
മലയാള സിനിമയില്‍ അപൂര്‍വ്വമായിമാത്രം പരീക്ഷിക്കപ്പെടാറുള്ള സയന്‍സ് ഫിക്ഷന്‍ എന്ന വിഭാഗത്തില്‍ വരുന്ന ഒരു ചലച്ചിത്രമാണിത്. കുട്ടികളെ രസിപ്പിക്കുവാനെന്ന ഭാവേന, പാശ്ചാത്യ സിനിമകളുടെ വികലമായ അനുകരണങ്ങളാണ് മലയാളത്തില്‍ ഇന്നുവരെയുണ്ടായിരിക്കുന്ന സയന്‍സ് ഫിക്ഷനുകള്‍ മിക്കവയും. എന്നാല്‍ ‘ഭരതന് ഇഫക്ട്’ ഈ രീതിയില്‍ നിന്നും വേറിട്ട് ചരിക്കുന്നു. മണിച്ചിത്രത്താഴ് എന്ന ഒറ്റ സിനിമയുടെ തിരക്കഥയിലൂടെ പ്രശസ്തനായ തിരക്കഥാകൃത്ത് - മധു മുട്ടത്തിന്റേതാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും. ബിജു മേനോന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനില്‍ ദാസ്, നിര്‍മ്മിച്ചിരിക്കുന്നത് സുരേഷ് കരിപ്പാല.
കുട്ടിക്കാലം മുതല്ക്കേ ചുറ്റുമുള്ള കാര്യങ്ങളെ നിരീക്ഷിക്കുന്നതില്‍ തത്പരനായ ഭരതന് (ബിജു മേനോന്), വളര്‍ന്നപ്പോള്‍ വിവിധ തരം ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നു. ജോലി, കുടുംബം എന്നിവയിലൊന്നും കാര്യമായ ശ്രദ്ധകൊടുക്കാത്ത ഭരതനോടൊത്തുള്ള ജീവിതം ഭാര്യ ഗീത(ഗീതു മോഹന്‍ദാസ്)യെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. വീടുടമ കറിയാച്ചന്റെ (ജഗതി) ഔദാര്യത്തിലാണ് വാടകവീട്ടിലെ താമസം പോലും. ചില്ലറ സഹായങ്ങളുമായി സുഹൃത്ത് പീറ്ററു(സുധീഷ്)മുണ്ട്. കുട്ടിക്കാലത്ത് കാട്ടുമൂപ്പന്, പന്തുകള്‍ ആകാശത്തില്‍ ഒരു താങ്ങുമില്ലാതെ നിര്‍ത്തുന്നതു കണ്ട ഭരതന്; അതേ അത്ഭുതം കുട്ടികള്‍ പറത്തിവിടുന്ന കടലാസു പറവയിലും കാണുന്നു. ഇതേ രീതിയില്‍ തങ്കച്ചന്(ജയകൃഷ്ണന്) എന്ന ടയര്‍ മെക്കാനിക്കും ഈ അത്ഭുതം കാണുന്നു. തുടര്‍ന്ന് അതിന്റെ ശാസ്ത്ര രഹസ്യങ്ങള്‍ തേടുന്ന ഭരതന്റെ ജീവിതവും, അത് ലോകത്തില്‍ വരുത്തുന്ന മാറ്റവുമാണ് ഈ സിനിമയുടെ ഇതിവൃത്തം.
