ആകാശം

Published on: 6/19/2007 12:08:00 AM
Aakasham, Akasham, Akasam, Harisri, Harisree, Asokan, Ashokan, Jyothirmayi, Sundardas, Sundar Das, Innocent, Mamukkoya, K.P.A.C. Lalitha, June Release, Malayalam Movie Review, Film, Cinema
ഹാസ്യനടനായി മാത്രം നമ്മള്‍ പരിചയപ്പെട്ടിട്ടുള്ള ഹരിശ്രീ അശോകന്റെ പ്രത്യേകതയുള്ള ഒരു വേഷം. നായകസ്ഥാ‍നത്തുള്ള, തമാശകളില്ലാത്ത ഒരു കഥാപാത്രമാണ് അശോകന്‍ ഇതില്‍. സല്ലാപം, സമ്മാനം, കുടമാറ്റം എന്നീ ചിത്രങ്ങളൊരുക്കിയ സുന്ദര്‍ദാസാണ് ഈ ചിത്രത്തിന്റെ സംവിധാനം. ടി.എ. റാസാഖ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെ. കെ. നാരായണസ്വാമി.

മനോഹരന്‍(ഹരിശ്രീ അശോകന്‍) ഒരു കാര്‍ ഷോറൂമിലെ മെക്കാനിക്കാണ്, ജോലിയില്‍ കൃത്യനിഷ്ഠ പുലര്‍ത്തുന്നയാളാണ്, അതില്‍ വിദഗ്ദ്ധനുമാണ്. ഭാര്യ ഭാനു(ജ്യോതിര്‍മയി), അമ്മ ലക്ഷ്മിയമ്മ(കെ.പി.എ.സി. ലളിത), രണ്ടു പെണ്മക്കള്‍, ഭാര്യയുടെ അനിയന്‍ ശിവ എന്നിവരടങ്ങുന്ന കൊച്ചു കുടുംബമാണ് മനോഹരന്റേത്. അധികം സുഹൃത്തുക്കളൊന്നുമില്ലാത്ത മനോഹരന്, പരസഹായം മമ്മാലിക്ക എന്നു നാട്ടുകാര്‍ കളിയായി വിളിക്കുന്ന പച്ചക്കറിവില്പനക്കാരന്‍ മമ്മാലിക്ക(മാമുക്കോയ)യാണ് ഒരു കൂട്ട്. പിന്നെയുള്ളത് ഷോറൂം ഉടമ, വര്‍ഗ്ഗീസ് എബ്രഹാം പാതിരിക്കോടന്‍(ഇന്നസെന്റ്) എന്ന ഭാര്യയുപേക്ഷിച്ചുപോയ ഒരു നല്ല മനുഷ്യനും. ഒരു വീടു വാങ്ങുക എന്നത് മനോഹരന്റെ സ്വപ്നമായിരുന്നു. അതിനായി പലിശയ്ക്ക് പണമൊപ്പിച്ച് മടങ്ങിയെത്തുന്ന മനോഹരന്‍ കേള്‍ക്കുന്നത്, താന്‍ പോയ ചാവക്കാട് എന്ന സ്ഥലത്തിന് വളരെയടുത്തുള്ള ഗുരുവായൂരില്‍ ബോംബ് പൊട്ടി എന്ന വാര്‍ത്തയാണ്. പോലീസ് പുറത്തുവിട്ട സംശയിക്കുന്ന പ്രതിയുടെ ഛായാ ചിത്രത്തിന് മനോഹരനോട് വളരെയടുത്ത സാദൃശ്യവും. ഇതേത്തുടര്‍ന്ന് മനോഹരന്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

