പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍ 3

Published on: 6/02/2007 07:29:00 AM
കരീബിയന്‍ ദ്വീപുകളിലെ കടല്‍ കൊള്ളക്കാരുടെ കഥപറയുന്ന പൈറേറ്റ്സ് ഓഫ് ദി കരീ‍ബിയന്‍ ചിത്രപരമ്പരയിലെ മൂന്നാമത്തേത് - അറ്റ് വേള്‍ഡ്സ് എന്‍ഡ്. ഡേവി ജോണ്‍സിന്റെ തടവിലായ ജാക്കിനെ രക്ഷപെടുത്തുവാനുള്ള ഉദ്യമത്തിലാണ് വില്ലും, എലിസബത്തും കൂട്ടരും.
കരീബിയന്‍ കടല്‍ കൊള്ളക്കാരുടെ വീരേതിഹാസങ്ങളുടെ കഥപറയുന്ന പൈറേറ്റ്സ് ചിത്രപരമ്പരയിലെ മൂന്നാ‍മത്തേതാണ്, പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍ - അറ്റ് വേള്‍ഡ്സ് എന്‍ഡ്. മറ്റ് രണ്ട് പൈറേറ്റ്സ് ചിത്രങ്ങളിലെ സംവിധായകന്‍, ഗോര്‍ വെര്‍‌ബന്‍സ്കി തന്നെയാണ് ഇതിന്റേയും സംവിധാനം. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ടെഡ് എല്ല്യോട്ട്, ടെറി റോഷ്യോ എന്നിവര്‍ ചേര്‍ന്ന്. ജെറി ബുക്കീമറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥാപാത്രങ്ങളും കഥയും മനസിലാക്കുവാന്‍, ആദ്യ രണ്ട് സിനിമകളും കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്. കണ്ടിട്ടില്ലാത്തവര്‍ക്ക് ആദ്യ സിനിമയെക്കുറിച്ച് ഇവിടെയും, രണ്ടാം ഭാഗത്തെക്കുറിച്ച് ഇവിടെയും വായിക്കാവുന്നതാണ്.

ആദ്യ ഭാഗത്ത് ക്യാപ്റ്റന്‍ ജാക്ക് സ്പാരോ (ജോണി ഡെപ്പ്) യുടെ കൈകളാല്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ ബാര്‍ബോസ (ജ്യോഫ്രി റഷ്) രണ്ടാം ഭാഗം അന്ത്യത്തില്‍ തിരിച്ചുവരുന്നത് നമ്മള്‍ കണ്ടു. എലിസബത്ത് സ്വാന്‍ (കൈറ നൈറ്റ്ലി) ജാക്കിനെ ബ്ലാക്ക് പേള്‍ എന്ന കപ്പലില്‍ കുടുക്കുന്നതും, ക്യാപ്റ്റന്‍ ഡേവി ജോണ്‍സിന്റെ (ബില്‍ നൈ) സത്വം ക്രാക്കന്‍ ജാക്കിനെ വിഴുങ്ങുവാനടുക്കുന്നതും രണ്ടാം ഭാഗത്തില്‍ നാം കണ്ടു. പിന്നീട് ടിയ ദാല്‍മ (നോമി ഹാരിസ്) എന്ന മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം ക്യാപ്റ്റന്‍ ബാര്‍ബോസയുടെ നേതൃത്വത്തില്‍ വില്‍ ടര്‍ണര്‍ (ഓര്‍ലാന്‍ഡോ ബ്ലൂം), എലിസബത്ത്, ടിയ ദല്‍മ, ബ്ലാക്ക് പേളിലെ മറ്റുള്ളവര്‍ എന്നിവര്‍ ചേര്‍ന്ന് ഡേവി ജോണ്‍സിന്റെ ലോക്കര്‍ തേടി പുറപ്പെടുന്നു. അവിടെയാ‍ണ് ജാക്കിനെ തടവിലാക്കിയിരിക്കുന്നത്. എന്നാല്‍ അവിടെയെത്തുവാനുള്ള വഴി രേഖപ്പെടുത്തിയിരിക്കുന്ന ഭൂപടം സിംഗപ്പൂര്‍ കടല്‍ക്കൊള്ളക്കാരുടെ തലവനായ ക്യാപ്റ്റന്‍ സുയോ ഫെംഗിന്റെ (ചൌ-യുന്‍-ഫാറ്റ്) കൈക്കലാണ്.

ഇതേ സമയം ലോഡ് കട്‌ലര്‍ ബെക്കറ്റ് (ടോം ഹോളന്‍ഡര്‍) കൊള്ളക്കാരെയെല്ലാം ഉന്മൂലനം ചെയ്യുവാനുള്ള യജ്ഞത്തിലാണ്. ഡേവി ജോണ്‍സിന്റെ ഹൃദയം ഇപ്പോള്‍ ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുടെ പക്കലാണ്, അതിനാല്‍ തന്നെ ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുടെ വരുതിയിലാണ് ഡേവി ജോണ്‍സും, പടുകൂപ്പന്‍ കപ്പലായ ഫ്ലയിംഗ് ഡച്ച്മാനും. ബെക്കറ്റിന്റെ ഈ നടപടികള്‍ക്കെതിരെ, ലോകത്താകമാനമുള്ള ഒന്‍പത് കൊള്ളത്തലവന്മാര്‍ സംഘടിക്കുന്നു. എന്നാല്‍ അതിലൊരാളായ ജാക്ക് സ്പാരോ ഇപ്പോള്‍ തടവിലാണ്. അദ്ദേഹത്തെ രക്ഷിച്ചുകൊണ്ടുവരുവാനാണ് ക്യാപ്റ്റന്‍ ബാര്‍ബോസ യാത്രതിരിച്ചിരിക്കുന്നത്. ജാക്കിന്റെ തിരിച്ചുവരവും ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയും കടല്‍ക്കൊള്ളക്കാരും തമ്മിലുള്ള യുദ്ധവുമാണ് ചിത്രത്തിന്റെ ബാക്കിഭാഗം.

മുന്‍ ചിത്രങ്ങളിലേതുപോലെ വളരെ നല്ല പ്രകടനമാണ് ജോണി ഡെപ്പ് ഇതിലും കാഴ്ചവെച്ചിരിക്കുന്നത്. ഇടയ്ക്കിടെ ഭ്രാന്തുപറയുന്ന, കൊള്ളക്കാരുടെ തലവനായ ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന നര്‍മ്മം കലര്‍ന്ന കഥാപാത്രത്തെ ജോണി ഡെപ്പ് തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പ്രധാന കഥാപാത്രങ്ങളെക്കൂടാതെ ഒട്ടനവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുടനീളമുണ്ട്. എല്ലാവരും നന്നായിത്തന്നെ കഥാ‍പാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്. വളരെ സ്വാഭാവികമായി തയ്യാറാക്കിയിരിക്കുന്ന ഗ്രാഫിക്സും സ്പെഷ്യല്‍ ഇഫക്ടുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കടലും, കപ്പലുകളും, കപ്പല്‍ചേതങ്ങളും, യുദ്ധവും, ഡേവി ജോണ്‍സ് - ബില്‍ ടര്‍ണര്‍ തുടങ്ങിയ പ്രത്യേക രൂപഭാവങ്ങളുള്ള കഥാ‍പാത്രങ്ങളും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ചിത്രത്തിന്റെ പ്രധാന ന്യൂനത പെട്ടെന്നൊന്നും മനസിലാക്കുവാന്‍ സാധിക്കാത്ത കഥയാണ്. അത് കഥയുടെ തന്നെ കുഴപ്പമാണോ, അതോ ഇത് സിനിമയാക്കിയതിലെ കുഴപ്പമാണൊ എന്ന് മനസിലാവുന്നില്ല. ചിത്രത്തില്‍ പല കഥാപാത്രങ്ങളും ഓരോ അവസരങ്ങളില്‍ എന്തുകൊണ്ട് അങ്ങിനെയൊക്കെ പെരുമാറി എന്ന്‍ വിശദീകരിക്കുന്നതേയില്ല. ക്യാപ്റ്റന്‍ ബാര്‍ബോസ എങ്ങിനെ തിരിച്ചെത്തി, ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ക്രാക്കനെ എങ്ങിനെ വകവരുത്തി എന്നൊന്നും കഥയില്‍ ഇപ്പോഴും വെളിവായിട്ടില്ല. ആദ്യ രണ്ടുഭാഗവും കണ്ടിട്ടില്ലാത്തവര്‍ക്ക് (ഒരുപക്ഷെ, കണ്ടവര്‍ക്കും) കഥയറിയാതെ ആട്ടം കാണുന്ന പ്രതീതിയാവും ഈ സിനിമ നല്‍കുക. എന്നാല്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് മാത്രം കണ്ട് ആനന്ദിക്കുവാന്‍ കഴിയുന്നവര്‍ക്കും പൈറേറ്റ്സ് സിനിമകളുടെ സ്ഥിരം പ്രേക്ഷകര്‍ക്കും ആസ്വാദ്യകരമായിരിക്കുകയും ചെയ്യും ഈ ചിത്രം. ഫൌണ്ടന്‍ ഓഫ് യൂത്ത് തേടിയുള്ള ജാക്കിന്റെ യാത്രയില്‍ അവസാനിക്കുന്ന ചിത്രം, അടുത്ത സാഹസികതകളിലേക്കുള്ള ചൂണ്ടുപലകയാവണം.