ഭൂഗുരുത്വാകര്‍ഷണം ഇല്ലെങ്കില്‍ വസ്തുക്കള്‍ക്ക് ഭാരം അനുഭവപ്പെടില്ലെന്നും അവയെ ഭൂപ്രതലത്തില്‍ നിന്നും ഉയര്‍ത്തുവാനും ആയാസരഹിതമായി നിയന്ത്രിക്കുവാനും കഴിയുമെന്നുമുള്ള ലളിതമായ തത്വത്തിലൂന്നിയാണ് ഈ സിനിമയിലെ ഭരതന്റെ പ്രധാന കണ്ടുപിടിത്തം. അത്യാവശ്യം പഠനവും വായനയും ഈ വിഷയത്തില്‍ നടത്തിയാണ് ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും. അങ്ങിനെയുള്ള പരിശ്രമങ്ങള്‍ മലയാള സിനിമയില്‍ അധികമൊന്നും കാണാറില്ല. ഭരതനെന്ന, ഇടയ്കിടയ്ക്ക് അസ്വാഭാവികമായ പെരുമാറ്റ രീതികളുള്ള, ഗവേഷകനെ ബിജു മേനൊന് ഭംഗിയാക്കിയിരിക്കുന്നു. ഭാര്യ ഗീതയായി ഗീതു മോഹന്‍ദാസ്, സുഹൃത്ത് പീറ്ററായി സുധീഷ്, വീടുടമയായ കറിയാച്ചനായി ജഗതി, കുഞ്ഞാപ്പിയെന്ന വര്‍ക്ക്ഷോപ്പ് ഉടമയായി ഇന്നസെന്റ് എന്നിവരും നന്നായിത്തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അതിഥി താരമായി, എന്നാല്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി സുരേഷ് ഗോപിയും ചിത്രത്തിലുണ്ട്. കല്പന, റിസബാവ, രാജന് പി. ദേവ് എന്നിവരും കുറച്ച് അപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷയത്തിന്റെ ഗൌരവം ഒട്ടും ചോര്‍ന്നു പോവാതെയാണ് സംവിധായകനും തിരക്കഥാകൃത്തും ഈ സിനിമ ഒരുക്കിയിരിക്കുന്നത്, അവരതിന് അഭിനന്ദനം അര്‍ഹിക്കുന്നു.
മണിച്ചിത്രത്താഴെന്ന സിനിമയിലെ തിരക്കഥപോലെ അത്ര ശക്തമായ തിരക്കഥയൊന്നുമല്ല ഇതിന്റേത്. മൊത്തത്തിലൊരു ഒഴുക്ക് ഈ തിരക്കഥയില്‍ കാണുവാനുമില്ല. ആശയത്തിന്റെ ഗൌരവം കൈവിട്ടില്ല, എന്നതിനപ്പുറം സംവിധാനവും മികവു പുലര്‍ത്തിയില്ല. തങ്കച്ചന് എന്ന കഥാപാത്രത്തിന്റെ പ്രാധാന്യത്തിനൊത്തൊരു പ്രകടനമായിരുന്നില്ല ജയകൃഷ്ണന്റേത്. സുരേഷ് ഗോപിയെന്ന നടനെ തിരുകിക്കയറ്റുവാനായെന്നതു പോലെ തോന്നി, ചിത്രത്തിന്റെ ഒടുവിലുള്ള വ്യതിയാനം. കാവാലം നാരായണപ്പണിക്കരെഴുതി എം. ജയചന്ദ്രന് സംഗീതം നല്കിയ ഗാനങ്ങള്‍ ആകര്ഷകമായില്ലെന്നു മാത്രമല്ല, അവ ചിത്രത്തില്‍ ആവശ്യമുള്ളതായും തോന്നിയില്ല.
കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പ്രയോജനപ്പെടുത്തുന്നതില്‍ മലയാള സിനിമ എത്രത്തോളം പിന്നിലാണെന്ന് വീണ്ടും വെളിവാക്കുന്നു ഈ ചിത്രം. ചിത്രത്തിലുള്ള ഗ്രാഫിക്സ് വളരെ നിലവാരം കുറഞ്ഞതും, സ്വാഭാവികത തീരെ അവകാശപ്പെടുവാന്‍ കഴിയാത്തതുമാണ്. എന്നിരുന്നാലും ചിത്രത്തിന്റെ വിഷയത്തിലെ പുതുമയും, സാധാരണ മലയാളം സിനിമകളുടേതില് നിന്ന് വഴിവിട്ടുള്ള സഞ്ചാരവും ഈ ചിത്രത്തെ കണ്ടിരിക്കുന്നതു കൊണ്ട് കുഴപ്പമില്ലാത്ത ചിത്രങ്ങളുടെ പട്ടികയിലെത്തിക്കുന്നു. ഈ രീതിയിലുള്ള മലയാള സിനിമയുടെ മുന്നേറ്റത്തിന് ഇത്തരം പരീക്ഷണങ്ങള്‍ വിജയിക്കേണ്ടതും ആവശ്യമാണ്.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• ഭരതന് - മലയാളം മൂവി റിവ്യൂസ്
•
Read More:
• IndiaGlitz
• NowRunning
Keywords: Bharathan, Biju Menon, Geethu Mohandas, Anil Das, Madhu Muttam, Science Fiction, Malayalam Film Review, Cinema, Movie, June Release
--
സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍, മറ്റൊരു സിനിമകൂടി മലയാളത്തില്‍ - ഭരതന് ഇഫക്ട്. മണിച്ചിത്രത്താഴിനു ശേഷം മധു മുട്ടം കഥ/തിരക്കഥ എഴുതിയിരിക്കുന സിനിമ എന്നരീതിയിലാണ് ഭരതന് ഇഫക്ട് ശ്രദ്ധ നേടുന്നത്.
ReplyDeleteഅനില്‍ ദാസ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഭരതന് ഇഫക്ട് എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--
'ഭരതന് ഇഫക്ട്' എന്ന ഈ സിനിമ ഞാന്‍ റിലീസ് ദിവസം തന്നെ പോയി കണ്ടു. മധു മുട്ടത്തിന്റെ കഥ എന്ന് കണ്ടത് കൊണ്ടു തന്നെയാണ് പോയത്.......
ReplyDeleteകഥ ഏതാണ്ട് മണിച്ചിത്രതാഴ് പോയ വഴിയില്‍ കൂടിയാണ് പോകുന്നത്... സയന്‍സ് ഫിക്ഷന്‍ ഉണ്ടേങ്കില്ലും,... സിനിമ വളരെ ബോറാണ്....വ്യത്യസ്തമായ കഥ, അധിക നേരം കണ്ടു കൊണ്ടിരിക്കാന് ബുദ്ധിമുട്ടാണ്... സയന്‍സ് പരീക്ഷണങ്ങള്‍ക്കൊന്നും ഒരു പെര്ഫക്ഷന് നല്കുവാന് സംവിധായകനായിട്ടില്ല.....
ഈ സിനിമ കണ്ട് വെറുതെ കണ്ട് സമയവും, കാശും നഷ്ടമാക്കരുത്.... കുറെ നാള് കഴിയുമ്പോള്‍ ഇതിന്റെ സീഡി ഇറങ്ങും, അതാകുമ്പോള്‍ ഫോര്വേഡടിച്ചു അര മണിക്കൂര്‍ കൊണ്ട് തീര്‍ക്കാം....
മോശമില്ല എന്നാണ് എന്റെ അഭിപ്രായം.. എന്നാല്‍ എവിടെയൊക്കെയോ കുഴപ്പങ്ങളുണ്ട്.. മാത്രമല്ല പലയിടത്തും ചിത്രം മനസിലാകാതെയിരുന്നു.. മലയാളം മീഡിയം പഠിച്ചാല്‍ മതിയായിരുന്നു..!!!
ReplyDeleteസംവിധാനം ബോറായി, ഗ്രാഫിക്സ് മഹാബോറായി, പാട്ട് മെഗാബോറായി..!:)
എന്നാലും കാശുപോയി എന്ന അഭിപ്രായമില്ല..
റിവ്യൂ നന്നായിട്ടുണ്ട്..:)
റിവ്യൂ കൊള്ളാം ഹരി .
