
'യേസ് യുവര്‍ ഓണര്‍' എന്ന ചിത്രത്തിനു ശേഷം വി.എം. വിനു സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് സൂര്യന്. സുരേഷ് മേനോന്, സതീഷ് കെ. ശിവന് എന്നിവര്‍ ചേര്‍ന്ന് കഥ/തിരക്കഥ/സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്രീചിത്ര ഫിലിംസ്. യേസ് യുവര്‍ ഓണര്‍ എന്ന ചിത്രം സംവിധാനം ചെയ്തയാളുടെ പുതിയ ചിത്രമാണല്ലോ ഇത്, മോശമാവില്ല എന്ന പ്രതീക്ഷയിലെത്തുന്ന പ്രേക്ഷകരെ വല്ലാതെ നിരാശപ്പെടുത്തും ഈ ചിത്രം.
ഹരിനാരായണന് (സായികുമാര്‍) എന്ന പ്രശസ്തനായ കര്‍ണ്ണാടക സംഗീത വിദ്വാന്, സംഗീതത്തിനു വേണ്ടി ജീവിച്ച ഒരാളായിരുന്നു. കാര്യമായൊന്നും സമ്പാദിക്കുവാന്‍ അയാള്‍ക്കായില്ല. എങ്കിലും ബുദ്ധിമുട്ടുകളറിയിക്കാതെയാണ് ഏകമകന് സൂര്യ നാരായണനേയും(ജയറാം), രണ്ടു പെണ്മക്കളേയും (സീനത്ത്, നന്ദിനി) വളര്‍ത്തി വലുതാക്കിയത്. മരുമക്കളായ സുന്ദരനും ദിവാകരനും(മധുപാല്‍) കാര്യമായ ജോലിയൊന്നുമില്ലാതെ അമ്മായിയച്ഛന്റെ തണലിലാണ് കഴിയുന്നത്. വൈകിയാണ്, സൂര്യന് അച്ഛന്റെ ബാധ്യതകളെക്കുറിച്ച് അറിയുന്നത്. സംഗീതവുമായി ജീവിക്കുക എന്ന അച്ഛന്റെ ആഗ്രഹത്തെ മറികടന്ന്, സൂര്യന് ഒരു ബാങ്കില്‍ ജോലിക്കു ചേരുന്നു. തുടര്‍ന്ന് കോളേജില്‍ സൂര്യന്റെ സഹപാഠിയും അടുത്ത സുഹൃത്തുമായ മുന്‍മന്ത്രി ചെറിയാനെ(സുരേഷ് കൃഷ്ണ) കണ്ടുമുട്ടുന്നു. ഈ കൂടിച്ചേരല്‍ സൂര്യന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. തുടര്‍ന്ന് സൂര്യന്റെ കുടുംബത്തിനു വന്നു ചേരുന്ന ദുരിതങ്ങളും, സൂര്യന്റെ ജീവിതവും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിന്റെ ഗുണമായി പറയാവുന്നത് രണ്ടേ രണ്ടു കാര്യങ്ങള്‍ മാത്രം; സായികുമാറിന്റെ അഭിനയവും ഇളയരാജയുടെ സംഗീതവും. ഹരിനാരായണന് എന്ന ഭാഗവതരെ, അച്ഛനെ; സായികുമാര്‍ നന്നായി അവതരിപ്പിച്ചു. സൂര്യനാരായണനേയും ഹരിനാരായണനേയും അവതരിപ്പിക്കുന്നത് ഒരോ പാട്ടിലൂടെയാണ്. ഇളയരാജ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ കേള്‍ക്കുവാന്‍ ഇമ്പമുള്ളതായിത്തോന്നി. സൈമണ്‍ തേക്കിലക്കാടന്‍ എന്ന രാഷ്ട്രീയകച്ചവടക്കാരനെ വിജയരാഘവനും, ചെറിയാനെന്ന രാഷ്ട്രീയതന്ത്രജ്ഞനെ സുരേഷ് കൃഷ്ണയും തരക്കേടില്ലാതെ അവതരിപ്പിച്ചു. ഇത്രയുമല്ലാതെ എടുത്തു പറയത്തക്കതായി ഒന്നും ചിത്രത്തിലില്ല.