വളരെ പുതുമയുള്ള ഒരു പ്രമേയമുണ്ട് ഇതില്‍. കഥ നന്നായിത്തന്നെ പറഞ്ഞു തുടങ്ങുകയും ചെയ്തു. ജ്യോതിര്‍മയി, കെ.പി.എ.സി. ലളിത, മാമുക്കോയ എന്നിവരൊക്കെ നന്നായി കഥാ‍പാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സായി കുമാര്‍ അവതരിപ്പിക്കുന്ന ഡി.വൈ.എസ്.പി. രഘുനന്ദനനാണ് എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം. സാധാരണ പോലീസ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി, “ഊഹാപോഹങ്ങള്‍ വെച്ച് ഒരാളുടെ വീട്ടില്‍ കയറിച്ചെന്നാല്‍, അതാ കുടുംബാംഗങ്ങളെ എങ്ങിനെയൊക്കെ വിഷമിപ്പിക്കാം” എന്ന് ചിന്തിക്കുന്ന ഒരു പോലീസ് ഓഫീസര്‍, എന്നാല്‍ ജോലിയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. വര്‍ഗ്ഗീസ് എബ്രഹാം എന്ന വിഭാര്യനായ ഷോറൂം ഉടമയെ ഇന്നസെന്റും നന്നായി അവതരിപ്പിച്ചു.
മനോഹരന്റെ ചെറിയമ്മ, ഭാരതി കൊച്ചമ്മയായെത്തുന്ന ബിന്ദു പണിക്കരും മോ‍ശമായില്ല. വളുത്ത അക്ഷരത്തില്‍ ചുവന്ന വരയിട്ടു കാണിക്കുന്ന മലയാളം സിനിമാ ടൈറ്റിലുകളില്‍ നിന്നും വ്യത്യസ്തമായി ടൈറ്റിത്സ് ഇതില്‍ വ്യത്യസ്തമായി നല്‍കിയിട്ടുണ്ട്, എന്നതും ആകര്‍ഷകമായി.

നന്നായി പറഞ്ഞുതുടങ്ങിയ കഥ, പ്രമേയത്തോടടുത്തപ്പോള്‍ അതിന്റെ എല്ലാ രസവും കളഞ്ഞു കുളിച്ചു. നല്ല ഒരു വിഷയം ലഭിച്ചിട്ട്, അതീരീതിയില്‍ ഒരു കാട്ടിക്കൂട്ടലാക്കിയതില്‍ സുന്ദര്‍ദാസും, ടി.എ. റസാഖും സ്വയം പഴിക്കുന്നുണ്ടാവണം. ഹരിശ്രീ അശോകനാവട്ടെ അമിതാഭിനയത്തിലൂടെ മനോഹരന്‍ എന്ന കഥാ‍പാത്രത്തെ അരോചകമാക്കി. മനോഹരന്റെ പെരുമാറ്റത്തിലുള്ള വ്യതിയാനങ്ങള്‍ വിശ്വസിനീയമായ രീതിയില്‍ പ്രേക്ഷകനിലെത്തിക്കുവാന്‍ സംവിധായകനോ, കഥാപാത്രത്തെ അവതരിപ്പിച്ച അശോകനോ കഴിഞ്ഞിട്ടില്ല. മനോഹരന്റെ അമ്മ, ഭാര്യ എന്നിവരുടെ പെരുമാറ്റ രീതികളിലും ചിലയിടങ്ങളില്‍ അസ്വാ‍ഭാവികത തോന്നിച്ചു. അവരുടെ പല സംഭാഷണങ്ങളും ഏച്ചു കെട്ടുന്നതുമായി. ചിത്രത്തിലെ ഗാനങ്ങളും നിലവാരം പുലര്‍ത്തിയില്ല.

ഒരു ഹാസ്യ നടന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം എന്നു പറയുമ്പോള്‍, ലാല്‍ജോസിന്റെ അച്ഛനുറങ്ങാത്ത വീട് ഓര്‍മ്മയിലെത്തുന്നത് സ്വാഭാവികം. എന്നാല്‍ സലിം കുമാറിന് ഇണങ്ങുന്ന, അദ്ദേഹത്തിന്റെ കഴിവുകളുടെ പരിധി ലംഘിക്കാത്ത കഥാപാത്രമായിരുന്നു അതിലെ അച്ഛന്റേത്. എന്നാലിതിലെ അശോകന്റെ കഥാപാത്രം, കൂടുതല്‍ പ്രതിഭ ആവശ്യപ്പെടുന്നതായി. തിരക്കഥയിലെ അച്ചടക്കമില്ലായ്മ ചിത്രത്തിന്റെ ഉള്ള രസത്തേയും നശിപ്പിച്ചു. ഒരുപക്ഷെ മുഖ്യധാരാ നായകന്മാരായ മോഹന്‍ലാലോ മമ്മൂട്ടിയോ മനോഹരന്‍ എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നെങ്കില്‍, ചിത്രം വളരെയേറെ നന്നായേനേ എന്നും തോന്നി. “ഒരു ചക്ക വീണു മുയല്‍ ചത്തെന്നു കരുതി, എല്ലാ ചക്ക വീഴുമ്പോഴും മുയല്‍ ചാവണമെന്നില്ല” എന്ന പഴമൊഴിയാണ് ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസില്‍ തോന്നുക!
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
ആകാശം - മലയാളം മൂവി റിവ്യൂസ്