ReplyDelete“ഞാന്‍” ന്റെ കമന്റും കൊള്ളാം. അതുകൊണ്ട് സി.ഡിക്കു വെയ്റ്റ് ചെയ്യാം ;)
‘ഞാന്‍’ഓട് (അതോ എന്നോടോ!),
ReplyDeleteമണിച്ചിത്രത്താഴ് പോയ വഴിയിലൂടെയാണെന്ന് ഭരതന്റെ സഞ്ചാരമെന്ന് ഞാന്‍ കരുതുന്നില്ല. മാനസികമായ ഒരു വിഭ്രാന്തിയും ഒരു ഡോക്ടറും ഒരു ഡൂ ഓര് ഡൈ സിറ്റുവേഷനും ഉണ്ടെന്നതു നേര്. എന്നിരുന്നാലും ഇത് മറ്റൊന്നു തന്നെ. സംവിധാനവും തിരക്കഥയും അത്ര മെച്ചമായില്ല എന്നതു സത്യം. ഇംഗ്ലീഷ് സയന്‍സ് ഫിക്ഷനുമായി താരതമ്യം ചെയ്യുമ്പോളാണ് പരീഷണങ്ങള്‍ക്ക് പെര്ഫെക്ഷന് കുറവും ഗ്രാഫിക്സ് കൊള്ളരുതായ്മയുമൊക്കെ നമുക്ക് ഫീല്‍ ചെയ്യുന്നത്. എന്നാല്‍ മലയാള സിനിമയ്ക്ക് ഇംഗ്ലീഷ് സിനിമകളെ അപേക്ഷിച്ച് പരിമിതികള്‍ ഏറെയാണ്. അതു കൂടി കണക്കിലെടുക്കുമ്പോള്‍, ഇത്തരം പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ മാത്രമേ, എന്തെങ്കിലുമൊക്കെ ഒരു മെച്ചം മലയാള സിനിമയില്‍ കാണുവാനാവൂ, അല്ലെങ്കില്‍ പത്തു വര്‍ഷം കഴിഞ്ഞും ഞാനിങ്ങനെ തന്നെ റിവ്യൂ എഴുതും, ‘ഞാന്‍’ ഇങ്ങിനെ തന്നെ കമന്റുകയും ചെയ്യും. :) നന്ദി.
ബാലുവിനോട്,
ഹ ഹ ഹ... രണ്ടാമത്തെ പാരഗ്രാഫ് കൊള്ളാം... :)
ഇടിവാളിനോട്,
മലയാളം സിനിമയ്ക്കൊരു ചാന്‍സ് കൊടുക്കൂന്നേ... ;)
--
ഒരു നല്ല അറ്റെമ്ന്റ് ആണന്ന് പറയാതെ വയ്യ... പിന്നെ ജോര്‍ജ് കുട്ടിയും ഒരു പ്രശ്നമാണല്ലോ, നല്ല ഗ്രാഫിക്ക് വര്‍ക്ക് ഉണ്ടാക്കുവാനായി.....
ReplyDeleteഹാ ഹാ ബാലു എഴുതിയിരിക്കുന്നത് എനിക്ക് രസിച്ചു... “പലയിടത്തും ചിത്രം മനസിലാകാതെയിരുന്നു.. മലയാളം മീഡിയം പഠിച്ചാല്‍ മതിയായിരുന്നു..!!!” മുന്‍പ് ഹരി ഏതോ ഒരു ഇംഗ്ലീഷ് ചിത്രത്തിന്റെ റിവ്യൂ എഴുതിയപ്പോള്‍ ബാലു പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു...
“പലയിടത്തും ചിത്രം മനസിലാകാതെയിരുന്നു.. ഇംഗ്ലീഷ് മീഡിയം പഠിച്ചാല്‍ മതിയായിരുന്നു..!!!” ഹി ഹി.....
Y'day I saw the film...after reading the Hari's review...Movie is quite good..Super story...but poor direction...It will be a big hit...produced by any banner and dirested by any technically sound director...Soory to typing in English....
ReplyDeleteഇംഗ്ലീഷ് സയന്‍സ് ഫിക്ഷനുമായി താരതമ്യം ചെയ്യുമ്പോളാണ് പരീഷണങ്ങള്‍ക്ക് പെര്ഫെക്ഷന് കുറവും ഗ്രാഫിക്സ് കൊള്ളരുതായ്മയുമൊക്കെ നമുക്ക് ഫീല്‍ ചെയ്യുന്നത്.
ReplyDeleteമാഷെ, ഞാന്‍ പറഞ്ഞത് ഗ്രാഫിക്സിനെ പറ്റിയല്ല... ഭരതന്റെ പരീക്ഷണശാലയെ പറ്റിയും, അദ്ദേഹത്തിന്റെ പരീക്ഷണങ്ങളെ പറ്റിയും.... ഒരു ഗ്രാഫ് പേപ്പറിന്റെ പുറകില്‍ ലൈറ്റ് അടിച്ചു കാണിച്ചാലെങ്ങനാ CRO ആകുന്നെ?
പിന്നെയും വേറെ കുറെ scinetific flaws ഉണ്ട്....ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ലെങ്കിലും... സിനിമ കണ്ടാല്‍, ഡയലോഗുകള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ....
ഇതിലെന്താ ഇത്ര കാര്യം എന്നു പറയുകയാണെങ്കില്‍ പിന്നെ ഇത്തരം സൃഷ്ടികള്‍ക്ക് 'സയന്‍സ് ഫിക്ഷന്‍' എന്ന പേരു കൊടുക്കേണ്ട കാര്യമെന്താണ്???..... ഇംഗ്ലീഷ് സിനിമകള്‍ എല്ലാം പെര്‍ഫെക്ട് എന്നെനിക്കഭിപ്രായമില്ല, എന്നിരുന്നാലും, എന്ത് പൊട്ടത്തരമായലും മനുഷ്യനെ വിശ്വസിപ്പിക്കുവാന്‍ അവര്‍ക്ക് കഴിയുന്നു.... ഭരതന് ഇഫക്ടിന് അത് കഴിയുന്നില്ല!!!
കഥ വളരെ നല്ലത് തന്നെ എന്ന് സമ്മതിച്ചു, പക്ഷെ ഇതിലെ ആ ഒരു 'മണിച്ചിത്രതാഴ് എഫക്ടിനെ' നിഷേധിക്കുവാന്‍ പറ്റുമോ??.... ഇന്ത്യയിലെങ്ങും മനഃശാസ്ത്രജ്ഞര്‍ ഇല്ലാത്ത പോലെ?
കഥ നന്നായി, സംവിധാനം കൊണ്ടു തുലച്ചു എന്ന് പറഞ്ഞാല്‍ എല്ലമായില്ലെ?....ആയോ?
സുധീഷിനോട്,
ReplyDeleteനന്ദി... :) അതെ ഇത്തരം പരിശ്രമങ്ങള്‍ വിജയിച്ചാല്‍ മാത്രമേ മലയാള സിനിമ ഈ മേഖലയില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരൂ...
ജോണോട്,
നന്ദി... :) ഈ വിഷയത്തില്‍ നല്ല അവഗാഹമുള്ള ഒരാളുടെ സേവനം പ്രയോജനപ്പെടുത്തണമായിരുന്നു തിരക്കഥാകൃത്തും സംവിധായകനും. പക്ഷെ അവിടെയും പണം തന്നെയായിരുന്നിരിക്കും വിഷയം.
ഞാനോട്,
ഞാനെന്റെ റിവ്യൂവില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. നല്ല ആശയമായിരുന്നു; പക്ഷെ തിരക്കഥയും സംവിധാനവും മികച്ചതായില്ല. പിന്നെ appearance & feel അതെപ്പോഴും നമ്മള് ഇംഗ്ലീഷ് സിനിമയുമായി താരതമ്യം ചെയ്താണ് പറയാറുള്ളത്. ശരിയാണ്, ഒരു ഇംഗ്ലീഷ് സിനിമയായിരുന്നു ഈ വിഷയത്തില്‍ എടുത്തിരുന്നെങ്കില്‍, വളരെ വിപുലമായ ലാബ് സജ്ജീകരണങ്ങളും, ഒരു ഹൈ-ടെക് ലുക്കുള്ള യന്ത്രസംവിധാനവുമൊക്കെയാവും ഉണ്ടായിരിക്കുക. എന്നാല്‍ മലയാളസിനിമയില്‍ അത്രയും പണം മുടക്കുവാന്‍ ആരെങ്കിലും തയ്യാറാകുമോ? ഞാന്‍ പറഞ്ഞത് ഇത്രമാത്രം, ഈ രീതിയിലുള്ള ആശയങ്ങളുമായെത്തുന്ന സിനിമകള്‍ വിജയിക്കുമ്പോള്‍ മാത്രമേ, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഇത്തരം സിനിമകള്‍ എടുക്കുവാന്‍ നിര്‍മ്മാതാക്കളും തുനിയുകയുള്ളൂ. പിന്നെ മണിച്ചിത്രത്താഴ് ഇഫക്ടിനെ തീര്‍ച്ചയായും അവഗണിക്കുവാന്‍ കഴിയും. സത്യത്തില്‍ ബിജു മേനോന്റെ രോഗവും സുരേഷ് ഗോപിയുടെ ചികിത്സയുമൊന്നും ചിത്രത്തില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല, എന്നാല്‍ മണിച്ചിത്രത്താഴില്‍ അതല്ല സ്ഥിതി. അതുകൊണ്ടുതന്നെ അതിനെ മണിച്ചിത്രത്താഴുമായൊന്നും താരതമ്യപ്പെടുത്തേണ്ടതുമില്ല.
--
“ഞാന്‍” ഉദ്ദേശിച്ചത് ഒരു താരതമ്യമാണെന്ന് തോന്നുന്നില്ല.. സിനിമയുടെ മൊത്തത്തിലുള്ള ഒരു പോക്കിന് മണിച്ചിത്രത്താഴിന്റെ ഒരു വിദൂരഛായ ഉണ്ട്.. ഉദാഹരത്തിന് ജഗതി ഭരതന്റെ വീട്ടില്‍ കയറുമ്പോള്‍ യന്ത്രം കണ്ട് പേടിക്കുന്നതും അവസാനം സുരേഷ് ഗോപി ഗീതു മോഹന്‍ദാസിനോട് രോഗത്തെ പറ്റി പറയുന്ന രംഗവുമൊക്കെ മണിചിത്രത്താഴിനെ ഓര്‍മ്മിപ്പിച്ചു.. വേറെയും രംഗങ്ങള്‍ ഉണ്ട്.. ഓര്‍മ്മ കിട്ടുന്നില്ല.. എന്നാല്‍ സിനിമ കാണുന്ന സമയം തീര്‍ച്ചയായും മണിചിത്രത്താഴുമായുള്ള സാമ്യം പറയാന്‍ കഴിയും..
ReplyDeleteഎന്നിരുന്നാലും സിനിമ മോശമല്ല എന്ന വാദത്തോട് ഞാന്‍ നൂറ് ശതമാനം യോജിക്കുന്നു..
Pro - ഭരതനിസ്റ്റുകളെല്ലാം, ദേ ഇതു കൂടി ഒന്നു നോക്കണം.....
ReplyDeletehttp://malayalammoviereviews.com/?p=108
അത്രത്തോളം കുറ്റം ഞാന്‍ കാണുന്നില്ല.... എന്നിരുന്നാലും സയന്‍സിന്റെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍ വെറുമൊരു തട്ടിക്കൂട്ട് സയന്‍സ് ഫിക്ഷന്‍ സിനിമ മാത്രമാണിത് എന്ന് ഞാന്‍ വീണ്ടും പറയുന്നു..... എന്ന് മാത്രവുമല്ല കാശ് ഒരു തരത്തില്‍ പോലും മുതലാകുന്നുമില്ല......
ഇതാ മറ്റൊരു അഭിപ്രായം.... ഇതും കൂടി ഒന്ന് നോക്കിയേക്കുക...
ReplyDeletehttp://content.msn.co.in/Malayalam/Entertainment/FilmReview/0707-07-1.htm
ഞാനോട്,
ReplyDeleteലിങ്കുകള്‍ നല്കുമ്പോള് അത് ഹൈപ്പര്‍ ടെക്സ്റ്റ് ലിങ്കുകളായി നല്കിയിരുന്നെങ്കില് നന്നായേനേ...
തീര്‍ച്ചയായും രണ്ടിലേയും അഭിപ്രായങ്ങളില്‍ ചില ശരികളുണ്ട്. പക്ഷെ, ഇത്തരം ശ്രമങ്ങള്‍ പരിപോഷിക്കപ്പെട്ടാല് മാത്രമേ, കൂടുതല്‍ നല്ല സാങ്കേതിക നിലവാരമുള്ള സിനിമകളിലേക്ക് മലയാള സിനിമ എത്തുകയുള്ളൂ എന്നാണ് ഞാന്‍ പറയുന്നത്. അല്ലാതെ ഇത് വളരെ മോശമെന്ന് പറഞ്ഞ് എഴുതിത്തള്ളിയാല്‍, എങ്ങിനെ ഈ മേഖല മുന്നോട്ടെത്തുമെന്നാണ് പറയുന്നത്?
--
ഉറപ്പായിട്ടും പ്രോല്‍സാഹിപ്പിക്കണം. കേരളത്തിലെന്താ സയന്‍സ് അദ്ധ്യാപകര്‍ക്ക് കുറവുണ്ടോ? എന്‍ജിനീയര്‍മാര്‍ക്ക് കുറവുണ്ടോ? ....അത്തരം ഒരാളെ ഫോണ്‍ ചെയ്ത് വിളിച്ച് ചോദിച്ചിരുന്നെങ്കില്‍ ശരിയാക്കാമായിരുന്ന ഒന്നാണ് ഭരതന്റെ പരീക്ഷണശാലയും പരീക്ഷണങ്ങളും ...... അതു പോലും ചെയ്യാഞ്ഞ സംവിധായകന്റെ 'മിടുക്കിനെ', സിനിമ ബോറായാലും അഭിനന്ദിച്ചുകൊണ്ടിരുന്നാല് ഇതിനേക്കാള്‍ 'മികച്ച' സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ മലയാളത്തിലുണ്ടാകും.
ReplyDelete:)
ReplyDeleteകൊള്ളാം. ഫോണ്‍ വിളിച്ചു ചോദിച്ചാല്‍ ഉടനെ എല്ലാം പറഞ്ഞു കൊടുത്തതു തന്നെ! സിനിമയെടുക്കാനാണെന്ന് പറയുമ്പോള്‍ ചോദിക്കുന്ന കാശ് വേറെ. പിന്നെ പരീക്ഷണശാലയും പരീക്ഷണങ്ങളും ഒക്കെ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സാമ്പത്തികം വേണം. ബിജു മേനോനെവെച്ചുള്ള ഒരു പടം, അനില്‍ ദാസ് എന്നൊരാള്‍ സംവിധാനം; എത്ര മുടക്കും? നമുക്കുപോലും മനസിലായി ഈ പരീക്ഷണശാലയൊന്നും പോരെന്ന്, പിന്നെ അതിനെക്കുറിച്ചൊരു സിനിമയെടുക്കുന്ന പിന്നണിപ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്നോ? ഒരു സുപ്രഭാതത്തില്‍ ‘എങ്കിലൊരു സിനിമയെടുക്കാം’ എന്നു പറഞ്ഞു തുടങ്ങുന്നതാവില്ലല്ലോ ഇതൊന്നും. ഇത്തരം പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഒരുപക്ഷെ, കൂടുതല്‍ പണം മുടക്കുവാന്‍ നിര്‍മാതാക്കളും തയ്യാറായേക്കും...
--
Review നന്നായിരിക്കുന്നു. പക്ഷെ,
ReplyDelete"കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പ്രയോജനപ്പെടുത്തുന്നതില്‍ മലയാള സിനിമ എത്രത്തോളം പിന്നിലാണെന്ന് വീണ്ടും വെളിവാക്കുന്നു ഈ ചിത്രം." എന്ന പ്രയോഗം അത്ര നന്നായില്ല. അന്താരാഷ്ട്ര ഗുണനിലവാരമുള്ള സാങ്കേതിക വിദ്യകള്‍ വളരെയധികം തവണ മലയാളം സിനിമയില്‍ വിജയകരമായി ഉപയോഗിച്ചിട്ടുള്ളതാണ്.അടുത്ത കാലത്തു വന്ന BIG-B തന്നെ നല്ലൊരു ഉദാഹരണമാണ്. (ചെമ്മീന്‍,മൈഡിയര്‍ കുട്ടിച്ചാത്തന് തുടങ്ങി എത്രയോ വേറെ) പിന്നെ ചില ചിത്രങ്ങളില്‍ അവ വികലമായി തൊന്നുന്നത് സംവിധായകരുടെ കഴിവു കേട് മാത്രമാണ്. പല തമിഴ് ചിത്രങ്ങളിലും കാണുന്ന പോലെ Computer Graphics മലയാളത്തില്‍ ദുരുപയോഗപ്പെടുത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.