ജയറാമിന്റെ അവസാനം പുറത്തിറങ്ങിയ 'കനകസിംഹാസനം', 'അര്ജ്ജുനന് അഞ്ചാമന്' എന്ന രണ്ടു ചിത്രങ്ങളുടേയും നിലവാരത്തില്‍ നിന്നും ഒട്ടും മെച്ചമല്ല ഇതിന്റെ സ്ഥിതിയും. ഈ ചിത്രത്തില്‍ ജയറാമിന്റെ അഭിനയമാവട്ടെ പലയിടത്തും മിമിക്രിയുടെ നിലവാരം പോലും പുലര്‍ത്തിയതുമില്ല. മമ്മൂട്ടിയുടേയോ മോഹന്‍ലാലിന്റേയോ മറ്റോ സഹനടനായി ധ്രുവത്തിലും അദ്വൈതത്തിലും ചെയ്തതുപോലെയുള്ള വേഷങ്ങളാവും ജയറാമിന് നന്നാവുക. സൌന്ദര്യമുണ്ട്, ചിരികാണുവാന്‍ നല്ല ഭംഗിയുമാണ്. ഇതൊക്കെ മാത്രം മതിയോ ഒരു നായികയാകുവാന്‍? അഭിനയത്തില്‍ കാര്യമായി മെച്ചപ്പെട്ടില്ലെങ്കില്‍ വിമല രാമന് എന്ന നടി അധികകാലം മലയാളസിനിമയില്‍ ഉണ്ടാകുവാന്‍ സാധ്യതയില്ല. ഹരിശ്രീ അശോകനാവട്ടെ, ചാന്തുപൊട്ടിലെ ദിലീപിനേയും ചില ജഗതി കഥാപാത്രങ്ങളേയും അനുകരിക്കുവാന്‍ ശ്രമിച്ച്, കഥാപാത്രത്തെ നപുംസകവുമല്ലാത്ത എന്തോ ഒന്നാക്കി!
വാക്കുകള്‍ ചേര്‍ത്ത് വരികളുണ്ടാക്കുവാന് അറിയാം; ആ അറിവു വെച്ച് കുറേ വാചകങ്ങള്‍ എഴുതി നിരത്തിയാല്‍ കഥയാവുമോ? ആ കഥയെടുത്ത് കുറേ സീനുകളും ഷോട്ടുകളുമായി തിരിച്ച് സംഭാഷണങ്ങളും ചേര്‍ത്താല്‍ തിരക്കഥയാവുമോ? എന്തായാലും വാക്കുകള്‍ ചേര്‍ത്ത് വരികളുണ്ടാക്കുവാനുള്ള പ്രതിഭയേ ഇതിന്റെ കഥ-തിരക്കഥാകൃത്തുകള്ക്കുള്ളൂ എന്നു വേണം അനുമാനിക്കുവാന്‍. ഇളയരാജയുടെ സംഗീതം ആകര്‍ഷകമായെങ്കിലും, ഗിരിഷ് പുത്തഞ്ചേരിയുടെ വരികള്‍ തീരെ നിലവാരം പുലര്‍ത്തിയില്ല. “പാട്ടെല്ലാം പാട്ടാണോ, പൊട്ടാസു പൊട്ടും പോലൊരു പാട്ട്”; ഇങ്ങിനെയെന്തോ ആണ് ഒരു പാട്ടിന്റെ തുടക്കം, എങ്ങിനെയുണ്ട്?