Read More:
NowRunning
IndiaGlitz
--


Keywords: Aakasham, Akasham, Akasam, Harisri, Harisree, Asokan, Ashokan, Jyothirmayi, Sundardas, Sundar Das, Innocent, Mamukkoya, K.P.A.C. Lalitha, June Release, Malayalam Movie Review, Film, Cinema
--

4 comments :

 1. ഹാസ്യനടനായി നമ്മളെ കുടുകുടെ ചിരിപ്പിക്കാറുള്ള ഹരിശ്രീ അശോകന്റെ വ്യത്യസ്തമായ ഒരു വേഷം. സല്ലാപത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ സുന്ദര്‍ദാസിന്റെ പുതിയ ചിത്രം, ആകാശത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ങ്‌ഹും...
  ചെറുഭാഗങ്ങള്‍ ടി.വി.യില്‍ കണ്ടപ്പോള്‍ എനിക്കും തോന്നി ഇതു തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കല്‍ ആകില്ലേ എന്ന്.

  ഹരീ, ചിത്രവിശേഷം സ്ഥിരമായി വായിക്കാറുണ്ട് കേട്ടോ. ഇന്നേ വരെ കമന്‍‌റ്റിട്ടില്ല എന്ന് മാത്രം. അതിന് കാരണം ഞാന്‍ പൊതുവെ മുഴുവന്‍ വായിക്കാറില്ല എന്നതാണ് (ഈ പോസ്റ്റുള്‍പ്പടെ). സിനിമ കാണുന്നതിന് മുന്‍പ് കഥ കേള്‍ക്കുന്നത് ഇഷ്ടമല്ലാത്തതിനാലാണത്. ആദ്യവും അവസാനവും മാത്രം വായിക്കും. മുഴുവന്‍ വായിച്ച് തീര്‍ക്കുന്ന പോസ്റ്റിനൊക്കെ ഇനി മുതല്‍ കമന്‍‌‌റ്റുന്നതായിരിക്കും. :-)

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete
 3. ദൃശ്യനോട്,
  വളരെ നന്ദി; വായിക്കുന്നതിനും കമന്റിയതിനും.

  പക്ഷെ,
  ഞാന്‍ ഒരു സിനിമയുടേയും കഥ ഇവിടെ പൂര്‍ണ്ണരൂപത്തില്‍ നല്‍കാറില്ല. കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു, ഒപ്പം കഥയെക്കുറിച്ച് ചെറിയൊരു വിവരണവും. ആ വിവരണം പലപ്പോഴും, ഒരു പ്രിവ്യൂവില്‍ നല്‍കുന്നതുപോലെയേ ഉണ്ടാവാറുള്ളൂ.
  ഉദാ: ആകാശത്തിന്റെ പ്രിവ്യൂ ഇന്‍ഡ്യാഗ്ലിറ്റ്സ് നല്‍കിയിരിക്കുന്നത് ഇവിടെ കാണാം. അത്രയുമൊക്കെയല്ലേ ഞാനിവിടെ റിവ്യൂവിലും പറഞ്ഞിട്ടുള്ളൂ. ഞാനിവിടെ കഥപറയുന്നു എന്ന് പലരും പല പോസ്റ്റുകളിലും ആരോപണമുന്നയിക്കാറുള്ളതിനാല്‍, ഇങ്ങിനെ നീട്ടിയൊരു വിശദീകരണമിട്ടെന്നു മാത്രം. :)
  --

  ReplyDelete
 4. ഹരി കഥാസാരം മാത്രമേ നല്‍കാറുള്ളൂ എന്നത് ശരി തന്നെ. ഞാന്‍ അങ്ങനെ പറഞ്ഞത് ഒരു അനുകൂല/പ്രതികൂല ഘടകമായല്ല. ഞാന്‍ പൊതുവേ സിനിമ കാണുന്നതിന് മുന്‍പ് കഥയുടെ ത്രെഡ്/പ്രിവ്യൂ (except technical, backgrounds and crew details) പോലും അറിയാന്‍ ഇഷ്ടപെടാറില്ല എന്ന് പറഞ്ഞു എന്നു മാത്രം.

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete