ഹ... കൊള്ളാം. ദിലീപിന്റെ കല്‍ക്കട്ട ന്യൂസ് ചിത്രം പൂര്ത്തിയാവാത്തതുകൊണ്ടാണെന്നു തോന്നുന്നു. ;)
വക്കാരിയോട്,
വക്കാരിയ്ക്കിയ്യടെയായി പങ്കകള്‍ ഭയങ്കര ഇഷ്ടമാണല്ലോ; അവിടെ ചൂടു വല്ലാതെ കൂടി വരുന്നുണ്ടോ? നന്ദി ഫോര്‍ ദി കമന്റ്. :)
ശാലിനിയോട്,
പിന്നല്ലാതെ! റിവ്യൂ എഴുതുക എന്നതാണിപ്പോള്‍ സിനിമകാണുന്നതിന്റെ പ്രൈമറി എയിം. (സെക്കന്‍ഡറി, വിനോദം എന്നു പറയുവാന്‍ പലപ്പോഴും പറ്റാറില്ല എന്നതും പറയണം.) :)
സാല്ജോയോട്,
നന്ദി :) !!!
മാരാരോട്,
‘ചക് ദെ ഇന്ത്യ’ കാണെണമെന്നു വിചാരിക്കുന്ന ഒരു പടമാണ്, എന്തു ചെയ്യാനാണ് ഇവിടെയിറങ്ങിയില്ല. :( ഹേയ് ഒരേ കടലും നിവേദ്യവും കൂടി മിച്ചമുണ്ട്. :)
പതാലിയോട്,
ഹെന്റമ്മേ... കൈനീട്ടം മോശമായതിന് എന്നെ കുറ്റം പറയല്ലേ! കാത്തിരുന്നു കാണാം, വിനയന് ചിത്രമേ!
നന്ദി... :)
--
സമദ് മങ്കടയെ അറിയുമോ?
ReplyDeleteനല്ലയൊരു കോണ്ഗ്രസുകാരന്. അതിലുപരി നല്ലയൊരു ബിസിനസുകാരന്. രണ്ടുസിനിമ നിര്‍മിച്ച പരിചയമുണ്ട്. മധുചന്ദ്രലേഖ, പിന്നെ, ജയരാജിന്റെ അവസാനത്തെ ആനപ്പടം. ഇതുരണ്ടുമാണു മൂപ്പര്‍ക്കുള്ള ആകെ ഡിഗ്രി. രണ്ടു സിനിമ നിര്‍മിച്ച ഒരു രാഷ്ട്രീയക്കാര്‍ സിനിമ സംവിധാനം ചെയ്യാന്‍ മാത്രം വളരുമോ?
ക്യാമറ പി. സുകുമാര്‍. അതുകൊണ്ട് ആ ഭാഗം മൂപ്പരു നോക്കിക്കൊള്ളും. ബാക്കി ഭാഗം അസോസിയേറ്റ് ഡയറക്ടര്‍മാരും.!!:)
ഇത്തരം പടം പിടിത്തങ്ങള്‍ക്കു കാശു മുടക്കുന്നവരെ ആദ്യം തൊഴിക്കണം.