Keywords: Pirates of the Caribbean, At World's End, English, Film Review, Malayalam, Cinema, Movie, Jack Sparrow, Davy Jones, Will Turner, Elizabeth Swann, Captain Barbossa, Captain Sao Feng, Johny Depp, Orlando Bloom, Keira Knightly, Geoffrey Rush, Chow-Yun-Fat, Bill Nighy
--

6 comments :

 1. കരീബിയന്‍ ദ്വീപുകളിലെ കടല്‍ കൊള്ളക്കാരുടെ കഥപറയുന്ന പൈറേറ്റ്സ് ഓഫ് ദി കരീ‍ബിയന്‍ ചിത്രപരമ്പരയിലെ മൂന്നാമത്തേത് - അറ്റ് വേള്‍ഡ്സ് എന്‍ഡ്. ഡേവി ജോണ്‍സിന്റെ തടവിലായ ജാക്കിനെ രക്ഷപെടുത്തുവാനുള്ള ഉദ്യമത്തിലാണ് വില്ലും, എലിസബത്തും കൂട്ടരും.

  ജാക്ക് സ്പാരോയും വില്ലും എലിസബത്തും ക്യാപ്റ്റന്‍ ബാര്‍ബോസയുമൊക്കെ വീണ്ടും സ്ക്രീനിലെത്തുന്ന, പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍ - അറ്റ് വേള്‍ഡ്സ് എന്‍ഡിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഹരീ ഇന്നലെ സെക്കന്‍ഡ് ഷോ കണ്ടു ഈ പടം . കറക്റ്റ് ഗ്രാഫിക്സും കാമറാ വര്‍ക്കും സെറ്റിങ്ങ്സും എല്ലാം കണ്ട് അന്തം വിട്ടിരുന്നെങ്കിലും ഒരു കുന്തോം മനസ്സിലായില്ല.
  [സെക്കന്‍ പാര്‍ട്ട് കാണാത്തതു കൊണ്ടാ..ഇംഗ്ലീഷില്‍ ഞാന്‍ പുലിയാ..]

  ഓടോ: ചെന്നൈലെ സത്യം തീയേറ്ററില്‍ ആണ്‌ ഞാന്‍ ഇന്നലെ ഈ സിനിമ കണ്ടത്. പുതിയ രജനി സിനിമ ശിവാജി യുടെ ട്രൈലര്‍ കാണിച്ചു. അയ്യോ.!!.തീയേറ്റര്‍ ഇടിഞ്ഞു പൊളിഞ്ഞു വീണെന്നാ ഞാന്‍ കരുതിയേ...ആളുകള്‍ എന്നാ കാറിച്ചായാ..ഒരു വാക്കോ മ്യൂസിക്കോ ഒന്നും കേള്‍ക്കാന്‍ പറ്റീല്ലാ..രജനി ചുള്ളനായിട്ടുണ്ട്..രണ്ടു ദിവസം കുമ്മായത്തില്‍ മുക്കി ഇട്ടൂന്ന തോന്നണേ..

  ReplyDelete
 3. രണ്ടിന്റെ അവസാന ഭാഗത്ത് “ഹെലോ.. ബീസ്റ്റീ...” എന്ന് വിളിച്ചുകൊണ്ട് നീരാളിയുടെ പിടിയിലേയ്ക്ക് വാളും നീട്ടിപ്പിടിച്ച് കയറിച്ചെല്ലുന്ന ജാക്ക് സ്പാ‍രോയെ ആവും മിക്കവരും ഓര്‍ക്കുന്നത്. ചിത്രത്തിലുടനീളം കൌതുകവും നര്‍മ്മവും നിലനിര്‍ത്താന്‍ ജോണി ഡെപ്പിന് കഴിഞ്ഞുവെന്ന് തോന്നുന്നു.

