നന്മ

Published on: 6/08/2007 07:55:00 AM
Nanma, Malayalam, Film, Review, Movie, Cinema, June Release, Kalabhavan Mani, Rahman, Kalasala Babu, Abhinaya, Udayathara, Sarath Chandran Wayanad, Muthu, Chettiar
പത്രവാര്‍ത്തകളില്‍ നാം പലപ്പോഴും വായിക്കാറുണ്ട്. പത്താള്‍ താഴ്ചയുള്ള ചുഴിയില്‍ നിന്നും ശവം മുങ്ങിയെടുത്തു, നാലു ദിവസം പഴകിയ ശവശരീരം മരത്തില്‍ നിന്നും മുറിച്ചിറക്കി ഇങ്ങിനെയൊക്കെ. പക്ഷെ, അതൊക്കെ ചെയ്യുന്നവരെപ്പറ്റി അധികമൊന്നും പറഞ്ഞുകേള്‍ക്കാറില്ല. എന്നാല്‍ അങ്ങിനെയൊരാളുടെ കഥ പറയുവാനാണ് ‘നന്മ’ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട് ശ്രമിച്ചിരിക്കുന്നത്. സംവിധായകന്റെതന്നെയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. ശശികുമാര്‍ നാട്ടകമാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മുത്തു ചെട്ടിയാര്‍ (കലാഭവന്‍ മണി) തമിഴ്നാട് സ്വദേശിയാണ്, ജീവിക്കുവാനായി കേരളത്തിലെത്തി ജോലിനോക്കുന്നു. പുഴയിലും മറ്റും മുങ്ങിമരിക്കുന്നവരുടേ ജഡം, മുങ്ങിത്തപ്പിയെടുക്കുകയാണ് മുത്തുവിന്റെ തൊഴില്‍. അതില്‍ മുത്തു വിദഗ്ദ്ധനുമാണ്. മുത്തുവിന് മൂന്നു മക്കള്‍; നകുലന്‍ (റഹ്മാന്‍), സീത (സുജ കാര്‍ത്തിക) പിന്നെ അന്ധനായ ഉണ്ണിക്കുട്ടനും. നകുലന് നല്ല രീതിയില്‍ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടെങ്കിലും തന്റെ അച്ഛന്റെ തൊഴിലിന്റെ മാന്യതക്കുറവുമൂലം എവിടെയും ജോലി ലഭിക്കുന്നില്ല. മുത്തുവിന് വളരെയടുപ്പമുള്ള മറ്റൊരു കുടുംബമാണ് മാഷി(കലാശാല ബാബു)ന്റേത്. കടബാധ്യതകളില്‍ നട്ടം തിരിയുന്ന മാഷിന് രണ്ടു പെണ്മക്കള്‍: മീരയും (
അഭിനയ) താരയും (ഉദയതാര). മീര ആശുപത്രിയില്‍ നേഴ്സാണ്, താര ഒരു ലോക്കല്‍ ചാനലില്‍ ന്യൂസ് റീഡറും. പണം പലിശയ്ക്ക് കൊടുത്തത് തിരികെപ്പിടിക്കുവാനായി ഫൈനാന്‍സുകാര്‍ നകുലനെ ഉപയോഗിക്കുന്നു. ഇത് മുത്തുവിന് ഇഷ്ടപ്പെടുന്നില്ല. മുത്തുവും മകനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കഥയുടെ ഒരു വിഷയമാവുന്നു. നകുലന്റെ മുതലാളി പരമശിവം(അനില്‍), മുത്തുവിന്റെ ചെറുപ്പത്തിലെ സുഹൃത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ കടുത്ത ശത്രുതയിലാണ്. അവരുടെ പകയും പ്രതികാരവുമാണ് സിനിമയിലെ മറ്റൊരു കഥാതന്തു.