സൂര്യന്റെ ഏട്ടത്തിമാര്, അവരുടെ ഭര്ത്താക്കന്മാര്; ഇങ്ങിനെ കുറച്ചുപേരുണ്ട് ഈ ചിത്രത്തില്‍. ഇവര്‍ക്കൊന്നും കഥയില്‍ യാതൊരു പ്രാധാന്യവുമില്ല. സൂര്യന്റെ പ്രാരാബ്ദ്ധങ്ങളുടെ ലിസ്റ്റിന്റെ നീളം കൂട്ടുവാനായി കുറച്ചുപേര്‍, അത്രമാത്രം. എന്തുകാര്യത്തിനും സഹായത്തിനായി ഒരു ജി.കെ.സാറുണ്ട് ചിത്രത്തില്‍, ആരാണെന്നോ എന്താണെന്നോ ഒരു സൂചനയുമില്ല. മൊത്തത്തില്‍ നോക്കുമ്പോള്‍; ജയറാം തനിക്കീപ്പണി ഇനിയും പറ്റിയതല്ലെന്ന് വീണ്ടും തെളിയിച്ചു; വിമല രാമന് എല്ലാ പ്രമുഖ നടന്മാരുടേയുമൊപ്പം ചുരുങ്ങിയ കാലത്തിനുള്ളില്‍ അഭിനയിച്ചു എന്നു പറയുവാനായി എണ്ണം തികച്ചു; സായികുമാര്‍ തന്റെ കഴിവ് ഈ ചിത്രത്തിനു വേണ്ടി വെറുതെ പാഴാക്കി; ‘സംവിധാനം - വി.എം. വിനു‘ എന്നെഴുതിക്കാണിച്ചപ്പോള്‍ ചിത്രത്തിന്റെ തുടക്കം ലഭിച്ച ചെറിയ കൈയ്യടി, ഒരു വമ്പിച്ച കൂവലാക്കിമാറ്റുവാന് ‘സൂര്യന്’ എന്ന ചിത്രം സംവിധാനം ചെയ്തതുകൊണ്ട് വി.എം. വിനുവിനും സാധിച്ചു. ശുഭം!
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• സൂര്യന് - മലയാളം മൂവി റിവ്യൂസ്
• സൂര്യന് - ഇന്ദുലേഖ
Read More:
•
•
Keywords: Suryan, Sooryan, Jayaram, V.M. Vinu, Saikumar, Vijayaraghavan, Vimala Raman, Nandini, Malayalam Movie Reviews, Cinema, Film, July Release.
--
മലയാളം മൂവി റിവ്യൂസ് എന്ന ബ്ലോഗില്‍, ജൂലൈ നാല് എന്ന ചിത്രത്തിന്റെ റിവ്യൂവില്‍ പറഞ്ഞിരിക്കുന്നതുപോലെ; ചില നിര്‍മ്മാതാക്കളെങ്കിലും മീന്‍ പിടിക്കാനുള്ള ബോട്ടു വാങ്ങുന്നതാവും പടം പിടിക്കുന്നതിനേക്കാള്‍ ഉചിതം.
ReplyDeleteവി.എം. വിനു സംവിധാനം ചെയ്ത ‘സൂര്യന്’എന്ന പുതിയ ജയറാം ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ഓഫ്:ചില ചിത്രങ്ങള്‍ കണ്ടുകഴിയുമ്പോള്‍ എന്റെ പിരി അല്പം ലൂസാവുന്നുണ്ടോ എന്നൊരു സംശയം; റിവ്യൂവിന് നിലവാരമില്ലെങ്കില്‍ സദയം ക്ഷമിക്കുക!
--
ഇനിയെന്നാണോ ജയറാം ഒന്നു രക്ഷപ്പെടുന്നേ??
ReplyDeleteഹരിയേട്ടാ,ഓര്‍മ്മയുണ്ടൊ ജയറാമിന്റെ പടങ്ങളൊക്കെ ഹിറ്റായി കൊണ്ടിരുന്ന കാലം..പാവം...പിന്നെ വിനു...ബാലേട്ടന് എടുത്ത ആളാ എന്നു ആരെല്ലും പറയുവോ...സംഭവാമീ യുഗേ യുഗേ...
പാവം ജയറാമേട്ടന്! പുള്ളീടെ സമയം മഹാമോശം തന്നെ. ഒരു കാലത്ത് മമ്മൂക്കയേയും ലാലേട്ടനേക്കാളുമൊക്കെ minimum guarantee ഉള്ള നടനായിരുന്നു. അദ്ദേഹത്തിന്റെ ഗംഭീരം ആയ ഒരു തിരിച്ചുവരവിനുവേണ്ടി പ്രാര്‍ഥിക്കുന്നു.