സതീഷ് ഹരിപ്പാടിനോട്,
ReplyDeleteസാങ്കേതിക വിദ്യയുടെ പുരോഗതിയിലൊരു ഭാഗമാണ് കമ്പ്യൂട്ടര്‍ ഗ്രാഫിക്സും; സാങ്കേതികപരമായി മലയാളസിനിമ മുന്നില്‍ തന്നെയാണ്. ചെമ്മീനും, മൈഡിയര്‍ കുട്ടിച്ചാത്തനുമൊക്കെ ഉദാഹരണം. ഇപ്പോള്‍ ഡിജിറ്റല്‍ സിനിമയായും, ഡി.ടി.എസ്. സൌണ്ട് സിസ്റ്റം പ്രയോജനപ്പെടുത്തുന്ന സിനിമയായും മലയാളം സിനിമകള്‍ തിയ്യേറ്ററിലെത്തുന്നു. എന്നാല്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ ഉപയോഗത്തില്‍ നാം വളരെ പിന്നിലാണ്. ബിഗ്-ബിയിലും മിഷന് 90 ഡേയ്സിലും മറ്റും കമ്പ്യൂട്ടര്‍ സ്പെഷ്യല്‍ ഇഫക്ടുകളായിരുന്നു ഉപയോഗിച്ചത്. ഗ്രാഫിക്സ് എന്നാല്‍ അയഥാര്‍ത്ഥമായ ഒന്നിനെ യാഥാര്‍ത്ഥ്യമായി അവതരിപ്പിക്കുക എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ രീതിയില്‍ മലയാള സിനിമ ഇനിയും ഏറെ ദൂരം മുന്നോട്ടു പോവേണ്ടിയിരിക്കുന്നു.
--
This comment has been removed by the author.
ReplyDeleteഹരിയോട്..
ReplyDeleteപറഞ്ഞതു ശരിയാണ്, നമ്മുടെ പല സിനിമകളിലും ശരിയായ വിധത്തില്‍ ഉപയോഗിക്കപ്പെടുന്നില്ല, പരിമിതമായ Budgetഉം അതിനൊരു കാരണമല്ലേ.പല തമിഴ് ചിത്രങ്ങളിലും കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് എന്നു പറഞ്ഞു ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ കാണിക്കുന്ന പലതും വളരെ വികൃതമാണ്- അവര്‍ക്ക് ആവശ്യത്തിന് Budget ഉണ്ടായിട്ടുപോലും.അങ്ങനെ ചിന്തിച്ചാല്‍ നമ്മുടെ സിനിമകള്‍ വളരെ ഭേദമാണ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.ഓഫാബി പോലുള്ള ചിത്രങ്ങളില്‍ അന്നത്തെ കാലത്ത് ഭേദപ്പെട്ട രീതിയില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ചിട്ടുണ്ട്.
അതായത് ഇത് മലയാളത്തിന്റെ മാത്രം പ്രശ്നം അല്ല.സാമ്പത്തികം, സംവിധായകന്, പിന്നെ കഥാപശ്ചാത്തലം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.
പിന്നെ, ഹരി ഉദ്ദേശിച്ചത് ഭരതന് ഇഫക്റ്റിലെ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനെ കുറിച്ചാണെങ്കില്‍,വളരെ ബോറായിപ്പോയെന്ന് ഞാന്‍ സമ്മതിക്കുന്നു.“എറിയാനറിയാത്തവന്റെ കയ്യില്‍ വടി കിട്ടിയതുപോലെയായി അതിന്റെ അവസ്ഥ”.