മുത്തു ചെട്ടിയാര്‍ എന്ന കഥാപാത്രത്തെ കലാഭവന്‍ മണി നന്നായി അവതരിപ്പിച്ചിരിക്കുന്നു. പരമശിവം എന്ന വില്ലനെ അവതരിപ്പിച്ച അനിലും ശ്രദ്ധേയമായി. സുകുമാ‍രി, ഇന്ദ്രന്‍സ്, അരവിന്ദ്, മണികണ്ഠന്‍, ബാബുരാജ് ഇങ്ങിനെ ഒട്ടേറെ അഭിനേതാക്കള്‍ ഇതില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്യാമറ പ്രവര്‍ത്തിപ്പിച്ച ശ്യാംദത്തും ചില ഷോട്ടുകള്‍ക്ക് അഭിനന്ദനമര്‍ഹിക്കുന്നു. വെറുതെ പടം പിടിക്കാതെ, ഫ്രയിമില്‍ എന്തെങ്കിലുമൊക്കെ പുതുമകള്‍ കൊണ്ടുവരുവാന്‍ കുറച്ചെങ്കിലും ശ്യാംദത്ത് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഗാനരംഗങ്ങളുടെ ചിത്രീകരണം പറയത്തക്ക മേന്മയുള്ളതുമായില്ല.

നകുലന്‍ എന്ന റോളില്‍ റഹ്മാന്‍ ഇണങ്ങുന്നെങ്കിലും കഥാപാത്രത്തെ വിജയകരമായി അവതരിപ്പിച്ചു എന്നു പറയുവാന്‍ കഴിയില്ല. വ്യത്യസ്തമായ ഒരു കഥാതന്തു വിജയകരമായി അവതരിപ്പിക്കുന്നതില്‍ തിരക്കഥാകൃത്തുകൂടിയായ സംവിധാ‍യകന്‍ പരാജയപ്പെടുന്നു. ചിത്രത്തിലെ ഗാനങ്ങള്‍, കേള്‍ക്കാന്‍ ഇമ്പമുള്ളതായി തോന്നിയെങ്കിലും, ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഒന്നും മനസില്‍ അവശേഷിച്ചില്ല. പുതുമുഖങ്ങളായ ഉദയതാര, അഭിനയ എന്നിവരും നിരാശപ്പെടുത്തി. പട്ടുസാരിയിലും ഫാഷന്‍ വസ്ത്രങ്ങളിലും മാത്രം പ്രത്യക്ഷപ്പെടുന്ന മീരയ്ക്കും താരയ്ക്കും സ്വാഭാവികത തീരെയില്ല. ഉണ്ണിക്കുട്ടന്‍ പറയുന്ന പല ഡയലോഗുകളും പ്രായത്തിനും വിവരത്തിനും യോജിച്ചതല്ല, ആ ഡയലോഗുകള്‍ക്ക് ചിത്രത്തിലെന്തെങ്കിലും ചെയ്യുവാനുണ്ടെന്നും തോന്നിയില്ല. അതുപോലെ നകുലന്റെ പല സംഭാഷണങ്ങളും അപക്വമായിത്തോന്നി.

നല്ല ഒരു വിഷയം, അത് വാണിജ്യസിനിമയുടെ ചട്ടക്കൂടുകള്‍ക്കുള്ളിലാക്കി അവതരിപ്പിച്ചപ്പോള്‍, അതിന്റെ തനിമ നഷ്ടമായി. മുത്തു ചെട്ടിയാരുടെ തൊഴിലിന്റെ ഭാഗമായുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളോ, പ്രശ്നങ്ങളോ; തൊഴിലിന്റെ തന്നെ പ്രയാസങ്ങളോ ഒന്നും സിനിമയ്ക്ക് വിഷയമാവുന്നില്ല. ചതിയുടേയും പ്രതികാരത്തിന്റേയും കഥതന്നെ ഇതും, എന്നാല്‍ മുത്തുവിന്റെ തൊഴില്‍ ശവം മുങ്ങിയെടുക്കലാണെന്നു മാത്രം. ചിത്രത്തിന്റെ ക്ലൈമാക്സാണെന്നു തോന്നുന്നു ആദ്യം സൃഷ്ടിച്ചത്. ക്ലൈമാക്സിന്റെ ആശയം നന്നായെങ്കിലും, ചിത്രീകരണം പാളി. ഒരു കഥയെ അല്ലെങ്കില്‍ കവിതയെ മൊത്തത്തില്‍ നന്നാക്കുവാന്‍, എഴുതിയ ഏറ്റവും നല്ല വരി ഒഴിവാക്കേണ്ടതായി വരാം. അതുപോലെ സിനിമയ്ക്ക് ചേരുന്നില്ലെങ്കില്‍, എത്ര നല്ല ക്ലൈമാക്സാണെങ്കിലും ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്, അല്ലെങ്കില്‍ അത് ഇണക്കിച്ചേര്‍ക്കുവാന്‍ പുതുവഴികള്‍ തേടണം. ഇങ്ങിനെയൊക്കെയാണെങ്കിലും, വെട്ടും കുത്തുമായി നടക്കുന്നവര്‍ക്ക്, ആ തൊഴിലിലും ഭേദം ശവം മുങ്ങിയെടുക്കുന്ന പണിയാണെന്ന് വ്യക്തമായ ഒരു സന്ദേശം നല്‍കുവാന്‍ ചിത്രത്തിനാവുന്നുണ്ട്. അതു തന്നെയാണ് ഈ ചിത്രത്തിന്റെ നന്മയും.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
നന്മ - ഇന്ദുലേഖ
നന്മ - മലയാളം മൂവി റിവ്യൂസ്