ReplyDeleteഹരീ ഇങ്ങനെയെങ്കില്‍ ഈ റിവ്യൂ കുറച്ചുതാമസിപ്പിക്കാമായിരുന്നു, ജയറാം എങ്ങനെയെങ്കിലുമൊന്ന് രക്ഷപ്പെട്ടോട്ടെ എന്ന സഹതാപംകൊണ്ടുമാത്രം:(
ReplyDeleteപക്ഷേ സഹതപിച്ചതുകൊണ്ടോ സഹായിച്ചതുകൊണ്ടോ മാത്രം ആരും രക്ഷപ്പെട്ട് ചരിത്രമില്ലല്ലോ, ചിലര്‍ക്ക് നല്ല തല്ലുകിട്ടിയാലേ നന്നാകൂ. താങ്കള്‍ താങ്കളുടെ നിരൂപണം ആത്മാര്‍ത്ഥമായി നിര്‍വ്വഹിച്ചു. ഹരീ ഇനിയും ഇത്തരം സത്യസന്ധമായ നിരൂപണങ്ങള്‍ വരട്ടെ. ആശംസകള്‍:) അപ്പോള്‍ ഇതിന് കാശ്കളയേണ്ട അല്ലേ:)
ജയറാമിനെ മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന മൂന്നേ മൂന്ന് പടങ്ങളേ ഞാനോര്ക്കുന്നുള്ളൂ
ReplyDelete-മൂന്നാംപക്കം, അദ്വൈതം, പൈതൃകം
മൃദുലിനോട്,
ReplyDeleteശെഠാ! ഞാനോര്‍ക്കുന്നത് ഈ പ്രേക്ഷകരെന്നാണ് അദ്ദേഹത്തില്‍ നിന്നു രക്ഷപെടുന്നതെന്നാണ് ;) ബാലേട്ടന്, അതും അത്ര നന്നായില്ല എന്നാണെന്റെ ഓര്‍മ്മ. യേസ് യുവര്‍ ഓണര്‍, വലിയ കുഴപ്പമില്ലായിരുന്നു.
സതീഷ് ഹരിപ്പാടിനോട്,
നന്ദി :)
ഷാനവാസ് ഇലിപ്പക്കുളത്തോട്,
ജയറാമിന് ഈ സിനിമ പൊട്ടിയാലും കാര്യമായൊന്നും സംഭവിക്കാനില്ല. നിര്‍മ്മാതാവിനും അത്രയ്ക്ക് ദണ്ഡം ഒന്നുമുണ്ടാവുമെന്നു തോന്നുന്നില്ല. പക്ഷെ, ഒരു നാലംഗങ്ങളുള്ള കുടുംബം, സിനിമയ്ക്കെന്നും പറഞ്ഞ് ടിക്കറ്റിന്റെ 160രൂപ(കേരളത്തില്‍), പിന്നെ അത്രയും സമയം, മറ്റ് ചിലവുകള്‍ (സ്നാക്സിനൊക്കെ കത്തി റേറ്റാണ് തിയ്യേറ്ററില്‍), ഒക്കെ നഷ്ടപ്പെടുത്തി ഇതു കാണുന്നതൊന്ന് ഓര്‍ത്തുനോക്കിക്കേ? :)
അരവിന്ദിനോട്,
മാളൂട്ടി, ധ്രുവം, തലയണമന്ത്രം, മഴവില്‍ക്കാവടി, മേലേപ്പറമ്പില്‍ ആണ്‍വീട്, ആദ്യത്തെ കണ്മണി, ഇരട്ടക്കുട്ടികളുടെ അച്ഛന് അങ്ങിനെ കുറച്ചു പടങ്ങളുമില്ലേ?
--
അപ്പോള്‍ സൂര്യനും സുഖം കിട്ടി ല്ലേ?
ReplyDeleteകഷ്ടം.
എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം. ‘എത്രെ ബോറ്’ എന്ന് ഒരു ശരാശരി പ്രേക്ഷകന് ചിത്രം കാണുമ്പോള്‍ തോന്നുന്നത്, ഇത്രക്കും എക്സ്പീരിയന്‍സ്ഡ് ആയ ജയറാമിനും മറ്റും എന്തുകൊണ്ടാണ് കഥ കേള്‍ക്കുമ്പോഴും അഭിനയിക്കുമ്പോഴും മനസ്സിലാവാത്തത്?
താങ്ക്സ് ഹരി.