  മൂന്ന് തീയേറ്ററില്‍ പോയി കാണണോ ഓസിന് ഡീവീഡി കാണണോ എന്ന് ചിന്തിച്ചു തല പുണ്ണാക്കിക്കൊണ്ടിരിക്കുന്നു.

  :)

  ഹരീ, ഒരു കാര്യം കുറച്ചുനാളായി പറയണമെന്ന് കരുതുന്നു. ചിത്രവിശേഷം ബ്ലോഗിനുവേണ്ടി ഹരി എടുക്കുന്ന എഫര്‍ട്ട് വളരെ വലുതായിരിക്കണം. തികച്ചും അഭിനന്ദനാര്‍ഹം. (ഒരു ലഘുവിവരണം എഴുതാന്‍ തന്നെ ഞാന്‍ ഒന്നൊന്നര മണിക്കൂറോളം എടുക്കുന്നു)

  ആശംസകള്‍.

  സസ്നേഹം

  ReplyDelete
 4. ആദ്യ രണ്ട് ഭാഗങ്ങളും കണ്ടത് കൊണ്ട് വല്ല്യ പ്രയോജനമൊന്നും ഉണ്ടാവുമെന്ന് റിവ്യൂ വായിച്ചിട്ട് തോന്നിയില്ല.. എന്തായാലും നാളെ പോകുന്നുണ്ട്.. നമ്മുടെ ആലപ്പുഴക്കാര്‍ കനിഞ്ഞാല്‍ ഡയലോഗുകള്‍ കേള്‍ക്കാന്‍ പറ്റുമെന്ന് വിശ്വസിക്കുന്നു(കേട്ടിട്ടും വല്ല്യ ഗുണമൊന്നുമില്ല എന്നത് ഒരു സത്യം [:-(])

  എന്തായാലും ഞാനും ഒരു ജാക്ക് സ്പാരോ ഫാന്‍ ആയത് കൊണ്ട് സിനിമ ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു..

  റീഡിഫ് റിവ്യു ചിത്രം വളരെ മോശമാണെന്നാണല്ലൊ??

  http://www.rediff.com/movies/2007/jun/01pirates.htm

  ReplyDelete
 5. ഹരിയുടെ റിവ്യൂ നന്നായി. നല്ലതെന്ന് പറയാന്‍ സ്പെഷല്‍ ഇഫക്റ്റ്‌സ് മാതം ഉള്ള ചിത്രം... അല്പം മാറ്റിപ്പറഞ്ഞാല്‍ കണ്ടിരിക്കേണ്ട വിധം സ്പെഷല്‍ ഇഫ്ഫക്റ്റ്‌സ് നന്നായ ഒരു ചിത്രം. ഡെപ്പ് ഇടക്കിടെ വന്നുപോകുന്നത് ഒരു bonus. ഇതു രണ്ടിലും താല്പര്യമില്ലെങ്കില്‍ ഈ ചിത്രം കാണാതിരിക്കുക. നിങ്ങള്‍ക്ക് വലിയ നഷ്ടമൊന്നും ഉണ്ടാകാനിടയില്ല.

  ReplyDelete
 6. ഉണ്ണിക്കുട്ടനോട്,
  ഇവിടെ ന്യൂവിലാണ് ഞാന്‍ കണ്ടത്. ഇവിടെയും ശിവാജിയാണ് ഇതിനു ശേഷം. ട്രേലര്‍ ഇവിടെയും കാണിച്ചു... ഇവിടെയും ആവേശത്തിന് കുറവില്ലായിരുന്നു, എങ്കിലും സഹിക്കാവുന്നത്രയുമേയുള്ളൂ..

  ദിവായോട്,
  പക്ഷെ, എങ്ങിനെയാണ് ആ നീരാളിയെ കൊല്ലുന്നതെന്നു കാണിച്ചില്ലല്ലോ... അതൊക്കെ ഭാവനയ്ക്ക് വിട്ടതാവും അല്ലേ? :) അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദി...

  ബാലുവിനോട്,
  എന്നിട്ട് കണ്ടുവോ? ലിങ്കുകള്‍ നല്‍കുമ്പോള്‍ < a > ടാഗിനുള്ളില്‍ നല്‍കുന്നതാണ് നല്ലത്.

  മനുവിനോട്,
  വളരെ നന്ദി... :)
  --

  ReplyDelete