Read More:
IndiaGlitz
NowRunning
--

Keywords: Nanma, Malayalam, Film, Review, Movie, Cinema, June Release, Kalabhavan Mani, Rahman, Kalasala Babu, Abhinaya, Udayathara, Sarath Chandran Wayanad, Muthu, Chettiar
--

5 comments :

 1. പോലീസും ഫയര്‍ഫോഴ്സുമൊക്കെ പരാജയപ്പെടുന്നിടത്താണ് മുത്തു ആവശ്യമായി വരുന്നത്. ഏത് ആഴമേറിയ ജലാശയത്തിലും മുങ്ങാംകുഴിയിട്ട് ശവം കണ്ടെത്തി കരയ്ക്കെത്തിക്കുന്നതില്‍ മുത്തുവിനെക്കഴിഞ്ഞേ മറ്റാരുമുള്ളൂ. അങ്ങിനെയുള്ള മുത്തുവിന്റെ മനസിലെ നന്മയുടെ കഥയാണിത്.

  കലാഭവന്‍ മണി മുത്തു ചെട്ടിയാരായെത്തുന്ന നന്മ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --
  കുറിപ്പ്: കുറുമാന്റെ കഥകളിലെ ‘മൃതോത്ഥാന’വുമായി നന്മയ്ക്ക് ബന്ധമേതുമില്ല...

  ReplyDelete
 2. ടിവിയില്‍ വരുമ്പോ കാണാം :-)

  qw_er_ty

  ReplyDelete
 3. hi haree you didt review about movie goal, we are waiting for your review about goal
  thank you

  ReplyDelete
 4. സിജുവിനോട്,
  :) മിടുക്കന്‍...

  മന്‍സൂറിനോട്,
  എനിക്ക് അതിയായ സന്തോഷമുണ്ട് ഇങ്ങിനെ കേള്‍ക്കുന്നതില്‍. :)
  ഗോളിന്റെ പ്രശ്നം എന്തായിരുന്നെന്നു വെച്ചാല്‍, എന്റെ നാട്ടില് ആ ചിത്രം ആദ്യ വാരം റിലീസ് ചെയ്തിരുന്നില്ല. വിനോദയാത്ര ഓടിയിരുന്ന തിയ്യേറ്ററില്‍ തന്നെയായിരുന്നു അതും ഷെഡ്യൂള്‍ ചെയ്തിരുനത്. പിന്നീട് വന്നപ്പോഴാവട്ടെ, ആദ്യ ആഴ്ചയില്‍ തന്നെ മോ.ഷോ, മാറ്റിനി മാത്രവും. അങ്ങിനെ കാണുവാന്‍ അവസരം കിട്ടിയില്ല. രണ്ടാഴ്ച കഴിഞ്ഞ് എല്ലായിടത്തും അഭിപ്രായം വന്ന ശേഷം കാണുവാനും തോന്നിയില്ല. ഒരു റിവ്യൂ ഇവിടെ കാണാം.
  --

  ReplyDelete
 5. റഹ്മാന് പടങ്ങള്഼ കുറെ കിട്ടുന്നു. വിദേശരാജ്യങ്ങളില്഼ ഷൂട്ട് ചെയ്യുന്ന മുസാഫിര് എന്നൊരു പടത്തില് റഹ്മാനാണ് നായകന്.
  റഹ്മാന് ആരാധകരുടെ ഒരു നല്ല ബ്ലൊഗ്
  http://rahmanthestar.blogspot.com/

  ReplyDelete